ADVERTISEMENT

‘ഗോപ്യം’

(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ നാലാമധ്യായം)

 

പത്തേക്കറിൽ കപ്പ വാട്ടുന്ന കാലമായിരുന്നു. അടിവയറ്റിൽ ഓക്കാനത്തിരയിളിക്കി, എവിടെയും കപ്പയുടെ മണം.  ശ്വാസകോശങ്ങളിൽ  അതു വിങ്ങി. കണ്ണുകളിൽ കറിയുപ്പുപോലെ നീറി. കപ്പവെണ്മ കണ്ടു ചെടിച്ച്, തനിക്കു പ്രിയപ്പെട്ട വെളുപ്പിനെപ്പോലും റബേക്ക വെറുത്തു. 

 

റബേക്കയ്ക്കൊഴികെ എല്ലാവർക്കും അത് ആഘോഷമായിരുന്നു. പത്തേക്കറിനു മാത്രമല്ല, പുഞ്ചക്കുറിഞ്ചിയ്ക്കുതന്നെ ഉൽസവകാലം. പത്തേക്കറിലെ മുറ്റത്തു പെരുന്നാളിന്റെ ആൾക്കൂട്ടം. വീട്ടുമുറ്റത്തിറങ്ങി എങ്ങോട്ടു നോക്കിയാലും ഒരേ പച്ചയും ഒരേ ഭാവവുമായി മുടിയൻകുന്നോ പാറപ്പള്ളയോ ഓടംവട്ടിയോ തെയ്യത്താൻകുന്നോ മാത്രം കണ്ടിരുന്ന അവളുടെ കണ്ണുകൾ മനുഷ്യരെക്കണ്ട് വിസ്മയിച്ചു. ഈ കൊച്ചു നാട്ടിൻപുറത്ത് ഇതിനുമാത്രം മനുഷ്യരോ എന്ന് അവൾ അന്ധാളിച്ചു. 

പള്ളിപ്പെരുന്നാളിനും  കാവിലെ ഉൽസവത്തിനും ഒത്തുകൂടുന്ന അതേ വികാരവായ്പോടെയും ആവേശത്തോടെയുമാണ് ആണും പെണ്ണും എത്തിയത്. വന്നവരെല്ലാം അൾത്താരയുടെയോ ശ്രീകോവിലിന്റെയോ മുന്നിലെന്നപോലെ, ജോസഫ് പാപ്പന്റെ കസേരയിലേക്കു നോക്കി തലകുനിച്ചിട്ടേ പിൻമുറ്റത്തേക്കു പോയുള്ളൂ.

 

സൂര്യോദയത്തോടെ തുടങ്ങുന്ന കപ്പ പറിക്കലിന്റെ ആദ്യഘട്ടം തീരുമ്പോഴേക്കും പത്തുമണി വെയിൽ മുറ്റത്തു പരമ്പു നിരത്തിയിട്ടുണ്ടാകും. പിന്നെ തീറ്റമൽസരമാണ്. റബർ മരങ്ങൾ അതിരിട്ട മുറ്റത്തു വിരിച്ച ടാർപ്പായയിൽ വട്ടമിട്ടിരുന്നാണു തീറ്റ. ആണും പെണ്ണുമായി പത്തുനൂറുപേർ. പാലപ്പം, ചക്കപ്പുഴുക്ക്, വാള മീൻകറി, പോത്തിറച്ചി, കോഴിയിറച്ചി- നിരത്തിയിട്ട തൂശനിലയിൽ നിരക്കാൻ വിഭവങ്ങൾ മൽസരിച്ചു. എല്ലാത്തിനും മേലേ തുളസിയിലയും ഏലക്കായും പൊടിച്ചിട്ട ഒന്നാന്തരം ചക്കരക്കാപ്പി. അതുകഴിഞ്ഞാൽ  കപ്പപൊളിക്കലാണ്. കൂനകൂട്ടിയ കപ്പമലയുടെ നാലുകോണിലിരുന്ന് വിയർപ്പിറ്റുന്ന ഉടലുമായി മനുഷ്യർ യന്ത്രംപോലെ ചലിച്ചു. പിച്ചാത്തിമിനുപ്പിൽനിന്നു  വെളുത്ത വട്ടങ്ങൾ പരമ്പിലേക്കു ചിട്ടയോടെ പരേഡ് നടത്തി. ജോലിക്കിടെ പണിക്കാർ തുറന്നുവിട്ട പുഞ്ചക്കുറിഞ്ചിയിലെ പരമരഹസ്യങ്ങളുടെ ഭൂതങ്ങൾ മുറ്റത്തൂകൂടി ഓടിക്കളിച്ചു. കാതുകളിൽനിന്നു കാതുകളിലേക്കു സഞ്ചരിക്കുന്തോറും അതിനു  കൊമ്പുകളും കാലുകളും മുളച്ചു. 

അഞ്ചുവലിയ ചെമ്പുനിറയെ കപ്പ അരിഞ്ഞുതീരുമ്പോൾ ഊണുനേരമായി. ചോറിനു സാമ്പാറും  കൂട്ടുകറിയും പ്രധാനവിഭവങ്ങൾ. ചത്തിട്ടില്ലെന്നു തോന്നിക്കുന്ന വിധം കണ്ണു പുറത്തേക്കുന്തി, വെളിച്ചെണ്ണയും അരപ്പും കുടിച്ചു തുടുത്ത അയല തൂശനിലത്തുമ്പിൽ മലർന്നുകിടന്നു. തേങ്ങാച്ചമ്മന്തിയും കടുമാങ്ങയും അതിന് അതിരുകെട്ടി. വൻപയർ തോരനും കോവയ്ക്ക മെഴുക്കുപുരട്ടിയും കൂട്ടിരുന്നു. 

 

ഊണുകഴിയുമ്പോഴേക്കും പെണ്ണാളുകൾ അടുപ്പുകൂട്ടി. ഒറ്റക്കണ്ണിൽ ആകാശം കണ്ട് വട്ടച്ചെമ്പുകൾ അതിനുമേലേ നിരന്നു. മൂളിത്തിളയ്ക്കുന്ന ചെമ്പിനുചുറ്റും വലിയ വട്ടക്കോരിയുമായി ആണുങ്ങൾ ഓടിനടന്നു. അവസാനത്തെ ചെമ്പിലെ കപ്പയും വാങ്ങി, ചെമ്പ് കഴുകിക്കമിഴ്ത്തുമ്പോൾ നേരം രാത്രി ഒൻപതുമണി. ഇതിനിടയിൽ അവലു നനച്ചതും പപ്പടവുമായി നാലുമണിക്കാപ്പി,  ഇരുട്ടുവാക്കിനു പാൽച്ചായ. 

 

വെള്ളയരിയാൻ ഒരു ദിവസം, ഉപ്പേരിക്കപ്പയ്ക്ക് മറ്റൊരുനേരം... മുറ്റത്തും പറമ്പിലും മാത്രമല്ല, അടുക്കളയിലും ആൾക്കൂട്ടം. എല്ലാവർക്കും നടുവിലൂടെ പ്രമാണിത്തത്തിന്റെ താക്കോൽക്കൂട്ടവും അരയിൽത്തൂക്കി അന്നമ്മവല്യമ്മ നിവർന്നു നടന്നു. ആണാളിന്റെയും പെണ്ണാളിന്റെയും ശിരസ്സുകൾ അവരെക്കാണുമ്പോൾ തൈവാഴയിലപോലെ ഒടിഞ്ഞുവീണു. അവർക്കെല്ലാം സമ്മാനിക്കാൻ അന്നമ്മ വല്യമ്മ വാൽസല്യം പുരട്ടിയ വാക്കുകൾ സൂക്ഷിച്ചുവച്ചിരുന്നു. 

 

മുഖമില്ലാത്ത മനുഷ്യരെക്കണ്ട് റബേക്കയ്ക്കു കണ്ണു ചെടിച്ചു.  ആൾക്കൂട്ടത്തിനിടയിലൂടെ മൂക്കുംപൊത്തി നടക്കുന്ന റബേക്കയെ കണ്ട് അന്നമ്മ വല്യമ്മ ആദ്യമൊക്കെ അടക്കിച്ചിരിച്ചു. പിന്നെ, പുരികം ചുളിക്കലും ചുണ്ടുകോട്ടലുമായി. ഒടുവിൽ അവർ പൊട്ടിത്തെറിച്ചു.

‘‘നീയെന്താ ആകാശത്തൂന്നു പൊട്ടിവീണതാണോ കപ്പേടെ മണം പിടിക്കാതിരിക്കാൻ...?’’

 

പണിക്കാരിപ്പെണ്ണുങ്ങൾ വായ പൊത്തിച്ചിരിച്ചു. വീടും പരിസരവും കണ്ടിട്ടില്ലെങ്കിലും കൊച്ചോമിലെ നിത്യദാരിദ്ര്യത്തിന്റെ കണ്ണീർക്കഞ്ഞിയെപ്പറ്റിയെ അന്നമ്മ വല്യമ്മ കേട്ടിട്ടുണ്ട്. 

‘‘ആകാശത്തൂന്നു പൊട്ടിവീണതുകൊണ്ടാണോ ജോസഫ് പാപ്പൻ ഇറച്ചീം മീനും കണ്ടാൽ മുഖം തിരിക്കുന്നേ....’’

 

ചിരിച്ചുകൊണ്ടാണു റബേക്ക തിരിച്ചടിച്ചതെങ്കിലും ആ ചോദ്യത്തിന്റെ മുന അന്നമ്മവല്യമ്മയ്ക്കു കൊണ്ടു. പണിക്കാരിപ്പെണ്ണുങ്ങൾ ചിരിക്കണോ എന്നു സംശയിച്ചു. പത്തേക്കറിലെ പുതിയ കാരണവത്തി റബേക്കയാകുമെന്ന് കണക്കുകൂട്ടിയ ദീർഘവീക്ഷണമുള്ള രണ്ടുപേർ ഉറക്കെച്ചിരിച്ചു. അവരുടെ മുഖം റബേക്ക പ്രത്യേകം മനസ്സിൽ പതിച്ചുവച്ചു. മരംവെട്ടുകാരൻ വെള്ളന്റെ കെട്ടിയോൾ ജാനകിയും വണ്ടിയിടിച്ചു മരിച്ച സാമുവലിന്റെ വിധവ പെണ്ണമ്മയുമായിരുന്നു ആ ധീരവനിതകൾ. 

 

‘‘അവൾക്കിത്തിരി അഹമ്മതി കൂടുതലാ കേട്ടോ...’’

അന്നമ്മ വല്യമ്മ അടക്കം പറഞ്ഞത് ജോസഫ് പാപ്പൻ കേട്ടില്ലെന്നു നടിച്ചു. അമ്മായിയമ്മപ്പോരിന്റെ ആദ്യമുളകൾതന്നെ അങ്ങനെ ഗാന്ധിസൂക്തങ്ങൾക്കിടയിൽ ഞെരുങ്ങിച്ചതഞ്ഞുപോയി. തരം കിട്ടിയപ്പോളൊക്കെ അന്നമ്മ വല്യമ്മ അക്കാര്യം ആവർത്തിച്ചെങ്കിലും എന്തു മറുപടി നൽകിയാലും അതു കാര്യങ്ങളെ ഗുരുതരമാക്കുമെന്ന തിരിച്ചറിവും ക്ഷമയുടെയും മറുകരണത്തിന്റെയും സാധ്യത ഓർമിപ്പിക്കുന്ന ഗാന്ധിചിന്തയുടെ കരുത്തും ജോസഫ് പാപ്പനോട് മൗനം ആവശ്യപ്പെട്ടു. അല്ലെങ്കിലും ആന്റണിയുടെ വളർച്ചയോടെ കുടുംബജീവിതത്തിൽ നിശ്ശബ്ദതയ്ക്കുള്ള അപാരമായ സാധ്യതയെപ്പറ്റി അതിനകം അദ്ദേഹം നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു.

 

റബേക്ക പക്ഷേ, ഒരിക്കൽപ്പോലും ആന്റണിയോട് അമ്മായിയമ്മയെപ്പറ്റി പരാതിപ്പെട്ടില്ല. അവളുടെ പരാതിയെല്ലാം അയാളെപ്പറ്റിയായിരുന്നു. ആറടിപ്പൊക്കവും പേശീബലവും കണ്ട് ആണിനെ അളക്കരുതെന്ന പുതിയ പാഠം അവൾ പഠിച്ചുകഴിഞ്ഞിരുന്നു. രതിയെന്നപേരിൽ പാപ്പിക്കുഞ്ഞു കാട്ടിക്കൂട്ടുന്ന കാടൻ രീതികൾ കണ്ടുശീലിച്ച അവളെ ആന്റണി ആദ്യരാത്രിയിലേ നിരാശപ്പെടുത്തി. അയാൾക്ക് അവൾ ചിട്ടിയുടെ കണക്കുപുസ്തകംപോലെ വിശുദ്ധമായിരുന്നു. എന്തെഴുതണം എന്തെഴുതരുത് എന്ന ആശയക്കുഴപ്പത്തിൽ അയാൾ ഓരോ താളും എഴുതാതെ മറിച്ചുവിട്ടു. ‘ഇതെന്തൊരു മനുഷ്യൻ’ എന്ന് റബേക്ക ഓരോ രാത്രിയിലും നെടുവീർപ്പിട്ടു. മെഴുകുതിരിവെളിച്ചത്തിൽ അവളുടെ മടിയിൽ  ദീർഘനേരം കണ്ണടച്ചു കിടക്കുക, നീളൻ കൈവിരലുകളിൽ വിരലുകോർത്ത് ‘അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല’ എന്ന പാട്ടുമൂളുക തുടങ്ങിയ അയാളുടെ സന്തോഷങ്ങളെ അവൾ നട്ടപ്രാന്തായി എണ്ണി. അയാളിലേക്കു പടർന്നുകയറാനുള്ള അവളുടെ ശ്രമങ്ങളെല്ലാം ആണുടലിന്റെ നിസ്സഹകരണം മൂലം പാതിവഴിയിൽ പൊലിഞ്ഞു. അതോടെ, അവളുടെ കണ്ണിലേക്കു നോക്കാൻപോലും അയാൾക്കു പേടിയായി. അതിലെരിയുന്ന തീ തന്നെ ചുട്ടെരിക്കുമെന്ന് അയാൾ പേടിച്ചു. 

അവളിൽനിന്നു രക്ഷപ്പെടാൻവേണ്ടി അയാൾ രാത്രി വൈകുന്നതുവരെ ചിട്ടിപ്പിരിവിന്റെ പേരിൽ പുറത്തു ചുറ്റിയടിക്കുകയോ വന്നുകയറിയാലും ‘എന്തൊരു ക്ഷീണം’ എന്നു പറഞ്ഞ് നേരത്തേ കിടക്കുകയോ ചെയ്യുന്നതു പതിവാക്കി.  ഏറെ ദിവസങ്ങളിലും ആന്റണി നാദാപുരത്തോ കോഴിക്കോട്ടോ തങ്ങാൻ തുടങ്ങിയപ്പോൾ ഒരു ദിവസം റബേക്ക, അയാളെ മുഖാമുഖം നിർത്തി.

‘‘എന്താ ഉദ്ദേശം?’’

അവൾ കടുത്ത ശബ്ദത്തിൽ ചോദിച്ചു.

‘‘എന്ത്? എന്താ പ്രശ്നം...’’

ആന്റണിയുടെ ശബ്ദം പതറി.

‘‘എന്റെ മുഖത്തു നോക്ക്.’’

അവളുടെ ചായം പൂശിയ കാൽ വിരലുകളിൽ, സാരി ഞൊറിവുകളിൽ, കൈവിരലുകളുടെ അഴകിൽ ഒക്കെ അയാൾ നോക്കി.

‘‘മുഖത്തു നോക്കെടോ...’’

റബേക്കയുടെ ശബ്ദം ആന്റണിക്ക് അപരിചിതമായി തോന്നി.

‘‘പെണ്ണിന്റെ മുഖത്തുനോക്കാൻ ധൈര്യമില്ലെങ്കിൽ പിന്നെന്തിനാ എന്നെ പ്രേമിച്ചേ? കൂടെക്കിടക്കാൻ വയ്യെങ്കിൽ പിന്നെന്തിനാ കെട്ടിക്കോണ്ടുപോന്നേ...’’

‘‘പതിയെ...’’

വാതിൽ വലിച്ചടച്ച്, ആന്റണി ചുണ്ടത്തുവിരൽവച്ച് അവളെ വിലക്കി.

‘‘എന്തിനാ പതുക്കെയാക്കുന്നേ...എല്ലാരും കേൾക്കട്ടെ...’’

പത്തേക്കറിലെ ആണുങ്ങളോട് പെണ്ണുങ്ങൾ ഉച്ചത്തിൽ സംസാരിക്കാറില്ല. 

‘‘ഒരാണ്....പ്ഫൂ....’’

റബേക്ക നീട്ടിത്തുപ്പി. അവളുടെ നോട്ടം തന്റെ അരക്കെട്ടിലാണെന്നറിഞ്ഞ് അയാൾ അട്ടയെപ്പോലെ ചുരുണ്ടു.

‘‘റബേക്കേ...നിന്നെയെനിക്ക് എന്തിഷ്ടമാന്നറിയാമോ...ഞാൻ പറയുന്നതു കേൾക്കൂ....’’

വലിച്ചടുപ്പിക്കാനാഞ്ഞ ആന്റണിയുടെ കൈ അവൾ തട്ടിയെറിഞ്ഞു.

 

‘‘തൊടരുതെന്നെ.... എനിക്കറിയാം എന്തു ചെയ്യണമെന്ന്....പള്ളിച്ചാൽ പാപ്പീടെ മോളാ ഞാൻ.’’

അതും പറഞ്ഞ്, അവൾ വാതിൽ തുറന്ന് അലറിക്കുതിച്ച് പുറത്തേക്കുപോയി. എന്തുകൊണ്ട് ഏലിയാമ്മയുടെ മോളാണു താനെന്നു പറയാൻ ആ നിമിഷം തോന്നിയില്ലെന്ന് പിന്നീട് റബേക്ക ഒരുപാടുതവണ ആലോചിച്ചു. തന്റെ ചോരയിൽ പാപ്പിമാത്രമാണെന്നും കോശങ്ങളിൽ ആ ബോധം പെറ്റുപെരുകുകയാണെന്നും അവൾ പതിയെ തിരിച്ചറിഞ്ഞു. എത്രത്തോളം പാപ്പിയെ വെറുത്തോ അത്രത്തോളം അയാൾ അവളിൽ ആവേശിച്ചു. ഒടുവിൽ പാപ്പിയിൽനിന്നു മോചനമില്ലെന്നും അടിമുടി പാപ്പി തന്നെയാണ് താനെന്നും റബേക്ക തിരിച്ചറിഞ്ഞു. ആ നിമിഷത്തിൽ അവളുടെ അരക്കെട്ട് എരിഞ്ഞുതുടങ്ങി. എല്ലാത്തിനേയും തന്നിലേക്കു വലിച്ചടുപ്പിക്കാൻ അതവളെ പ്രേരിപ്പിച്ചു. ലോകം തനിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന കാലത്തെ അവൾ സ്വപ്നം കണ്ടു.

 

‘‘ സുഖമല്ലേ? പ്രശ്നമൊന്നുമില്ലല്ലോ?’’

ജോസഫ് പാപ്പൻ പിറ്റേന്ന് ഗാന്ധിക്കണ്ണയ്ക്കിടയിലൂടെ അവളോടു ചോദിച്ചു. അതയാളുടെ പതിവു കുശലമായിരുന്നു. എന്നത്തെയുംപോലെ ഒന്നുമില്ലെന്ന് ചിരിക്കുന്നതിനിടയിലും പ്രശ്നമെന്തെങ്കിലുമുണ്ടാവണമെന്ന് കിളവൻ ആഗ്രഹിക്കുന്നുണ്ടോ എന്ന അരുതാച്ചിന്ത അവളുടെ മനസ്സിലൂടെ മിന്നിക്കടന്നു. 

‘‘എന്തുണ്ടെങ്കിലും പറയാൻ മടിക്കരുത്...’’

 

ജോസഫ് പാപ്പൻ അവളുടെ ശിരസ്സിൽ തലോടി. അവൾക്കപ്പോൾ കണ്ണു നിറഞ്ഞു. അവൾ ഒന്നും മിണ്ടാതെ വിറകുപുരയ്ക്കടുത്തുള്ള ചെറിയ കെട്ടിന്റെ അരമതിലിൽ പോയിരുന്നു. മഞ്ചാടിമരത്തിനു ചോട്ടിൽ ജാനകിയും പെണ്ണമ്മയും ‘ശ്‌ശ്‌ശ്’ ശബ്ദത്തിന്റെ അകമ്പടിയോടെ മാറിമാറി ഉരലിലേക്ക് ഉലക്കയെറിയുന്നുണ്ടായിരുന്നു. റബേക്കയെ കണ്ട്, പെണ്ണമ്മ തലയുയർത്തി.

 

‘‘അവിടിരിക്കുന്നേ സൂക്ഷിച്ചുവേണേ കുഞ്ഞേ, മഞ്ചാടിയേന്ന് ഉറുത്താപ്പുഴു വീഴും.’’

പെണ്ണമ്മ ഉപദേശിച്ചു.

‘‘അപ്പോ അരി ഇടിക്കുന്നതിന്റകത്തും അതു വീഴില്ലേ?’’

റബേക്കയുടെ ചോദ്യം ജാനകിയെ അസ്വസ്ഥയാക്കി.

‘‘അയ്യോ...അങ്ങനൊന്നും പറയാതെ. ഞങ്ങള് നാലല്ലാ, എട്ടുകണ്ണുകൊണ്ടാ നോക്കുന്നേ... ഉരലിവിടുന്നു മാറ്റാൻ  എത്രതവണ പറഞ്ഞതാ...ആ ഇലഞ്ഞിച്ചോട്ടിലിട്ടാൽ കുറെക്കൂടി തണലുമുണ്ടായിരുന്നു.’’

‘‘പിന്നെന്താ മാറ്റാത്തത്?’’

‘‘അന്നമ്മ വല്യമ്മ സമ്മതിക്കില്ലെന്നേ.... ’’

പെണ്ണമ്മ, ഉലക്ക ജാനകിയുടെ കൈയിലേക്ക് ചായ്ച്ചിട്ട് അരമതിലിനു താഴെവന്നിരുന്നു.

 

‘‘ചില കാര്യങ്ങളില് വല്യമ്മയ്ക്കു വല്ലാത്ത നിർബന്ധങ്ങളാ.’’ 

പെണ്ണമ്മ, റബേക്കയുടെ മുഖം പഠിച്ചു. ഭാവിയിലെ കലവറ സൂക്ഷിപ്പുകാരിക്ക് അപ്രിയമായതൊന്നും പറയാൻ പാടില്ലല്ലോ. 

‘‘വയസ്സുകാലത്ത് ചിലരങ്ങനാ. നിർബന്ധം കൂടും.’’

റബേക്കയുടെ മറുപടി തുടർന്നുള്ള സംസാരത്തിനുള്ള പച്ചക്കൊടിയാണെന്ന് പെണ്ണമ്മ തിരിച്ചറിഞ്ഞു.

 

‘‘സത്യമാ കൊച്ചമ്മേ...എന്റെ കെട്ടിയോന്റമ്മച്ചീം ഇതുപോലാരുന്നു. വാശിയോടു വാശി. കൊച്ചമ്മയ്ക്കൊരു കാര്യമറിയാമോ?’’ പെണ്ണമ്മ, റബേക്കയ്ക്കരികിലേക്കു കുറച്ചുകൂടി നീങ്ങിയിരുന്നു, ‘‘സത്യത്തിൽ ജോസഫ് പാപ്പനേക്കാട്ടിൽ രണ്ടോ മൂന്നോ വയസ്സിനു മൂത്തതാ അന്നമ്മ വല്യമ്മ.’’

‘‘അതു കണ്ടാൽ മനസ്സിലാവത്തില്ല്യോടീ....’’

ഉലക്കകൾ ഉരലിനു കുറുകേ വച്ച് ജാനകിയും അവൾക്കരികിൽ വന്നിരുന്നു.

 

‘‘കുഞ്ഞുപ്രായത്തിലേ നിർബന്ധിച്ചു കെട്ടിച്ചൂന്നുവച്ച് ജോസഫ് പാപ്പന് അത്ര വല്യ പ്രായമൊന്നുമില്ലെന്നേ. ആ ശരീരം കണ്ടിട്ടില്ലേ? ഇപ്പഴും നല്ല ഉശിരാ... ചിലപ്പോഴത്തെ നോട്ടം കണ്ടാൽ നമ്മളുരുകിപ്പോകും.’’

‘‘ആര്? ജോസഫ് പാപ്പനോ?’’

റബേക്ക വിസ്മയിച്ചു.

‘‘അതേന്നേ...വെറുതെ നോക്കുമെന്നേയുള്ളൂ....ഗാന്തീടെ ആളല്ല്യോ? ഉപദ്രവിക്കുകേല...’’

ജാനകി വായപൊത്തിച്ചിരിച്ചു.

 

‘‘സത്യം പറയാമല്ലോ കൊച്ചമ്മേ... കെട്ടിക്കേറിവന്നപ്പോ അന്നമ്മ വല്യമ്മ പാപ്പനു ചേർന്ന പെണ്ണൊന്നുമാരുന്നില്ല. റബ്ബർതോട്ടോം ഏലത്തോട്ടോമൊക്കെ കണ്ടു കണ്ണു മഞ്ഞളിച്ച  കാരണവന്മാര് പാപ്പന്റെ തലയിൽ വച്ചുകെട്ടിയതാന്നാ പറേന്നേ...അന്നമ്മവല്യമ്മയ്ക്ക് ആസ്മേടെ സൂക്കേട്...സദാസമയോം നടൂവേദന...ചുമ്മാതൊന്നുമല്ല, പാപ്പൻ കാന്തീടെ കൂടെ പോയേ?’’

പെണ്ണമ്മയുടെ വാക്കുകൾ ജാനകിയെ കുടുകുടെ ചിരിപ്പിച്ചു.

 

‘‘പന്തുകളീം വടംവലീമൊക്കെയായി ജോസഫ് പാപ്പൻ ചെറുപ്പത്തിൽ വല്യ പുള്ളിയാരുന്നെന്ന് എന്റപ്പൻ പറഞ്ഞുകേട്ടിട്ടൊണ്ട്. പത്രത്തിൽ പടമൊക്കെ വന്നിട്ടൊണ്ടത്രേ. ബാംഗ്ലൂരിലെങ്ങാണ്ടു പഠിക്കാൻ പോയതോടെ ആള് കൈവിട്ടുപോയി. ഇല്ലാത്ത ദുസ്വഭാവമൊന്നുമില്ലാരുന്നെന്നാ പറയുന്നേ. പിടിച്ചപിടിയാലെ പാപ്പന്റെ അപ്പൻ ചെന്നു കൂട്ടിക്കൊണ്ടുപോന്നു സെമിനാരീലാക്കി. പകുതിവഴിക്ക് പടിത്തം നിർത്തി സെമിനാരീന്നു ചാടിപ്പോന്നെങ്കിലും പാപ്പന്റെ ചീത്ത സൊഭാവമൊക്കെ തൊടച്ചെടുത്തപോലങ്ങു മാഞ്ഞുപോയി. പകരം മഹാത്മാകാന്തി തലേക്കേറി. കാന്തിയെങ്കിൽ കാന്തി, അടങ്ങി വീട്ടിലിരിക്കുമല്ലോന്നു പറഞ്ഞത്രേ പാപ്പന്റപ്പൻ.’’

‘‘അത്ര എളുപ്പത്തിൽ ഒരാൾക്കു നന്നാകാനൊക്കുമോടീ?’’

ജാനകിയുടെ സംശയം പ്രസക്തമെന്നു റബേക്കയ്ക്കും തോന്നി.

‘‘ചെലപ്പോ ആണുങ്ങൾക്കങ്ങനെ പറ്റുമായിരിക്കും.’’

ബ്ലൗസിനിടയിലൂടെ ഊതി വിയർപ്പാറ്റുന്നതിനിടയിൽ പെണ്ണമ്മ പറഞ്ഞു.

 

‘‘എന്നാലും പഠിച്ചുവച്ചതൊക്കെ ഉള്ളിലൊണ്ടാരിക്കുമെന്നാ എനിക്കു തോന്നുന്നേ. പുറത്തു കാണിക്കാത്തതാരിക്കും. അതല്ല്യോ കൊളുത്തിവലിക്കുന്നപോലെ പെണ്ണുങ്ങളെ നോക്കുന്നേ...കൊച്ചുവീട്ടിന്റെ മുറ്റത്തൂടെ പോകുമ്പോ അകത്തൂന്ന് ഒളിച്ചുനോക്കുന്നത് ആരും കാണുന്നില്ലെന്നാ പാപ്പന്റെ വിജാരം. അന്നമ്മവല്യമ്മേ പേടിച്ചാ നല്ല പിള്ള ചമയുന്നേ...’’

ജാനകി തീർത്തു പറഞ്ഞു. പറമ്പിന്റെ കോണിലൊരിടത്ത് ശല്യമില്ലാതെ എഴുതാനും വായിക്കാനുമായി പാപ്പനൊരു ഔ‍ട്ട് ഹൗസ് പണിതിട്ടുണ്ട്. എല്ലാവരും ‘കൊച്ചുവീടെ’ന്നു വിളിക്കുന്ന രണ്ടുമുറി വീട്ടിൽ അത്യാവശ്യം  സൗകര്യങ്ങളുണ്ട്. അന്നമ്മവല്യമ്മ ഉച്ചമയക്കത്തിനൊരുങ്ങുമ്പോൾ പാപ്പൻ പുസ്തകക്കെട്ടുമായി കൊച്ചുവീട്ടിലേക്കു പോകും. ചിലദിവസങ്ങളിൽ പാപ്പന്റെ രാത്രിയിലെ കിടപ്പുപോലും അവിടെയാണ്. ഇതിനുമാത്രം എന്താണ്  വായിച്ചുകൂട്ടുന്നതെന്ന് അന്നമ്മ വല്യമ്മ കലഹിക്കും. വായനയുടെ ഗുണം നിന്നോടു പറഞ്ഞിട്ടുകാര്യമില്ലെന്ന്  ജോസഫ് പാപ്പനും തിരിച്ചടിക്കും. 

 

‘‘എന്താ ഇവിടെ? പയ്യാരോം പറഞ്ഞിരുപ്പാണോടീ പിള്ളേരേ...’’

പിന്നിൽ അന്നമ്മ വല്യമ്മയുടെ ശബ്ദം കേട്ട് ചാടിയെഴുന്നേൽക്കാനാഞ്ഞ ജാനകിയുടെയും പെണ്ണമ്മയുടെയും ചുമലിൽ റബേക്കയുടെ വിരലുകൾ അമർന്നു.

‘‘ഞാൻ പറഞ്ഞതാ അമ്മച്ചീ, ഇച്ചിരി വിശ്രമിച്ചിട്ടുമതീന്ന്...’’

റബേക്ക തിരിഞ്ഞുനോക്കാതെ പിറുപിറുത്തു.

‘‘നാലു നാഴി അരി ഇടിക്കുന്നേനെടേൽ എന്തോന്നാ ഇത്ര വിശ്രമിക്കാൻ...അതുങ്ങളെക്കൂടെ മടിപിടിപ്പിച്ചോ...’’

അന്നമ്മ വല്യമ്മയുടെ ശബ്ദത്തിൽ മുള്ളുണ്ടായിരുന്നു.

‘‘ആസ്മേം നടൂവേദനേമൊക്കെ പിടികൂടിയാൽ അതുങ്ങളെ നോക്കാൻ ആരും കാണുകേലമ്മച്ചീ...അപ്പോ ഇത്തിരി വിശ്രമിക്കുന്നതു നല്ലതല്ലേ....’’

 

റബേക്ക തലയുയർത്താതെ ചോദിച്ചു. അന്നമ്മവല്യമ്മ ജാനകിയെയും പെണ്ണമ്മയെയും ചുഴിഞ്ഞുനോക്കി. ജാനകി, അബോധത്തിലെന്നപോലെ എഴുന്നേറ്റ് ഉരലിനടുത്തേക്കു പിച്ചവച്ചു.

‘‘ഇവിടെ വെയിലാ...ഉരൽ നാളെ ഇലഞ്ഞിച്ചോട്ടിലേക്കു വലിച്ചിടാൻ ഞാൻ പറഞ്ഞിട്ടുണ്ട്...’’

 

നിലത്തുനിന്നു പെറുക്കിക്കൂട്ടിയ മഞ്ചാടിമണികൾ വാരിയെടുത്ത് എഴുന്നേൽക്കുമ്പോൾ റബേക്ക അലസമായി പറഞ്ഞു. അന്നമ്മ വല്യമ്മ ഒന്നും പറയാതെ അകത്തേക്കു ചവിട്ടിത്തുള്ളി നടന്നുപോയി. അതുവരെ അടക്കിവച്ചിരുന്ന ചിരി അപ്പോൾ പെണ്ണമ്മയുടെ ചുണ്ടിൽനിന്നു ചിതറിത്തെറിച്ചു. അവൾ ആദരവോടെ റബേക്കയെ നോക്കി. എത്ര അനായാസം, ഒരു പൂവിതൾ അടർത്തുന്ന ലാഘവത്തോടെയാണ് റബേക്ക അധികാരദണ്ഡ് പിടിച്ചുവാങ്ങിയതെന്ന് അവൾ അത്ഭുതത്തോടെ ഓർത്തു. ഒരർഥത്തിൽ പത്തേക്കറിലെ കെട്ടിലമ്മയായുള്ള റബേക്കയുടെ അനൗദ്യോഗിക കിരീടധാരണം കൂടിയായിരുന്നു ആ നിമിഷം.

അടുക്കള വരാന്തയിലൂടെ മുറിയിലേക്കു നടക്കുമ്പോൾ റബേക്ക, ദൂരെ ജോസഫ് പാപ്പനെ കണ്ടു. അയാൾ കൊച്ചുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കൈയിൽ ഏതാനും പുസ്തകങ്ങളും ഇടയ്ക്ക് കൊറിക്കാൻ നിലക്കടലയും. അവൾ അയാളെ ഇതാദ്യമായി അടിമുടി പരിശോധിച്ചു. ജാനകി പറഞ്ഞതു ശരിയാണ്. പ്രായത്തെ തോൽപ്പിക്കുന്ന ഉടയാത്ത ശരീരം.  നെഞ്ചിൽ പടവാളുയർത്തി നിൽക്കുന്ന വെള്ളിരോമങ്ങൾ. ആറടിനീളവും നെഞ്ചുവിരിവുമല്ലാതെ ആന്റണിയുടെ ഒരു ഛായയുമില്ലല്ലോ ഈ മനുഷ്യനെന്ന് റബേക്ക ഉള്ളിൽ ചിരിച്ചു. 

 

രാത്രി കിടക്കുംമുൻപ് റബേക്ക, അന്നമ്മ വല്യമ്മയുടെ മുറിയിൽനിന്ന് പണിക്കാരിയെക്കൊണ്ട് പഴയ ആൽബമെടുപ്പിച്ചു. കാലം മരവിച്ചുവിൽക്കുന്ന കറുപ്പും വെളുപ്പും ചതുരങ്ങൾക്കുള്ളിൽ അവൾ വേറൊരു ജോസഫ് പാപ്പനെ കണ്ടു. നോക്കിയാൽ കണ്ണെടുക്കാൻ തോന്നാത്ത നിറവോടെ അയാൾ ഫുട്ബോളിനെ താലോലിച്ചും ബെൽബോട്ടം പാന്റ്സ് ധരിച്ച ഒരുസംഘം ചെറുപ്പക്കാരുടെ ചുമലിൽ കൈയിട്ട് പുകവലിച്ചും ഗിറ്റാർ വായിച്ചും പല രൂപത്തിലും വേഷത്തിലും അവൾക്കു മുന്നിലൂടെ കടന്നുപോയി. ‘ഒരു ഗാന്ധിയൻ’-ഇരുകവിളും വീർപ്പിച്ച് അയാൾ കുസൃതികാട്ടുന്ന ഫോട്ടോയിൽ ഒരു കുത്തുകൊടുത്ത് റബേക്ക ചിരിച്ചു.

രാത്രി, കൊച്ചോമിലെ ഒറ്റുപാറയിൽനിന്ന് താൻ ചിറകുവച്ചു പറക്കുന്നത് റബേക്ക സ്വപ്നം കണ്ടു.  താഴ്‌വരയിൽ ഉറുമ്പിൻകൂട്ടം പോലെ ചിതറിയ മനുഷ്യർക്കുമേലേകൂടി രണ്ടു ചുറ്റു പറന്ന്, അവൾ പത്തേക്കറിന്റെ ആകാശത്തേക്കു മടങ്ങിപ്പോന്നു. 

 

പിറ്റേന്നു രാവിലെ പുറത്തെ കുളിപ്പുരയിലേക്കു നടക്കുമ്പോൾ പതിവുപോലെ ജോസഫ് പാപ്പൻ പത്രം മടക്കി അവളെ നോക്കി ചിരിച്ചു.

‘‘സുഖമല്ല്യോ മോളേ...’’

 

റബേക്ക ചുറ്റും നോക്കി. മുറ്റത്തു ചിക്കിപ്പെറുക്കുന്ന കോഴിക്കൂട്ടവും കിണറ്റുകരയിൽ കാലുനക്കിയിരിക്കുന്ന പൂച്ചയുമല്ലാതെ പരിസരത്തെങ്ങും ആരുമില്ല. അവൾ അയാൾക്കരികിലേക്കു ചെന്നു പതിയെ പറഞ്ഞു: ‘‘സുഖമല്ല.’’

‘‘അയ്യോ എന്നാ പറ്റി? എന്തായാലും പറഞ്ഞാട്ടെ...’’

‘‘പറയാം...,’’ അവൾ ഒറ്റക്കണ്ണടച്ചു ചിരിച്ചു, ‘‘ഇപ്പോഴല്ല, ഉച്ചയ്ക്ക് കൊച്ചുവീട്ടിൽവച്ച്...’’

ജോസഫ് പാപ്പന്റെ മുഖത്തേക്കു നോക്കുകപോലും ചെയ്യാതെ കുളിമുറിയിലേക്കു നടക്കുമ്പോൾ താനിപ്പോഴും ആകാശത്തു പറക്കുകയാണെന്ന് റബേക്കയ്ക്കുതോന്നി. 

ഒരുപാടുകാലത്തിനുശേഷം അവൾ അന്നൊരു മൂളിപ്പാട്ടു പാടി.

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com