ADVERTISEMENT

‘ഗോപ്യം’
(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ ആറാമധ്യായം)


മരിച്ചുകിടക്കുമ്പോൾ അന്നമ്മ വല്യമ്മയുടെ ചുണ്ടിലൊരു ചിരി പറ്റിനിന്നിരുന്നു എന്നു പലരും കണ്ടെത്തി. ചിരിച്ചുകൊണ്ട് മരിക്കുന്നതു നല്ലതല്ലെന്നും അതു ജീവിച്ചിരിക്കുന്നവർക്ക് ദോഷമാണെന്നും വേറെ ചിലർ വ്യാഖ്യാനിച്ചു. ‘ചത്തുകിടക്കുവാണെന്നേ തോന്നില്ലെന്ന്’ അടക്കം പറഞ്ഞ് പുഞ്ചക്കുറിഞ്ചിക്കാർ മൂക്കുചീറ്റി. എന്നാൽ റബേക്കയ്ക്ക് തോന്നിയത്, ‘ഇത്തിരി സൂപ്പു കൂടി താടീ കൊച്ചേ’ എന്നു കെഞ്ചുന്ന മുഖത്തോടെയാണ് അന്നമ്മ വല്യമ്മ മരണത്തെ നേരിട്ടതെന്നാണ്.

 

 

മരണമറിഞ്ഞു വന്നവരെക്കൊണ്ട് ഒരാഴ്ച മുഴുവൻ മുറ്റം നിറഞ്ഞു. ഓരോരുത്തരോടും അന്നമ്മ വല്യമ്മ മരിച്ചത് തെല്ലുമുമ്പാണെന്ന ഭാവത്തിൽ ജോസഫ് പാപ്പൻ സംഭവങ്ങൾ ആവർത്തിക്കുകയും സംഭാഷണത്തിന്റെ അവസാനം ബോധപൂർവം ഗാന്ധിസൂക്തം തിരുകിവയ്ക്കുകയും ചെയ്തു. നെഞ്ചുവേദന വന്ന് അന്നമ്മവല്യമ്മ കുഴഞ്ഞുവീഴുകയും  ഓടിയെത്തുന്നതിനുമുൻപേ കണ്ണടയ്ക്കുകയും ചെയ്തെങ്കിലും ജോസഫ് പാപ്പന്റെ ദൃക്സാക്ഷി വിവരണത്തിൽ കെട്ടിയോൾ അയാളുടെ കൈയിൽ കിടന്നായിരുന്നു മരിച്ചത്. മരിക്കുംമുൻപ് അന്നമ്മ വല്യമ്മ അയാളെ നോക്കി ചിരിച്ചെന്നും ‘പോയിവരട്ടെ’ എന്നു നിശ്ശബ്ദമായി അനുമതി ചോദിച്ചെന്നുമുള്ള നട്ടാൽ കുരുക്കാത്ത നുണകൾ നെടുവീര്‍പ്പുകളുടെ അകമ്പടിയോടെ ആവർത്തിച്ചുള്ള വിവരണത്തിൽ ക്രമേണ ഗാന്ധിസൂക്തത്തിനു തൊട്ടുമുൻപ് ഇടംപിടിച്ചു. കടും ചായയും നേന്ത്രക്കായ ഉപ്പേരിയും പൂമുഖത്തേക്ക് കയറ്റിയയച്ച് അടുക്കള മടുത്തുതുടങ്ങിയിട്ടും പാപ്പൻ കഥ പറഞ്ഞു മടുത്തില്ല.

 

 

‘‘ഇനിയീ താടിയൊന്നു വടിക്കരുതോ?’’
പാപ്പനെ ഒറ്റയ്ക്കു കിട്ടിയനേരം റബേക്ക ശാസിച്ചു.
‘‘വടിക്കണോ?’’
പാപ്പൻ നരച്ച താടി തടവി. കളിപ്പാട്ടം നഷ്ടപ്പെട്ട കു‍ഞ്ഞുങ്ങളുടെ മുഖമായിരുന്നു അപ്പോൾ അയാൾക്ക്.
‘‘പിന്നല്ലാതെ....? ജീവിതകാലം മുഴുവൻ സന്യസിക്കാൻ പോവാണോ?’’
റബേക്കയുടെ നീളൻ കൈവിരലുകൾ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ പാപ്പൻ പതിയെ അത് അടർത്തിമാറ്റി.
‘‘കുറച്ചു ദിവസംകൂടി കഴിയട്ടെ. കാണുന്നോരെന്തു വിചാരിക്കും.’’
റബേക്ക മുഖം വീർപ്പിച്ചു.
‘‘വന്നുകയറിയവരൊക്കെ ഒന്നു പോയിക്കിട്ടണ്ടേ? ആന്റണി എന്നാ മടക്കം?’’ ജോസഫ് പാപ്പൻ ശബ്ദത്തിൽ സൗമ്യത നിറച്ചു.
‘‘ഞാൻ ചോദിച്ചില്ല.’’
‘‘സൂക്ഷിക്കണേ....’’

 

 

മുറ്റത്താരോ വന്നതറിഞ്ഞ് റബേക്കയുടെ കൈച്ചങ്ങല പൊട്ടിച്ച് ജോസഫ് പാപ്പൻ പുറത്തേക്കിറങ്ങി. രണ്ടുദിവസംകൂടി കാത്തിരുന്നാൽ പാപ്പനെ  പൂർണമായും തനിക്കു കിട്ടുമല്ലോ എന്നു റബേക്ക സമാധാനിച്ചു. പക്ഷേ, പാപ്പൻ അവൾക്കു പിടികൊടുക്കാതെ തെന്നി, കഴിയുന്നതും കൊച്ചുവീട്ടിലേക്കു പോകാൻ മടിച്ച് പൂമുഖത്തുതന്നെ പുസ്തകം വായിച്ചിരുന്നു. വിരുന്നുവരുന്നവരെ നിർബന്ധിച്ച് വീട്ടിൽ പിടിച്ചുനിർത്തി. റബേക്ക അരികിൽ ചെന്നപ്പോഴെല്ലാം അയാൾ തിരക്കഭിനയിക്കുകയോ ആരോ കാത്തുനിൽക്കുന്നമട്ടിൽ പുറത്തേക്കോടുകയോ ചെയ്തു.

 

 

‘‘എന്നതാ ഉദ്ദേശം?’’
ഒരു നട്ടുച്ചച്ചൂടിൽ റബേക്ക മുറിയുടെ വാതിൽ വലിച്ചടച്ച് അയാളെ ഒരിക്കൽക്കൂടി നേരിട്ടു.
‘‘എന്തുദ്ദേശം?’’
പാപ്പൻ പതറി.
‘‘എന്നെ ഒഴിവാക്കുന്നത് മനസ്സിലാവുന്നുണ്ട്.’’
‘‘അതല്ല...എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. കണ്ണടയ്ക്കുമ്പോൾ അന്നമ്മ വിളിച്ചുണർത്തുന്നു. ദേ,ഇതുകണ്ടോ...,’’അയാൾ കുപ്പായമുയർത്തി വയർ കാണിച്ചു, ‘‘അവൾ കടിച്ചതാ.’’
പൊക്കിൾച്ചുഴിക്കു മുകളിലെ മടക്കുകൾക്കിടയിൽ വിയർപ്പിന്റെ മൊട്ടുകളല്ലാതെ റബേക്ക ഒന്നും കണ്ടില്ല.
‘‘തനിച്ചു കിടക്കുന്നതുകൊണ്ടാ ഓരോ തോന്നൽ....’’

 

 

അവൾ സമാശ്വസിപ്പിച്ചു. പാപ്പൻ മിണ്ടിയില്ല. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.
വാതിലിനുമറവിൽ കാത്തുനിന്നപോലെ വാർധക്യം പൊടുന്നനെ വന്ന് അയാളെ വിഴുങ്ങിയിരിക്കുന്നു. ഗാന്ധിസൂക്തം താഴെവച്ച് വേദപുസ്തകമെടുക്കാൻ കാലം നിർബന്ധിക്കുന്നു. എന്നിട്ടും പാപ്പൻ ആന്റണിയുടെ ആവശ്യങ്ങൾക്കു വഴങ്ങിക്കൊടുത്തില്ല. ആന്റണി പണത്തിനായി പാപ്പനെ നിരന്തരം നിർബന്ധിക്കുകയാണ്. ഇടയ്ക്ക് പലതവണ ഇതിന്റെ പേരിൽ ഇരുവരും കൊമ്പുകോർത്തു. അനാഥാലയത്തിനു കൊടുത്താലും ഇനി ചിട്ടി കളിക്കാൻ കൊടുക്കില്ലെന്ന് പാപ്പൻ തീർത്തു പറഞ്ഞതോടെ ആന്റണി നിർത്തിവച്ച കള്ളുകുടി വീണ്ടും തുടങ്ങി. അന്നമ്മ വല്യമ്മ മരിച്ചപ്പോൾ ഓടിയെത്താഞ്ഞതിന്റെ പേരിൽ സോജനുമായും പാപ്പൻ വഴക്കിട്ടു. ‘നമ്മടെ മക്കളെല്ലാം പണ്ടേ മരിച്ചെടീ’ എന്ന് അന്നമ്മ വല്യമ്മയുടെ ഫോട്ടോയുടെ മുന്നിൽ മിന്നിക്കത്തുന്ന ബൾബിലെ പൊടിതുടയ്ക്കുമ്പോഴൊക്കെ പാപ്പൻ ആവർത്തിച്ചു.

 

 

‘‘എന്നതാടീ അങ്ങേരടെ വിചാരം?’’
ഒരു സന്ധ്യക്ക് കിടപ്പറയിലിരുന്നു വാറ്റുചാരായം മോന്തുന്നതിനിടയിൽ ആന്റണി, റബേക്കയോടു തട്ടിക്കയറി. ആന്റണി ഇപ്പോൾ മുഴുവൻ നേരവും കുടിയാണ്. കുപ്പി തീരുമ്പോൾ മാത്രമാണ് മുറിക്കു പുറത്തിറങ്ങുക.
‘‘ചോദിച്ചതു കേട്ടില്ലേ?’’
അയാൾ ശബ്ദമുയർത്തി.
‘‘ഞാനെങ്ങനാ അറീന്നേ?’’ റബേക്ക ചീറി.
‘‘നീയല്ല്യോ അപ്പന്റെ മനസ്സു സൂക്ഷിപ്പുകാരി. സ്വത്തെല്ലാം എന്തോ ചെയ്യാനാ അങ്ങേരടെ പരിപാടി?’’
‘‘നിങ്ങക്കു കിട്ടിയിട്ടും പ്രയോജനമൊന്നുമില്ലല്ലോ? വിറ്റുതുലച്ച് ചിട്ടി കളിക്കത്തില്ല്യോ?
‘‘പത്തേക്കറിലെ ആസ്തിയെപ്പറ്റി അറിയാൻ വയ്യാഞ്ഞിട്ടാ നിന്റെയീ പൊട്ടച്ചോദ്യം.’’

 

 

ആന്റണി അവൾക്കെതിരെ തിരിഞ്ഞിരുന്നു. മേട്ടം ചാലിലെ കാപ്പിത്തോട്ടത്തിന്റെയും കുന്നേൽ ചെരുവിലെ റബ്ബർ തോട്ടത്തിന്റെയും തെക്കേച്ചെരുവിലെ ഏലത്തോട്ടത്തിന്റെയും വിശദാംശങ്ങൾ അയാൾ ആവേശത്തോടെ കുടഞ്ഞിട്ടു. താഴത്തെ തുണ്ടിയിലെ നെൽവയലിലെ പാട്ടക്കണക്ക് കൂമ്പാരംകൂട്ടി. വടക്കേച്ചെരിവിൽ കാടുകയറിക്കിടക്കുന്ന പന്ത്രണ്ടേക്കറിലെ ഈട്ടിയും തേക്കും വെട്ടിയടുക്കി. കവലയിലെ പത്തുമുറിക്കടയുടെ വാടക തുപ്പൽതൊട്ട് എണ്ണിയെടുത്തു.

 

 

‘‘ഇതൊന്നും കൂടാതെ പെണ്ണമ്മേ കെട്ടിക്കുന്നവനു കൊടുക്കാനെന്നും പറഞ്ഞ് പണ്ടേ വാങ്ങിയിട്ട തെങ്ങിൻതോപ്പും കമുകിൻ തോപ്പും, സോജനു വീടുവയ്ക്കാൻ റോഡ്സൈഡിൽ വാങ്ങിയിട്ട രണ്ടേക്കർ....അമ്മച്ചീടെ പേരിലൊള്ളതു വേറെ. അങ്ങനെ എത്രയെത്ര...’’
റബേക്കയുടെ കണ്ണു വിടർന്നു. പാട്ടക്കാരും കാര്യസ്ഥന്മാരും ഇടയ്ക്കിടെ വായനിറയെ മുറുക്കാനും കൈസഞ്ചിയുമായി ജോസഫ് പാപ്പനെ കാണാൻ വരുന്നതല്ലാതെ പത്തേക്കറിന്റെ ആസ്തിയെപ്പറ്റി ഇതുവരെ അവളോടാരും പറഞ്ഞിട്ടില്ല.

 

 

‘‘എത്ര വിറ്റാലും തീരാത്തത്രയൊണ്ടെടീ... പത്തേക്കറിലെ  കാരണവന്മാര് വെട്ടിപ്പിടിച്ചപോലെ ഈ ഭൂമീലാരും നേടീട്ടില്ല,’’ ആന്റണിയുടെ കണ്ണുകൾ ആർത്തി അളന്നിട്ടു, ‘‘ഇതൊക്കെ നമുക്കു കിട്ടിയാൽ പുളിക്കുമോ? നീ പറ.... എല്ലാംകൂടി എനിക്കു പുഴുങ്ങിത്തിന്നാനല്ല, നിനക്കു വേണ്ടതു നീയെടുത്തോ? ഞാൻ എടപെടത്തില്ല. തമ്പുരാനാണേ സത്യം.’’
‘‘ഞാനിപ്പോ എന്നതാ ചെയ്യണ്ടത്?’’

 

 

‘‘അതും ഞാൻ പറഞ്ഞുതരണോ? എങ്ങനേലും അങ്ങേരെക്കൊണ്ട് സമ്മതിപ്പിക്കെടീ. ഇല്ലെങ്കി കർത്താവാണേ സത്യം, ഞാനെന്തെങ്കിലും കടുംകൈ ചെയ്തുപോകും. അപ്പനാന്നൊള്ളതങ്ങു മറക്കും.’’

ഗ്ലാസ് വായിലേക്കു കമഴ്ത്തി ആന്റണി ശബ്ദത്തോടെ മേശയിൽവച്ചു.
‘‘ഇവിടിരുന്നു കുടിച്ചുനശിക്കാതെ നിങ്ങളാദ്യം തിരിച്ചുപോയി ചിട്ടിക്കാശു തിരിച്ചുപിടിക്ക്.’’
റബേക്ക, കുപ്പി അലമാരയിൽ വച്ചുപൂട്ടി.
‘‘ഞാമ്പോകാം....നാളെത്തന്നെ നാദാപുരത്തിനു വണ്ടിപിടിക്കാം. പക്ഷേ, തിരിച്ചുവരുമ്പഴേക്കും കാര്യം നടന്നിരിക്കണം.’’
‘‘എന്നതാ നിങ്ങളുദ്ദേശിക്കുന്നേ...?’’ റബേക്ക പുരികം ചുളിച്ചു.
‘‘നീ വിചാരിക്കുന്നതുതന്നെ. ഞാൻ മാറിനിൽക്കാം. എത്രദിവസം വേണം നിനക്ക്? രണ്ടുമാസം? അല്ലെങ്കിൽ ആറുമാസം? എന്താ?’’
‘‘കുടിച്ചുവെളിവില്ലാതെ ഓരോന്നു വിളിച്ചുകൂവാതെ...’’

 

 

റബേക്ക അയാളെ ഉപേക്ഷിച്ച് വാതിൽ വലിച്ചടച്ചു പുറത്തേക്കുപോയി. പിറ്റേന്നു പുലർച്ചെ ആന്റണി നാദാപുരത്തിനു മടങ്ങി. അതോടെ, വാർണിഷ് മണമുള്ള വലിയ വീട്ടിൽ ജോസഫ് പാപ്പനും റബേക്കയും തനിച്ചായി. നെടുവീർപ്പുകളുമായി അന്നമ്മ വല്യമ്മയുടെ ഓർമകൾ, ഇരുട്ട് ഒളിച്ചുകളിക്കുന്ന മുറികളിൽ വിങ്ങിനിന്നു. രാത്രികളിൽ മുടിയഴിച്ചാർക്കുന്ന നിഴലുകളും തട്ടിൻപുറത്ത് മരപ്പെട്ടിയുടെ പരക്കം പാച്ചിലുകളും ജോസഫ് പാപ്പനെ വേദപുസ്തകത്തിലേക്കു കുറെക്കൂടി അടുപ്പിച്ചു.  

 

 

‘‘മതി വായിച്ചത്,’’ വേദപുസ്തകം ബലമായി വാങ്ങി റബേക്ക മടക്കിവച്ചു, ‘‘ ഇന്നു നമുക്കു കൊച്ചുവീട്ടിൽ കിടക്കാം.
‘‘വേണോ?’’
‘‘വേണം.’’
‘‘എനിക്കൊന്നിനും തോന്നുന്നില്ലെടീ.’’
ജോസഫ് പാപ്പൻ താടി തടവി.
‘‘ഞാൻ തോന്നിപ്പിച്ചോളാം.’’
‘‘അന്നമ്മ ചത്തു തലയ്ക്കുമുകളിൽ നിൽക്കുമ്പോ....’’
‘‘ചുമ്മാതിരി. ജീവനോടെ കൺമുന്നിൽ നിന്നപ്പോ തോന്നാ‍‍ഞ്ഞ കുറ്റബോധമൊന്നും ഇപ്പോഴുണ്ടാവേണ്ട കാര്യമില്ല.’’
പാപ്പൻ വഴങ്ങി.
‘‘ഒരുകാര്യം പറയുമ്പോ നീ ചീത്തപറയരുത്...,’’ റബേക്ക കിടക്കവിരിക്കുമ്പോൾ പാപ്പൻ പറഞ്ഞു, ‘‘ഈ ജീവിതത്തിന് ഒരർഥോമില്ലെന്നൊരു തോന്നലാ ഇപ്പോ എനിക്ക്.’’
‘‘അതെന്താ പെട്ടെന്നങ്ങനെ?’’
‘‘പെട്ടെന്നല്ല... വെട്ടിപ്പിടിച്ചതിനൊന്നും അർഥമില്ലാതായില്ലേ? അന്നമ്മ പോയി. മക്കളെല്ലാം അവരുടെ വഴിക്ക്.’’
‘‘ഞാനില്ലേ കൂടെ?’’
‘‘നീയേ ഒള്ളൂ... പക്ഷേ. നിന്റെ കാര്യം ഓർക്കുമ്പഴും എനിക്കിപ്പോ ദെണ്ണമാ...’’
‘‘എന്നാത്തിനാ ദെണ്ണം?’’ റബേക്ക അയാളുടെ നെഞ്ചത്തു കുത്തി.

 

 

‘‘നല്ല പ്രായമല്ലേ നീ തുലയ്ക്കുന്നേ. ഞാനാന്നേ എപ്പോഴാ മേലോട്ട് കെട്ടിയെടുക്കുന്നേന്നു നോക്കിയിരിക്കുന്നവൻ... എന്തായാലും ഒന്നു തീരുമാനിച്ചു.’’
പാപ്പൻ റബേക്കയെ ചേർത്തുപിടിച്ചു.

 

‘‘എനിക്കൊള്ളതെല്ലാം നിന്റെ പേരിൽ എഴുതിവയ്ക്കാൻ പോവാ.’’
റബേക്കയുടെ മനസ്സിൽ പൊടുന്നനെ മഴ ആർത്തലച്ചു പെയ്തു. കാപ്പിയിലകളിലൂടെ നീർച്ചാലുകൾ പൊട്ടിവീണു. ഏലപ്പച്ചകൾ തലയാട്ടി. റബ്ബർ മരങ്ങൾ കാറ്റിനെതിരെ ചില്ലകൾ വിറപ്പിച്ചു.
‘‘എന്നതാ നീയൊന്നും പറയാത്തേ?’’
ജോസഫ് പാപ്പൻ, റബേക്കയുടെ മുഖം പിടിച്ചുയർത്തി. അവളുടെ കണ്ണു നിറഞ്ഞുകണ്ടപ്പോൾ അയാളുടെ നാവിൽ ഉപ്പു കയ്ച്ചു.
‘‘അയ്യോ. ഒന്നും മോഹിച്ചിട്ടല്ല ഞാൻ...എനിക്കൊന്നും വേണ്ട.’’
റബേക്ക പിറുപിറുത്തു.
‘‘വേണം. ഒന്നുമില്ലേൽ വയസ്സുകാലത്ത് നീയല്ലേ എന്നെ സന്തോഷിപ്പിച്ചേ? നിന്നെ മാത്രമേ എനിക്കു വിശ്വാസമൊള്ളൂ. നീയാവുമ്പോ നോക്കീം കണ്ടും ചെലവാക്കും. ആന്റണിക്ക് മുടിക്കാനായി ഒന്നും കൊടുക്കണ്ടാ. സോജന് ഇനി കാശിന്റെ ആവശ്യമില്ല. അമ്മേടെ അടിയന്തരത്തിനുപോലും വരാൻതോന്നാത്തവൻ അവന്റെ പാട്ടിനു പോട്ടേ...’’

 

‘‘എന്റെ പേരിൽ എഴുതിവച്ചാൽ മറ്റുള്ളോര് എന്തു പറേം?’’
‘‘തൽക്കാലം ഞാനും നീയും ചെറിയാൻ വക്കീലുമല്ലാതെ ആരുമറിയാൻ പോകുന്നില്ല. എന്റെ കാലശേഷം എല്ലാം നിന്റെ പേരിൽ... അങ്ങനെയാ എഴുതാൻ പോകുന്നേ... അപ്പോ വയസ്സുകാലത്ത് നീയെന്നെ ഇട്ടേച്ചുപോകത്തില്ലല്ലോ...’’
‘‘ഇല്ലെങ്കിൽ ഞാൻ പോകുമെന്നാണോ?’’ റബേക്ക മുഖം വീർപ്പിച്ചു.
‘‘തമാശ പറഞ്ഞതാടീ കൊച്ചേ... പിന്നെ, എനിക്കൊരു സങ്കടം കൂടൊണ്ട്.’’
‘‘എന്നതാ? പറഞ്ഞാട്ടെ.’’

‘‘എന്റനിയൻ ഇട്ടിയെ ഞാൻ ഒരുപാടു ദ്രോഹിച്ചു. അവകാശപ്പെട്ടതു ചോദിക്കാൻ വന്നപ്പോ ആട്ടിയോടിച്ചു. അതുകൊണ്ട് ഇട്ടീടെ മക്കൾക്ക് എന്തെങ്കിലും കൊടുക്കണം. അന്നമ്മയ്ക്കും അങ്ങനൊരാഗ്രഹമുണ്ടായിരുന്നു. തോമസ് മിടുക്കനാ. ആന്റണിയെപ്പോലെയല്ല. അവനു കാശു പെരുപ്പിക്കാനറിയാം. പക്ഷേ, ഞാൻ ചത്തിട്ടുമതി. അതുവരെ പത്തേക്കറിലെ ജോസഫ് ദുഷ്ടനായിത്തന്നെയിരിക്കട്ടെ.’’

റബേക്കയുടെ മനസ്സ് മഴപെയ്തു വെളുത്ത ആകാശമായി തിളങ്ങി. അറിയാതെ അവളൊരു മൂളിപ്പാട്ടു പാടുകയും പാപ്പൻ കേൾക്കുമെന്നു ഭയന്ന് പെട്ടെന്നുതന്നെ അതു വിഴുങ്ങുകയും ചെയ്തു. ജോസഫ് പാപ്പനെ വരിഞ്ഞുമുറുക്കി അവൾ കിടക്കയിൽ കിടന്നു. പക്ഷേ, അയാളുടെ ഉടൽ തണുത്തിരുന്നു.

‘‘മാറിക്കിടക്ക്...അന്നമ്മ വരാൻ നേരമായി.’’
പാപ്പൻ അവളുടെ കൈച്ചങ്ങല അഴിച്ചു.
‘‘എന്തൊക്കെയാ ഈ പറേന്നേ...’’
‘‘അവള് ജനാലേക്കൂടെ നോക്കിയേച്ചുപോയതു നീ കണ്ടില്ലേ?’’
പാപ്പൻ ചാടിയെഴുന്നേറ്റു.

 

‘നാശം’ എന്നു പാപ്പൻ കേൾക്കാതെ പിറുപിറുത്ത് റബേക്ക എഴുന്നേറ്റു. ജനാലയ്ക്കരികിലേക്കു നടക്കുന്ന പാപ്പനെ മുറിയിൽ ഉപേക്ഷിച്ച് അവൾ തന്റെ  മുറിയിലേക്കു മടങ്ങി. അലമാരയിൽ ഒളിച്ചുവച്ചിരുന്ന ആന്റണി പാതിയാക്കിവച്ച മദ്യക്കുപ്പി അവൾ ഗ്ലാസിലേക്കു പകർന്നു.
പിറ്റേന്നു രാവിലെ ചെറിയാൻ വക്കീലിന്റെ കാറിന്റെ ഇരമ്പമാണ് അവളെ ഉണർത്തിയത്.
‘‘എന്നതാ വിശേഷം?’’
അടുക്കളയിൽ പെണ്ണമ്മ ചോദിച്ചു.
‘‘എനിക്കറിയാമ്പാടില്ല,’’ റബേക്ക ചുമൽവെട്ടിച്ചു, ‘‘നമുക്ക് പുഴക്കരേൽ ചൂണ്ടയിടാൻ പോയാലോ?’’
‘‘ഇപ്പഴോ?’’
‘‘ഉം. ഇവിടുത്തെ കാര്യങ്ങൾ ജാനകി നോക്കിക്കോളും.’’
പെണ്ണമ്മയുടെ മുഖത്ത് അവിശ്വാസം തിരികത്തി. പുഴക്കരയിൽ ചൂണ്ടയിട്ടിരുന്ന പഴയ കാലം ഓർമയുടെ നീർപ്പരപ്പിൽ ഇടയ്ക്കിടെ വരാലുകൾപോലെ വെട്ടിക്കടന്നുപോകുന്നത് അവൾ റബേക്കയോട് പലവട്ടം  വർണിച്ചിട്ടുണ്ട്. അപ്പോഴെല്ലാം റബേക്ക, കൗതുകത്തോടെ അതു കേട്ടിരുന്നിട്ടുമുണ്ട്.

 

‘‘ചൂണ്ടേം കൊളുത്തുമൊക്കെ വീട്ടിലിരിപ്പൊണ്ട്. പക്ഷേങ്കില് ഞാൻ ഒത്തിരിക്കാലമായി കൊച്ചമ്മേ ചൂണ്ടയിട്ടിട്ട്.’’
‘‘അതിനെന്താ... പഴയതൊക്കെ നമുക്കു പൊടിതട്ടിയെടുക്കാമെടീ...’’
റബേക്ക കുസൃതിയോടെ ചിരിച്ചു. അവളുടെ ആവേശം പെണ്ണമ്മയിലേക്കും പകർന്നു. അവൾ വീട്ടിലേക്കോടി. .
‘‘എന്നതാ കൊച്ചമ്മയ്ക്കിപ്പോ പെട്ടെന്നൊരു തോന്നൽ?’’
പശുവിനു പിണ്ണാക്കു കലക്കുന്നതിനിടയിൽ ജാനകി ചോദിച്ചു.
‘‘പുതിയ ചില തോന്നലുകൾ...,’’റബേക്ക ചിരിച്ചു, ‘‘നിന്റെ വീടിന്റെ പണി എന്തായി?’’
‘‘അതേപോലെ കിടക്കുവാ. എവിടുന്നാ കൊച്ചമ്മേ കാശ്?’’
‘‘പണിക്കാരെ വിളിച്ചോ. കാശ് ഞാൻ തരാം.’’

 

ജാനകി അത്ഭുതത്തോടെ തലയുയർത്തി. തലേന്നു പാതിനിർത്തിയ മൂളിപ്പാട്ട് പൊടുന്നനെ റബേക്കയുടെ ചുണ്ടിൽ ചൂളംകുത്തി.
‘‘അയ്യോ... പെണ്ണുങ്ങളു ചൂളം വിളിക്കുമോ?’’
പിണ്ണാക്കു പുരണ്ട കൈകൊണ്ട് ജാനകി വായപൊത്തി. റബേക്ക, ഒറ്റക്കണ്ണടച്ചു ചിരിച്ചു.
‘‘പുഴക്കരേലിപ്പോ നെറയെ ആണുങ്ങളായിരിക്കും.’’
ചൂണ്ടയും തീറ്റയും കൂടയുമായി ഓടിയണച്ചെത്തിയ പെണ്ണമ്മ, പുഴക്കരയിലേക്കു നടക്കുമ്പോൾ പിറുപിറുത്തു.
‘‘ആണുങ്ങളുമാത്രം പിടിച്ചാൽ പോരല്ലോ... പെണ്ണുങ്ങൾക്കും വേണ്ടേ മീൻ?’’
റബേക്ക ചോദിച്ചു.
‘‘അതു ന്യായം...’’ പെണ്ണമ്മ ഉറക്കെച്ചിരിച്ചു.

 

പുഴക്കരയ്ക്ക് വല്ലാത്തൊരു വൃത്തിയുണ്ടായിരുന്നു. കാലിൽ ചെളി പുരട്ടാത്ത തവിട്ടുമണ്ണിൽ വെയിൽ മിനുങ്ങി. ആറ്റുവഞ്ചി പടർന്ന തിട്ടയിൽ  കുട്ടികൾ നിരന്നിരുന്നു ചൂണ്ടയിടുന്നു. കരിമ്പിൻ തോട്ടത്തിന്റെ തിട്ടിൽ ചൂണ്ടയിലെ ചലനംകാത്ത് അപാരമായ ധ്യാനത്തിലെന്നപോലെ കുത്തിയിരിക്കുന്ന ആണുങ്ങൾ. മീൻമണംകൊണ്ടു കൊതിപ്പിച്ച് പുഴക്കാറ്റ് അവർക്കിടയിലൂടെ പറന്നു. മുളംകാടിനുചാരെ, ആളൊഴിഞ്ഞ ചെരിവിൽ കൂട താഴെവച്ച് പെണ്ണമ്മ രണ്ടു ചൂണ്ടകൾ കോർത്തു.

‘‘നമ്മളു ചൂണ്ടയിടുന്നതു കണ്ട് പിള്ളേരു ചിരിക്കുന്നു...’’ പെണ്ണമ്മ ആറ്റുവഞ്ചിത്തണലിലേക്കു വിരൽ ചൂണ്ടി.
‘‘ചിരിക്കട്ടെ...’’ റബേക്ക കൂസാതെ പറഞ്ഞു.

 

‘‘കൊച്ചുന്നാളിൽ തോർത്തുമുണ്ടിൽ മീനെപ്പിടിച്ചാരുന്നു കൊച്ചമ്മേ ‍ഞങ്ങടെയൊക്കെ തൊടക്കം. കൊറച്ചൂടെ വലുതായപ്പോ തെങ്ങിൻ കുരുത്തോല കയറിൽ കോർത്തായി. വല്യപ്പാപ്പനാണ് ചൂണ്ടയിടാൻ പടിപ്പിച്ചേ. മണ്ണിരയെ കോർത്തെറിയുമ്പോ ആദ്യമൊന്നും ചൂണ്ട താഴ്ന്നുപോകത്തില്ലാരുന്നു. വല്ല ചെറുമീനും കൊത്തിയാലായി. ആണുങ്ങളൊക്കെ ചൂണ്ടേടറ്റത്ത് ഈയക്കട്ടി കെട്ടിയാണെറിയുക. അവരുടെ ചൂണ്ടേൽ ഏട്ടേം ചെമ്പല്ലീം പാരത്തനുമൊക്കെ വന്നു കൊത്തുന്നത് കണ്ടാ നമ്മടെ കണ്ണു തള്ളും.’’
‘‘നമുക്കും ഈയക്കട്ടി കെട്ടിയെറിഞ്ഞാമതി.’’
പെണ്ണമ്മയുടെ ഓർമനൂൽ മുറിച്ച് റബേക്ക പറഞ്ഞു.
‘‘പരിചയമില്ലാത്തവര് ഈയക്കട്ടി കെട്ടിയെറിഞ്ഞാൽ മീൻ കൊത്തില്ല കൊച്ചമ്മേ...’’
‘‘നമുക്കു നോക്കാമെന്നേ...’’

റബേക്ക വാശിപിടിച്ചു. പെണ്ണമ്മ അനുസരിച്ചു. ഇരുവരും ചൂണ്ടയെറിഞ്ഞു. ചില്ലുവളയങ്ങളെ തീരത്തേക്കെറിഞ്ഞ് ചൂണ്ട പുഴയിലേക്ക് ഊളിയിട്ടു.

 

‘‘പെണ്ണമ്മോ...ചെമ്പല്ലി കൊത്തുമ്പോ ഞങ്ങക്കൂടെ തരണേടീ... മനിഞ്ഞിലാന്നേലും മതി.’’
കരിമ്പിൻ കാട്ടിൽനിന്ന് ആൺശബ്ദങ്ങൾ കളിയാക്കിച്ചിരിയോടെ വിളിച്ചു പറഞ്ഞു. റബേക്ക ഒന്നും കേൾക്കാതെ, ചൂണ്ടച്ചരടിന്റെ ചലനത്തിൽമാത്രം ശ്രദ്ധിച്ച് കണ്ണടച്ചിരുന്നു. തെയ്യത്താൻ കുന്നിൽ ചാറ്റൽമഴ പൊഴിയുന്നത് അവൾ  കണ്ടു. അരകല്ലിൽ മുളകരച്ച കൈകൊണ്ട് ഏലിയാമ്മ അവളെ നോക്കി കണ്ണീർ തുടച്ചു. വള്ളിയിൽ കോർത്തെടുത്ത ആറ്റുമീൻ ഉയർത്തിക്കാട്ടി പാപ്പി  പള്ളിച്ചാലിലെ ചെളിവെള്ളം കെട്ടിനിന്ന മുറ്റത്തുനിന്ന് കൂവിയാർത്തു.

 

‘‘വീട്ടിക്കേറിപ്പോടീ....ഇതൊക്കെ ആണുങ്ങൾക്കു പറഞ്ഞിട്ടുള്ളതാടീ പെണ്ണേ....’’
അയാൾ വിളിച്ചുപറഞ്ഞു.
‘‘പ്ഫോ....’’
റബേക്ക ആട്ടി. അടുത്തനിമിഷം ചൂണ്ടക്കൊളുത്തിൽ പുഴ വലിക്കുന്നത് അവളറിഞ്ഞു. ചിരപരിചിതയെപ്പോലെ കൈയൊന്നു വെട്ടിച്ച് അവൾ ചൂണ്ട തലയ്ക്കുമീതേ വലിച്ചുയർത്തി. കാൽമുട്ടോളം വരുന്ന ഒരു ചെമ്പല്ലി അതിന്റെ തുമ്പിൽ പിടഞ്ഞു.
‘‘കർത്താവേ...’’
പെണ്ണമ്മ അന്ധാളിപ്പോടെ കൈകൊട്ടിച്ചിരിച്ചു. ആറ്റുവഞ്ചിച്ചോട്ടിൽനിന്നു കുട്ടിക്കൂട്ടം ആർത്തുവിളിച്ച് ഓടിയെത്തി.
‘‘ചെമ്പല്ലിയേ വേണമെന്നു പറഞ്ഞവനാരാടാ?’’
പിടയ്ക്കുന്ന ജീവനെ ചൂണ്ടക്കൊളുത്തിൽനിന്നു മോചിപ്പിച്ച് തലയ്ക്കുമേലേ ഉയർത്തിക്കാട്ടി, കരിമ്പിൻകാട്ടിലേക്കു നോക്കി പെണ്ണമ്മ അലറി. തന്റെ ചൂണ്ട പുഴയിലൊഴുകിയകലുന്നത് അവളറിഞ്ഞതേയില്ല.
റബേക്ക ചിരിച്ചുകൊണ്ട് ചൂണ്ടയിൽ വീണ്ടുമൊരു ഇരകോർത്തു.

(തുടരും)

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com