ADVERTISEMENT

ചൊട്ടൻ അഥവാ മറ്റഡോർ ലോങ്ങ് ചേസ്

 

ആദ്യ കാലങ്ങളില്‍ തേപ്പുപണി കഴിഞ്ഞുവന്നിട്ടാണ് ലോനു മദ്യപ്പരിപാടി ചെയ്തുകൊണ്ടിരുന്നത്. ക്രമേണ പേടിക്കാനൊന്നുമില്ലെന്നും ലോകം തലകുനിക്കുന്നതും ജീവിതം വഴി തെളിയുന്നതും പേടിത്തൊണ്ടന്മാര്‍ക്കൊപ്പമല്ലെന്നും ലോനു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലേക്ക് അത്യാവശ്യം വേണ്ട നുറുങ്ങു സുഭാഷിതങ്ങളാല്‍ സ്പിരിട്ട് കുട്ടപ്പന്‍ തന്നെ അവനില്‍ സ്പിരിറ്റ് കേറ്റിക്കൊണ്ടിരുന്നു. അതോടെ ധൈര്യവാനായിത്തീര്‍ന്ന അവന്‍ പാര്‍ട്ട്ടൈം മദ്യക്കച്ചവടം  മാറ്റി ഫുള്‍ടൈം മദ്യലോബിയിലൊരാളായി. 

 

ഒരു ദിവസം സന്ധ്യയ്ക്ക് തേപ്പുപണി കഴിഞ്ഞ് വന്ന് കല്പാണിയും കൊലരും കഴുകി തുടച്ച് വൃത്തിയാക്കി ചാക്കില്‍കെട്ടി ഭദ്രമായി ഇരുട്ടുമൂലയില്‍ കൊണ്ടുവെച്ചു. പിറ്റേന്ന് സ്പിരിട്ട് കുട്ടപ്പന്‍ സാധാരണത്തേക്കാള്‍ മൂന്നിരട്ടി കുപ്പികള്‍ അവിടെയിറക്കി. ഒരു തുടക്കക്കാരനെ എന്നപോലെ കുട്ടപ്പന്‍ ലോനുവിന്‍റെ കച്ചവടം നിരീക്ഷിച്ച് മാറിയിരുന്നു. ലോനുവിന്‍റെ കൈവേഗതയിലും പെരുമാറ്റത്തിലും അവന്‍ കാര്യപ്രാപ്തിയുള്ളവനായി എന്ന് കുട്ടപ്പനിലെ നിരീക്ഷകന്‍ കണ്ടുപിടിച്ചു. അവന് സാധനങ്ങള്‍ ഇഷ്ടംപോലെ ഇറക്കിക്കൊടുക്കാന്‍ കുട്ടപ്പന് മടിയേതുമുണ്ടായില്ല. ലോനു അത്യാവശ്യം എന്തെങ്കിലും കാര്യത്തിന് പുറത്തുപോകുകയാണെങ്കില്‍ ആളും തരവും നോക്കി കച്ചവടം ചെയ്യാന്‍ ചാക്കപ്പേട്ടന്‍ പഠിച്ചെടുത്തു. 

 

പക്ഷേ അപ്പനെ ഒരു മദ്യക്കച്ചവടക്കാരനാക്കി മറ്റുള്ളവര്‍ക്കുമുന്നില്‍ നിര്‍ത്താന്‍ ലോനുവിനൊട്ടും താത്പര്യമില്ലായിരുന്നു. ആ പണിയുടെ കുറച്ചില്‍ കാരണമായിരുന്നില്ല അത്. ഇടയ്ക്കൊക്കെ ആരുടെയെങ്കിലും ഒറ്റലിന് ചെവികൊടുത്ത് പോലീസുകാരോ എക്സൈസുകാരോ കനാല് കയറി വരുമായിരുന്നു. ആ സമയത്ത് വെള്ളം നിറഞ്ഞ കനാലാണെങ്കില്‍ കൂപ്പടിച്ചു കയറാനോ, വെള്ളം ഇല്ലാത്ത കനാലാണെങ്കില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടാനോ ഈ വയസ്സുകാലത്ത് അപ്പനെക്കൊണ്ടാവില്ലായിരുന്നു. അക്കാര്യത്തില്‍ കിടയ്ക്കാട്ട ഏതൊരു കള്ളചാരായ കച്ചവടക്കാരേക്കാള്‍ മിടുക്കന്‍ ലോനുവായിരുന്നു. ഇന്നേവരെ എക്സൈസിനോ പോലീസിനോ ലോനുവിനെ ഒന്നുതൊടാന്‍പോലും കഴിഞ്ഞിട്ടില്ല. 

 

കിടയ്ക്കാട്ടെ സ്കൂള്‍ മൈതാനത്തും പാടത്തും റോഡിലും ഓടിതളരാത്ത ആ പഴയ സ്കൂള്‍ അത്ലറ്റ് അപ്പോഴും ഒരു കിതപ്പും ക്ഷീണവുമറിയാതെ കുതിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തോല്‍വിയില്‍ മനംമടുത്ത പോലീസുകാർ ഒറ്റ് അറിഞ്ഞാലും ലോനുവിനെ തപ്പിവരുന്നത് അപൂര്‍വ്വമായി. ലോനു കനാല്‍ താണ്ടും നേരം ഉള്ളിലുള്ള സ്റ്റോക്ക് വിദഗ്ദമായി ഏതെങ്കിലും പൂളമരത്തിനടിയില്‍ കൊണ്ടുവെക്കാന്‍ ചാക്കപ്പേട്ടനെ ആരും പഠിപ്പിക്കേണ്ടതില്ലായിരുന്നു. ഒരിക്കലും തൊണ്ടിയായി ഒരു കുപ്പി മദ്യം പോലും ആര്‍ക്കുമവിടെ നിന്ന് കണ്ടെടുക്കാനായില്ല. 

 

തൊണ്ടിയായി ഒന്നും കിട്ടാത്ത നിരാശയില്‍ പലപ്പോഴും പോലീസുകാര്‍ക്ക് തിരിച്ചുപോകേണ്ടി വന്നില്ല. ആ സമയത്ത് അവിടെ കുടിക്കാന്‍ വരുന്ന, വലിയ ഓട്ടവും ചാട്ടവുമൊന്നും വശമില്ലാത്ത, ‘സ്വതവേ ദുര്‍ബല പോരാഞ്ഞ് ഗര്‍ഭിണി’ എന്ന മട്ടിലുള്ള, വീട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴി തപ്പി നടക്കുന്ന ഏതെങ്കിലും കുടിയന്മാരെ കൂമ്പിനിട്ട് രണ്ടുകൊടുത്ത് കനാല്‍ പാലത്തിലൂടെ നടത്തി ജീപ്പില്‍ കൊണ്ടുചെന്നിടും. പോലീസിന്‍റെ കണ്ണുവെട്ടിച്ച് കനാലില്‍ ചാടിയവരും കടന്നവരും കനാലിലെ വെള്ളത്തിനടിയിലോ വല്ല പൂളമരത്തിനു ചുവട്ടില്‍ മറഞ്ഞുനിന്നോ ജീപ്പില്‍ വലിച്ചിട്ട് കൊണ്ടുപോകുന്ന തങ്ങളുടെ സഹകുടിയന്മാരുടെ ദുര്‍വിധിയോര്‍ത്ത് തലയില്‍ കൈവെക്കും. കുറേക്കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ക്കു തന്നെ മടുത്തു. അങ്ങനെ പിടിച്ചുകൊണ്ടു പോകുന്നവരെ അന്വേഷിച്ചോ, ജാമ്യത്തിലിറക്കാനോ ഉത്തരവാദിത്വപ്പെട്ടവരാരും വരാതാകുമ്പോള്‍ നല്ല നടപ്പിനുള്ള ഉപദേശം കൊടുത്ത് കിടയ്ക്കാട്ടേക്കുള്ള വണ്ടിക്കൂലി കൊടുത്ത് ഒഴിവാക്കി വിടുന്നത് പതിവായി. അതോടെ ആ പരിപാടി പോലീസുകാരും കുറച്ചു. 

 

ലോനുവിനെപോലെ ഓട്ടത്തിലും ചാട്ടത്തിലും തോമുട്ടിയും മിടുക്കനായിരുന്നു. പോലീസിന്‍റെ കാക്കി മണം തട്ടിയാലുടന്‍ അവന്‍ കനാല്‍വെള്ളത്തിലേക്കൂളയിടും. പലപ്പോഴും തൊട്ടടുത്ത് മദ്യമൊഴിച്ചുനില്ക്കുന്ന ലോനുവിനോടു പറഞ്ഞ് സമയം പാഴാക്കാന്‍ തോമുട്ടി നില്ക്കാറില്ല. ടപ്പ് എന്ന് തോമുട്ടി പടക്കംപൊട്ടുന്നതുപോലെ അപ്രത്യക്ഷമായാല്‍ ഉറപ്പാക്കാം എന്തോപന്തിക്കേടുണ്ടെന്ന്. ലോനുവിന്‍റെ മദ്യശാലയില്‍ തോമുട്ടി സ്ഥിരം സന്ദര്‍ശകനൊന്നുമായിരുന്നില്ല. ഇടയ്ക്ക്, മനസ്സ് മടുക്കുമ്പോള്‍, ഈ ജീവിതം കൊണ്ടെന്തു കാര്യം എന്നൊക്കെ നിരാശപ്പെടുമ്പോള്‍ ഊര്‍ജ്ജം നിറയ്ക്കാനുള്ള വഴിയാണ് ലോനു. 

 

തോമുട്ടിയുടെ അറിവിലും അനുഭവത്തിലും ജീവിതത്തില്‍ ലോനുവിനോളം കഷ്ടപ്പെടുന്നവര്‍ ആരുമില്ല. അവന്‍ ജീവിതത്തെ ചിരിച്ചുകൊണ്ടെടുത്ത് സങ്കടങ്ങളെ കൂസാക്കാത്തതു കാണുമ്പോള്‍ തോമുട്ടിയ്ക്ക് അത്ഭുതമാകും. കുറച്ചുനേരം ലോനുവിനടുത്ത്  വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ തോമുട്ടി എല്ലാം മറക്കും. തന്‍റെ ദുഃഖങ്ങളും നിരാശയും നിസ്സാരങ്ങളാണെന്ന് അവന് ബോധ്യമാകും. ഉഷാറും ഉണര്‍വ്വുമുള്ള മറ്റൊരു തോമുട്ടിയായിട്ടാണ് ലോനുവിന്‍റെ മദ്യശാലയില്‍നിന്നും പോരാറുള്ളത്. 

 

തോമുട്ടി ചെല്ലുമ്പോള്‍ ലോനു നിറഞ്ഞൊഴുകുന്ന കനാലില്‍ നിന്നും കയറിവരികയായിരുന്നു. നനഞ്ഞുകുളിച്ച് ഏറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നതിന്‍റെ ആയാസത്തില്‍ നീണ്ട ശ്വാസം വിടുന്നുമുണ്ട്. ദൈവം ലോനുവിന് മീനിന്‍റെ ശ്വാസകോശമാണ്  നല്കിയിരിക്കുന്നത്. ഏത് കടലിലും എത്രനേരം വേണമെങ്കിലും മുങ്ങിക്കിടക്കും. അക്കാര്യത്തില്‍ ചാക്കപ്പേട്ടനും ഷാജനും മോശക്കാരല്ല. ജലജന്മങ്ങള്‍ തന്നെ. 

‘‘ന്താ ലോന്വോ, രാത്രീ മുഴുവന്‍ വെള്ളത്തിലാര്‍ന്നോ കിടപ്പ്..’’

‘‘ഒന്നൂല്ലെങ്കി ആശാന്‍റെ നെഞ്ചത്ത്, അല്ലെങ്കി കളരിക്കു പുറത്ത്. മനസമാധാനായിട്ട് മനുഷ്യന് കച്ചോടം ചെയ്യാന്‍ പറ്റാണ്ടായി.’’

‘‘എക്സൈസുകാരുണ്ടായിരുന്നോ?’’

‘‘എക്സൈസുകാര് മാത്രോ. എക്സൈസുകാരെ പേടിച്ച് പൂളക്കാട്ടില് കേറും. കാട്ടീ കുറെ നേരം നിന്ന് കഴിഞ്ഞ് തിരിച്ചുവരുമ്പോ പോലീസുകാരാവും കാവലായിട്ട്. കനാലില് വെള്ളം ഉള്ളതോണ്ട്  കാട്ടില് നിന്ന് വിയര്‍ത്തത് മുഴുവന്‍ കനാലുവെള്ളത്തില്‍ മുങ്ങിക്കിടന്ന് ഒഴുക്കിക്കളയാം...’’

‘‘ഇപ്പൊ ചെക്കിങ്ങ് കൊറെ കൂടീട്ട്ണ്ടോ....?’’

‘‘പറയണ്ട. അവറാച്ചന്‍ മുതലാളീടെ പൂട്ടി സീല് വെക്കാന്‍ നിന്ന ബാറില്പ്പൊ നല്ല തെരക്കല്ലെ. ആള്‍ക്കാര്ടേല് കാശ്ണ്ടല്ലോ. അവറാച്ചന്‍ പോലീസിനേം എക്സൈസുകാരേം നന്നായി കാണ്​ണ്ട്. ന്നെ പോലുള്ള ചെറുകിടക്കാരെ മെരട്ട്യാ എല്ലാരും ബാറില് എത്തുംല്ലോ.’’

‘‘പക്ഷേ നെന്നെ അതിന് എളുപ്പം കിട്ടില്ലല്ലോ...’’

‘‘നീയെവിടെ പോയി ഒളിച്ചാലും ഒരു ഓട്ടക്കാരനെ കൊണ്ടുവരുംന്ന് പറഞ്ഞ് എക്സൈസുകാര് പോകും. വെള്ളത്തില് മുങ്ങിക്കിടന്നോ. ഒരൂസം ഞങ്ങള് ഒരു മുങ്ങിത്തപ്പുകാരനെ കൊണ്ട് വരുംന്ന് പോലീസുകാര്. പിടിക്കണ വരെ ഈ ഒളിച്ചുകളീം മുങ്ങിക്കളീം തുടരാംന്ന് വെച്ചിട്ടാ. നീ ഇപ്പെന്താ പോന്നേ...?’’

‘‘എപ്പളും ബാറില് കേറീരുന്നാ ശരിയാവില്ലല്ലോ. നീയൊരെണ്ണം എടുക്ക്. ഒന്നുഷാറായിട്ടാവാം ബാക്കി കാര്യങ്ങള്.’’

 

ലോനു ആകെയൊന്നു നോക്കി സുരക്ഷ ഉറപ്പുവരുത്തി. അകത്തുനിന്ന് ഒരു കുപ്പി നാടന്‍ എടുത്തുകൊണ്ടു ഒരു പൂളച്ചുവട്ടിലേക്കു നടന്നു. ആളാരണെന്നറിയാന്‍ ചാക്കപ്പേട്ടന്‍ ഒന്നു തലനീട്ടി. തോമുട്ടിയെ കണ്ടപ്പോള്‍ കുഴപ്പമില്ല എന്ന ഭാവത്തില്‍ ഉമ്മറ കല്ലില്‍ കുന്തിച്ചിരുപ്പായി. 

തോമുട്ടി അടുപ്പിച്ച് രണ്ടുവലി വലിച്ചപ്പോള്‍ കുപ്പി പാതിയായി. ലോനുവും ഗ്ലാസ്സില്‍ കുറച്ചൊഴിച്ചു. 

‘‘ഇതിന്‍റെ കാശ് കുറയ്ക്കാം. അകത്തേക്ക് പോണ്ടാന്ന് വെച്ചിട്ടാ...’’

തോമുട്ടി ഒന്നും മിണ്ടിയില്ല. അവന്‍ അതുനോക്കിയിരിക്കുകയായിരുന്നു.  എന്തിനും ഏതിനും കണക്കുപറയുന്ന തോമുട്ടിയുടെ സ്വഭാവം ലോനുവിന് ശരിക്കും അറിയാമായിരുന്നു. പക്ഷേ അപ്പോള്‍ അവനെ അതൊന്നും ബാധിക്കാത്ത മട്ടിലാണ് ഇരിക്കുന്നത്. സാധാരണ, കച്ചവടസമയത്ത് ലോനു ഒന്നിച്ചിരുന്ന് കുടിക്കാറില്ല. ഇന്നവന് എന്തുപറ്റി എന്നാണ് തോമ ആലോചിച്ചിരുന്നത്. 

‘‘തെന്താ ലോന്വോ ഈ നേരത്തൊരു കൂടി...’’

‘‘മടുത്തെടാ. ഈ പോലീസും എക്സൈസും കാരണം. കൊലര് എട്ത്ത് എറങ്ങ്യാ കാര്യങ്ങള് നടക്കുംല്ല്യ. ന്തപ്പൊ ചെയ്യാന്നാ ആലോചിക്കണേ...’’

‘‘ഞാനും അതന്ന്യാ ആലോചിക്കണെ. എന്നുംങ്ങനെ ഇരുമ്പ്മ് മേടീട്ട് കാര്യംന്നുല്ല്യാ. മൂക്കൊലിപ്പിച്ച് ടിപ്പ് വാങ്ങ്യാര്‍ന്ന പിള്ളേര് വണ്ട്യോള്‍ടെ വെല ചോദിക്കണ കേക്കുമ്പളാ അറ്യേണത് നമ്മുടെല് ഒന്നുംല്യാന്ന്....’’

‘‘അതുശര്യാടാ. ഞാനും കൊറച്ച് നാളായി ശ്രദ്ധിക്കുന്നു. എവിടുന്നാ ഈ പിള്ളേര്ടേല് ഇത്ര കാശ്. മൊട്ടേന്ന് വിരീമ്പഴക്കും ചെല ചെക്കന്മാര് ന്‍റെവിടെ വന്ന് സാധനം വാങ്ങി കഴിച്ചോടങ്ങി. എന്തായാലും വീട്ട്ന്ന് ഇത്ര പൈസ കിട്ടില്ല്യാ...’’

 

‘‘നീയിതൊന്നും അറ്യേണില്യേ ലോന്വോ?  നീയെന്നുംങ്ങനെ വെള്ളത്തിലും കാട്ടിലും ആയിക്കഴിഞ്ഞോ. പിള്ളേര്ടേലൊക്കെ നല്ല കാശാ. എല്ലാരും കിടക്ക കച്ചോടത്തിന് പൂവ്വ്വാല്ലെ. പണ്ടൊക്കെ എന്തെങ്കിലും ഒരു പണി കിട്ടണംങ്കീ പത്താംക്ലാസ്സ് പാസ്സാവണം. ഇതുപ്പൊ എട്ടും ഒമ്പതും തോറ്റോരാ മുഴുവനും. എല്ലാവര്ടെ പോക്കറ്റിലും കാശ്ണ്ട്. ഞാന്‍ കോയമ്പത്തൂര്‍ന്ന് കൊണ്ടുവന്ന പാട്ടവണ്ടി വെറുതെ കൊടുക്കാംന്ന് പറഞ്ഞാലും ആര്‍ക്കും വേണ്ടാ. ഒക്കേം പുത്യേ റെജിസ്റ്റേഡ് വണ്ടിട്ക്ക്ല്ലേ. ’

‘‘മ്മടെ എല്‍ദോസ് പോണത് കച്ചോടത്തിനാണോ...’’

‘‘പിന്നല്ലാണ്ട്. എല്‍ദോസും ഏല്യാസും അല്ലേ ഇത് തൊടങ്ങീത്. പിന്നെ രാമകൃഷ്ണനും ആ  മാഷ്മാരും..’’

‘‘ഏത്? നമ്മുടെ എക്സ് സൈസിൽ ജോലി കിട്ട്യേ..’’

‘‘ങ്ഹാ. രാമകൃഷ്ണൻ  ഇപ്പഴല്ലേ എക്സ്സൈസ് ആയത്. മുന്‍പ് ഇതന്ന്യല്ലേര്‍ന്നു. സുരേന്ദ്രന്‍ ഒരു മാസംകൊണ്ടുണ്ടാക്കണത് എല്‍ദോസ് ഒരാഴ്ചകൊണ്ട് ണ്ടാക്കും..’’

‘‘അങ്ങനെ വരട്ടെ. ന്നാള് വന്നപ്പോ ന്നോട് എല്‍ദോസ് പറഞ്ഞു, നീയിങ്ങനെ കഷ്ടപ്പെടണ്ട, കച്ചോടത്തിന് പോന്നോന്ന്.’’

‘‘അതെന്നെ. ന്നോടും പറഞ്ഞു. പക്ഷേ ഉള്ള കഞ്ഞി ഇട്ട് പൂവ്വാനും പേടി. പീക്കിരിപ്പിള്ളേര് കാശ്ണ്ടാക്കി നടക്കണ കാണുമ്പോ പൂവ്വാണ്ടിരിക്കാനും തോന്ന്ണില്ല്യാ..’’

‘‘ഇനിയ്ക്കും അതെന്ന്യാ പേടി. ഇത്തിരി കഷ്ടപ്പെട്ടാലും ഇപ്പൊ കാര്യങ്ങള് നടക്കണ് ണ്ട് .’’

ലോനു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പ് തോമുട്ടി ചുറ്റും നോക്കി. എക്സൈസിന്‍റെ ഗന്ധമായിരിക്കണം അവന്‍റെ മൂക്ക് പിടിച്ചെടുത്തു.

‘‘ലോന്വോ കാശ് ഞാന്‍ പിന്നെത്തരാം. കുപ്പീം ഞാന്‍ കൊണ്ടോണൂ..’’

തോമാ ഇരുന്നിടം ശൂന്യമായി. അവന്‍റെ ശബ്ദം അന്തരീക്ഷത്തില്‍ മുങ്ങിയമര്‍ന്ന് ഇല്ലാതാകുകയാണ് ചെയ്തത്. ലോനു നോക്കി അകലെ എക്സൈസ് യൂണിഫോമിന്‍റെ നിറം കണ്ടു. കുന്തിച്ചിരുന്ന കല്ലിന്‍മേല്‍നിന്ന് ചാക്കപ്പേട്ടന്‍ ചാടിയിറങ്ങി. ലോനു നേരെ കനാലിലേക്കൂളിയിട്ടു. ഇതൊന്നും അറിയാതെ പാവം എക്സൈസുകാരന്‍ തന്‍റെ കൃത്യനിര്‍വ്വഹണത്തിനായി നടന്നുവന്നുകൊണ്ടിരുന്നു. 

 

അന്നുരാത്രി തോമുട്ടി ഉറക്കം പിടിച്ചുവരുകയായിരുന്നു. വാതിലില്‍ ചടുപിടുന്നനെ മുട്ടുകേട്ടപ്പോള്‍ അവന് കലിയാണ് വന്നത്. പാതിരാത്രിയില്‍ വല്ല ബൈക്കിന്‍റെ ആക്സിലേറ്ററു കേബിള് പൊട്ടിയവരോ ബ്രേക്കു ജാമായവരോ വിളിക്കുകയായിരിക്കും. സകലരേയും പ്രാകി നാലഞ്ച് തെറിയും പറഞ്ഞ് അവനെഴുന്നേറ്റു. ലൈറ്റിട്ടു വാതില്‍ തുറന്നപ്പോള്‍ നിറഞ്ഞ വെളിച്ചത്തില്‍ എല്‍ദോസ്. ആ വെളിച്ചത്തില്‍ എല്‍ദോസിന്‍റെ യമഹാ ബൈക്ക് വെട്ടിത്തിളങ്ങുന്നുണ്ട്. അപ്പോഴും റെജിസ്റ്റേഡ് തന്നെ. 

‘‘ഉറക്കായോ തോമുട്ട്യേ. ബുദ്ധിമുട്ടായില്ലല്ലോ വിളിച്ചത്..’’

‘‘എന്താ എല്‍ദോസേ, ഈ സമേത്ത്... വണ്ടിക്കെന്തെങ്കിലും..’’

ആളറിഞ്ഞപ്പോള്‍ അവന്‍റെ കോപമെല്ലാം ഉറഞ്ഞിറങ്ങിപോയിരുന്നു. 

‘‘ഒരു കാര്യംണ്ട്. മ്മ്ടെ ഡ്രൈവര്‍ പ്രാഞ്ചീല്ലേ, അവന് പെട്ടെന്നൊരു വയറുവേദനേം തൂറ്റലും. ആശുപത്രീല് കൊണ്ടാക്കീട്ടാ ഞാന്‍ വരണേ. ലോഡാണെങ്കീ കേറ്റേം ചെയ്തു.’’

എല്‍ദോസ് പറഞ്ഞുവരുന്നതെന്താണെന്ന് ചെറിയൊരു ധാരണയിലേക്ക് തോമുട്ടി  എത്തിക്കൊണ്ടിരിക്കുകയായിരുന്നു. 

‘‘നീയൊന്നു വാ തോമുട്ടി. ഒരു ലോഡൊന്ന് അഡ്ജസ്റ്റ് ചെയ്താ, നല്ല സമയാണെങ്കീ നാളെ ഈ സമേത്ത് നമ്മുക്കിവിടെ തിരിച്ചെത്താം.’’

‘‘അല്ല എല്‍ദോസേ യ്ക്കിവിടെ പണ്യോള്...’’

‘‘ഒരു ദിവസത്തെ കാര്യംല്ലേള്ളൂ. ‘ചൊട്ടന്‍’ല്ലാ ലോഡ്. നിനക്കറിയാല്ലോ. ചൊട്ടന്‍ ഓടിക്കാന്‍ സാധാരണ ഒരു ഡ്രൈവറ് പോരാ. അതുകൊണ്ടുനടക്കാന്‍ പ്രാഞ്ചിക്കേ പറ്റൂ. പിന്നെള്ളത് ഏതുവണ്ടീം ഓടിക്കാന്‍ പറ്റണ നീയ്യാ...’’

 

മറ്റഡോര്‍ ലോങ്ങ് ചേസാണ് ചൊട്ടന്‍. നോക്കിയും കണ്ടും ഓടിച്ചില്ലെങ്കില്‍ വേലിയും മതിലുമൊക്കെ കൂടെ പോരും. തിരിക്കുമ്പോള്‍ ഫുള്‍ ബോഡീ ഷൈപ്പ് മനസ്സിലുണ്ടാവണം. എല്‍ദോസിന് ചൊട്ടനുള്ളതുപോലെ തന്നെ ഏലിയാസിന് ‘ചുപ്രനു’മുണ്ട്. രണ്ടും ഒരു ഗുഹപോലെ. എത്ര കിടയ്ക്ക വേണമെങ്കിലും അട്ടിയട്ടിയായി ഇടാം. തോമാ ഒന്നാലോചിച്ചുനിന്നു. കിടയ്ക്ക കച്ചവടത്തിന് ഇറങ്ങാന്‍ ഇതിലും നല്ല ഒരവസരം ഇല്ല. കുറെ നാളായി ‘ചൊട്ടന്‍’ ഒന്നോടിക്കണമെന്ന് ആശയുമുണ്ട്. ചൊട്ടന്‍റെ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നാല്‍ ഒരു ഗമ തന്നെയാണ്. ആരു കണ്ടാലും ഡ്രൈവര്‍ സീറ്റിലേക്ക് ഒന്നു നോക്കും. ഡ്രൈവറായി പോയാല്‍ കൂലി ഉറപ്പാണ്. കാപ്പിക്കാശായിട്ടും എന്തെങ്കിലും കിട്ടും. കച്ചോടം പൊട്ടിയാല്‍ കാപ്പിക്കാശു കുറയുമെന്നേയുള്ളൂ. കൂലിയെ ബാധിക്കില്ല. ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ തോമുട്ടി  തീരുമാനിച്ചു. 

‘‘ശരി, എല്‍ദോസ് വിളിച്ചിട്ടെങ്ങന്യാ പറ്റില്ല്യാന്ന് പറയ്വാ. എന്തൊക്ക്യേ എടുക്കണ്ടേ..’’

‘‘രണ്ടൂസം ഉടുക്കാനും മാറാനുംള്ളത് മതി. പിന്നെ പല്ലേപ്പും കുള്യോക്കെണ്ടെങ്കീ അതിനുംള്ളത് എടുത്തോ..’’

 

തോമുട്ടി അകത്തുകയറി ഫാഷന്‍ ഫേബ്രിക്സിന്‍റെ ഒരു കവറില്‍ രണ്ടു ഷര്‍ട്ടും ഒരു പാന്‍റും രണ്ടു ഷെഡിയും തോര്‍ത്തും കുത്തി നിറച്ചു. ഉമ്മറത്തെ വര്‍ത്തമാനം കേട്ട് അന്നമ്മ ചേടത്തിയും സുചരിചിതനായി നടക്കുന്ന പൊറിഞ്ചുവേട്ടനും എത്തിയിരുന്നു. അപ്പനോടും അമ്മയോടും യാത്ര പറയുന്നതിനു മുമ്പ് അന്നമ്മ ചേടത്തിയോടവന്‍ നാളെ ജയന്മാര്‍ക്ക് പണിയേണ്ടതെന്തൊക്കെയെന്നു പറഞ്ഞുകൊടുത്തു.  കുരുത്തക്കേടുണ്ടാവാതിരിക്കാനായി മാതാപിതാക്കളുടെ കാല്ക്കല്‍ അവന്‍ ഒന്നുതൊട്ടുമുത്തി. അതുകണ്ടപ്പോള്‍ എല്‍ദോസിന്‍റെ മനസ്സ് നിറഞ്ഞു. ഇവന്‍ ഒരു കച്ചോടക്കാരന്‍ തന്നെ എന്ന് മനസ്സില്‍ കുറിച്ചിട്ടു. തോമുട്ടി എല്‍ദോയുടെ പുറകില്‍ കയറി പോയിട്ടും അന്നമ്മ ചേടത്തി കിടക്കാന്‍ പോയിട്ടും പൊറിഞ്ചുവേട്ടന് വിശ്വാസം വന്നില്ല. ഇത്രവേഗം തന്‍റെ പ്രയോഗം ഏല്ക്കുമെന്ന് പൊറിഞ്ചുവേട്ടന്‍ കരുതിയിരുന്നില്ല.  ഇന്നവന്‍ തിരിച്ചെത്തില്ല എന്നുറപ്പ്. പൊറിഞ്ചുവേട്ടന്‍ വേഗം അകത്തുകയറി ഷര്‍ട്ടെടുത്തിട്ടു. 

‘‘നിങ്ങളിതെങ്ങോട്ടാ മനുഷ്യനേ പാതിരയ്ക്ക്..’’

‘‘നീയവിടെ അടങ്ങി കെടന്നോ അന്നമ്മേ..’’ എന്നു പറഞ്ഞതിനൊപ്പം കാലങ്ങളായി പാരതന്ത്ര്യം അനുഭവിച്ചിരുന്ന പൊറിഞ്ചുവേട്ടന്‍ സ്വാതന്ത്ര്യത്തിന്‍റെ ജീവവായു ശ്വസിച്ചപ്പോഴുണ്ടായ ആനന്ദാതിരേകത്തില്‍ അന്നമ്മചേടത്തിക്കിട്ട് ഒരു ചവിട്ടുംകൊടുത്തു. വരാനിരിക്കുന്ന തല്ലിന്‍റേയും പാത്രമേറിന്‍റെയും ഒരു സാമ്പിള്‍ മാത്രമായിരുന്നു അത്. പൊറിഞ്ചുവേട്ടന്‍ അപ്പോള്‍ തന്നെ ചാക്കപ്പേട്ടന്‍റെ കരിവീട്ടിലേക്കു വിട്ടു. മൂക്കറ്റം നാടന്‍ ചാരായം കേറ്റി തിരിച്ചുവന്ന് തന്‍റെ കലാപരിപാടികള്‍ തുടങ്ങി. കുറേക്കാലായിട്ട് അതൊന്നും കാണാത്ത കാരണം അന്നമ്മ ചേടത്തിയും മടുത്തിരിക്കുകയായിരുന്നു. ഉറക്കം പോയതിനാല്‍ അന്നമ്മ ചേടത്തി കിടക്കപായിലിരുന്ന് അത് നോക്കി രസിച്ചു. 

 

ചൊട്ടന്‍ എല്‍ദോസ് പറഞ്ഞതുപോലെ ആലുവയിലെ ലോഡ്ജില്‍ എത്തുമ്പോള്‍ രണ്ടുമണി കഴിഞ്ഞിരുന്നു. തോമുട്ടി തിരിഞ്ഞുനോക്കി. പിറകിലിരുന്ന നാലുപേരും ഉറക്കത്തിലാണ്. ചാലക്കുടി എത്തുന്നതുവരെ എല്‍ദോസ് തോമുട്ടി ഉറങ്ങണ്ടെന്നു കരുതി വര്‍ത്തമാനം പറഞ്ഞിരുന്നു. തനിക്കുവേണ്ടി ബുദ്ധിമുട്ടുകയാണ് എന്നുതോന്നിയപ്പോള്‍ തോമുട്ടി തന്നെ, ഏതു പാതിരായ്ക്കോടിച്ചാലും താനുറങ്ങിപോകില്ലെന്നും ധൈര്യമായി കിടന്നുറിങ്ങിക്കൊള്ളാനും എല്‍ദോയോട് പറഞ്ഞു. എല്‍ദോയുടെ ഉറക്കകെട്ടുകളെല്ലാം മുറുകാന്‍ ഒരൊറ്റ നിമിഷമേ വേണ്ടി വന്നുള്ളൂ. 

 

പിറകിലിരിക്കുന്ന നാലുപേരേയും തോമുട്ടി അറിയുന്നതാണ്. ഒന്ന് ഗുളികന്‍ തോമാസ്. അവന്‍ സ്കൂളില്‍ ക്ലാസ് മേറ്റായിരുന്നു. ജയിക്കാനുള്ള മാര്‍ക്കൊന്നും ഒരു വിഷയത്തിലും കിട്ടിയില്ലിരുന്നെങ്കിലും അത്യാവശ്യം എഴുതാനും വായിക്കാനും അവനറിയാമായിരുന്നു. അന്നൊക്കെ മുതിര്‍ന്ന ക്ലാസ്സുകളിലേക്ക് ജയിപ്പിച്ചുവിടാന്‍ അത്യാവശ്യം ഒരച്ചടക്കവും എന്തെങ്കിലുമൊക്കെ എഴുതാനും വായിക്കാനും അറിഞ്ഞാലും മതിയായിരുന്നു. ഗുളികന്‍  സൂത്രപ്പണികളില്‍ കേമനായിരുന്നു. ആര്‍ക്കും പിടികൊടുത്തിരുന്നില്ല എന്നുമാത്രം. പുറമെ നിന്നു നോക്കുന്ന അധ്യാപകര്‍ക്കു  മുന്നില്‍ ഇത്തിരിപോന്ന അവന്‍ ഒരു പാവം പയ്യനായി ഒതുങ്ങിക്കൂടി നിന്നു. ഓരോ ക്ലാസ്സ് ജയിച്ചുകയറി പോകാന്‍ ആ വിനയവും ഇത്തിരിപ്പോന്ന ശരീരവും അവനെ തുണച്ചു. ചക്കരയുടെ നാടകങ്ങളില്‍ സ്ഥിരം വേലക്കാരനായും യാചകനായും ഒരു റോള്‍ അവന്‍ ചോദിച്ചുവാങ്ങിയിരുന്നു. മിക്കവാറും അവനുള്ള ഡയലോഗ് കഥാസന്ദര്‍ഭത്തിനൊത്ത് അവന്‍ തന്നെ എഴുതിക്കൊണ്ടുവന്നിരുന്നു. ഗുളികന് പറയത്തക്ക വരുമാനമുള്ള പണികളൊന്നുമുണ്ടായിരുന്നില്ല. പത്താംക്ലാസ്സുവരെ ഈ രൂപവും വിനയവും തുണയാക്കി ഗുളികന്‍ തോല്‍വിയെന്തെന്നറിയാതെ തടിതപ്പി. പത്താംക്ലാസ്സില്‍ ബോര്‍ഡ് എക്സാമിനേഷന്‍ ആയപ്പോഴാണ്, അവിടെ മാര്‍ക്കിടാന്‍ ഇരിക്കുന്നവര്‍ക്കടുത്ത് തന്നെ രക്ഷിക്കാന്‍ അതൊന്നും പോരെന്ന് അവന് മനസ്സിലായത്. അര്‍ഹമായിരുന്നിട്ടും ആ തോല്‍വി അവനില്‍ മനഃസ്താപമുണ്ടാക്കി. മലയാളം തെറ്റില്ലാതെ എഴുതാനും ഇംഗ്ലീഷ് തപ്പി തപ്പി വായിക്കാനും അറിഞ്ഞാല്‍ പത്താംക്ലാസ്സ്  കടക്കാമെന്നാണവന്‍ ധരിച്ചുവെച്ചിരുന്നത്. തുടര്‍ന്നുള്ള രണ്ടുകൊല്ലം ചെഗുവേരയിലും ആരാധനയിലുമായി. ആ എഴുത്തിനും വായനക്കുമൊപ്പം കഠിനമായി ശ്രമിച്ചിട്ടും ജയിക്കാനായില്ലെന്ന സത്യം എസ്.എസ്.എല്‍.സി. ഒരു ബാലി കേറാമലയെന്ന തിരിച്ചറിവില്‍ വിഫലമായി ശ്രമിക്കുന്നതില്‍ നിന്നവനെ തടഞ്ഞു. 

 

ഓരോ കൊല്ലം വീതം ചെഗുവേരയിലും ആരാധനയിലും കുത്തിയിട്ട് വരാനുള്ള ജീവിതത്തില്‍ വിദ്യാഭ്യാസത്തിന് യാതൊരു പങ്കുമില്ലെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ കടുംരസമറിഞ്ഞ്  പഠിപ്പുനിര്‍ത്തിയവരില്‍ ചക്കരയും വര്‍ഗ്ഗീസും ഇന്ദ്രനുമുണ്ടായിരുന്നു. അവര്‍ മൂവരും ചക്കരയുണ്ടാക്കുന്ന നാടകപ്ലോട്ടുകളില്‍ സ്വന്തം കഥാപാത്രങ്ങളെ എഴുതിയവതരിപ്പിച്ച് പോന്നവരായിരുന്നു. അവരാകട്ടെ, പാരലല്‍ കോളേജുകളുടെ ആനിവേഴ്സറികളില്‍ നിന്നൊക്കെ വിട്ടുനിന്നു. മാസാമാസം ഫീസെണ്ണി കൊടുത്ത് പഠിച്ചപ്പോഴാണ് കിടയ്ക്കാട്ടെ സ്കൂളിന്‍റെ മഹിമ അവര്‍ക്കു മനസ്സിലായത്. സംഗതി കാശെന്നത് അവര്‍ക്ക് ഒരു വിഷയമായിരുന്നില്ലെങ്കിലും കാര്യമില്ലാത്ത ഒരു കാര്യത്തിന്, പഠിക്കാനായി ചെലവാക്കുമ്പോള്‍ അവര്‍ക്കു വിഷമം തോന്നിയിരുന്നു. പലപ്പോഴും ഒരു മാസത്തെ ഫീസിനേക്കാള്‍ കൂടുതല്‍ കുടിക്കാനും തിന്നാനും വലിക്കാനുമായി ഒരാഴ്ചയില്‍ തന്നെ അവര്‍ ധൂര്‍ത്തടിച്ചിരുന്നെങ്കിലും. 

 

കിടയ്ക്കാട് പത്താംക്ലാസ്സ് തോല്‍ക്കുന്നവരെ സ്വീകരിക്കാനായി മൂന്നു കിലോമീറ്റര്‍ നീങ്ങി ചെഗുവേര-ആരാധന പാരലൽ കോളേജുകള്‍ ഉണ്ടായിരുന്നു. ചെഗുവേര കോളേജ് നടത്തിയിരുന്നത് മുന്‍കാല നക്സലൈറ്റ് അനുഭാവിയും പാര്‍ട്ടിക്കാരനുമായിരുന്ന രുദ്രന്‍ മാഷായിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള അധ്യാപകരില്‍ ഏറിയവരും ആ ഒരു ലൈനില്‍ നീങ്ങുന്നവരായിരുന്നു. ഓരോരുത്തരും ഓരോ വിഷയങ്ങളില്‍ അഗ്രഗണ്യരായിരുന്നു. രുദ്രന്‍ മാഷെ പോലെ ചരിത്രവും മലയാളവും എടുക്കാന്‍ കിടയ്ക്കാട് സ്കൂളില്‍പോലും ഒരു മാഷുണ്ടായിരുന്നില്ല. അതുപോലെ തന്നെ ഇംഗ്ലീഷ് തങ്കച്ചന്‍ മാഷും ഹിന്ദിയും സയന്‍സും വേലപ്പന്‍ മാഷും കണക്കില്‍ പോള്‍ ബേബിയും. പാഠപുസ്തകങ്ങളും പാഠ്യഭാഗങ്ങളും വിട്ട് ഇവരെല്ലാം അവരുടെയൊക്കെ രീതിക്കും അനുഭവത്തിനും ഇടയില്‍നിന്നുകൊണ്ടുള്ള പാഠ്യപദ്ധതി ആവിഷ്ക്കരിച്ചു. 

 

തങ്ങളുടെ കോളേജില്‍ വരുന്നവര്‍ തോറ്റവരാണെന്നും അവര്‍ക്കൊക്കെ പഠിക്കാന്‍ എത്രത്തോളം മൂളയുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു. അവരില്‍ നിന്നൊന്നും ഒരു റാങ്കുകാരനേയോ ഡിസ്റ്റിംഗ്ഷന്‍കാരനേയോ പേരിന് ഒരു ഫസ്റ്റ് ക്ലാസ്സുകാരനെപോലും അവരൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് അധ്യാപകര്‍ തങ്ങളുടെ സീനിയര്‍ വിദ്യാർഥികളുടെ നിലവാരത്തിലേക്കിറങ്ങിവന്ന് പഠിച്ചാല്‍ തലയില്‍ കയറാത്ത കീറാമുട്ടി അധ്യായങ്ങളെ  ഇന്‍റു മാര്‍ക്കിട്ട് വെട്ടിമാറ്റി പഠിച്ചാല്‍ എളുപ്പം കയറുന്ന ചോദ്യങ്ങള്‍ കൂടുതല്‍ വരുന്ന ഭാഗങ്ങള്‍ മാത്രം പഠിപ്പിച്ചു. റിസള്‍ട്ടു വരുമ്പോള്‍ ചെഗുവേരയും ആരാധനയും  വിജയശതമാനത്തില്‍ എണ്‍പതും എണ്‍പത്തഞ്ചുമായി നിന്നു. ഒരു റോഡിനപ്പുറം മുഖാമുഖമായാണ് ചെഗുവേരയും ആരാധനയും നിന്നിരുന്നത്. രുദ്രന്‍ മാഷ് പ്രിന്‍സിപ്പാളായിരിക്കുന്ന  ചെഗുവേരയില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു.  

 

ചെഗുവേര കോളേജില്‍ പോകാന്‍ പെണ്‍കുട്ടികളും അവരുടെ ഗാര്‍ഡിയന്‍സും ഒന്നുമടിക്കും. തോറ്റമ്പിയാലും പെണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ തന്നെയാണല്ലോ. പഴയ വിപ്ലവ രക്തം ഇപ്പോഴും ആറിയിട്ടില്ലെന്ന് അവര്‍ കരുതി. പഠിച്ചില്ലെങ്കിലും, തോറ്റുപോയെങ്കിലും ക്ഷമിക്കാന്‍ ഏതുമാതാപിതാക്കളും തയ്യാറായിരുന്നു. ഒരു വിപ്ലവകാരിയോ നക്സലൈറ്റുകാരിയോ ആയി വാക്കത്തിയെടുത്ത്  വീട്ടില്‍നിന്നും  ഇറങ്ങിപ്പോയാല്‍ എന്തുചെയ്യും? ആരാധനയുടെ പ്രിന്‍സിപ്പാള്‍ പേരില്‍ മാത്രം ആണ്‍പെരുമയുള്ള ഒരു പെണ്‍മനസ്സുകാരനായിരുന്നു. അതുകൊണ്ടുതന്നെ വിപ്ലവവും വെട്ടും കൊലയുമൊക്കെ ഭൂതകാലത്തിലെങ്ങുമില്ലാത്ത അയാളുടെ ആരാധനയില്‍ വരാന്‍ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ശ്രദ്ധവെച്ചു.  

 

ജയിക്കുന്നതുവരെ പരീക്ഷയെഴുതാനുറച്ച് അവര്‍ ആരാധനയുടെ ഓല കെട്ടിടത്തില്‍ ഇരുന്ന് പാഠഭാഗങ്ങള്‍ ഉരുവിട്ടിരുന്ന് തലയില്‍ ഒട്ടിച്ചുവെക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. രുദ്രന്‍ മാഷാകട്ടെ അണഞ്ഞുപോകാത്ത പഴയ വിപ്ലവ വീര്യത്തിന്‍റെ ആവേശത്തോടെ ചെഗുവേരയുടെ ക്ലാസ്സുമുറികളില്‍ ഇടിമുഴക്കമായി പെയ്തിറങ്ങി തോര്‍ന്നുകൊണ്ടിരുന്നു. 

 

എത്ര മരമണ്ടന്‍മാരായിരുന്നാലും രണ്ടാം ചാന്‍സിലോ മൂന്നാം ചാന്‍സിലോ പാസാകുമായിരുന്നു. ചെഗുവേരയില്‍ പഠിച്ച് തോറ്റവര്‍ക്ക് ആരാധനയിലും അവിടെ തോറ്റവര്‍ക്ക് പിറ്റേവര്‍ഷം ചെഗുവേരയിലും വീണ്ടും ഒന്ന് പയറ്റി നോക്കാമായിരുന്നു. ഈ രണ്ടു വര്‍ഷത്തെ നിരന്തരമായ റിവിഷനും  മറ്റും കേട്ടുകേട്ട് തഴമ്പിച്ച് ഒരുമാതിരിപ്പെട്ടവരെല്ലാം ജയിച്ചുകയറി പോകാറുളളതാണ്. എന്നാല്‍ ചക്കരയുടെ നേതൃത്വത്തിലുള്ള പഴയ നാടകസംഘം ആദ്യത്തെ വര്‍ഷം രുദ്രന്‍മാഷുടെ കിടിലന്‍ ക്ലാസ്സുകളിലിരുന്ന് രോമാഞ്ചം കൊണ്ടുവെന്നല്ലാതെ പരീക്ഷാഹാളില്‍ എഴുതും നേരത്ത്  അതൊന്നുമുണ്ടായില്ല.  പിറ്റേതവണ  ചെഗുവേരയില്‍ തുടര്‍പഠനം ആവാമായിരുന്നിട്ടുകൂടി അവര്‍ സ്വന്തം ഭാവിയുടെ രക്ഷയോര്‍ത്ത് മനമില്ലാ മനസ്സോടെ  ആരാധനയിലേക്ക് ചേക്കേറി. ആദ്യത്തെ ഒരു മാസംകൊണ്ടുതന്നെ അവര്‍ക്കവിടെ മടുത്തു. അവിടെയിരിക്കുമ്പോഴും അവരുടെ മുന്നിലും മനസ്സിലും അടിമുടി വിപ്ലവത്തില്‍ എരിഞ്ഞുനില്ക്കുന്ന രുദ്രന്‍ മാഷായിരുന്നു. അവര്‍ക്ക് ആ രൂപവും ഭാവവും മാച്ചു കളയാനായില്ല. രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ അവര്‍ ആരാധനയിലെ പഠിപ്പവസാനിപ്പിച്ചു. അവരെ സ്വീകരിക്കാന്‍ വാതിലുകള്‍ മലക്കെ തുറന്നിട്ട് രുദ്രന്‍ മാഷുണ്ടായിരുന്നു. 

 

അക്കുറിയും റിസള്‍ട്ടുവന്നപ്പോള്‍ അവരുടെയാരുടേയും നമ്പര്‍ തേഡ് ക്ലാസ്സുള്ളവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. മൂന്നാംവര്‍ഷം ചെഗുവേരയിലായാലും ആരാധനയിലായാലും ഇരട്ടി ഫീസ് വേണമായിരുന്നു. വിപ്ലവം കേട്ട് രോമാഞ്ചംകൊളളുന്നതിനും ഫീസിളവുണ്ടായിരുന്നില്ല. ചക്കരയും ഗുളികനും ഇന്ദ്രനും വര്‍ഗ്ഗീസും പഠിപ്പുനിര്‍ത്തി പുറത്തിറങ്ങി. ചക്കരക്ക് പേടിക്കാന്‍ ഒന്നുമില്ലായിരുന്നു. ചാരായം നിരോധിക്കുന്നതുവരെ അവന്‍ സുന്ദരമായി കാശുണ്ടാക്കി, ഓംലെറ്റടിച്ചു. അവന്‍ ചാരായപ്പണിയിലെ ഒരംഗീകൃത തൊഴിലാളി അല്ലാതിരുന്നതിനാല്‍ മറ്റൊരു പണിയും കിട്ടിയില്ല. ചാരായം നിരോധിച്ചപ്പോള്‍ തനിക്കിനി പഴയപോലെ മുട്ട പൊട്ടിച്ചൊഴിച്ച് ധൂര്‍ത്തടിക്കാന്‍ കഴിയില്ലെന്നുറപ്പായപ്പോഴാണ് കിടയ്ക്കക്കച്ചവടത്തിലേക്കുള്ള പച്ച പരവതാനി അവനുമുന്നില്‍ നിവര്‍ന്നത്. ഇന്ദ്രനും വര്‍ഗ്ഗീസും ഗുളികനുമൊക്കെ അതിനുമുന്‍പേ, പ്രത്യേകിച്ചൊരു പണിയുമില്ലാത്തതിനാല്‍ കിടയ്ക്ക കച്ചവടക്കാരായിതീര്‍ന്നിരുന്നു. 

 

ആ വര്‍ഗ്ഗീസും ഗുളികനും ഇന്ദ്രനും ചക്കരയുമാണ് പിൻസീറ്റിൽ ഇരുന്ന് കൂര്‍ക്കം വലിച്ചുറങ്ങിയിരുന്നത്. തോമുട്ടി വണ്ടിയില്‍ കയറുമ്പോഴേ അവര്‍ നാലുപേര്‍ക്കും യാതൊരു ബോധവുമുണ്ടായിരുന്നില്ല. എല്‍ദോസ് യമഹയില്‍ നേരെ വന്നിറങ്ങിയത് പാരഗണ്‍ ബാറിന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരുന്ന ‘ചൊട്ട’ന്‍റെ മുന്നിലാണ്. ബൈക്ക് മൂലയിലൊരിടത്ത് ഒതുക്കിവെച്ച് സെക്യൂരിറ്റിക്കാരനെ താക്കോല്‍ സൂക്ഷിക്കാന്‍ ഏല്പിച്ച്, ചൊട്ടനില്‍ കയറിയിരുന്നു. മുന്‍സീറ്റില്‍ തോമുട്ടി കയറിയിരിക്കുമ്പോള്‍, പുറകില്‍ നീളന്‍സീറ്റില്‍ വിയര്‍ത്തുകുളിച്ച്, ബോധം കെട്ടുറങ്ങുന്ന ചക്കരയേയും കൂട്ടരേയും കണ്ടു. പൊടുന്നനെ അവനില്‍ ഒരാഹ്ലാദം  ഉണ്ടായെങ്കിലും പുറത്തു കാണിക്കുന്നതില്‍ കാര്യമില്ലെന്നതിനാല്‍ അവന്‍ മിണ്ടാതിരുന്നു ചൊട്ടനെ സ്റ്റാര്‍ട്ടു ചെയ്തു. 

 

മതിമറന്നുള്ള  അവന്‍മാരുടെ കിടപ്പുകണ്ടപ്പോള്‍ തോമുട്ടിക്കും രണ്ടെണ്ണം വിടണമെന്നു തോന്നി. ആ പാതിരായ്ക്ക് ഒരു ബാറും തുറന്നിരിക്കില്ലല്ലോ. എന്നാല്‍ തോമുട്ടിയുടെ മനസ്സറിഞ്ഞെന്നവണ്ണം എല്‍ദോസ് പൊട്ടിക്കാത്ത ഒരു പൈന്‍റു കിടയ്ക്കകള്‍ക്കിടയില്‍ നിന്നെടുത്തു. 

‘‘എന്താടാ തോമുട്ട്യേ രണ്ടെണ്ണം വിടണോ? വണ്ടി ഓടിക്കുമ്പോള്‍ കുഴപ്പംണ്ടോ?’’

‘‘എന്തു കുഴപ്പം. രണ്ടെണ്ണം വിട്ടാലേ ഒരുഷാറുണ്ടാവൂ. ഒറക്കൊക്കെ പൊക്കോളും.’’

പറഞ്ഞത് രണ്ടെണ്ണമാണെങ്കിലും കൃത്യമായി മൂന്നുവീതം പങ്കിട്ടെടുത്ത് ശൂന്യമായ കുപ്പി ഓടിക്കൊണ്ടിരുന്ന ചൊട്ടനില്‍നിന്ന് എല്‍ദോസ് പുറത്തേക്കെറിഞ്ഞു. പലതരത്തിലുള്ള കുടികളും എല്‍ദോസ് കണ്ടിട്ടുണ്ടെങ്കിലും ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്റ്റിയറിങ്ങില്‍ കൈവെച്ചിരുന്ന് ഒരൊറ്റവലിക്ക്, ഒരു ബുദ്ധിമുട്ടും കാണിക്കാതെ വലിച്ചുകയറ്റുന്ന ഒരാളെ ആദ്യം കാണുകയായിരുന്നു. പറഞ്ഞപോലെ തോമുട്ടി ആളൊന്ന് ഉഷാറായി. ചൊട്ടനിലും ആ ഉഷാറും പിക്കപ്പും പകര്‍ന്നു. വലിയൊരു തമിഴന്‍ ലോറി ഓടിക്കുന്നതുപോലെ തോമുട്ടിയിരുന്നു. 

‘‘അല്ല എല്‍ദോസേ, ഇവറ്റകളൊക്കെ നാളെ കാലത്ത് എണീറ്റ് കച്ചോടത്തിനെറങ്ങ്വോ..?’’ 

‘‘അത് നീയ് കണ്ടോ. റബ്ബറ് റബ്ബറ് പോല്യാ കാലത്തെണീക്ക്യാ. നാലും കൂടി രണ്ടു ഫുള്ളാ തീര്‍ത്തേക്കണത്. ന്നാലും എട്ടുമണീന്നൊരു സമയം ണ്ടെങ്കീ കച്ചോടത്തിനെറങ്ങീട്ട്ണ്ടാവും...’’

 

എല്‍ദോ പറഞ്ഞത് ശരിയായിരുന്നു. കൃത്യം എട്ടുമണിക്കുതന്നെ, തലേന്ന് കുടിച്ചതൊന്നും തങ്ങളല്ലെന്ന മട്ടില്‍ അവര്‍ കുളിച്ചു സുന്ദരക്കുട്ടപ്പന്മാരായി അണിനിരന്നു കഴിഞ്ഞിരുന്നു. 

തോമുട്ടിക്ക് കുളിക്കും തേവാരത്തിനൊന്നും ഏറെ സമയം വേണ്ട. കോയമ്പത്തൂരില്‍ നിന്നും പഠിച്ച ശീലം ഇപ്പോഴും തുടരുന്നു. അവിടെ വെള്ളത്തിന് നല്ല ടൈറ്റായിരുന്നു. ചെറിയൊരു ബക്കറ്റുവെള്ളം കൊണ്ട് കുളിയും തേവാരവുമൊക്കെ എങ്ങനെ തീര്‍ക്കാമെന്ന് അവനവിടെ നിന്ന് പഠിച്ചു. സമയവും എത്രലാഭം. പതിനഞ്ചുമിനിട്ടിനകം  തോമാ റെഡിയായി. ‘പടുംന്ന്’ ബാത്ത്റൂമില്‍ പോയി വന്ന തോമുട്ടിയെ കണ്ടപ്പോള്‍ ചക്കരക്ക് അത്ഭുതം. 

‘‘തോമേ നിന്‍റെ കുളീം പല്ലേപ്പുമൊക്കെ ഇത്രവേഗം കഴിഞ്ഞോ? സത്യം പറ നീ  കുളിച്ച്വോ. അതോ തലേല് വെള്ളൊഴിച്ച് മുടി ചീവണതോ...’’

‘‘സാധാരണ വീട്ടില് കുളിക്കണപോലുള്ള ഒരു കുളി ഞാന്‍ കുളിച്ചിട്ടുണ്ട്. അതൊക്കെ മതി.’’

‘‘ഇന്നത്തെ കച്ചോടം നോക്കട്ടെ, അപ്പൊ അറിയാം നീ കുളിച്ചോ ഇല്യോന്ന്..’’

പറഞ്ഞവസാനിപ്പിച്ചത് ഗുളികനാണ്. എല്‍ദോ ഒരു കാലിച്ചായ കുടിച്ച് കയറി വരുന്നതേയുള്ളൂ.   

കുളിക്കാനായി ഷര്‍ട്ടും മുണ്ടും ഊരിയെറിഞ്ഞ എല്‍ദോയെ തോമുട്ടി ആകെയൊന്നു നോക്കി. മനുഷ്യന്‍റെ ഒരസ്ഥിപഞ്ജരത്തിനു മീതെ ചുളിവില്ലാതെ തൊലി ഒട്ടിച്ചുവെച്ചപോലുള്ള രൂപമായിരുന്നു എല്‍ദോയുടേത്. പൊഴക്കമുള്ള ഷര്‍ട്ടും പാന്‍റുമിടുമ്പോള്‍ ശരീരത്തിന്‍റെ സ്ഥിതി ഇത്രമാത്രം പരിതാപകരമെന്ന് പുറത്തേക്കറിയില്ല. കാച്ചിയ എണ്ണപോലെ ശരീരത്തിന്‍റെ നിറം. കറകുറായെന്ന് കടലാസുപെന്‍സിലുകൊണ്ട് വരച്ചതുപോലെ നിര്‍ജീവമായ മുഖം. മാംസളമെന്നു പറയാന്‍ ആ കവിളിലും ഒന്നുമില്ല. ആപാദചൂഡം ഒരാളെ ശരിക്കുവിലയിരുത്തുന്ന ഒരാള്‍ക്ക് എല്‍ദോയുടെ കടലാസുപെന്‍സിലില്‍ തീര്‍ത്തതുപോലുള്ള  ആ മുഖം കണ്ടാല്‍ തുടര്‍ന്നുള്ള ശരീരഭാഗങ്ങളും ഇത്രയ്ക്കൊക്കെയേ ഉണ്ടാകൂ എന്നൂഹിക്കാവുന്നതാണ്. കോലുപോലുള്ള കൈകാലുകളും തൊലിയുറഞ്ഞൊട്ടിയ നെഞ്ചിന്‍കൂടുമായി ഒരു ബീഡിയും കത്തിച്ച്, ഇത്രമാത്രം  ദയനീയമായ ഒരു ശരീരമാണ് തനിക്കുള്ളത് എന്ന യാതൊരു അഹന്തയുമില്ലാതെ മുറിയില്‍ അങ്ങുമിങ്ങും നടന്നു. തോമുട്ടി ചലിച്ചുകൊണ്ടിരിക്കുന്ന ആ രൂപത്തെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. എല്‍ദോയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ തോമുട്ടി എന്തെങ്കിലും പറഞ്ഞ് കളിയാക്കുമായിരുന്നു. അവന്‍ മാത്രമല്ല, ചക്കരയും ഗുളികനുമൊന്നും വെറുതെയിരിക്കില്ല. സര്‍വ്വം മറന്ന് തന്നെ നോക്കി നില്ക്കുന്ന തോമുട്ടിയെ തട്ടിയുണര്‍ത്തി എല്‍ദോ പറഞ്ഞു:

 

‘‘എന്താടാ തോമുട്ട്യേ, ഇതുപോലൊരു ശരീരം നീ കണ്ടിട്ടുണ്ടോ? സ്റ്റീല്‍ ബോഡിയാ ഇത്, അപ്പനപ്പാപ്പന്മാരില്‍ നിന്ന് പൈതൃകമായി കിട്ടിയിട്ടുള്ളത്. തവളചത്തു വീര്‍ത്തപോലുള്ള പോക്കാച്ചി  ശരീരല്ലാ ഇത്. ഇന്നേവരെ ഒരു ജലദോഷം പോലും വന്നിട്ടില്ല...’’

 

പറയാന്‍ വന്ന മറുപടിയെ തോമുട്ടി വല്ലാത്തൊരു മനപ്രയാസത്തോടെ മൂക്കുകയറിട്ടു. അതുപറഞ്ഞാല്‍ ഒരു പക്ഷേ കോലുപോലുള്ള എല്‍ദോയുടെ ഏതെങ്കിലും ഭാഗം തന്‍റെ ദേഹത്തുവീണ് പോറലേല്പിക്കുമെന്ന് തോമുട്ടിക്ക് തോന്നി. ശരീരപ്രദര്‍ശനം അധികം നീട്ടാതെ എല്‍ദോ കുളിമുറിയില്‍ കയറി. പതിനഞ്ചു മിനിട്ടിനുള്ളില്‍ എല്‍ദോയും റെഡി. മണി എട്ടാകുമ്പോഴേക്കും അവര്‍ വണ്ടിക്കടുത്തെത്തി. 

 

അപ്പനപ്പാപ്പന്മാരില്‍നിന്നും പാരമ്പര്യമായി കിട്ടിയതെന്ന് എല്‍ദോ പറഞ്ഞത് കളിയായിട്ടായിരുന്നെങ്കിലും അതില്‍ സത്യമില്ലാതില്ല. എല്‍ദോയുടെ അപ്പന്‍ ദാവീദും ദാവീദിന്‍റപ്പന്‍ യോഹന്നാനും അവരുടെ നല്ലപ്രായത്തില്‍ അപ്പോഴത്തെ എല്‍ദോയെ മുറിച്ചുവെച്ച മാതിരിതന്നെയായിരുന്നു. ദാവീദിനെ കിടയ്ക്കാടുള്ളവര്‍ കണ്ടിട്ടുണ്ടെങ്കിലും യോഹന്നാന്‍ കിടയ്ക്കാട് കാലുകുത്തിയിട്ടില്ല. കിടയ്ക്കാട് എന്നൊരു നാടുണ്ടെന്നും അവിടേക്ക് തന്‍റെ മകനും കുടുംബവും ചേക്കേറുമെന്നുമൊക്കെ അറിയുന്നതിനു മുമ്പ്  പാലായില്‍ വെച്ചുതന്നെ യോഹന്നാന്‍ അന്ത്യശ്വാസം വലിച്ചു. ജീവിക്കാന്‍ പാലായിലെ സൗകര്യങ്ങള്‍ പോരെന്നു തോന്നിയപ്പോള്‍ ദാവീദ് നല്ല വിലക്കുതന്നെ സ്ഥലവും കിടപ്പാടവും വിറ്റു. ചോദിച്ച വിലയ്ക്ക്, ചുളുവില്‍ കിടയ്ക്കാട് കുറേ സ്ഥലം വാങ്ങിക്കൂട്ടി. ദാവീദും ഭാര്യയും മൂന്നുമക്കളും വേരുകളറുത്ത് പാലായോട് വിടചൊല്ലി. മണ്ണില്‍ പണിയെടുക്കലായിരുന്നു അവരുടെ ജനനലക്ഷ്യംതന്നെ. അങ്ങനെ ആ അപ്പനും മക്കളും കിടയ്ക്കാട് പയറ്റിതെളിഞ്ഞ് കിടയ്ക്കാട്ടുകാരായി. അന്നും ഇന്നും വിദ്യാഭ്യാസത്തില്‍ വലിയ കാര്യമൊന്നുമില്ലാത്തതു കാരണം പഠിക്കാത്തതിന്‍റെ പേരില്‍ എല്‍ദോക്കോ ചേച്ചിക്കോ ഒരടിപോലും വീട്ടില്‍നിന്നും കിട്ടിയിട്ടില്ല. എല്‍ദോയുടെ ചേട്ടച്ചാരു പക്ഷേ പഠിക്കാന്‍ മിടുക്കനായിരുന്നു. അത്യാവശ്യം എഴുതാനും വായിക്കാനുമൊക്കെ പഠിച്ച് പത്താംതരം പാസ്സായപ്പോള്‍ കിടയ്ക്കാട് തന്നെയുള്ള ഒരു മില്ലില്‍ കണക്കെഴുത്തുകാരനായി കേറി. 

 

പത്തു തോറ്റതോടെ പെങ്ങളെ കെട്ടിച്ചുവിട്ടു. പത്തുതോറ്റ എല്‍ദോ പിന്നെ ചെഗുവേരയിലും ആരാധയിലുമൊന്നും പോയില്ല. തേരാപ്പാര നടന്ന് നേരം വെളുത്ത് രാത്രിയാക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത കാരണം കൂടെ പഠിച്ചുതോറ്റ ഏല്യാസുമുണ്ടാകും. അത്യാവശ്യം വട്ടച്ചെലവിനും മറ്റുമൊക്കെയായി നാടക ട്രൂപ്പുപോലെ ഒന്നുതട്ടിയുണ്ടാക്കി ചില അരമുക്കാമണിക്കൂര്‍ നാടകങ്ങള്‍ അവിടവിടെ അവതരിപ്പിച്ചു. നിര്‍ലോഭമായി കയ്യടിക്കുന്നതിനു പകരം നീട്ടി വിസില്‍ വിളിക്കുന്നതിനും കാണികള്‍ക്കൊന്നും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. പക്ഷേ അതുകൊണ്ടൊന്നും ജീവിക്കാന്‍ സാധിക്കില്ലെന്ന് വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍റെ വായില്‍നിന്നും വീണുകൊണ്ടിരുന്ന സദുപദേശങ്ങള്‍ എല്‍ദോയെ ഓര്‍മ്മപ്പെടുത്തി. പലപ്പോഴും തട്ടില്‍ക്കയറുംനേരം കാര്യമായി ഒന്നും പോക്കറ്റില്‍ വീഴില്ലല്ലോ എന്ന ചിന്തയാല്‍ പാത്രാവതരണം വികലമായി. തട്ടില്‍ ജീവിക്കുമ്പോള്‍ മനസ്സുകുതറി പോകുന്നത് തടയാന്‍ കഴിയാതെയായപ്പോള്‍, അഭിനയം നന്നായിരിക്കുമ്പോഴേ വലിയുകയാണ് നല്ലതെന്നു തോന്നി. അങ്ങനെ പെരുന്നാളിനും ഉത്സവത്തിനും  നാടക സംഘങ്ങള്‍ വരുന്നത് പുറത്തുനിന്ന് നല്ല കാശുകൊടുത്താല്‍ മാത്രമായി. അപ്പോഴാണ് സംഘാടകര്‍ക്ക് കിടയ്ക്കാട്ടെ നാടകസംഘത്തിന്‍റെ വില മനസ്സിലായത്. 

 

പലപ്പോഴും പൈസയുടെ മുട്ട് കാരണം ബാലാരിഷ്ടതകളേറെയുള്ള നാടകക്കാരെ ആശ്രയിക്കുകയും മതിയാവോളം കൂക്കും തെറിയും കേള്‍ക്കുകയും ചെയ്തു. ഗതികെട്ട സംഘാടകര്‍, ചെലവും അതേക്കാള്‍ കൂടുതലും തരാമെന്ന് പറഞ്ഞ്, കൈയടികളും ചൂളംവിളികളും മാത്രം കൊടുത്ത് പ്രോത്സാഹിപ്പിച്ച നാടകസംഘത്തെ സമീപിച്ചെങ്കിലും അപ്പോഴേക്കും അവര്‍ അത്യാവശ്യം കാശുതടയുന്ന കിടയ്ക്ക കച്ചവടത്തില്‍വന്നുപ്പെട്ടിരുന്നു. അതുവിട്ട് ഒരു നാടകത്തിനും അഭിനയത്തിനും ഇല്ലെന്നവര്‍ തീര്‍ത്തുപറഞ്ഞു. നാടകാഭിനയത്തേക്കാള്‍ ഏറെ സംതൃപ്തിയും ആത്മാവിഷ്ക്കാരവും തങ്ങള്‍ക്ക് കിടയ്ക്ക കച്ചവടത്തില്‍ കിട്ടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കേട്ടവര്‍ക്കാര്‍ക്കും അതത്ര മനസ്സിലായില്ല. കാശുകിട്ടുന്നുണ്ടെന്നത് നേരെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും...

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com