ADVERTISEMENT

‘ഗോപ്യം’

(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ അഞ്ചാമധ്യായം)

 

‘‘ദേ, മീശയുടെ തുമ്പ് ഇവിടെവരെ മതി. ചെവിയിലെ പൂട മുറിച്ചുകളയണം. പിന്നെ, മുറിക്കൈയൻ കുപ്പായം ഇനി വേണ്ട....’’

കൊച്ചുവീട്ടിലെ നട്ടുച്ചയിൽ ജോസഫ് പാപ്പന്റെ കട്ടിലിൽ, അയാളുടെ വിരിഞ്ഞ നെഞ്ചത്തു വിരലോടിച്ചു കിടക്കുമ്പോൾ റബേക്ക നിർദേശിച്ചു. രതിയുടെ ആലസ്യത്തിൽ കണ്ണടച്ചു കിടന്ന ജോസഫ് പാപ്പൻ മൂളിക്കേട്ടതേയുള്ളൂ. അയാളുടെ ഉടലിലെ ഓരോ കോശത്തിലും അവൾ ഉണർത്തിവിട്ട ലഹരി ഇനിയും അണഞ്ഞിട്ടില്ല. 

‘‘ഞാൻ പറയുന്നതു കേൾക്കുന്നുണ്ടോ?’’

‘‘ഉം...ഉണ്ട്. പെട്ടെന്ന് ഇങ്ങനൊക്കെ മാറിയാൽ അന്നമ്മയ്ക്ക് സംശയമാവില്ലേ?’’

‘‘ആയാലെന്താ?’’

‘‘അയ്യോ? അതു പാടില്ല. എന്നും നമുക്കിങ്ങനെ കൂടേണ്ടതല്ലിയോ?’’

പാപ്പൻ കണ്ണു തുറന്നു.

‘‘കള്ള ഗാന്ധിയൻ...’’

റബേക്ക, നാവിൻ തുമ്പുനീട്ടി, അയാളുടെ കാതിന്റെ തുമ്പിൽ നക്കി.

‘‘ഇങ്ങോട്ടു വരുമ്പോ ശ്രദ്ധിക്കണേ. ആരും കാണരുത്.’’

അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു പാപ്പൻ പറഞ്ഞു.

‘‘എന്താ ഇത്ര പേടി?’’ 

അയാൾ മിണ്ടിയില്ല.

‘‘ഒരു ദിവസം അന്നമ്മ വല്യമ്മ കണ്ടുപിടിച്ചാൽ എന്തു ചെയ്യും?’’

‘‘കണ്ടുപിടിച്ചാൽ....എന്നാലും കുഴപ്പമില്ല.’’

പാപ്പൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

‘‘സത്യം?’’

‘‘ഉം.’’

‘‘എന്നാൽ അങ്ങ് ഒഴിവാക്കിയാലോ?’’

റബേക്ക ഒറ്റക്കണ്ണടച്ചു ചിരിച്ചു.

‘‘ഒഴിവാക്കാനോ? എങ്ങനെ?’’

‘‘എന്തെല്ലാം വഴിയൊണ്ട്.’’

‘‘അയ്യോ...വേണ്ട. പാവമാടീ...ഒന്നുമില്ലേൽ എന്റെ മൂന്നുപിള്ളാരെ പെറ്റതല്ല്യോ?’’

‘‘ഉം...’’

റബേക്ക വെറുതേ മൂളി. അവൾ മുടിയഴിച്ചുകെട്ടി എഴുന്നേറ്റ് മുറിയിലൂടെ നടന്നു. പുറത്ത് ഉച്ചവെയിൽ ആളുന്നു. കാറ്റിന്റെ താലോലത്തിനു മരച്ചില്ലകൾ കാതോർക്കുന്നു.  പേരമരച്ചോട്ടിൽ കന്നാലികൾ അയവെട്ടിക്കിടക്കുന്നു. നേരം മൂന്നുമണിയായതേയുള്ളൂ. വീട് ഉച്ചമയക്കത്തിൽനിന്നുണരാൻ നാലരയാവും. കുറേ ദിവസമായി ഈ നേരത്ത് ഇങ്ങോട്ടുപോരുന്നത് പണിക്കാരി പെണ്ണമ്മ ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു. ജോസഫ് പാപ്പന്റെ പുസ്തകങ്ങൾ അടുക്കിവെയ്ക്കാനാണെന്നു പറഞ്ഞത് വിശ്വസിച്ചതായി തോന്നുന്നില്ല. എത്ര പുസ്തകങ്ങളായിരുന്നു പാപ്പന്റെ അലമാരയിൽ. അലമാര തുറക്കാൻ ആദ്യം സമ്മതിച്ചില്ല. വാശിപിടിച്ചു തുറന്നപ്പോൾ മുകളിലെ തട്ടിൽനിന്നു താഴെവീണ പുസ്തകം തട്ടിപ്പറിച്ചെടുത്തു. ബലമായി തിരിച്ചുവാങ്ങി പുറം ചട്ട നോക്കി-‘കാമസൂത്രം’.

‘‘എന്തു പുസ്തകമാ ഇത്?’’

‘‘ഒരു പുസ്തകം,’’ പാപ്പൻ കള്ളച്ചിരി ചിരിച്ചു. ‘‘ആത്മീയമാ.’’

‘‘എന്നുവച്ചാൽ?’’

‘‘പരമശിവന്റേം പാർവതിയുടേം വർത്തമാനം കേട്ട് നന്ദികേശ്വരൻ എന്ന ശിഷ്യൻ എഴുതിയതാ.’’

‘‘അപ്പോ ഹിന്ദുക്കളുടെ പുരാണമാ അല്ലേ?’’

പാപ്പൻ ചിരിച്ചുപോയി. അയാൾ അവളെ കിടക്കയിൽ പിടിച്ചിരുത്തി വാത്സ്യായനമഹർഷിയുടെ കഥ പറഞ്ഞുകൊടുത്തു. വാത്സ്യായനന്റെ അഭിപ്രായത്തിൽ എട്ടുവിധത്തിൽ സ്നേഹം പ്രകടിപ്പിക്കാനാകുമെന്നും ഓരോ സ്നേഹവും എട്ടു സ്ഥാനങ്ങളിലൂടെ പങ്കുവയ്ക്കാനാവുമെന്നും അങ്ങനെ മൊത്തം സുഖകരമായ അറുപത്തിനാല് അവസ്ഥകളുണ്ടെന്നും അയാൾ വിശദീകരിച്ചു.

‘‘അറുപത്തിനാലു കലകൾ എന്നാണതിനെ പറയുക. ഇതിൽ ചുംബനം തന്നെ നാൽപ്പത്തിനാലു തരമുണ്ട്.’’

പാപ്പൻ പറഞ്ഞപ്പോൾ റബേക്ക പുച്ഛിച്ചു ചിരിച്ചു.

‘‘നാൽപ്പത്തിനാലേയുള്ളോ? അയ്യേ...,’’അവൾ അയാളെ കിടക്കയിലേക്കു തള്ളിയിട്ട് അരികിലിരുന്നു, ‘‘ഇതൊക്കെയാണോ അന്നമ്മവല്യമ്മയോടു പരീക്ഷിച്ചേ?’’

‘‘അയ്യോ...സന്ധിവാതോം നടുവേദനേമൊക്കെയുള്ളവര് ഇതൊന്നും ചെയ്യാൻ ശ്രമിക്കരുതെന്ന് ആദ്യംതന്നെ വാത്സ്യായനമുനി പറയുന്നുണ്ട്.’’

പാപ്പൻ നെടുവീർപ്പിട്ടു.

‘‘എനിക്കു നടൂവേദനേം സന്ധിവാതോമൊന്നുമില്ല,’’ റബേക്ക, അയാളുടെ മേലേക്കു കയറിക്കിടന്നു, ‘‘അറുപത്തിനാലല്ല, നൂറ്റിയിരുപത്തെട്ടും നമുക്കു നോക്കാമെന്നേ. ഇവിടൊരാൾക്ക് ആരോഗ്യമുണ്ടെങ്കിൽ.’’

അവൾ അയാളുടെ നെഞ്ചത്തു വിരൽകൊണ്ടു കുത്തി.

‘‘എന്റെ ആരോഗ്യത്തിന് ഒരു കുറവുമില്ല.’’ 

അയാൾ അവളെ വരിഞ്ഞുമുറുക്കി.

‘‘എങ്കിൽപ്പിന്നെന്താ മീനും എറച്ചീമൊക്കെ കൂട്ടാത്തേ? ശക്തീം ആരോഗ്യോമൊക്കെ കിട്ടണേൽ അതുവേണ്ടായോ?’’

വാത്സ്യായനരഹസ്യം തേടിയ ദീർഘയാത്രയ്ക്കുശേഷം ഒട്ടും ക്ഷീണമില്ലാതെ റബേക്ക പറഞ്ഞു.

‘‘അപ്പോൾ ആനയോ? ഇറച്ചീം മീനും തിന്നിട്ടാണോ അത് ആരോഗ്യത്തോടിരിക്കുന്നേ?’’

കിതപ്പടക്കി പാപ്പൻ ചോദിച്ചു.

‘‘അയ്യേ....തടിച്ചുവീർത്തിരിക്കുന്നതാണോ ആരോഗ്യം? ആനയ്ക്ക് ചീറ്റപ്പുലിയെപ്പോലെ ഓടാനാവുമോ? സിംഹത്തെപ്പോലെ ആക്രമിക്കാനാവുമോ? ചുമ്മാ ചെവീമാട്ടി എഴുന്നള്ളിച്ചു നിൽക്കാനല്ലേ പറ്റത്തൊള്ളൂ?’’

റബേക്കയുടെ ചോദ്യത്തിൽ കഴമ്പുണ്ടെന്ന് പാപ്പനും തോന്നി.

‘‘ആട്ടിൻതല സൂപ്പു കഴിക്കണം. ഒരു പ്രത്യേക കൂട്ടുണ്ട്. എനിക്കറിയാം. വച്ചുതന്നാൽ കുടിക്കാമോ?’’

‘‘രുചിയാണോ?’’

‘‘പിന്നല്ലാതെ. ഇറച്ചീം മീനും കഴിക്കാത്ത നസ്രാണീന്നു പറേന്നതേ നാണക്കേടാ.’’

‘‘പക്ഷേ ഗാന്ധിജി പറേന്നേ...’’

‘‘മിണ്ടരുത്. ഒരു ഗാന്ധിയൻ വന്നേക്കുന്നു. പെരുങ്കള്ളൻ,’’ റബേക്കയുടെ ശബ്ദമുയർന്നു. പാപ്പൻ ചമ്മി, ‘‘ഞാൻ പറേന്നതു കേൾക്കുമോ ഇല്ലിയോ? ഇപ്പോ അറിയണം.’’

റബേക്ക തുരുപ്പിചീട്ടിറക്കി.

‘‘കേൾക്കാം. പക്ഷേ, പെട്ടെന്നു തുടങ്ങിയാ എല്ലാരും സംശയിക്കത്തില്ലേ?’’

‘‘അതു ഞാൻ കൈകാര്യം ചെയ്തോളാം. മരുന്നാന്നു പറഞ്ഞാമതി.’’

പിറ്റേന്ന് അടുക്കളയിൽ ആട്ടിൻസൂപ്പൊരുക്കുമ്പോൾ അന്നമ്മ വല്യമ്മ ഇടഞ്ഞു.

‘‘ആർക്കാ ഇപ്പോ സൂപ്പു കുടിക്കാൻ പൂതി? എന്തിനാ ഇതിനും മാത്രം വച്ചുകൂട്ടുന്നേ?’’

‘‘പൂതിക്കല്ല അമ്മച്ചീ. ഇതു മരുന്നാ.’’ 

‘‘ആർക്കാ ഇപ്പോ മരുന്ന്?’’

‘‘അമ്മച്ചിക്കുതന്നെ. ആസ്ത‌്മായ്ക്കു ബെസ്റ്റാ.’’

അന്നമ്മയുടെ മനസ്സിൽ പൊടുന്നനെ മരിച്ചുപോയ മകൾ കുഞ്ഞമ്മയുടെ ഓർമ വന്നു നിറഞ്ഞു. മരുമകൾക്ക് തന്നോടുള്ള കരുതലിൽ അവർ സ്വയം പതഞ്ഞു. 

‘‘ഇതൊക്കെ നീ എവിടുന്നു പഠിച്ചു?’’

‘‘വീട്ടിൽ അമ്മച്ചിയൊണ്ടാക്കുന്നേ കണ്ടു പഠിച്ചതാ. പാപ്പനെക്കൊണ്ടും കുടിപ്പിക്കണം നമുക്ക്.’’

‘‘അതിന് അങ്ങേർക്ക് ആസ്ത്‌മയില്ലല്ലോ.’’

‘‘വയസ്സുകാലത്ത് ശ്വാസം മുട്ടലുണ്ടാവാതിരിക്കാനും വാതത്തിനുമൊക്കെ നല്ലതാ.’’

‘‘ഉം. അങ്ങോട്ടു കൊണ്ടുചെന്നേച്ചാ മതി. ആട്ടിൻസൂപ്പാന്നറിഞ്ഞാൽ മുഖത്തോട്ടെറിയും.’’

‘‘പറയണ്ടാ. നമുക്കു നോക്കാമെന്നേ.’’

‘‘എങ്കിൽ നിനക്കു നൂറുപുണ്യം കിട്ടും. അങ്ങേരെക്കൊണ്ട് ഒരു തുണ്ടു മീൻകഷണം കഴിപ്പിക്കാൻപോലും ഇത്രേം കാലം ഞാൻ നോക്കീട്ടു നടന്നില്ല. പാപ്പനൂടെ കഴിച്ചാരുന്നേൽ വച്ചുവിളമ്പാൻ എന്തെളുപ്പമായിരുന്നു. ഇപ്പോ അടുക്കളേൽ രണ്ടു വയ്പ്പല്ല്യോ. പച്ചക്കറിയൊക്കെ എന്നതാ എന്നും വച്ചൊണ്ടാക്കുന്നേ...’’

‘‘നമുക്കു വഴിയൊണ്ടാക്കാമെന്നേ....അമ്മച്ചി കൂടെനിന്നാമതി.’’

റബേക്കയുടെ മുഖത്തെ ആത്മവിശ്വാസം അന്നമ്മയ്ക്കു കരുത്തു നൽകി. അവർ കട്ടിലിനുകീഴിൽ പമ്മിക്കിടന്ന പൂച്ചയെ കോരിയെടുത്ത് മടിയിലിരുത്തി പുന്നാരിച്ചു. 

ഉച്ചയൂണിന്റെ നേരത്ത്, ഒരു കള്ളച്ചിരി കടിച്ചുപിടിച്ചാണ് അന്നമ്മ ഊണുമേശയ്ക്കു പിന്നിലിരുന്നത്. പക്ഷേ, എന്തെന്നുപോലും ചോദിക്കാതെ പാപ്പൻ ആട്ടിൻസൂപ്പ് ഒറ്റവലിക്കു കുടിച്ച് വായ കഴുകുന്നത് അവർ അത്ഭുതത്തോടെ കണ്ടു. റബേക്ക അവരെ നോക്കി കണ്ണടച്ചുകാട്ടി. ജോസഫ് പാപ്പന്റെ രണ്ടാം ജന്മത്തിന്റെ തുടക്കം അവിടെയായിരുന്നു. റബേക്കയുടെ കൈപ്പുണ്യം ചമച്ച ഇറച്ചിക്കറിയുടെയും മീൻമപ്പാസിന്റെയും രുചിക്കടലിൽ അയാൾ നീന്തിത്തുടിച്ചു. അയാൾക്കായി അടുക്കളയിൽ എപ്പോഴും ഇറച്ചിക്കഷണങ്ങൾ നുറുങ്ങി. ആട്ടിൻ തലകൾ ഊഴംകാത്തിരുന്നു. ഇതെന്തൊരു അത്ഭുതമെന്ന് അന്നമ്മ തലയ്ക്കു കൈവച്ചു.

നാദാപുരത്തുനിന്നും ഇരിട്ടിയിൽനിന്നും അതിഥിയെപ്പോലെ ഇടയ്ക്കു വിരുന്നുവന്ന ആന്റണി തീൻമേശയിലെ രുചികലാപങ്ങൾ ശ്രദ്ധിച്ചതേയില്ല. പിരിഞ്ഞുകിട്ടാനുള്ള ചിട്ടിത്തുകയെപ്പറ്റി ആശങ്കപ്പെട്ടിരുന്ന അയാൾക്കു മുന്നിൽ റബേക്ക ഒരുകെട്ടു നോട്ടു കൊണ്ടുവച്ചു.

‘‘പാപ്പൻ തന്നതാ...കാശിനു മുട്ടൊണ്ടേൽ മടിക്കാതെ അറിയിക്കാൻ പറഞ്ഞു.’’

കെഞ്ചിയാൽപ്പോലും കാശുതരാൻ മടിക്കുന്ന ഗാന്ധിയൻ ഇത്രവേഗം നന്നായതിന്റെ അത്ഭുതം തിരിഞ്ഞില്ലെങ്കിലും കിട്ടിയ പണവുമായി ആന്റണി അടുത്ത വണ്ടിക്കു നാദാപുരത്തിനു വച്ചുപിടിച്ചു.

അത്തവണ ഈസ്റ്ററിന് അമേരിക്കയിൽനിന്ന് സോജനും കുടുംബവും വന്നു. ഒരുപാടുകൊല്ലം കൂടി വന്നതായിട്ടും സോജന്റെ മുഖം കാറുകെട്ടിയിരുന്നു. അപ്പനോടല്ല, അമ്മയോടായിരുന്നു അയാളുടെ സ്നേഹം മുഴുവൻ. സദാസമയവും മുറിയടച്ചിരുന്ന് അമ്മച്ചിയും മകനും കുശുകുശുത്തു. റബേക്കയെന്ന അസ്തിത്വത്തെ അയാൾ ഗൗനിച്ചതേയില്ല. അവളുടെ മുന്നിലൂടെ കടന്നുപോയപ്പോഴെല്ലാം അയാൾ വെയിലും പകലും മാത്രം കണ്ടു. സോജന്റെ ഭാര്യ ലീനയാവട്ടെ, ആദ്യം കെട്ടിവന്നവൾ താനാണെന്ന  അധികാരത്തോടെയായിരുന്നു നടപ്പ്. ചക്കെന്നു പറഞ്ഞാൽ കൊക്കെന്നു മനസ്സിലാക്കുന്ന, മലയാളം ലവലേശം അറിയാത്ത, ചുരുണ്ടമുടിയുള്ള അവരുടെ മോളാകട്ടെ, മുഴുവൻ സമയവും കളർപെൻസിലുമായി വരാന്തയിൽ വരച്ചോണ്ടിരുന്നു. പക്ഷിച്ചിറകുള്ള മനുഷ്യരുടെയും മൃഗങ്ങളുടെ മുഖമുള്ള മനുഷ്യരുടെയും ചിത്രങ്ങൾ മുറ്റത്തെമ്പാടും പറന്നു കളിച്ചു. റബേക്ക അതെല്ലാം പെറുക്കിക്കൂട്ടി ഒരു പ്ലാസ്റ്റിക് കൂടിൽ സൂക്ഷിച്ചു. 

ജോസഫ് പാപ്പൻ ബുദ്ധിമാനായിരുന്നു. സോജനും കുടുംബവും വരുന്നതിന് രണ്ടാഴ്ചമുൻപേ അയാൾ കൊച്ചുവീട് തൂത്തുതുടച്ച് വൃത്തിയാക്കിവച്ചു. സോജൻ കൂട്ടുകാരുമായി അവിടിരുന്ന് കള്ളു കുടിച്ചു. അടുക്കളയിൽനിന്ന് പോത്തുലർത്തിയതും മീൻപീരയും കൃത്യമായ ഇടവേളകളിൽ അവിടേക്ക് കയറ്റിയയക്കപ്പെട്ടു. എല്ലാം കണ്ട്, എന്നാൽ ഒന്നും ബാധിക്കുന്നില്ലെന്ന മട്ടിൽ ജോസഫ് പാപ്പൻ കുരിശിൽ തറയ്ക്കപ്പെട്ട ഈശോയുടെ മുഖത്തോടെ കസേരയിലിരുന്ന് കോട്ടുവായയിട്ടു. റബേക്കയെ കാണുമ്പോഴൊക്കെ അയാളുടെ മുഖം കരയുന്ന കുഞ്ഞുങ്ങളുടേതുപോലെ വക്രിച്ചു. 

പൊടുന്നനെ താനൊറ്റയ്ക്കായതുപോലെ റബേക്കയ്ക്കു തോന്നി. ആദ്യമൊക്ക അവൾ വിശാലമായ പറമ്പിലും തൊടിയിലും ചുറ്റിനടന്നു പെണ്ണമ്മയോടൊപ്പം പറങ്കിമാവിൻ തോട്ടത്തിൽ അണ്ടിപെറുക്കാനും ജാനകിയോടൊപ്പം ചീരവിത്തു പാകാനും നേരം ചെലവഴിച്ചു. പക്ഷേ, എല്ലാം വേഗം മടുത്തു. അപ്പോഴാണ് അവളുടെ അമ്മ ഏലിയാമ്മയ്ക്ക് അസുഖം കൂടുതലാണെന്ന അറിയിപ്പുമായി കൊച്ചോമിൽനിന്ന് ആളുവന്നത്. അതോടെ നിന്നനിൽപ്പിൽ റബേക്ക മാഞ്ഞു. ഏലിയാമ്മയുടെയും പാപ്പിക്കുഞ്ഞിന്റെയും മരണം കഴിഞ്ഞ് റബേക്ക തിരിച്ചെത്തിയപ്പോഴേക്കും സോജനും കുടുംബവും മടങ്ങിപ്പോയിരുന്നു. എങ്കിലും പത്തേക്കറിലെ വീട് അപ്പാടെ അവളോടു മുഖം വീർപ്പിച്ചു നിന്നു. എവിടെയും അപരിചിതത്വത്തിന്റെ അകൽച്ച. അടുക്കളക്കതകിനിടയിൽ കുടുങ്ങി അവളുടെ കൈവിരൽ ചതഞ്ഞു. പയറരിയുമ്പോൾ കറിക്കത്തി കൈയിൽനിന്നു കുതറിച്ചാടി കാൽ വിരൽ മുറിഞ്ഞു. 

‘‘കൂടോത്രമാരിക്കും. കൊച്ചമ്മേ പൊകച്ചു ചാടിക്കാൻ ആ സോജൻ ചെക്കൻ ചെയ്തതാരിക്കും.’’

പെണ്ണമ്മ അടക്കം പറഞ്ഞു.

‘‘എന്തിന്?’’

‘‘ചെക്കനിവിടെ എന്തൊക്കെയോ കുത്തിത്തിരിപ്പുണ്ടാക്കീട്ടൊണ്ട്. ഇടയ്ക്ക് ആന്റണിക്കുഞ്ഞും വന്നാരുന്നു. എല്ലാരുംകൂടെ മുറിയടിച്ചിരുന്നായിരുന്നു ചർച്ച. സ്വത്തും വസ്തൂം തന്നെയാരിക്കും പ്രശ്നം. അല്ലാതെന്ത്? ജോസഫ് പാപ്പനും അന്നമ്മ വല്യമ്മേം തമ്മിൽ ഇടയ്ക്ക് ഒച്ചവച്ചു സംസാരിക്കുന്നതും കണ്ടു. എന്റെ ഓർമേലാദ്യമാ അവരിങ്ങനെ...’’

വാവ് അടുത്തതോടെ അന്നമ്മ വല്യമ്മ ശ്വാസം മുട്ടലിന്റെ പിടിയിലായി കിടപ്പിലായിരുന്നു. റബേക്ക മുറിയിൽ ചെന്നപ്പോഴൊക്കെ അവർ തിരിഞ്ഞു കിടന്നു. ചുമരോരം ചേർന്നിരുന്ന പൂച്ച അവളെക്കണ്ടു നീട്ടിക്കരഞ്ഞു.

‘‘ഈ വീട്ടിലെന്നതാ നടക്കുന്നേ? ഞാനാണോ എല്ലാർക്കും പ്രശ്നം?’’

ഒരുമാസത്തെ അകൽച്ചയെ ഒരുമണിക്കൂർ കൊണ്ട് അലിയിച്ചുകളഞ്ഞ് നട്ടുച്ച വിരിച്ചിട്ട കിടക്കയിൽ ജോസഫ് പാപ്പന്റെ കരവലയത്തിൽ കിടക്കുമ്പോൾ റബേക്ക ചോദിച്ചു.

‘‘സോജനു വീതം വേണമെന്ന്.’’

പാപ്പൻ അസ്വസ്ഥതയോടെ പറഞ്ഞു.

‘‘അതെന്താ പെട്ടെന്ന്....’’

‘‘ഓരോ തോന്നല്...അല്ലാതെന്താ...എന്തെങ്കിലും അവന്റെ പേരിൽ എഴുതിവച്ചില്ലെങ്കിൽ ആന്റണി കാശെല്ലാം ചിട്ടി കളിച്ച് തുലയ്ക്കുമെന്നാ പേടി...പിന്നെ, നിന്നേം വലിയ പഥ്യമില്ല അവന്.’’

‘‘അതെനിക്കു തോന്നി. എന്താ ചെക്കന്റെ മനസ്സില്.’’

‘‘നിന്റെ തലയണമന്ത്രം കാരണമാ ആന്റണി ഇങ്ങനായതെന്ന്...

‘‘തലയണമന്ത്രം....എന്നെക്കൊണ്ടൊന്നും പറയിക്കരുത്. നേരത്തേ അറിഞ്ഞില്ല. അല്ലെങ്കിൽ സോജനോട് രണ്ടു പറഞ്ഞേനേം ഞാൻ. ഒന്നുമില്ലാത്തവളാ ഞാനെന്ന് ചെക്കനറിയാം. ആർക്കും കൊട്ടാവുന്ന തകരച്ചെണ്ട.’’

റബേക്കയുടെ ശബ്ദം ചിലമ്പി.

‘‘നിനക്കു വിഷമമായോ?’’

പാപ്പൻ അവളെ ചേർത്തുപിടിച്ചു.

‘‘ആയെങ്കിൽ?’’

അവൾ പരിഹാസത്തോടെ പുരികത്തുമ്പുയർത്തി.

‘‘കിഴക്കേച്ചെരുവിലെ തോട്ടം ഞാൻ നിന്റെ പേരിൽ എഴുതിവയ്ക്കട്ടേ?’’

‘‘സോജനറിഞ്ഞാ പ്രശ്നമുണ്ടാക്കില്ലേ?’’

‘‘അവനൊള്ളതങ്ങു കൊടുത്താൽ തീരുമല്ലോ പരാതി.’’

‘‘വീടും പറമ്പുമെല്ലാം വീതം വയ്ക്കാനോ?’’

‘‘പിന്നല്ലാതെ. എന്നായാലും വേണ്ടതല്ല്യോ?’’

‘‘പക്ഷേ ഇപ്പോ വേണോ? സോജന് പണത്തിനു മുട്ടുണ്ടായിട്ടല്ലല്ലോ. അമേരിക്കേക്കെടന്ന് ഇഷ്ടംപോലെ സമ്പാദിക്കുന്നില്ലേ?’’

‘‘അതൊക്കെ നേരാ. പക്ഷേ, അന്നമ്മ സമ്മതിക്കുകേല.’’ 

റബേക്ക നീട്ടിമൂളി.

‘‘അവർക്കു സോജനോടിത്തിരി സ്നേഹം കൂടുതലാ അല്ലേ?’’

‘‘പണ്ടേ അങ്ങനാ...’’

‘‘ഒന്നു ചോദിക്കട്ടേ, നിങ്ങളു രണ്ടും കിടപ്പായാൽ സോജൻ  കൂട്ടിക്കോണ്ടുപോവുമോ? അതോ അവരു നാട്ടിൽ വന്നു നിക്കുമോ?’’

‘‘അതൊന്നും പ്രതീക്ഷിക്കണ്ട,’’ ജോസഫ് പാപ്പൻ ദീർഘനിശ്വാസം വിട്ടു, ‘‘നീയില്ലേ ഇവിടെ? നീ കാണില്ലേ എന്നും?’’

‘‘ഞാനേ കാണൂ...അതോർത്താൽ മതി,’’കൊച്ചുവീട്ടിൽ നിന്നിറങ്ങുമ്പോൾ അവൾ പതിയെ പറഞ്ഞു, ‘‘എന്തായാലും വീതംവയ്ക്കാൻ തിരക്കുകൂട്ടണ്ട. പെണ്ണും മണ്ണും വീതിച്ചുപോയാൽ തീർന്നൂന്നാ ചൊല്ല്.’’

ജോസഫ് പാപ്പൻ അനുസരണയോടെ തലകുലുക്കി. ‘പെണ്ണും മണ്ണും’ എന്ന ഉപമ അയാളെ വല്ലാതെ നോവിച്ചു.

റബേക്ക അന്നു വൈകുന്നേരം പതിവില്ലാതെ പള്ളിയിൽ പോയി. മടങ്ങിവന്ന് നേരത്തേ കതകടച്ചു കിടന്നു. അടുത്ത രണ്ടുദിവസങ്ങളിൽ പാപ്പന്റെ മുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടേതയില്ല. കൊച്ചുവീട്ടിലേക്കു പോകാൻപോലും മടിച്ച് പാപ്പൻ ഇറയത്തെ കസേരയിൽ ചാരിക്കിടന്നു

‘‘നിങ്ങളു വെറുതെ ഓരോന്നാലോചിച്ചുകൂട്ടുവാ...’’

അന്നമ്മ വല്യമ്മ പാപ്പനെ പഴിച്ചു.

‘‘പിന്നെ, ആലോചിക്കാതെ എടുപിടീന്ന് വല്ലോം ചെയ്യാനൊക്കുമോ?’’

അയാൾ തട്ടിക്കയറി.

‘‘എടുപിടീന്ന് ആന്റണി ചെയ്തതിനൊക്കെ മിണ്ടാതെ കൂട്ടുനിന്നല്ലോ.’’

റബേക്കയെ കെട്ടിക്കൊണ്ടുവന്നതാണ് അന്നമ്മ ഉദ്ദേശിച്ചതെന്ന് മനസ്സിലായിട്ടും പാപ്പൻ മിണ്ടാതെ കണ്ണടച്ചിരുന്നു.

‘‘സോജൻ വിളിച്ചാൽ എന്തു പറേണം?’’

അന്നമ്മ ചോദിച്ചു.

‘‘നമ്മളിലൊരാളു ചത്തുകഴീമ്പോമാത്രം പറമ്പുപകുക്കുന്നത് ആലോചിച്ചാമതീന്നു പറ.’’

പാപ്പന്റെ ശബ്ദം കടുപ്പത്തിലായിരുന്നു. ഈയിടെയായി അയാൾ കടുപ്പത്തിലേ സംസാരിക്കാറുള്ളൂ എന്നത് അന്നമ്മ വല്യമ്മ ശ്രദ്ധിച്ചിട്ടുണ്ട്. ഗാന്ധിസൂക്തങ്ങൾ വായിക്കുന്നതും കുറഞ്ഞു. കൂടുതൽ നേരവും ആലോചനയിലാണ്. എന്താണ് ഇതിനുമാത്രം ആലോചിച്ചുകൂട്ടുന്നതെന്ന് അവർക്കു മനസ്സിലാവുന്നില്ല.

പിറ്റേന്ന് റബേക്ക ആട്ടിൻതല സൂപ്പ് വച്ചു. നാളുകൾക്കുശേഷം അടുക്കളയിൽനിന്നുയർന്ന കൊതിപ്പിക്കുന്ന മണം ആസ്ത്‌മയുടെ നീരാളിപ്പിടിത്തത്തിനിടയിലും അന്നമ്മവല്യമ്മയുടെ രുചിമുകുളങ്ങളെ ഉണർത്തി. അവർ കിടക്കയിൽ നിന്നെഴുന്നേറ്റ് തീൻമേശയ്ക്കുപിന്നിൽ ചെന്നിരുന്നു. 

‘‘ഇന്നത്തെ സൂപ്പ് അമ്മച്ചിക്കുവേണ്ടി മാത്രം വച്ചതാ. ശ്വാസം മുട്ടൽ മാറാൻ.’’

ആവി പൊങ്ങുന്ന  കളിമൺ കോപ്പ  മുന്നിൽ വച്ച് റബേക്ക,  അടുത്തിരുന്നു. 

‘‘ഈ മണം ഉള്ളിൽ ചെന്നാലേ അസുഖം പോകും...’’

അന്നമ്മ വല്യമ്മ കോപ്പയുടെ വക്കിൽ മൂക്കുമുട്ടിച്ചു ചിരിച്ചു. രണ്ടു സ്പൂൺ കോരിക്കുടിച്ചതേയുള്ളൂ. അവർക്കു നെഞ്ചുവേദനിച്ചു. എഴുന്നേൽക്കുമ്പോൾ കാലിടറി. റബേക്ക അലറിവിളിച്ച് ജോസഫ് പാപ്പനെയും പെണ്ണമ്മയെയും വരുത്തി. എല്ലാവരും ചേർന്ന് അന്നമ്മയെ പിടിച്ചു നടത്തി കിടക്കയിൽ കൊണ്ടുക്കിടത്തി. പാഞ്ഞെത്തിയ ഡോക്ടർ സ്റ്റീഫൻ പരിശോധനയ്ക്കു ശേഷം ചോദിച്ചു.

‘‘ആരാ സൂപ്പു വച്ചത്?’’

റബേക്ക വിളറി.

‘‘ഇനി വല്യമ്മയ്ക്കു സൂപ്പു കൊടുക്കണ്ട. സൂപ്പെന്നല്ല, ഇറച്ചീം മീനും ഒന്നും കൊടുക്കണ്ട. പച്ചക്കറി മാത്രം.’’

റബേക്ക തലകുലുക്കി. 

‘‘ദഹിപ്പിക്കാൻ കുടലിനു ശേഷിയില്ല. അതുകൊണ്ടു കഴിയുന്നതും ദ്രാവകരൂപത്തിലുള്ള എന്തെങ്കിലുമൊക്കെ മതി.’’

ഡോക്ടർ ഇറങ്ങിയപാടേ റബേക്ക സൂപ്പു വാഴച്ചോട്ടിൽ കമഴ്ത്തി. നക്കിക്കുടിക്കാൻ ഓടിയെത്തിയ അന്നമ്മയുടെ പൂച്ചയെ അവൾ രോഷത്തോടെ കല്ലെറിഞ്ഞോടിച്ചു.

‘‘ഇനി ഈ വീട്ടിൽ സൂപ്പില്ല.’’

റബേക്ക പ്രഖ്യാപിച്ചു.

‘‘സൂപ്പല്ലല്ലോ കാരണം. അമ്മച്ചീടെ കുടലല്ലേ?’’

പെണ്ണമ്മ ചോദിച്ചത് റബേക്ക കേട്ടില്ലെന്നു നടിച്ചു. പിറ്റേന്നു മുതൽ പറമ്പിൽനിന്നു ചേമ്പിൻതാളും ചേനത്തണ്ടും അടുക്കളയിലേക്കു ജൈത്രയാത്ര നടത്തി. പത്തേക്കറിലേക്കു പോരുമ്പോൾ ഒരുപിടി തകരയിലയോ പയറിലയോ ചീരയിലയോ ഒക്കെ ഒപ്പം കരുതുന്നതു പെണ്ണമ്മയും ജാനകിയും പതിവാക്കി.

‘‘എനിക്കു മടുത്തു, വായ്ക്കു രുചിയുള്ളതെന്തെങ്കിലും ഉണ്ടാക്കിത്താ പെണ്ണേ....’’

ഒരുമാസം കഴിയുംമുൻപേ അന്നമ്മ വല്യമ്മ, റബേക്കയോടു കെഞ്ചി.

‘‘അയ്യോ. ഒന്നും പാടില്ലെന്നല്ല്യോ ഡോക്ടറു പറഞ്ഞേ.’’

‘‘അങ്ങേരോടു പോകാൻ പറ. ഞാനിനി എത്രനാളെന്നുവച്ചാ. എനിക്കു രുചിയൊള്ള വല്ലോം കഴിച്ചേച്ചുവേണം മേൽപ്പോട്ടു പോവാൻ.’’

‘‘എന്നതാ വേണ്ടേ? ആരുമറിയണ്ട. ഞാനൊണ്ടാക്കിത്തരാം.’’

റബേക്ക ഉറപ്പുനൽകി.

‘‘നിന്റെ ആ സ്പെഷ്യൽ ആട്ടിൻതലസൂപ്പ്. അന്ന് ഒരു നുള്ളു നാവിൽ വച്ചപ്പോഴേക്ക് വീണുപോയില്ലേ?എന്നാലും അതിന്റെ മണം മൂക്കിന്റെ തുമ്പിലുണ്ട്. ’’

‘‘ഞാനുണ്ടാക്കിത്തരാം.’’

റബേക്ക ചിരിച്ചു. അതിനു നാലാം നാൾ അന്നമ്മവല്യമ്മ പരലോകത്തേക്കു യാത്രയായി.

‘‘മരിക്കുവാന്നേല് ഇങ്ങനെ മരിക്കണം,’’ വിവരമറിഞ്ഞെത്തിയ ബന്ധുക്കളോട് അടുക്കളവരാന്തയിൽ നിന്നു പെണ്ണമ്മ പറഞ്ഞു, ‘‘ദൈവത്തിന്റെ ഓരോ പദ്ധതി നോക്കണേ....അന്നമ്മ വല്യമ്മ മരിക്കുന്നേനു രണ്ടു ദെവസം മുൻപേ അവരുടെ പൂച്ച ചത്തു. ജന്തുക്കളാന്നേലും ഉടയോന്റെ കാലം അറുതിയായെന്ന് അതിനു മനസ്സിലായിക്കാണും. മരണസമയമടുത്തപ്പോ സൂപ്പുകുടിക്കണമെന്നു വല്യ കൊതിയാരുന്നു അന്നമ്മ വല്യമ്മയ്ക്ക്. കേൾക്കാത്ത താമസം, റബേക്ക കൊച്ചമ്മ സൂപ്പൊണ്ടാക്കി. മക്കളുപോലും ഇതുപോലെ നോക്കുകേല കേട്ടോ. സൂപ്പും കുടിച്ച്, കൊച്ചമ്മേ കെട്ടിപ്പിടിച്ചു കരഞ്ഞേച്ചാ വല്യമ്മ കിടന്നത്. വൈകുന്നേരം പാപ്പൻ  ചെന്നുവിളിക്കുമ്പോളേക്കും ആളു പോയി. ഭാഗ്യവതിതന്നെ!’’

(തുടരും...)

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com