ADVERTISEMENT

അളവുപാത്രങ്ങൾ

 

‌ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ ബാധ്യതപ്പെട്ടവനാണ് ജീവചരിത്രകാരൻ എന്നു തറപ്പിച്ചു പറഞ്ഞത് പഴന്തോട്ടിലെ രമേശൻ ചേട്ടനാണ്.

 

‘‘പറയുന്നതു കേട്ടെഴുതുക മാത്രമല്ല, പറയാത്തത് മനസ്സിൽനിന്നു തോണ്ടി പുറത്തിടുക എന്നതും ജീവചരിത്രകാരന്റെ ചുമതലയാണ്.’’

ഡബിൾ സ്ട്രോങ് ചായയുടെ കരുത്തോടെ മേശപ്പുറത്തടിച്ചുകൊണ്ട് രമേശൻ ചേട്ടൻ ഓർമിപ്പിച്ചു.

 

‘‘എന്താണു തോണ്ടിപ്പുറത്തിടേണ്ടത്? പറയാത്തതെന്തെന്ന് മനസ്സിലാക്കണമെങ്കിൽ ശരിക്കും അവരുടെ ജീവിതമെന്തെന്ന് അറിഞ്ഞിരിക്കണ്ടേ?’’

ഞാൻ ചോദിച്ചു.

 

‘‘എന്നാരുപറഞ്ഞു? ഒരാളെ അറിയുക എന്നു പറഞ്ഞാൽ എന്താണ്? കാണുന്നതും മിണ്ടുന്നതും മറ്റുള്ളവർ അവരെപ്പറ്റി പറയുന്നതുകേട്ടു ശരിയെന്നു ധരിക്കുന്നതും മാത്രമാണോ? ലോകത്തിന്റെ പൊതു ധാരണകളിൽനിന്നു വ്യത്യസ്തനാണു താനെന്നു തോന്നുമ്പോഴല്ലേ ഒരാൾ തന്നെപ്പറ്റി എഴുതാൻ ആഗ്രഹിക്കുന്നതു തന്നെ. അതുകൊണ്ടുതന്നെ അറിയേണ്ടത് അറിയാനും പകർത്താനും എഴുത്തുകാരനു ഭാരിച്ച ഉത്തരവാദിത്തമുണ്ട്. അല്ലെങ്കിൽ ടേപ് റെക്കോർഡ് വാങ്ങി അതിനോടു സംസാരിച്ചാൽ പോരായിരുന്നോ റബേക്ക ടീച്ചർക്ക്?’’

 

‘‘ഞാനെന്താണു ചോദിക്കേണ്ടത്?’’

‘‘എന്തെല്ലാം ചോദിക്കാം. ഉള്ളിൽനിന്ന് യാഥാർഥ്യം തിരഞ്ഞുപിടിക്കാൻ സഹായിക്കുന്ന എന്തും. ഉദാഹരണത്തിന്, പുറത്തു കാട്ടുന്ന ഈ ധൈര്യം അഭിനയമല്ലേ എന്നു ചോദിച്ചു പ്രകോപിപ്പിക്കാം? തനിച്ചിരിക്കുമ്പോൾ എന്താണ് ആലോചിക്കാറുള്ളതെന്നാരാഞ്ഞു സങ്കടപ്പെടുത്താം. പത്തേക്കറിൽ വന്നില്ലായിരുന്നെങ്കിൽ ജീവിതം എന്താകുമായിരുന്നു എന്ന് ആശയക്കുഴപ്പത്തിൽ ചാടിക്കാം. ചെറിയ ചോദ്യത്തിൽനിന്ന് വലിയൊരു ആലോചനയുടെ തുടക്കമാകും. മനസ്സിന്റെ കാണാപ്പുറങ്ങൾ സ്വാഭാവികമായും അവർക്കു തുറന്നിട്ടേ മതിയാകൂ. നിന്റെ ചോദ്യം ഒരു നിമിത്തം മാത്രമാണെന്നു ചുരുക്കം.’’

 

പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. പിറ്റേന്ന് ഏതാനും ചോദ്യങ്ങൾ തയാറാക്കിയാണു ഞാൻ പത്തേക്കറിലേക്കു പോയത്. പക്ഷേ, കണക്കൂകൂട്ടൽ തെറ്റി.

 

‘‘മോഹനാ, നീ പത്രപ്രവ‍ർത്തനം പഠിക്കേണ്ടതായിരുന്നു കേട്ടോ,’’ കുനുകുനെ എഴുതിയ കടലാസ് തട്ടിപ്പറിച്ചെടുത്ത് റബേക്ക ടീച്ചർ  ചിരിച്ചു, ‘‘എന്തെല്ലാം ആലോചിച്ചുകൂട്ടുന്നുണ്ട് നീ...’’

 

ചോദ്യങ്ങൾ കടലാസിൽ പകർത്താൻ തോന്നിയ മണ്ടത്തരത്തെ ഞാൻ ശപിച്ചു. രമേശൻ ചേട്ടനറിഞ്ഞാൽ ഇതുമതി, ജീവിതകാലം മുഴുവൻ കളിയാക്കാൻ. സത്യത്തിൽ മറന്നുപോകാതിരിക്കാൻ കുറിച്ചുവച്ചെന്നേയുള്ളൂ. ടീച്ചർ കൈയോടെ പിടികൂടുമെന്നു ഞാൻ വിചാരിച്ചില്ല.

 

‘‘ഇങ്ങോട്ടു നോക്കിയേ, ആദ്യം വന്നപ്പോൾ ഞാനെന്താ പറഞ്ഞത്, ഗേറ്റടച്ചുപോകുമ്പോൾ കണ്ടതും കേട്ടതുമെല്ലാം ഇവിടെ കുടഞ്ഞിട്ടിട്ടു പോകണമെന്ന്. അല്ലേ? പക്ഷേ നീയെന്താ ചെയ്യുന്നത്? വീട്ടിലിരുന്നും എന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നു. മറ്റാരോടെങ്കിലും ചർച്ച ചെയ്യുന്നുണ്ടോന്നാ എന്റെ ബലമായ സംശയം.’’

 

‘‘അയ്യോ...ഞാനാരോടും ഇതേപ്പറ്റി സംസാരിക്കാറില്ല.’’

‘‘പിന്നെ ആ വികലാംഗനുമായിട്ടെന്താ നിന്റെ ഇടപാട്?’’

‘‘ആര്? രമേശൻ ചേട്ടനോ?’’

‘‘അതേ.’’

സാത്താന്റെ പിണിയാളുകൾ എത്ര കൃത്യമായി വിവരമെത്തിക്കുന്നു എന്നു ഞാൻ അന്ധാളിച്ചു.

 

‘‘ഞങ്ങൾ പണ്ടേ സുഹൃത്തുക്കളാണ്.’’

‘‘പണ്ടേ എന്നു പറഞ്ഞാൽ?’’ ടീച്ചർ ചിരിച്ചു, ‘‘നിങ്ങൾ തമ്മിൽ ഒരുപാട് പ്രായവ്യത്യാസമുണ്ടല്ലോ.’’

 

‘‘ബന്ധങ്ങൾക്ക് പ്രായം തടസ്സമല്ലെന്ന് മറ്റാരേക്കാളും ടീച്ചർക്കറിയില്ലേ?’’

ജീവിതത്തിലാദ്യമായി, ദൈവാനുഗ്രഹത്താൽ വേണ്ടസമയത്ത്, കൃത്യമായി ആ ചോദ്യം എന്റെ നാവിൽവന്നുപൊലിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ടീച്ചർ പകച്ചു. അവരുടെ കണ്ണുകൾ എക്സ്റേ രശ്മികൾ പോലെ എന്നിലൂടെ കടന്നുപോയി. പിന്നെ, സ്വയം ഉത്തരം കണ്ടെത്തിയതുപോലെ  തലയാട്ടിക്കൊണ്ട് ചോദ്യങ്ങൾ പകർത്തിയ കടലാസ് അവർ വിരലുകൾക്കിടയിലിട്ടു ചുരുട്ടി മേശപ്പുറത്തുവച്ചു. നാരങ്ങാവെള്ളം കുടിച്ചുതീർത്ത ഗ്ലാസുകൾക്കൊപ്പം നിമിഷങ്ങൾക്കകം കുഞ്ഞാത്ത അതു റാഞ്ചിക്കൊണ്ടുപോയി. പുറത്തിരിക്കുമ്പോഴും അകത്തെ കാഴ്ച കാണാൻ ടീച്ചർ ക്യാമറ വല്ലതും വച്ചുകൊടുത്തിട്ടുണ്ടാകുമോ അവർക്കെന്ന് ഞാൻ സംശയിച്ചു. എത്ര കൃത്യമായാണ് അവരുടെ ഇടപെടൽ. ഒരുനിമിഷംമുൻപോ പിൻപോ ആവില്ല അത്.

 

‘‘നിന്റെ മനസ്സിൽ ചോദ്യങ്ങളല്ല, സംശയങ്ങളാണു നിറയെ. ശരിയല്ലേ മോഹനാ?’’കസേരയിൽ ചാഞ്ഞിരുന്ന് എന്നെ സൂക്ഷ്മായി നിരീക്ഷിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു, ‘‘നിനക്കെന്താ അറിയേണ്ടതെന്നുവച്ചാൽ തുറന്നു ചോദിച്ചോളൂ...’’

ഞാൻ പകച്ചു. ഒളിച്ചു കാണാൻ പോയവനു മുന്നിൽ വാതിൽ മലർക്കെ തുറന്നിട്ട്, ‘കണ്ടോളൂ’ എന്നു പറഞ്ഞതുപോലെയായി.

 

‘‘ധൈര്യമായി ചോദിച്ചോളൂന്നേ...’’

ടീച്ചറിന്റെ മുഖത്തെ കള്ളച്ചിരി എനിക്കു ധൈര്യം പകർന്നു.

‘‘ഇപ്പോൾ എന്താ ടീച്ചറിന്റെ മനസ്സിൽ? ഇപ്പോൾ എന്നു പറഞ്ഞാൽ ഈ നിമിഷം?’’

 

‘‘നിന്നെ കൊല്ലാൻ,’’ അതും പറഞ്ഞ് ടീച്ചർ  ഒളികണ്ണിട്ടുനോക്കി, ‘‘അല്ല. ഇങ്ങനൊക്കെ ചോദിച്ചാൽ എന്താ ഞാൻ പറയുക? മോഹനന്റെ മനസ്സിൽ ഈ നിമിഷം എന്താണ്?’’

 

‘‘ഏറ്റവും മനോഹരമായി ഈ ജീവചരിത്രം പൂർത്തിയാക്കുക എന്നത്.’’

‘‘അതൊക്കെ ഭംഗിവാക്കല്ലേ? നിന്റെ മനസ്സിൽ വൃദ്ധനായ കൂട്ടുകാരന്റെ ഉപദേശങ്ങളായിരിക്കും ഇപ്പോളെന്നു തീർച്ച.’’

‘വൃദ്ധനായ’ എന്ന വാക്കിന് വല്ലാത്തൊരൂന്നൽ ഉണ്ടായിരുന്നു. ഒരുദിവസം എന്റെ വൃദ്ധസുഹൃത്തുമായി റബേക്ക ടീച്ചറോടു സംവദിക്കാനിരിക്കുന്നത് ഞാൻ സ്വപ്നം കണ്ടു. ഏതു വാദമുഖങ്ങളെയും ഒടിച്ചിടാൻ മിടുക്കനായ രമേശൻ ചേട്ടനെ ടീച്ചർ കശക്കിയെറിയുമോ?

 

‘‘ഞാൻ ചോദിക്കട്ടെ മോഹനാ, ഒരു വ്യക്തിയെ എങ്ങനെയാണ് നീ അളക്കുന്നത്?’’

‘‘പെരുമാറ്റം കൊണ്ട്... വേഷംകൊണ്ട്, സംഭാഷണം കൊണ്ട്.’’

‘‘പക്ഷേ, അതാണോ ശരിയായ രീതി?’’

‍ജനാലയിലൂടെ പുറത്തേക്കു വിരൽചൂണ്ടി, ടീച്ചർ ഉദാഹരണത്തിന് ഒരു റോസാച്ചെടിയെ കൂട്ടുപിടിച്ചു. 

 

‘‘നിറയെ മുള്ളുള്ള ആ ചെടികണ്ടാൽ ഇത്ര മനോഹരമായ പൂക്കൾ അതിലുണ്ടാകുമെന്ന് സങ്കൽപ്പിക്കാനാവുമോ? മനുഷ്യരും അതുപോലെയാണ്. പുറത്തുനിന്നു കാണുന്നതുപോലെയാവില്ല പ്രവൃത്തി. നോക്കൂ, മറ്റൊരാൾ ശ്രദ്ധിക്കാൻവേണ്ടിത്തന്നെയാണ് ആരും അണിഞ്ഞൊരുങ്ങുന്നത്. അപ്പോൾ വേഷംകൊണ്ട് ആളെ അളക്കാനാവില്ല. സംഭാഷണവും പെരുമാറ്റവുമെല്ലാം അതുപോലെതന്നെ. 

 

ആരെയും വെറുപ്പിക്കരുതെന്ന ലക്ഷ്യം എല്ലാത്തിനും പിന്നിലുണ്ട്? ചിരി വന്നില്ലെങ്കിലും ഫലിതം പറഞ്ഞയാളെ സന്തോഷിപ്പിക്കാനായി ചിരിക്കുക, വന്നു കയറിയത് ഇഷ്ടപ്പെട്ടില്ലെങ്കിലും ഇടയ്ക്ക് വരണേ എന്നു ഭംഗിവാക്കുക പറയുക... ഇതൊക്കെയല്ലേ നമ്മൾ ചെയ്യുന്നത്? ഇതെല്ലാം ബോധപൂർവം ചെയ്യുന്ന കാപട്യങ്ങളാണ്. കൂടുതൽ ഭംഗിയായി ഇതു ചെയ്യുന്നവർ മറ്റുള്ളവരുടെ കണ്ണിൽ മിടുക്കനും ജനകീയനുമൊക്കെയാവും. അല്ലേ?’’

 

‘‘ടീച്ചർ പറയുന്നത്, ഒരാളെ ശരിക്കും മനസ്സിലാക്കാൻ മറ്റൊരാൾക്കു കഴിയില്ലെന്നാണോ? ’’

‘‘അതെ.’’

‘‘എനിക്കങ്ങനെ തോന്നുന്നില്ല. എത്ര അഭിനയിച്ചാലും മനുഷ്യരുടെ തനിനിറം എപ്പോളെങ്കിലും പുറത്തുവരികതന്നെ ചെയ്യും,’’രമേശൻ ചേട്ടൻ പറഞ്ഞതനുസരിച്ച് ടീച്ചറെ അസ്വസ്ഥപ്പെടുത്താൻ ഉറപ്പിച്ച്  ഞാൻ പറഞ്ഞു, ‘‘പലനാൾ കള്ളൻ ഒരുനാൾ അകപ്പെടും എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ?’’

 

‘‘എനിക്കറിയില്ല.’’

ടീച്ചർ കോട്ടുവായിട്ടു. എന്തുകൊണ്ടാണ് അവർക്ക് സംഭാഷണത്തിൽ പെട്ടെന്നു താൽപര്യം നഷ്ടപ്പെട്ടതെന്നത് എനിക്കു മനസ്സിലായില്ല. അവരെക്കൊണ്ടു സംസാരിപ്പിക്കണമെന്ന് ഞാനുറപ്പിച്ചു.

 

‘‘ചില മനുഷ്യരെ ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാക്കാനാവും. ജീവിതത്തിൽ സങ്കീർണതകളൊന്നും സൂക്ഷിക്കാത്ത എത്രയോ പേരുണ്ട്.’’

 

‘‘അങ്ങനെ ആരെങ്കിലും ഒരാളെ ചൂണ്ടിക്കാണിക്കാമോ?’’

ടീച്ചർ കോട്ടുവായടക്കി. ആ ശബ്ദത്തിൽ വെല്ലുവിളിയുടെ മുഴക്കമുണ്ടായിരുന്നു. 

‘‘ഉദാഹരണത്തിന്...’’ 

 

വെല്ലുവിളി ഏറ്റെടുത്തപ്പോഴാണ്  ആരുടെ പേരുപറയുമെന്ന ആശയക്കുഴപ്പത്തിലായത്. എനിക്കറിയാവുന്ന ആളുടെ പേരു പറഞ്ഞാൽ ടീച്ചർക്ക് അയാളെ അറിയണമെന്നില്ല. ടീച്ചർക്കറിയാവുന്നവരെ, എനിക്ക് അറിയുകയുമില്ല. ഞങ്ങൾക്കു പൊതുവായി അറിയാവുന്ന ആരുണ്ട്? പെട്ടെന്നാണ് ആലോചനയുടെ ചൂണ്ടക്കൊളുത്തിൽ ഇര കൊളുത്തിയത്.

 

‘‘പത്രോസ് മാഷ്...,’’ ഞാൻ പറഞ്ഞു, ‘‘അദ്ദേഹം സങ്കീർണതകളൊന്നുമില്ലാത്തൊരാളല്ലേ?’’

‘‘ആണോ?’’ റബേക്ക ടീച്ചറുടെ മുഖത്ത് പരിഹാസം പതഞ്ഞു.

‘‘അല്ലേ? എനിക്കങ്ങനെയാണു തോന്നുന്നത്. ’’

‘‘ഉം. അങ്ങേരെപ്പറ്റി മോഹനനു തോന്നുന്നതു മുഴുവൻ പറയൂ.’’

ടീച്ചർ കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു.

 

‘‘നേരേ വാ നേരേ പോ എന്ന മട്ടുള്ളൊരു മനുഷ്യൻ. എല്ലാവരും തന്നെ ആദരിക്കണമെന്നും അംഗീകരിക്കണമെന്നും ആഗ്രഹിക്കുന്നൊരാൾ. പിന്നെ, ഭാര്യ എത്രയോ വർഷമായി കിടപ്പിലായതിനാൽ ജീവിതത്തോട് ഇപ്പോൾ മാഷിന് നിസ്സംഗമായൊരു നിലപാടുണ്ട് എന്നും തോന്നുന്നു.’’

 

‘‘എന്തടിസ്ഥാനത്തിലാണ്  ഈ നിരീക്ഷണം?’’

ടീച്ചറിന്റെ നെറ്റിയിൽ ചുളിവു വീണു. എല്ലാ ആഴ്ചയും പത്തേക്കറിന്റെ പടി കയറിയിറങ്ങുന്ന പഴയ സഹപ്രവർത്തകനും സഹായിയുമായ ആളെപ്പറ്റി ടീച്ചർക്ക് എതിരഭിപ്രായമുണ്ടാവുമെന്ന് ഞാൻ കരുതിയില്ല. 

 

‘‘എന്താ എന്റെ നിരീക്ഷണത്തിൽ തെറ്റുണ്ടോ?’’

ടീച്ചർ ചിരിച്ചു.

 

‘‘പത്രോസ് മാഷ് വീടുകൾ കയറിയിറങ്ങുന്നത് എന്തുകൊണ്ടെന്നാണ് വിചാരിക്കുന്നത്?’’

‘‘പുഞ്ചക്കുറിഞ്ചിയിലെ ഏതു വീട്ടിലും മാഷിന്റെ ശിഷ്യരുണ്ടാവും. അവരുടെ സുഖവിവരം തിരക്കാൻ... വിശേഷങ്ങളറിയാൻ....’’

‘‘എന്നാരുപറഞ്ഞു.’’

‘‘അല്ലാതെ മറ്റെന്ത്?’’

 

‘‘അങ്ങനെയെങ്കിൽ പുഞ്ചക്കുറിഞ്ചിയിലെ സ്കൂളിൽ പത്രോസ് മാഷ് മാത്രമേയുള്ളായിരുന്നോ? അല്ല... പഠിപ്പിക്കുന്ന കാലത്ത് ഇത്രയും ആത്മാർഥതയുള്ള ആളായിരുന്നു മാഷെന്ന് പറഞ്ഞുകേട്ടിട്ടുണ്ടോ?’’

അതൊരു പ്രസക്ത ചോദ്യമായി എനിക്കുതോന്നി.

 

ഞാനൊരു കഥ പറയാം. ടീച്ചർ എഴുന്നേറ്റു മുറിയിലൂടെ ഏതാനും ചുവടു നടന്ന് എന്റെ മേശയ്ക്കരികിൽ വന്നുനിന്നു.‘‘പണ്ട്, സ്കൂളിൽ ഏഴ് ബിയിലൊരു മോഷണം നടന്നു. ഒരു ഗൾഫുകാരന്റെ മകളുടെ വിലകൂടിയ പേന. ഹെഡ്മാസ്റ്റർക്കു സമ്മാനിക്കാൻ കൊണ്ടുവന്നതായിരുന്നു അത്. കൊച്ച് കരച്ചിലോടു കരച്ചിൽ. ഒടുവിൽ പത്രോസ് മാഷ് അതു കണ്ടെടുത്തു. പിന്നീട് സ്കൂളിൽ എന്തു മോഷണം നടന്നാലും മാഷാണ് തെളിയിച്ചിരുന്നത്. ഞങ്ങൾ ഡിറ്റക്ടീവ് പത്രോസ് എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. 

 

എല്ലാമനുഷ്യരിലും കള്ളത്തരമുണ്ടെന്നും അവസരം വരുമ്പോഴേ അതു മറനീക്കി പുറത്തുവരൂ എന്നും മാഷ് പറയുമായിരുന്നു. ചുരുക്കത്തിൽ എല്ലാവരെയും മാഷ് കള്ളന്മാരായാണ് കണ്ടിരുന്നത്. കുട്ടികളുടെ മാത്രമല്ല, സ്റ്റാഫ് റൂമിൽ അധ്യാപകരുടെ ബാഗും ആരും കാണാതെ മാഷ് പരിശോധിക്കുമായിരുന്നു. പുഞ്ചക്കുറിഞ്ചിയിലെ വീടുകളിൽ കയറിയിറങ്ങുന്നത് ഈ ‍‍ഡിറ്റക്ടീവാണ്. 

 

നായയെപ്പോലെ മൂക്കുവിടർത്തിയാണു മാഷ് നടക്കുന്നത്. ഇനി ശ്രദ്ധിച്ചോളൂ. അങ്ങേരറിയാതെ ഈ നാട്ടിൽ ഒന്നും നടക്കരുതെന്നാണു വാശി.’’

 

പത്രോസ് മാഷ് അപ്രതീക്ഷിതമായി വീട്ടിൽ വന്നു കയറാറുള്ളതും ശബ്ദം കേൾപ്പിക്കാതെ വാതിൽ തുറക്കുന്നതുമൊക്കെ ഞാനോർത്തു. മാഷിന്റെ ചുഴിഞ്ഞുകയറുന്ന നോട്ടത്തിന്റെ ഓർമ എന്നെ അസ്വസ്ഥപ്പെടുത്തി.

 

‘‘ഒപ്പം ജോലി ചെയ്തിട്ടുണ്ട്. ജോസഫ് പാപ്പനുമായും ആന്റണിയുമായൊക്കെ മാഷിനു പരിചയമുണ്ടായിരുന്നു. തോമസിന്റെ ചങ്ങാതിയുമായിരുന്നു. അതൊക്കെ ശരി. പക്ഷേ, തോമസുള്ളപ്പോൾ അങ്ങേരിങ്ങനെ കയറിവരില്ലായിരുന്നു. ഇപ്പോൾ വന്നാലോ, ഞാനേതാണ്ട് നിധി കുഴിച്ചിട്ടിരിക്കുന്നപോലെയാണ് നോട്ടംകൊണ്ടുള്ള പരതൽ.’’

ഞാൻ ചിരിച്ചു.

 

‘‘മോഹനനുമായി മാഷിന് അടുപ്പമാണെന്നറിഞ്ഞോണ്ടുതന്നെയാ ഞാനീ പറയുന്നതു കേട്ടോ. മോഹനനെ കേട്ടെഴുതാൻ ഏർപ്പെടുത്തിയതുതന്നെ അങ്ങേരാണല്ലോ. അതു കേൾക്കുമ്പോൾ ഏതാണ്ടു സഹായം ചെയ്തതാന്നല്ലേ തോന്നൂ? സത്യമതല്ല. പുഞ്ചക്കുറിഞ്ചിക്കാരല്ലാത്ത ആരെക്കൊണ്ടെങ്കിലും മുൻവിധിയില്ലാതെ കേട്ടെഴുതിപ്പിക്കാമെന്നു ഞാൻ പറഞ്ഞപ്പോൾ വേണ്ട, ആളെ കൊണ്ടുവരാമെന്ന് അങ്ങേരേറ്റു. എങ്കിലല്ലേ മാഷിനു കാര്യങ്ങൾ അറിയാനാവൂ. 

 

ഇവിടിരുന്നെഴുതിയാൽ മതിയെന്നു ഞാൻ നിർബന്ധം പിടിച്ചത് എന്തിനാണെന്ന് ഇപ്പോൾ മോഹനനു മനസ്സിലായിക്കാണുമല്ലോ. ഞാനെന്തൊക്ക പറഞ്ഞൂന്നറിയാൻ അങ്ങേര് മോഹനനെ  അലട്ടുന്നുണ്ടാവുമെന്ന് ഉറപ്പാണ്. മാഷിന് എന്താണു വേണ്ടതെന്ന് എനിക്കറിയാം.’’

 

ടീച്ചറുടെ മുഖം വലിഞ്ഞുമുറുകി. സാരിത്തുമ്പ് ചുമലിലൂടെ വളച്ച് നെഞ്ചിലേക്കിട്ട് അവർ എനിക്കരികിലേക്കു കുനിഞ്ഞു.

‘‘ഈ മനുഷ്യന് പണ്ടെന്നോടു മുടിഞ്ഞ സ്നേഹമായിരുന്നു കേട്ടോ.’’

ഞാനതുകേട്ടു ചിരിച്ചുപോയി. 

‘‘തമാശയല്ല. എന്റെ പിന്നാലെ നടന്നതാണു കുറേനാൾ.’’

ടീച്ചറുടെ മുഖത്ത് വീണ്ടും പരിഹാസം നിറഞ്ഞു.

 

‘‘ആന്റണിയുള്ളപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നു. അങ്ങേരു മരിച്ചതോടെ മട്ടും ഭാവവും മാറി. ഒരു ദീവസം ഈ മുറ്റത്തു കയറിവന്നു. കുറേനേരം സംസാരിച്ചിരുന്നു. ചായകുടിച്ചു. എന്താവശ്യമുണ്ടെങ്കിലും പറയണമെന്നു പറഞ്ഞുമടങ്ങി. പിറ്റേന്നും അതിന്റെ പിറ്റേന്നും വന്നു. സംസാരത്തിന്റെ നീളം കൂടി. ഞാൻ നിർബന്ധിച്ചു പറഞ്ഞയക്കണമെന്ന നിലയായി. 

 

ഒരുദിവസം, അയാളിങ്ങോട്ടുവരുന്നതിനുമുൻപ് ഞാൻ അങ്ങേരുടെ വീട്ടിലേക്കു പോയി. ഭാര്യയും മക്കളുമുണ്ടായിരുന്നു അവിടെ. എന്നെക്കണ്ട് മാഷ് അട്ടയെപ്പോലെ ചുരുണ്ടു. ഞാൻ മന:പൂർവം ഏറെ നേരം അവിടെ സംസാരിച്ചിരുന്നു. പിറ്റേന്നും അതിന്റെ പിറ്റേന്നും ഇതുതന്നെ ചെയ്തു. അതിനടുത്ത ദിവസം പത്രോസ്മാഷ് പുലർച്ചെതന്നെ ഇവിടേക്കു വന്നു. കൈകൾ തൊഴുതുപിടിച്ച് കുറേനേരം എന്റെ മുന്നിലിരുന്നു. ഞാനൊന്നും ചോദിച്ചില്ല. ഇങ്ങോട്ടൊന്നും പറഞ്ഞുമില്ല. 

 

പിന്നീട് അങ്ങേരു പ്രത്യക്ഷപ്പെടുന്നത് തോമാച്ചന്റെ സുഹ‍ൃത്തായാണ്. ഞങ്ങളുടെ വിവാഹത്തിനൊക്കെ മുൻപന്തിയിൽ നിന്നു. പക്ഷേ, വർഷങ്ങൾക്കുമുൻപ് എന്നെ നോക്കിയ അതേ നോട്ടം ഇപ്പോഴും ആ കണ്ണുകളിൽ ഞാൻ കാണാറുണ്ട്.’’

 

‘അമ്പട കള്ളൻ മാഷേ’-ഞാൻ ഉള്ളിൽ പറഞ്ഞു. പീളകെട്ടിയ കണ്ണുകളിൽ ഒരു പ്രണയക്കടൽ ഇരമ്പൽ ബാക്കിയുണ്ട് എന്ന അറിവ് എന്നെ ഖേദം കൊണ്ടുപൊതിഞ്ഞു.

 

‘‘കാഴ്ചയും യാഥാർഥ്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് മോഹനനു മനസ്സിലായില്ലേ?’’ ടീച്ചർ പുരികത്തുമ്പിൽ വിജയക്കൊടിയുയർത്തി ചിരിച്ചു,‘‘സാധാരണക്കാരനായ ഒരാളെപ്പറ്റിയാണു നമ്മൾ ചർച്ച ചെയ്തത്. മറ്റൊരാൾക്കു മനസ്സിലാവരുതെന്നുറപ്പിച്ച് ബോധപൂർവം പെരുമാറുന്ന ഒരാളാണെങ്കിലോ? ഇതൊന്നും തിരിച്ചറിയാനേ പോകുന്നില്ല.’’

 

‘‘ഞാനങ്ങനെ വിചാരിക്കുന്നില്ല. ഇപ്പോൾത്തന്നെ പത്രോസ് മാഷിന്റെ കള്ളത്തരം ടീച്ചർ മനസ്സിലാക്കിയില്ലേ?’’ ടീച്ചറിന്റെ പരിഹാസച്ചിരി കടമെടുത്ത് ഞാൻ ഉറച്ച സ്വരത്തിൽ ചോദിച്ചു,‘‘എത്ര ഒളിച്ചുവച്ചാലും ചിലത് വെളിപ്പെടുകതന്നെ ചെയ്യും. അതു പ്രകൃതിനിയമമാണ്.’’

 

‘‘അങ്ങനെയാണോ?’’ ടീച്ചർ കൈവിരലുകളിൽ ഞൊട്ടയിട്ടു, 

 

‘‘അതേ ടീച്ചർ. ഒരിക്കലും മറ്റാർക്കും പിടികൊടുക്കരുത്, മനസ്സു വെളിപ്പെടുത്തരുത് എന്നൊക്കെയാണ് ചില മനുഷ്യർ വിചാരിക്കുന്നത്. പക്ഷേ, അപ്രതീക്ഷിതമായി ചിലതു  സംഭവിക്കുമ്പോൾ അവരുടെ പെരുമാറ്റത്തിലൂടെ ഉള്ളിലെ പൊരുൾ വായിച്ചെടുക്കാം. അഭിനയിക്കാനും തയാറെടുക്കാനും അവർക്കു സമയം കിട്ടുന്നതിനുമുൻപുള്ള പ്രതികരണം. അതാണു പ്രധാനം.’’

 

ഓരോ വാക്കും ആഴത്തിൽ ഊന്നിയാണു പറഞ്ഞത്. ഞാൻ ഉദ്ദേശിക്കുന്നത് ടീച്ചറിനെത്തന്നെയാണെന്ന് അവർക്കു ബോധ്യപ്പെടട്ടെ എന്നുറപ്പിച്ചായിരുന്നു അത്.

 

‘‘മോഹനന് ഉറപ്പാണോ?’’

ടീച്ചറുടെ ചോദ്യത്തിനൊപ്പം പിൻമുറ്റത്ത് തോപ്രൻ മുരളുന്നതു കേട്ടു.

‘‘ഉറപ്പ്.’’

 

അഹങ്കാരത്തിന്റെ വീർപ്പ് കുത്തിപ്പൊട്ടിക്കാൻ വല്ലാത്തൊരു പ്രേരണതോന്നി. എല്ലായ്പോഴും ഒരാളെത്തന്നെ ജയിക്കാൻ വിടരുതല്ലോ. ഞാൻ എഴുന്നേറ്റു. ഇന്നത്തേക്ക് ഇത്രമതി. യാത്രപോലും പറയാതെയാണ് ഇറങ്ങിയത്. ഗേറ്റ് മന:പൂർവം കുറ്റിയിട്ടില്ല. പിന്നിൽനിന്ന് കുഞ്ഞാത്ത ഓടിയെത്തുന്ന ശബ്ദം  കേൾക്കാമായിരുന്നു. പെട്ടെന്നു ഞാൻ തിരിഞ്ഞു നോക്കി. ഇതാദ്യമായി അവരുടെ മുഖത്ത് ചിരിയുടെ ചായം ഞാൻ കണ്ടു. അടുത്ത നിമിഷംതന്നെ അതു മായുകയും ചെയ്തു. 

 

വെയിലിനു ചൂടുപിടിച്ചിരുന്നു. മാധവന്റെ കടയിൽ രമേശൻ ചേട്ടൻ എന്നെ കാത്തിരുന്നു മുഷിഞ്ഞുകാണും. ഇന്നിനി അവിടേക്കുപോകുന്നില്ലെന്ന് ഉറപ്പിച്ച് വെട്ടുവഴി കുറുക്കിറങ്ങി ഞാൻ വേഗം നടന്നു. വീട്ടുമുറ്റത്തേക്കുള്ള വഴി തിരിയുമ്പോൾ ദൂരെ നിന്നേ മുറ്റത്തു ചാരിവച്ച ബുള്ളറ്റും വെയിലിൽ തിളങ്ങുന്ന അ‍ഡ്വക്കറ്റ് തമ്പാൻ മാത്യുവിന്റെ കഷണ്ടിത്തലയും കണ്ടു. എന്റെ നെഞ്ച് ബുള്ളറ്റിന്റെ മുഴക്കം കടമെടുത്തു.

 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com