ADVERTISEMENT

വിസ്മയ വലയിൽ

 

ഒരുപാടു വർഷങ്ങളായി ശ്രമിച്ചിട്ടും ചുരുളഴിയാത്ത  സമസ്യക്ക് ഉച്ചഭക്ഷണനേരത്ത് പൊടുന്നനെ ഉത്തരം ലഭിച്ച ഗണിതശാസ്ത്രജ്ഞനെപ്പറ്റി കേട്ടിട്ടുണ്ട്. തീവ്രമായി ഒരുകാര്യത്തിൽ ഇടപെടുമ്പോൾ മനസ്സും ബുദ്ധിയും ക്ഷീണിക്കുകയും ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമെന്ന് പഴന്തോട്ടത്തിൽ രമേശൻ ചേട്ടനും പറയാറുണ്ട്. എല്ലാത്തിനോടും വിടുതൽ പ്രഖ്യാപിച്ച് വിശ്രമിക്കുമ്പോൾ ബുദ്ധി തെളിയുകയും കൂടുതൽ ഊർജം ലഭിക്കുകയും ചെയ്യുമത്രേ.

 

‘‘അതുകൊണ്ട് നീ കുറേനാൾ നോവലെഴുത്തിനെപ്പറ്റി ആലോചിക്കാതിരിക്കുക. വേണ്ടെന്നുവച്ചാലും അതു നിന്നെ വിടില്ല. പിന്നെ, ഈ നോവൽ നിന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെങ്കിലും ഈ ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു വിലയുമില്ലാത്ത സംഗതിയാണ്. നീയിതെഴുതിയാലും ഇല്ലെങ്കിലും ലോകത്തിന് ഒരു മാറ്റവുമുണ്ടാകാൻ പോകുന്നില്ല. ലോകത്തെയും മനുഷ്യമനസ്സിനെയും മാറ്റിമറിക്കാനാകാത്തത് എഴുതിയിട്ടു കാര്യവുമില്ല. അത്തരക്കാർ എഴുത്തുകാരനാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടു നീ മര്യാദയ്ക്ക് ആ പെമ്പിള പറയുന്നതുകേട്ട് എന്തെങ്കിലും എഴുതിക്കൊടുത്ത് ബാക്കി കാശുവാങ്ങിയെടുക്കാൻ നോക്ക്.’’

 

കാര്യങ്ങൾ അറുത്തുമുറിച്ചു പറയുന്നത് രമേശൻ ചേട്ടനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നായി ഞാൻതന്നെ വിലയിരുത്തിയിരുന്നെങ്കിലും ഈ തുറന്നുപറച്ചിൽ എന്നെ വല്ലാതെ വേദനിപ്പിച്ചു. എഴുതിയതു കീറിക്കളയാനോ ഇനി ഒരു വാക്കുപോലും എഴുതാതിരിക്കാനോ ഒക്കെയുള്ള തോന്നലുകളിലേക്ക് ആ വാക്കുകൾ എന്നെ കൊളുത്തിവലിച്ചുകൊണ്ടുപോയി. കുറേദിവസത്തേക്ക് രമേശൻ ചേട്ടനു മുഖം കൊടുക്കാതെ ഞാൻ വഴിമാറിനടന്നു. 

നോവലിനെക്കുറിച്ചുള്ള ആലോചനകൾ ബോധപൂർവം ഉപേക്ഷിച്ചു. 

പത്തേക്കറിലേക്കു മുടങ്ങാതെ പോകാറുണ്ടായിരുന്നെങ്കിലും കേട്ടെഴുത്ത് കാര്യമായി നടന്നില്ല. എന്തെങ്കിലും സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല റബേക്ക ടീച്ചർ. അകത്ത് ഫോൺ തുടരെ മണിമുഴക്കുകയും ടീച്ചർ അടക്കിപ്പിടിച്ച സ്വരത്തിൽ ദീർഘനേരം സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞാത്തയാകട്ടെ, സദാസമയവും ചുണ്ടുകൂർപ്പിച്ച് പൂന്തോട്ടത്തിലൂടെ നടന്നു. എത്ര നിയന്ത്രിച്ചിട്ടും മടുപ്പ് എന്റെ മുഖത്ത് പ്രകടമായതുകൊണ്ടാകാം റബേക്ക ടീച്ചർ കുറച്ച് പണം വച്ചുനീട്ടി ഒരാഴ്ച കഴിഞ്ഞ് വന്നാൽ മതിയെന്നു പറഞ്ഞ് എന്നെ തൽക്കാലത്തേക്ക് ഒഴിവാക്കി. അതോടെ അവരുടെ ജീവിതത്തിൽ കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് ഉറപ്പായി. പണം അപ്രതീക്ഷിതമായി ലഭിച്ചതായതിനാലും നല്ലൊരു തുകയായതിനാലും ഞാൻ സന്തോഷത്തോടെ സ്ഥലം വിട്ടു. കുറേദിവസം എവിടെയെങ്കിലുമൊക്കെ ചുറ്റിക്കറങ്ങാനോ പുസ്തകങ്ങൾ വായിച്ചിരിക്കാനോ ഒക്കെ ഞാൻ ആഗ്രഹിച്ചു. അതിനു ശ്രമിക്കുന്നതിനിടയിലാണ് രമേശൻ ചേട്ടൻ പറഞ്ഞതുപോലെ നോവലും ജീവിതവും ചില സമസ്യകളുടെ ഉത്തരവും അപ്രതീക്ഷിതമായി എന്നെ തേടിവന്നത്. 

 

ഒരുപാടു കാലങ്ങൾക്കുശേഷം ഒരു ദിവസം രാത്രി ചേട്ടൻ എന്റെ മുറിയിൽ വന്നു. മുൻപ് ഞങ്ങളൊരുമിച്ചായിരുന്നു കിടപ്പെങ്കിലും ചേട്ടനു പോലീസിൽ ജോലി കിട്ടിയതോടെ നൈറ്റ് ഡ്യൂട്ടിയും ക്വാർട്ടേഴ്സിലെ താമസവുമൊക്കെയായി മിക്കപ്പോഴും വീട്ടിൽനിന്നകന്നു കഴിയുകയായിരുന്നു. ഇടയ്ക്ക് ഒന്നോ രണ്ടോ തവണ ഞാനില്ലാത്ത നേരത്ത് വീട്ടിൽ വന്നുപോയി. ജോലിത്തിരക്ക് ജീവിതത്തെ മാറ്റിമറിച്ചെങ്കിലും ചേട്ടന് എന്നോടുള്ള സ്നേഹത്തിൽ ഒട്ടും കുറവുണ്ടായില്ല. നേരിട്ടുകണ്ടില്ലെങ്കിലും വന്നപ്പോഴെല്ലാം, അച്ചടിവടിവുള്ള കുറിപ്പിന്റെ അകമ്പടിയോടെ പുതിയ കുറ്റാന്വേഷണ പുസ്തകങ്ങൾ എനിക്കായി സമ്മാനിക്കാൻ ചേട്ടൻ മറന്നില്ല. 

‘‘നീ നോവലെഴുതാൻ തുടങ്ങി അല്ലേ... നന്നായി...’’

ജനലായ്ക്കരികിലേക്ക്  കസേര നീക്കിയിട്ട് ചേട്ടൻ ഒരു സിഗരറ്റിനു തീകൊളുത്തി.

‘‘സുഭാഷേട്ടൻ സിഗരറ്റ് വലിക്കുമോ?’’

‘‘ഉം... പുതിയ ചില ശീലങ്ങൾ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മുറിയിൽ ചെന്നാൽ ഉറക്കമില്ല. വായിക്കാനൊന്നും തോന്നില്ല. പിന്നെ ഏക രക്ഷ ഇവനാണ്,’’ ചേട്ടൻ കണ്ണുകൊണ്ടു സിഗരറ്റ് ചുണ്ടിക്കാട്ടി, ‘‘നിന്റെ നോവൽ വായിച്ചു. എഴുതിയിടത്തോളം കൊള്ളാം.’’

‘‘അയ്യോ... എപ്പോ വായിച്ചു?’’

‘‘കഴിഞ്ഞതവണ വന്നപ്പോ. അവിടെയുമിവിടെയും വരയും കുറിയുമിട്ടത് നീ ശ്രദ്ധിച്ചില്ലേടാ പൊട്ടാ?’’

പത്രോസ് മാഷിനെ സംശയിച്ചതിനു ഞാൻ പശ്ചാത്തപിച്ചു. 

‘‘ചോദ്യച്ചിഹ്നവും അടിവരയും. എന്താ ഉദ്ദേശിച്ചത്?’’

‘‘അത് നോവൽ പൂർത്തിയായിട്ടു പറയാം. പോലീസ് കണ്ണിലൂടെയുള്ള നോട്ടത്തിന്റെ പ്രശ്നമായിരിക്കും. നീ ശരിക്കും റബേക്ക ടീച്ചറുടെ കഥതന്നെയാണോ എഴുതുന്നത്?’’

എഴുത്തിന്റെ രഹസ്യത്തിലേക്കാണ് ചേട്ടൻ ചൂണ്ടയിടുന്നത്. ഞാൻ മിണ്ടിയില്ല.

 

‘‘നായികയുടെ പേര് റബേക്ക എന്നു തീരുമാനിച്ചതുകൊണ്ടു ചോദിച്ചതാണ്. ഭേദഗതികളോടെയാണെങ്കിൽപ്പോലും അവരുടെ ജീവിതമാണ് ഉപയോഗിക്കുന്നതെങ്കിൽ ആ പേരു മാറ്റണം. ശോശാമ്മയെന്നോ സൂസന്നയെന്നോ ഒക്കെ ആയാലും കുഴപ്പമില്ലല്ലോ.’’

ചേട്ടൻ പറയുന്നതിൽ കഴമ്പുണ്ടെങ്കിലും ഒരു കാരണവശാലും നായികയുടെ പേരുമാറ്റാൻ ഞാൻ തയാറല്ലായിരുന്നു. റബേക്ക എന്നു പേരുള്ള ഒരാൾ മാത്രമല്ലല്ലോ ഈ ഭൂമിയിലുളളത്.

 

‘‘അതവിടെ നിൽക്കട്ടെ. ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യത്തിനാണ്. എനിക്ക് അത്യാവശ്യമായി നിന്റെ സഹായം വേണം.’’

‘‘സഹായമോ?’’

‘‘അതേ,’’ചേട്ടൻ സിഗരറ്റ് ആഞ്ഞുവലിച്ച് പുക പുറത്തേക്കൂതി. ആദ്യമായി വലിക്കുന്നവന്റെ ആവേശം ഓരോ ചലനത്തിലുമുണ്ടായിരുന്നു,‘‘എടാ, എനിക്കൊരിഷ്ടമുണ്ട്. പേരു ലീന. ഇവിടെങ്ങുമല്ല. കുറച്ചുദൂരെയാ.’’

‘‘ദൂരേന്നുവച്ചാൽ...’’

‘‘കയ്യോറ്റിക്കരയിൽ. ഒരുകേസുമായി ബന്ധപ്പെട്ടു ഭ്രാന്തുപിടിച്ചു നടന്നകാലത്ത് പരിചയപ്പെട്ടതാ.’’

‘‘അപ്പോ ഭ്രാന്തീന്നാണു തുടക്കം അല്ലേ? കൊള്ളാമല്ലോ. ഇപ്പോ ഞാനെന്താ വേണ്ടത്? ദൂതുപോണോ?’’

‘‘ആ ഘട്ടമൊക്കെ കഴിഞ്ഞു. വിവാഹത്തെപ്പറ്റി ഞങ്ങൾ ഗൗരവത്തോടെ ആലോചിക്കുകയാണ്.’’

‘‘ധൈര്യമായി കെട്ടു ചേട്ടാ. എന്റെ ഫുൾ സപ്പോർട്ട്.’’ ഞാൻ നീട്ടിയ കൈയിൽ ചേട്ടൻ തൊട്ടില്ല.

‘‘നിന്റെ സപ്പോർട്ടുണ്ടാവും. അതെനിക്കറിയാം. നിന്റേതേ കാണൂ... അതാണു പ്രശ്നം.’’

‘‘അതെന്താ?’’

‘‘അവളു ക്രിസ്ത്യാനിയാ.’’

‘‘അതിനെന്താ? ചേട്ടനു ജോലിയുണ്ടല്ലോ. ചേട്ടത്തിക്കോ?’’

‘‘ജോലിയില്ല. പക്ഷേ, എൽഡിസി റാങ്ക്‌ലിസ്റ്റിലുണ്ട്.’’

‘‘പിന്നെന്താ പ്രശ്നം.’’

‘‘നീയെന്താ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നേ...,’’ ചേട്ടൻ ചൂടായി, ‘‘അമ്മയെ എങ്ങനെയും സമ്മതിപ്പിക്കാം. പക്ഷേ, അച്ഛൻ, ബന്ധുക്കൾ...’’ 

 

സിഗരറ്റ് ജനാലയിലൂടെ നീട്ടിയെറിഞ്ഞ് ചേട്ടൻ കിടക്കയിൽ എനിക്കരികിൽ വന്നിരുന്നു,‘‘അവരോടൊക്കെ ധൈര്യമായി പ്രസന്റ് ചെയ്യുന്നതിനാണ് എനിക്കു നിന്റെ സഹായം വേണ്ടത്.’’

‘‘ഞാൻ അവതരിപ്പിക്കണോ വിഷയം?’’

‘‘അതല്ലെടാ. ഞങ്ങൾ ഇത്രയും അടുത്തെങ്കിലും ലീനയുടെ വീട്ടിലെ സ്ഥിതിയൊന്നും കൃത്യമായി എനിക്കറിയില്ല.’’

‘‘അതൊന്നും അറിയാതെയാണോ പ്രേമിച്ചത്...’’

‘‘പ്രേമിക്കുന്നേ വീടിന്റെ പകിട്ടും പുരയിടത്തിന്റെ വലിപ്പോമൊക്കെ നോക്കിയിട്ടാണോ?’’ ചേട്ടൻ ചൊടിച്ചു.

‘‘പിന്നെന്തിനാ ഇപ്പോ നോക്കുന്നേ?’’

‘‘അത്.... ബന്ധുക്കളോടൊക്കെ പറയുമ്പോ എല്ലാം കൃത്യമായി അറിയണ്ടേ. ഓരോരുത്തരു കുത്തിക്കിഴിഞ്ഞു ചോദിക്കില്ലേ?’’

‘‘ഞാനെന്താ വേണ്ടത്?’’

‘‘നീ നാളെ അവിടെവരെ പോകണം.’’ 

‘‘പോയിട്ട്...’’

‘‘ഒന്നും വേണ്ട. വീട്ടുകാരും ബന്ധുക്കളുമൊക്കെ എങ്ങനെയെന്ന് അറിഞ്ഞുവരിക.’’

‘‘ചേട്ടനു പോയാലെന്താ?’’

‘‘അവരുടെ ബന്ധുക്കളിൽ പലർക്കും വിവരമറിയാം... ഞാനങ്ങോട്ടു ചെന്നാൽ ചിലപ്പോ പ്രശ്നമാകും. അവരു വലിയ തറവാട്ടുകാരാ.’’

‘‘ആരാന്നു പറഞ്ഞാ ഞാൻ ചെല്ലണ്ടേ?’’

‘‘അതിനൊക്കെ വഴി പറഞ്ഞുതരാം. ധൈര്യത്തിനു വേണമെങ്കിൽ രമേശനേം കൂട്ടിക്കോ... ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.’’

വേണ്ടെന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഇത്തരം കാര്യത്തിനു പോകുമ്പോൾ രമേശൻ ചേട്ടനെപ്പോലൊരാൾ ഒപ്പമുള്ളത് കരുത്താണെന്ന് ഞാൻ വിചാരിച്ചു.

 

‘‘എന്റെ ബൈക്കെടുത്തോ. നാളെ രാവിലെതന്നെ പോകണം.’’

ആ വാഗ്ദാനം എന്നെ വശീകരിച്ചു. 

‘‘പോകാം. പക്ഷേ, രണ്ടുദിവസത്തേക്കു ബൈക്ക് എനിക്കു വിട്ടുതരണം.’’

‘‘വിലപേശുവാണോടാ?’’ ചേട്ടൻ എന്റെ ചെവിക്കു പിടിച്ചുതിരുമ്മി, ‘‘നീയെടുത്തോ രണ്ടോ മൂന്നോ ദിവസം... പക്ഷേ. സൂക്ഷിച്ചോണം. രാവിലെ പോകുന്നതിനുമുൻപ് എന്നെ ബസ്സുകയറ്റിവിടുകയും വേണം.’’

‘‘ഓകെ.’’

ഞാൻ ചേട്ടനെ കെട്ടിപ്പിടിച്ചു.

 

പിറ്റേന്നു രാവിലെ തന്നെ ഞാനും രമേശൻ ചേട്ടനും നാൽപ്പതു കിലോമീറ്റർ അകലെയുള്ള കയ്യോറ്റിക്കരയിലേക്കു യാത്രയായി. രമേശൻ ചേട്ടൻ പതിവുപോലെ കലപിലെ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ പ്രതികരിച്ചില്ല. എന്റെ നിസ്സംഗത പക്ഷേ, രമേശൻ ചേട്ടനെ ബാധിച്ചതേയില്ല. നഗരത്തിലെ പ്രധാനവഴിയിൽനിന്ന് രണ്ടോമൂന്നോ കിലോമീറ്റർ മാത്രം ഉള്ളിലായിരുന്നു കയ്യോറ്റിക്കര. നിറയെ കൈതകൾ തഴച്ച ഒരു കനാലിനു സമാന്തരമായിട്ടായിരുന്നു ടാർ റോഡിന്റെ സഞ്ചാരം. ശുദ്ധജലക്ഷാമമുള്ള സ്ഥലമാണെന്നു സൂചിപ്പിച്ച് ഇടയ്ക്കിടെ വഴിയരികിൽ വലിയ ജലസംഭരണികൾ ഇടംപിടിച്ചിരുന്നു. നാലും കൂടിയ കവലയിൽ വഴി ചോദിക്കാൻ വണ്ടി നിർത്തിയപ്പോൾ രമേശൻ ചേട്ടനു പുകവലിച്ചേപറ്റൂ. തീ ചോദിച്ചപ്പോൾ കടക്കാരന്റെ ഭാവം മാറി. തല്ലിയില്ലെന്നേയുള്ളൂ. കയ്യോറ്റിക്കരയെ ഒരാഴ്ച മുൻപു ലഹരിവിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചത്രേ. ആരും പുകയില ഉൽപന്നങ്ങൾ വിൽക്കില്ല, ഉപയോഗിക്കില്ല; ഉപയോഗിക്കാൻ സമ്മതിക്കുകയുമില്ല. രമേശൻ ചേട്ടൻ രോഷത്തോടെ സിഗരറ്റ് ഒടിച്ച് കൈതക്കാട്ടിലെറിഞ്ഞു. 

 

ആനക്കല്ലിലെ ലീനയുടെ വീട് ചോദിച്ചപ്പോൾ, ‘പട്ടാളം മാത്യുവിന്റെ വീടെന്നു പറഞ്ഞാലേ അറിയൂ’ എന്നു കടക്കാരൻ പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിലുണ്ടായ സാഹസികമായ ഏറ്റുമുട്ടലിൽ വീരചരമമടഞ്ഞ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് പണ്ടു മാധ്യമപ്പട തമ്പടിച്ച ഓർമയും അയാൾ പങ്കുവച്ചു. പ്രത്യുപകാരമായി  കടയിൽനിന്ന് എന്തെങ്കിലും വാങ്ങിക്കുടിക്കാൻ തുനിഞ്ഞപ്പോൾ രമേശൻ ചേട്ടൻ വിലക്കി.

 

‘‘ഒരു വീട്ടിലേക്കല്ല്യോ ചെന്നു കേറുന്നേ...കുടിക്കാനും കഴിക്കാനും ഉള്ളവരുതന്നാണല്ലോ അവിടെയുള്ളത്.’’

കയ്യോറ്റിക്കരയുടെ ലഹരിവിരുദ്ധ പ്രതിജ്ഞയാണ് രമേശൻ ചേട്ടനെ അസ്വസ്ഥനാക്കിയതെന്ന് എനിക്കുറപ്പായിരുന്നു. ഭക്ഷണം കഴിക്കാതെ ജീവിക്കാൻ കഴിയുമെങ്കിലും സിഗരറ്റും ചായയുമില്ലാതെ രമേശൻ ചേട്ടനു പ്രയാസം. ബൈക്കിനു പിന്നിൽ വീണ്ടും കയറിയപ്പോൾ ആ രോഷം അണപൊട്ടിയൊഴുകി.

 

‘‘കുറെ ലഹരി വിരുദ്ധക്കാരു വന്നേക്കുന്നു... ലോകത്ത് കുറച്ചുപേരുമാത്രം നന്നായാൽ മതിയോ?’’

‘‘പോര. നിങ്ങളും നിർത്തിക്കോ. പ്രതിജ്ഞയെടുക്കാൻ പറ്റിയ സ്ഥലമാ ഇത്.’’ ചിരിയടക്കി ഞാൻ പറഞ്ഞു. 

‘‘നിർത്തെടാ.’’

രമേശൻ ചേട്ടൻ അലറി. ഞാൻ വണ്ടി നിർത്തി.

 

‘‘നോവലെഴുത്തിനെപ്പറ്റി ഞാനെന്തോ പറഞ്ഞതിന്റെ പേരിൽ നീ കുറെ ദിവസമായി എന്നോട് ചൊരുക്കു കാണിക്കുന്നു. ഇന്ന് ഇങ്ങുവരെ ഞാൻ സംസാരിച്ചത് നീ കേൾക്കാത്ത മട്ടിലിരുന്നു. ഇപ്പോൾ എന്നെ ചൊറിയാനും തുടങ്ങിയിരിക്കുന്നു. നീയാരാ മാർക്കേസോ? അതോ പാമുഖോ? ഞാനില്ല നിന്റെ കൂടെ. നീ പോടാ...’’

‘‘രമേശൻ ചേട്ടാ...’’ ഞാൻ ദയനീയമായി വിളിച്ചു.

‘‘നീ പോയിട്ടുവാ. ഞാനാ കടവരാന്തയിൽ കാണും.’’ രമേശൻചേട്ടൻ തിരിഞ്ഞുനടന്നുകഴിഞ്ഞു.

‘‘ഞാൻ തന്നെ പോവാനോ...’’

‘‘നിന്റെ ചേട്ടന്റെയല്ല്യോ കല്യാണം. അപ്പോൾ നീ പോയാൽമതി...’’

‘‘ചേട്ടനറിഞ്ഞാൽ...’’

‘‘നീയായിട്ടു പറയാതിരുന്നാൽ മതി.’’

 

വയ്യാത്ത കാലും വലിച്ച് രമേശൻ ചേട്ടൻ നടക്കുന്നതുകണ്ടു കരച്ചിൽ വന്നു. ചില നേരങ്ങളിൽ മനുഷ്യർ മഹാ ബോറന്മാരാണ് എന്നു ബോധ്യപ്പെടുത്തി മാധവനോടും ചിലപ്പോൾ രമേശൻ ചേട്ടൻ ഇങ്ങനെ പിണങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

 

രണ്ടാൾ പൊക്കമുള്ള മൺതിട്ടിനുമുകളിലായിരുന്നു ആനക്കല്ലിലെ വീട്. വളവു തിരിഞ്ഞുവരുമ്പോഴേ ചോരച്ചെമ്പരത്തി പൂത്തുലഞ്ഞ വീട്ടുമുറ്റം കാണാം. നിരത്തിൽനിന്ന് ‘എസ്’ വഴിയിലൂടെ കയറ്റം കയറിവേണം വീട്ടുമുറ്റത്തെത്താൻ. ലീനച്ചേച്ചിയുടെ മുംബൈയിൽനിന്നു മടങ്ങിയെത്തിയ പഴയ സഹപാഠി എന്ന നിലയിലായിരിക്കണം രംഗപ്രവേശം എന്ന് ചേട്ടൻ പറഞ്ഞതനുസരിച്ചായിരുന്നു എന്റെ നീക്കമെങ്കിലും വാതിൽമണിയടിച്ചപ്പോഴേ നാടകം പൊളിഞ്ഞു. നീണ്ടുമെലിഞ്ഞ്, മുടി ഇരുവശത്തേക്കും പിന്നിയിട്ട ഒരു പെൺകുട്ടി അകത്തേക്കുനോക്കി വിളിച്ചുകൂവി.

‘‘ലീനേച്ചീ... സുഭാഷേട്ടന്റെ അനിയൻ വന്നൂ....’’

വായപൊത്തിച്ചിരിച്ച്, കുപ്പിവളക്കിലുക്കം വിതറി അവൾ അകത്തേക്കോടി.

‘‘ആഹാ... മോഹനൻ നേരത്തേ എത്തിയോ...’’ 

ഒട്ടും അപരിചിതത്വമില്ലാതെ ചിരിച്ചുകൊണ്ട് പുറത്തേക്കു വന്നത് ലീനച്ചേച്ചിയാണെന്ന് എനിക്കുറപ്പായിരുന്നു.

‘‘ഇരിക്ക് മോനേ...,’’പിന്നാലെ ഓടിയെത്തിയ അമ്മയുടെ മുഖത്ത് വെപ്രാളമുണ്ടായിരുന്നു, ‘‘മോനിങ്ങോട്ടു വരുന്നത് ആരെങ്കിലും കണ്ടാരുന്നോ?’’ അവർ പതിയെ ചോദിച്ചു

‘‘ഈ മമ്മിക്കെന്താ....’’

ലീനച്ചേച്ചി കയർത്തു.

‘‘അല്ല... ആരോടെങ്കിലും വഴി ചോദിച്ചപ്പോ സംശയം തോന്നിയോന്നറിയാനാ....,’’ അമ്മ സാരിത്തുമ്പുകൊണ്ടു മുഖത്തെ വിയർപ്പു തുടച്ചു, ‘‘പേടിയായിട്ടാ മോനേ...’’

‘‘സംശയിച്ചാലെന്താ? മമ്മി മിണ്ടാതിരുന്നേ...,’’ ലീനച്ചേച്ചി ശാസിച്ചു, ‘‘പപ്പാ പോയതോടെ മമ്മീടെ ധൈര്യോം പോയി. ഇപ്പോ നാട്ടുകാരേം പള്ളിക്കാരേം എല്ലാം പേടിയാ.’’

 

‘‘പേടിക്കണ്ടേ മോനേ? ഞങ്ങടെ സമുദായത്തീന്നല്ല ഇവളു കെട്ടാൻപോകുന്നേന്നറിഞ്ഞാ അതുമതി എല്ലാരുംകൂടെ എന്നെ കീറിപ്പറിക്കാൻ.’’

‘‘വന്നുകയറിയപ്പോഴേ മോഹനനെ പേടിപ്പിക്കാതെ. മമ്മി പോയി ചായയിട്ടാട്ടേ..’’

ലീനച്ചേച്ചി അമ്മയെ അകത്തേക്കു തള്ളിവിട്ടു.

‘‘വലിയ പ്രശ്നമാകുമോ?’’ ഞാൻ ചോദിച്ചു.

‘‘ആയാലെന്താ? നാട്ടുകാരുടെ ചെലവിലാണോ ജീവിക്കുന്നേ?’’

ലീനച്ചേച്ചി ചുണ്ടുകോട്ടി. കൂസലില്ലാത്ത ആ ഭാവം എനിക്ക് ഇഷ്ടപ്പെട്ടു.

‘‘സാഹിത്യകാരനാന്നു സുഭാഷ് പറഞ്ഞിരുന്നു. നോവൽ എഴുതിത്തീർന്നോ?’’

‘‘ഇല്ല.. തുടങ്ങിയതേയുള്ളൂ.’’

‘‘അനിയനെപ്പറ്റി എത്ര പറഞ്ഞാലും മതിയാവില്ല, സുഭാഷിന്. എന്റനിയത്തിയെ പരിചയപ്പെട്ടില്ലല്ലോ.... സോനാ... ഇങ്ങുവന്നേ...’’

ചുമരിനപ്പുറത്തുനിന്നു കുപ്പിവളക്കിലുക്കം ചിതറി.

‘‘ചുമ്മാതെ നാണം അഭിനയിക്കുന്നതാ. മോഹനൻ നിന്നെ പെണ്ണുകാണാൻ വന്നതൊന്നുമല്ലെടീ... ഇറങ്ങിവന്നേ...’’

ലീനച്ചേച്ചി ഉറക്കെ ചിരിച്ചു. 

‘‘ഇരിക്ക്. ഞാൻ ചായയെടുക്കാം. കൂട്ടുകാരാരോ കൂടെ കാണുമെന്നായിരുന്നല്ലോ സുഭാഷ് പറഞ്ഞത്.’’

‘‘അങ്ങനാരുന്നു തീരുമാനിച്ചേ. പുള്ളിക്ക് വരാൻ പറ്റിയില്ല.’’

‘‘സോനേ.. .വന്നേ... മോഹനന് കമ്പനി കൊടുത്തേ...’’

ചുമരിലൊട്ടിനിന്നവളെ മുറിയിലേക്കു തള്ളി ലീനച്ചേച്ചി അകത്തേക്കുപോയി. ചേട്ടന്റെ തിരഞ്ഞെടുപ്പ് തെറ്റിയില്ലെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

‘‘അച്ഛൻ മരിച്ചിട്ട് കുറെയായോ?’’

ചുമരിലെ ഫോട്ടോയിലേക്കു നോക്കി ഞാൻ ചോദിച്ചു.

‘‘പത്തുവർഷം കഴിഞ്ഞു. ഞങ്ങടെ ആരേം അറിയില്ലല്ലോ. ഞാൻ ആൽബമെടുത്തോണ്ടുവരാം.’’

സോന അകത്തേക്കോടി, നിമിഷങ്ങൾക്കുള്ളിൽ എടുത്താൽ പൊന്താത്ത രണ്ട് ആൽബങ്ങളുമായി എത്തി. അതു പ്രദർശിപ്പിക്കാൻ അവൾ  തയ്യാറായിരിക്കുകയായിരുന്നു എന്നുറപ്പ്. ഞാൻ ആൽബം തുറക്കുമ്പോൾ സോനയും സോഫയിൽ വന്നിരുന്നു. ആദ്യത്തെ താളുകൾ നിറയെ പട്ടാളം മാത്യുവിന്റെ വിരേതിഹാസമായിരുന്നു. ജീപ്പിൽ ചാരിനിൽക്കുന്നത്, കുതിരപ്പുറത്തിരിക്കുന്നത്, തോക്കു ചൂണ്ടുന്നത്... ഓരോന്നിനുമൊപ്പം സോനയുടെ വിശദീകരണവുമുണ്ടായി. ഏതാനും താളുകൾ കഴിഞ്ഞതോടെ സൈനികവേഷം ഊരിവച്ച് പട്ടാളം മാത്യു ചപ്പാത്തി പരത്താനും കുഞ്ഞുങ്ങളെ ഓമനിക്കാനും തുടങ്ങി. ആദ്യം ലീനക്കുഞ്ഞും പിന്നെ സോനക്കുഞ്ഞും പ്രത്യക്ഷപ്പെട്ടു. താളുകൾ മറിയുംതോറും അവർ വളരുന്നതുകണ്ട് ഞാൻ വിസ്മയിച്ചു. എത്രമാത്രം ഫോട്ടോകൾ! എന്റെ വീട്ടിൽ ഞാനും ചേട്ടനുമൊത്തുള്ള നിറം മങ്ങിയ ഒരു ഫോട്ടോയല്ലാതെ ഒന്നുമില്ല.

 

‘‘പപ്പാ അവധിക്കുവരുമ്പോഴെല്ലാം ഫോട്ടോ എടുക്കുമായിരുന്നു.’’

എന്റെ ചിന്ത മനസ്സിലാക്കിയിട്ടെന്നവണ്ണം സോന വിശദീകരിച്ചു. 

‘‘ഇതാ അവസാനത്തെ തവണ വന്നപ്പോ എടുത്ത ഫോട്ടോ.’’

ചായം പുരട്ടിയ വിരലുകൾ, സ്കൂൾ സെന്റോഫിന്റെ മുഖഭാവത്തോടെ നിരവധിപേർ നിരന്ന ഒരു ഫോട്ടോയിൽ ചെന്നുമുട്ടി.

‘‘കുടുംബയോഗത്തിന്റെ പിറ്റേന്നെടുത്തതാ. അടുത്ത ബന്ധുക്കളെല്ലാം ഇതിലുണ്ട്.’’

ചായയും പലഹാരങ്ങളുമായി വന്ന ലീനച്ചേച്ചി വിശദീകരിച്ചു.

‘‘ദാ... ഇത് പപ്പയുടെ അനിയൻ.... ഇത് മമ്മീടെ അപ്പന്റെ അനിയൻ.’’

സോന ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഒന്നാം നിരയിലെ മുഖങ്ങളിലൂടെ വിരലുകൾ സഞ്ചരിക്കുമ്പോൾ എന്റെ കണ്ണ് പൊടുന്നനെ രണ്ടാം നിരയുടെ വലത്തേയറ്റത്തുനിന്ന ഒരു മുഖത്തിൽ തറഞ്ഞു- കുഞ്ഞാത്ത.

‘‘ഇത്?’’ ഞാൻ അതിലേക്കു വിരൽ മുട്ടിച്ചു.

‘‘പറയാം. ഈ നിര കഴിയട്ടെ...’’

‘‘അല്ല. ഇവരെ എനിക്കറിയാം. അതുകൊണ്ടാ.’’

‘‘ആരെ? സാറയാന്റിയേയോ?’’

‘‘സാറയല്ല... കുഞ്ഞാത്ത....’’

 

ലീനച്ചേച്ചയും സോനയും പരസ്പരം നോക്കി ഉറക്കെച്ചിരിക്കുവാൻ തുടങ്ങി. ചിരി നിലയ്ക്കുന്നതും കാത്ത് ഞാൻ ആ ചിത്രത്തിലേക്കുതന്നെ നോക്കിയിരുന്നു. 

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com