മുംബൈയിൽ; കെ.കെ വിളിച്ചത് എന്തിനാകും? സുതപ ഇവിടെയുണ്ടാകുമോ?

HIGHLIGHTS
  • സ്വരൺദീപ് എഴുതുന്ന അപസർപ്പക നോവൽ
  • കെ.കെ. ചില അന്വേഷണക്കുറിപ്പുകൾ– അധ്യായം 12
KK-Chapter12
SHARE

മുംബൈയിൽ നിന്നുള്ള ഫ്ലൈറ്റ് വൈകിയാണ് കൊച്ചിയിൽ എത്തിയത്. തിരിച്ചു പോകാനും അതനുസരിച്ചു വൈകി. കാലാവസ്ഥ ശരിയല്ല. ആകപ്പാടെ ഇരുണ്ടുമൂടി കെട്ടി നിൽക്കുകയാണ് അന്തരീക്ഷം. ചെക്ക് ഇൻ ചെയ്ത് ഫ്ലൈറ്റിൽ കയറിയപ്പോൾ ആകപ്പാടെ ഒരു അസ്വസ്ഥത തോന്നി. ഇതിനു മുൻപും വിമാന യാത്ര നടത്തിയിട്ടുള്ളതാണ്. പക്ഷേ ഇത്തവണ വല്ലാത്തൊരു ഭയം തോന്നുന്നു. ആരെയാണ്, എന്തിനെയാണ് എന്ന് എനിക്കു തന്നെ മനസ്സിലാകുന്നുമില്ല.

ഛത്രപതി ശിവജി എയർപ്പോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തത് ഉച്ചക്ക്  രണ്ടു മണി കഴിഞ്ഞായിരുന്നു. ഫ്ലൈറ്റിനു ലാൻഡിങ് സമയത്ത് ചെറിയ ജെർക്കിങ് ഒക്കെ ഉണ്ടായിരുന്നെങ്കിലും ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് യാതൊരു പ്രശ്നവും കൂടാതെ നിലത്തിറങ്ങാൻ കഴിഞ്ഞു. ഈ യാത്രക്ക് ആവശ്യമായ പണം എന്റെ കയ്യിലുണ്ടായിരുന്നില്ല. തികയാതെ വന്നത് സുഹൃത്തുക്കളാണ് തന്നത്. അതുകൊണ്ട് മുംബൈ വരെ വിമാനത്തിൽ തന്നെ യാത്ര ചെയ്തു. അൽപ്പം മടിയും പിശുക്കും കാട്ടിയിട്ടാണെങ്കിലും കാശും കൂടെ സൗജന്യമായി കുറേ പ്രാക്കും തന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി....

ഏതായാലും ഒരു നാൾ അവരുടെയെല്ലാം കാശ് ഞാൻ തിരിച്ച് കൊടുക്കും. അതു തീർച്ചയാണ്.

ആർതർ റോഡിനടുത്തുള്ള ഒരു ചെറിയ ലോഡ്ജിൽ ഞാൻ മുറിയെടുത്തു. യാത്രാക്ഷീണം ഉണ്ടായിരുന്നെങ്കിലും വിശ്രമിക്കാനൊന്നും തോന്നിയില്ല. ആ കുടുസ്സുമുറിക്കകത്ത് ഞാനും എന്റെ പെട്ടിയും വല്ലാതെ ഞെരുങ്ങി പോയി. ഇവിടെ രണ്ടുമൂന്ന് ദിവസം കഴിച്ചുകൂട്ടുന്നതാലോചിച്ച് ഞാൻ അമ്പരന്നു. തൽക്കാലം ഇതേ നിവൃത്തിയുള്ളു. കയ്യിൽ കാശു തീരെ കുറവാണ്. കെകെയുടെ അറിയിപ്പ് ഒന്നും വന്നിട്ടില്ലെന്ന് ഞാൻ മെയിൽ ചെക്ക് ചെയ്ത് ഉറപ്പു വരുത്തി. ഇനിയെന്തു ചെയ്യും? അയാൾ വിളിച്ചാലല്ലാതെ എനിക്കയാളെ  കാണാൻ പോകാൻ പറ്റില്ലല്ലോ. എന്നെ എന്തിനാവാം മുംബൈയിലേക്കയാൾ വിളിച്ചിട്ടുണ്ടാവുക? ഞാൻ നൂറാമത്തെ തവണയാവണം അതു സ്വയം ചോദിച്ചു. അയാൾ വിളിച്ച ഉടനെ കണ്ണടച്ച്  പുറപ്പെട്ടതെന്തിനാണെന്ന ചോദ്യം ഞാൻ ചോദിക്കാതെയുമിരുന്നു! 

ഒന്നു കുളിച്ച് വൃത്തിയായി വസ്ത്രം മാറ്റി ഞാൻ പുറത്തേക്ക് നടന്നു. ചൂടത്ത് ആ കുടുസ്സു റൂമിലിരിക്കുന്നത് കഷ്ടമാണ്. എന്തായാലും എനിക്കു സമയമുണ്ട്. സുതപ ദേശ്മുഖിനെ ഒന്നു കാണാൻ ശ്രമിച്ചാലോ? അവർ മുംബൈയിലുണ്ടെന്നല്ലേ പറഞ്ഞത്. എന്റെയുള്ളിൽ ലഡ്ഡു പൊട്ടി. അതു തന്നെ. അവരെക്കാണാം. സമയവും പോയിക്കിട്ടും. മോഹിത, മോറി എന്നിവരെക്കുറിച്ച് വിവരമെന്തെങ്കിലും കിട്ടുമോന്നും അറിയാം. 

ടൗണിലാകെ തിരക്കാണ്. ചില സ്ത്രീകളും കുട്ടികളും വഴിയോരത്തിരുന്ന് എന്തൊക്കെ സാധനങ്ങളുടെ വില പറയുന്നുണ്ട്, തൊട്ടപ്പുറത്തായി വണ്ടികളുടെ നീണ്ട നിര. അതുകടന്ന് റോഡ് മുറിച്ചു കടക്കാൻ തന്നെ കുറേ സമയം വേണ്ടി വന്നു. ട്രാഫിക് ബ്ലോക്കിൽ ഇഴഞ്ഞു നീങ്ങുന്ന കാബിലിരിക്കുമ്പോൾ ഞാൻ സുതപയെക്കുറിച്ച് ശേഖരിച്ച വിവരങ്ങൾ ഒന്നു റീവൈൻഡു ചെയ്തു.

സുതപയും അവരുടെ ഭർത്താവും ആദ്യം ഒരു ഇംഗ്ലിഷ് പത്രത്തിലായിരുന്നു പ്രവർത്തിച്ചത്. 1994 ഡിസംബർ 6നായിരുന്നു ആർതർ റോഡിനടുത്തുള്ള ഷോപ്പിങ് മാളിലെ വാസിം ജാഫറിന്റെ WJ Exports എന്ന ഓഫീസിൽ അയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓഫിസിലെ സ്റ്റാഫായിരുന്ന രണ്ടു പേർ കൂടി അന്നു വെടിയേറ്റു മരിച്ചിരുന്നു. പ്രഥമദൃഷ്ടിയിൽ പോലീസിന് വലിയ തെളിവൊന്നും ലഭിച്ചില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം അയാളുടെ മരണം സംഭവിച്ചത് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും മധ്യേ ആയിരുന്നു. മാളിൽ നല്ല തിരക്കുള്ള നട്ടുച്ച. പക്ഷേ ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ല.

മുംബൈയിലെ ഡോൺ ഒന്നുമല്ലെങ്കിലും പൊലീസിനും സാധാരണക്കാർക്കുമൊക്കെ വാസിം ജാഫർ ഒരു തലവേദന തന്നെയായിരുന്നു. അയാൾ ഒരു വ്യാപാരി മാത്രമായിരുന്നില്ല. പലിശക്ക് പണവും കടം കൊടുക്കുമായിരുന്നു. അതിൽ വൻപണക്കാരും  പട്ടിണിപ്പാവങ്ങളും സാധാരണ മനുഷ്യരും ഉൾപ്പെട്ടു. പല ഉന്നതരുടെയും വിശ്വസ്തനും സന്തത സഹചാരിയുമായിരുന്നു വാസിം. WJ Exports യഥാർഥത്തിൽ ഇല്ലീഗൽ ബിസിനസുകൾ നടത്തുന്നതിനു വേണ്ടി പണിത ഒരു കെട്ടിടത്തിന്റെ പേര് മാത്രമാണ്. അവിടത്തെ നിക്ഷേപകരും ഡയറക്ടേഴ്സുമൊക്കെ സമൂഹത്തിൽ നല്ല പദവിയും അധികാരവുമൊക്കെ ഉണ്ടായിരുന്ന സമ്പന്നരായിരുന്നു.

വാസിം ജാഫർ കൊലപാതകവുമായി ബന്ധപ്പെട്ടു സുതപ കോളങ്ങൾ എഴുതി തുടങ്ങുന്നത് 1995 ജനുവരി മുതലാണ്. അന്ന് Bombay Timesഎന്ന പേരിൽ അവരും ഭർത്താവായ ശരത്തും ഒരു പത്രം ആരംഭിച്ചു. അതിലായിരുന്നു വാസിം ജാഫറിന്റെ മരണത്തെക്കുറിച്ചുള്ള അവരുടെ അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. 95 ൽ അത് ആരംഭിക്കുമ്പോൾ അവർക്ക് ആകെ ഇരുപത് സ്റ്റാഫ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പത്ത് വർഷം കൊണ്ട് അനവധി ബ്യൂറോകൾ അവർക്കു മുംബൈയിലുണ്ടായി.

ഓൺലൈൻ മീഡിയയുടെ വളർച്ച Bombay Times നും ക്ഷീണം വരുത്തി. 2014-15 കാലങ്ങളിൽ സുതപ Bombay Times ന്റെ പ്രവർത്തനം അവസാനിപ്പിച്ചു. അന്ന് അവിടെ വർക്ക് ചെയ്തിരുന്ന സ്റ്റാഫ് ഒക്കെ വലിയ പ്രതിഷേധമായിരുന്നു നടത്തിയിരുന്നതെന്ന് എനിക്കു പത്രങ്ങളിൽ വായിച്ച ഓർമ്മയുണ്ട്. 

എന്നാൽ 2016ൽ സുതപ Bombay Times എന്ന സ്ഥാപനം നിലനിന്നിരുന്ന കെട്ടിടം വീണ്ടും വിലക്കെടുത്ത് പുതിയൊരു മാധ്യമ സ്ഥാപനം ആരംഭിച്ചു. ഇപ്രാവശ്യം സ്ത്രീ പ്രാതിനിധ്യത്തിനായിരുന്നു പ്രാധാന്യം നൽകിയത്. അതായത് അവിടെ വർക്ക് ചെയ്യുന്ന ഭൂരിഭാഗം സ്റ്റാഫും സ്ത്രീകളാണ്. ഇങ്ങനെ ഒരാശയം അവരുടെ തലയിൽ എങ്ങനെ ഉദിച്ചു എന്നായിരുന്നു ഞാനാലോചിച്ചത്.

2018ലാണ് കേരളത്തിൽ സുതപ City life Online ആരംഭിക്കുന്നത്. അപ്പോഴേക്കും ശരത്ത് ജേണലിസം ഫീൽഡ് ഒക്കെ വിട്ട് എന്തൊക്കെയോ ബിസിനസുകൾ ആരംഭിച്ചു എന്നാണറിയാൻ കഴിഞ്ഞത്. എന്നാൽ ബിസിനസ്സിൽ ശരത്തിന് പച്ചപിടിക്കാൻ കഴിഞ്ഞില്ല. പിന്നെ കഴിഞ്ഞ കൊല്ലം അയാൾ ബിസിനസ് നിർത്തി city life Online ന്റെ കോ ഡയറക്ടറായി. ഇപ്പോൾ ജോലി സംബന്ധമായി വിദേശത്ത് എവിടെയോ ആണെന്നാണ് അറിയാൻ പറ്റിയത്.

ആർതർ റോഡിൽനിന്ന് ഏകദേശമൊരു മുക്കാൽ മണിക്കൂറോളം യാത്രയുണ്ട് Bombay Times ന്റെ ഓഫീസിലേക്കെത്താൻ. എന്നാൽ തിരക്കു പിടിച്ച മുംബൈയിലെ തെരുവിലൂടെ വണ്ടി ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്.  ഓഫിസിലെത്താൻ രണ്ടര മണിക്കൂറോളം സമയമെടുത്തു.

(തുടരും) 

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeeജ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA