ADVERTISEMENT

മരണത്തിന്റെ ചൂണ്ട

 

‘‘ക്ലാസ് വിട്ടു കുട്ടികളെ മൈതാനത്തേക്കു വിടുമ്പോൾ എന്താണു ചെയ്യുന്നത്? ലക്കില്ലാതെ അവർ ഓടിനടക്കും. അല്ലേ?’’

കസേരയിൽ ചാരിക്കിടന്ന്, ഒരു ഓറഞ്ച് സാവധാനം പൊളിച്ചുകൊണ്ട് റബേക്ക ടീച്ചർ ചോദിച്ചു.  

 

‘‘അന്നമ്മ വല്യമ്മയുടെ മരണത്തോടെ ഞാനും ഒരു മൈതാനത്തേക്കു ചെന്നുപെടുകയായിരുന്നു. അതിരില്ലാത്ത സ്വാതന്ത്ര്യം. സ്വപ്നം കാണാനാവാത്ത ജീവിതം. ഇഷ്ടംപോലെ പണം. ഏതാജ്ഞയും സ്വീകരിക്കാൻ വേലക്കാർ. എല്ലാത്തിനും പുറമേ ജോസഫ് പാപ്പൻ ഇടപെട്ട് നേടിത്തന്ന സെന്റ് ജോസഫ് സ്കൂളിലെ തയ്യൽ ടീച്ചർ ജോലി. ഞാൻ ശരിക്കും ആസ്വദിച്ചു.’’

 

ഓരോ വാക്കും മുറിച്ചുമുറിച്ചാണ് റബേക്ക ടീച്ചർ പറഞ്ഞത് എന്നതിനാൽ അതേപടി കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ എനിക്കു സാവകാശം കിട്ടി. പക്ഷേ, സംശയങ്ങളുടെ വിടവുകൾ കൈവേഗം കുറച്ചു

‘‘അന്നമ്മ വല്യമ്മ മരിച്ചപ്പോൾ സോജൻ വന്നില്ലേ?’’

ആകാംക്ഷ അടക്കാനാവാതെ ഞാൻ ചോദിച്ചു.

 

‘‘വന്നിരുന്നേൽ ഞാൻ പാഠം പഠിപ്പിച്ചേനേം അവനേം കെട്ടിയോളേം... പക്ഷേ, അമ്മച്ചീടെ പൊന്നുമോൻ വന്നില്ല. ലീവ് കിട്ടിയില്ല പോലും. പേടിച്ചുതൂറിയാ. അവനറിയാം, അമ്മച്ചി പോയതോടെ വീട്ടിലെ ബലം പോയെന്ന്. പിന്നൊരിക്കൽ നാട്ടിൽ വന്നപ്പോ സിറ്റീലെ ലോ‍ഡ്ജിലെങ്ങാണ്ടാരുന്നു പൊറുതി. പെമ്പിളേം കൊച്ചും വന്നില്ലെന്നാ കേട്ടേ.’’

‘‘സ്വത്ത് വീതം വച്ചോ?’’

 

‘‘ഇമ്മിണി പുളിക്കും. ഇക്കാണായാതെല്ലാം ഇപ്പോ ഞാനൊരാളുടെ പേരിലാ. അതല്ല്യോ കുടുംബത്തിലെല്ലാവർക്കും എന്നോടു ദേഷ്യം. പാപ്പൻ മരിക്കുന്നേനുമുൻപ് എല്ലാം വശീകരിച്ചെടുത്തെന്നാ ആരോപണം. കണക്കായിപ്പോയി. അങ്ങേര് ഇഷ്ടംകൊണ്ട് എനിക്കു തന്നതാ എല്ലാം.  കിളുന്നുപ്രായത്തിൽ കിളവന്റെ കൂടെ കിടന്നുകൊടുത്തതിന് ഇത്രയൊന്നും കിട്ടിയാൽ പോരാ...’’

റബേക്ക ടീച്ചറുടെ മുഖം തുടുത്തു.

‘‘കുഞ്ഞാത്തേ...’’

അവർ അലറി. അടുത്ത നിമിഷം രണ്ടുഗ്ലാസ് നാരങ്ങാവെള്ളം ഇരുകാലുകളിൽ നടന്നുവന്നു. 

‘‘തോപ്രനു തീറ്റി കൊടുത്തോ?’’ ടീച്ചർ വീണ്ടും അലറി.

‘‘ഉവ്വ്. പിന്നെന്താ അവൻ മുരളുന്നേ?’’

 

ഞാൻ കാതോർത്തു. കാറ്റിന്റെ നേരിയ നിശ്വാസമല്ലാതെ ഒന്നും കേൾക്കാനില്ല. ടീച്ചർക്കുമാത്രം കേൾക്കാവുന്ന മുരളലോ എന്നു ഞാൻ വിസ്മയിച്ചു. പുലരിവെയിൽ ജാലകത്തിലൂടെ എത്തിനോക്കാൻ മടിച്ച് മുറ്റത്തു പിച്ചവച്ചുനടക്കുന്നു. ഗന്ധരാജൻ പൂക്കൾക്കു ചുറ്റും പറന്ന ചിത്രശലഭങ്ങളിലൊന്ന് ജനലഴിയിൽ വന്നു സമാധിയായി. ഞാൻ കൈവിരൽ നീട്ടി ഓടിക്കാൻ ശ്രമിച്ചിട്ടും അത് വട്ടം ചുറ്റി പിന്നെയും അവിടെത്തന്നെ വന്നൊട്ടി. ടീച്ചർ എന്നെ ഉറ്റുനോക്കി.

‘‘എന്തിനാ അതിനെ ഓടിച്ചുവിടുന്നത്? അതു നിനക്കെന്തു ദ്രോഹം ചെയ്തു?’’

വിളറിയചിരിയിൽ ഞാൻ മറുപടിയൊതുക്കി.

 

‘‘അതിരിക്കേണ്ട ഇടം ഇതല്ലെന്ന് നീയങ്ങു തീരുമാനിച്ചു. അതല്ലേ സത്യം? സത്യത്തിൽ നിനക്കതിൽ ഒരു പ്രശ്നമല്ല. അതെവിടിരുന്നാലും നിന്നെ ബാധിക്കുന്ന കാര്യവുമല്ല. പത്തേക്കറിലെ വീട്ടിലും സംഭവിച്ചത് ഇതുതന്നെയായിരുന്നു. റബേക്ക ഇരിക്കേണ്ടിടം അതല്ലെന്ന് ബന്ധുക്കളും സ്വന്തക്കാരുമൊക്കെയങ്ങു തീരുമാനിച്ചു. അവർ സോജനെ വിളിച്ചു കുത്തിത്തിരിപ്പുണ്ടാക്കി. ആന്റണിയെ സ്വാധീനിക്കാൻ ശ്രമിച്ചു. പാപ്പനെ ഗുണദോഷിക്കാൻ നോക്കി. അതോടെ എന്റെ വാശിയും കൂടി. എല്ലാം പിടിച്ചടക്കണമെന്ന് ഞാനുറപ്പിച്ചു. അതു നേടുകയും ചെയ്തു.’’

 

‘‘സോജൻ കേസിനൊന്നും പോയില്ലേ?’’

എന്റെ ആകാംക്ഷ അടങ്ങിയില്ല. മനസ്സിലാക്കിയിടത്തോളം സോജൻ പണത്തോട് ആർത്തിയുള്ള ആളാണ്. അയാളെ പെട്ടെന്ന് ഒതുക്കാനാവുമോ?

 

‘‘ഞാൻ പറഞ്ഞില്ലേ, മരിക്കുന്നേനുമുൻപ് പാപ്പൻ സ്വത്തെല്ലാം എന്റെ പേരിൽ എഴുതിവച്ചെന്ന്. പിന്നെ കേസിനു പോയിട്ടെന്താ?’’

റബേക്ക ടീച്ചർ ഓറഞ്ചിന്റെ അല്ലി നാവിൽവച്ച്, വിരലിൽ കുരുങ്ങിയ വെള്ളനൂലുകൾ മേശപ്പുറത്തേക്കു കുട‍ഞ്ഞു. ആ നിമിഷം, കാത്തിരുന്നതുപോലെ കുഞ്ഞാത്ത പറന്നെത്തി അതു കോരിയെടുത്ത് മേശപ്പുറം തൂത്തുതുടച്ച് പുറത്തേക്കുപോയി. 

 

‘‘അന്നമ്മ വല്യമ്മേടെ ആങ്ങളയൊരുത്തനുണ്ടാരുന്നു. പോത്തൻ ജോഷ്വാന്നു പറഞ്ഞൊരു കാട്ടുമാക്കാൻ. അങ്ങേർക്കായിരുന്നു വലിയ സൂക്കേട്. വലിഞ്ഞുകേറിവന്നവര് ആളുകളിക്കാൻ സമ്മതിക്കരുതെന്ന് അയാൾ പലരോടും പരസ്യമായിട്ടു പറഞ്ഞതു ഞാനറിഞ്ഞു. പാപ്പനൊണ്ടാരുന്നപ്പോ ഞാനൊന്നും മിണ്ടിയില്ല. ആന്റണീം കൂടി പോയപ്പോഴാ അങ്ങേരു നേർക്കുനേരേ പോരിനിറങ്ങിയേ. കർത്താവെന്റെ കൂടാരുന്നു. അധികം വക്കാണത്തിനുനിൽക്കാതെ അയാളെയും അങ്ങു മേലോട്ടെടുത്തു.’’

 

തുണച്ചത് കർത്താവോ സാത്താനോ? ചോദിക്കണമെന്നുണ്ടായിരുന്നു. എന്റെയച്ഛൻ ആരോപിക്കുന്നതുപോലെ, എതിർത്തവരെയെല്ലാം നിർവീര്യരാക്കാൻ റബേക്ക ടീച്ചർ ആരെയെങ്കിലും കൂട്ടുപിടിച്ചിട്ടുണ്ടാവുമോ?

‘‘നിനക്ക് ഓറഞ്ചുവേണ്ടേ?’’

റബേക്ക ടീച്ചർ പകുതി ഓറഞ്ച് എനിക്കു നീട്ടി. 

 

‘‘മോഹനാ, ഈ മനുഷ്യരെന്നു പറയുന്നേ ലോകത്തേക്കും പേടിത്തൂറികളായ ജീവികളാ. ചുമ്മാ ബലംപിടിച്ചു നടക്കുന്നെന്നേയുള്ളൂ. കാറ്റുകുത്തിവിട്ടാൽ ഠോ. അല്ലെങ്കിൽ നീ ആലോചിച്ചു നോക്ക്, ഒരാളു മുഖം വീർപ്പിച്ചാ നമ്മളു തളരും. കടുപ്പിച്ചൊരു വാക്കുകേട്ടാൽ സങ്കടപ്പെടും. മുഖമടച്ചൊന്നാട്ടിയാൽ തീർന്നു. നേരല്ലേ? 

 

എത്രവേഗത്തിൽ അതിനെ മറികടക്കുന്നു എന്നതാണ് പ്രധാനം. ജീവിതത്തിൽ ഒന്നും എന്നെ പത്തു സെക്കൻഡിൽ കൂടുതൽ ബാധിക്കില്ല. കുഞ്ഞുന്നാളിൽ തനിച്ചിരുന്നു കരയുമായിരുന്നു. കരയുന്നവർ ജീവിതകാലം മുഴുവൻ കരഞ്ഞോണ്ടിരിക്കത്തേയുള്ളൂ എന്നു പിന്നെ മനസ്സിലായി. അതോടെ കരച്ചിൽ നിർത്തി പൊരുതാൻ തീരുമാനിച്ചു. അതിൽ ജയിച്ചു. അതുകൊണ്ടാ ഒരുപാടു തീവന്നു വിഴുങ്ങാൻ നോക്കീട്ടും പൊള്ളാതെ ഞാൻ ദേ, ഇതുപോലെ അന്തസ്സായി ജീവിക്കുന്നേ....മനസ്സിലായോ?’’

 

ആയിരം വർഷം ശ്രമിച്ചാലും ഈ മനുഷ്യജന്മത്തെ മനസ്സിലാക്കാൻ കഴിയില്ലെന്ന് മനസ്സിൽ പറഞ്ഞുകൊണ്ടു ഞാൻ തല കുലുക്കി. ടീച്ചർ വീണ്ടും കസേരയിലേക്കു തലചാരി. പതിയെ ഓർമകളിലേക്കു കണ്ണടച്ചു. പത്തേക്കറിന്റെ മുറ്റത്ത് ജോസഫ് പാപ്പൻ എണ്ണയും കുഴമ്പും പുരട്ടി പുലരിവെയിലിൽ ഉലാത്തുന്നതും വരാന്തയിൽ ആന്റണി നെഞ്ചത്തു കൈയും കെട്ടി ശ്വാസം പിടിച്ചു നിൽക്കുന്നതും ഞാൻ കണ്ടു. 

 

‘‘നീയിങ്ങനെ ഇടയ്ക്കിടെ വന്ന് കാശു ചോദിച്ചാലെങ്ങനാ? എത്രയാ വാങ്ങിച്ചുകൂട്ടിയതെന്ന് വല്ല ഓർമേമൊണ്ടോ? വാങ്ങുന്നതല്ലാതെ, ഒന്നും കിട്ടാപ്പോക്കില്ലല്ലോ. തിരിച്ചുകിട്ടാത്ത ഒരു ഇടപാടിനും ഞാനിന്നുവരെ കാശെറക്കിയിട്ടില്ല. പക്ഷേ, നിന്റെ കാര്യത്തിൽ എല്ലാം വെള്ളത്തിലെഴുത്തായി.’’

 

ഇടംകൈകൊണ്ട് വലംകൈയിലെയും വലംകൈകൊണ്ട് ഇടംകൈയിലെയും കുഴമ്പുമിനുപ്പിൽ തെന്നിച്ചുകൊണ്ട് ജോസഫ് പാപ്പൻ, ആന്റണിക്കുമുന്നിൽ നെട്ടനെ വന്നുനിന്നു.

‘‘അതുകൊണ്ട് ഇനി ഒരു ചില്ലിക്കാശ് എന്റെ കൈയീന്നു പ്രതീക്ഷിക്കണ്ട.’’

‘‘അങ്ങനെ പറഞ്ഞാലെങ്ങനാ? ഞാൻ പിന്നാരോടാ ചോദിക്കണ്ടേ?’’

ആന്റണി പിറുപിറുത്തു.

‘‘അതെനിക്കറിയില്ല. പക്ഷേ, ചിട്ടി കളിക്കാനായി ഇനി ഞാൻ കാശുതരില്ല. നിന്നെ ബിസിനസ്സിനു കൊള്ളില്ല. ബിസിനസ്സിനെന്നല്ല, ഒരു പിണ്ണാക്കിനും കൊള്ളില്ല.’’

 

ജോസഫ് പാപ്പൻ മുറ്റത്ത് ഇരുന്നും കുനിഞ്ഞും ഒരു കസർത്തെടുത്തു. പിന്നെ, കാൽ തോളൊപ്പം ഉയർത്തി. കൈകൾ പങ്കപോലെ വട്ടം കറക്കി. ആന്റണി കുറേനേരം കൂടി അതേ നിൽപു നിന്നിട്ട് മുറിയിലേക്കു പോയി. അവിടെ റബേക്ക കണ്ണാടിക്കു മുന്നിൽ മുടി ചീകുന്നുണ്ടായിരുന്നു.

‘‘കേട്ടല്ലോ, കിളവന്റെ നിലപാട്....’’

ആന്റണി വലിയ ശബ്ദത്തോടെ കസേര വലിച്ചിരുന്നു.

‘‘നേരല്ലേ പാപ്പൻ പറേന്നേ....?’’

 

അവൾ തിരിഞ്ഞുനോക്കാതെ ചോദിച്ചുകൊണ്ട് കണ്ണാടിയിലൂടെ ആന്റണിയെ ശ്രദ്ധിച്ചു. അയാൾ ആകെ അസ്വസ്ഥനാണ്. കൈവിരലുകൾ നിവർത്തുകയും മടക്കുകയും മേശയിൽ ഇടിക്കുകയും നഖംകടിക്കുകയും ചെയ്യുന്നു. മനസ്സിൽ അക്കങ്ങൾ എഴുതിമായ്ക്കുന്നത് അവൾക്കു കാണാം. അയാളുടെ മനസ്സിൽ അക്കങ്ങൾ മാത്രമേയുള്ളൂ. നാദാപുരത്ത് ചില പെണ്ണുങ്ങളുടെ കൂടെ അയാളെ കണ്ടതായി ആരോ പറഞ്ഞു. റബേക്ക അതുകേട്ട് ഉള്ളിൽ ചിരിച്ചതേയുള്ളൂ. ഒരുപെണ്ണിനും അയാളെ സഹിക്കാൻ പറ്റില്ലെന്ന് അവൾ തന്നോടുതന്നെ പറഞ്ഞു.

 

‘‘എന്തു നേര്? ബിസിനസെന്നു പറഞ്ഞാൽ ഇന്നു വിത്തെറിഞ്ഞ് നാളെ കൊയ്യുന്നതല്ല. ക്ഷമയോടെ കാത്തിരിക്കണം. എങ്കിലേ മൂന്നും നാലുമിരട്ടിയായി തിരിച്ചുകിട്ടൂ....’’

‘‘അപ്പോഴേക്കും പാപ്പൻ മരിച്ചു മണ്ണടിയും.’’ റബേക്ക കുലുങ്ങിച്ചിരിച്ചു.

‘‘അതേ...അതുതന്നെയാണു പ്രശ്നം,’’ ആന്റണി എഴുന്നേറ്റ് റബേക്കയ്ക്കരികിലേക്കു ചെന്നു, ‘‘പാപ്പനുമായി നീ വലിയ കൂട്ടല്ലേ? വയസ്സുകാലത്ത് അങ്ങേരെ പൊന്നുപോലെ നോക്കുമ്പോ തിരിച്ചും ആ കരുതൽ വേണം.’’

‘‘ഞാനെന്തുവേണമെന്നാ?’’

ചീപ്പ് ഡ്രസിങ് ടേബിളിൽ വച്ച് ആന്റണിക്കെതിരെ റബേക്ക തിരിഞ്ഞുനിന്നു.

 

‘‘എന്തെങ്കിലുമൊക്കെ നിന്റെ പേരിലും എഴുതിത്തരാൻ പറയണം. ഇല്ലെങ്കിൽ കിളവൻ എല്ലാം ചേർത്തുപിടിച്ചോണ്ടിരിക്കും. ആവശ്യത്തിനുപകരിക്കില്ല. ഒടുവിൽ സോജൻ കേസുകളിക്കാനും കൂടി പോയാൽ തീർന്നു.’’

ആന്റണി കൈവിരലിൽ തുരുരതുരാ ഞൊട്ടയിട്ടു. നാക്കു കടിച്ചു. മുടിയിൽ വിരൽ ചുറ്റിവലിച്ചു. 

‘‘നീ കാരണമാ ഈ പ്രശ്നമെല്ലാം.’’

അവളുടെ മുഖത്തുനോക്കാതെ അയാൾ പിറുപിറുത്തു.

‘‘ഞാനോ? ഞാനെന്തു ചെയ്തു.’’

‘‘നീ എതിർത്തതുകൊണ്ടല്ലേ അപ്പൻ വീതം വയ്ക്കാഞ്ഞത്? അല്ലെങ്കിൽ സോജനു കൊടുക്കുന്ന കൂട്ടത്തിൽ നമുക്കും ഉള്ളതിങ്ങു കിട്ടത്തില്ലായിരുന്നോ.’’

ആന്റണി, റബേക്കയുടെ ചുമലിൽ കൈവച്ചു. 

‘‘അങ്ങേര് തിന്നുകേമില്ല. തീറ്റിക്കുകയുമില്ല. ഞാനെന്താ പറേന്നതെന്ന് നിനക്കറിയാമല്ലോ.’’

‘‘ഇപ്പോ ആന്റണിക്കെന്താ വേണ്ടത്?’’ 

ആന്റണിയുടെ കൈ പറിച്ചുമാറ്റി റബേക്ക അസ്വസ്ഥതയോടെ ചോദിച്ചു.

‘‘അഞ്ചു ലക്ഷം രൂപ. അത്യാവശ്യമാണ്.’’ 

‘‘അതെപ്പോഴും അങ്ങനാണല്ലോ.’’ 

അവൾ പരിഹാസത്തോടെ ചിരിച്ചു. ആന്റണി മുഖം താഴേക്കൊടിച്ചിട്ടു.

‘‘കാശു ഞാൻ സംഘടിപ്പിച്ചുതരാം. പക്ഷേ, പാപ്പൻ പറയുന്നപോലെ ഇത് അവസാനത്തെയാണ്. ഇനി ഞാനീ കളിക്കില്ല.’’

‘‘വേണ്ട. ഈ കളി ഇനി വേണ്ട. അതുതന്നല്ലേ ഞാൻ ഇത്തിരിമുൻപു പറഞ്ഞേ? എത്ര കോടീടെ സ്വത്തൊണ്ടെന്നാ വിചാരം? നീ പതിയെ അങ്ങേരെ വളച്ചെടുക്ക്...നിന്നെ അപ്പനു വിശ്വാസമാ.’’ 

 

റബേക്ക മിണ്ടാതെ അടുക്കളയിലേക്കുപോയി. പണത്തിനു മുകളിൽ പടുത്തുയർത്തിയ ജീവിതമാണ് പത്തേക്കറിലേത് എന്ന് അവൾ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഇടയിൽ   വേലികെട്ടുകയും കുടുംബങ്ങളെ ശത്രുരാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്യുന്നത് പണത്തിന്റെ ഹുങ്കാണ്. പത്തേക്കറിലെ അതിരിനപ്പുറം ജോസഫ് പാപ്പന്റെ മരിച്ചുപോയ അനിയൻ ഇട്ടിയുടെ വീടുണ്ട്. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും പോലെയായിരുന്നു ആ വീടുകൾ. ശത്രുരാജ്യങ്ങൾക്കിടയിൽപ്പോലും സൗഹൃദനടപടികളുണ്ട്. എന്നാൽ ഇവിടെ അതുമില്ലായിരുന്നു. ഇട്ടിയെപ്പറ്റി പരാമർശിക്കേണ്ടിവന്നപ്പോഴെല്ലാം ജോസഫ് പാപ്പൻ ‘ആ തെണ്ടി’ ‘പരട്ട നാറി’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും പല്ലുകൾക്കിടയിൽ രോഷം കടിച്ചുപൊട്ടിക്കുകയും ചെയ്തു. പ്ലാവിന്റെയും മാവിന്റെയും ചില്ലകൾ അതിരിനപ്പുറത്തേക്കു നീളാതിരിക്കാനും അപ്പുറത്തുനിന്ന് ഇങ്ങോട്ടുനീണ്ടാൽ മുറിച്ചുമാറ്റാൻ ആളെ ചുമതലപ്പെടുത്താനും പാപ്പൻ എപ്പോഴും ശ്രദ്ധിച്ചു. യുഎസിൽ നിന്ന് വന്നപ്പോൾ സോജൻ മദ്യക്കുപ്പിയുമായി അതിരുകടന്നു പോയതിന്റെ പേരിൽ ഒരു രാത്രിമുഴുവൻ പാപ്പൻ വഴക്കിട്ടു. 

 

ഇട്ടിയുടെ ഇളയ മകൻ തോമസും ഭാര്യ ശോശയും മക്കൾ അന്നയുമായിരുന്നു ആ വീട്ടിൽ താമസം. ‘പത്തേക്കറിൽ കിഴക്കേതിൽ’ എന്ന വീട്ടുപേരുപോലും ‘ബത്‌ലഹേം’ എന്നുപുതുക്കിയിരുന്നു, ഇട്ടി. പാപ്പൻ കാൺകെ വരികയും പോവുകയും ചെയ്യേണ്ടിവരുമെന്നതുകൊണ്ടുമാത്രം നിരത്തിലേക്കിറങ്ങാനുള്ള എളുപ്പവഴി അടച്ചുകെട്ടി ഒരുകിലോമീറ്റർ തോട്ടം ചുറ്റി പുതിയ വഴിവെട്ടി. 

കെട്ടിക്കേറിവന്നപ്പോൾ മുഖം വീർപ്പിച്ചുനടന്ന ജോസഫ് പാപ്പൻ ആദ്യമായി റബേക്കയുടെ മുന്നിൽ നാവുയർത്തിയത് ആ വീടിനെ പുലഭ്യം പറയാനായിരുന്നു. വരിക്കപ്ലാവിനപ്പുറത്തേക്ക് നോക്കുകയോ അവിടെയുളളവരോടു മിണ്ടുകയോ ചെയ്തുകൂടെന്ന് പാപ്പൻ കൽപ്പിച്ചു. ലോകത്ത് ആർക്കു മാപ്പുകൊടുത്താലും തന്റെ അനിയൻ ഇട്ടിക്കും അവന്റെ കുടുംബത്തിനും മാപ്പുകൊടുക്കില്ലെന്നും അവരുടെ മേൽ ഇടിത്തീവീഴുമെന്നും ഗാന്ധിചിന്ത മറന്ന് അയാൾ തലയിൽ കൈവച്ചു പ്രാകി.

 

പത്തേക്കറിലെ അടുക്കളവരാന്തയിലിരുന്നാൽ കറിവേപ്പിനും പൂവരശിനുമിടയിലൂടെ ദൂരെ ‘ബത്‌ലഹേ’മിന്റെ വിറകുപുരയും ചാമ്പമരങ്ങളും കാണാമായിരുന്നു. ക്രിസ്മസ് ബൾബുകൾ പോലെ തിളങ്ങുന്ന ചെമപ്പുമായി എപ്പോഴും ഏതെങ്കിലും ചാമ്പ അവിടെ കായ്ച്ചുനിന്നു. ചാമ്പക്കാ പെറുക്കുന്ന കുട്ടികൾ പച്ചക്കുടകൾക്കു കീഴിൽനിന്ന് വല്ലപ്പോഴുമെങ്കിലും പത്തേക്കറിലെ അടുക്കളമുറ്റത്തേക്കൊരു കള്ളനോട്ടം പറത്തിവിട്ടു. ആരും കാണാതെ റബേക്ക കൈയാട്ടി വിളിക്കുമ്പോൾ അവർ പേടിച്ച് വീട്ടിലേക്കോടും. ചിലദിവസങ്ങളിൽ ചാമ്പച്ചോട്ടിൽ കുട്ടികൾക്കൊപ്പം തോമസും ശോശയും കൂടി കാണും. ചിരിയും കളിയുമായി നല്ല രസമാണ് കണ്ടുനിൽക്കാൻ. 

 

‘‘ജീവിതം വഴിമാറിയൊഴുകാൻ പ്രേരിപ്പിച്ചത് ആ ചാമ്പച്ചോടായിരുന്നു.’’

റബേക്ക ടീച്ചർ കണ്ണുതുറന്നു. ജോസഫ് പാപ്പൻ ശത്രുരാജ്യമായി പ്രഖ്യാപിച്ച മണ്ണിലെ ചാമ്പച്ചോട്ടിൽനിന്ന് കുട്ടികൾ മാത്രമല്ല, അവരുടെ അപ്പൻ തോമസും റബേക്ക ടീച്ചറുടെ ഹൃദയത്തിലേക്കു പാലമിട്ട കഥകൂടി പറയുമെന്നു ഞാൻ വിചാരിച്ചെങ്കിലും ടീച്ചർ അതിലേക്കു കടന്നില്ല. അവർ വട്ടമേശ നിരക്കിനീക്കി, ചുമരിലെ നീളൻ കണ്ണാടിക്കുമുന്നിലേക്കു നടന്നു. കാലങ്ങൾക്കപ്പുറത്തുനിന്ന് നുണക്കുഴിച്ചിരിയുമായി മറ്റൊരു റബേക്ക അതിൽനിന്നുറ്റു നോക്കി.

 

‘‘നമ്മുടെ വീടിനു തീരെ ഭംഗിയില്ലെന്ന് മനസ്സിലാക്കുന്നതെപ്പോഴാണ്? വേറൊരു വീട്ടിൽ ചെല്ലുമ്പോൾ. അല്ലേ? താരതമ്യം ജീവിതത്തിൽ വളരെ പ്രധാനമാണ്. മറ്റൊരാളെപ്പോലെ ആകാനും, അതുപോലെ ഒന്ന് എന്നു മോഹിക്കാനുമൊക്കെ കാരണം താരതമ്യം തന്നെയാണ്. ഞാനും അങ്ങനെ താരതമ്യം ചെയ്തു. പത്തേക്കറിലെ എന്റെ ജീവിതവും അപ്പുറത്തെ വീട്ടിലെ  ജീവിതവും.’’

 

റബേക്ക ടീച്ചർ കണ്ണാടിയിലേക്കു നോക്കി സംസാരിച്ചു. കിളവനായ ജോസഫ് പാപ്പനും റബേക്കയും ഏതാനും പണിക്കാരും മാത്രമുള്ള വീടിന്  ചെറുപ്പക്കാരായ അച്ഛനമ്മമാരും കുഞ്ഞുമുള്ള പ്രസരിപ്പുനിറഞ്ഞ വീട്ടിൽനിന്നു കൊതിക്കാനേറെയായിരിക്കുമെന്നു ഞാനൂഹിച്ചു. അതിരുകടന്നെത്തുന്ന പൊട്ടിച്ചിരികൾ, കുട്ടികളുടെ ചിണുങ്ങൽ ഒക്കെ റബേക്ക ടീച്ചർക്കൊപ്പം ഞാനും കേട്ടു.

 

‘‘ഒരു കുഞ്ഞുവേണമെന്ന് ആദ്യമായി എനിക്കു തോന്നുന്നത് അങ്ങനെയാണ്. പാപ്പനിൽനിന്നൊരു കുഞ്ഞിനെ ഒരിക്കലും ഞാൻ മോഹിച്ചില്ല. മോഹിക്കുന്നതു ശരിയുമല്ലല്ലോ. ആന്റണിയുടെ കുഞ്ഞിനെ മോഹിച്ചാലും ഫലവുമില്ല. അങ്ങനെയാണ് ഞാൻ തോമസിനെ ശ്രദ്ധിച്ചുതുടങ്ങിയത്. പാപ്പനറിയാതെ ഇടയ്ക്ക് ബത്‌ലഹേമിലും ജോലിക്കു പോകാറുള്ള ജാനകി പറയാറുണ്ടായിരുന്നു, അവിടുത്തെ ജീവിതത്തിന്റെ രസങ്ങൾ. വീടിനകം നിറയെ ചിരിയും കളിയും സ്നേഹവുമായിരുന്നത്രേ. കുടുംബമെന്നു പറഞ്ഞാൽ ബത്‌ലഹേമിലെപ്പോലെവേണമെന്നു പറഞ്ഞ് ജാനകി എന്നെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു. കിടക്കയിലെ നാഗപ്പിണച്ചിലുകളും സീൽക്കാരങ്ങളും മാത്രമല്ല ജീവിതം എന്നു പതിയെ ഞാൻ തിരിച്ചറിഞ്ഞു. പണംകൊണ്ടു വിലയ്ക്കുവാങ്ങാനാവാത്ത ഒന്നുമില്ലെന്ന് എനിക്കറിയാമായിരുന്നു. ഇവിടെയും പണം എന്നെ തുണയ്ക്കുമെന്ന് ഞാനുറപ്പിച്ചു. അങ്ങനെയായിരുന്നു തുടക്കം....’’

 

റബേക്ക ടീച്ചർ കുറേക്കൂടി കണ്ണാടിയോടടുത്തു നിന്നു. ഇനിയും ഉടഞ്ഞിട്ടില്ലെന്നു തോന്നിപ്പിക്കുന്ന മുലകൾ ചില്ലിൽ ഉരുമ്മി. ചുടുനിശ്വാസം അവ്യക്തമായ ചിത്രം വരച്ചു.

‘‘പാപ്പൻ മരിക്കുന്നതിനുമുൻപുതന്നെ തോമസ് സാറുമായി അടുത്തിരുന്നോ?’’

ഞാൻ ചോദിച്ചു. എന്തൊരു ചോദ്യമെന്ന മട്ടിൽ ടീച്ചർ എന്നെ കാർന്നുതിന്നുന്നൊരു നോട്ടം നോക്കി.

‘‘അയൽപക്കത്തേക്കു നോക്കിയാൽ കണ്ണു കുത്തിപ്പൊട്ടിക്കുമെന്നു പറഞ്ഞോണ്ടിരുന്ന പാപ്പന്റെ കഥ നീ എവിടം കൊണ്ടാ കേട്ടത്?’’

ഞാൻ ലജ്ജയോടെ തലകുനിച്ചു.

 

‘‘പാപ്പനോടു ഞാൻ തെറ്റു ചെയ്തു. എന്നെ ഒരുപാടു സ്നേഹമായിരുന്നു അങ്ങേർക്ക്. അമ്പിളിമാമനെ ചോദിച്ചാലും പിടിച്ചുതരുന്നത്ര സ്നേഹം. ഞാനില്ലാതെ ഒരുനിമിഷം കഴിയാനാവില്ലായിരുന്നു പാപ്പന്. എന്നിട്ടും ആ ജന്മം എത്രയും വേഗം തീർന്നുകിട്ടണേ എന്നു ഞാൻ പ്രാർഥിച്ചു. പാപ്പനുള്ളപ്പോൾ എനിക്ക് മറ്റൊരു ജീവിതം സ്വപ്നം കാണാൻപോലുമാവില്ലെന്ന് ഉറപ്പായിരുന്നു.’’

‘‘തീറ്റക്കൊതിമൂലമാണോ പാപ്പൻ മരിച്ചേ?’’

‘‘ആരു പറഞ്ഞു?’’ ടീച്ചർ ഒരിക്കൽക്കൂടെ എന്നെ നോട്ടം കൊണ്ടു കീറിമുറിച്ചു, ‘‘കേട്ടതുസത്യമാണ്. ഇറച്ചിയോടും മീനോടും വല്ലാത്ത കൊതിയായിരുന്നു. മൂന്നുനേരോം അതില്ലാതെ ചോറിറങ്ങാത്ത അവസ്ഥ. മുയലിറച്ചിയുടെ രുചിയെപ്പറ്റി ആരോ പറഞ്ഞുകേട്ട് അതുവേണമെന്നു വാശിപിടിച്ചു. പെണ്ണമ്മ എവിടുന്നോ ഒരു മുയലിനെ സംഘടിപ്പിച്ചു. അതുംകഴിച്ചു കിടന്നതാ. രാത്രി വയറുവേദനവന്നു പിടഞ്ഞു. ഞാനൊറ്റയ്ക്ക് എന്തു ചെയ്യാനാ? നാദാപുരത്തിരിക്കുന്ന ആന്റണിയെ വിളിച്ചിട്ടു വല്ല കാര്യോമൊണ്ടോ? അങ്ങനെയാ തോമസിനെ ഫോൺ ചെയ്യുന്നത്. പറയാത്ത താമസം, വണ്ടിയുമായി ഓടിയെത്തി. പക്ഷേ, ആശുപത്രിയിൽ എത്തിക്കുന്നതിനുമുൻപേ പാപ്പൻ പോയി. തോമസിന്റെ കൈയിൽക്കിടന്നു മരിക്കണമെന്നായിരിക്കും ദൈവഹിതം.’’

 

റബേക്കടീച്ചർ വീണ്ടും കസേരയിൽ വന്നിരുന്നു. ഇന്നത്തെ സംഭാഷണം കഴിഞ്ഞെന്ന സൂചന നൽകി വലം കൈ എനിക്കു പുറത്തേക്കുള്ള വഴി ചൂണ്ടി.

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com