ADVERTISEMENT

5566: ആ പഴയ കാർ!

 

കെകെ അയച്ച മെയിലിനെക്കുറിച്ചുള്ള ആശ്ചര്യമടങ്ങാതെ തന്നെയാണ് മാത്യൂസിന്റെ മുറിവാതിൽക്കൽ ഞാനുറക്കെ തട്ടിയത്. പെട്ടെന്നു തന്നെ വാതിൽ തുറക്കപ്പെട്ടു. നീണ്ട മുടി ഉച്ചിയിൽ പിടിച്ചു കെട്ടിവെച്ച ഒരാളാണ് വാതിൽക്കൽ. നീളൻ താടിയുമുണ്ട്. ‘‘മാത്യൂസ് അല്ലേ?’’ എന്ന എന്റെ ചോദ്യത്തിന്, ‘‘വാട് യു വാണ്ട്?’’ എന്നൊരു പരുക്കൻ ചോദ്യമായിരുന്നു മറുപടി.

 

പിന്നീടു സംഭവിച്ചതൊന്നും പറയാതിരിക്കുന്നതാണ് ഭേദം. പ്രതീക്ഷിച്ചതുപോലെ തന്നെ എന്റെ ആവശ്യം അറിയിച്ചപ്പോൾ അയാൾ തട്ടിക്കയറി. ഒന്നും രണ്ടും പറഞ്ഞ്, വഴക്കായി. അയാളെ വരുതിയിലാക്കാൻ എനിക്ക് അത്യാവശ്യം നല്ലപോലെ ബലം പ്രയോഗിക്കേണ്ടി വന്നു.

 

അയാൾക്കു കെകെയെക്കുറിച്ചു കാര്യമായി ഒന്നുമറിയില്ല. പക്ഷേ എന്റെ ഊഹം തെറ്റിയില്ല. സുതപ പറഞ്ഞതുപോലെ മാത്യൂസ് മറ്റേതെങ്കിലും ഓൺലൈൻ ജേണലിലേക്കല്ല സിറ്റി ലൈഫിന്റെ ഡാറ്റ കൈമാറിയത്. മറിച്ച് ഒരു വ്യക്തിക്കാണ്. മാത്യൂസിന് അയാൾ പണം ഓഫർ ചെയ്തിരുന്നു. ഏകദേശം രണ്ടു ലക്ഷം രൂപ. ഒരു വർഷം സിറ്റി ലൈഫിൽ ചത്തു കിടന്ന് പണിയെടുത്താലും ആ കാശ് അവിടത്തെ വെറുമൊരു സബ് എഡിറ്ററായ അയാൾക്ക് ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അപ്പോൾ പിന്നെ ഒരാൾ ചെറിയൊരു തട്ടിപ്പുപണിക്ക് രണ്ടു ലക്ഷം രൂപ തരാമെന്ന് പറഞ്ഞാൽ മാത്യൂസ് എന്തായാലും വീണുപോകും.

 

‘‘ശരി, നീ ആർക്കാ ഡാറ്റ ഷെയർ ചെയ്തത്?’’, ഗൗരവം വെടിയാതെ ഞാൻ ചോദിച്ചു.

‘‘അതു പിന്നെ....,’’ ഉത്തരം തരാൻ മാത്യൂസിന് ഒരു മടി പോലെ. ഞാനൊന്നു കൂടി കണ്ണുരുട്ടി. ഷർട്ടിന്റെ കൈ മടക്ക് അത്യാവശ്യം ശൗര്യത്തോടെ ഞാൻ മുകളിലേക്കു കയറ്റി. മറ്റൊരു സംഘർഷത്തിനു വഴിയൊരുക്കേണ്ട എന്നു കരുതിയാകണം മാത്യൂസ് അയാളുടെ ഉത്തരം മുഴുമിപ്പിച്ചു, ‘‘സർ, ഒരു ഓഫിസ് അഡ്രസ്സിൽ നിന്നാണ് എനിക്ക് ആ മെയിൽ വന്നത്. K & K കമ്പനി, അതിലേക്കാണ് ഞാൻ ഡാറ്റ ചോർത്തിക്കൊടുത്തതും.’’

 

‘K&K കമ്പനി’ ആ വാക്കിൽ എനിക്ക് എന്തോ ഒരു പന്തികേടു തോന്നി. സെറിബ്രത്തിലെ റീസന്റ് മെമ്മറീസിലേക്ക് ഞാനൊന്നു തിരികെ പോയി. K&K.....? K K!! ഇത് അയാൾ തന്നെയല്ലേ? ഞാൻ തിരയുന്ന നോവലിസ്റ്റ്?

 

ഞാൻ ഞെട്ടിത്തരിച്ചു. എനിക്കു നോവൽ ഭാഗം അയച്ച് തന്നത് കെകെ എന്ന മെയിൽ ഐഡിയിൽ നിന്നായിരുന്നു എങ്കിൽ, ഇവനെ അയാൾ സമീപിച്ചത് K&K എന്ന പേരിലൂടെയാണ്.

അയാൾ എനിക്കു മുൻപേ പലർക്കു മുന്നിൽ പലതായി പ്രത്യക്ഷപ്പെടുന്നു. മെയിലും ടെക്നോളജിയുമൊന്നും വശമില്ലാത്ത സാധുവായി മാൻവിയുടെ മുന്നിലും അയാളെത്തി.

 

‘‘ഈ മെയിൽ വന്നത് ഏത് സ്ഥലത്തു നിന്നാണെന്ന് അറിയാൻ പറ്റുമോ?’’ ഇത്തവണ ഞാൻ എന്റെ ശബ്ദമൊന്നു മയപ്പെടുത്തി. മാത്യൂസ് പൂർണമായി എന്നോട് സഹകരിക്കും എന്ന് എനിക്ക് തീർച്ചയായിരുന്നു. കാരണം ഇനി ഒരു ഫൈറ്റിന് അയാളുടെ ശരീരാവസ്ഥ ഇപ്പോൾ സമ്മതിക്കില്ല.

അയാൾ തന്റെ ലാപ്ടോപ് തുറന്നു. പത്ത് പതിനഞ്ച് മിനിറ്റ് അതിലേക്ക് മുഖം പൂഴ്ത്തി അയാൾ വേഗത്തിൽ കൈവിരലുകൾ കീബോർഡിലോടിച്ചു. ഞാൻ ചുറ്റുപാടാകെ നിരീക്ഷിച്ചു.

ആകപ്പാടെ അലങ്കോലമാണ് ആ മുറി. സെറ്റിയും സോഫയും നേരത്തെ നടന്ന സ്റ്റണ്ടിന്റെ അടയാളങ്ങളായി താഴെ വീണും സ്ഥലം മാറിയുമൊക്കെ കിടക്കുന്നുണ്ട്. തൊട്ടടുത്തായി ഒരു കുഞ്ഞടുക്കളയും. അവിടവിടെയായി അഴിച്ചിട്ടിരിക്കുന്ന റബ്ബർ ബാന്റുകളും അലൂമിനിയം ഫോയിലുകളും കണ്ടപ്പോൾ അവിടെ വെപ്പും കുടിയും ഒന്നുമില്ലെന്ന് എനിക്ക് മനസ്സിലായി. ആകപ്പാടെ ആ അന്തരീക്ഷം എന്നെ വീർപ്പുമുട്ടിച്ചു. എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തുകടക്കണമെന്നായി എനിക്ക്.

 

‘‘സാർ......’’ മാത്യൂസ് അൽപം നീട്ടി വിളിച്ചു. ഞാനൊന്നു തല പൊക്കി നോക്കി. ‘‘ലൊക്കേഷൻ ട്രാക്ക് ആകുന്നുണ്ട്,’’ അയാൾ ലക്ഷ്യം പരിസമാപ്തിയിൽ എത്തുന്നതിന്റെ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

 

മാത്യൂസിന്റെ മുഖത്തു പെട്ടെന്നു വിരിഞ്ഞ വിജയഭാവം ലൊക്കേഷൻ ട്രാക്ക് ചെയ്തതിന്റെ സന്തോഷത്തിലാണെന്ന് ഞാനൂഹിച്ചു. ‘‘സർ.... ലൊക്കേഷൻ കിട്ടിയിട്ടുണ്ട് ഇവിടടുത്താ....’’ മാത്യൂസ് സംസാരം മുഴുമിപ്പിക്കുന്നതിനു മുൻപ് ഞാൻ കയറി ചോദിച്ചു: ‘‘കമ്പനിമേടല്ലേ സ്ഥലം?’’, എന്റെ വാക്കുകൾ കേട്ടു മാത്യൂസ് അദ്ഭുതംകൂറി. അയാളുടെ മുഖത്തു പ്രതീക്ഷിക്കാത്തതെന്തോ കേട്ടപ്പോൾ ഞെട്ടിപ്പോയ മാതിരി ഭാവമായിരുന്നു.

 

‘‘അല്ല നിങ്ങൾക്ക് എങ്ങനെ കമ്പനിമേട്ടിൽ നിന്നാണ് മെയില് വന്നതെന്ന് മനസ്സിലായത്?’’ മാത്യൂസ് എന്നെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.

ഞാൻ അയാൾക്ക് ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി. ഉത്തരമൊന്നും കിട്ടാതായതോടെ മാത്യൂസ് നിശ്ശബ്ദനായി.

 

‘അത് പിന്നെ അങ്ങനെയല്ലേ വരൂ,’ ഞാൻ മനസ്സിസിൽ മന്ത്രിച്ചു. മാൻവിയെ കാണാതായ അന്ന് ഒരു കൊറിയർ ഫ്ലാറ്റിലേക്ക് വന്നിരുന്നു എന്നു മന്യ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ടായിരുന്നു. അതും കമ്പനിമേടിൽ നിന്നായിരുന്നു. അപ്പോൾ കെകെ തമ്പടിച്ചിരിക്കുന്നത് കമ്പനിമേടിൽ തന്നെ.

‘‘നീ കൃത്യമായി സ്പോട്ട് പറയൂ. കമ്പനിമേടിൽ എവിടെ നിന്നാണ് മെയിൽ വന്നിരിക്കുന്നത്?’’

വെപ്രാളം കൊണ്ട് എന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

‘‘സാറെ സ്പോട്ട് കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയുന്നില്ല,’’ അവന്റെ നിരാശ കലർന്ന വാക്കുകൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തി.

 

കെകയെ അന്വേഷിച്ച് തുടങ്ങിയ യാത്ര ഞാനറിയാത്ത പല വ്യക്തികളിലേക്കാണ് എന്നെ എത്തിച്ചത്. വെറും നോവൽ ആസ്വാദകനായ ഞാൻ അവരുടെ മുന്നിൽ കൊലയാളിയായും നിഷ്ഠൂരനായും മാറി. ശരിക്കും പല പല കണ്ണികൾ ചേർന്നതാണ് കെകെ. അതിലെ അപ്രധാനമായ ഒരു കണ്ണി മാത്രമാണ് മാത്യൂസ്.

 

ഇപ്പോൾ കെകെയെ കണ്ടെത്തുന്നതിൽ എനിക്ക് കാര്യമായ ആവേശം തോന്നുന്നില്ല. ആകെ ഒരു മടുപ്പാണ് തോന്നുന്നത്. പക്ഷേ മാൻവിയുടെ കൊലയാളിയെക്കുറിച്ച് എന്തെങ്കിലും വിവരം കെകെയിൽനിന്നു കിട്ടുകയാണെങ്കിലോ? അതു പ്രധാനമാണ്.

 

കുറച്ച് നേരം കൂടി ഞാൻ അവിടെ ഇരുന്നു. മാത്യൂസ് ലാപ്പിൽ പരതുന്നുണ്ട്. പെട്ടെന്ന് അയാൾ കൂകി വിളിച്ച് കൊണ്ട് പറഞ്ഞു: ‘‘സാറേ, സ്ഥലം പിടികിട്ടി!’’ അയാളുടെ ശബ്ദത്തിൽ അടക്കിനിർത്താൻ കഴിയാത്തത്ര സന്തോഷം പ്രതിധ്വനിച്ചിരുന്നു. അങ്ങനെ കെകെയ്ക്കായുള്ള അന്വേഷണത്തിൽ മറ്റൊരു ലീഡ് കൂടി.

 

‘‘എവിടെയാ സ്ഥലം?’’ ഞാൻ കൗതുകം പൂണ്ട് മാത്യൂസിനെ നോക്കി ചോദിച്ചു.

മാത്യൂസ് കുറച്ച് സമയം നിശ്ശബ്ദനായി ഇരുന്ന് ഒന്നു കൂടി കംപ്യൂട്ടർ സ്ക്രീനിലേക്ക് കണ്ണോടിച്ച്

എനിക്ക് മറുപടി തന്നു: ‘‘സാറേ, കമ്പനിമേട് പാലത്തിനടുത്തുള്ള ഒരു കെട്ടിടമാ കാണിക്കുന്നത്. ‘‘ഫ്ലൈ വീൽസ് ഗ്യാരേജിന്റെ അടുത്തായിട്ട് വരും.’’ അയാൾ പറഞ്ഞു നിർത്തി.

അപ്പോൾ ഈ നഗരത്തിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ഇത്ര കാലം ഒളിച്ച് കഴിയുകയായിരുന്നോ കെകെ? ഇത്തവണ അയാളെ എനിക്കു കണ്ടെത്താനാവും!

പോകുന്നതിന് മുൻപ് ഞാൻ മാത്യൂസിനോട് എത്രയും വേഗം ഈ നഗരം വിടാൻ ഉപദേശിച്ചു. അതുകേട്ടു കിളി പോയതു പോലെ ഇരിക്കുകയായിരുന്നു അവൻ.

 

മാത്യൂസിന് ഒന്നും പിടികിട്ടിയില്ല. എന്തായാലും കെകെ ഈ നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ അയാൾ എന്നെയും ഞാൻ ഇടപെടുന്ന വ്യക്തികളെയും നിരീക്ഷിക്കുന്നുണ്ടാകും. മാത്യൂസ് ഇപ്പോൾ കെകെയിലേക്കുള്ള എന്റെ പാലമായിരിക്കുന്നു. ഒരുപക്ഷേ, അടുത്തതായി കെകെ ഇല്ലാതാക്കാൻ പോകുന്നത് മാത്യൂസിനെ ആയിരിക്കാം. എപ്പോഴും കരുതിയിരിക്കാൻ മാത്യൂസിനെ താക്കീതു ചെയ്ത് മുറിയിൽ നിന്നിറങ്ങി ഞാൻ കമ്പനിമേടിലേക്ക് ബുള്ളറ്റ് ഓടിച്ചു.

 

റിവർവേയിലെ അപരിചിതൻ, മാൻവി, മന്യ, സുതപ, ഇപ്പോഴിതാ മാത്യൂസും. കെകെയെ തേടിയുള്ള ഈ അന്വേഷണത്തിൽ ഞാൻ കേട്ടതും കണ്ടതുമായ ആളുകൾ. കെകെയുമായി എന്നെ ബന്ധിപ്പിക്കുന്ന കണ്ണികൾ. അങ്ങനെ ഇപ്പോൾ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണമായ കെകെയെ ഞാൻ കാണാൻ പോകുകയാണ്.

 

കമ്പനിമേടിലെ ഫ്ളൈ വീൽസ് ഗ്യാരേജിന്റെ അടുത്ത് എത്തുമ്പോഴേക്കും അത് അടച്ചിരുന്നു. വൈകുന്നേരം ഒരു ആറ് മണി കഴിഞ്ഞ് കാണും. റോഡിൽ പതിവിലും ആൾക്കാർ കുറവാണ്. ഞാൻ ഫ്ളൈ വീൽസ് ഗ്യാരേജിന്റെ തൊട്ടുമുൻപിലുള്ള കാടുപിടിച്ച വഴിയിലൂടെ നടന്നു. ആറേ പത്തിന്റെ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് അപ്പോൾ എന്റെ തലയ്ക്കു മീതേ പാലത്തിലൂടെ കടന്നു പോയതേ ഉണ്ടായിരുന്നുള്ളു.

 

ആ സ്ഥലത്ത് ഒരു പഴയ സ്വിഫ്റ്റ് കാറ് കിടക്കുന്നുണ്ടായിരുന്നു. മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് വണ്ടി ഏതാണ്ട് നാശമായിരുന്നു. പക്ഷേ എന്റെ കണ്ണുടക്കിയതു വണ്ടിയുടെ നമ്പർ പ്ലേറ്റിലേക്കായിരുന്നു – KL.07 AG 5566.

 

ആ നമ്പർ എവിടെയോ കേട്ടതു പോലെ എനിക്ക് തോന്നി. അതെ, അതു തന്നെ.... കെകെയുടെ ‘5566’ എന്ന കഥയിൽ പരാമർശിക്കുന്ന അതേ കാർ. അതിലെ കൊലയാളി റാണി ജേക്കബ് നാലു പേരേയാണ് വണ്ടിയിടിച്ചു കൊന്നിട്ടുള്ളത്. അതും വളരെ കൃത്യമായ പ്ലാനിങ്ങോടെ ബുദ്ധിപരമായി. രണ്ടു മാസം മുൻപാണ് ഞാൻ ആ കഥ വായിച്ചത്. എനിക്ക് ഒരു കാര്യം തീർച്ചയായി: കഥയും കഥപാത്രങ്ങളും കഥാസന്ദർഭങ്ങളും സാങ്കൽപ്പികമല്ല. എല്ലാ യാഥാർത്ഥ്യങ്ങളിൽനിന്ന് തന്നെ ഉത്ഭവിച്ചതാണ്!

 

കുറച്ചു ദൂരം കൂടി ആ കാടുപിടിച്ച വഴിയിലൂടെ ഞാൻ നടന്നു. അകലെ ഒരു വലിയ കെട്ടിടം കാണുന്നുണ്ട്. മാത്യൂസ് പറഞ്ഞതു വെച്ചു നോക്കിയാൽ അത് തന്നെയാണ് കെകെയുടെ ഒളിത്താവളം. ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ഓടി.

 

ഏതാനും ദിവസം മുൻപ് വെറും കൗതുകവും ആരാധനയും കൊണ്ട് ഇഷ്ടപ്പെട്ട എഴുത്തുകാരനെത്തേടി പുറപ്പെട്ടവനാണ് ഞാൻ. ഇപ്പോഴത് എന്തെല്ലാമോ കുരുക്കുകളഴിക്കാനും എന്റെ മേൽ ചുമത്തപ്പെട്ട കൊലക്കുറ്റമൊഴിവാക്കാനുമുള്ള യാത്രയായിരിക്കുന്നു. എനിക്കിപ്പോഴത് ഒരു ജീവന്മരണ പ്രശ്നമാണ്.

 

(തുടരും)

 

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com