ADVERTISEMENT

‘ഗോപ്യം’

(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ ഏഴാമധ്യായം)

 

പുലരിവെയിലത്ത് തെല്ലും നാണമില്ലാതെ, വരാന്തയിൽനിന്നു മുറ്റത്തേക്ക് നീട്ടി മൂത്രമൊഴിക്കുന്ന ജോസഫ് പാപ്പനെ ജനാലച്ചതുരത്തിലൂടെ കണ്ട് അടുക്കളയിൽ പെണ്ണമ്മ മൂക്കത്തു വിരൽവച്ചു.

‘‘പാപ്പനിത് എന്തിന്റെ കേടാ?’’

 

അവൾ ജാനകിയെ കാഴ്ചയിലേക്കു കുടുക്കിവലിച്ചു. ജാനകി ചിരിച്ചുപോയി. പെണ്ണമ്മയ്ക്കു പക്ഷേ ചിരിവന്നില്ല. വയസ്സായ ഒരു അപ്പൻ അവൾക്കും വീട്ടിലുണ്ടായിരുന്നു. വാർധക്യം മറവികളുടേതും തിരിച്ചറിവില്ലായ്മയുടേതും കൂടിയാണെന്ന് അവൾക്കറിയാം. ജോസഫ് പാപ്പനെ പെട്ടെന്നാണ് വാർധക്യം വന്നുമൂടിയത്. മുറ്റത്തെ വെയിൽ കണ്ട് പരമ്പാണെന്നു കരുതിയ പാപ്പൻ കഴിഞ്ഞദിവസം അതു മടക്കിവയ്ക്കാഞ്ഞതിനു പണിക്കാരെ വഴക്കുപറഞ്ഞു. അതിനു തലേന്ന് വെറ്റയില്ലാതെ കൈയിൽ ചുണ്ണാമ്പുപുരട്ടിക്കൊണ്ടിരുന്നു. 

 

‘‘ദൈവമേ, കിടത്താതിരുന്നാ മതിയാരുന്നു.’’

പെണ്ണമ്മ നെഞ്ചത്തു കൈവച്ചു പ്രാർഥിച്ചു. കിടക്കയിൽ തൂറിയും െപടുത്തും കിടന്ന അപ്പൻ ഒന്നരവർഷം വീട്ടിനുള്ളിൽ തളച്ചിട്ടതിന്റെ ഖേദത്തിൽനിന്ന് ഇനിയും അവൾ മുക്തയായിട്ടില്ല. 

‘‘നോക്കെടീ... പാപ്പന്റെ ഇരിപ്പിൽ എന്തോ പന്തികേടില്ലേ?’’

പാപ്പനെത്തന്നെ നോക്കിനിന്ന ജാനകി, പെണ്ണമ്മയോടു പറഞ്ഞു. അവൾ നോക്കുമ്പോൾ പാപ്പൻ കസേരയിലിരുന്ന് മുറ്റത്തേക്കു നോക്കി പൊട്ടിച്ചിരിക്കുകയാണ്. 

‘‘ആരാടീ അവിടെ?’’

‘‘അന്നമ്മ വല്യമ്മയാരിക്കും. അല്ലാതാരാ?’’

റബേക്കയെ വിളിക്കാൻ പെണ്ണമ്മ അകത്തേക്കോടി.

 

ജോസഫ് പാപ്പനപ്പോൾ പുഴക്കരയിലായിരുന്നു. ഓർമയുടെ മറുകരയിൽനിന്നു  തോണിയിറങ്ങിയ, അയാളുടെയും അന്നമ്മയുടെയും വിവാഹഘോഷയാത്ര നീർച്ചാൽ മുറിച്ചുകടക്കുകയായിരുന്നു. ബാന്റ് മേളക്കാരുടെയും വെള്ളയുടുപ്പണിഞ്ഞ മാലാഖപ്പെൺകിടാങ്ങളുടെയും പിന്നിൽ നിവർത്തിപ്പിടിച്ച വലിയ കുടയ്ക്കു ചോട്ടിൽ അവർ ചുമലുരുമ്മി നടന്നു. പുതുപ്പെണ്ണിനെ വരവേൽക്കാൻ പുഞ്ചക്കുറിഞ്ചിയൊന്നാകെ 

പുഴക്കരയിലെ മണൽപ്പരപ്പിൽ കാത്തുനിന്നു.

‘‘ദാ...അതുകണ്ടോ....?’’

പുതുപ്പെണ്ണിന്റെ നോട്ടത്തെ ജോസഫ് പാപ്പൻ വിരൽചൂണ്ടി കരിമ്പിൻകാട്ടിലേക്കു പറഞ്ഞയച്ചു.

‘‘അയ്യോ...അതു മുയലല്ലേ?’’

rabecca-e-novel-written-by-rajeev-sivshankar-chapter-19

‘‘അതേ... കാട്ടുമുയലുകൾ ഇഷ്ടംപോലുണ്ട് ഇവിടെ.’’

‘‘എന്തുരുചിയാ മുയലെറച്ചിക്ക്. തേങ്ങാക്കൊത്തിട്ട് പറ്റിക്കണം.’’ പുതുപ്പെണ്ണിന്റെ നാവിൽ വെള്ളമൂറി.

‘‘പക്ഷേ, ഞാൻ കഴിക്കില്ല... ഇറച്ചീം മീനുമൊന്നും കഴിക്കില്ല.’’ അന്നമ്മയുടെ മുഖം വാടി.

‘‘നീ പേടിക്കണ്ട. നിനക്ക് ഞാൻ മുയലിറച്ചി വച്ചുതരാം.’’

ജോസഫ് പാപ്പന്റെ വിരലുകൾ അന്നമ്മയുടെ വിരലുകളിൽ മുറുകി. പുഴക്കരയിൽനിന്ന പെണ്ണുങ്ങൾ അതു കണ്ടു കള്ളച്ചിരി ചിരിച്ചു.

‘‘ആരോടാ മിണ്ടിക്കോണ്ടിരുന്നേ?’’ ജോസഫ് പാപ്പന്റെ ചുമലിൽ തൊട്ടുവിളിച്ച് റബേക്ക ചോദിച്ചു.

‘‘ അന്നമ്മ.... എല്ലാരുമുണ്ടാരുന്നു പുഴക്കരേല്.’’

 

റബേക്ക മിണ്ടിയില്ല. മുഴുവൻ സമയവും ഇപ്പോൾ പാപ്പൻ അന്നമ്മയുടെ കൂടെയാണ്. തീൻമേശയിലിരിക്കുമ്പോൾ അന്നമ്മ വല്യമ്മയ്ക്കായി പാത്രങ്ങൾ നീക്കിവച്ചുകൊടുക്കും. കുളികഴിഞ്ഞ് വിരിക്കാൻ തോർത്തുനീട്ടും. രാത്രി അന്നമ്മയ്ക്കായി ഉയരം കുറഞ്ഞ തലയണ നിരത്തും.

 

‘‘ഇവിടിരുന്നാ മതിയോ? കുളിക്കണ്ടേ? കഴിക്കണ്ടേ?’’ റബേക്ക,പാപ്പനെ എഴുന്നേൽക്കാൻ നിർബന്ധിച്ചു.

‘‘നല്ല വിശപ്പുണ്ട്. എന്നതാ ഇന്ന്...’’

‘‘അപ്പോം താറാവുമാ.’’

‘‘ഇത്തിരി മുയലെറച്ചി കിട്ടുമോ?’’

‘‘മുയലോ?’’

‘‘ഉം. അന്നമ്മയ്ക്ക് വലിയ ഇഷ്ടമാ. എനിക്കും ഇന്നു മുയലുമതി. തേങ്ങാക്കൊത്തിട്ട് പറ്റിക്കണം.’’

‘‘നോക്കട്ടെ.’’

റബേക്കയുടെ ഉറപ്പിൽ ജോസഫ് പാപ്പൻ തെളിഞ്ഞുചിരിച്ചു.

അടുക്കളയിൽ കോഴിയെ നുറുക്കാനിരുന്ന പെണ്ണമ്മ വിവരമറിഞ്ഞ് പാത്രം നീക്കിവച്ച് എഴുന്നേറ്റു.

‘‘ഞാൻ സംഘടിപ്പിക്കാം കൊച്ചമ്മേ... കടവിന്റവിടെ മുയലിനെ വളർത്തുന്ന വീടൊണ്ട്.’’

‘‘എന്നാൽ പോയിട്ടുവാ.’’

‘‘കഷണിച്ചുതന്നാമതി. ഞാൻ വച്ചോളാം.’’

 

റബേക്ക പറഞ്ഞു. അവളുടെ കൈപ്പുണ്യമറിയാവുന്ന പെണ്ണമ്മ സന്തോഷത്തോടെ തലകുലുക്കി. പച്ചക്കറി മാത്രം കഴിച്ചിരുന്ന ‍ജോസഫ് പാപ്പനെ ഇറച്ചിക്കറിയിൽ തളച്ചതും അന്നമ്മയെ ആട്ടിൻസൂപ്പിന്റെ രുചികാട്ടി കൊതിപ്പിച്ചതും റബേക്കയുടെ കൈപ്പുണ്യമാണ്. പക്ഷേ, ഏറെ നാളായി അവൾ അടുക്കളയിൽ കയറാറില്ല. ഇറച്ചിക്കറിക്ക് പഴയതുപോലെ രുചിയില്ലെന്ന് ജോസഫ് പാപ്പൻ പഴി പറയുമ്പോൾ ഇടയ്ക്ക് അടുക്കളയിൽവന്ന് ചില പൊടിക്കൈകൾ പങ്കുവയ്ക്കുമെന്നു മാത്രം. 

 

ഉച്ചയൂണിന് മുയലിറച്ചി ഒരുക്കാൻ ഉറപ്പിച്ചപ്പോഴാണ് അന്നമ്മ വല്യമ്മയുടെ ആങ്ങള പോത്തൻ ജോഷ്വയും അയാളുടെ കെട്ടിയോൾ തെരേസയും വിരുന്നു വന്നത്. അതോടെ റബേക്ക തീരുമാനം മാറ്റി. അവൾ ഏറ്റവും വെറുക്കുന്ന മനുഷ്യജന്മങ്ങളിലൊന്നാണ് പോത്തൻ ജോഷ്വ. അയാൾക്കും അവളെ പഥ്യമില്ല. തെരേസയാകട്ടെ, വേണ്ടതും വേണ്ടാത്തതും കിള്ളിക്കിഴിഞ്ഞ് ചോദിച്ചോണ്ടിരിക്കും. അടുക്കളയിൽ കയറി അടപ്പുപൊക്കി ചോറും കറിയും പരിശോധിക്കും. പുറംപണിക്കാരെ വിളിച്ച് കുശലം ചോദിക്കുന്നമട്ടിൽ  കാര്യങ്ങളാരായും.

 

‘‘ഉണ്ടേച്ചേ ആ ശവങ്ങളു പോകൂ... മുയലൊന്നും വച്ചുവിളമ്പണ്ട. എന്തെങ്കിലും ഒതുക്കത്തിൽ മതി,’’ റബേക്ക, ജാനകിയോടു നിർദേശിച്ചു, ‘‘ഇല്ലെങ്കിൽ പാപ്പനു വയ്യാതെ കിടക്കുമ്പഴും ഇവിടെ സദ്യയുണ്ണുവാണെന്ന് പറഞ്ഞു നടക്കും.’’

‘‘അപ്പോ മുയലോ?’’

‘‘മുറിച്ചുവച്ച മുയൽ ഓടിപ്പോകത്തൊന്നുമില്ലല്ലോ. അത്താഴത്തിനെടുക്കാം. ഫ്രിഡ്ജിൽ കേറ്റിക്കോ.’’

അതും പറഞ്ഞ് റബേക്ക പൂമുഖത്തേക്കോടി. കാറിറങ്ങിയ പോത്തൻ ജോഷ്വ അവൾക്കു മുഖം കൊടുക്കാതെ വരാന്തയിലേക്കു നടന്നു. തെരേസ പതിവുപോലെ അവളുടെ കൈവിരലുകളിൽ വിരൽ കോർത്ത് കപട സ്നേഹമഭിനയിച്ചു.

 

‘‘കൊച്ചൊന്നു തടിച്ചല്ലോ.’’

‘‘വെറുതേയിരിപ്പല്ല്യോ അമ്മാമ്മേ...’’

‘‘ആന്റണി ഇപ്പഴും നാദാപുരത്തുതന്നെയാണോ?’’

‘‘മിക്കവാറും.’’

‘‘അവനിങ്ങനെ അവിടെ അടയിരുന്നാ നിന്റെ കാര്യമെങ്ങനാ കൊച്ചേ? നിങ്ങടെ കൊച്ചിനെ മടീലിരുത്താൻ പാപ്പനും ആഗ്രഹം കാണില്ലേ?’’

 

അറുത്തുമുറിച്ചുള്ള തെരേസയുടെ ചോദ്യം റബേക്കയെ മടുപ്പിച്ചു. ഓരോ തവണയും അവർക്കറിയേണ്ടത് ഒരേ കാര്യങ്ങൾ മാത്രം. ഉത്തരം പറഞ്ഞും പറയാൻ വന്നതു വിഴുങ്ങിയും റബേക്കയ്ക്കു മതിയായി.

 

‘‘ഏത്തവാഴയ്ക്കൊന്നും നന പോരല്ലോ. കാച്ചിൽവള്ളി പടർത്തിയേക്കുന്നതും തോന്നിയപോലാ...’’

 

പൂമുഖത്തുനിന്ന് അപ്പോഴേക്കും പോത്തൻ ജോഷ്വയുടെ പരാതികൾ ഉയർന്നു. പറയുന്നതു പാപ്പനോടാണെങ്കിലും പരാതിയുടെ മുന റബേക്കയുടെ നേർക്കാണ്. കാര്യങ്ങളൊന്നും വേണ്ടവണ്ണം നടക്കുന്നില്ലെന്നു സ്ഥാപിക്കാനും അക്കാര്യം അമേരിക്കയിൽ സോജനെ വിളിച്ചറിയിക്കാനുമാണ് ഈ നാടകമെല്ലാമെന്ന് ഇപ്പോൾ റബേക്കയ്ക്ക് അറിയാം. അന്നമ്മ വല്യമ്മയ്ക്ക് ഇളയ മകനോടുള്ള സ്നേഹം പോത്തൻ ജോഷ്വയിലേക്കും പകർന്നിട്ടുണ്ട്. സോജന്റെ നാട്ടിലെ സാമ്പത്തിക ഇടപാടുകളെല്ലാം അയാളാണു നടത്തുന്നത്. വീതം ചോദിച്ചുവാങ്ങാൻ സോജനെ പ്രേരിപ്പിക്കുന്നതും ആന്റണിയുടെ വഴിവിട്ട സഞ്ചാരത്തെ ചോദ്യം ചെയ്യാൻ കരുത്തു നൽകുന്നതും ഇയാളൊരുത്തനാണ്. പോത്തനെന്നല്ല, പോത്തെന്നായിരുന്നു ഇങ്ങേർക്കു പേരിടേണ്ടിയിരുന്നത് എന്ന് റബേക്ക തമാശയോടെ വിചാരിക്കാറുണ്ട്.

 

‘‘വല്ലാതങ്ങു ക്ഷീണിച്ചല്ലോ. പാലും മുട്ടേമൊന്നും ഉള്ളിൽ ചെല്ലുന്നില്ലേ?’’

പറമ്പിൽനിന്നു പറിച്ചെടുത്ത കണ്ണുകൾ പോത്തൻ ജോഷ്വ, ജോസഫ് പാപ്പന്റെ ദേഹത്തിട്ടുരുട്ടി. ആയ കാലത്ത് അയാൾ ഇങ്ങനെയൊന്നും പാപ്പനോടു സംസാരിച്ചുകേട്ടിട്ടില്ല. പല്ലുകൊഴിഞ്ഞ സിംഹമാണിപ്പോൾ എന്നറിഞ്ഞുതന്നെയാണ് ആക്രമണം. ജോസഫ് പാപ്പൻ ഒന്നും കേൾക്കാത്ത മട്ടിൽ ചിരിച്ചുകൊണ്ടിരുന്നു. അയാളിപ്പോഴും പുഴക്കരയിൽ അന്നമ്മവല്യമ്മയെ മണപ്പിച്ചു നടക്കുകയായിരിക്കുമെന്ന് റബേക്ക ഉറപ്പിച്ചു. 

 

‘‘കൊറേദെവസമായിട്ട് ഇങ്ങോട്ടു വരണമെന്നു വിചാരിക്കുവാ. നൂറുകൂട്ടം കാര്യങ്ങൾക്കെടേൽ പറ്റിയില്ല. ഇന്നു ഞായറാഴ്ച കുർബാന കഴിയുന്നിനുമുൻപേ പള്ളീന്നു ചാടിപ്പോന്നതാ.’’

 

തെരേസ പ്രക്ഷേപണം തുടങ്ങി. റബേക്ക അടുക്കളയിലേക്കു നടക്കുമ്പോൾ തടിച്ച ഉടലും പേറി അവരും  ഒപ്പം ചെന്നു. 

‘‘രണ്ടുപേരൊള്ള വീട്ടിൽ ഇത്രേം പണിക്കാരടെ ആവശ്യമുണ്ടോ കൊച്ചേ?’’

ജാനകിയെയും പെണ്ണമ്മയെയും നീരസത്തോടെ നോക്കി തെരേസ, റബേക്കയുടെ കാതിൽ പിറുപിറുത്തു.

‘‘പുറംപണിക്കാരില്ലേ? അവർക്കു വച്ചുവിളമ്പണ്ടേ?’’

റബേക്ക അനുനനയത്തോടെ ചിരിച്ചു.

 

‘‘ഉം... അതും നേരാ... പക്ഷേ, നോക്കാനും പറയാനും ആരുമില്ലെങ്കിൽ അവരു തോന്നിവാസം കാട്ടും. അതിയാൻ പറഞ്ഞതുകേട്ടില്ലേ വാഴയ്ക്കു നന തെറ്റിയെന്ന്. പെണ്ണുങ്ങളു പുറംപണി നോക്കിയാൽ ശരിയാവുകേല. ആന്റണിക്കാണേൽ ഇതിലൊന്നും ഒരു ശ്രദ്ധേമില്ല. മറുനാട്ടിക്കെടന്നു കഷ്ടപ്പെടാതെ ആ സോജനിങ്ങു വന്നാൽ നിനക്കൊരു സഹായമായേനേ... അവനും അങ്ങനൊരു ആലോചന ഇല്ലാതില്ല.’’

 

തെരേസ തോണി തുഴഞ്ഞടുപ്പിക്കുന്നത് എവിടേക്കാണെന്ന് റബേക്കയ്ക്കു മനസ്സിലായി. വീതം കിട്ടുമോ എന്നറിയാൻ ഒരിക്കൽക്കൂടി സോജൻ പറഞ്ഞയച്ചതായിരിക്കണം രണ്ടിനെയും. അല്ലെങ്കിൽ എല്ലാം ഞങ്ങളേറ്റു എന്നു പറഞ്ഞ് കെട്ടും പറിച്ചു പോന്നതാകും. 

‘‘കൊച്ചേ, നീ പാപ്പനോടൊന്നു സൂചിപ്പിക്കണം. നീ പറഞ്ഞാലേ കേൾക്കൂന്നാ എല്ലാരും പറേന്നേ... ആന്റണിക്കൊള്ള വീതോമിങ്ങു വാങ്ങിച്ചെടുത്തോ... വയസ്സുകാലത്ത് എല്ലാംകൂടെ അങ്ങേരു കെട്ടിപ്പിടിച്ചിരുന്നിട്ടെന്തിനാ... .പിള്ളാരായി അവരടെ പാടായി.... അങ്ങനെ വേണം വിചാരിക്കാൻ. അല്ല്യോ?’’

 

റബേക്കയുടെ ചുവടുകളെ പിന്തുടർന്ന് തെരേസ അടുക്കളമുറ്റത്തും വരാന്തയിലും അടുപ്പിൻ ചോട്ടിലും ചെന്നു. ‌എങ്ങനെയെങ്കിലും അതിഥികൾ പോയിക്കിട്ടണേയെന്ന് റബേക്ക പ്രാർഥിക്കുമ്പോഴാണ് പൂമുഖത്ത് ബഹളം കേട്ടത്. ഓടിച്ചെല്ലുമ്പോൾ ജോസഫ് പാപ്പൻ നിന്നു വിറയ്ക്കുയാണ്. പോത്തൻ ജോഷ്വ തല താഴേക്കു തൂക്കി വിളറി നിൽപ്പുണ്ട്.

‘‘എന്റെ വീട്ടിക്കേറി എന്നെ മര്യാദപഠിപ്പിക്കാൻ നീയാരാടാ? പൊയ്ക്കോണം മുമ്പീന്ന്...കുറെ ഗുണദോഷക്കാര്...ഈ പടി കേറിപ്പോകരുത് ഒരെണ്ണോം...എന്റെ പിള്ളേർക്ക് എന്തോ കൊടുക്കണമെന്ന് എന്നെയാരും പഠിപ്പിക്കണ്ട. നീ നിന്റെ പിള്ളാരടെ കാര്യം നോക്ക്. പിന്നെ, അന്നമ്മേടെ പേരിലുള്ള സ്വത്ത്...അതുനോക്കി നീ വെള്ളമെറക്കണ്ട...’’

ജോസഫ് പാപ്പനലറി. തെരേസ പേടിച്ച് ചേലത്തുമ്പ് തലയിലൂടെ വലിച്ചിട്ടു. പോത്തൻ ജോഷ്വ കാറിനരികിലേക്കോടിക്കഴിഞ്ഞിരുന്നു. പുളിങ്കറിയും സാമ്പാറും വാങ്ങിവച്ച് അടുക്കളയിൽ ജാനകി നെടുവീർപ്പിട്ടു.  പാപ്പനു പഴയ കരുത്ത് ഇത്രവേഗം എങ്ങനെ കിട്ടി എന്നു റബേക്ക അത്ഭുതപ്പെട്ടു.

കാർ ഇരമ്പിനീങ്ങുന്നതിനു തൊട്ടുപിന്നാലെ ജോസഫ് പാപ്പനെ ഒന്നഭിനന്ദിക്കാൻ റബേക്ക തിരിഞ്ഞപ്പോൾ, അങ്ങേരതാ, മുൻപത്തെ പോലെ മുറ്റത്തേക്കു നോക്കി ചിരിച്ചോണ്ടിരിക്കുന്നു. 

 

‘‘മൊയലെറച്ചി വെന്തോടീ....അന്നമ്മയ്ക്ക് വെശക്കുന്നൂന്ന്....’’

പാപ്പൻ പറഞ്ഞു. ‘കർത്താവേ’ എന്നു വിളിച്ച് റബേക്ക അടുക്കളയിലേക്കോടി.  തണുപ്പിന്റെ കൂട്ടിൽനിന്ന് മുയലിന്റെ ഉടൽ വീണ്ടും ചെമ്പു പാത്രത്തിലേക്കു പൊറുതി മാറി. ഇറച്ചിക്കറി വാങ്ങിവയ്ക്കുമ്പോഴേക്കും പാപ്പൻ കിടന്നിരുന്നു.

‘‘അയ്യോ വല്ലോം കഴിച്ചേച്ച്....ഇറച്ചിക്കറി വെന്തെറക്കി.’’

‘‘ഇറച്ചിയോ?’’ പാപ്പൻ വിസ്മയക്കണ്ണു തുറന്നു, ‘‘ഞാൻ മീനും എറച്ചീം കൂട്ടില്ലെന്ന് അന്നമ്മയ്ക്കറിയില്ലേ?’’

‘‘അന്നമ്മയല്ല. ഇതു റബേക്കയാ. മുയലെറച്ചി വേണമെന്ന് പാപ്പനല്ല്യോ ഇത്തിരിമുൻപു വാശിപിടിച്ചത്?’’

ഓർമ കിട്ടിയതുപോലെ പാപ്പൻ തലകുലുക്കി. പിന്നെ ആരെയൊക്കെയോ നോക്കി കൈ തൊഴുതു പിടിച്ചു.

‘‘ആരാ? അന്നമ്മ വല്യമ്മയാന്നോ മുന്നിൽ?’’

റബേക്ക ചിരിച്ചു.

‘‘ചത്തുമണ്ണടിഞ്ഞവരെല്ലാം കൺമുന്നിൽ വന്നിങ്ങനെ നിൽക്കുവാ. എല്ലാരുമുണ്ട്. ഒടേതമ്പുരാൻ കണക്കുപുസ്തകം നോക്കുവാ. നീയാ വേദപുസ്തകം തുറന്നേ.’’

‘‘ഇപ്പഴോ?’’

‘‘അതിനും നേരോം കാലോമൊണ്ടോ? കർത്താവു പറേന്നു ലേവ്യാപുസ്തകം 18:15 വായിക്കാൻ.’’

 

റബേക്ക താളുകൾ മറിച്ചു.

‘‘നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുത്. അവൾ, നിന്റെ മകന്റെ ഭാര്യ അല്ലോ. അവളുടെ നഗ്നത അനാവൃതമാക്കരുത്.’’

റബേക്ക വായിച്ചു. ജോസഫ് പാപ്പൻ നെഞ്ചത്തടിച്ചു കരഞ്ഞു

‘‘തമ്പുരാനേ എന്നോടു പൊറുക്കണേ....ഞാൻ തെറ്റു ചെയ്തു.’’ 

‘‘എന്തൊക്കെയാ ഈ പറേന്നേ...ആരെങ്കിലും കേൾക്കും.’’

റബേക്ക, പാപ്പന്റെ വായ പൊത്തി.

‘‘കേൾക്കട്ടെ...എല്ലാരും കേൾക്കട്ടെ... ഒടേതമ്പുരാന്റെ മുന്നിൽ മറച്ചുവയ്ക്കാമ്പാടില്ല ഒന്നും.’’

പെണ്ണമ്മയും ജാനകിയും ശ്രദ്ധിക്കുന്നോ എന്നു റബേക്ക പരിഭ്രമിച്ചു.

 

‘‘കരഞ്ഞോണ്ടിരിക്കാതെ വല്ലോം കഴിച്ച് ഒന്നു മയങ്ങിക്കാട്ടെ,’’ റബേക്ക അനുനയത്തോടെ ജോസഫ് പാപ്പന്റെ കൈയിൽ തലോടി, ‘‘മുയലിറച്ചി കൂട്ടി ഒരുപിടിച്ചോറുണ്ടാട്ടെ...എന്നിട്ട് പ്രാർഥിച്ചു കിടക്ക്.’’

‘‘ഞാനിവിടിരുന്നു കഴിച്ചോളാം.’’

കുഞ്ഞുങ്ങളെപ്പോലെ പാപ്പൻ ചുണ്ടു കൂർപ്പിച്ചു.

‘‘മതി. ഇവിടിരുന്നു കഴിച്ചാമതി.’’

 

പാപ്പന്റെ മനസ്സു മാറുംമുൻപ് ചോറും കറിയുമെടുക്കാൻ റബേക്ക അടുക്കളയിലേക്കോടി. മുന്തിരിക്കുലകളുടെ ചിത്രം പതിച്ച വെള്ളപ്പിഞ്ഞാണി കൈയിൽ കൊടുക്കുമ്പോൾ, ഇപ്പോൾ പെറ്റുവീണ കുഞ്ഞുങ്ങളെപ്പോലെ പാപ്പൻ ചുറ്റും നോക്കി. റബേക്ക, ഉരുളയുരുട്ടി പാത്രത്തിന്റെ കോണിൽ വച്ചു. അയാൾ അതിലൊന്നെടുത്ത് വായിലിട്ട്, അവളെ നോക്കി. തോണി നഷ്ടപ്പെട്ട കടത്തുകാരന്റെ നോട്ടമായിരുന്നു അത്.

‘‘നീ കഴിച്ചോ?’’

‘‘ഞാൻ പിന്നെ കഴിച്ചോളാം.’’

‘‘വേണ്ടതൊക്കെ എടുത്തു കഴിച്ചോണേ...എറച്ചിയോ മീനോ എന്താന്നു വച്ചാ നിനക്കിഷ്ടമുള്ളത്....ആരോഗ്യം നോക്കണേ...’’

റബേക്ക തലകുലുക്കി. മൂന്നുരുളച്ചോറുകഴിച്ച് പാപ്പൻ വീണ്ടും കിടന്നു.

‘‘മതി. വിശപ്പു കെട്ടു.’’ 

‘‘രണ്ടുരുളകൂടി.’’

റബേക്ക കെഞ്ചി.

‘‘ഇത്തിരി കഴിയട്ടെ. നീയവിടിരുന്ന് വേദപുസ്തകം വായിച്ചേ...’’

‘‘എച്ചിൽക്കൈയുമായിട്ടോ?’’

 

റബേക്ക നീരസപ്പെട്ടു. പാപ്പൻ മറുപടി പറയാതെ കൈ കഴുകി കിടന്നു.  അയാൾ ഓർമകളുടെ കടവത്തേക്കു പോയിക്കഴിഞ്ഞന്നുറപ്പായപ്പോൾ പാത്രവുമായി റബേക്ക അടുക്കളവരാന്തയിലേക്കു നടന്നു. അവിടെ ജാനകിയും പെണ്ണമ്മയും ചക്ക പെറുക്കുകയായിരുന്നു. റബേക്കയെ കണ്ട്, ജാനകി പീഠം നീക്കിയിട്ടുകൊടുത്തു. അതിന്റെ വക്കിൽ പറ്റിപ്പിടിച്ച ചക്കയരക്ക് പറിച്ചുകളയാൻ പെണ്ണമ്മ തിടുക്കം കൂട്ടി. 

‘‘നെറച്ചുണ്ടോ പാപ്പൻ?’’

പെണ്ണമ്മ ചോദിച്ചു.

 

‘‘ഉണ്ടോന്നോ... കുറച്ചൂടെ വേണമെന്നു പറഞ്ഞു. ഇനി രാത്രീ മതിയെന്നു ഞാൻ വിലക്കി. വയറിനുപിടിക്കാതെ വന്നാൽ നമ്മളുതന്നെ വേണ്ടായോ അനുഭവിക്കാൻ...’’

റബേക്ക പറഞ്ഞു.

‘‘അതുനേരാ...മൊയലെറച്ചി എല്ലാർക്കും പിടിക്കുകേല.’’

‘‘വൈകുന്നേരം മൊയലെറച്ചി കൂട്ടി നമ്മക്കും ചക്കപ്പുഴുക്കു കഴിക്കാം.’’

ജാനകി കൊതിയോടെ പറഞ്ഞു.

‘‘വേണ്ട. നമുക്ക് പിന്നൊരു ദിവസം വയ്ക്കാം. ഇന്നു പാപ്പനുവേണ്ടി വച്ചതാ ഞാൻ. കൊതിതീരെ കഴിക്കട്ടെ.’’

 

ചക്കപെറുക്കുന്ന അവളുടെ കൈവേഗം നോക്കി റബേക്ക പീഠത്തിലിരുന്നു. ഉച്ചവെയിൽ മങ്ങിത്തുടങ്ങിയിരുന്നു. തൊടിയിൽ പണിക്കാരുടെ വെട്ടും കിളയും.

‘‘ശരിക്കു വിളഞ്ഞില്ല...തോരൻ വയ്ക്കാനേ കൊള്ളാവൂ,’’മടലിൽനിന്നു ചക്കച്ചുളയടർത്തി മുറത്തിലേക്കെറിയുന്നതിനിടയിൽ ജാനകി പറഞ്ഞു, ‘‘വരിക്കേന്നു പറഞ്ഞാൽ കിഴക്കേതിലെ അങ്ങേ അതിരിൽ നിൽക്കുന്ന വരിക്ക...എന്നാ രുചിയാ അതിന്...’’

അവൾ അതിരിനപ്പുറത്തേക്കു വിരൽ ചൂണ്ടി.

‘‘അവിടുത്തെ കർപ്പൂരമാങ്ങേടെ മധുരമോ? പറയുമ്പോ ഒരതിരുകല്ലിന്റെ അകലമേയുള്ളൂ. പക്ഷേ, ആ മണ്ണിലൊണ്ടാവുന്ന എല്ലാത്തിനും വല്ലാത്ത രുചിയാ.’’

ജാനകി ഒരു ചുള വായിലേക്കെറിഞ്ഞു.

 

‘‘അന്നമ്മവല്യമ്മയ്ക്ക് അവരുമായി പിണങ്ങിയിരിക്കുന്നതിൽ വല്യ സങ്കടമൊണ്ടാരുന്നു. പാപ്പനെ പേടിച്ചാ മിണ്ടാഞ്ഞേ. ഇവിടുത്തെ ചോരതന്നല്യോ അവിടേം? ദൂരത്തിരിക്കുന്ന സൊന്തക്കാരേക്കാൾ ഉപകാരപ്പെടുന്നേ അയൽപക്കത്തൊള്ള ശത്രുവാന്നാ പ്രമാണം.’’

‘‘അതു നേരാ...’’

 

പെണ്ണമ്മയുടെ സിദ്ധാന്തം ജാനകിയും ശരിവച്ചു. പൂവരശിനും പൂവൻ വാഴകൾക്കുമിടയിലൂടെ റബേക്ക ‘ബേത്‌ലഹേ’മിലെ മുറത്തേക്കു നോക്കി. ചാമ്പച്ചോട്ടിൽ തോമസും ശോശയും ഞായറാഴ്ചയുടെ ആഘോഷം കൊഴുപ്പിക്കുന്നുണ്ട്. അന്ന അവർക്കിടയിൽ പാട്ടു പാടി ചുവടുവയ്ക്കുന്നു.

 

‘‘കുടുംബമായാൽ ഇങ്ങനെ വേണം....കൂടുമ്പോൾ ഇമ്പമൊണ്ടാകുന്നതാ കുടുംബമെന്നാ അച്ചൻ പ്രസംഗത്തിൽ പറയുന്നേ.’’

 പറഞ്ഞുകഴിഞ്ഞപ്പോഴാണ് റബേക്ക മുന്നിലുണ്ടെന്ന് പെണ്ണമ്മ ഓർത്തത്. കുഞ്ഞുങ്ങളില്ലാത്ത റബേക്കയും ഇതുപോലൊരു ഇമ്പം സ്വപ്നം കാണുന്നുണ്ടാവില്ലേ എന്ന് അവൾ സങ്കടപ്പെട്ടു. 

 

‘‘നാദാപുരത്തുപോയിക്കിടക്കാതെ ആന്റണിക്കുഞ്ഞിനോട് ഇങ്ങുവരാൻ പറ കൊച്ചമ്മേ...,’’

ജാനകി നിർദേശിച്ചു. ‘‘ഇവിടെ നിങ്ങക്കും ചിരിച്ചും കളിച്ചും ഇതുപോലെ കഴിയരുതായോ? സത്യം പറയാമല്ലോ, എനിക്കു ചിലപ്പോ ആ തോമസു കുഞ്ഞിന്റേയും ശോശക്കൊച്ചിന്റേം ജീവിതം കണ്ട് അസൂയതോന്നാറുണ്ട്. അടുത്ത ജന്മമെങ്കിലും അതുപോലൊരു കെട്ടിയോനെ കിട്ടിയാമതിയാരുന്നു കർത്താവേ....’’

 

പെണ്ണമ്മ പറഞ്ഞതുകേട്ട് റബേക്ക ചിരിച്ചു. അതു സങ്കടച്ചിരിയായിരുന്നുവെന്ന് പെണ്ണമ്മയും കളിയാക്കിച്ചിരിയാണെന്ന് ജാനകിയും ഏറെനേരം തർക്കിച്ചു.

 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com