ADVERTISEMENT

പ്രാകൃതം

 

കിടയ്ക്കാട് കയറ്റിയയക്കുന്നതു കൂടാതെ പഞ്ഞികൊണ്ട് വേറെയും സംഗതിയുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് രവിമാഷും സുഗുണന്‍ മാഷുമാണ്. രണ്ടുപേരും ഡിഗ്രിയും കഴിഞ്ഞ് പാർട്ട് ടൈം ചെഗുവേരയില്‍ പഠിപ്പിക്കലും രാഷ്ട്രീയ-സാംസ്ക്കാരിക ചര്‍ച്ചകളുമായി നടക്കുകയായിരുന്നു. ആ സമയത്താണ്, കിടയ്ക്കാട്ടെ പൂളക്കാട്ടില്‍ നിന്ന് കയറ്റിവിടുന്ന നല്ലതരം പഞ്ഞി കഴിഞ്ഞ് നീക്കുന്ന പഞ്ഞികൊണ്ട്  കാര്യമുണ്ടെന്ന് രവിമാഷ്ക്ക് ഒരു ഐഡിയ തോന്നിയത്. സുഗുണനുമായി പങ്കുവെച്ചപ്പോള്‍ സംഗതി റെഡി. 

 

സമയം കളയാതെ വടക്കാഞ്ചേരിയില്‍ പോയി കുറേ തുണികള്‍ വാങ്ങി പഞ്ഞി കുത്തി നിറച്ച് കിടയ്ക്കയും തലയണയും ഉണ്ടാക്കിയെടുത്തു. രണ്ടാളുംകൂടി ഒരു ഞായറാഴ്ച കാലത്ത് നേരത്തെ എഴുന്നേറ്റ് ആരും കാണാതെ ഒരു ഓട്ടോറിക്ഷയില്‍ കിടയ്ക്കയും വെച്ച് യാത്രയായി. തുണിയും പഞ്ഞിയുമൊക്കെയായി നൂറ്റമ്പതു രൂപയോളം ചെലവുവന്നിരുന്ന കിടയ്ക്കകള്‍ ഇരുന്നൂറ് രൂപവെച്ചു പറഞ്ഞപ്പോള്‍ ഉച്ചയാകുമ്പോഴേക്കും തീര്‍ന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ പോക്കറ്റില്‍ അത്യാവശ്യം കാശുണ്ട്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ചെഗുവേരയില്‍ പോകണം. ഞായറാഴ്ച മാത്രം കച്ചവടത്തിനായി നീക്കിവെച്ചു. ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോഴേക്കും കിടയ്ക്ക കച്ചവടക്കാര്‍ എന്ന പേര് എത്ര ആഗ്രഹിക്കാതിരുന്നിട്ടും തങ്ങളില്‍ വന്നൊട്ടിയത് അവരറിഞ്ഞു. വിദ്യാഭ്യാസവും ബിരുദവുമുള്ള അവര്‍ക്കാകെ നാണക്കേടായി. രുദ്രന്‍ മാഷാണെങ്കില്‍ ഒന്നുകില്‍ കച്ചവടം അല്ലെങ്കില്‍ പഠിപ്പിക്കല്‍ എന്നു പറഞ്ഞ് കണ്ണുരുട്ടിയപ്പോള്‍ അവര്‍, പഠിപ്പിക്കല്‍ മതി എന്ന് ഒട്ടും ആലോചിക്കാതെ തീരുമാനിച്ചു. 

 

അക്കുറി ഞായറാഴ്ച ഒരു വലിയ വാനില്‍ കയറ്റിയ കിടയ്ക്കക്കൊപ്പം അവര്‍ കച്ചവടം പഠിപ്പിക്കാനായി എല്‍ദോയേയും ഏല്യാസിനേയും സുരേന്ദ്രനെയും കയറ്റി. പക്ഷേ അവരെ കച്ചോടം പഠിപ്പിക്കേണ്ട ആവശ്യം മാഷുമാര്‍ക്കുണ്ടായില്ല. വൈകുന്നേരം വരെ നടന്നാല്‍ മാഷുമാര്‍ വിറ്റിരുന്നത് ഒരോട്ടോ കിടയ്ക്കയാണ്. ഉച്ചയാകുമ്പോഴേക്കും അവര്‍ മൂവരും ചേര്‍ന്ന് ഒരു വാന്‍  കിടക്കകള്‍ വിറ്റുതീര്‍ത്തു. അതുകണ്ടപ്പോള്‍ മുതലാളിമാരായി തുടര്‍ന്നാലോ എന്നവര്‍ ആലോചിക്കാതിരുന്നില്ല. 

 

അന്നുവൈകീട്ട് കച്ചോടം കഴിഞ്ഞ് പോരാന്‍നേരം എല്‍ദോ സുരേന്ദ്രനെയും ഏല്യാസിനേയും നോക്കി. അവര്‍ മൂവരും കുറേനേരം പരസ്പരം കണ്ണുകളാല്‍ ആശയവിനിമയം നടത്തിയെന്നല്ലാതെ ഒന്നും നടന്നില്ല. ബാറുകള്‍ ഒന്നൊന്നായി കഴിഞ്ഞുകൊണ്ടിരുന്നു. മാഷുമാര്‍ രണ്ടും മുന്നിലിരുന്ന് ഉറങ്ങുന്നുണ്ട്. അവര്‍ തങ്ങള്‍ക്ക്  ഗുരുക്കന്മാരല്ലെന്ന് അവര്‍ മൂവരും ഉറപ്പിച്ചുക്കഴിഞ്ഞിരുന്നു. കിടയ്ക്കാട് സ്കൂളിന്‍റെ പടിയിറങ്ങിയപ്പോഴേ പഠിപ്പവസാനിപ്പിച്ചത് നന്നായെന്ന് അവര്‍ക്കുതോന്നി. അല്ലെങ്കില്‍, ചെഗുവേരയില്‍ പഠിക്കാന്‍ ചെന്ന് തോറ്റാലും അവര്‍ക്ക് മാഷെന്ന ബഹുമാനം കൊടുക്കേണ്ടി വരുമായിരുന്നല്ലോ. 

 

തിരൂരിലെ ഡയാന ബാര്‍ എത്തുന്നതിനു മുന്‍പുള്ള ഒരിടത്തെത്തിയപ്പോള്‍ എല്‍ദോ പിറകിലിരുന്ന് ഡ്രൈവര്‍ പ്രാഞ്ചിയെ ഒന്നു തോണ്ടി. പ്രാഞ്ചി ഗര്‍ഭപാത്രത്തിലിരിക്കുന്ന സമയത്തേ അത്തരം തോണ്ടലിന്‍റെ വ്യംഗ്യം കുടിയിരിക്കുന്ന അര്‍ത്ഥവ്യാപ്തി എത്രയുണ്ടെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവിടെവെച്ചു ചവിട്ടിയ വാന്‍ നിന്നത് ബാറിനു മുന്നിലാണ്. അവര്‍ പരസ്പരം നോക്കുന്നത് നിര്‍ത്തി മുതലാളിമാരെ നോക്കി. കഥയറിയാത്തവണ്ണം സാറന്മാര്‍ അവരെ നോക്കി. 

 

‘‘പ്രാഞ്ചി എന്താ നീയിവിടെ ചവിട്ടീത്..’’ പ്രാഞ്ചി ഉത്തരമായി പുറകിലേക്കു നോക്കി. 

‘‘അല്ല മാഷന്‍മാരെ, ഇങ്ങനെ പച്ചയ്ക്കങ്ങു പോയാ മത്യോ. നമുക്കൊന്നു കൂടണ്ടേ...’’

‘‘എന്തു കൂടല്... മദ്യപിക്കാനോ.. അയ്യയ്യോ. അതിന് ഞങ്ങളില്ല കേട്ടോ. കച്ചോടത്തിന് പൂമ്പ്വോ ഇതൊന്നും പതിവില്ല....’’

‘‘കച്ചോടം കഴിഞ്ഞ് വര്വല്ലേ..’’

‘‘ന്നാലും മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. സ്വഭാവത്തിനും... നിങ്ങള് നല്ല ചെറുപ്പക്കാരല്ലേ....’’

‘‘അതൊക്കെ ശരി തന്നെ. അങ്ങനെയൊക്കെ എല്ലാരും വിചാരിച്ചാ പിന്നെ ആരാ കുടിക്കാന്‍ണ്ടാവ്വാ. കുടിക്കാനും കുറച്ച് ആള്‍ക്കാര്ണ്ടങ്കിലല്ലേ കുടിക്കാത്തോര്‍ക്ക് ഒരു  വെയ്റ്റ്ണ്ടാവൂ...’’

‘‘ന്തായാലും ഞങ്ങളില്ല കുടിക്കാന്‍. കിട്ടുന്ന പൈസ മുഴുവന്‍ കുടിച്ചു തീര്‍ക്കണോ..’’

‘‘മുഴുവന്‍ വേണ്ടാ. കൊറച്ചെങ്കിലും വേണം. നമ്മളങ്ങനെ കഷ്ടപ്പെട്ട് ണ്ടാക്ക്യേ കാശൊന്നുമല്ലല്ലോ. കൊറെയൊക്കെ ങ്ങനെ കുടിച്ചുപോയാലേ ഇതൊക്കെ ദേഹത്ത് പിടിക്കൂ...’’

 

‘‘ന്നാ ഒരു കാര്യം ചെയ്യാം. വടക്കാഞ്ചേരി എത്ത്യാ നിങ്ങക്ക്ള്ള വീതം തരാം. നിങ്ങള് ന്താന്ന്ച്ചാ ആയിക്കോ. ഞങ്ങളെ ഞങ്ങടെ പാട്ടിനു വിട്..’’ 

അങ്ങനെയൊരു സുഖസുന്ദരമായ ഒത്തുതീര്‍പ്പിന്‍റെ മനസമാധാനത്തില്‍ വണ്ടി മുന്നോട്ടു കുതിച്ചു. വടക്കാഞ്ചേരിയില്‍ എത്തിയപ്പോള്‍ രവിമാഷ് അവര്‍ക്കുള്ള വീതം കൊടുത്തു. ആ വണ്ടിയില്‍ തന്നെ കിടയ്ക്കാട്ടേക്ക് പോകാമെന്നാണ് മാഷുമാര്‍ കരുതിയത്. പക്ഷേ പ്രാഞ്ചി കൂറുമാറിയിരുന്നു. 

 

‘‘മാഷ് ഇയ്ക്കുള്ളത് ങ്ങ്ട് തന്നോ. ഞാനും ഇവര്ടെ കൂടെ പോയിട്ട് വരാം. കൊറച്ച് നേരം നിക്ക്വാന്ന്ച്ചാ നമുക്കൊന്നിച്ചു പൂവ്വാം.’’

 

അടുത്ത ഞായറാഴ്ച പുലര്‍ച്ചേ നേരത്തെ പോകാമെന്ന് പറഞ്ഞ് മാഷന്മാര്‍ ഓട്ടോയില്‍ കയറി വിട്ടു. കച്ചോടക്കാര്‍ മൂവരും പാരഗണ്‍ ബാറില്‍ക്കയറി  ഒരു മേശക്കു ചുറ്റുമിരുന്നു. കിട്ടിയ കച്ചോട കാശ് എണ്ണി നോക്കുകപോലും ചെയ്യാതെ അവര്‍ ഒന്നിച്ചു ചേര്‍ത്തുവെച്ചു.  പ്രാഞ്ചിയും അവര്‍ക്കടുത്തിരുന്നു. അവന്‍റെ കയ്യില്‍നിന്ന് അവര്‍ കാശുവാങ്ങിയില്ല. നാലുപേരുമിരുന്ന് മൂക്കുമുട്ടെ കുടിച്ചു.  ഒന്നിച്ചു വെച്ച കാശില്‍ നിന്നെടുത്ത് ബാറിലെ ബില്ലുകൊടുത്തു. ബാക്കിവന്നത് അവര്‍ മൂവരും പങ്കുവെച്ചു. എന്നിട്ട് നോക്കിയപ്പോഴും ഒരാഴ്ച കഷ്ടപ്പെട്ട് റിഹേഴ്സല്‍ ചെയ്ത് തട്ടകത്തില്‍ കയറുന്ന നാടകശേഷം കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പൈസ ഓരോരുത്തര്‍ക്കും പോക്കറ്റില്‍ വെക്കാനുണ്ടായിരുന്നു. 

ആനന്ദലബ്ധിക്കിനിയെന്തുവേണം. മൂവരും പാട്ടുംകൂത്തുമായി പ്രാഞ്ചി ഓടിക്കുന്ന ലോംഗ് ചേസ് വണ്ടിയില്‍ യാത്ര തുടങ്ങി. അപ്പോഴും അവര്‍ മാഷന്‍മാര്‍ പഞ്ഞതുപോലെ അടുത്ത ഞായറാഴ്ച കച്ചവടത്തിനു പോകാമെന്നു തന്നെയാണ് പ്ലാന്‍ ചെയ്തിരുന്നത്. 

കിടയ്ക്കാട് വീടിനു മുന്നില്‍ ഇറങ്ങാന്‍ നേരം കയറിയ ലഹരി അല്പമൊന്നിറങ്ങിയോ എന്നു സംശയം. പരസ്പരം ചോദിച്ചപ്പോള്‍  സംശയമല്ല, ശരിയാണെന്നു മനസ്സിലായി. പിന്നെ താമസിച്ചില്ല, വണ്ടി നേരെ കനാലിന്‍ പുറത്തെ കരിവീട്ടിലേക്കുവിട്ടു. പക്ഷേ സുരേന്ദ്രൻ ഇല്ലെന്നു പറഞ്ഞു വഴിയിൽ ഇറങ്ങി. 

 

സ്വബോധത്തോടെയുള്ള ഒരാളാണ് ഡ്രൈവറെങ്കില്‍ അത്രയും വലിയ ഒരു വണ്ടി കൊണ്ടൊന്നും കനാലിന്‍ മുകളില്‍ കയറുമായിരുന്നില്ല. പക്ഷേ പ്രാഞ്ചിക്ക് അതൊന്നും ഒരു കനമായിരുന്നില്ല. എക്സൈസുകാരും പോലീസും ഒന്നിച്ച് വാനില്‍ വരികയാണെന്നു കരുതി ഒന്നുമാലോചിക്കാതെ ലോനു കനാലില്‍ ചാടി ഊളിയിട്ടു കുതിച്ചു. ചാക്കപ്പേട്ടന്‍ സാധനം സുരക്ഷിതമായിടത്തേക്ക് മാറ്റി. എന്നാല്‍ ആള്‍ക്കാരെ അറിഞ്ഞപ്പോള്‍  ചാക്കപ്പേട്ടന്‍ സാധനം  എടുത്തുകൊടുത്തു. പാവം ലോനു അപ്പോഴും ശ്വാസം പിടിച്ച് ഒഴുക്കിനൊത്ത് മുങ്ങിക്കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നു ലോനു തിരിച്ചെത്തിയത് പാതിരാക്കഴിഞ്ഞാണ്. പ്രാഞ്ചിയോടിക്കുന്ന നീളന്‍ വണ്ടിയായിരുന്നു അതെന്ന് കേട്ടപ്പോള്‍ ലോനുവിനല്പം നാണക്കേട് തോന്നി. 

 

ഏല്യാസ് പക്ഷേ കരിവീട്ടില്‍ നിന്നും കുടിച്ചില്ല. അവന് എന്തിനും ഏതിനും ഒരു കണക്കും ചിട്ടയുമുണ്ടായിരുന്നു. അന്നത്തെ കൂടി പാരഗണ്‍ബാറില്‍ വെച്ചേ അവന്‍ അതിരിട്ടുനിര്‍ത്തിയിരുന്നു. എല്‍ദോയയും പ്രാഞ്ചിയും പിന്നേയും കുടിച്ചു. വണ്ടി മുതലാളിയുടെ വീട്ടില്‍ കൊണ്ടുപോയിട്ട് പ്രാഞ്ചി അവന്‍റെ വീട്ടിലേക്കും നടന്നു. നേരമപ്പോള്‍ കണ്ണില്‍കുത്തിയാലും കാണാത്ത ഇരുട്ടിനാല്‍ മൂടിപുതച്ചു കിടക്കുകയായിരുന്നു. 

തോളില്‍ കയ്യിട്ടു നടക്കുംനേരം ആരോ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് എല്‍ദോക്കും ഏല്യാസിനും തോന്നി. സംശയനിവര്‍ത്തിക്കുപോലും നില്ക്കാതെ ഒരേ നിമിഷം അവര്‍ തിരിഞ്ഞുനോക്കി. 

 

തങ്ങളില്‍ നിന്ന് രണ്ട് കയ്യകലത്തില്‍, ആ കൊടിയ ഇരുളിലും ആരോ തങ്ങളെ തുറിച്ചുനോക്കിനില്ക്കുന്നു. നോക്കിനില്ക്കേ ആ രൂപം വലുതായി വരുന്നത് അവര്‍ കണ്ടു. അതങ്ങനെ  ആകാശം മുട്ടി നിന്നു. ഒരു നിമിഷം കൊണ്ട് ബാറില്‍നിന്നും കരിവീട്ടില്‍നിന്നും കയറ്റിയതെല്ലാം ആവിയായി. സുബോധത്തിലേക്ക് കുതിച്ചെത്തിയ അവര്‍ കൈകോര്‍ത്തു പിടിച്ച് തിരിച്ചോടി. വീട്ടിലേക്കെത്താന്‍ അധികദൂരമൊന്നുമില്ലാതിരുന്നിട്ടുകൂടി തങ്ങള്‍ എത്തുന്നില്ലെന്ന് അവര്‍ക്കു തോന്നി. അകലെനിന്ന് വീട് കണ്ടു തുടങ്ങിയപ്പോഴേ അവര്‍ക്കാശ്വാസമായുള്ളൂ. പൊടുന്നനെ വീടിനെയും മുന്നിലെ കാഴ്ചകളേയും മറച്ചുകൊണ്ട് ഇരുളില്‍ ഒന്ന് നിവര്‍ന്നുനിന്നു. മുന്നിലെ തടസ്സത്തിനു മുന്നില്‍ അവര്‍ പകച്ചുനിന്നു. അത് ഒറ്റത്തടിയായ ഒരു പൂളമരമായിരുന്നു. അത് വളര്‍ന്നുകൊണ്ടേയിരുന്നു. വളര്‍ച്ച എത്തിയതോടെ അത് പൂക്കുകയും കായ്ക്കുകയും പൂളക്കായകള്‍ പൊളിഞ്ഞ് പഞ്ഞികള്‍ പൊഴിയുകയും ചെയ്തു. 

 

മഞ്ഞുപൊഴിയുന്ന പോലെ അവരുടെ ചുറ്റും പഞ്ഞിപൊഴിഞ്ഞു കൊണ്ടേയിരുന്നു. ആരുടേയോ ഉറക്കെയുള്ള ചിരി അന്തരീക്ഷത്തില്‍ മുഴങ്ങി. അവര്‍ മുകളിലേക്കു നോക്കി. ആ പൂളമരത്തിന്‍റെ തുഞ്ചത്ത് പ്രാകൃതനായ ഒരു മനുഷ്യന്‍ അവരെ നോക്കിയിരുന്ന് അട്ടഹസിക്കുന്നു. ഇടയ്ക്കിടെ അയാള്‍ ചില്ലകളില്‍നിന്ന് ചില്ലകളിലേക്ക് ഒരു കുരങ്ങനെപോലെ അനായാസം ചാടിക്കൊണ്ടേയിരുന്നു. മുകളിലേക്ക് നോക്കി നില്ക്കേ ഒരേ നിമിഷം ബോധമറ്റ് അവരിരുവരും ഒന്നിച്ച് ആ പൂളച്ചോട്ടില്‍ പഞ്ഞി പൊഴിഞ്ഞുണ്ടായ കിടക്കയില്‍ വീണു. അപ്പോഴും ആ ചിരി അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. 

 

നേരം വെളുത്തപ്പോള്‍ എല്‍ദോയും ഏല്യാസും കിടന്നിരുന്നത് അവരവരുടെ വീട്ടിലായിരുന്നു. എല്‍ദോ ഉണര്‍ന്നതേ കഴിഞ്ഞ രാത്രിയിലെ ആ ഒരു ഓര്‍മ്മയുടെ ഭാരം തലയില്‍ വെച്ചുകൊണ്ടാണ്. കുടിച്ചാല്‍ തലവേദനയോ കനപ്പോ പതിവില്ല. പതിവുവിട്ട് കൂടുതല്‍ കുടിച്ച് തോന്നുന്നതാണോ എന്ന സംശയവും എല്‍ദോക്കുണ്ടായിരുന്നു. രാത്രിയുടെ ഓര്‍മ്മകളിലേക്ക് തലവെച്ചിരിക്കും നേരമാണ് കണ്‍വെട്ടത്തേക്ക് നടന്നടുക്കുന്ന ഏല്യാസിനെ കണ്ടത്. സാവകാശം താഴെ നോക്കിയാണ് ഏല്യാസ് നടക്കുന്നത്. വന്നപാടെ അകത്തേക്കു കയറാതെ ആലോചിച്ചിരിക്കുന്ന എല്‍ദോയെ ആംഗ്യം കാണിച്ചു വിളിച്ചു. ആ ആംഗ്യത്തില്‍ തന്നെ ഒരു പന്തിക്കേടുണ്ടായിരുന്നു. മിണ്ടരുതെന്ന് കൈക്കൊണ്ട്  വിലക്കി മണ്ണില്‍ നോക്കി മുന്നോട്ടു നീങ്ങി. അപ്പോഴാണ് എല്‍ദോയും താഴത്ത് നോക്കുന്നത്. രാത്രി മഴ ചാറിയിരിക്കണം. 

 

നനഞ്ഞ മണ്ണില്‍ വ്യക്തമായി, കൃത്യമായി അകലം പാലിച്ച് നീണ്ടുകിടക്കുന്ന കാലടികള്‍. മണ്ണില്‍ പതിഞ്ഞ ആ കാലടികള്‍ മനുഷ്യന്‍റേതായിരുന്നെങ്കിലും ഒരു സാധാരണ മനുഷ്യന്‍റേതിനേക്കാള്‍ വലുപ്പമുണ്ടായിരുന്നു. വീടുകള്‍ പിന്നിട്ട ആ കാലടികള്‍ കാനന പാതയില്‍ ചെന്നുമുട്ടി. അവിടെനിന്ന് പിന്തുടരുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ കാട്ടിലേക്ക് നീണ്ടു കിടന്നു. അവിടെ എത്തിയപ്പോള്‍ മുന്നില്‍ നടന്ന ഏല്യസ് നിന്നു.

‘‘എന്തെങ്കിലും മനസ്സിലായോ എല്‍ദോ നിനക്ക്..’’

‘‘മണ്ണില് ആരോ നടന്ന പാടുണ്ട്..’’

‘‘ആരോ അല്ല. എല്ലാവരും പേടിച്ച് മാറി നടക്കണ ഒരാളില്ലേ, കിടയ്ക്കാട്ടിലേ കാട്ടില്... അയാള് തന്നെ....’’

‘‘അയാളോ? അയാളെങ്ങനെ എന്‍റെ വീടിന്‍റെ ഉമ്മറത്തുവന്നു...’’

‘‘നിന്‍റെ വീട്ടിലല്ല, എന്‍റെ വീട്ടിലും വന്നിട്ട്ണ്ടാര്‍ന്നു. ഇന്നലത്തെ കാര്യം ഓര്‍മ്മേണ്ടോ നിനക്ക്. ബോധം കെട്ടുവീണ നമ്മളെ അയാള് വീട്ടിക്കൊണ്ടാക്കി. ന്ന്ട്ട് ഈ വഴീലൂടെ കാട്ടിലേക്ക് കയറി പോയേക്ക്ണൂ.’’

എല്‍ദോ അമ്പരന്നു നില്ക്കുകയായിരുന്നു. ഏല്യാസ് കാട്ടിലേക്കുനോക്കിക്കൊണ്ടു തുടര്‍ന്നു....

‘‘ഇയാളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ സത്യാന്ന് അറ്യേണത് ഇപ്പളാ...’’

 

എല്‍ദോ എന്തോ ഗാഢമായി ആലോചിക്കുന്നതുപോലെ ദീര്‍ഘശ്വാസം വിട്ടു. പിന്നെ തുടര്‍ന്നു:

‘‘ഇനീപ്പൊ എന്താ നിന്‍റെ പരിപാടി..’’

‘‘അല്ല, യ്ക്ക് മനസ്സിലായില്യ..’’

‘‘ഇതിലിപ്പൊ മനസ്സിലാക്കാന്‍ ഒന്നുംല്ല്യാ. രണ്ടും കല്പിച്ച് ഒരു കളി. നേരെ ഈ കാലടി നോക്ക്യങ്ങ്ട് ചെല്ല്വാ. മൂപ്പരെ കാണാം. മ്മക്ക് വേണ്ടീട്ട് നീട്ടിയിട്ടിരിക്കണ കാലടികളാ ഇത്.’’

‘‘അത് വേണോ, മറ്റുള്ളോര് അറിഞ്ഞാ...’’

‘‘എന്താ. കൂടിയാ ക്രിസ്ത്യാനി അല്ലാന്ന് പറേം. ജാതീന്ന് പൊറത്താക്കാന്‍ നോക്കും. മ്മള് രണ്ടാളും പെരുന്നാളിനല്ലാണ്ട് പള്ളീല് പൂവ്വാറുണ്ടോ. അന്നും കുര്‍ബ്ബാനക്ക് നിക്കില്ലല്ലോ. കല്യാണം കഴിക്കണ കാലത്തേ അച്ചന്‍റെ ഇടപെടലുണ്ടാവുള്ളോ. അത്പ്പൊ മ്മ്ള് എങ്ങന്യാ കല്യാണം കഴിക്കണ്ന്നെ ആര്‍ക്കും അറീല്ലല്ലോ...’’

‘‘ന്നാലും വീട്ടിലറിഞ്ഞാ...’’

 

‘‘അതു പറഞ്ഞിരുന്നോ.. ആണുങ്ങള് കൊണ്ടൂവും. നീ ഒന്നാലോചിച്ചാ മതി, മ്മ്ള് എല്ലാരും സത്യ ക്രിസ്ത്യാനികള് തന്നെ, ന്ന്ട്ടെന്താ, ബൈബിളില് പറേണപോല്യാ എല്ലാവരും നടക്കണത്. മൂക്കുമുട്ടെ കുടിക്ക്ണില്യേ. അന്യന്‍റെ ഭാര്യേം മൊതലും മോഹിക്ക്ണില്ല്യേ.... പിന്നെന്തിനാ പ്പൊ അതാലോചിച്ച് ഒരു വെഷമം.. അയാളടെ അടുത്ത് പോയാ കുടിച്ച് മരിക്കുംന്നാ എല്ലാരും പറേണത്... അത്പ്പൊ അല്ലേലും കുടിച്ചു നശിക്കും. അതിന്‍റെ കൂടെ പട്ടിണീംണ്ടാവും... ഇത് ഭാഗ്യംണ്ടെങ്കീ പട്ടിണീന്ന് മാറിക്കിട്ടും. നശിക്ക്വാന്ന്ച്ചാലും ടാറു കുടിക്കാതെ നല്ല സാധനം കഴിച്ച് നശിച്ചൂടെ..’’

 

ഏല്യാസ്  ഒന്നയഞ്ഞ് ആലോചിച്ചു നിന്നു. അവനുള്ളില്‍ കാറ്റിലും കോളിലുംപെട്ട ഒരു പായ് വഞ്ചിയുണ്ടായിരുന്നു. 

‘‘ഇതിലിപ്പോ ഇത്ര ആലോചിക്കാനൊന്നുംല്ല്യാ.. മ്മ്ള് കച്ചോടത്തിന് പോയോണ്ടാണ് ഇങ്ങനെ ഒരു ചാന്‍സ് കിട്ടീത്. നാളെ വേറെ ആള്‍ക്കാരു പോയോടങ്ങും. അപ്പൊ അവര്‍ക്കും കിട്ടും ഇതുപോലൊരു ചാന്‍സ്. അന്ന് അവര് കാശ്ണ്ടാക്കി നടക്കണ കാണുമ്പോ വെള്ളറക്കണ്ടി വരും..’’

അതുകണ്ടു സഹിക്കാന്‍ ഏല്യാസിനാകുമായിരുന്നില്ല. അവനുള്ളിലെ പായ് വഞ്ചി ആടിയുലയാതെ കരയ്ക്കടിഞ്ഞു. 

 

‘‘ന്നാ ശരി.... ന്നീ പ്പൊ ഒന്നും ആലോചിക്കാനില്യാ. പൂവ്വാന്നെ. വരണോട്ത്ത് വെച്ച് കാണാം...’’

അന്നുച്ചക്കു തന്നെ ആ കാല്പാടുകള്‍ നോക്കി അവര്‍ നടന്നു തുടങ്ങി. അവരുടെ ഇരുവരുടേയും കയ്യില്‍ ഓരോ കുപ്പി മദ്യവുമുണ്ടായിരുന്നു. 

കാലടികള്‍ അവരെ ഉള്‍ക്കാട്ടിലേക്കു നയിച്ചു. നടന്നുനടന്ന് ജനവാസം ഉള്ളിടത്തുനിന്ന് ഏറെ ദൂരത്ത് എത്തി. ഉള്‍ക്കാട്ടിലേക്ക് നീങ്ങുംതോറും ഏല്യാസിന് ചെറിയൊരു ഭയം ആവേശിച്ചു. എല്‍ദോസിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. അതുവരെ എന്തെങ്കിലുമൊക്കെ മിണ്ടിപ്പറഞ്ഞ് നടന്നിരുന്നതാണ്. ഇപ്പോള്‍ ഒന്നും ഉരിയാടാതെ എങ്ങുമില്ലാത്ത ഒരു ഗൗരവത്തില്‍ അവന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവസാനം, അവര്‍ നിബിഡമായ വനത്തില്‍, മറ്റുമരങ്ങളേക്കാള്‍ ഏറെ ഉയരമുള്ള, ഒരു വയസ്സന്‍ യോഗി താടിയും തലയും നരച്ച് നില്ക്കുന്നതുപോലെ പൂത്തു വിലസി നില്ക്കുന്ന ഒരു പൂള കണ്ടു. കാലടികള്‍ നീണ്ടിരുന്നതും അതിന്‍റെ ചുവട്ടിലേക്കായിരുന്നു. അടുത്തുള്ള മറ്റു പൂളകളൊന്നും പൂക്കാതെ ആ ഒരൊറ്റ പൂളമാത്രം പഞ്ഞികള്‍ പൊഴിച്ചുകൊണ്ടുനിന്നു. 

 

അവിടെ ഒരാള്‍വലുപ്പത്തില്‍ കൂമ്പാരമായി പഞ്ഞികൂടിക്കിടന്നിരുന്നു. അവര്‍ അതിനടുത്തുനിന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ പഞ്ഞിക്കെട്ടിനകത്ത് ആരോ ഇരിക്കുന്നുണ്ടെന്ന് കണ്ടു. അവര്‍ അവിടേക്കു നോക്കി തുടര്‍ന്നെന്തുചെയ്യണമെന്ന് ആലോചിച്ചു. 

 

ഏറെനേരം അങ്ങനെ നിന്നിട്ടും പ്രയോജനമില്ലെന്നായപ്പോള്‍ എല്‍ദോ ഏല്യാസിനോട് ചോദിക്കുക പോലും ചെയ്യാതെ ബോട്ടില്‍ പൊട്ടിച്ചു. അതില്‍നിന്ന് ഉള്ളംകയ്യിലേക്കു പകര്‍ന്ന മദ്യം ആ പഞ്ഞിക്കെട്ടിലേക്ക് തളിച്ചു. പിന്നെയവര്‍ക്കു കാത്തുനില്ക്കേണ്ടി വന്നില്ല. മണ്‍പുറ്റ് പൊളിഞ്ഞുവീഴുന്നതുപോലെ പഞ്ഞികള്‍ നിലത്തുവീണുകൊണ്ടിരുന്നു.  അതിനകത്തുനിന്നു നീണ്ടുമെലിഞ്ഞ അല്പ വസ്ത്രധാരിയായ ജഡ കെട്ടിയ ഒരാള്‍ പുറത്തുവന്നു. അയാള്‍ മാറി മാറി നോക്കി ചിരിച്ചു. ഒന്നും സംസാരിക്കാതെ എല്‍ദോയുടെ കയ്യില്‍ നിന്നയാള്‍ പൊട്ടിച്ച ബോട്ടില്‍ വാങ്ങി വായിലേക്കു കമഴ്ത്തി. തണുത്ത ഒരു ബിയര്‍ വായില്‍ നിന്നും മാറ്റാതെ ഒറ്റ ഇരുപ്പില്‍ കഴിക്കുന്നതുപോലെ അയാളാ ഫുള്‍ബോട്ടില്‍ നിസ്സാരമായി തീര്‍ത്തു. അതു കഴിഞ്ഞപ്പോള്‍ യാന്ത്രികമായി ഏല്യാസ് കയ്യിലിരുന്ന കുപ്പി അയാള്‍ക്കുനേരെ നീട്ടി. അയാള്‍ അതുവാങ്ങി പൊട്ടിക്കാതെ പഞ്ഞിക്കടുത്തേക്ക് നീക്കിവെച്ചു.

 

‘‘എന്തിനാണ് നിങ്ങള്‍ ഇവിടെ എത്തിയത്..’’

‘‘ഞങ്ങള്‍ മുന്നില്‍ കണ്ട കാലടികള്‍ പിന്തുടര്‍ന്ന് വന്നതാണ്.’’

‘‘എന്നും നിങ്ങള്‍ ആ കാലടികള്‍ പിന്തുടരാന്‍ തയ്യാറുണ്ടോ?’’

ഏല്യാസ് ഒന്നും മിണ്ടാതെ നിന്നു. എല്‍ദോക്ക് ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. 

‘‘അതുകൊണ്ടാണല്ലോ, ഞങ്ങള്‍ പിന്തുടര്‍ന്നത്....’’

‘‘നല്ലത്. അതിനര്‍ത്ഥം നിങ്ങള്‍ ജീവിതത്തില്‍ രക്ഷപ്പെടാന്‍ പോകുന്നു എന്നാണ്. നിങ്ങള്‍ പിറകില്‍ നടക്കേണ്ടവരല്ല. പ്രതിസന്ധികളെല്ലാം തട്ടിമാറ്റി മുന്നില്‍ നടക്കേണ്ടവരാണ്. അങ്ങനെയുള്ള നിങ്ങളെങ്ങനെ പിറകില്‍ നടക്കും.’’ 

 

അയാള്‍ കുറച്ചുനേരം ഒന്നുനിര്‍ത്തി. അവര്‍ മറുപടി പറഞ്ഞില്ല. അയാള്‍ തുടര്‍ന്നു...

‘‘മനസ്സിലാകുന്നില്ല അല്ലേ. നിങ്ങളാണ് കച്ചോടത്തിന് പോകേണ്ടതും കച്ചോടക്കാരാകേണ്ടതും. അവരല്ല. സ്വന്തമായി കച്ചവടത്തിനു പോകാന്‍ നിങ്ങള്‍ തയ്യാറാണോ?’’

 

അവര്‍ അത്രയും പ്രതീക്ഷിച്ചിരുന്നില്ല. അസാധ്യമായ ഒരു കാര്യമാണ് തങ്ങള്‍ കേള്‍ക്കുന്നതെന്ന മട്ടില്‍ എല്‍ദോസ് നിന്നു. അവര്‍ക്കിരുവര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. അയാള്‍ ഒന്നു ചിരിച്ചു. എവിടെ നിന്നോ ആപ്പിളിനോളം വലുപ്പമുള്ള ചെമന്ന രണ്ടു ഫലങ്ങള്‍ അവര്‍ക്കുനേരെ നീട്ടി. 

‘‘ഇതാ, വനാതിര്‍ത്തി കടക്കുന്നതിനു മുന്‍പ് ഇത് തിന്നുതീര്‍ക്കുക. ബാക്കിയെല്ലാം താനെ സംഭവിച്ചുകൊള്ളും....’’

 

അത്രയും പറഞ്ഞ് അയാള്‍ ആകാശത്തേക്ക് പടര്‍ന്നുനില്ക്കുന്ന ആ പൂളമരത്തിന്‍റെ  വിശാലതയിലേക്ക് ഒരു കുരങ്ങനേക്കാള്‍ വേഗത്തില്‍ ചാടി കയറിപോയി. പിന്നെ അവിടെ നില്ക്കാന്‍ അവര്‍ക്കു തോന്നിയില്ല. 

ആ പൂളക്കാടിന്‍റെ അതിരു കടക്കുവോളം ഏല്യാസ് ആ ഫലം തിന്നുവോ എന്ന് എല്‍ദോക്കറിയില്ലായിരുന്നു. അവന്‍ കിട്ടിയപാടെ, അതിരൊന്നും നോക്കാന്‍ നിന്നില്ല, അതു കടിച്ചുതിന്നു. ശരീരത്തില്‍ ചില കുമിളകള്‍ പൊട്ടിവിരിഞ്ഞ് ഒരുതരം ഊര്‍ജ്ജം നിറഞ്ഞു. ആദ്യമായി മദ്യപിച്ച ദിനം ഭാരം നഷ്ടപ്പെട്ട് അന്തരീക്ഷത്തില്‍ പൊങ്ങി കിടന്നത് ഓര്‍മ്മയുണ്ട്. തലയ്ക്കകത്ത് എന്തോ നിറഞ്ഞുകവിയുന്നത് അവനറിഞ്ഞു. അതിനിടെ ഏല്യാസ് തിന്നോ ദൂരെയെറിഞ്ഞോ എന്നൊന്നും ശ്രദ്ധിക്കാന്‍ അവനു സമയം കിട്ടിയില്ല.

 

എല്‍ദോ ഫലം തിന്നുന്നതും അവനിലുണ്ടാകുന്ന മാറ്റങ്ങളും ഏല്യാസ് ഉറ്റു നോക്കിക്കൊണ്ടിരുന്നു. ബാഹ്യമായി പ്രത്യേകിച്ച് ഒരു മാറ്റവും അവനില്‍ കാണാന്‍ കഴിഞ്ഞില്ല. അപ്പോഴും ആ ഫലം തിന്നണോ എന്നൊരു തീരുമാനത്തില്‍ എത്താന്‍ ഏല്യാസിന് കഴിഞ്ഞിരുന്നില്ല. 

പിറ്റേ ഞായറാഴ്ച കാലത്ത് നേരത്തെ തലയില്‍ മുണ്ടിട്ടു മറച്ച് മാഷുമാര്‍ രണ്ടുപേരും പ്രാഞ്ചിയുടെ വണ്ടിയില്‍ കുനിഞ്ഞിരുന്ന് എല്‍ദോയുടേയും ഏല്യാസിന്‍റേയും വീടിനു മുന്‍പിലുള്ള ഇടവഴിയില്‍ വണ്ടിനിര്‍ത്തി. കുറേനേരം കാത്തിരുന്നിട്ടും ഹോണടിച്ചിട്ടും കാര്യമില്ലെന്നു കണ്ട മാഷുമാര്‍ നേരം പരപരാന്ന് വെളുക്കുന്നതിനുമുമ്പ് അവരുടെ വീടുകളിലേക്ക് ചെന്നു. എല്‍ദോ വീടിന്‍റെ ഉമ്മറത്തുതന്നെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവര്‍ ചെല്ലുമ്പോള്‍ അവന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. 

 

‘‘അല്ല, എല്‍ദോ നീയ് വര്ണില്യേ. നേരം തെത്രായി...’’

‘‘എങ്ക്ട്...?’’

‘‘കഴിഞ്ഞ ഞായറാഴ്ച പറഞ്ഞതൊക്കെ മറന്ന്വോ?’’

‘‘കച്ചോടത്തിനാന്ന്ച്ചാ ഇനി ഞങ്ങളില്ലാ. മാഷ്മാര് വേറെ കുട്ട്യോളെ നോക്കിക്കോ... കച്ചോടത്തിനായി പോണത് ഞങ്ങള് നിര്‍ത്തി..’’

‘‘അപ്പൊ ന്നി എന്തുചെയ്യാനാ പരിപാടി...’’

‘‘ഞങ്ങള് സ്വന്തായിട്ട് തൊടങ്ങാന്ള്ള പരിപാടിയാ. അതിനുള്ള കാര്യങ്ങള് നോക്കിക്കൊണ്ടിരിക്ക്യാ..’’

എല്‍ദോയെ വിളിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായ അവര്‍ ഏല്യാസിന്‍റെ വീട്ടിലേക്കു തിരിഞ്ഞു. 

‘‘അവന്‍റടുത്തേക്കും പോണ്ടാ. അവനും ഇതുതന്ന്യാ പറയ്യ്വാ..’’

 

മാഷുമാര്‍ അത് കാര്യമാക്കാതെ ഒരു മനസമാധാനത്തിനുവേണ്ടി അവിടേക്കുപോയി. കുറച്ചു കഴിഞ്ഞ് പോയതിനേക്കാള്‍ വേഗത്തിൽ നിരാശരായി തിരിച്ചുപോകുന്നതു കണ്ടു. ഒന്നുരണ്ടുവട്ടം കൂടി ഹോണടിച്ച് കാത്ത് പ്രാഞ്ചിയോടിക്കുന്ന വണ്ടി നീങ്ങിപ്പോയി. അന്നത്തോടെ മാഷുമാര്‍ കച്ചവടം അവസാനിപ്പിച്ചു. അന്ന് അന്തിയാവോളം നടന്നിട്ടും ഒരു കിടയ്ക്കപോലും വില്ക്കാന്‍ അവരെക്കൊണ്ടായില്ല. വണ്ടിക്കാശും ചെലവുകാശും കയ്യില്‍നിന്നു പോയപ്പോള്‍ അവരാ പരിപാടി നിര്‍ത്താന്‍ തീരുമാനിച്ചു. 

 

അന്നുരാത്രി ആ ഫുള്‍ലോഡുവണ്ടി കിടക്കകള്‍ എല്‍ദോയുടെ വീട്ടുമുറ്റത്ത് കൊണ്ടുവന്നിറക്കി. വിറ്റിട്ട് കാശുതന്നാല്‍ മതി എന്ന കരാറില്‍. സ്വന്തമായി കിടയ്ക്കകള്‍ ഉണ്ടാക്കി വില്ക്കണമെന്ന ധാരണയില്‍ എത്തിയിരുന്നെങ്കിലും അതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് കുഴങ്ങിയിരിക്കുകയായിരുന്നു അവര്‍. ആ സമയത്താണ് ആവശ്യമായ പണത്തിന്‍റെ രൂപത്തില്‍ കിടക്കകള്‍ കാല്ക്കല്‍ വീഴുന്നത്. പിറ്റേന്ന് കാലത്ത് അവര്‍ അതേ വണ്ടിയില്‍ തലേന്ന് മാഷുമാര്‍ നടന്നുക്ഷീണിച്ച അതേ നാട്ടിടവഴികളിലൂടെ നടന്ന് ഉച്ചയാകുന്നതിനു മുമ്പേ  ആ കിടയ്ക്കകള്‍ എല്ലാം വിറ്റുതീര്‍ത്തു. പണം പങ്കുവെക്കാതെ ഒരു ബാറില്‍ക്കയറി വേണ്ടുവോളം കുടിക്കുകയും തിന്നുകയും ചെയ്തു. സന്ധ്യയോടെ കിടയ്ക്കാടെത്തി. മാഷുമാരുടെ വീടുകളുടെ പിറകില്‍ ഉണ്ടാക്കിവെച്ചിരുന്ന കിടയ്ക്കകള്‍ മുഴുവന്‍ മൂന്നുദിവസംകൊണ്ട് വിറ്റുതീര്‍ത്തു. പണംകൊടുക്കാനുള്ള അവധി ഒരുമാസം വരെ അവര്‍ക്കുകിട്ടിയിരുന്നു. 

 

ആ കിടയ്ക്കകള്‍ തീര്‍ന്നപ്പോള്‍ അവര്‍ വീടിനു  പിറകിലെ മുണ്ടന്‍റെ പറമ്പില്‍ ദിവസം ഒരു കുപ്പി വാറ്റുചാരായം വാടക പറഞ്ഞ്, ഒരു ഓലഷെഡ് കെട്ടിയുണ്ടാക്കി. മാഷുമാര്‍ കിടയ്ക്ക കച്ചവടം നിര്‍ത്തിയതോടെ തങ്ങള്‍ക്കിനി പണിയുണ്ടാകില്ലെന്ന് കരുതി വിഷമിച്ചിരുന്ന സ്ത്രീകളെ മുഴുവന്‍ കിടയ്ക്കകള്‍ തുന്നാനും പഞ്ഞിപറിച്ച് നീക്കിയിടാനുമായി അവിടേക്ക് നിയമിച്ചു. അങ്ങനെ കിടയ്ക്കാട്, പരസ്യമായി, പട്ടാപകലും കിടയ്ക്കകള്‍ ഉണ്ടാക്കുകയും വണ്ടികളില്‍ നിറച്ച് പാഞ്ഞുപോകുകയും ചെയ്തു. 

 

മുതലാളിത്തവും തൊഴിലാളിത്തവും തങ്ങള്‍ക്കു ചേരില്ലെന്നറിഞ്ഞ മാഷുമാര്‍ പഠിപ്പിക്കലും പി.എസ്.സി. എഴുതലുമായി കഴിഞ്ഞുകൂടി. കിടയ്ക്ക കച്ചവടത്തിന് വേണ്ടെങ്കിലും ഗവണ്‍മെന്‍റിന് അവരെ വേണമായിരുന്നു. അവര്‍ സര്‍ക്കാര്‍ സേവകരായി. അപ്പോഴേക്കും ഗവണ്‍മെന്‍റിനെ സേവിച്ചാല്‍ ഒരു മാസം കൊണ്ട് കിട്ടുന്നത് ഒരാഴ്ചകൊണ്ട് കിട്ടുന്നതരത്തില്‍ കിടയ്ക്ക കച്ചവടം വളര്‍ന്നു കഴിഞ്ഞിരുന്നു. ചെറുതും വലുതുമായ പണികളെല്ലാം വിട്ടെറിഞ്ഞ് കിടയ്ക്കാട്ടെ കൗമാരവും യൗവനവും കച്ചവടത്തില്‍ വന്നുചേര്‍ന്നുകൊണ്ടിരുന്നു. 

 

എല്‍ദോയും ഏല്യാസും  ഒന്നിച്ചു നടത്തിയ കച്ചവടം ഒരുഘട്ടത്തില്‍വെച്ച് രണ്ടുപേരെയും ഒരു തിരിച്ചറിവില്‍ എത്തിച്ചു. കൂട്ടുകാരായിരിക്കുമ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് ഒരുനാള്‍ കച്ചവടത്തിനു പോകുന്നതിനു മുമ്പ് രണ്ടാളുംകൂടി തീരുമാനിച്ചു. എല്‍ദോക്ക് കച്ചവടം കഴിഞ്ഞാല്‍ കാശുണ്ടേലും ഇല്ലേലും ബാറില്‍ കയറണം. അത് ഒരു ലിമിറ്റിലുള്ള അടിയൊന്നുമല്ല. അടി തുടങ്ങിയാല്‍ ബോധം പോയി കാല് നിലത്തുറക്കാതായാലെ എഴുന്നേല്ക്കൂ. ബാക്കി പൈസ കൊണ്ടേ വീതംവെയ്പുള്ളൂ. കുടിക്കാത്തവര്‍ ആരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ നഷ്ടമാണ്. ആദ്യമൊക്കെ ആ നഷ്ടം സഹിച്ചെങ്കിലും പിന്നെ അവരെ അതിനു കിട്ടാതായി. ഒപ്പത്തിനൊപ്പമിരുന്ന് അവരും ഗ്ലാസ്സുകള്‍ തുടച്ചുവെച്ചു. ഒഴിച്ചുകഴിഞ്ഞ് കുടി തുടങ്ങിയപ്പോഴാണ് തങ്ങള്‍ക്കിത്രമാത്രം സ്റ്റാമിനയുണ്ടെന്ന് അവര്‍ക്കും ചുറ്റുമിരിക്കുന്നവര്‍ക്കും മനസ്സിലായത്. അങ്ങനെ ആ ടീമില്‍ കുടിക്കാത്തവര്‍ ആരുമില്ലെന്നായി. 

 

എന്നാല്‍ ഏല്യാസിനാകട്ടെ കൃത്യമായി ഒരു കണക്കുണ്ട്. എല്‍ദോയും മറ്റുള്ളവരും അഞ്ചു പെഗ്ഗു കഴിച്ചു കഴിയുമ്പോള്‍ ഏല്യാസ് രണ്ടു പെഗ്ഗിലേ എത്തിയിട്ടുണ്ടാകൂ. മൂന്നെണ്ണത്തില്‍ അവന്‍ വലി മുട്ടിച്ചു നിര്‍ത്തും. കാര്യങ്ങള്‍ ഇങ്ങനെയങ്ങു നീണ്ടാല്‍ കച്ചോടംകൊണ്ടു കുടിച്ചു കരള്‍ രോഗം വരുമെന്നല്ലാതെ  മറ്റൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന് ഏല്യാസിന് തോന്നി. കുടിച്ചിരിക്കുന്ന സമയത്ത് എല്‍ദോയോടു ഒന്നും പറയാന്‍ പറ്റില്ല. മൂക്കിന്‍ തുമ്പത്താണ് ശുണ്ഠി. കച്ചവടക്കാര്യത്തില്‍ എല്‍ദോ ഓര്‍ഡറെടുക്കാനും മുറിക്കാനും തന്നേക്കാള്‍ ഒരുപടി മുന്നിലാണെന്ന് ഏല്യാസിന് അറിയാം. പക്ഷേ സ്വബോധമുള്ള നേരത്ത് എല്‍ദോക്ക്  അതിന്‍റെ നാട്യമൊന്നുമില്ല. പെഗ്ഗ് മൂന്നെണ്ണം ചെന്നാല്‍ പിന്നെ വരുന്ന സംസാരത്തില്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ആ ഒരു ഹൂങ്കുണ്ടാകുന്നുണ്ട്. 

 

ആ സമയത്ത് കുടി നിയന്ത്രിക്കുന്നതേക്കുറിച്ച് പറയാന്‍ നിന്നാല്‍ ചിലപ്പോള്‍ അടിതന്നെ നടന്നേക്കുമെന്ന് കുടിച്ചാലും ബോധംപോകാത്ത ഏല്യാസിനറിയാം. ഒരുദിവസം കാലത്ത് സൗഹാര്‍ദ്ദപൂര്‍വ്വം ഏല്യാസ് വിഷയം അവതരിപ്പിച്ചു. 

‘‘എല്‍ദോയേ ഇയ്ക്കൊരു കാര്യംണ്ട് പറയാന്‍... കുറേനാളായി വിചാരിക്ക്ണൂ..’’

‘‘നിനക്കൊരു കാര്യം പറയാനുണ്ടെങ്കീ എന്തിനാ അതിത്രനാള് വൈകിച്ചേ..’’

‘‘അല്ല, പറയാതെ ശരിയാവ്ന്ന്ച്ചാ ആവട്ടെന്ന് വിചാരിച്ചു. നമ്ക്ക് കച്ചോടക്കാശ് ബാറീ കേറുന്നേനുമുമ്പ് പങ്കുവെക്കാം. ഇഷ്ടംള്ളോര് കുടിച്ചോട്ടെ അല്ലാത്തോര്‍ക്ക് വേണ്ട.’’

‘‘ഞാന്‍ ലോഡ് കൊണ്ട്രണ വണ്ടില് അത് നടക്കില്യ.’’

‘‘അങ്ങനെയെങ്കീ എനിക്ക് വേറെ ലോഡുപോണ്ടി വരും.’’

‘‘പൊയ്ക്കോ. എന്തായാലും ഇന്ന് ലോഡ് കേറ്റീല്ലേ. ഈ ലോഡ് കച്ചോടം കഴിയട്ടെ. ന്ന്ട്ട് നമുക്ക് കണക്കുനോക്കി തീരുമാനിക്കാം കാര്യങ്ങള്...’’

 

അന്ന് അങ്ങനെ അവരൊന്നിച്ചുള്ള അവസാനത്തെ ലോഡ് നീങ്ങി തുടങ്ങി. അവര്‍ പുറത്തൊന്നും കാണിക്കാതെ പഴയപടി കളിതമാശയില്‍ ഇരുന്നു. രാത്രിയില്‍ നന്നായി കുടിച്ചു. മൂന്നുദിവസത്തേക്കുണ്ടായിരുന്ന ലോഡ് രണ്ടുദിവസംകൊണ്ട് തീര്‍ന്നു. കച്ചോടം കഴിഞ്ഞ് വണ്ടി തിരിക്കുമ്പോള്‍ അവര്‍ക്ക് വല്ലാത്ത ഏകാന്തത തോന്നി. അവര്‍ ആദ്യമായി ഒന്നും ഉരിയിടാതെ ബാറിലിരുന്ന് കുടിച്ചു. ബോധം മറഞ്ഞ എല്‍ദോയെ ഏല്യാസ് താങ്ങിപ്പിടിച്ച് വണ്ടിയില്‍ കൊണ്ടുവന്നിരുത്തി. അവര്‍ക്കുള്ളില്‍ അണയാതെ എരിയുന്ന തീക്കട്ട അറിയാതെ പ്രാഞ്ചിയും കൂട്ടരും വണ്ടിയിലിരുന്നു, ഉറങ്ങിയും ഉറങ്ങാതെയും.

 

ഒറ്റപ്പെടലിന്‍റെ വേദന ഉണ്ടായിരുന്നെങ്കിലും, കച്ചവടത്തിന് ഒന്നിച്ചുപോയി തങ്ങളുടെ ചങ്ങാത്തം നശിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പിറ്റേന്നു കാലത്ത് അവര്‍ ഒന്നിച്ചിരുന്നു. അവസാനമായി ഒരിക്കല്‍കൂടി ഏല്യാസ് എല്‍ദോയോട് കച്ചവടക്കാശ് പങ്കുവെക്കുന്നത് കുടിക്കുന്നതിനു മുന്‍പ് ആയിക്കൂടേ എന്നു ചോദിച്ചു. എല്‍ദോ പൊടിക്കും കൂട്ടാക്കിയില്ല. യാതൊരു മുറുമുറുപ്പും ഇല്ലാതെ അവര്‍ കണക്കുനോക്കി കാശും ഉണ്ടാക്കിവെച്ചിരുന്ന കിടയ്ക്കകളും കിടയ്ക്ക ഉണ്ടാക്കാനിരിക്കുന്ന പഞ്ഞിയും തുണിയും വീതംവെച്ചു. അതെല്ലാം ഒരുവണ്ടിയില്‍ കയറ്റി എല്‍ദോ വീടിനു പുറകില്‍ കൊണ്ടുപോയിട്ടു. അപ്പോള്‍തന്നെ കിട്ടുന്നത്ര ആള്‍ക്കാരെ വിളിച്ച് അവിടെ ഒരു ഷെഡ് കെട്ടി മറച്ചു. പിറ്റേന്നു മുതല്‍ കിടയ്ക്കയുണ്ടാക്കാനായി ആള്‍ക്കാരെ പറഞ്ഞേര്‍പ്പാട് ചെയ്തു. 

കച്ചവടത്തിനു പോക്കും കിടക്കയുണ്ടാക്കലും കൂടി തന്നെക്കൊണ്ടാവില്ലെന്നു തോന്നിയപ്പോള്‍ അപ്പുറത്തെവീട്ടില്‍ പഠിപ്പു കഴിഞ്ഞ് വലിയ പണിയൊന്നുമില്ലാതെ നടക്കുന്ന ജോണിയെ വിളിച്ച് മാനേജരെന്ന തസ്തികയുണ്ടാക്കി കയറ്റിയിരുത്തി. ഷെഡില്‍ ഇരിക്കാനും എഴുതാനുമൊക്കെയായി ഒരു മേശയും കസേരയും വേണമെന്ന നിര്‍ബന്ധമേ അവനുണ്ടായിരുന്നുള്ളൂ. നാളെ ജോലിക്കു വരുന്നതിനു മുന്‍പ് ഷെഡിനകത്ത് മേശയും കസേരയും ബുക്കും പേനയും എത്തുമെന്ന് പറഞ്ഞ് എല്‍ദോ സ്ഥലം വിട്ടു. പഴയ കിടയ്ക്ക കമ്പനിയില്‍ ഒരു മാനേജരുടെ ആവശ്യം തോന്നിയിരുന്നില്ല. 

 

കണക്കുകളും കാര്യങ്ങളുമെല്ലാം കൃത്യമായി ഏല്യാസ് നോക്കുമായിരുന്നു. ഇനി അങ്ങനെ ഉഴപ്പാന്‍ പറ്റില്ലല്ലോ. എല്‍ദോ നേരെ പ്രാഞ്ചിയുടെ മുതലാളിയുടെ വീട്ടില്‍ കയറി ചെന്നു. പറഞ്ഞ കാശിന് ഒന്നു പേശുക പോലും ചെയ്യാതെ ആ ലോംഗ് ചേസ് ടെമ്പോ വാങ്ങി. ഡ്രൈവറായി പ്രാഞ്ചിയേയും. നേരെ വണ്ടി ബാറിനടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ കയറ്റി പേരങ്ങുമാറ്റി ‘ഓലപറമ്പില്‍’ എന്നെഴുതിചേര്‍ത്തു. എല്‍ദോയുടെ വീട്ടുംപേരായിരുന്നു അത്. ‘ചൊട്ടന്‍’ എന്ന ഓമനപേര് പുറകിലും. 

 

ബാറില്‍ നിന്ന് മൂന്നെണ്ണം വിട്ട് ഓലപ്പറമ്പിലില്‍ എല്‍ദോ പോരും നേരം ഏല്യാസ് തങ്ങള്‍ കിടയ്ക്ക കമ്പനിയ്ക്ക് വാങ്ങിയ ഷെഡ് സ്വന്തം പേരില്‍  വാങ്ങി കാശു കൊടുക്കുകയായിരുന്നു. ഏല്യാസിനതുകൊണ്ട് കിടയ്ക്കയും പഞ്ഞിയും അവിടെ നിന്നു മാറ്റാതെ കഴിഞ്ഞു. പിറ്റേദിവസം 8 മണിക്ക് പുതിയ മൂന്ന് കച്ചവടക്കാരേയും കൂട്ടി ഏല്യാസ് ഒരു ടെമ്പോ വാടകക്കെടുത്ത് കച്ചവടത്തിനിറങ്ങി. ഭാഗിച്ചപ്പോള്‍ കിട്ടിയ കിടയ്ക്കയുമായി കൃത്യം 8.30 ന് ഓലപ്പറമ്പിലില്‍ എല്‍ദോയും കൂട്ടരും. 

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com