ADVERTISEMENT

ഡ്രാമ ലാബ് മാനേജിങ് ഡയറക്ടർ എബി ജോസ് പുള്ളാടൻ തൃപ്പൂണിത്തുറ നഗര സഭയുടെ മാലിന്യ കൂമ്പാരത്തിൽ കൊല്ലപ്പെട്ടു.

വാർത്ത ആദ്യം സ്ക്രോൾ ചെയ്തു പോവുകയും പിന്നെ അവതാരക അതുറക്കെ വായിക്കുകയും ചെയ്തു. മീര അപ്പോൾ ടിവിയുടെ ഒച്ച കൂട്ടി . പക്ഷേ എനിക്ക് ആ നിമിഷം ബോധം നഷ്ടമായത് പോലെയൊരു അനുഭവം തോന്നി. എനിക്കെതിരെയാണ് അയാളെന്നറിഞ്ഞ നിമിഷമാവണം അജ്ഞാതൻ എബിയെ കൊല്ലാൻ തീരുമാനിച്ചത്?

അങ്ങനെ വരുമ്പോൾ അയാൾ എനിക്ക് വേണ്ടി മാത്രം നിൽക്കുന്നൊരാളാണോ? എന്നെ അപകടപ്പെടുത്താൻ വരുന്ന മനുഷ്യരെ ഇല്ലാതാക്കുന്നയാൾ. എനിക്കെന്താണ് പെട്ടെന്ന് അജ്ഞാതനോട് ഇത്ര അടുപ്പം? എബി എന്നെ അപകടപ്പെടുത്താൻ എല്ലാം പ്ലാൻ ചെയ്തു എന്ന് കേട്ടപ്പോൾ തുടങ്ങിയ ആധിയാണ്. അയാളായിരുന്നു എല്ലാത്തിന്റെയും പിന്നിലെന്നാണ് ആദ്യം കരുതിയത്, ഇപ്പോൾ എബിയും കൊല്ലപ്പെടുമ്പോൾ മനസ്സിലാവുന്നു, അജ്ഞാതന് എന്റെ ജീവനല്ല ആവശ്യം, എന്നെ അപകടപ്പെടുത്തുന്നവരുടെ ജീവനാണ്. 

 

‘‘എമ്മാ... അപ്പോൾ അയാളല്ലായിരുന്നു അത്. എനിക്കൊരു ആശ്വാസം തോന്നിയതായിരുന്നു, അയാളല്ലെങ്കിൽപ്പോലും ആളെ കിട്ടിക്കഴിഞ്ഞപ്പോൾ എന്തും ഫെയ്‌സ് ചെയ്യമെന്നൊരു തോന്നൽ.’’

 

മീര മാനസി ചേച്ചിയോട് ചേർന്ന് നിന്നു. എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നുവെന്നു തോന്നുന്നു. നടാഷ എന്താണ് സ്വന്തം തീരുമാനമെന്ന് പോലുമറിയാതെ ഭയന്നിട്ടെന്നവണ്ണം ടിവിയിലേയ്ക്ക് നോക്കിയിരിക്കുന്നു. ഞാൻ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു. അവൾക്കാണ് ആശ്രയം വേണ്ടത്.

 

‘‘എടീ ....’’

നടാഷ പൊട്ടിക്കരഞ്ഞു. എനിക്കറിയാമായിരുന്നു അവളിപ്പോൾ കരയുമെന്ന്. പാവം പെൺകുട്ടി.

 

‘‘നീ കരയണ്ട മോളെ, അയാൾ നമുക്ക് അപകടമൊന്നും ചെയ്യില്ലെന്നാണ് ഇപ്പോൾ എന്റെ മനസ്സ് പറയുന്നത്. നീ സമാധാനം ആയിരിക്ക്. എബി എന്നെ അപകടപ്പെടുത്താൻ നോക്കിയവനാണ്. അതിന്റെ ശിക്ഷ അയാൾക്ക് കിട്ടി. അങ്ങനെ വിചാരിച്ചാ മതി’’

 

‘‘എമ്മാ നീ ഇപ്പോഴും ഒരു ക്രിമിനലിനു സപ്പോർട്ട് പറയുകയാണ്. ഇത് നല്ലതിനല്ല. അയാൾ അപകടകാരിയാണെന്നു ഋഷിയെ കൊലപ്പെടുത്തിയപ്പോൾ നിനക്ക് മനസ്സിലായതല്ലേ, ഇനി ഞങ്ങളിലാരെയെങ്കിലും നിനക്ക് വേണ്ടിയെന്ന് പറഞ്ഞു അയാൾ കൊന്നു കഴിഞ്ഞാലേ നീ അയാളെ സപ്പോർട്ട് ചെയ്യാതെയിരിക്കൂ അല്ലെ?’’

 

മീര വല്ലാതെ ക്രൂരമായി സംസാരിക്കുന്നു. അവൾക്കെങ്ങനെ ഇങ്ങനെ എന്നോട് സംസാരിക്കാൻ കഴിയുന്നു. എന്റെ കയ്യും കാലുമൊക്കെ തളരുന്നത് പോലെയാണ് തോന്നുന്നത്. ഞാൻ കിടന്നു. എത്ര നേരമങ്ങനെ കിടന്നുവെന്നു എനിക്കറിയില്ല. അനിൽ മാർക്കോസ് വിളിക്കുന്നില്ല , എന്താണ് കേസിന്റെ വിവരങ്ങളെന്ന് എനിക്കറിയില്ല. വിശാഖ് മാഷ് വിളിക്കുന്നത് വരെ ഞാൻ അങ്ങനെ കിടന്നു, ഉറങ്ങാതെ, ഒന്ന് മയങ്ങുക പോലും ചെയ്യാതെ,.

 

‘‘എമ്മാ കാര്യങ്ങളൊക്കെ ഞാനറിഞ്ഞു. ഞെട്ടിക്കുന്ന ഓരോ വാർത്തകൾ.... ’’

 

‘‘ഉം...’’

 

‘‘നിനക്ക് ഒരു പാഴ്‌സൽ ഇവിടെ എന്റെ വീട്ടിൽ വന്നിരിപ്പുണ്ട്. ഞാൻ കൊണ്ട് തരണോ?’’

എനിക്ക് പാഴ്‌സലോ?

അത്... എബിയുടെ മരണത്തെ ചുറ്റിപ്പറ്റി അജ്ഞാതന്റെ അടുത്ത ഗിഫ്റ്റ് ആയിരിക്കുമോ? ഞാൻ ചാടിയെഴുന്നേറ്റു.

‘‘വിശാഖ് മാഷേ അത് തുറന്നോ?’’

 

‘‘ഇല്ല എമ്മാ നിനക്കുള്ളതല്ലേ?’’

 

‘‘ഞാൻ അങ്ങോട്ട് വരാം. just wait ’’

വിശാഖ് മാഷ് എന്തെങ്കിലും പറയും മുൻപ് ഞാൻ ചാടിയിറങ്ങി. മീര അവളുടെ ഡിയോ എടുത്തു. ഞങ്ങൾ രണ്ടും വിശാഖ് മാഷിന്റെ വീട്ടിലേയ്ക്ക് പാഞ്ഞു. പോകുന്ന വഴിക്ക് വണ്ടിയുടെ പിന്നിലിരുന്നു ഞാൻ അനിൽ മാർക്കോസിന് ഫോൺ ചെയ്തു. അയാളുടനെ അങ്ങോട്ടേയ്ക്ക് എത്തുമായിരിക്കും.

 

ഞാനും മീരയും മാഷിന്റെ വീട്ടിലെത്തിയപ്പോഴേക്കും അനിൽ മാർക്കോസും അദ്ദേഹത്തിന്റെ വണ്ടിയും എത്തിച്ചേർന്നിരുന്നു. ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ അദ്ദേഹത്തെ അറിയിച്ചത് നന്നായെന്ന് എനിക്ക് തോന്നി. ആ സമ്മാനം എന്താണെന്നെനിക്കറിയില്ല. അതെന്താണെങ്കിലും അത് ഒറ്റയ്ക്ക് തുറക്കാൻ എനിക്കാവില്ല. ബോധം കെട്ട് വീഴുമോ എന്നൊക്കെ തോന്നുന്നുണ്ട്. ശരീരത്തിനാകെ ഒരു ബലക്കുറവ്. ഭക്ഷണം ശരിയാവാത്തതു കൊണ്ടാവണം വയറു കമ്പിച്ചിരിക്കുന്നു. ആകെ അസ്വസ്ഥതകൾ...

 

‘‘നീയെന്താ എമ്മാ ഇങ്ങനെ... ഇതെന്തൊരു കോലമാണ് ?’’

എന്നെ നാളുകൾക്ക് ശേഷം കണ്ടപ്പോൾ വിശാഖ് മാഷ് ആദ്യമായി കാണുകയാണെന്ന പോലെ നോക്കി. എനിക്കൊന്നും ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല. ഞാൻ മാറിക്കോട്ടെ, അല്ലെങ്കിലും ആർക്കു വേണ്ടിയാണ്!

 

ഒന്നിലും ഒരു ശ്രദ്ധയും ഇല്ലാതായിരിക്കുന്നു. ഒന്നിനോടും താൽപ്പര്യം തോന്നുന്നതേയില്ല. എല്ലാം അനാവശ്യമാണെന്ന ബോധം...

 

‘‘ഒന്നുമില്ല മാഷേ... അതെവിടെയാണ്? ആ സമ്മാനം?’’

കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കാതെ വിശാഖ് മാഷ് സമ്മാനമെടുത്ത് നൽകി. തീരെ ക്ഷമയില്ലാതെ ഞാൻ അത് തുറക്കാൻ ശ്രമിക്കുന്നത് കണ്ടു മീര സഹായിച്ചു. അനിൽ മാർക്കോസ് നിശബ്ദമായി നോക്കി നിന്നതേയുള്ളൂ.

 

ബോക്സിനുള്ളിൽ ഉണ്ടായിരുന്നത് പതിവ് പോലെ അവയവങ്ങളായിരുന്നില്ല. ഒരു കഷ്ണം പേപ്പർ. ചോരയിൽ മുങ്ങിയ പോലെ ഒന്ന്... 

അതിൽ ചുവന്ന നിറത്തിൽ വിരൽ കൊണ്ട് എഴുതിയെന്നത് പോലെ...

 

-Its Over Dear Emmaa !-

 

ചോര കൊണ്ട് എഴുതിയ അജ്ഞാതന്റെ പ്രണയ ലേഖനം...

അതിൽ നിന്ന് ഉണങ്ങിപ്പിടിച്ച രക്തത്തിന്റെ ഉളുമ്പ് മണം... എബി ജോസിന്റെ ചോര...

 

എനിക്ക് അകത്തുള്ളതെല്ലാം പുറത്തേക്കെടുത്തു. കയ്യിലിരുന്ന ബോക്സ് നിലത്തേയ്ക്കിട്ടു ഞാൻ വാഷ്ബേസന്റെ അടുത്തേക്കോടി. തലച്ചോറ് വരെ പൊട്ടിയൊലിക്കുന്നത് പോലെ തോന്നൽ. അകത്തുള്ളതെല്ലാം പുറത്തേക്കൊലിച്ചു പോയി. പച്ചവെള്ളത്തിന്റെ സ്വാദ് അറിയുമ്പോൾ ചവർപ്പിന്റെ വേദനയിൽ പുളഞ്ഞു.

 

‘‘സർ ഇത്...’’

വിശാഖ് മാഷ് അമ്പരന്നു നിൽക്കുന്നു. അയാളൊട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നല്ലോ ആ സമ്മാനം. 

 

‘‘ഞാനൊരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒന്നാണെന്ന്...’’

 

‘‘നിങ്ങളെപ്പോഴാണ് ഇത് കണ്ടത് വിശാഖ്?’’

അനിൽ മാർക്കോസിന്റെ ചോദ്യത്തിലേക്ക് വിശാഖ് മാഷ് നോക്കുന്നു.

 

‘‘ഞാൻ സാറിനോട് സംസാരിച്ചു കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് ഇതുണ്ടായിരുന്നു. മുകളിൽ എമ്മയുടെ പേരും. അതുകൊണ്ട് ഞാനവളെ വിളിച്ചു’’

 

അനിൽ മാർക്കോസ്, വിശാഖ് മാഷിനോട് സംസാരിച്ചെന്നോ? എന്നിട്ട്... ഞാൻ സംശയത്തിൽ അനിൽ മാർക്കോസിനെ നോക്കി. അയാളുടെ മുഖം ഗൗരവത്തിലായിരുന്നു. അയാൾ തിരിഞ്ഞു മഹേഷിനെ നോക്കി.

 

‘‘ഇത് ലാബിലേക്കയക്കണം. എബിയുടെ ബ്ലഡ് ഗ്രൂപ്പുമായി ഒത്തു നോക്കണം. സർവ്വ ഡീറ്റൈൽസും എടുക്കണം’’

 

‘‘സർ’’ അറ്റൻഷനായി മഹേഷ് എനിക്ക് കിട്ടിയ സമ്മാനവുമായി മടങ്ങുന്നു. അജ്ഞാതൻ എഴുതിയത് its over എന്നാണ്. അതായത് എല്ലാം അവസാനിക്കുന്നുവെന്ന്. അയാൾ എല്ലാം നിർത്തുകയാണോ? അതിനു ശേഷം അയാളുടെ ലക്ഷ്യമെന്തായിരിക്കും? അയാളുടെ അവസാന ടാർജറ്റ് ഞാനായിരിക്കുമോ?

 

മീര പറഞ്ഞത് പോലെ എന്നെ ലഭിക്കാൻ അയാൾ എന്റെ കൂടെ ഉള്ള എല്ലാവരെയും കൊന്നൊടുക്കില്ലേ? മീരയുടെ കയ്യിൽ പിടിച്ചിരുന്നില്ലെങ്കിൽ ഞാൻ പെട്ടെന്ന് താഴേയ്ക്ക് വീണു പോയേനെ. 

 

അനിൽ മാർക്കോസ് അടുത്തേയ്ക്ക് വന്നു,

‘‘താൻ ഒക്കെ അല്ലെ എമ്മാ?’’

 

‘‘ആണെന്ന് പറഞ്ഞാൽ അത് ശരിയാണോ സർ, അറിയില്ല. ഞാൻ ഒക്കെ അല്ല. അയാൾ എല്ലാം അവസാനിപ്പിച്ചെന്നാണോ എഴുതിയതിന്റെ അർഥം?’’

 

‘‘ആയിരിക്കാം. അല്ലെങ്കിലും എന്റെ മൂക്കിന്റെ തുമ്പിലുണ്ട് അവൻ. ഇനി ഒരുപാട് ദൂരമില്ല കയ്യിൽ കിട്ടാൻ’’

 

‘‘സർ എന്തെങ്കിലും തെളിവുകൾ.?’’

 

‘‘ഞാൻ പറയാം. താൻ തല്ക്കാലം വീട്ടിലേയ്ക്ക് പോകൂ.’’

 

ഞാൻ വിശാഖ് മാഷിനോട് പോലും ഒന്നും പറയാൻ നിൽക്കാതെ മീരയോടൊപ്പം പുറത്തേയ്ക്കിറങ്ങി. എന്നെ അതിഭയങ്കരമായി അപ്പോൾ പേടി ചൂഴ്ന്നിരുന്നു. എല്ലാം അവസാനിച്ചു എന്നാൽ എന്തൊക്കെ അവസാനിച്ചുവെന്നാണ് അയാളുദ്ദേശിച്ചത്? യാത്രയിലുടനീളം ഞാൻ ആലോചിച്ചു. എനിക്കതിന്റെ ഉത്തരം കിട്ടിയില്ല. 

 

English Summary: ‘Njan Emma John’ e-novel written by Sreeparvathy, Chapter- 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com