ADVERTISEMENT

സ്കൂളിൽ നിന്നു ടി.സി. വാങ്ങാൻ പറഞ്ഞ് വിളിച്ചു.

ഇനി അവിടെ പഠിക്കാൻ അനുവദിക്കില്ല. സ്കൂളിൽ പൊലീസുകാർ കയറി ഇറങ്ങാൻ കാരണക്കാരിയായ ഒരാളെ അവിടെ പഠിപ്പിക്കേണ്ട എന്നാണ് പിടിഎയുടെ തീരുമാനം.

‘‘വിഷമം തോന്നുന്നുണ്ടോ... ?’’ അമ്മ ചോദിച്ചു.

‘‘ഇല്ല. സന്തോഷമാണ് തോന്നുന്നത്.’’

‘‘പക്ഷേ മറ്റൊരു സ്കൂൾ കണ്ടെത്തണം. നാട്ടിൽ തന്നെയുള്ള സർക്കാർ സ്കൂൾ നിനക്ക് ഇഷ്ടമാവുമോ?’’

‘‘ഒരു കുഴപ്പവുമില്ല... അതുമതി.’’

‘‘നമുക്കു നോക്കാം.’’

ഒരു ശനിയാഴ്ച ദിവസം. സ്കൂളിൽ കുട്ടികളൊന്നുമില്ല. അതു നന്നായി. അല്ലെങ്കിൽ അവരുടെ സഹതാപവും പുച്ഛവും കണ്ടു മടുത്തേനെ.

പ്രിൻസിപ്പൽ വഴക്കു പറയാനും ബഹളം വയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു.

‘‘വേണ്ട സിസ്റ്റർ, ഇനി അവളെ നിങ്ങൾ ഉപദേശിച്ചു നന്നാക്കേണ്ടതില്ല. അവളുടെ വിധി ദൈവം നിശ്ചയിക്കട്ടെ. എട്ടുപത്തു കൊല്ലം നിങ്ങൾക്കു നന്നാക്കാൻ സമയമുണ്ടായിരുന്നല്ലോ... ഇനി ഞാൻ നോക്കിക്കോളാം.’’

‘‘അതെയതെ ഇങ്ങനെയുള്ള അമ്മമാരാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. അമ്മമാർ വേണ്ടേ നല്ല മാതൃക കാട്ടാൻ... തെറ്റിനൊക്കെ കൂട്ടുനിൽക്കുന്ന അമ്മമാരെയാണ് സൂക്ഷിക്കേണ്ടത്....’’

‘‘എന്നെക്കുറിച്ചും നിങ്ങൾ വേവലാതിപ്പെടേണ്ട. ഞാനിവളെ ഒരു മിടുക്കിയാക്കി കാണിച്ചുതരാം... നോക്കിക്കോ.. ടൗണിലെ വലിയ കോൺവെന്റ് സ്കൂൾ എന്ന അഹങ്കാരത്തിൽ നിങ്ങൾ സാധാരണക്കാരുടെ കുട്ടികളെ വേണ്ടപോലെ ശ്രദ്ധിച്ചില്ല. വലിയ അച്ഛനമ്മമാരുടെ വലിയ കുട്ടികളെ വലിയവരാക്കാൻ വേണ്ടിയിട്ടാണ് ഇത്തരം സ്ഥാപനങ്ങൾ... നിങ്ങൾക്ക് അവളെ വേണ്ടാത്തതുപോലെ എന്റെ കുട്ടിക്കും ഇതുവേണ്ട..’’

അമ്മ ഇതുവരെ ആരോടും ഇങ്ങനെ ക്ഷോഭിച്ചുകണ്ടിട്ടില്ല. ഇഷ്ടമില്ലാത്തതു പറയുന്ന ആളുകളെ അവഗണിക്കുകയോ അവരോടു മൗനം പാലിക്കുകയോ ആണു പതിവ്. താൻ കാരണം അമ്മ ഇത്രയും ദേഷ്യപ്പെടേണ്ടിവന്നല്ലോ എന്ന സങ്കടം അരുണയെ അലട്ടി. 

അമ്മ സ്കൂട്ടറുമായി വരുന്നതിനിടെ, അരുണ ക്ലാസിനോടു ചേർന്നുള്ള ഓറഞ്ച്പൂക്കളുടെ ചെടിയിൽനിന്ന് ഒരു കമ്പ് ഒടിച്ചു.

ഇതുകണ്ട് സെക്യൂരിറ്റിക്കാരൻ ഓടിവന്നു. കൈയിലെ കമ്പും സെക്യൂരിറ്റിക്കാരന്റെ ഓടിവരവും കണ്ട് അമ്മയ്ക്കു ദേഷ്യം വന്നു. അമ്മ അരുണയെ ഒന്നു നുള്ളി.

‘‘എന്തിനേ ഇത് പറിച്ചത്....അന്യന്റെ ഒരു മൊട്ടുസൂചി പോലും എടുക്കരുതെന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളത്?’’

‘‘ഇതുകൊണ്ട് ഒരാവശ്യമുണ്ട്. അത് ഞാൻ അമ്മയ്ക്ക് കാണിച്ചുതരാം.’’

ഓടിവന്ന സെക്യൂരിറ്റിക്കാരന് ഒരു മിഠായി എറിഞ്ഞുകൊടുത്ത് അമ്മയും മകളും സ്കൂട്ടറിൽ പാഞ്ഞു........

മിഠായി നുണഞ്ഞ സെക്യൂരിറ്റിക്കാരൻ അവർ മറയുന്നതുവരെ കൈവീശി.

ബഷീർ സ്റ്റൈലിൽ പറഞ്ഞാൽ മംഗളം ശുഭം. 

മുറ്റത്ത് നല്ലവെയിൽ കിട്ടുന്ന ഒരിടത്തുതന്നെ ആ ഓറഞ്ച് പൂക്കളുടെ കമ്പ് നട്ടു. കമ്പാണോ വേരിൽ നിന്നു കിളിർക്കുന്ന ചെടിയാണോ നടേണ്ടത് എന്നറിഞ്ഞുകൂടാ... എങ്കിലും അതു നട്ടുനനച്ചു വളർത്തും. വാശിയോടെ അതുവളരണം. വാശിയോടെ അരുണയ്ക്കും വളരണം.

ഉള്ളിൽ നിന്നൊരു തീ പടരുന്നു. ഇതുവരെ അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. ക്രിസ്മസ് അവധിക്ക് ഒരാഴ്ച ബാക്കിയുണ്ടായിരുന്നു. അമ്മ സ്കൂൾ പ്രവേശനത്തിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ക്രിസ്മസ് പരീക്ഷകൾ നടക്കുന്നതുകൊണ്ട് ഇനി അവധിക്കു ശേഷം മാത്രമേ പുതിയ സ്കൂളിൽ പോകാനാകുകയുള്ളൂ. ക്രിസ്മസ് വെക്കേഷനും ചേർത്ത് രണ്ടാഴ്ച അവധി കിട്ടി.

അരുണ ഒരുനിമിഷവും പാഴാക്കിയില്ല. പാചകമൊക്കെ അമ്മയ്ക്കൊപ്പം കണ്ടുനിന്നു പഠിച്ചു. ചിലതൊക്കെ സ്വന്തമായി ഉണ്ടാക്കാനും പഠിച്ചു. ചായ, പഴംപൊരി, ഗോതമ്പുദോശ, അരിയുണ്ട, പുട്ട്, ഫ്രൈഡ് റൈസ്, എരുപുളി ചമ്മന്തി... അങ്ങനെ ഓരോന്നും.

നിനക്ക് നല്ല കൈപ്പുണ്യമാണെന്ന് അമ്മപോലും പറഞ്ഞു.. നീന്താനും സൈക്കിൾ ചവിട്ടാനും പഠിച്ചു. സ്കൂളിൽ പോകാനായി ഒരു പുതിയ സൈക്കിൾ വാങ്ങി. പാഠപുസ്തകങ്ങൾ സ്വയം പഠിച്ചുതുടങ്ങിയപ്പോഴാണ്, നേരത്തേ ഇതൊന്നും വൃത്തിയായി പഠിച്ചില്ല, ക്ലാസിൽ ശ്രദ്ധിച്ചിരുന്നില്ല എന്നൊക്കെ മനസ്സിലാകുന്നത്.

 

ഓറഞ്ച് പൂക്കളുടെ കമ്പിലെ ഇലകൾ മുഴുവൻ പൊഴിഞ്ഞ് അതു കരിഞ്ഞുപോയതുപോലെ തോന്നി. പ്രതീക്ഷ നഷ്ടപ്പെട്ടു. നിരാശ തോന്നി.

പിന്നെ ഒരു ദിവസം നോക്കുമ്പോഴുണ്ട് ആ കമ്പിൽ നിന്ന് ഒരു പച്ചക്കണ്ണ് എത്തിനോക്കുന്നു. ലാളിച്ച് ലാളിച്ച് അതിൽനിന്ന് നാലഞ്ച് ഇലകൾ കൂടി കിളിർത്തു. പുതിയ വർഷമാകാറായപ്പോഴേയ്ക്കും അതൊരു സമ്പൂർണ ചെടിയായി.

 

മറ്റു ചെടികളേക്കാൾ ലാളിക്കപ്പെടുന്നതിന്റെ ഒരു ആത്മവിശ്വാസം അതിനുണ്ടായിരുന്നു. അതങ്ങനെ തലകുനിക്കാതെ വളരാൻ തുടങ്ങി.

സൈക്കിളിൽ പുറത്തേക്ക് പോയാലോ എന്നൊരു ആലോചനയും ആത്മവിശ്വാസവും ഉണ്ടായ ദിവസം. അരുണ സൈക്കിളുമെടുത്ത് ഇറങ്ങി. ആറേഴു കിലോമീറ്ററങ്ങനെ സഞ്ചരിച്ചു...

സീനയുടെ വീടിനു മുന്നിലെത്തി സൈക്കിൾ മണിയടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ വീട്ടിനുള്ളിൽ നിന്ന് ഇറങ്ങിവന്നു. ഗേറ്റിനടുത്തെത്തി അരുണയെ കണ്ടപ്പോൾ അവളൊന്ന് പേടിച്ചു. നല്ല രസമുണ്ടായിരുന്നു, ആ പേടി കാണാൻ.... അരിയുണ്ടയും കുഴലപ്പവും പൊതിഞ്ഞെടുത്ത കവർ ഗേറ്റിൽ തൂക്കിയിട്ട് അരുണ സൈക്കിൾ തിരിച്ചു.

സീന വിറച്ചുവിറച്ച് ആ കവറിൽ വന്നുതൊട്ടു.

 

(തുടരും)

 

English Summary: ‘Nunayathi’ Novel written by K Rekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com