ADVERTISEMENT

കെകെയുടെ സങ്കേതത്തിൽ നിന്നുമിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ എന്റെ മനസ്സാകെ കലങ്ങി പോയിരുന്നു. അജ്ഞാതമായ ഒരു ഭയം എന്നെ പിടികൂടിയതു പോലെ. ഫ്ലൈവീൽസ് ഗാരേജിൽ അന്വേഷിച്ചപ്പോൾ ഞാൻ പോയ ആ കെട്ടിടത്തിൽ ഒരു പൂച്ചക്കുഞ്ഞു പോലും താമസിക്കുന്നില്ലെന്നായിരുന്നു അവർ പറഞ്ഞത്. അപ്പോൾ ആ എഴുത്തുമേശ, എനിക്കുള്ള കത്ത്... ഞാനാകെ കൺഫ്യൂസ്ഡ് ആണ്. ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്!

 

തൽക്കാലം ഈ ടെൻഷനടിക്കൽ ഒഴിവാക്കാൻ ഒരു കട്ടനടിക്കാൻ ഞാൻ തീരുമാനിച്ചു. അതിനായി അടുത്തുണ്ടായിരുന്ന ഒരു ചായക്കടയിൽ കയറി. ഒരു കട്ടനും ചിത്രഗുപ്തനും പറഞ്ഞിരിക്കുമ്പോഴാണ് ഫോണിലേക്കു പെട്ടെന്നൊരു ഇ–മെയിൽ അലർട്ട് വന്നത്. ഞാൻ പോക്കറ്റിൽനിന്നു ഫോൺ എടുത്ത് തുറന്നു.

 

മൊബൈലാകെ ഹാങ്ങായിരുന്നു. Z എന്ന പാറ്റേൺ വരച്ച് ഫോൺ ഓപ്പൺ ആകാൻ തന്നെ സമയം എടുത്തു. പിന്നെ മെയിൽ ഓപ്പൺ ആയി

വന്നത് എപ്പോഴാണെന്ന് പറയേണ്ടതില്ലല്ലോ?

 

ഏതോ ഒരു ഇ–മെയിൽ ഫോണിൽ വന്നു കിടപ്പുണ്ടായിരുന്നു. ഞാൻ അതു തുറന്നു നോക്കി. പ്രതീക്ഷിച്ച ആളിൽനിന്നുതന്നെ– കെകെ. അതെ, കെകെയുടെ മെയിൽ ആണു വന്നിരിക്കുന്നത്.

ഞാൻ അതിലെ മാറ്ററിലൂടെ കണ്ണോടിച്ചു. ‘പ്രിയപ്പെട്ട സുഹൃത്തേ, താങ്കൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഉടനെ തന്നെ നമുക്ക് കാണാം. 15ന് മുംബൈയിലേക്ക് വരിക. അതിനു വേണ്ടിയുള്ള ഏർപ്പാടുകൾ നിങ്ങൾ തന്നെ ചെയ്യണം. മുംബൈയിലെ ‘ആർതർ റോഡ്’. അവിടെയാണ് നിങ്ങൾ എത്തേണ്ടത്. അതുവരെ ക്ഷമിച്ചു നിന്നേ തീരൂ.

 

लवकरच भेटण्याची मला आशाआहे

आपल्या स्वत-केके

 

അവസാനമെഴുതിയത് ഞാൻ തപ്പിത്തടഞ്ഞാണു വായിച്ചത്. എനിക്ക് മറാത്തി കഷ്ടിച്ചറിയാമെന്നേയുള്ളു. ‘നിങ്ങളെ ഉടനടി കാണാമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം കെകെ’ എന്നാണതിന്റെ അർത്ഥമെന്നൂഹിക്കാനായി.

 

ഞാൻ ഇമെയിൽ വായിച്ച് കഴിയുമ്പോഴേക്കും ചിത്രഗുപ്തനും ചായയും വന്ന് കഴിഞ്ഞിരുന്നു. ഞാൻ ചായ ഊതി കുടിക്കുന്നതിനോടൊപ്പം ചിത്രഗുപ്തനും കടിച്ചു കൊണ്ട് ആലോചനയിലായി. കെകെ എന്തിനായിരിക്കും മുംബൈയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടാകുക? മുംബൈയിൽ അതും ആർതർ റോഡിനടുത്ത്. എന്റെ മനസ്സിലേക്കു പഴയ ചില മുംബൈ ഓർമകൾ ഓടി വരാൻ തുടങ്ങി.

 

ചായക്കടയിൽ നിന്നിറങ്ങി ഞാൻ നേരെ നടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെകെയെ തേടിയുള്ള എന്റെ ഈ യാത്രയുടെ ചരടു വലിക്കുന്നത് ഇപ്പോൾ ഞാനല്ല എന്ന് തോന്നുന്നു. മുംബൈ നഗരവുമായി എനിക്ക് ഒരു ദിവസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ഞാനിപ്പോൾ ഓർമിക്കാൻ ആഗ്രഹിക്കുന്നില്ല. അത്രയും ഭയാനകമായിരുന്നല്ലോ ആ ദിനം!

ആർതർ റോഡിലായിരുന്നു 25 വർഷങ്ങൾക്ക് മുൻപ് മുംബൈയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. അതെ, വാസിം ജാഫറിന്റെ കൊലപാതകം. കനക ലോഹക്കടത്തും സ്വന്തമായി RBl നോട്ടടിക്കാനുള്ള കമ്മട്ടവും കൈവശമുണ്ടായിരുന്ന വാസിമിന് വേറേയും ചില ഇല്ലീഗൽ ബിസിനസുകളുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നാലും മോഹിതയും മോറിയും അയാളെ കൊന്നത് എന്തിനായിരുന്നു എന്നതിനെക്കുറിച്ച് പല കഥകളാണ് കേട്ടിട്ടുള്ളത്. വാസിമിനൊപ്പം മറ്റു രണ്ടു പേർ കൂടി അന്നു കൊല്ലപ്പെട്ടു.

 

ആ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണാത്മക റിപ്പോർട്ടെഴുതിയ സുതപ ദേശ്മുഖിനും എന്തിനാണ് മോഹിയും മോറിയും വാസിമിനെ കൊന്നത് എന്നതിനെപ്പറ്റി ഇതുവരെ ആധികാരികമായി ഒന്നും പറയാനായിട്ടില്ല. അതേക്കുറിച്ചുള്ള അവരുടെ ഒരു റിപ്പോർട്ടിലും മോഹിതയുടെയും മോറിയുടെയും യഥാർഥ മോട്ടിവ് എന്തായിരുന്നു എന്ന് എഴുതിയിരുന്നില്ല, ചില അഭ്യൂഹങ്ങളല്ലാതെ. ആർക്കും ഊഹിക്കാൻ പറ്റുന്ന സാധാരണ കാര്യങ്ങളാണ് അവരും പറഞ്ഞത്.

ഒരു തവണ കൂടി സുതപ ദേശ്മുഖിനെ കാണണം. മോഹിതക്കും മോറിക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യം അറിയണം. പിന്നെ കെകെ, ഇത്രയും കാലം ഞാനയാൾക്കു പിന്നാലെ ഓടുകയായിരുന്നു. അല്ല, അയാൾ എന്നെ ഓടിക്കുകയായിരുന്നു. ഇനി ഏതായാലും എന്റെ വരവും പ്രതീക്ഷിച്ച് കെകെ അങ്ങനെ തന്നെ ഇരിക്കട്ടെ... എനിക്ക് വേറെയും പണികളുണ്ടല്ലോ ചെയ്തു തീർക്കാൻ.

 

ഞാൻ സിറ്റി ലൈഫ് ഓൺലൈനിലേക്കു പോകാനായി ഒരു ക്യാബ് വിളിച്ചു. അവിടെ എത്തുന്നത് വരെ മനസ്സ് ആകെ കലങ്ങിയിരിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് സുതപയെ കാണണം. ഇത്തവണ എല്ലാ കാര്യങ്ങളും ഞാനവർക്കു മുന്നിൽ വ്യക്തമാക്കും, എന്റെ ജയിൽ പശ്ചാത്തലം അടക്കം.

 

സിറ്റി ലൈഫ് ഓഫിസിലെത്തുമ്പോൾ സമയം ഏതാണ്ട് ഒന്നര മണി കഴിഞ്ഞിരുന്നു. ലഞ്ച് ബ്രേക്കായതുകൊണ്ട് പലരും പുറത്തേക്കിറങ്ങുകയായിരുന്നു. എനിക്ക് കഴിയുന്നതു വേഗം തന്നെ സുതപയെ കണ്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ വേഗം തന്നെ ക്യാബിന്റെ പൈസ കൊടുത്ത് ഓഫിസിനുള്ളിലേക്ക് നടന്നു.

 

ബ്രേക്ക് ആയതുകൊണ്ടാവണം ഓഫിസിൽ പലരെയും കാണാനില്ല. ഒന്നു രണ്ടാളുകൾ ചെവിയിൽ ഇയർഫോണും കുത്തി മൊബൈലും തോണ്ടി കൊണ്ട് എന്നെ കടന്നു പോയി. പെട്ടെന്ന് ഒരു ബെൻസ് കാർ അവിടേക്ക് വന്നു. അപ്പോൾ ഓഫീസിന്റെ നാലു ഭാഗത്തുനിന്നും കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഓടിപ്പിടച്ചു വണ്ടി വന്നിടത്തേക്കു പോയി. അവരുടെ കൈവശം പൂച്ചെണ്ടുകളും മറ്റെന്തൊക്കെയോ സാധനങ്ങളുമുണ്ടായിരുന്നു.

 

വന്നതാരാണെന്നറിയാൻ എനിക്കു ലവലേശം പോലും കൗതുകമുണ്ടായില്ല. ആൾക്കാരുടെ പിറുപിറുക്കലുകളിലൂടെ വന്നത് ഏതോ സിനിമാ നടിയാണെന്ന് എനിക്ക് മനസിലായി. സിറ്റി സ്ക്രീൻ എന്ന അവരുടെ ഫിലിം ഇന്റർവ്യു പ്രോഗ്രാമിനു വേണ്ടി വന്നതായിരുന്നു അവർ. ആ നടിയുടെ ഒന്നു രണ്ടു പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അത്ര വലിയ സൂപ്പർ ആക്ടിങ് ഒന്നുമല്ല. ഏതോ നടന്റെ മോളാണ്. ആ പാരമ്പര്യത്തിന്റെ പുറത്ത് സിനിമ കൊണ്ടു കഞ്ഞികുടിച്ചു പോകാൻ കഴിയുമെന്നേയുള്ളു. പിന്നെ ഇവർക്കൊക്കെ ഒരുപാട് സ്തുതിപാഠകരുമുണ്ടല്ലോ.

 

താരത്തിനെ അകത്തെ സ്റ്റുഡിയോയിലേക്കു കയറ്റി. ഇന്റർവ്യൂ ചെയ്യുന്ന ആളും ഒരു മേക്കപ്പ്മാനും ഒരു ഫോട്ടോഗ്രാഫറും മാത്രം അകത്ത് കയറി. ബാക്കി എല്ലാവരും പതിവ് സ്ഥാനങ്ങളിലേക്കു തന്നെ തിരിച്ചെത്തി. റിസപ്ഷനിലേക്ക് മെലിഞ്ഞ് നീളം കുറഞ്ഞ ഒരു സ്ത്രീ പെട്ടെന്ന് കടന്നു വന്നു. നടിയുടെ കൂടെ ഒരു സെൽഫി എടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവൾ. ആ ചിത്രത്തിലങ്ങനെ അവൾ മതിമറന്നിരിക്കുന്നതിനിടയിൽ ഞാൻ ‘‘എക്സ്ക്യൂസ് മീ....’’ എന്നു പറഞ്ഞു കൊണ്ട് റിസപ്ഷനിലേക്കു ചെന്നു. അത് അവൾക്ക് അത്ര പിടിച്ചിട്ടില്ലെന്ന് അവരുടെ മുഖഭാവത്തിൽനിന്ന് എനിക്ക് ഊഹിച്ചെടുക്കാൻ കഴിഞ്ഞു.

 

ഞാൻ എന്റെ ആവശ്യം അവരോട് അറിയിച്ചു. പെട്ടെന്നു വല്ലാത്ത ദൈന്യത ഭാവിച്ച് അവൾ മറുപടി പറയാനാരംഭിച്ചു, ‘‘സർ, മാഡം ഇന്നലെ വരെ നാട്ടിലുണ്ടായിരുന്നു’’, അവർ സംസാരിക്കുന്ന മട്ടു കണ്ടിട്ട് എനിക്ക് തൃപ്തി ആകുന്ന കാര്യമായിരിക്കില്ല അവർ പറയുക എന്ന് ഞാനൂഹിച്ചു. ‘‘മാഡം ഇന്നു രാവിലത്തെ ഫ്ലൈറ്റിന് മുംബൈയിലേക്ക് പോയി. സുതപ മാഡത്തിന് അവിടെ ഒരു കോൺഫറൻസ് അറ്റെൻഡ് ചെയ്യാനുണ്ട്...’’ ആ സ്ത്രീ അതും പറഞ്ഞ് തിരികെ ജോലിയിൽ മുഴുകി.

അപ്പോൾ സുതപ മുംബൈയിലാണ്. കെകെയിലേക്കുള്ള വഴി സുതപ ആണെന്നാണ് എന്റെ വിശ്വാസം. മാൻവിയുടെ യഥാർഥ കൊലപാതകി ആരാണെന്നും, മോഹിതയും മോറിയും ഇപ്പോൾ എവിടെയാണെന്നും എനിക്ക് കണ്ടെത്തണം.

 

ഏതായാലും ഈ കഥയുടെ ക്ലൈമാക്സ് മുംബൈയിൽ തന്നെ ആയിരിക്കും അരങ്ങേറുക.

സിറ്റി ലൈഫ് ഓൺലൈന്‍ ഓഫീസിൽ നിന്നുമിറങ്ങിയപ്പോൾ ഞാൻ ഒരു കാര്യം മനസ്സിലുറപ്പിച്ചു: കഴിയുന്നതും വേഗം മുംബൈയിലെത്തണം.

 

ഞാൻ മൊബൈൽ എടുത്ത് കൊച്ചിയിൽനിന്നു മുംബൈയിലേക്കുള്ള നാളത്തെ ഫസ്റ്റ് ഫ്ലൈറ്റ് ചെക്ക് ചെയ്തു. നാളെ രാവിലെ 9 മണിക്കാണ്.

അതിനു തന്നെ മുംബൈയിലേക്ക് തിരിക്കാൻ ഞാൻ തീരുമാനിച്ചു.

 

(തുടരും)

 

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com