ADVERTISEMENT

ഇൻസ്റ്റാൾമെന്റ് സ്‌കീം

 

കിടക്ക കച്ചവടത്തെക്കുറിച്ചും കച്ചവടക്കാരെക്കുറിച്ചും പലകഥകളും തോമുട്ടി  കേട്ടിരുന്നു. അതില്‍ ഒന്നിതാ മുന്നില്‍ സത്യമായി നില്ക്കുന്നു. അതും ആദ്യദിവസം തന്നെ. 

 

കച്ചവടക്കാര്‍ കൈനിറയെ കാശുമായി വരുന്നത് മിക്കവാറും രാത്രിയിലാണ്. വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങി അവര്‍ കാലത്ത് എഴുന്നേറ്റ് ചായ കുടിക്കാനായി കിടയ്ക്കാട് കവലയിലുള്ള രാജന്‍ നായരുടെ ചായക്കടയില്‍ എത്തും. ആ സമയത്ത് അവിടെ പല വണ്ടികളിലായി പോകുന്ന ആള്‍ക്കാരുടെ തിരക്കായിരിക്കും. നല്ല ചൂടു ദോശയും ഇഡ്ഡലിയും പച്ചമുളകരച്ച കട്ട ചട്ട്ണിയും വെളിച്ചെണ്ണയൊഴിച്ച ഉള്ളി ചമ്മന്തിയും അവിടെയുണ്ടാകും. ചായ കുടിക്കുന്നവര്‍ മിക്കവരും അതു കഴിക്കും,  പല്ലുതേച്ചാലും  ഇല്ലെങ്കിലും. അപ്പോഴാണ് ഒന്നിച്ചും ഒറ്റക്കുമായി വരുന്ന കച്ചവടക്കാര്‍ തലേന്നത്തെ തങ്ങളുടെ കച്ചവടത്തെക്കുറിച്ചും ആ ലോഡില്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ചും പറയുക. 

 

കിടയ്ക്കയില്‍ നെല്ലു മുളച്ച കഥ ഇടയ്ക്കിടെ തോമുട്ടി കേട്ടിട്ടുണ്ട്. പഞ്ഞിക്കൊപ്പം കിടയ്ക്കക്ക് ഒരു എടുപ്പും കനവും തോന്നാന്‍ വേണ്ടി മേലൊന്നും കുത്തിത്തറയ്ക്കാത്ത വിധത്തില്‍ എന്തെങ്കിലും വേസ്റ്റുകള്‍ ഇടുന്ന പതിവുണ്ട്. അത് ഓരോ കിടക്ക കമ്പനിക്കാരന്‍റേയും ആര്‍ത്തിപോലെയിരിക്കും. മിക്കപ്പോഴും പുല്ലും വൈക്കോലും നെല്ലും പതിരുമൊക്കെ പഞ്ഞിക്ക് നടുക്ക് പുറത്തുകാണാത്ത വിധത്തില്‍ വെച്ചിട്ടുണ്ടാകും. കച്ചവടക്കാര്‍ക്ക്, കിടക്ക കാഴ്ചക്കൊരു ചന്തമുണ്ടായാല്‍ മതി. കാശുവാങ്ങി വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ ആ പരിസരത്തേക്ക് ഏറെ നാള്‍ പോകാതിരിക്കാനുള്ള മിടുക്ക് ഒട്ടുമിക്ക കച്ചവടക്കാര്‍ക്കുമുണ്ട്. അറിയാതെ ചെന്നുപെട്ടാല്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് തടികൈക്കലാക്കും കൊടുത്തവര്‍. കൊടുത്തിടത്തു ചെന്നുപെട്ടാല്‍ ഒന്നും പറ്റിയില്ലെങ്കില്‍ രക്ഷപ്പെടാനായി എന്തെങ്കിലും ചില്ലറ കൊടുത്ത് ഊരിപ്പോരും. 

 

അതുപോലെ പ്രചുരപ്രചാരമുള്ള മറ്റൊരു കഥയാണ് കിടയ്ക്കയുടെ തവളചാട്ടം. ഒരു വലിയവീട്ടില്‍ മൂന്നു കിടയ്ക്കക്ക് ഒന്നിച്ച് ഓര്‍ഡര്‍ കിട്ടി. അഡ്വാന്‍സും ഇന്‍സ്റ്റാള്‍മെന്‍റും ഒന്നും വേണ്ട. റെഡി കാഷാണ്. അവര്‍ ഒരു തുക പറഞ്ഞു. പേശാനൊന്നും നില്ക്കേണ്ടി വന്നില്ല നല്ല വിലക്കു തന്നെ.  കിടയ്ക്ക കാണാനായി മൂന്നെണ്ണമിട്ടുകൊടുത്തു. കച്ചവടക്കാരന്‍ ചാപ്ലിന്‍ നാരായണനാണ്. ചാപ്ലിന്‍ നാരായണന് രണ്ടു വാക്കു പറഞ്ഞാല്‍ ഒന്നേമുക്കാലും തമാശയുണ്ടാകും. അയാള്‍ വര്‍ത്തമാനം പറയുന്നത് നോക്കിയിരുന്നാല്‍ സമയം പോകുന്നത് അറിയില്ല. അത്ര നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കും. മൂന്നു കിടക്കയിട്ടു കഴിഞ്ഞപ്പോള്‍ മുകളിലെ കിടക്കക്ക് ഒരിളക്കം. വീട്ടുകാരന്‍ കിടക്ക രണ്ടുചാണ്‍ ചാടി നീങ്ങിയത് കണ്ടിട്ടില്ല.  അടുത്ത ചാട്ടം അയാള്‍ കാണും. അതോടെ കച്ചോടം അലമ്പും. ചാപ്ലിനു മുന്നില്‍ വേറെ വഴിയൊന്നുമില്ലായിരുന്നു. 

 

‘‘സ്പ്രിംഗ്ള്ള ഗള്‍ഫ് കിടയ്ക്കയേക്കാള്‍ ടെംപ്റള്ളതാ ഈ കിടക്ക...’’ എന്നും പറഞ്ഞ് വിരിച്ചു കിടക്കുന്ന കിടയ്ക്കയിലേക്ക് ചാപ്ലിൻ കമിഴ്ന്നടിച്ചുവീണു. ബില്ലെഴുതി നിന്ന ചക്കരയും കാശുകൊടുത്തു നിന്ന ഓണറും അമ്പരന്നു നിന്നു. വീണ വീഴ്ചയില്‍ ചാപ്ലിന്‍ കിടക്കചാട്ടത്തിന്‍റെ ഉറവിടത്തില്‍ തന്നെ പിടിച്ചു. ഒരു കയ്യില്‍ ഒതുങ്ങാത്ത ഒരു പോക്കാച്ചി തവളയാണ്. വേസ്റ്റിന്‍റെ കൂട്ടത്തില്‍ ഉറങ്ങിക്കിടന്ന തവളയും പെട്ടിരിക്കണം. ഉറക്കമെല്ലാം കഴിഞ്ഞ് തവള കുളംനോക്കി കണ്ണുമിഴിച്ചപ്പോഴാണ് സംഗതി പെട്ടതറിഞ്ഞത്. രണ്ടുചാട്ടം ചാടിയിട്ടും കുളത്തിലെത്തുന്നില്ലല്ലോ എന്ന തവളയുടെ ആധിയും ശങ്കയും ചാപ്ലിന്‍ നാരായണന്‍റെ ഉരുക്കുമുഷ്ടിയില്‍ കിടന്ന് അമര്‍ന്നില്ലാതായി. പുറത്തുകിട്ടിയാല്‍ ഒന്നുവറുത്തു തിന്നാനുള്ള തവളയുണ്ട്. നഷ്ടബോധത്തോടെ തവളയെ പഞ്ഞിക്കിടയിലേക്കുതന്നെ പൂഴ്ത്തിവെച്ച് നാരായണന്‍ കിടയ്ക്കയൊന്നു കുടഞ്ഞിട്ടു. സംഗതി ക്ലീന്‍. 

 

ഒരാഴ്ച കഴിഞ്ഞ് ചീഞ്ഞതവളയുടെ മണം സഹിക്കവയ്യാതെ കിടക്ക പുറത്തിട്ട് പൊളിച്ചു നോക്കിയപ്പോഴാണ് തവളയുടെ മൃതശരീരത്തിനൊപ്പം  കിടക്കയിലെ മറ്റുവേസ്റ്റുകളും കാണുന്നത്. അന്നുമുതല്‍ ആ വീട്ടുകാര്‍ കിടക്കക്കാരെ നോക്കിയിരിപ്പാണ്. കയ്യിലൊന്നു കിട്ടിയാല്‍ പെരുമാറി വിടാന്‍. ഒരു തവണ കിടയ്ക്ക കൊടുത്താല്‍ പിന്നൊരു രണ്ടുകൊല്ലത്തേക്ക്, വീട്ടുകാരുടെ സ്മരണകളൊക്കെ പഞ്ഞികൊണ്ടു മറയുന്നതുവരെ ആ ഭാഗത്തേക്ക് ചെല്ലില്ല. അല്ലാതെ തന്നെ ഇഷ്ടംപോലെ സ്ഥലങ്ങള്‍ ഈ ഭൂമിയിലിങ്ങനെ നെരന്നു കിടക്കുകയല്ലേ. 

കിടക്കക്കാരെ കിട്ടിയാല്‍ വിടില്ലെന്നു പറയുന്ന വീട്ടുകാരുടെ കയ്യില്‍ ഗുളികന്‍ തോമാസിനെ പോലുള്ളവര്‍ ചെന്നുപെട്ടാലോ? 

 

ഒരിക്കല്‍ ഗുളികന്‍ തോമാസിനെ ഒരിടത്ത് വെച്ച്, രണ്ട് കിടയ്ക്ക കൂടി കൊണ്ടുവരാമെന്നു പറഞ്ഞ് അഡ്വാന്‍സ് വാങ്ങി പോന്ന കേസില്‍ ഒരു വീട്ടുകാര്‍ പിടിച്ചുനിര്‍ത്തി. ഉമ്മറത്തുള്ള ഒരു തെങ്ങില്‍ പിടിച്ചു കെട്ടിയിട്ടു. ആരെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ വന്നാല്‍ വിടാമെന്ന് പറഞ്ഞ്. ദിവസം മൂന്ന് കഴിഞ്ഞിട്ടും ആരും അന്വേഷിച്ചു ചെന്നില്ല. തോമാസ് ആദ്യമൊക്കെ കരഞ്ഞുപിഴിഞ്ഞ് പോകണമെന്നു പറഞ്ഞെങ്കിലും പിന്നീട് സമയാസമയം കിട്ടുന്ന ഭക്ഷണം കഴിച്ച് സുഖമായി അവിടെയങ്ങു കൂടി. മൂന്നാം ദിവസം ആയപ്പോള്‍ വീട്ടുകാര്‍ക്ക് ഒന്നു ബോദ്ധ്യമായി. തോമാസിനെ അങ്ങനെ തീറ്റിവളര്‍ത്തിയാല്‍ തങ്ങള്‍ മുടിഞ്ഞുപോകുകയേയുള്ളുവെന്ന്. അപ്പോള്‍ തന്നെ അവര്‍ കെട്ടഴിച്ച് അവനോട് പോയ്ക്കൊള്ളാന്‍ പറഞ്ഞു. കിടയ്ക്കയുടെ കാശോ പോയി. ഇനിയും നഷ്ടം സഹിക്കാന്‍ വയ്യ. സ്വതന്ത്രനായിട്ടും പോകാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്ന ഗുളികൻ തോമാസിനെ അവര്‍ കടന്നുപോകാന്‍ പറഞ്ഞു ആട്ടിയോടിച്ചു എന്നുവരെ കഥ നീണ്ടുപോയിട്ടുണ്ട്.   

 

ഇങ്ങനെയുള്ള ഒട്ടുമിക്ക കഥകളും തോമുട്ടി ചായ കുടിക്കുംനേരവും ലോനുവിന്‍റെ കരിവീട്ടില്‍ നില്ക്കുംനേരവും കേട്ടിട്ടുണ്ട്. ആ ഒരറിവില്‍ നിന്നുകൊണ്ട് തോമുട്ടിക്ക് ഒന്നു മനസ്സിലായി. താന്‍ ആദ്യമായി വലതുകാലെടുത്തുവെച്ചിരിക്കുന്നതേ ഒരു ‘പിസറിന്‍റെ’ നടുവിലേക്കാണ്. ഈ പിസറില്‍ നിന്ന് എല്‍ദോ എങ്ങനെ ഊരി പോരുന്നു എന്നു കാണാനായി കൗതുകത്തോടെയും അതിലേറെ ഭയവ്യഗ്രതയോടെയും തോമുട്ടി നോക്കിനിന്നു. 

 

അത്തരമൊരു പിസറിനടുത്ത് എന്തെങ്കിലുമൊക്കെ വായിട്ടലച്ച് സമയം കളയുന്നതില്‍ കാര്യമില്ലെന്ന് എല്‍ദോക്ക് അറിയാമായിരുന്നു. ഒരുതരത്തിലും  അവരെ പറഞ്ഞുബോധ്യപ്പെടുത്തി കിടക്ക കൊടുത്തുപോരാന്‍ പറ്റാത്തവിധത്തിലാണ് അവരുടെ വീടിനു പുറകില്‍ നെല്‍പ്പാടം പൂത്തുവിളഞ്ഞു നില്‍ക്കുന്നത്. ശ്രമിക്കാവുന്ന  ഒരു വഴി വിലയില്‍പിടിച്ചുള്ള ഒരു കൂട്ടിപ്പിടുത്തമാണ്. കച്ചിത്തുരുമ്പായുള്ളത് തങ്ങളുടെ കയ്യില്‍ മറ്റൊരു ബില്‍ ബുക്ക്  ഉണ്ടെന്നുള്ളതാണ്. അന്നത്തെ കിടയ്ക്കക്ക് നല്ല വിലയും കൊടുത്തിട്ടുണ്ട്. ഇതൊന്നുമല്ല പ്രശ്നം, ഇപ്പോഴും കല്ലന്‍ കല്ലനായിട്ടു തന്നെയാണ് നില്ക്കുന്നത്.  അഞ്ചുപൈസ അഡ്വാന്‍സ് തരാതെ കിടയ്ക്ക വാങ്ങിവെക്കാനുള്ള പരിപാടിയാണോ? അങ്ങനെയെങ്കില്‍ തടിക്കു കേടുപറ്റാതെ കിടയ്ക്ക അവിടെ നിന്ന്  എടുത്തുകൊണ്ടുപോകേണ്ടതുണ്ട്. അപ്പോഴാണ് കല്ലനില്‍ എത്രത്തോളം കല്ലത്തമുണ്ടെന്ന് മനസ്സിലാകുക. തിരിച്ച് ഉമ്മറത്തേക്കു നടക്കുന്നതിനിടയില്‍ എൽദോ പറഞ്ഞു. 

 

‘‘ഞങ്ങടെ കിടയ്ക്കേം ഈ കിടക്കേ തമ്മില് നോക്കീട്ടു കാര്യമില്ല. അത് ആരൊക്ക്യോ ചേര്‍ന്ന് കുറേ പഞ്ഞി വേസ്റ്റ് കൂട്ടിയുണ്ടാക്കി ഉണ്ടാക്കണതാണ്. ബില്ലുമ്മേ അഡ്രസ്സും ഫോണ്‍നമ്പറും കണ്ടാ തന്നെ അറിയാം പറ്റിപ്പാണെന്ന്. ഞങ്ങള് വരണത് കമ്പനീന്നാ. അസ്സല് ബില്ലുംണ്ട്. നോക്കിക്കൊ.’’ എൽദോ  ബില്ലുബുക്കെടുത്ത് കല്ലനു നീട്ടിക്കൊടുത്തു. കല്ലന്‍ വേണോ വേണ്ടയോ എന്നുവെച്ച് ഒന്നു നോക്കി. കല്ലന്‍റെ മനസ്സിന് ചെറിയൊരു ഇടയിളക്കം വരുന്നുണ്ടെന്ന് തോന്നി. 

 

‘‘സംശയംണ്ടെങ്കി ചേട്ടന്‍ കിടയ്ക്ക പൊളിച്ചു നോക്കിക്കോ. ഒരു കൊഴപ്പംല്ല്യ..’’

 

‘‘പൊളിച്ചു കഴിഞ്ഞാ കിടയ്ക്ക നിങ്ങള് എന്‍റെ തലേല്‍ കെട്ടിവെയ്ക്കില്ലേ. തിരിച്ചുകൊണ്ടുപോകില്ലല്ലോ...’’

‘‘അത് ഓര്‍ത്ത് ചേട്ടന്‍ വിഷമിക്കേണ്ട. ഡാമേജ് എന്നു പറഞ്ഞ് കമ്പനീല് കൊടുത്തോളാം. വിശ്വാസം ആണല്ലോ വേണ്ടത്... ചേച്ചി ഒരു ബ്ലേഡ് എടുത്തേ..’’

 

അത്ര നല്ല കിടയ്ക്ക പൊളിക്കുന്നതില്‍ ചേച്ചിക്കും അഭിപ്രായമില്ല. അവര്‍ സംശയിച്ച് ചേട്ടനെ നോക്കി. 

 

‘‘എന്തായാലും അവര് പറയുന്നതല്ലേ, നീയ്യാ ബ്ലേഡ് ഒന്നു കൊടുത്തേ...’’

എൽദോയുടെ ഉള്ളൊന്നു കാളി. പണി പറ്റിയോ, കിടക്കാടപ്പാ... ബ്ലേഡ് കൊണ്ടുവന്നപ്പോള്‍ എല്‍ദോ കിടയ്ക്കയുടെ മൂലയില്‍ ഒന്നു കോറി വരഞ്ഞു. അവിടെ നിന്നും നല്ല വെളുത്ത കിടയ്ക്കാട്ടിലെ പൂളപഞ്ഞി കാണിച്ചുകൊടുത്തു.

 

‘‘നോക്ക്.... ഇത് നല്ല നാടന്‍ പഞ്ഞ്യാണ്. വേസ്റ്റും കൂട്ടൊന്നുമില്ല. ഈ കിടയ്ക്ക എവിടെ പൊളിച്ചാലും ഈ പഞ്ഞി തന്നെയാണ് ഉണ്ടാകുക. ഇനി വേണേല്‍ ചേട്ടന്‍ തന്നെ പൊളിച്ചു നോക്കിക്കോ..’’

ചേട്ടന്‍ ബ്ലേഡു വാങ്ങിയില്ല. കാറ്റില്‍ അലഞ്ഞുതിരിയുന്ന വഞ്ചി കരക്കടുക്കാനുള്ള  വട്ടമുണ്ടെന്ന് എല്‍ദോക്കു തോന്നി. പ്രത്യാശയുടെ ഒരു വെട്ടമുണ്ട്. ഒന്നു പയറ്റിനോക്കിയാലോ എന്നു എല്‍ദോ തീരുമാനിച്ചു. ചില കച്ചവട സന്ദര്‍ഭങ്ങള്‍  അങ്ങനെയാണ്. വേണ്ടെന്നു പറഞ്ഞ് വാതിലടച്ച വീട്ടില്‍ നാലു കിടക്കകള്‍ വരെ കൊടുത്തിട്ടുണ്ട്. അഞ്ചുപൈസ അഡ്വാന്‍സില്ലെന്ന് പറഞ്ഞിടത്ത് നിന്ന് ആയിരവും അഞ്ഞൂറും വരെ കിട്ടിയിട്ടുണ്ട്. ഒരു വീട്ടില്‍ ഓര്‍ഡര്‍ കിട്ടി കിടയ്ക്ക കൊണ്ടുപോയിട്ട് തിരിച്ചു എടുക്കുന്നതുവരെ ഒന്നും പ്രവചിക്കാന്‍ വയ്യ. കിടയ്ക്ക എടുത്ത് വണ്ടിയില്‍ കേറ്റാന്‍ നേരം ഓടിവന്ന് വീട്ടുകാര്‍ വിളിച്ചുകൊണ്ടുപോയിട്ടുള്ള സന്ദര്‍ഭങ്ങള്‍ എത്ര. എല്‍ദോ പ്രത്യാശയോടെ അടുത്തപടി പ്ലാന്‍ ചെയ്തു. 

‘‘ചേട്ടനില്ലാത്ത നേരത്ത് ചേട്ടനെ വെച്ചുപോയതല്ലേ അവര്. നമുക്ക് നല്ലൊരു കിടയ്ക്ക വാങ്ങി വെഷമം തീര്‍ക്കാം. ഈ കിടയ്ക്ക ഇവിടെ കിടന്നോട്ടെ. ഇന്‍സ്റ്റാള്‍മെന്‍റായിട്ട് ഞങ്ങള് മാസാമാസം ഇവിടെ വന്നു പിരിച്ചോളാം.’’

 

എല്‍ദോ അറിയാത്തമട്ടില്‍ സ്ത്രീകളെ നോക്കി. അവര്‍ക്കു സമ്മതക്കേടൊന്നും ഇല്ല. ചേട്ടനിപ്പോഴും പന്തിക്കേടിലാണ്. അയാള്‍ കുറച്ചുനേരം ആലോചിച്ചുനിന്നു. എല്‍ദോ ബില്‍ബുക്കെടുത്തു.

‘‘പേര് പറയ്യ്. അഡ്വാന്‍സൊന്നും വേണ്ടാ. ആറുമാസം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. മനുഷ്യന് വലുത് തമ്മീത്തമ്മിലുള്ള വിശ്വാസാണ്.’’

‘‘നില്ക്ക്, നില്ക്ക്. ബില്‍ എഴുതാന്‍ വരട്ടെ. ആദ്യം വെലേം കാര്യങ്ങളുമൊക്കെ അറിയട്ടെ..’’

 

സമാധാനം. മിക്ക കല്ലന്മാരും ഇങ്ങനെ തന്നെയാണ്. തുടക്കത്തില്‍ രൂപത്തിലും ഭാവത്തിലും കാണുന്ന കല്ലത്തരം സംസാരിച്ചുവരുമ്പോള്‍ ഏതെങ്കിലും വഴിക്ക് പോയിക്കൊള്ളും. ഈ കല്ലന്‍ അത്തരത്തിലൊരു കല്ലനാണ്. ചില കല്ലന്മാര്‍ രൂപഭാവങ്ങളില്‍ മണുങ്ങൂസുകളെപ്പോലെ ചിരിച്ചു കളിച്ചിരിക്കും. പെണ്ണുങ്ങള്‍ വേഷം കെട്ടിയതാണോ എന്നു തോന്നും. എന്നാലോ അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ എന്ന മട്ടിലാണ് കാര്യങ്ങള്‍ നടക്കുക. എത്ര തലകുത്തിനിന്ന് വളച്ചുമുറിക്കാന്‍ നോക്കിയാലും അമ്പിനോടും വില്ലിനോടും അടുക്കില്ല.

 

‘‘ഞങ്ങടേല് അഡ്വാന്‍സൊന്നുംല്ല്യാ.. ഞങ്ങള് മാസാമാസം കാശടച്ചോളാം...’’ എന്ന പല്ലവിയിൽ തിത്തിത്തൈ ആടും. അവസാനം അതിന് വേറെ ആളെ നോക്കിക്കോ എന്നും പറഞ്ഞ് കിടയ്ക്കയെടുത്തു പോരുമ്പോഴും ആ കല്ലന്മാര്‍ ചിരിച്ചുകാണിച്ചിരിക്കുന്നുണ്ടാകും. എന്നാല്‍ ഈ കല്ലന്‍ മാന്യനായ ഒരു കല്ലനാണ്. രണ്ടേ രണ്ടു വളയില്‍ രണ്ടു കിടക്കകള്‍ ഇവിടെ പോകുമെന്നുറപ്പായി. കാര്യങ്ങള്‍ ഏകദേശം ബോധിച്ചിരിക്കുന്നു.

 

‘‘ഒരു കിടയ്ക്ക അറുന്നൂറ് രൂപ. സാധാരണയായി ഇരുന്നൂറ് അഡ്വാന്‍സ്. ബാക്കി നാലോ അഞ്ചോ മാസം കൊണ്ടടച്ച് തീര്‍ത്താ മതി. ചേട്ടന് അഡ്വാന്‍സില്ലാത്ത കാരണം ആറുമാസം കൊണ്ടടച്ചാ മതി..’’

‘‘അഡ്വാന്‍സ് ഇരുനൂറ് ഉറുപ്പിക എടുക്കാന്‍ ഇല്ലാതെ ഞാനിവിടെ ഇരിക്കാന്നാ നിങ്ങള് കരുതീത്. റെഡി ക്യാഷ് ഇതിന് എത്രയാകും?’’

എല്‍ദോയുടെ ഉള്ളില്‍ പൊട്ടിയ ഗുണ്ടുകളും അമിട്ടുകളും പുറമേയുള്ളവര്‍ ആരും കണ്ടില്ല.

‘‘അയ്യോ, ഞങ്ങള്‍ക്കിത് റെഡി ക്യാഷ് അത്ര താല്പര്യംല്ല്യാ.. ഇന്‍സ്റ്റാള്‍മെന്‍റ് ആവാണ് നല്ലത്. നിങ്ങക്കാണെങ്കി സാധനം നല്ലതാണോ ചീത്തയാണോ എന്നും നോക്കാല്ലോ...’’

‘‘ഇന്‍സ്റ്റാള്‍മെന്‍റും കോപ്പൊന്നും ഇവിടെ വേണ്ടാ. റെഡി കാശാണെങ്കി പറഞ്ഞോ. അല്ലെങ്കി എടുത്തു സ്ഥലം വിട്ടോ..’’

 

തോമുട്ടി അപ്പോള്‍ ആലോചിച്ചു നിന്നത് മനുഷ്യന്‍റെ സ്വഭാവത്തിലെ വൈചിത്ര്യങ്ങളെക്കുറിച്ചാണ്. ഒരു രൂപ അഡ്വാന്‍സില്ലെന്നും പറഞ്ഞ് ഇറുക്കാന്‍ വന്ന കച്ചവടമാണ് ഇപ്പോള്‍ എല്‍ദോയുടെ നാവിന്‍തുമ്പില്‍ ഒട്ടിക്കിടക്കുന്നത്. അതും ഒരു കിടയ്ക്ക വാങ്ങിയിട്ട് കൊയ്ത്തുപാടംപോലെ വിളഞ്ഞുനില്‍ക്കുന്നതു കണ്ട്, അതു തന്നുപോയവരെ കിട്ടിയാല്‍ വിടില്ലെന്നും പറഞ്ഞ് അമര്‍ഷം പൂണ്ട് നിന്ന ആള്‍... കച്ചവടത്തിന്‍റെ ഓരോ മറിമായങ്ങള്‍. അല്ലാതെന്ത്!

 

‘‘അങ്ങനെയാണെങ്കി ചേട്ടന്‍ ഒരു കാര്യം ചെയ്തോ. ഒരെണ്ണം തനിച്ചെടുക്കുമ്പോള്‍, ഞങ്ങക്ക്, കുഴപ്പംല്ല്യാ, നിങ്ങക്ക് വല്യേ ലാഭം ഒന്നുംല്യാ. ഞങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍മെന്‍റാ നല്ലത്. രണ്ടെണ്ണം കൂടി അങ്ങ്ട് എടുത്തോളൂ..’’

‘‘അപ്പൊ വെല എങ്ങന്യാവും’’

‘‘ഒരെണ്ണാവുമ്പോ, അഞ്ഞൂറ് രൂപവരും. രണ്ടെണ്ണം ആകുമ്പോ നമുക്കൊരു സ്കീമുണ്ട്. ഒരെണ്ണത്തിന്‍റെ ഇന്‍സ്റ്റാള്‍മെന്‍റ് ചാര്‍ജ്ജും പ്ലസ് ടാക്സും കൂടിയാല്‍ രണ്ടെണ്ണം ഒന്നിച്ചെടുക്കാം.’’

‘‘അഞ്ഞൂറ് + ഒരു ഇരുന്നൂറും കൂടി ഒരെഴുന്നൂറ് രൂപ. പിന്നെ അഡ്വാന്‍സും ഇല്ല. ഇന്‍സ്റ്റാള്‍മെന്‍റും വേണ്ടാ. ചേട്ടന്‍റെ ഇഷ്ടംപോലെ...’’

‘‘ഞാനൊരു വെല പറയാം. അറുന്നൂറ് രൂപ. അങ്ങ്ടും ഇങ്ങ്ടും വേണ്ട..’’

‘‘ഓ. ആകെക്കൂടി ഞങ്ങക്ക് കിട്ടുക നൂറ് രൂപയാണ്. അതാണ് ചേട്ടന്‍ കുറച്ചത്. അതങ്ങ് സഹിക്കാം. ഇത്തിരി സമയം കൊണ്ട് നമ്മള് ഒത്തിരി അടുത്തുപോയില്ലേ. ഒരമ്പതുരൂപ കുറയ്ക്കാം..’’

‘‘നിങ്ങടെ നക്കാപ്പിച്ച എനിക്കു വേണ്ട. അതുകൊണ്ട് കഞ്ഞികുടിച്ചാ ദഹനക്കേട് വരും. എഴുന്നൂറ് ഉറപ്പിച്ചു. ബില്ലെഴുതിക്കോ...’’

 

കല്ലന്‍ ഒരു മാന്യന്‍ മാത്രമല്ല, അഭിമാനിയായ മനുഷ്യസ്നേഹിക്കൂടിയാണ്. ബില്ലെഴുതി കീറി കാശും വാങ്ങി എല്‍ദോയും തോമുട്ടിയും തിരിഞ്ഞു നടന്നു.  

‘‘തോമേ, നിനക്ക് നല്ല കുരുത്തം ആണല്ലോ. ആദ്യ ദിവസം, ആദ്യ കച്ചോടത്തില്‍ തന്നെ കാര്യങ്ങളൊക്കെ പഠിച്ചില്ലേ. കച്ചോടത്തെക്കുറിച്ചൊക്കെ കാര്യങ്ങളൊക്കെ മനസ്സിലായില്ലേ. കിടക്ക കച്ചോടത്തിലുള്ള ഒരുവിധം എല്ലാം ഈ കച്ചോടത്തിലുണ്ടായിരുന്നു. മനസ്സിലായോ?’’

‘‘എല്ലാംന്നു പറഞ്ഞാ...’’

 

‘‘കച്ചോടംന്ന് പറഞ്ഞാ സാധാരണ ഓര്‍ഡര്‍ എടുത്ത് ഒരു വെല പറഞ്ഞ് ആളും തരോം നോക്കി മുറിച്ചങ്ങ്ട് കൊടുക്കേ വേണ്ടൂ. അതിനിടേല് ചിലപ്പൊഴൊക്കെ ഇതുമാതിരി ചില കല്ലന്മാരും പിസറുകളും ണ്ടാവും. ഇതൊക്കെ കച്ചോടത്തിന്‍റെ ഭാഗാണ്. ഇപ്പൊ കണ്ടില്ലേ, ചില കല്ലന്മാര് ഇങ്ങനെ താനെ ഒഴിഞ്ഞുപൊയ്ക്കൊള്ളും. ചിലപ്പോ കൊണ്ടോയിട്ട കിടക്കപോലും അവിടന്ന് എടുത്തുകൊണ്ടുവരാന്‍ പറ്റീന്ന് വരില്ല. അതും കച്ചോടത്തില്‍ പറഞ്ഞിട്ടുള്ളതു തന്നെ. അതൊക്കെ ഒരോ ദിവസംപോലിരിക്കും. അതിലൊന്നും ബേജാറായിട്ട് കാര്യമില്ല.’’

വണ്ടിക്കടുത്ത് എത്തിയപ്പോള്‍ ചക്കരയും ഇന്ദ്രനും നില്ക്കുന്നുണ്ട്. രണ്ടാളും ഓരോ കൂട്ടിപ്പിടുത്തും കഴിച്ചിരുന്നു. അവര്‍ കാശ് എല്‍ദോക്ക് കൈമാറി. 

‘‘കാര്യായിട്ട് വെല കിട്ടണ ഏരിയയല്ല. പക്ഷേ ബെഡ്ഡ് ഇറങ്ങിപൊക്കോളും. നല്ല ഗ്രിപ്പുള്ള സ്ഥലാണ്. അത് പോലെ ഒത്ത പിസറും.’’

 

‘‘തോമുട്ടിടെ തുടക്കം കഴിഞ്ഞു. ഒരു കല്ലന്‍റടുത്താര്‍ന്നു. ന്നാലും കുരുത്തംണ്ട്. കിടയ്ക്ക എടുക്കാന്‍ പറ്റില്ല്യാന്ന് തോന്നിയിടത്ത് രണ്ടെണ്ണം പൂശി. തോമുട്ടിക്ക് കുരുത്തക്കൊറവൊന്നുമില്ല’’

 

‘‘അഞ്ചാറുമാസം മുമ്പ് ആരോ വന്ന് നല്ല വെലയ്ക്ക് നെരങ്ങി പോയിട്ട്ണ്ട്. അതിലൊക്കേം പരന്നൊട്ടി. ചിലതില് സൂചീംണ്ടായിരുന്നൂത്രെ...’’

അവരെല്ലാവരും വണ്ടിയില്‍ കയറി. വര്‍ഗ്ഗീസ് കുറേ മുന്നില്‍ വീടുകളില്‍ ചോദിച്ചു നടന്നുകൊണ്ടേയിരുന്നു. ആ ഏരിയയിലെ വീടുകള്‍ തീര്‍ന്നപ്പോള്‍ അവര്‍ ഉച്ചയോടെ മറ്റൊരിടത്തേക്കു വിട്ടു.

ഉച്ചക്കലത്തെ ഊണിനും സ്പെഷലുണ്ട്. വീട്ടില്‍ കഞ്ഞിയും ചമ്മന്തിയും കഴിച്ച്  കൂടുന്നവരായാലും കച്ചവടത്തിന് വന്നാല്‍ വെറും സാമ്പാറും ഉപ്പേരിയും മാത്രമായാല്‍ ചോറ് ഇറങ്ങില്ല. ഇറച്ചിയോ മീന്‍ വറുത്തതോ മുട്ടപൊരിച്ചതോ ഉണ്ടെങ്കിലേ ഒരു പിടി ചോറിറങ്ങി കിട്ടൂ. തോമുട്ടിക്ക് സ്പെഷല്‍ വാങ്ങാന്‍ മടിയുണ്ടായിരുന്നെങ്കിലും എല്ലാവരും വാങ്ങുന്നതു കണ്ടപ്പോള്‍ വിട്ടില്ല. വയറു നിറഞ്ഞപ്പോള്‍ വണ്ടി തണലില്‍ ഒരിടത്ത് ഒതുക്കിയിട്ട് അവരല്പം  വിശ്രമിച്ചു. ചെറിയ ഒരു മയക്കം. ശേഷം വീണ്ടും വീടുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി. കച്ചവടത്തില്‍ ഒരു മടുപ്പുമില്ല. അഞ്ചുവീട്ടില്‍ കയറിയാല്‍ ഒന്നില്‍ ഓര്‍ഡര്‍ ഉറപ്പ്. ചക്കരയും ഇന്ദ്രനും നല്ല മുറിക്കാർ തന്നെ. വര്‍ഗ്ഗീസ് ഓര്‍ഡര്‍ എടുക്കാനേ പോന്നിട്ടുള്ളൂ. ബില്ലെഴുതി മുറിക്കാന്‍ ധൈര്യം പോരാ. തോമുട്ടി  ഓരോ പ്രാവശ്യം ചക്കരയുടേയും ഇന്ദ്രന്‍റേയും ഒപ്പം പോയി. എല്ലാരും പറയുന്നത് ഒരേ സംഗതി തന്നെ. ഇന്‍സ്റ്റാള്‍മെന്‍റു പറയും. ഒറ്റയടിക്ക്, ഇന്‍സ്റ്റാള്‍മെന്റ് തുകയില്‍ നിന്ന് റൊക്കം കാശിലേക്ക് കുത്തനെ ഒരിറക്കമാണ്. ഏതെങ്കിലും ഓണത്തിന്‍റേയോ ക്രിസ്തുമസിന്‍റേയോ പേര് പറഞ്ഞ് അത് ചിലപ്പോള്‍ രണ്ടും മൂന്നും കൂട്ടിപ്പിടുത്തങ്ങള്‍ ആകാം. പറയുന്ന രീതികളും അവതരണങ്ങളും വ്യത്യസ്തമാണ്. 

 

ചക്കര പറയുമ്പോള്‍ കിടയ്ക്കാട്ടെ സ്കൂള്‍ സ്റ്റേജില്‍ നിന്ന് നാടകം അഭിനയക്കുകയാണെന്ന് തോന്നും.  പലപ്പോഴും സംസാരത്തിന്‍റേയും വാക്കുകളുടേയും മലവെള്ളപ്പാച്ചിലില്‍ പരസ്പരബന്ധമില്ലാത്ത പലതും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. പറയുന്നതില്‍ പാതി അവനോ കേള്‍ക്കുന്നവര്‍ക്കോ മനസ്സിലായിരുന്നില്ല. അതുതന്നെയായിരുന്നു കച്ചവടത്തിലെ ചക്കരയുടെ പ്ലസ് പോയിന്‍റും. ആരെങ്കിലും എന്തെങ്കിലും സംശയം തോന്നി ചോദിച്ചാല്‍ ആകെ ഒരു പുകമറയുണ്ടാക്കി അവനതില്‍ നിന്ന് ഊരിപോരും. ചുരുക്കത്തില്‍ തോമുട്ടിക്ക് ഒന്നും മനസ്സിലായില്ല. ചെറിയ ഒരു ഗാപ്പുണ്ടെങ്കില്‍ കിടക്ക കൊടുത്തുപോരാന്‍ ചക്കര മിടുക്കനായിരുന്നു. 

 

ഇന്ദ്രന്‍ ചക്കരയോളം അഭിനയത്തില്‍ നില്ക്കില്ലെങ്കിലും സംസാരത്തില്‍ സ്പഷ്ടമായി കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. പുകമറ സൃഷ്ടിക്കാനും ആവശ്യക്കാരുടെ ചോദ്യങ്ങൾക്ക്  കൃത്യമായി ഉത്തരങ്ങള്‍ പറയാനും കഴിഞ്ഞിരുന്നെങ്കിലും കണ്‍ഫ്യൂഷനുണ്ടാക്കി  കച്ചവടം നടത്താന്‍ ഇന്ദ്രന് ചക്കരയോളം മിടുക്കുണ്ടായിരുന്നില്ല.. പലപ്പോഴും കാര്യംകൈവിട്ടുപോയാല്‍, അവിടെ നിന്ന് ഊരിപ്പോരാന്‍ കഴിയില്ലെന്നുവന്നാല്‍ ‘സാറിനെ’ വിളിച്ചിട്ടു വരാമെന്ന് പറഞ്ഞ് ചക്കരയേയോ എല്‍ദോയേയോ വിളിക്കാനായി പോരും. കച്ചവടത്തിലെ രണ്ടാം കെട്ട് എന്നാണതിനെ പറയുക. ഓര്‍ഡര്‍ എടുക്കുന്നതും വളക്കുന്നതും മുറിക്കുന്നതും ആദ്യം ഒരാള്‍. 

 

അയാള്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ട് പരാജയപ്പെടുകയാണെങ്കില്‍, ഒന്നുകൂടി മറ്റൊരാള്‍ ശ്രമിച്ചാല്‍ നടക്കുമെന്നു തോന്നിയാല്‍, വേറൊരു സാറിനെ വിടാം എന്നു പറഞ്ഞ് പോരുന്ന ഒരു ഏര്‍പ്പാടുണ്ട്. ഒന്നാംവളക്കാരന്‍ കാര്യങ്ങള്‍ വിശദമായി ‘അടുത്ത സാറിനെ’ അറിയിച്ചിരിക്കും. രണ്ടാം വളക്കാരന്‍ ചെന്ന് എല്ലാം ഒന്നു ബോധിച്ചശേഷം സമയം കളയാതെ നഷ്ടമില്ലാത്ത രീതിയില്‍ വില ഒന്നു താഴ്ത്തി ഒരു മുറിയാണ്. മുറിഞ്ഞാല്‍ മുറിഞ്ഞു. ഇല്ലെങ്കില്‍ കിടക്കയെടുത്ത് പോരും. കച്ചവടത്തില്‍ നന്നായി പയറ്റിത്തെളിഞ്ഞ കച്ചവടക്കാരെ മാത്രമേ ‘അടുത്ത സാറ്’ എന്നും പറഞ്ഞ് വിടുകയുള്ളൂ. ഓലപ്പറമ്പിലില്‍ ആ സാറ് എല്‍ദോയാണ്. എല്‍ദോ ഇല്ലെങ്കില്‍ ചക്കരയും. ഒട്ടുമിക്ക സമയത്തും അവര്‍ രണ്ടാംമുറി മുറിച്ചിട്ടേ പോരുമായിരുന്നുള്ളൂ. 

 

രണ്ടാംകെട്ടിനു വിടാതെ പരമാവധി ഒന്നാംകെട്ടില്‍ തന്നെ കാര്യങ്ങള്‍ ഒതുക്കാന്‍ ഇന്ദ്രന്‍ ശ്രമിക്കുമായിരുന്നു. കച്ചവടമാണ്, ടീം വര്‍ക്കാണ് എന്നതൊക്കെ ശരിയാണെങ്കിലും രണ്ടെണ്ണം കേറിക്കഴിഞ്ഞാല്‍ അതിന്‍റെ മേനി പറഞ്ഞ് ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുന്നത് സ്ഥിരമായിരുന്നു. ചക്കരയാണെങ്കില്‍ അടിച്ചാല്‍ പിന്നെ ഇന്നതേ പറയൂ എന്നൊന്നുമില്ല. അതുപോലെ കളിയാക്കുന്നതിനും. കേട്ടിരിക്കുന്നവർ സഹനത്തിന്‍റെ നെല്ലിപ്പടി അറ്റാല്‍ തല്ലി തോല്പിക്കാനാവും ശ്രമം. കിട്ടിയതെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും പെരുമാറും. അങ്ങനെ കിട്ടിയും കൊടുത്തും തളര്‍ന്നും അവര്‍ കിടന്നുറങ്ങും. എല്‍ദോ ഉള്ള ട്രിപ്പുകളില്‍ ഗീര്‍വാണങ്ങള്‍ തല്ലിതീരാതെ അവസാനിച്ചിരുന്നു. 

 

അഞ്ചുമണിയോടെ പതിനഞ്ചോളം കിടക്കകള്‍ തീര്‍ന്നു. ഏകദേശം അത്രതന്നെ ബാക്കിയുണ്ട്. ഒരുദിവസം കൂടി നില്ക്കേണ്ടി വരും. വണ്ടിനേരെ ലോഡ്ജിലേക്കു വിട്ടു. എല്ലാവരും കുളിച്ചു തയ്യാറായി നിന്നു. വരുമ്പോള്‍ രണ്ടുഫുള്‍ വാങ്ങിയിരുന്നു. കുറേ മിക്സച്ചറും. കുളിക്കഴിഞ്ഞ് കുട്ടപ്പന്‍മാരായി അടി തുടങ്ങി. അഞ്ചാള്‍ക്ക് രണ്ട് ഫുള്‍ കൂടുതലൊന്നുമല്ലെന്ന് പതിനൊന്നു മണി ആയപ്പോഴാണ് തോമുട്ടിക്ക് മനസ്സിലായത്. ചക്കരയും ഇന്ദ്രനും എല്‍ദോയും ഗുളികനും തലപൊക്കാന്‍ വയ്യാതെ കിടന്നു. തോമുട്ടിക്ക് കിടക്കണമെന്നും ഉറങ്ങണമെന്നും ഉണ്ടായിരുന്നു. വയറ് സമ്മതിക്കുന്നില്ല. ഉണക്കചമ്മലക്ക് തീപിടിച്ച പോലെ വയറ് കത്തിക്കൊണ്ടിരുന്നു. ചക്കരയെ കുലുക്കിവിളിച്ചു. വര്‍ഗ്ഗീസിനേയും. ഒരു കാര്യവുമില്ല. അവരുടെ വയറ്റിലൊക്കെ മഞ്ഞുകട്ടകളാണെന്നു തോന്നുന്നു. പരിചയമില്ലാത്ത സ്ഥലമാണ്. രാത്രി തനിച്ചിറങ്ങാന്‍ ഭയമുണ്ട്. വയറ് ഭയമൊന്നും വകവെക്കുന്നില്ല. ലഹരിയുടെ കനത്തില്‍ മൂടിയ പേടി പുറത്തേക്കു വരുന്നില്ല. ലഹരി ഇറങ്ങിയാല്‍ പേടി മാത്രം നിറയും, ഇരുട്ടിനെ പോലെ.  പിന്നെ ഒന്നും കഴിക്കാനാവില്ല. 

 

തോമ രണ്ടും കല്പിച്ച്  പുറത്തിറങ്ങി നടന്നു. ഭാഗ്യം. ലോഡ്ജിനു മുറ്റത്തെ തട്ടുകട അടച്ചിട്ടില്ല. പൊറോട്ടയും ഇറച്ചിയും മുട്ടയും തിന്നതിന് കണക്കൊന്നുമില്ല. വയറിന്‍റെ കത്തൊന്നടങ്ങിയപ്പോഴാണ് തീറ്റ നിര്‍ത്തിയത്. പറഞ്ഞ കാശുകൊടുത്ത് തിരിച്ച് മുറിയില്‍ വന്നു കിടന്നപ്പോഴാണ് സുഖമായത്. പിന്നെ ഓര്‍മ്മവരുന്നത്  കാലത്ത് എല്ലാവരും എഴുന്നേറ്റ് കുളി കഴിഞ്ഞ് വസ്ത്രം മാറുന്നതിനിടയില്‍ കുലുക്കി വിളിക്കുമ്പോഴാണ്. ഉറക്കം വിടാതെ എഴുന്നേറ്റ് ദിനചര്യകള്‍ ചെയ്യുമ്പോഴും  തോമുട്ടി ആലോചിച്ചത് ഇന്നലെ രാത്രി മൂക്കുമുട്ടെ കുടിച്ച് ബോധമറ്റ് കിടന്നുറങ്ങിയവരാണോ ഇവരെല്ലാം എന്നായിരുന്നു. തോമുട്ടി ആകെയൊന്നു വെള്ളമൊഴിച്ച് തുടച്ച് വൃത്തിയാക്കി ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് തള്ളവിരലുകൊണ്ട് ബാറ്ററിക്ക് ചൂട് കൊടുത്ത് വണ്ടി സ്റ്റാര്‍ട്ടാക്കി. 

കിടയ്ക്കാട്ടിലെ സകല കച്ചവടക്കാരുടെയും കച്ചവട ജീവിതത്തിലും കറങ്ങിക്കൊണ്ടിരിക്കുന്ന വളയം ഇതാണ്. സംഭവവും കച്ചവടവും ചിലപ്പോള്‍ ഒരു ദിവസത്തില്‍ നിന്നും മറ്റൊരു ദിവസത്തില്‍ മാറിക്കൊണ്ടിരുന്നേക്കാം. എത്രയായാലും ഈ ഒരു ചുറ്റുവളയത്തിലൂടെയല്ലാതെ അവരാരും ഒരു ദിവസം സഞ്ചരിക്കുന്നില്ല തന്നെ. 

 

അന്ന് എത്തിപ്പെട്ടത്, മുന്‍പാരും ചെല്ലാത്ത അതിനേക്കാള്‍ ഗ്രിപ്പുള്ള ഒരു ഏരിയയിലായിരുന്നു. പോകുന്ന വീട്ടിലൊക്കെ ഒരു കിടക്കയെങ്കിലും ഓര്‍ഡര്‍ കിട്ടിക്കൊണ്ടിരുന്നു. ചക്കരയും ഇന്ദ്രനും എല്‍ദോയും അവരവരുടെ ഓര്‍ഡറുകള്‍ മുറിച്ചുകൊണ്ടു നില്ക്കുന്നതിനിടയില്‍ വര്‍ഗ്ഗീസിന് ഒരു ഓര്‍ഡര്‍ കിട്ടി. കുറച്ചുനേരം കാത്തുനിന്നിട്ട് ആരെയും കാണാതായപ്പോള്‍ കിടയ്ക്കയെടുത്ത്, ധൈര്യത്തിന് തോമുട്ടിയോട് ഒപ്പം വരാന്‍ പറഞ്ഞു. വളക്കാനും മുറിക്കാനും വര്‍ഗ്ഗീസും മോശമൊന്നുമായിരുന്നില്ല. ആദ്യായിട്ട് മുറിക്കുന്ന ഒരു ടെന്‍ഷന്‍ കാരണമാകാം, മുറിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍ രണ്ട് ഗ്ലാസ്സ് വെള്ളം വാങ്ങി കുടിച്ചു. ഇടയ്ക്ക് ചില വാക്കുകള്‍ വിക്കിപോയി. ഇംഗ്ലീഷ് വാക്കുകള്‍ ചിലതെല്ലാം പറഞ്ഞെങ്കിലും അതിലൊക്കെ വെള്ളിയും വീണു. 

വീട്ടുകാര്‍ കിടയ്ക്കക്ക് അത്യാവശ്യക്കാരായിരുന്നതുകൊണ്ട് കച്ചവടക്കാരന്‍റെ തെറ്റുകുറ്റങ്ങളൊന്നും ശ്രദ്ധിച്ചതേയില്ല. എന്തായാലും വര്‍ഗ്ഗീസ് ഒരു കൂട്ടിപിടുത്തം മുറിച്ചു. കച്ചവടം കഴിഞ്ഞ് കാശുവാങ്ങി പുറത്തിറങ്ങുംനേരം  അവന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു. അനേകം വര്‍ഷം ചങ്ങലയില്‍കിടന്ന ഒരാളെ സ്വതന്ത്രനാക്കിയ പോലെയായിരുന്നു അവനപ്പോള്‍. അവിടെ നിന്നിറങ്ങി ഏറെ ചെന്നപ്പോള്‍ അവന്‍ ഒന്നുറക്കെ പൊട്ടിച്ചിരിച്ച് തോമുട്ടിയെ കെട്ടിപ്പിടിച്ചു. 

 

‘‘ന്‍റെ തോമുട്ട്യേ നിനക്കറിയ്വോ; എത്ര കാലായി ഞാന്‍ കാത്തിരിക്ക്ണ്ന്ന്... ഒരു മുറി മുറിച്ച് രണ്ട് കിടക്ക കൊടുത്താലേ നല്ലൊരു കച്ചോടക്കാരനാകൂ. അല്ലെങ്കി എന്നും ഓര്‍ഡര്‍മാന്‍ എന്നും പറഞ്ഞ് നടക്കേണ്ടി വരും. കേക്കണ കളിയാക്കല് വേറേം. ഇനി കള്ള് തലക്കടിക്കുമ്പോ വല്ലവന്മാരും കളിയാക്കാന്‍ വരട്ടെ. രണ്ടുമൂന്ന് ലോഡ് കഴിയട്ടെ. ഞാനും കൊണ്ടോയി തൊടങ്ങും സ്വന്തായിട്ട്...’’

 

മുറിച്ചു കൊടുക്കുന്ന കച്ചോടക്കാര്‍ക്കെ സ്വന്തായി ലോഡ് കൊടുക്കുമായിരുന്നുള്ളൂ. വര്‍ഗ്ഗീസ് രണ്ട് കിടയ്ക്കകള്‍ മുറിച്ചുകൊടുത്തു എന്നു കേട്ടപ്പോള്‍ എല്‍ദോസ് അവനെ പുറത്തുതട്ടി അഭിനന്ദിച്ചു. ചക്കരക്കും ഇന്ദ്രനും അത് അത്രയ്ക്കങ്ങ്ട് പിടിച്ചില്ല. തലേന്ന് രാത്രി കുടിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വര്‍ഗ്ഗീസിനെ കളിയാക്കിയിരുന്നു. ഇനി അതു നടക്കില്ലല്ലോ എന്നവര്‍ വിഷമിച്ചു. അവരിരുവരുടേയും കണ്ണുകള്‍ ഒരേസമയം തോമുട്ടിയിലേക്കു നീണ്ടു ചെന്നു.

 

ഉച്ചക്ക് ഊണു കഴിക്കുന്നതിനു മുന്‍പ് കച്ചവടം ഏകദേശം തീര്‍ന്നു. ശേഷിക്കുന്ന രണ്ടു ബെഡ്ഡുകള്‍ക്കായി സമയം കളയുന്നതില്‍ കാര്യമില്ലെന്ന് എല്‍ദോസ് പറഞ്ഞു. ചിലപ്പോള്‍  ആ രണ്ടു ബെഡ്ഡു തീരാന്‍ ആറുമണി വരെ നടക്കേണ്ടി വരും. ഇതുവരെയുള്ള കച്ചവടത്തിന്‍റെ സുഖവും സന്തോഷവുമെല്ലാം അതോടെ തീരും. ലോഡ്ജില്‍ മുറി ഒഴിഞ്ഞുകൊടുത്ത് തിരിച്ചു പോകുന്ന വഴിക്ക് തപ്പാമെന്നുവെച്ച് അവര്‍ ഊണ് കഴിച്ചിറങ്ങി. ആ ഭാഗത്ത് എവിടേയും ബാറോ ബ്രാന്‍ഡി ഷാപ്പോ ഉണ്ടായിരുന്നില്ല. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ബ്രാണ്ടിഷാപ്പ് തപ്പി നടക്കാനും താല്പര്യമില്ലായിരുന്നു. ഊണുകഴിച്ച് വയറു നിറഞ്ഞെങ്കിലും പോകുന്നവഴിക്ക് ആദ്യം കണ്ട ബാറില്‍ കയറി വീണ്ടും അല്പം ഒഴിവു വന്ന വയര്‍ മദ്യം കുടിച്ചു വീര്‍പ്പിച്ചു. 

 

ബാറില്‍വെച്ച് ബില്ലു കൊടുത്ത ശേഷം എല്‍ദോ ഓരോരുത്തര്‍ക്കായി കച്ചവടക്കാശു കൊടുത്തു. കിട്ടിയ കാശ് ആരും  എണ്ണിനോക്കുന്നില്ല. ഒരു പരാതിയോ സംശയമോ മുഖത്തൊന്നും പ്രകടിപ്പിക്കാതെ അവരത് അതേപടി മടക്കി പോക്കറ്റില്‍ വെച്ചു. തോമുട്ടിയും അതുതന്നെ ചെയ്തു. എവിടെയെങ്കിലും ചള്ളയില്‍ പോയി ആരും കാണാതെ എണ്ണിനോക്കണമെന്നുണ്ടായിരുന്നെങ്കിലും അവന്  ഒന്നൊഴിഞ്ഞു പോകാന്‍ സമയം കിട്ടിയില്ല. അവന്‍റെ ഹൃദയം ശക്തിയായി ഇടിച്ചുകൊണ്ടിരുന്നു. ഹൃദയത്തിന്‍റെ ആ ഇടിപ്പൊന്നു മിടിപ്പായി മാറിയത് രാത്രി എല്ലാവരേയും അവരവരുടെ വീടുകളിലിറക്കി സ്വന്തം വീട്ടുമ്മറത്ത്  വണ്ടിയിറങ്ങി എൽദോക്ക് ഡ്രൈവിങ്ങ് സീറ്റ് ഒഴിഞ്ഞു കൊടുത്ത് വെളിച്ചത്തില്‍ വന്ന് നോട്ടുകളെടുത്ത് എണ്ണിനോക്കിയപ്പോഴാണ്. തോമുട്ടി നോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ അന്തംവിട്ടുപോയി. വീണ്ടും വീണ്ടും പോക്കറ്റില്‍ മടക്കിവെക്കാതെ അവന്‍ എണ്ണിനോക്കി. നൂറിന്‍റെ നാലും അമ്പതിന്‍റെ എട്ടും നോട്ടുകള്‍. എണ്ണൂറ് രൂപ. 

 

എല്‍ദോക്ക് തെറ്റിയിട്ടുണ്ടാകുമോ എന്നവന് സംശയം തോന്നി. ഒരാഴ്ച മുഴുവന്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് എല്ലുരുകും വിധം ഉറക്കമിളച്ച് പണിയെടുത്താല്‍ മത്രമാണ് അതിനടുത്ത ഒരു തുക കിട്ടുക. വെറും രണ്ടേരണ്ടുദിവസം കൊണ്ട് മര്യാദക്കൊന്നു മേലനങ്ങാതെ... ഇഷ്ടംപോലെ കുടിയും തീന്നും... ആ രാത്രി അതുതന്നെ ആലോചിച്ച് ഉറങ്ങാനേ കഴിഞ്ഞില്ല. ഉറക്കം വരാതെ കിടന്നപ്പോള്‍ എഴുന്നേറ്റ് വന്ന് പെട്ടിയില്‍ വെച്ചുപൂട്ടിയ നോട്ടുകളെടുത്ത് പിന്നേയും എണ്ണിനോക്കി. അപ്പോഴും പുതുമണം മാറാത്ത ഒന്നുരണ്ടു നോട്ടുകളുണ്ട് അതില്‍. ഒരിക്കലും വര്‍ക്ക് ഷോപ്പ് പണി കഴിഞ്ഞ് ആരും അങ്ങനെയുള്ള നോട്ടുകള്‍ തോമുട്ടിക്ക് കൊടുത്തിട്ടില്ല. വര്‍ക്ക് ഷാപ്പ് പണിക്കിടെ കിട്ടുന്ന കരിയും കീലും കലര്‍ന്ന് മുഷിഞ്ഞ് മടങ്ങിയ നോട്ടുകളേക്കാള്‍ തോമുട്ടിക്ക് ആ നോട്ടുകളോട് വല്ലാത്ത ഒരിഷ്ടവും ഇണക്കവും തോന്നിച്ചു.

 

പക്ഷേ ഏറെനേരം തോമുട്ടിക്കങ്ങനെ നോട്ടിന്‍റെ പുതുമണത്തിലും എണ്ണപെരുപ്പത്തിലും ഓര്‍ത്തോര്‍ത്തു കിടക്കാന്‍ കഴിഞ്ഞില്ല. അടുത്ത ട്രിപ്പിനെക്കുറിച്ച് എല്‍ദോ ഇറങ്ങുംനേരം ഒന്നും പറഞ്ഞില്ല. വെറുതെ ‘സാ’മട്ടില്‍ കാണാമെന്നു പറഞ്ഞിട്ടേയുള്ളൂ. ഓലപ്പറമ്പിലിലെ സ്ഥിരം ഡ്രൈവര്‍ പ്രാഞ്ചി തൂറ്റം കഴിഞ്ഞ് കയറിയാല്‍ തനിക്കുതരാന്‍ എല്‍ദോയുടെ പക്കല്‍ സ്റ്റിയറിംഗും സീറ്റുമെവിടെ എന്ന ഒരു ചോദ്യം പൊടുന്നനെ എല്ലാ സന്തോഷങ്ങളേയും അട്ടിമറിച്ച് തോമുട്ടിയില്‍ ഉയിര്‍ത്തെഴുന്നേറ്റു. അതോടെ സന്തോഷവും സന്താപവും സമാസമമായപ്പോള്‍ ഉറക്കത്തിന് അവനിലേക്ക് വരാമെന്നായി. സമാധാനം നഷ്ടമായെങ്കിലും തോമുട്ടിയങ്ങനെ ഉറങ്ങിപ്പോയി. 

 

കാലത്ത് തട്ടലും മുട്ടലും കേട്ടിട്ടാണ് തോമുട്ടിയെഴുന്നേറ്റത്. സൂര്യന് ചൂട് വെച്ചിരുന്നു. കുറച്ചുനേരം ആലോചിച്ചുകിടന്നപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. ആകെ കൂടി ഒരു മരവിപ്പ് തോന്നി. വര്‍ക്ക്ഷോപ്പില്‍ നിന്നും കേള്‍ക്കുന്ന ശബ്ദം രൂക്ഷമായ ഒരുതരം ചൊറിച്ചിലായാണ് കാതില്‍ വീഴുന്നത്. അജയനും വിജയനും പണിതുടര്‍ന്നുകൊണ്ടിരുന്നു. തോമുട്ടി വന്നുനിന്ന് നോക്കുന്നതൊന്നും അവരറിഞ്ഞില്ല. പല്ലികളിറുമ്മി നിര്‍ത്തി കടന്നുപോകാന്‍ പറയാനാണ് തോമുട്ടിക്ക് തോന്നിയത്. കൂടിക്കിടക്കുന്ന വണ്ടികളുടെ അഴിച്ചിട്ടിരിക്കുന്ന ബോഡി പാര്‍ട്സ് കണ്ടപ്പോള്‍ അവന്‍റെ കൈകാലുകള്‍ തളര്‍ന്നു. പണ്ടാറടങ്ങാന്‍! എല്ലാം വലിച്ചു കളയാന്‍  തോന്നി. ഒരു നിമിഷം കൊണ്ട് അവന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തി. അടുത്ത ലോഡ് കച്ചവടത്തിനു പോകാന്‍ ഡ്രൈവറായി ആരും വിളിച്ചിട്ടില്ല. ഡ്രൈവറാകാനേ തോമുട്ടിക്ക്‌ താല്പര്യമുണ്ടായിരുന്നുള്ളൂ. ഓര്‍ഡര്‍ എടുക്കാനും മുറിക്കാനും അത്യാവശ്യം നന്നായി സംസാരിക്കാനും എന്തെങ്കിലും ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണം. 

അതില്ലാത്തിടത്തോളം കച്ചവടത്തില്‍ ശോഭിക്കില്ല. പഠിക്കേണ്ട കാലത്ത് നേരാംവണ്ണം പഠിക്കാതെ കോയമ്പത്തൂര്‍ക്ക് വണ്ടി കയറിയതില്‍ അവനപ്പോള്‍ വിഷമം തോന്നി. 

‘‘ങ് ഹാ. ആശാന്‍ വന്ന്വോ? എങ്ങനേണ്ടാര്‍ന്നു ആശാനെ കച്ചൊടൊക്കെ..’’

‘‘കൊഴപ്പംല്ല്യാ.’’

‘‘ഞങ്ങള് ആശാന്‍ വന്ന് കാര്യങ്ങളൊക്കെ ഒന്നറിഞ്ഞിട്ടു വേണംന്ന് വെച്ച് ഇരിക്ക്യായിരുന്നു... പോണോര്ടെലൊക്കെ നല്ല കാശ്ണ്ട്. നല്ല കാശ് കിട്ടണ പണിയാണോ ഈ കച്ചോടം..’’

‘‘കാശിന് മുട്ടൊന്നുമില്ല. കച്ചോടംണ്ടായാ മതി..’’

‘‘രണ്ട് മൂന്ന് പുത്യേ വണ്ടികള് വന്ന്ണ്ടാര്‍ന്നു. ഞങ്ങള്‍ടേല് തരാന്‍ അവര്‍ക്കൊക്കെ ഒരു മടി. ആശാന്‍ ഇന്നു വരുംന്ന് പറഞ്ഞപ്പൊ അവര് ഇന്ന് വരാന്ന് പറഞ്ഞ് പോയി..’’

 

‘‘പുത്യേ വണ്ട്യോള് വാങ്ങാന്‍ വരട്ടെ. ഞാന്‍ ണ്ടെങ്കി വാങ്ങ്യാമതി.’’ വലിയ താത്പര്യമില്ലാത്ത മട്ടില്‍ തോമുട്ടി തിരിഞ്ഞു നടന്നു. അവര്‍ കഥയറിയാതെ പരസ്പരം നോക്കി.

‘‘പിന്നെ, തീര്‍ക്കാംന്ന് നിങ്ങക്ക് ഒറപ്പുണ്ടെങ്കീ വാങ്ങി തീര്‍ത്തുകൊടുത്തോ....’’ അപ്പോള്‍  അവരില്‍ ഒരല്പം അമ്പരപ്പുകൂടിയുണ്ടായി. 

 

അന്നു സന്ധ്യ വരെയേ തോമുട്ടിക്ക് എരിപൊരി സഞ്ചാരംകൊണ്ട് കാത്തിരിക്കേണ്ടി വന്നുള്ളൂ. സന്ധ്യക്ക് ഒരു മറ്റഡോര്‍ 305 വണ്ടി ഉമ്മറത്തുവന്ന് നിര്‍ത്താതെ ഹോണടിച്ചു. വണ്ടിക്കിടയില്‍ നിന്നും തോമുട്ടി ഞെട്ടി പിടഞ്ഞെഴുന്നേറ്റു. ഡ്രൈവര്‍ സീറ്റില്‍ എല്‍ദോയുണ്ട്. മുന്‍സീറ്റില്‍ വര്‍ഗ്ഗീസും. 

‘‘എന്താ തോമുട്ട്യേ പരിപാടി’’

‘‘എന്താ വേണ്ടേച്ചാ ആവാം’’

‘‘കുറേ കാലായില്ലേ, വര്‍ഗ്ഗീസ് കച്ചോടക്കാരനായി നടക്കണു. വര്‍ഗ്ഗീസ് സ്വന്തം ലോഡ് കൊണ്ട് പൂവ്വാംന്ന് വെച്ചു. ഓര്‍ഡര്‍മാനും ഡ്രൈവറും ആയി വലംകയ്യായിട്ട് നീ കൂടെ ണ്ടാവണം. കേറിക്കോ..’’

 

തോമുട്ടിക്ക് ആലോചിക്കാനും തീരുമാനിക്കാനും ഒന്നും ഉണ്ടായിരുന്നില്ല. അജയനും വിജയനും വാ തുറന്ന് അവിടെ തന്നെ നില്പുണ്ടായിരുന്നു. ആശാന്‍ അത്രപെട്ടെന്ന് കയറിപോകുമെന്ന് അവര്‍ കരുതിയിരുന്നില്ല. പോകാന്‍ നേരം തോമുട്ടി അവരെ അടുത്തു വിളിച്ചു. 

 

‘‘ഇനി തൊട്ട് ഈ വര്‍ഷോപ്പ് നിങ്ങടെന്നുള്ള രീതിയില് നോക്കിക്കോ. എനിക്ക് പേരുദോഷം ണ്ടാക്കാഞ്ഞാമതി. പിന്നെ വാടകാന്നുള്ള കണക്കില് മാസം കൃത്യായി ഒരു തുകേം തരണം. ഇത് രണ്ടും നടത്താംന്ന്ച്ചാ വര്‍ഷാപ്പ് നടത്തിക്കോ. അല്ലെങ്കില്‍ ഇന്നത്ത പണി കഴിഞ്ഞ് താക്കോല് കൊടുത്ത് സ്ഥലം വിട്ടോ’’

 

അന്നുമുതല്‍ തോമുട്ടി തന്‍റെ സ്വന്തം അധീനതയിലുള്ള കോയമ്പത്തൂര്‍ ഹോസ്പിറ്റലില്‍ നിന്ന് കൂടുമാറി എല്‍ദോയുടെ മാറിവന്ന വണ്ടികളിലെ സ്ഥിരം ഡ്രൈവര്‍ കം കച്ചവടക്കാരന്‍ ആയി. 

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com