ADVERTISEMENT

കൂരിമണ്ട

 

പകല്‍ മുഴുവന്‍ കിടന്നുറങ്ങിയതിനാല്‍ രാത്രി വളര്‍ന്നുമൂത്തിട്ടും സിദ്ദുവിനുറക്കം വന്നില്ല. ലൈറ്റണച്ച്, അവന്‍ ജാലകത്തിനരികെ കസേരയിട്ട് പുറത്തേക്ക് നോക്കിയിരുന്നു. പൊറിഞ്ചുവിന്‍റെ പാത്രമേറും ബഹളവും ഇല്ലാത്ത വീട്, വല്ലാത്തൊരു നിശ്ശബ്ദതയില്‍ ശാന്തമായി കിടന്നു. കുറെക്കഴിഞ്ഞപ്പോള്‍, കസേരയില്‍ ഇരുന്നൊന്നു മയങ്ങിയ സിദ്ദുവിനെ ഒരു വണ്ടിയുടെ മുരള്‍ച്ച ഉണര്‍ത്തി. പൊറിഞ്ചുവിന്‍റെ വീടിനു മുറ്റത്തെ റോഡില്‍, ഒരു നീളന്‍ ടെമ്പോവാന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ചില്ലും വാതിലുകളുമൊക്കെ അടച്ച്. കാലമേറെയായി ഉപയോഗിക്കുന്ന ഒരു തുണിക്കടയുടെ പരസ്യമുള്ള കവറും പിടിച്ച് ഒരാള്‍ വീടിനു നേരെ നടക്കുന്നു. ഇതായാരിക്കണം തോമുട്ടി. പൊറിഞ്ചുവിന്‍റെ വീട്ടിലെ യുവരാജാവായ ഇപ്പോഴത്തെ പുലി. പൊറിഞ്ചു ഒഴിച്ചിട്ട മടയിലേക്ക് അവന്‍ കയറിക്കിടന്നു. നല്ല, ഒത്ത ഒരു ആള്‍ രൂപം. മകനാണെങ്കിലും ഉള്ളില്‍ ഭയം തോന്നിയിട്ടുണ്ടെങ്കില്‍ പൊറിഞ്ചുവിനെ കുറ്റം പറയാന്‍വയ്യ. അത്രനേരത്തെ, ഹൃസ്വമായ ആ നടന്നുനീങ്ങലില്‍ തോമുട്ടിയുടെ ഉടലിന് യോജ്യമായ വലിപ്പം തലയ്ക്കില്ലേ, എന്ന് സിദ്ദുവിന് സംശയം തോന്നി.

തോമുട്ടിയുടെ തല ഉടലുമായി ചേരുമ്പോള്‍ അല്പം ചെറുതായോ എന്ന സിദ്ദുവിന്‍റെ സംശയം കാര്യമുള്ളതായിരുന്നു. തോമുട്ടിയെ ആദ്യമായി കാണുമ്പോള്‍,  അയാളുടെ രൂപഭാവവും ചലനവും കാണുന്ന ഒരാളില്‍ ആദ്യമായി തോണ്ടിയിടുന്ന സംഗതിയായിരുന്നു ചെറിയ തല.  സിദ്ദുവില്‍ ഒരു സന്ദേഹത്തിന്‍റെ രൂപത്തിലാണ് അത് തലപൊക്കിയതെങ്കില്‍ അതിനു കാരണം  ആ ഭാഗത്തെ വേണ്ടത്ര വെളിച്ചമില്ലായ്മയും ഒന്നുനിന്നുകൊടുക്കാനുള്ള സമയം തോമുട്ടി നല്കാതിരുന്നതുമാണ്. അല്ലാതെ, ഇത്രേംപോന്ന ഒരു ശരീരത്തില്‍ ഇത്രചെറിയ ഒരു തല വെച്ചുകൊടുത്ത് ദൈവം തന്നോടു കാണിച്ച കൊലചതി സന്ദേഹരൂപത്തിലാണ് ഒരാളില്‍ ഉടക്കി കിടന്നതെങ്കില്‍ അതിനെ കണ്ണുതുറന്നുനോക്കാനറിയാത്ത സൂക്കേടെന്നേ തോമുട്ടി പറയൂ. ഏണും കോണും തിരിഞ്ഞുപോയ ഒരു ശരീരം മൂലം ജീവിതത്തില്‍ താന്‍  കുടിച്ചുതീര്‍ത്ത പരിഹാസ കയ്പുനീരുകള്‍ തോമുട്ടിയോളം മറ്റാരും അറിഞ്ഞിട്ടില്ലല്ലോ. 

 

വലുതായപ്പോള്‍, തിരിഞ്ഞുനോക്കി ചിന്തിച്ചിരുന്ന് നെടുവീര്‍പ്പിടാന്‍ തുടങ്ങിയാല്‍ തോമുട്ടിയുടെ മിഴികള്‍ ചെന്നെത്തുക വീടിന്‍റെ നേരെ എതിര്‍വശത്താണ്; ഒരു ടാര്‍ റോഡിന്‍റെ വീതിയുടെ അകലത്തില്‍ കിടക്കുന്ന, നന്നായൊന്നു കാലു കവച്ചുവെച്ചാല്‍ തൊടുന്ന അകലത്തില്‍ കിടക്കുന്ന സ്കൂള്‍ കെട്ടിടത്തിലേക്കാണ്. സ്കൂളിന്‍റെ തൊട്ടു ഉമ്മറത്ത് കിടന്നിട്ടും മര്യാദക്കൊന്നെഴുതാനോ വായിക്കാനോ കൂട്ടാനോ കുറയ്ക്കാനോ ഗുണിക്കാനോ തനിക്കറിയാതെ പോയല്ലോ എന്നോര്‍ക്കുമ്പോള്‍ നിരാശാമണമുള്ള ഒരു വിഷാദം അവനെ വന്നുപൊതിയും. സാവകാശം, മനസ്സെരിച്ചിലിനു വിധേയനാകാതെ, പ്രശാന്തനായി, ഒരു ജ്ഞാനിയുടെ മട്ടില്‍ അവന്‍ കാര്യങ്ങളിലേക്കുതിരിയും. 

 

ബുദ്ധിയുറച്ച കാലത്തൊന്നും തന്‍റെ കൊച്ചുതല വരാനിരിക്കുന്ന ജീവിത ദിനങ്ങളില്‍ ഒരു ഭാരവും ബാദ്ധ്യതയുമായി കഴുത്തിനു മുകളില്‍ കുടിയിരിക്കുമെന്ന് തോമുട്ടി കരുതിയിരുന്നില്ല. ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴുണ്ടായ ഒരു അടിപിടിയും തൊട്ടുണ്ടായ ‘കൂരിമണ്ട’ എന്ന കുറ്റംപേരും മറക്കണമെങ്കില്‍ തോമുട്ടി ചത്തുമണ്ണടിയുക തന്നെവേണം. ചത്തുകഴിഞ്ഞിട്ടുള്ള കാര്യം ചത്തോര്‍ക്കല്ലേ അറിയൂ. നിബ് പേനയിലെ മഷി കുപ്പായത്തിലേക്ക് കുടഞ്ഞതിന്‍റെ പേരിലാണ് ലൈനടി ബിജുവുമായി ഉടക്കു നടത്തിയത്. ലൈനടി ബിജു അന്ന് ഏഴിലോ എട്ടിലോ ആണ്. അവന്‍റെ കുറുകി വിടരാത്ത കണ്ണുകള്‍ ഒരു ചൈനക്കാരനെയും ചെമ്പന്‍മുടി ഒരു ഹിന്ദിക്കാരനേയും ഒരൊറ്റരൂപത്തില്‍ ഓര്‍മ്മിപ്പിച്ചു. നല്ല വെളുത്തനിറവും. പുറത്തെങ്ങോ നിന്ന് വന്ന് കിടയ്ക്കാട്ട് താമസിക്കുന്നവരാണ് അവര്‍. നാലിലേയും അഞ്ചിലേയും പെമ്പിള്ളേരെയൊക്കെ പ്രായഭേദമന്യെ അവന്‍ ലൈനടിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ആ പേരവനില്‍ പതിഞ്ഞത്. ഒരു ആറാംക്ലാസ്സുകാരിയുമായി വര്‍ത്തമാനം പറഞ്ഞ് പോകുന്നതിനിടെ ലൈനടി ബിജു മനഃപൂര്‍വ്വം ആ വഴി കടന്നുപോയ തോമുട്ടിയുടെ ദേഹത്ത് മഷികുടഞ്ഞു. തോമുട്ടി ആറാംക്ലാസ്സില്‍ രണ്ടാംകൊല്ലം ഉന്നത പഠനത്തിരിക്കുന്നതിന്‍റെ ഒരു നൈരാശ്യത്തിലായിരുന്നു. അതുംപറഞ്ഞ്, അല്പമൊന്നാളാവാന്‍ വേണ്ടി ഞെളിഞ്ഞ ലൈനടി ബിജുവിന്‍റെ തോന്ന്യാസം ക്ഷമിക്കാന്‍ മാത്രം യേശുക്രിസ്തുവിന് ശിഷ്യപ്പെട്ടു കഴിഞ്ഞിരുന്നില്ല തോമുട്ടി. ബിജുവിന്‍റെ ദേഹത്ത് ചാടിവീണ് മുന്നറിയിപ്പൊന്നുമില്ലാതെ അടിയും തൊഴിയും തുടങ്ങി. ചൈനീസും ഹിന്ദിയുമൊക്കെ ഇടകലര്‍ന്നിരുന്നെങ്കിലും ലൈനടി ബിജു ആളിലും അടിയിലും തോമുട്ടിയോളം വരില്ലായിരുന്നു. ഇടയ്ക്കും തലക്കും ഒന്നു തള്ളാനോ തടുക്കാനോ അല്ലാതെ മറ്റൊന്നിനും അവനെക്കൊണ്ടായില്ല. തോമുട്ടിയുടെ അടി മുഴുവന്‍ വാങ്ങി കൂടി നില്ക്കുന്ന ആമ്പിള്ളാരുടേയും പെമ്പിള്ളാരുടേയും മുന്നില്‍ അവന്‍ നാറിപ്പുകഞ്ഞു. അവന്‍റെ മുഖവും കഴുത്തുമെല്ലാം തോമുട്ടി മാന്തിപ്പൊളിച്ചു. ആകെ ഉണ്ടായിരുന്ന ശകുനന്‍ മഷിപേന നിബെല്ലാം വളഞ്ഞുപുളഞ്ഞ് മണ്ണില്‍ കുത്തിനിന്നു. അവന് നാണക്കേടിനാല്‍ തലപൊക്കാനായില്ല. ഏതോ കരിങ്കാലന്‍ ഓഫീസ് റൂമില്‍ വിവരമെത്തിച്ചിരുന്നു. പ്യൂണ്‍ വന്ന് ഓഫീസ് റൂമിലേക്ക് ഇരുവരോടും ചെല്ലാന്‍ പറയുംനേരം, സകലശക്തിയും കോപവും നാവില്‍ ആവാഹിച്ച് കിടയ്ക്കാട് മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍ ലൈനടി ബിജു അലറിപ്പറഞ്ഞു.

‘‘എടാ കൂരിമണ്ടേ, നെന്നെ ഞാന്‍ കാണിച്ചെരാടാ’’

 

കൂടി നിന്നവരും തോമുട്ടിയും ‘കൂരിമണ്ട’ എന്ന ആ പേരിടലില്‍ ഒരു നിമിഷം അമ്പരന്നു. അത്രനേരവും ജേതാവിനെപോലെ തലയുയര്‍ത്തിനിന്ന അവന്‍ തനിക്കുചുറ്റും നിന്ന് പരിഹസിച്ചു ചിരിക്കുന്ന കുട്ടികളെ കണ്ടു. അവരെല്ലാവരും ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ കൂരിമണ്ട എന്നാര്‍ത്തുകൊണ്ടിരുന്നു. പ്യൂണിനു പിന്നാലെ ഓഫീസ് റൂമിലേക്കു നടക്കുമ്പോള്‍ ചോരപൊടിഞ്ഞ് കരയുന്ന ലൈനടി ബിജുവിനൊപ്പം പരിഹാസ്യനായി, തലയുയര്‍ത്താനാതെ അവന്‍ അകമേ കരയുന്നത് ആരും കണ്ടില്ല.

 

ഹെഡ്മാസ്റ്ററില്‍നിന്ന് ഇരുവര്‍ക്കും വേണ്ടുവോളം ചൂരല്‍ കഷായംകിട്ടി. മാസ്റ്ററുടെ മുന്നില്‍വെച്ച് ഇനിയൊരിക്കലും തമ്മിലടിക്കില്ലെന്ന് മുട്ടില്‍നിന്ന് അവര്‍ രമ്യതയിലെത്തി. അതിനുശേഷം ഓരോന്ന് പറഞ്ഞ് സേവകൂടാന്‍ ലൈനടി ബിജു വന്നെങ്കിലും തോമുട്ടി തിരിഞ്ഞുനോക്കിയതേയില്ല. തല്ലുകഴിഞ്ഞ് ബിജുവിന്‍റെ ദേഹവും മനസ്സും തണുത്തെങ്കിലും  തോമുട്ടിയുടെ നെഞ്ചിലെ ചിതയില്‍ കത്തിയമരാതെ കിടക്കുന്ന തലയോടു കണക്കെ കൂരിമണ്ട വെളിപ്പെട്ടുകിടന്നു. 

 

അത് തന്‍റെ മാത്രം മനസ്സിലല്ല, കൂടിനിന്നവരും അല്ലാത്തവരുമായ എല്ലാ നായിന്‍റെ മക്കളുടെ ഉള്ളിലും കിടപ്പുണ്ടെന്ന് തോമുട്ടി പിറ്റേന്ന് തൊട്ടേ അറിഞ്ഞു. അതിനുമുന്‍പ് അന്നുരാത്രി ഉറങ്ങാതെയിരുന്നപ്പോള്‍ തോമുട്ടി ഒരുകാര്യം തിരിച്ചറിഞ്ഞു. താനത്ര മോശമൊന്നുമല്ല. പെണ്ണിന്‍റെ മണംപിടിച്ചുനടക്കുന്നവനാണെങ്കിലും ലൈനടി ബിജു ഒരാണുതന്നെ. അവനെയാണ് താനിടിച്ചു മാന്തിപ്പൊളിച്ചുവിട്ടിരിക്കുന്നത്. തന്നെക്കൊണ്ട് അത്യാവശ്യം ഒരാളെ പൂശിവീഴ്ത്താമെങ്കില്‍ താനൊരു വീരന്‍ തന്നെ. ഇത്രമാത്രം ശക്തിയും ധൈര്യവും തന്നിലുണ്ടല്ലോ എന്നൊരഭിമാനത്താല്‍ അവന്‍ സുഖമായുറങ്ങി. ഇടയ്ക്കിടയ്ക്ക് കൊതുകെന്നവണ്ണം കൂരിമണ്ട എന്ന പേര് സ്വപ്നത്തില്‍ അവനെ കുത്തിനോവിച്ചിരുന്നു.

 

എന്നാല്‍ പിറ്റേന്ന് കാലത്ത്, സ്കൂളില്‍ ചെന്നപ്പോള്‍ തന്നിലെ വീര്യബോധവും ധൈര്യവും ബലൂണില്‍നിന്ന് കാറ്റുപോലെ പോകുന്നത് തോമുട്ടിയറിഞ്ഞു. അസംബ്ലിക്കുപോകുന്ന പോക്കില്‍ ആരോ ഒരു കുരുത്തകേട് ലൈനടി ബിജുവിനോടു കാണിച്ചു. പക്ഷേ ബിജു ആളെ മാറി പിടിച്ചത്, കാറ്റടിച്ചാല്‍ പറന്നുപോകുന്ന ശരീരപ്രകൃതിയുളള, കാറ്റാടി എന്നറിയപ്പെട്ടരുന്ന വിജയനെയാണ്. അവന്‍ പഠിക്കുന്നതും നാലില്‍തന്നെ. തലേന്നത്തെ തോമുട്ടിയുടെ പ്രകടനത്താലോ എന്തോ എന്നറിയില്ല, അവനും അടിച്ചുവീഴ്ത്തി ലൈനടിയെ.  മനുഷ്യനായി പിറന്ന, പിച്ചവെക്കാന്‍ തുടങ്ങുന്ന ഏതുകുട്ടിക്കും അടിച്ചുവീഴ്ത്താവുന്നതേയുള്ളൂ കാറ്റാടിയെ. അവനാണ് പൂപോലെ ലൈനടി ബിജുവിനെ മലര്‍ത്തിയടിച്ചിരിക്കുന്നത്. അതോടെ തോമുട്ടിക്ക് വിലയില്ലാതായി. ‘കൂരിമണ്ട’ക്കു പെരുത്ത വിലയുമായി. അന്നുതൊട്ട് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പലരും ആ പേരവനെ വിളിച്ചു. ബിജുവിനെ അടിച്ചുവീഴ്ത്തിയ ആത്മവിശ്വാസവും ഭീകരതയുമൊന്നും പോരായിരുന്നു അവരെ വീഴ്ത്താന്‍. അതുകൊണ്ട് സഹിക്കുകയല്ലാതെ  മാര്‍ഗ്ഗമില്ലാതായി. തുടര്‍ന്നും അഞ്ചാറടിപിടികളില്‍ പെട്ട് തന്നെക്കൊണ്ടൊരാളെയും തല്ലിജയിക്കാനാവില്ല എന്ന സത്യമറിഞ്ഞപ്പോള്‍ ബിജു ലൈനടിയൊക്കെ വേണ്ടെന്ന് വച്ച് ടി.സി. വാങ്ങി സ്കൂള്‍ വിട്ടു. ഇടയ്ക്കിടെ കാറ്റാടി വിജയന്‍പോലും തങ്ങള്‍ സമനിലക്കാരല്ലേ എന്നു കരുതി തോമുട്ടിയെ ആ പേരുവിളിച്ചു. ബിജു സ്കൂളുകള്‍ പലതും മാറിയെങ്കിലും അവനിട്ട പേര് കടുകിട വിടാതെ തോമുട്ടിയുടെ ശിരസ്സില്‍ പറ്റിക്കിടന്നു.

 

വിളിച്ചുവിളിച്ചു കേട്ടുകേട്ട് ആ പേരങ്ങനെ തഴമ്പുവന്ന് തളര്‍ന്നുകിടക്കുമെന്ന് തോമുട്ടി കരുതിയെങ്കിലും കാലം എന്തുകൊണ്ടോ ആ ഒരു കാരുണ്യം അവനോട് കാണിച്ചില്ല. കേള്‍ക്കുംതോറും അവനതിനോട് അറപ്പും വെറുപ്പും തോന്നി. ആണ്ടിലും ചങ്ക്രാന്തിക്കും കണ്ണാടി നോക്കി മുടി ചീകിയിരുന്ന തോമുട്ടി ഒരു പോക്കറ്റ് കണ്ണാടി തന്നെ കൊണ്ടുനടന്നു കൂടെക്കൂടെ നോക്കി, ശരീരത്തിനൊപ്പം തലയും വളരുന്നില്ലേ എന്ന്. ഇടയ്ക്കിടെ അവന് സ്വയം ബോധ്യപ്പെട്ടിരുന്നു താന്‍ ഒരു കൂരിമണ്ടയാണെന്ന്. കൂട്ടുകാരുടെ കളിയാക്കല്‍ അവന് സഹിക്കാന്‍ പറ്റാതായി.  എഴുതാനും വായിക്കാനും കിട്ടാതെ വടിപോലെ എഴുന്നേറ്റു നില്‍ക്കുമ്പോഴുളള ടീച്ചറുടെ അടിയും ചീത്തയും കൂട്ടുകാരുടെ കളിയാക്കലും സഹിക്കാം. അത് തനിക്ക് കിട്ടേണ്ടതുതന്നെ.  പക്ഷേ ഇതോ? പലപ്പോഴും സ്കൂള്‍ പോക്ക്  വേണ്ടെന്നുവച്ചാലോ എന്ന് അവന്‍ ആലോചിച്ചു. അപ്പനും അമ്മക്കും ഒരു കുഴപ്പവുമില്ല. അപ്പന്‍റെ കൂടെ ചെറിയ ഒരു കൊത്ത് മഴുവുമെടുത്ത് കല്ലുവെട്ടിനിറങ്ങണം. അത് ഇതിനേക്കാള്‍ കഷ്ടമാണ്. അപ്പനെപോലെ ഒരു കല്ല്ട്ട് മടക്കാരനാകാന്‍ അവനെ കിട്ടില്ല. മറ്റെന്തും ചെയ്യാം. കൂരിമണ്ട പുകച്ചിരുന്ന് അവസാനം അവന്‍ ഒരു വഴി കണ്ടെത്തി. 

 

ഹിപ്പികളെപോലെ മുടി നീട്ടിവളര്‍ത്തുക. കാടുപോലെ മുടി തഴച്ചു വളര്‍ത്തിയാല്‍ പിന്നെ തലയുടെ കൂരപ്പ് പുറത്തുകാണില്ല. അതേവരെ ളൂയീസേട്ടന്‍റെ മേരി സലൂണില്‍ മുടിയാകെ പറ്റേവെട്ടിയിരുന്ന അവന്‍ അങ്ങോട്ട് കയറാതായി. നീളന്‍ മുടി ചെവി മറച്ച് താഴേക്കിട്ടു.  എന്നിട്ടും പേരതുപോലെ തന്നെ നിന്നു. ഒരിക്കല്‍ കാറ്റാടി വിജയന്‍ അവന്‍റെ മുഖത്തുനോക്കി സധൈര്യം ആ പേരുവിളിച്ചു. അവന്‍ വിജയന്‍റെ കഴുത്തിനു കുത്തിപ്പിടിച്ചു. 

‘‘നോക്കെടാ, തെണ്ട്യേ എന്‍റെ തല കൂരിയാണോന്ന്. നെന്‍റെ തലേക്കാ വലുപ്പംണ്ട് ഇപ്പതിന് ’’

‘‘അത് നീ മുടിവളര്‍ത്തീട്ടല്ലേ. മുടി പോയാ കാണാം’’

‘‘ഇനി എന്നും ഞാന്‍ ഹിപ്പിന്ന്യാടാ...’’

കാറ്റില്‍പ്പറക്കുന്നവനാണെങ്കിലും അവനും മോശക്കാരനല്ലാത്തതിനാല്‍ തോമുട്ടി അവനെ തല്ലാതെ വിട്ടു. വിജയനും ക്ഷമിച്ചു. പക്ഷേ വിധിയും ദൈവവും തന്നോട് ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വൈകാതെ തെളിഞ്ഞു. അതുകഴിഞ്ഞ് കൃത്യം പത്താംദിനം തോമുട്ടി പനിച്ചു കിടന്നു. എട്ടുദിവസത്തോളം ചാഞ്ഞും ചെരിഞ്ഞും വന്നുപോയിരുന്ന പനിച്ചൂടില്‍ ശരീരം തളര്‍ന്നതൊത്ത് അവന്‍റെ നീണ്ടമുടിയും കൊഴിഞ്ഞുപോയി. ഇനിയെങ്ങും കിളിര്‍ക്കാത്തവണ്ണം അവന്‍ ഒരുമൊട്ടക്കുട്ടിയായി. അതിനു പിറകില്‍, കല്ല്ട്ട്മട കോളനിയിലെ കാറ്റാടിവിജയന്‍ ചെയ്ത മാട്ടും മാരണമാണോ അതോ ലൈനടി ബിജുവിന്‍റെ ശാപമാണോ എന്നവന് തിട്ടമുണ്ടായിരുന്നില്ല. പനിമാറി ഒരു പരീക്ഷണത്തിന് നില്ക്കാനായി തോമുട്ടി പിന്നെ സ്കൂളിലേക്ക് കടന്നില്ല. ടൈഫോയ്ഡിന്‍റെ കണ്ണീ ചോരയില്ലായ്മയാണ് തന്നെ ഈ കോലത്തിലാക്കിയത് എന്ന സഹാനുഭൂതിയൊന്നും തനിക്കു കിട്ടാന്‍ പോകുന്നില്ലെന്ന് അവനുറപ്പായിരുന്നു. ടൈഫോയ്ഡ് വിട്ടുപോയി, നിവര്‍ന്നൊന്നു നില്ക്കാമെന്നായപ്പോള്‍, സ്കൂളിലേക്കില്ലെന്ന അവന്‍റെ പ്രഖ്യാപനം അറിഞ്ഞപ്പോള്‍ അപ്പന്‍ അവനൊരു മഴുവെടുത്തുനീട്ടി. കല്ല്ട്ട്മടയിലേക്ക് ഇല്ലെന്ന് പറഞ്ഞതേ അവനോര്‍മ്മയുള്ളൂ. അപ്പന്‍ പൊറിഞ്ചുവിന്‍റെ കനത്തകൈകള്‍ അവന്‍റെ  ചെറുമണ്ടയില്‍ തന്നെ വീണു. അടികൊണ്ട് കരയാനൊന്നും സമയം കിട്ടിയില്ല. അതേ കിടപ്പില്‍നിന്നും പൊക്കാതെ അപ്പന്‍ അവനെ വലിച്ചുകൊണ്ടുപോയി. ബാക്കിയുള്ള കരച്ചില്‍ അവന്‍ കല്ല്ട്ട്മടയിലിരുന്നു തീര്‍ത്തു. അന്നുരാത്രി കുടിച്ചു ബോധംകെട്ട് കിടന്ന അപ്പന്‍റെ പോക്കറ്റില്‍നിന്ന് അമ്പത് രൂപയുമെടുത്ത് അവന്‍ കിടയ്ക്കാട്ടില്‍ നിന്നോടി തുടങ്ങി. 

 

ആ പാതിരാത്രി കിടയ്ക്കാട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തി. കിതപ്പും ക്ഷീണവും ഭയവും അവനെ പൊതിയുന്നുണ്ടായിരുന്നില്ല. എങ്ങനേയും ആ നാടുവിട്ടുപോകുക എന്നേ അപ്പോള്‍ അവന്‍ ചിന്തിച്ചിരുന്നുള്ളൂ. അതുവഴി പാഞ്ഞുവന്ന ഒരു തീവണ്ടിയില്‍ ഓടിപ്പിടഞ്ഞു പൊത്തിപ്പിടിച്ചുകയറി. തിരക്കില്ലാത്ത ആ വണ്ടിയില്‍ ഒരു ബെര്‍ത്തില്‍ കിടന്നുറങ്ങി. ഉറക്കം തെളിയുമ്പോള്‍ നേരം നന്നായി വെളുത്ത് തട്ടലുകളും മുട്ടലുകളും കേട്ടുതുടങ്ങിയിരുന്നു. ട്രെയിനില്‍ കിടന്നുറങ്ങിയ അവനെ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ഒരണ്ണാച്ചി എടുത്തുകൊണ്ടുപോരുകയായിരുന്നു. അണ്ണാച്ചിക്ക് അവനെക്കണ്ടപ്പോള്‍ ഒറ്റനോട്ടത്തിലെ കാര്യം മനസ്സിലായിരുന്നു. അക്കാലം കേരളത്തില്‍നിന്നും പെരിയവരും ചിന്നവരുമായി ബോംബെ, മദ്രാസ്, കല്‍ക്കട്ട എന്നിവിടങ്ങളിലേക്ക് ആള്‍ക്കാര്‍ നാടുവിട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അവന്‍റെ നാടുവിടലാകട്ടെ കോയമ്പത്തൂരിലെ അണ്ണനില്‍ ചെന്നു മുട്ടുകയാണുണ്ടായത്.

 

കോയമ്പത്തൂരെങ്കില്‍ കോയമ്പത്തൂര്. അവന് പരാതി ഉണ്ടായിരുന്നില്ല. അവിടെയുള്ളവര്‍ക്ക് അത്യാവശ്യം മലയാളവും അറിയാമായിരുന്നതിനാല്‍ ഭാഷയുടെ പ്രശ്നങ്ങളുമില്ല. ഒരു വര്‍ക്ക്ഷോപ്പ് മുതലാളിയായ ആ അണ്ണാച്ചിയുടെ കീഴില്‍ അവന്‍റെ പ്രായത്തിലുള്ള വേറേയും നാലഞ്ചു തമിഴന്‍ പിള്ളേര്‍ ഉണ്ടായിരുന്നു. അവന്‍ അവര്‍ക്കൊപ്പം തന്‍റെ തമിഴ് ജീവിതം നയിക്കാന്‍ തുടങ്ങി. കാലത്ത് വര്‍ക്ക്ഷാപ്പിലെ കരിയിലേക്കും അഴുക്കിലേക്കും ഇറങ്ങിയാല്‍ പിന്നെ കയറുക പാതിരാത്രി അണ്ണാച്ചിമാര്‍ക്ക് ഉറക്കം വരുമ്പോഴാണ്. ആദ്യമൊക്കെ ബുദ്ധിമുട്ടും മടിയും  തോന്നിയെങ്കിലും തിരിച്ചുപോകാനിടമില്ലെന്ന ഓര്‍മ്മപ്പെടലില്‍ അവന്‍ അതുമായി രമ്യപ്പെട്ടു. 

 

രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞപ്പോഴാണ് അവന് വീടും അപ്പനും അമ്മയും ഓര്‍മ്മവരുന്നത്. കലശലായി, അവരെയൊക്കെ ഒന്നു കാണണമെന്നു തോന്നി. സ്കൂളില്‍ പോയിരുന്ന കാലത്ത്  മര്യാദക്ക് പഠിക്കാതിരുന്നതിന്‍റെ ബുദ്ധിമുട്ട് അപ്പോഴാണ് മനസ്സിലാകുന്നത്. എന്നാലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നു തടഞ്ഞുനിര്‍ത്തി ഓടിച്ച ആ പഴയ പേര് ഇപ്പോള്‍ ആരും വിളിക്കാത്തതു കാരണം അവനതുമറന്നു പോകുകയും സുഖസുന്ദരമായി സമാധാനത്തോടെ കഴിഞ്ഞുപോരുകയും ചെയ്തിരുന്നു. അതിനു മുന്നില്‍ നഷ്ടപ്പെട്ട വിദ്യാഭ്യാസം ഒന്നുമായിരുന്നില്ല. തപ്പിപ്പിടിച്ച് വായിക്കാനറിയുമായിരുന്നെങ്കിലും വിചാരിച്ചതുപോലെ എഴുതി പിടിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പഠിപ്പില്ലാത്തത് തനിക്കു മാത്രമാണല്ലോ എന്ന തിരിച്ചറിവില്‍ അവന്‍ അവിടെയുള്ള മലയാളികളായ കമ്പനി ജോലിക്കാര്‍ക്കടുത്തേക്ക് ചെന്നു. ഒരു മലയാളി എഴുതി തുടങ്ങി:

‘‘പ്രിയപ്പെട്ട അപ്പനും അമ്മക്കും. ഞാന്‍ പോന്നിട്ട് എത്രകാലമായി. ഞാന്‍ സുഖമായി ജീവിച്ചിരിക്കുന്നു. ആരും വിഷമിക്കണ്ട. എനിക്ക് നിങ്ങളെയൊക്കെ കാണണമെന്നുണ്ട്. നിങ്ങള്‍ക്ക് എന്നെ കാണണ്ടേ. എന്‍റെ കയ്യില്‍ കാര്യമായി കാശൊന്നുമായിട്ടില്ല.  യാത്രാ ചെലവിനുള്ള കാശയച്ചുതന്നാല്‍ ഞാനവിടെ വന്ന് നിങ്ങളെയൊക്കെ കണ്ട് വിഷമം തീര്‍ക്കാം. എന്ന് സ്വന്തം മകന്‍.’’

കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അതിനു മറുപടിയുണ്ടായി. അപ്പന്‍റെ വാക്കുകള്‍ അവൻ  അമ്മയുടെ അക്ഷരങ്ങളില്‍ തപ്പിതപ്പിസാവകാശം വായിച്ചു. 

‘‘പ്രിയപ്പെട്ട മോനേ, നീ സുഖമായിരിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ പരമ സന്തോഷം. അല്ലെങ്കിലും ഞങ്ങള്‍ നിന്നെക്കുറിച്ച് വിഷമിച്ചിരുന്നില്ല. കിടയ്ക്കാട്ന്ന് ആയുസ്സുള്ള ആരെങ്കിലും പോയാല്‍ ആത്മഹത്യ ചെയ്യാതെ എങ്ങിനെയെങ്കിലും കഴിഞ്ഞുപോരുമെന്ന് നമുക്കെല്ലാര്‍ക്കും അറിയാല്ലോ. ആയുസ്സില്ലെങ്കില്‍ പറഞ്ഞിട്ടു കാര്യവുമില്ലല്ലോ. എന്തായാലും ഇപ്പോഴെങ്കിലും ഞങ്ങളെ കാണാന്‍ തോന്നിയല്ലോ. സന്തോഷം. കാശയച്ചുതരാം. പക്ഷേ ഇവിടെ എത്തിയാല്‍, ഒരു ദിവസം ഉറങ്ങി ക്ഷീണം മാറ്റീട്ട് പിറ്റേന്ന് കാലത്തന്നെ നിനക്കായി വാങ്ങിവെച്ചിട്ടുള്ള മഴുവെടുത്ത് കല്ല്ട്ട്മടയിലേക്കിറങ്ങിക്കോള്ളണം. സമ്മതാണോ?’’

സ്വന്തം മാതാപിതാക്കള്‍...

വേണമെങ്കില്‍ സ്കൂളില്‍ പോയേക്കാം. എന്നാലും മഴുവുമെടുത്ത് കല്ല്ട്ട്മടയിലേക്കിറങ്ങാന്‍ അവന്‍ തയ്യാറല്ലായിരുന്നു. എന്തായാലും ഒരെഴുത്തുകൂടി അവന്‍ ആ മലയാളിയെക്കൊണ്ട് എഴുതിച്ചു.

‘‘അപ്പാ, അമ്മേ, കോയമ്പത്തൂരില്‍ നിന്ന് കിടയ്ക്കാട്ടേക്കും അവിടെ നിന്ന് കോയമ്പത്തൂരിലേക്കും യാത്രാപടിയും വഴിചെലവും ആവുന്ന കാലത്ത് നമുക്ക് നേരില്‍ കാണാം. അതുവരെ നമുക്കൊക്കെ ആയുസ്സുണ്ടാവും എന്ന് വിശ്വസിക്കാം. മറുപടി വേണമെന്നില്ല.’’

മകന്‍ തോമുട്ടി 

ഇതെന്തൊരു എഴുത്താണെടാ എന്നമട്ടില്‍ മലയാളി ഒന്നു പകച്ചു. എന്നാല്‍ പയ്യന്‍റെ മുഖത്തെ കല്ലപ്പും വീര്‍പ്പും കണ്ടപ്പോള്‍ ചോദിക്കാനും തോന്നിയില്ല. നാട്ടിലേക്ക് പോകാനുള്ള പണം വേണമെങ്കില്‍ താന്‍ തരാമെന്നയാള്‍ പറഞ്ഞപ്പോള്‍ അവന്‍ വേണ്ടെന്നു പറഞ്ഞു. പിന്നെയും രണ്ടു കൊല്ലം കഴിഞ്ഞിട്ടാണ് വിചാരിച്ചതുപോലെ കിടയ്ക്കാട് ചെന്ന് കറങ്ങി വരുന്നതിനുള്ള പണം അവനില്‍ വന്നെത്തിയത്. ആ അഞ്ചു കൊല്ലത്തിനിടെ, പട്ടച്ചാരായം എങ്ങനെയാണ് കുത്തും ചവിട്ടുമില്ലാതെ വലിച്ചുകേറ്റുന്നത് എന്നവന്‍ കിറുകിറുത്ത്യമായി ശീലിച്ചു. ഒന്നുരണ്ടുതവണ ബീഡി വലിച്ചുനോക്കിയെങ്കിലും അതിലവന് വേണ്ടത്ര രസം കിട്ടിയില്ല.

 

ഉള്ളില്‍ വിടര്‍ന്ന മോഹംപോലെതന്നെ രാജകീയമായിട്ടായിരുന്നു തോമുട്ടി കിടയ്ക്കാട് തിരിച്ചെത്തിയത്. ഓടിത്തളര്‍ന്ന പഴയ ഒരു ലൊട്ടുലൊടുക്ക് രാജദൂത് ബൈക്കവന്‍ അത്യാവശ്യം എഞ്ചിന്‍വര്‍ക്കും പാച്ച് വര്‍ക്കും ചെയ്ത് സ്വന്തമാക്കിയിരുന്നു. കോയമ്പത്തൂരിലെ ഈ നാലുകൊല്ലത്തിനിടയില്‍ ചെറുതും വലുതുമായി റോഡിലിറങ്ങുന്ന ഒരുമാതിരിയില്‍പ്പെട്ട വണ്ടികളൊക്കെ കൊണ്ടുനടക്കാന്‍ അവന്‍ പഠിച്ചിരുന്നു. എന്തായാലും പോകാനിത്തിരി വൈകി. എങ്കില്‍ ഇനിയുള്ള പോക്ക് രാജദൂതില്‍ തന്നെയാവട്ടെ എന്നവന്‍ തീരുമാനിച്ചു. അങ്ങനെ ഒരു രാത്രി ഉടു ട്രൗസറിനും ഷര്‍ട്ടിനും മറുട്രൗസറും ഷര്‍ട്ടുമില്ലാതെ നാടുവിട്ട തോമുട്ടി വലിയൊരു ബാഗും തോളിലിട്ട് ഉച്ചയോടെ  കിടയ്ക്കാട്ടിലെത്തി.

അവനെ കണ്ടവര്‍ക്കെല്ലാം കുറച്ചുനേരത്തേക്ക് തുറന്ന വായ അടക്കാനായില്ല. 

 

രാത്രി ആരേയും കാണാന്‍ സമയമില്ലെന്ന് ഉറപ്പിച്ച് അന്നവന്‍ പുറത്തിറങ്ങിയില്ല. വീട്ടില്‍ ചെന്നപ്പോള്‍ അമ്മക്കും അപ്പനും വലിയ ഭാവവിത്യാസമൊന്നുമുണ്ടായില്ല. ഇന്നലെയോ മിനിഞ്ഞാന്നോ വീട്ടില്‍ നിന്നിറങ്ങിപ്പോയ ഒരാള്‍ കയറിവന്നതുപോലെയേ അവര്‍ക്കു തോന്നിയുള്ളൂ. ചെന്നപാടെ അമ്മക്ക് ചട്ടേം മുണ്ടും അപ്പന് ഒരു കുപ്പി കോയമ്പത്തൂര്‍ മദ്യവും നല്‍കി. അപ്പോള്‍ അവരുടെ മുഖം പ്രകാശിച്ചത് അവന്‍ കണ്ടു. കിടയ്ക്കാട്ടുള്ളവരില്‍ ഏറെ പേര്‍ക്കും കോയമ്പത്തൂരും തമിഴ്നാടും തമ്മിലുള്ള ബന്ധമൊന്നും വലിയ പിടിപാടുണ്ടായിരുന്നില്ല. ബോംബെയും മദ്രാസും കല്‍ക്കട്ടയുമൊക്കെ അവര്‍ കേട്ടിട്ടുണ്ടായിരുന്നു. നാടുവിട്ടോടിപ്പോയാല്‍ രക്ഷപ്പെടാന്‍ കോയമ്പത്തൂര്‍ ആയാലും മതിയെന്നവര്‍ തോമുട്ടിയുടെ ജീവിതത്തിലൂടെ അറിഞ്ഞു. പള്ളപൊളിഞ്ഞ സൈലന്‍സറുള്ള രാജദൂതില്‍ കിട്ടിയവരെയൊക്കെ പുറകിലിരുത്തി തോമുട്ടി പലപ്രാവശ്യം കിടയ്ക്കാട് കറങ്ങി. ഒരു കിലോമീറ്റര്‍ അകലെനിന്നേ രാജദൂതിന്‍റെ അമര്‍ച്ച കേള്‍ക്കാന്‍ കഴിയും. അതും അതിന് ഒരലങ്കാരമായിത്തീര്‍ന്നു. വിചാരിച്ചപോലെ രാജദൂതില്‍ കോയമ്പത്തൂര്‍ക്ക് അവന് തിരിച്ചുപോകാനായില്ല. മോഹവിലയ്ക്ക് കിടയ്ക്കാട്ടിലെ പഞ്ഞിക്കാരന്‍ സേവ്യര്‍ ചോദിച്ചപ്പോള്‍ കൊടുക്കാതിരിക്കുന്നതില്‍ കാര്യമില്ലെന്നു തോന്നി. അക്കുറി പോക്കറ്റുനിറയെ കാശുമായി അവന്‍ ട്രെയിനില്‍ ടിക്കറ്റെടുത്ത് യാത്രചെയ്തു. കോയമ്പത്തൂര്‍ എത്തിയിട്ടും ടിക്കറ്റ് ചോദിക്കാന്‍ ആരും വന്നില്ലെന്നു കണ്ടപ്പോള്‍ അവന് നിരാശയായി. അല്പം ഒരു മനസമാധാനം കിട്ടാനായി റെയില്‍വേക്കാരെ പ്രാകി അവന്‍. പേരിനെങ്കിലും ടിക്കറ്റ് ചോദിക്കാനായി പ്ലാറ്റുഫോമിലെ പോലീസുകാര്‍ക്കു മുന്നിലൂടെ രണ്ടുമൂന്നാവര്‍ത്തി നടന്നു.

 

രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഒരു യെസ്ഡിയുമായി അവന്‍ കിടയ്ക്കാട്ടെത്തി. അപ്പോഴും തന്‍റെ രാജദൂത് അവിടെ അമറിയോടുന്നതവന്‍ കണ്ടു. തിരികെ പോരുമ്പോള്‍ യെസ്ഡി വാങ്ങാനും ആളെത്തി. അങ്ങനെ ഈരണ്ടുമാസം കൂടുമ്പോള്‍ ഒരു തല്ലിപ്പൊളി വണ്ടിയുമായി കിടയ്ക്കാട്ടുവന്ന്, പോക്കറ്റുനിറയെ കാശുമായി അവന്‍ കോയമ്പത്തൂര്‍ക്ക് തിരിച്ചുപോയിക്കൊണ്ടിരുന്നു. ആ ബൈക്കു കച്ചവടം അങ്ങനെ നല്ലൊരു ബിസിനസ്സായി കൊഴുത്തു.

 

കിടയ്ക്കാട്ടിലെ സമപ്രായക്കാര്‍ക്കു മുന്നില്‍ തോമുട്ടി ഒരു ഹീറോയായി മാറുമ്പോഴും കോയമ്പത്തൂരിലെ പേട്ട തമിഴന്‍മാര്‍ക്കിടയില്‍ പിടിച്ചുനില്ക്കാന്‍ അവന്‍ പാടുപെട്ടിരുന്നത് ആരുമറിഞ്ഞില്ല. കോയമ്പത്തൂരിലുള്ള ഒരാളും അവനെ തലചെറുതായി പോയതിന്‍റെ പേരില്‍  കൂരിമണ്ടയെന്നോ തമിഴില്‍ ആ അര്‍ത്ഥം വരുന്ന മറ്റു പേരുകളോ വിളിച്ചിരുന്നില്ല. ടൈഫോയിഡില്‍ ഹോമിക്കപ്പെട്ട മുടികളെല്ലാം സമൃദ്ധിയില്‍ കിളിര്‍ത്തില്ലെങ്കിലും അല്പമൊരു ദയാപരമായ രീതിയില്‍ വരച്ചുചേർത്തപോലെ അവന്‍റെ തലയില്‍ മുളച്ചുപൊട്ടിയിരുന്നു. അപ്പോഴേക്കും തലയുടെ താഡനത്തില്‍ നിന്നൊക്കെ അവന്‍ മുക്തനായി കഴിഞ്ഞിരുന്നു. ജീവിതം സുഗമമായി മുന്നോട്ടുപാകാന്‍ ആവശ്യം അതൊന്നുമല്ല, ക്ഷമയും വീണ്ടുവിചാരവുമാണെന്ന് അവന്‍ പഠിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടുമാത്രമാണ് ചില രാത്രികളില്‍ കമിഴ്ന്നുകിടക്കുന്ന തന്‍റെപുറത്തുകയറി പട്ടിയെപ്പോലെ കിതച്ചുകൊണ്ട് പരാക്രമം കാട്ടിയിരുന്ന അണ്ണാച്ചിയെ അവന്‍ വെറുതെ വിട്ടത്. മുന്‍പാണെങ്കില്‍  കൈവീശി ഒന്നുകൊടുത്ത്  അവന്‍ അവിടെനിന്ന് പോയേനെ. എന്നാല്‍ ഇപ്പോള്‍ ബൈക്കു കച്ചവടവുമായി ഒന്നു പച്ച പിടിച്ചു വരുന്ന സമയമാണ്. തനി തെമ്മാടിയും തന്നേക്കാള്‍ ഏറെക്കാലത്തെ തമിഴ് ജീവിതപരിസരമുള്ള അവനെ ഒന്നുമാന്തിയിട്ടുപോലും  കോയമ്പത്തൂരില്‍ ജീവിച്ചുപോകാന്‍ തന്നെക്കൊണ്ടാവില്ലെന്ന് തോമുട്ടി തിരിച്ചറിഞ്ഞു. എന്നിട്ടും ഫിറ്റായിക്കിടന്ന ഒരു രാത്രിയില്‍ സകല നിയന്ത്രണങ്ങളും വിട്ട, സഹികെട്ട തോമുട്ടി ഒരു ചീറ്റപ്പുലിയെപോലെ ധൈര്യത്തോടെ ചാടിയെഴുന്നേറ്റു. എവിടെ നിന്നോ കിട്ടിയ പിച്ചാത്തി കയ്യില്‍ കിടന്നു പിടച്ചു. 

 

‘‘ഡാ കൂറ തമിഴാ, നെന്‍റെ മുട്ടമണി ഞാന്‍ മുറിച്ചുകളയും.’’ അതും പറഞ്ഞ് അവന്‍ തമിഴനെ ചവിട്ടി വീഴ്ത്തി  കത്തികൊണ്ട് അങ്ങിങ്ങൊക്കെ കോറിവിട്ടു. തമിഴന്‍ ഉടുമുണ്ടും പൊത്തിപ്പിടിച്ച് ഓടി. എങ്കിലും ആ ഓട്ടം  കാര്യമാക്കേണ്ടെന്നും ഫിറ്റിറങ്ങി അവന്‍ അണ്ണാച്ചിമാരേയും കൂട്ടിവരുമെന്നും സംശയമില്ലായിരുന്നു. കയ്യില്‍ കിട്ടിയതെല്ലാമെടുത്ത്, അപ്പോള്‍ തന്‍റെ അധീനതയിലുണ്ടായിരുന്ന ഒരു ഇന്‍ഡ് സുസുക്കിയുമെടുത്ത് ഭാഗ്യപരീക്ഷത്തിനൊന്നും നില്ക്കാതെ തോമുട്ടി എന്നന്നേയ്ക്കുമായി കോയമ്പത്തൂരിനോട് വിട പറഞ്ഞു. 

കൃത്യമായൊരു വിലാസവും മറ്റ് തിരിച്ചറിയല്‍ സാമഗ്രികളും അണ്ണാച്ചിമാര്‍ക്കാര്‍ക്കും കൊടുക്കാത്ത നിലയ്ക്ക് ആരെങ്കിലും അന്വേഷിച്ചുവരുമെന്ന ഭയവും തോമുട്ടിക്കില്ലായിരുന്നു. പോരുന്ന പോക്കില്‍ അത്രനാളും ചോരനീരാക്കി പണിയെടുത്തതിനുളള കണക്കുപറഞ്ഞ് കാശെണ്ണി വാങ്ങാനുള്ള ഒരു അന്തരീക്ഷമില്ലാത്തതിനാല്‍ കൊണ്ടുപോരാൻ സൗകര്യമുള്ള അത്യാവശ്യം വിലയുള്ള കുറേ ജോയിന്‍റുകളും ബെയറിങ്ങുകളും കയ്യിലെടുത്തു. യാത്രപോലും പറയാതെ കൊണ്ടുപോരുന്നതിനാല്‍ അണ്ണന്‍ മുതലാളി നന്ദികെട്ടവനെന്ന് നാളെമുതല്‍ തന്നെ അധിക്ഷേപിച്ചാലും  മനസാക്ഷിക്കുമുന്നില്‍ താന്‍ നിഷ്ക്കളങ്കനല്ലേ എന്നവന്‍ സ്വയം ചുഴിഞ്ഞ് തൃപ്തിപ്പെട്ടു. 

 

യാത്രക്കിടെ പാലക്കാടിറങ്ങി അതെല്ലാം വിറ്റ് കാശാക്കി അവന്‍ പോക്കറ്റിലിട്ടു. അപ്പോള്‍ പറപ്പിക്കുന്ന ഇന്‍ഡ് സുസുക്കിയെ കുറേനാളത്തേക്ക് സ്വന്തം സുസുക്കിയാക്കാമെന്നവന്‍ തീരുമാനിച്ചു. 

മകന്‍റെ വരവും ഇരിപ്പും മട്ടും കണ്ടപ്പോള്‍ അവന്‍ തിരികെ പോകാനുള്ളതല്ലെന്ന് അമ്മക്ക് മനസ്സിലായില്ലെങ്കിലും പൊറിഞ്ചുവിന് പിടികിട്ടി. അപ്പോഴും ഒരു മൂലേല് പഴയ ആ  ചെറിയ മഴു തുരുമ്പൊന്നും കൂടാതെ ഇരിപ്പുണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ വെറുതെ ആലോചിച്ചു കുത്തിയിരിക്കുന്ന മകന് അതെടുത്തുകൊടുക്കാനുള്ള ധൈര്യം പൊറിഞ്ചുവിനുണ്ടായിരുന്നില്ല. പഴയ പയ്യനല്ല ഇപ്പോഴവന്‍. വയസ് പതിനെട്ടു കഴിഞ്ഞിരിക്കുന്നു. ആറേഴു കൊല്ലം മുമ്പത്തെ ആ പന്ത്രണ്ടുകാരനെ വിരട്ടിയിയോടിച്ചതുപോലെ അരികില്‍ ചെന്നാല്‍ വിവരം അറിയുമെന്നതില്‍ പൊറിഞ്ചുവിന് സംശയമില്ലായിരുന്നു. ചെറിയ തലക്കകത്ത് ബുദ്ധിക്കും വകതിരിവിനും സ്ഥലമുണ്ടാകില്ലെന്ന് പൊറിഞ്ചു കണക്കുകൂട്ടി. ചെക്കന്‍ തന്‍റെയാണെങ്കിലും കയ്യിലേയും കാലിലേയും മസിലുകള്‍ കാണുമ്പോള്‍ അവന് ആ വിചാരം ഉണ്ടായില്ലെങ്കിലോ എന്നൊരു ശങ്ക പൊറിഞ്ചുവിനുണ്ടായി. 

 

അന്ന് മോന്തിക്ക് പണി കഴിഞ്ഞപ്പോ മൂക്കോളം കയറ്റിയ ചാരായം ഈ യാഥാര്‍ത്ഥ്യങ്ങളെയൊക്കെ പൊറിഞ്ചുവിന്‍റെ ബോധമണ്ഡലത്തില്‍ നിന്നു ആട്ടിവിട്ടു. ഇരുട്ടില്‍നിന്നു കയറിവന്നപ്പോള്‍ ചെക്കനെയൊന്നും ഓര്‍ത്തില്ല. പതിവുപരിപാടികള്‍ക്കായി അന്നാമ്മ  പാത്രങ്ങള്‍ നീക്കിവെച്ചുകൊടുത്തു.  അതെല്ലാം പുറത്തേക്കെറിഞ്ഞു കഴിഞ്ഞിട്ടും കലിയടങ്ങിയില്ല. അങ്ങനെ പൊട്ടിത്തെറിച്ചു നില്ക്കുമ്പോഴതാ വരുന്നു കൂരിത്തലയന്‍ ചെക്കന്‍. കാലങ്ങളായി ഉള്ളില്‍ അമര്‍ന്നുകിടന്നിരുന്ന ആ പഴയ മോഹം നിയന്ത്രണങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞ് സടകുടഞ്ഞെണീറ്റു. മഴുവെടുത്ത് തോമുട്ടിക്ക് നീട്ടിയതുവരെ നേര്‍ത്ത ഓര്‍മ്മയുണ്ട്. എങ്ങനെയാണ്, സ്വന്തം ചോരയില്‍ ഉയിരെടുത്ത മകന്‍ ഒരന്യവ്യക്തിയാകുന്നതെന്ന് ഒരു നിമിഷംകൊണ്ട് പൊറിഞ്ചു അറിഞ്ഞു. അതുവരെയുള്ള ജീവിതം പകര്‍ന്നുകൊടുക്കാത്ത ഒരു പാഠം. ഇനിയിങ്ങു തിരികെ വരാത്ത മട്ടില്‍ പാരമ്പര്യവും ഐശ്വര്യവും ഇഴപിരിഞ്ഞുകിടന്നിരുന്ന ആ മഴു വായുവില്‍ കറങ്ങി എവിടെയോ ചെന്നുവീണു. പിന്നെ ചുറ്റുപാടും നടന്നതൊന്നും  കൃത്യമായി പൊറിഞ്ചുവിനോര്‍മ്മയില്ല. എന്നാല്‍ തുലാവര്‍ഷത്തിനു മുന്‍പുണ്ടാകുന്ന ഇടിവെട്ടുപോലുള്ള  ആ ശബ്ദവും ഇരുട്ടും പൊറിഞ്ചു മരിക്കുന്നതുവരെ മറക്കില്ല.

 

‘‘അപ്പാ, എന്താ ചെയ്യേണ്ടേന്നൊക്കെ ഇയ്ക്കറിയാം. ജനിച്ചപ്പൊ മൊതല് കാണാന്‍ തുടങ്ങീതാ ഞാനിത്. വയസ്സു കൊറച്ചായില്യേ, മതി. നാളെ മേലാക്കം കുടിച്ചിട്ട് ഇതുപോലെ ന്‍റെ മുന്നില് കണ്ടാ..... തന്തേ തല്ലീന്ന്ള്ള കുരുത്തക്കേട് എനിക്ക് ഉണ്ടാക്കി തരല്ലേ...’’

 

പോയ ബോധമെല്ലാം ക്ഷണത്തില്‍ പൊറിഞ്ചുവില്‍ തിരിച്ചെത്തി. എറിഞ്ഞ പാത്രങ്ങള്‍ അപ്പോള്‍ തന്നെ കയറ്റിവെക്കാന്‍ തോമുട്ടി പറയുന്നത് കേട്ടു. ചെയ്തില്ലെങ്കില്‍ നാളേക്ക് വെച്ച ദുഷ്പേര് ഇന്നു തന്നെ കിട്ടുമെന്നതില്‍ പൊറിഞ്ചുവിന് സംശയമില്ലായിരുന്നു. ചെക്കന്‍റെ കൂരി മണ്ടയില്‍ കൂടുതലും കുരുത്തക്കേടാണെന്ന് പൊറിഞ്ചു ഉറച്ചു. മുറ്റത്ത് പരന്നുകിടക്കുന്ന പാത്രങ്ങളൊക്കെ ‘ടപ്പേന്ന്’ മുന്‍പിരുന്നിടത്ത് എത്തി. ഈ മറിമായങ്ങളെല്ലാം കണ്ട് ഉള്ളില്‍ അല്പം സന്തോഷം തുടിച്ചുപൊന്തിയെങ്കിലും മകന്‍റെ ഭാവമാറ്റമുണ്ടാക്കിയ ഭയത്തില്‍ നിന്ന് കുതറിപോരാതെ അന്നാമ്മ അകത്തുതന്നെ അമര്‍ന്നുകിടന്നു. എല്ലാം പെറുക്കികൂട്ടി ദയനീയമായി, നിസ്സഹായനായി നില്ക്കുന്ന അപ്പന്‍ ഇനിയെന്ത് എന്ന മട്ടില്‍ നില്ക്കുമ്പോള്‍ തോമുട്ടി ആ രംഗത്തിന് ഇങ്ങനെ വിരാമമിട്ടു :

 

‘‘രണ്ട് പുലികൾ ഒരു കൂട്ടില്‍ ഒന്നിച്ചുവാഴണ്ട. മനസ്സിലായോ?’’ പൊറിഞ്ചു വീണ്ടും അമ്പരന്നുപോയി; ചെക്കന് ഇത്രമാത്രം വിവരമുണ്ടായോ എന്നോര്‍ത്ത്. അടങ്ങിക്കിടക്കുന്നതാണ് നല്ലതെന്ന് വയസ്സന്‍ പുലിക്ക് ബോധ്യപ്പെട്ടു. രാജ്യവും അധികാരവും യുവരാജാവിനെ ഏല്പിച്ച് രാജാവ് ഇരുള്‍വാസത്തിനു ഇരുട്ടുമുറിയില്‍ കയറി. വീട്ടില്‍ മകനില്ലാത്ത ദിനങ്ങളില്‍ മാത്രമായി പിന്നെ പൊറിഞ്ചുവിന്‍റെ കലാപരിപാടികള്‍. അന്നാകട്ടെ അന്നാമ്മയെപ്പോലും ബുദ്ധിമുട്ടിക്കാതെ എറിഞ്ഞപാത്രങ്ങളെല്ലാം നേരം പുലരാനൊന്നും നില്ക്കാതെ അതേപടി തന്നെ തിരിച്ചെത്തിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ അല്പമൊരു എരിവിനും പുളിക്കും കൊടുക്കുന്ന തല്ലും തെറിയും തിരിച്ചെടുക്കാന്‍ വയ്യാത്തതുകൊണ്ട് അത് ചെയ്തില്ല എന്നുമാത്രം. അന്നമ്മക്കാകട്ടെ, അതൊന്നും സഹിക്കുന്നതില്‍ പരാതിയും പരിഭവുമില്ലാതായി. ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും അന്നമ്മയുടെ റോളിന് മാറ്റമൊന്നുമുണ്ടായില്ല. മകനായാലും അപ്പനായാലും മദ്യത്തിന്‍റെ  ദൂഷ്യവശങ്ങള്‍ സഹിച്ച് പ്രാകി കഴിയേണ്ട ഒരു വീട്ടമ്മയില്‍നിന്ന് സര്‍വ്വംസഹയായ ഒരു കിടയ്ക്കാട്  സ്ത്രീയുടെ സഹന തലത്തോളം സ്വയമറിയാതെ ഉയര്‍ന്നുകഴിഞ്ഞിരുന്നു. അന്നമ്മ ജനിച്ചപ്പോള്‍ മുതല്‍ അപ്പനാങ്ങളമാരില്‍ തുടങ്ങി ഭര്‍ത്താവിലൂടെ, ഇപ്പോള്‍ മകനിലൂടെ തുടരുന്ന ആ പാരമ്പര്യത്തിന്, മകന്‍റെ മക്കളിലൂടെയുള്ള തുടര്‍ച്ച കാണാനും ഉടയതമ്പുരാന്‍ തനിക്കായുസ്സു നീട്ടുകയാണെങ്കില്‍ അതും സഹിക്കാനും അവര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. കൊടിയ ജീവിതാനുഭവങ്ങളുമായുള്ള ഈയൊരു സമരസപ്പെടൽ അനുപമായ ശാന്തിയും സമാധാനവും ഇടതടവില്ലാതെ അന്നമ്മയിലേക്ക് ചൊരിഞ്ഞുകൊണ്ടിരുന്നു.

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com