ADVERTISEMENT

കെകെ എനിക്കെഴുതിയ കത്ത്!

 

ഞാൻ വാതിൽ തുറന്ന് അകത്തേക്കു നടന്നു. കുറച്ചു ദൂരെയായി പാളത്തിനടുത്തുനിന്നു കേട്ടു കൊണ്ടിരുന്ന തീവണ്ടി ശബ്ദം ഇപ്പോൾ കാതിൽ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചുറ്റും നിശ്ശബ്ദത മാത്രം. അതെ, ഭയപ്പെടുത്തുന്ന നിശ്ശബ്ദത...

 

മുന്നോട്ടു നടക്കും തോറും എന്റെ ചങ്ക് കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. കാലിലെ പെരുവിരലിൽനിന്നു തണുപ്പ് ഇരച്ചുകയറുകയാണ്. തൊണ്ട വരണ്ടു തുടങ്ങി. ഇത്തിരി വെള്ളം കുടിക്കാൻ എനിക്കു തോന്നി. ആകപ്പാടെ ഞാൻ വിയർക്കുകയാണ്.

 

ഈ സ്ഥലം പഴയൊരു ഓട്ടോമൊബീൽ വർക്ക്ഷോപ്പായിരുന്നുവെന്ന് അവിടവിടെ ചിതറിക്കിടന്ന ഓയിൽ ടിന്നുകളും പൊട്ടിയ ടയറുകളും പഴയ തുരുമ്പിച്ച വാഹനഭാഗങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു. മൊത്തത്തിൽ ഇവിടമാകെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. പെട്ടെന്ന് എന്റെ മൂക്കിലേക്ക് എന്തോ കത്തിക്കരിയുന്ന മണം തുളച്ചു കയറി. ആകപ്പാടെ ഒരു തലചുറ്റലും മനംപിരട്ടലും തോന്നുന്നു. ഈ അന്തരീക്ഷത്തിൽനിന്നു വേഗം പുറത്തു കടക്കാൻ തോന്നി. ഒരു നിമിഷം ബോധംകെട്ടു വീഴുമെന്നു വരെ എനിക്കു തോന്നിപ്പോയി.

 

പക്ഷേ ഞാൻ വീണ്ടും മുന്നോട്ടേക്ക് ആഞ്ഞു. ഒരു വിധത്തിൽ ഞാൻ മണം പൊങ്ങുന്ന ഭാഗത്തെത്തി. അവിടെ കത്തിക്കരിഞ്ഞത് കുറച്ചു പേപ്പറുകളായിരുന്നുവെന്നു തോന്നുന്നു. മിക്കതും ചാരം മൂടികഴിഞ്ഞു. പക്ഷേ കത്തിത്തീരാതെ ചില തുണ്ടുകൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ഞാൻ വെറുതേ അതിലൂടെയൊന്ന് കണ്ണുപായിച്ചു. പെട്ടെന്നാണ് കരിപുരളാത്ത രണ്ടക്ഷരങ്ങളിൽ എന്റെ കണ്ണുടക്കിയത്. ഞാൻ അതിലേക്കു തുറിച്ചു നോക്കി. ഒരു നിമിഷം ഞാനൊന്നു ഞെട്ടി വിറച്ചു. കാരണം തീ തിന്നാതിരുന്ന ആ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ.. അത്... ‘കെകെ’ എന്നായിരുന്നു.

 

തൊട്ടടുത്ത് ഒരു പഴയ മേശ ഇരിപ്പുണ്ടായിരുന്നു. മഴയും വെയിലും കൊണ്ടു പൊളിഞ്ഞു നശിച്ചു കിടന്ന ആ മേശ എവിടെ നിന്നോ എടുത്തു കൊണ്ടു വന്നതാണെന്ന് ഞാനുറപ്പിച്ചു. അതിന്റെ ആ പഴയ മണം എന്റെ മൂക്കിലേക്ക് അടിച്ച് കയറുകയായിരുന്നു. മേശമേൽ ഒരു പഴയ ഹീറോ പേനയും ബ്രില്ലിന്റെ മഷിക്കുപ്പിയും എഴുതാത്ത ഏതാനും ചില ന്യൂസ്പ്രിന്റ് ഷീറ്റുകളും പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. മേശക്ക് താഴെയായി ചില വലിപ്പുകളുണ്ട്. ഓരോന്നും തുറന്നു പരിശോധിക്കാൻ ഞാൻ തീരുമാനിച്ചു.

ആദ്യത്തെ അറയുടെ പിടി മുഴുവൻ തുരുമ്പായിരുന്നു. വലിച്ചു തുറക്കാൻ ചെറുതൊന്നുമല്ല ഞാൻ പാടുപെട്ടത്. തുറന്നു കഴിഞ്ഞു കൈനിവർത്തിയപ്പോൾ കൈപ്പത്തി ആകെ ചുവന്നിരുന്നു. അതിനകത്തേക്കു കൈയ്യിട്ടപ്പോൾ ഏതാനും ചില സിഡികൾ മാത്രമേ കണ്ടുള്ളൂ. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും ലതാ മങ്കേഷ്കറും മാത്രമല്ല ശ്രേയാ ഘോഷാലിന്റെ വരെ പാട്ട് സിഡികൾ അതിനകത്ത് ഉണ്ടായിരുന്നു. 

 

അപ്പോൾ എഴുത്തിനോട് മാത്രമല്ല പാട്ടിനോടും കെകെക്കു നല്ല കമ്പമുണ്ട്.

അവിടെ പ്രത്യേകിച്ച് ഒന്നും കാണാനില്ലാത്തതു കാരണം ഞാൻ

രണ്ടാമത്തെ വലിപ്പിൽ കൈവെച്ചു. ഇപ്രാവശ്യം ഡ്രോയറിന്റെ പിടി എനിക്ക് വഴങ്ങി. ഞാൻ കൂടുതൽ പാടു പെടാതെ അതു വലിച്ചു തുറന്നു. അതിനുള്ളിൽ ഒരു കടലാസ് ഉണ്ടായിരുന്നു. അതാകട്ടെ വളരെ ഭംഗിയായി ചുറ്റി ഒരു നാട കൊണ്ട് കെട്ടിയിട്ടിരിക്കുകയായിരുന്നു. ഞാൻ അതെടുത്തു. മെല്ലെ ആ നാടയുടെ കെട്ടഴിച്ചു.

 

അതിനുള്ളിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. ഞാൻ തിടുക്കത്തിൽ അതിലേക്കൊരു നോട്ടമെറിഞ്ഞു. അത് ഒരു കത്തായിരുന്നു. വളരെ ഭംഗിയുള്ള കയ്യക്ഷരത്തിൽ മാർജിൻ സ്പേസ് ഒക്കെ വിട്ട് പേപ്പറിനു മുകളിലായി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘പ്രിയപ്പെട്ട സുഹൃത്തേ...’ ഞാൻ അകാംഷയോടെ ആ കത്തിലേക്കു കടന്നു.

 

‘കേവലമൊരു തുക്കട ഓൺലൈൻ മാഗസീനിലെ ആരും ശ്രദ്ധിക്കാതിരുന്ന ഒരു കൂട്ടം അപസർപ്പക നോവലുകൾ നിങ്ങൾ വായിച്ചു എന്നറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.... സാധാരണ തെറിവിളികൾ മാത്രമാണ് എന്നെ തേടിയെത്താറുള്ളത്. അവന്മാരൊക്കെ വെറും കഴുതകളാണ്. നവകാല സാഹിത്യം എന്നൊക്കെ പറഞ്ഞ് പല എഴുത്തുകാരും എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്? ആ കോപ്രായങ്ങളെ ആഘോഷിക്കുന്ന കൂപമണ്ഡുകങ്ങളാണ് എന്നെ ചീത്തവിളിക്കാൻ വരുന്നത്. അതൊക്കെ വിട്. നമുക്ക് കാര്യത്തിലേക്കു കടക്കാം... എന്നെ തേടിയുള്ള നിങ്ങളുടെ യാത്രയിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളുമുണ്ടായി എന്നു ഞാൻ മനസ്സിലാക്കുന്നു. ഒന്നാലോചിച്ചാൽ ഈ പുലിവാലൊക്കെ നിങ്ങൾ തന്നെ വിളിച്ചു വരുത്തിയതല്ലേ? ആരാധന എന്നൊക്കെ പറഞ്ഞ് ഒരാളെഴുതിയ നോവലും വായിച്ച് അയാളെ കാണാനായി ചാടി പുറപ്പെടുക എന്നു പറഞ്ഞാൽ ശരിക്കും എന്തൊരു മുഴുത്ത വട്ടാണത്. മരിച്ചു മണ്ണിലായ മനുഷ്യൻ അസ്ഥികൂടമായോ എന്നറിയാൻ ആരെങ്കിലും ശവക്കുഴി മാന്തുവോ? മിസ്റ്റർ, നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, എനിക്ക് കെകെ എന്ന രണ്ടക്ഷരങ്ങൾ തരുന്ന സുരക്ഷിതത്വവും അതിന്റെ മറവിൽ ഒളിപ്പിക്കാൻ കഴിയുന്ന ഈ വ്യക്തിത്വവും അനിർവചനീയമായ സന്തോഷമാണ് തരുന്നത്. അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അല്ലെങ്കിലും എഴുത്തുകാരന്റെ സംഘർഷവും സാഹചര്യങ്ങളും പലർക്കും അറിയണ്ടല്ലോ... 

 

ഞാനുമായി ബന്ധപ്പെട്ടിട്ടുള്ള ചില ആളുകളെ നിങ്ങൾ കാണാൻ പോയ വിവരമൊക്കെ ഞാനറിഞ്ഞു. എനിക്ക് മാൻവിയെ നേരിട്ട് അറിയില്ല കേട്ടോ.... ആ പെണ്ണിന്റേത് ഒരു കൊലപാതകമായിരുന്നു എന്നറിയാം. പാവം കുട്ടി... അവൾക്കായിരുന്നു ഞാൻ എന്റെ നോവൽ അധ്യായങ്ങൾ അയച്ചിരുന്നത്. മാൻവി അത് കൃത്യമായി സിറ്റിലൈഫ് ഓൺലൈനിലേക്ക് നൽകിക്കൊണ്ടിരുന്നതാണ്. അവൾ മരിച്ചതോടെ നോവൽ അയയ്ക്കാൻ കഴിയാണ്ടായി. മാത്രമല്ല മാത്യൂസിന്റെ പണി തെറിച്ചതോടെ എനിക്കു നോവൽ പബ്ലിഷ് ചെയ്യാനുള്ള പ്ലാറ്റ്ഫോമും വെള്ളത്തിലായി. ഇനിയാണ് സുഹൃത്തേ നമ്മൾ മെയിൻ പോയിന്റിലേക്ക് വരുന്നത്. അതെ, വളരെ പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹവും ലക്ഷ്യവും എന്നെ കാണുക എന്നതാണ്.അതിനു വേണ്ടി രാവും പകലും എന്നെ തേടി ഓടുകയാണല്ലോ? ഞാനും നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുകയാണ്. പുതിയ അനുഭവങ്ങളും കഥാപാത്രങ്ങളും ഓരോ നഗരങ്ങളിലായി എന്നെ കാത്തിരിക്കുന്നു. അവരുടെ അടുക്കലേക്ക് എനിക്ക് ചെന്നേ തീരൂ. ഞാൻ എന്റെ ഡെസ്റ്റിനേഷൻസ് ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല. മനസ്സു പറയുന്ന വഴിക്ക് പോകും.

 

പക്ഷേ എല്ലാ യാത്രകൾക്കും ഒരറുതി ഉണ്ടല്ലോ? നിങ്ങളുടെ ആവശ്യം Genuine ആണ്. എന്നെ ഒന്നു കാണണം. അതിനു വേണ്ടി ദിവസങ്ങളായി എന്നെ

തേടി നിങ്ങൾ നടക്കുകയാണല്ലോ? താങ്കളെ കാണാൻ ഇപ്പോൾ എനിക്കും

അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ട് നമുക്ക് ഒന്നു കൂടിയാലോ? സ്ഥലവും സമയവുമൊക്കെ ഞാനറിയിക്കാം. കൂടിക്കാഴ്ച്ച എവിടെ എപ്പോൾ എങ്ങനെ എന്നു ഞാൻ മാത്രം തീരുമാനിച്ചാൽ പോര എന്നെനിക്കറിയാം. പക്ഷേ നിങ്ങൾക്കാണല്ലോ മിസ്റ്റർ എത്രയും പെട്ടെന്ന് എന്നെ കാണണം എന്ന ആഗ്രഹം. അതുകൊണ്ട് ഈ കാര്യത്തിൽ ഞാനൽപ്പം സ്വാർഥത കാട്ടുകയാണെന്ന് തന്നെ കരുതിക്കോളൂ.

 

സുഹൃത്തേ, നിങ്ങൾക്ക് ഒരുപക്ഷേ എന്നോട് വിരോധമുണ്ടാകാം. നടന്നതൊക്കെ മറന്നേക്ക്. സന്തോഷത്തോടെ വേണം എന്നെ കാണാൻ വരാൻ. അപ്പോൾ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളെ ഉടനടി കാണാമെന്ന പ്രതീക്ഷയോടെ...’

 

സ്വന്തം, കെ.കെ.

 

ഞാൻ ഒരു നിമിഷം ഒന്നു വിറങ്ങലിച്ച് പോയി. ഞാൻ കാണാനാഗ്രഹിച്ച കെകെ ഇപ്പോൾ എന്നെ കാണാൻ ആഗ്രഹിക്കുന്നു. ഒരുമിച്ചു കാണാം എന്നു പറയുന്നു. ഇതിന്റയൊക്കെ അർഥം എന്താണ്? ഞാനിയാളെ തേടുകയായിരുന്നോ അതോ ഇയാൾ എന്നെ ഇവിടേക്ക് കൊണ്ടെത്തിച്ചതാണോ? ഒരു പക്ഷേ എന്റെ ചില ചോദ്യങ്ങൾക്കെങ്കിലും ഇയാൾക്ക് ഉത്തരം നൽകാൻ സാധിക്കുമായിരിക്കും.

 

അവിടെ നിന്നു ഞാൻ മെല്ലെ ഇറങ്ങി. കെകെ, ഇയാൾ ശരിക്കും ആരായിരിക്കും? ഇയാളെ സംരക്ഷിക്കുന്നത് ആരൊക്കെയായിരിക്കും? ഇങ്ങനെ ചോദ്യങ്ങൾ പലതാണ്. എല്ലാത്തിനും അധികം വൈകാതെ തന്നെ ഉത്തരം ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ. കെകെയിൽനിന്നു പുതിയ അപ്ഡേഷൻസ് കിട്ടുന്നതു വരെ കാത്തു നിൽക്കാം. കെക തന്റെ ‘ദയ’ എന്ന നോവലിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘‘ഇരയെ കാത്തു നിൽക്കാനുള്ള ക്ഷമയാണ് വേട്ടക്കാരനു വേണ്ടത്’’ എന്ന്. അതെ തൽക്കാലം ഞാൻ ക്ഷമയോടെ ഇരിക്കുന്നതാണ് നല്ലത്. പക്ഷേ എനിക്ക് ഒരൊറ്റ ചോദ്യമേ ഉള്ളു: ‘ഞാൻ വേട്ടക്കാരനോ അതോ ഇരയോ?’’

 

(തുടരും...)

 

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com