‘വന്നുകയറിയ പെണ്ണല്ലേടീ ഞാൻ? സ്വത്തുമോഹിച്ച് അയാളെ കുടിപ്പിച്ചു കിടത്തീന്നല്ലേ മാലോകരു പറയൂ?’

HIGHLIGHTS
  • രാജീവ് ശിവശങ്കർ എഴുതുന്ന നോവൽ
  • റബേക്ക- അധ്യായം 22
rabecca-22
വര: മാർട്ടിൻ പി.സി.
SHARE

‘ഗോപ്യം’

(മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ എട്ടാമധ്യായം)

മഴ കഴുകിയെടുത്ത ദിവസമായിരുന്നു അത്. കാതടപ്പിക്കുന്ന ഇടിയും നോക്കുന്നിടത്തെല്ലാം കെട്ടിനിൽക്കുന്ന ചെളിവെള്ളവും ആന്റണിയുടെ മരണത്തെ ഒരുപരിധിവരെ അനാഥമാക്കി. മൃതദേഹത്തിലേക്കു നോക്കണോ ചെളിവെള്ളത്തിൽ കാലു പൂഴ്ന്നുപോകാതെ ശ്രദ്ധിക്കണോ എന്നത് പള്ളിപ്പറമ്പിൽ വന്നവരെയെല്ലാം ആശയക്കുഴപ്പത്തിലാക്കി. ‘നശിച്ച മഴ’ എന്നു മുഖം ചുളിക്കുന്ന ഭാവത്തിലായിരുന്നു ആന്റണിയുടെ കിടപ്പ്. വരുന്നവരെയും പോകുന്നവരെയുമെല്ലാം കാണുന്നുണ്ടെന്ന മട്ടിൽ, ചുണ്ടത്തൊരു ശരിവയ്ക്കൽ മാത്രമല്ല, തലകുലുക്കൽപോലുമുണ്ടെന്ന് റബേക്കയ്ക്കുതോന്നി. തലേന്നു രാത്രിമുഴുവൻ മദ്യപിച്ചതിനാൽ ആന്റണിയുടെ മുഖം പതിവിലേറെ വീർത്തിരുന്നു. അവസാനം കുടിച്ച മദ്യത്തിന്റെ ലഹരി ഇപ്പോഴും നാവിലുണ്ടെന്നു തോന്നും.

ജോസഫ് പാപ്പന്റെ മരണത്തിനുശേഷം ആന്റണി കുടിയോടെ കുടിയായിരുന്നു. നാദാപുരത്തുനിന്ന് പാതിരാത്രിയിലൊക്കെയാണു വരവ്. ചിലപ്പോൾ ഒരുപടതന്നെ കാണും കൂടെ. വന്നവർ ദിവസങ്ങളോളം വീട്ടിൽ തങ്ങി. വച്ചുവിളമ്പി പെണ്ണമ്മയും ജാനകിയും മടുത്തു. 

ജോസഫ് പാപ്പന്റെ അഭാവം ആന്റണിയുടെ ശരീരഭാഷപോലും മാറ്റിമറിച്ചിരുന്നു. ലോകം മുഴുവൻ വെട്ടിപ്പിടിച്ച മട്ടിൽ, ആവശ്യത്തിലേറെ നെഞ്ചുവിരിച്ചായിരുന്നു നടപ്പ്.

പാപ്പന്റെ അടക്കം കഴിഞ്ഞു പള്ളിയിൽനിന്നു മടങ്ങിയെത്തിയപ്പോൾത്തന്നെ ആന്റണി, മുറിയുടെ വാതിൽ വലിച്ചടച്ച് റബേക്കയുടെ നേരെ കൈനീട്ടി.

‘‘എടുക്ക്... പ്രമാണോം ആധാരോം എല്ലാമിങ്ങെടുക്ക്.’’

‘‘ഇപ്പോഴോ...തലയ്ക്കുമുകളിൽ പാപ്പൻ നിൽപ്പുണ്ട് ആന്റണീ...’’

റബേക്ക മൂക്കുപിഴിഞ്ഞു.

‘‘എങ്കിൽ ശരിക്കു കണ്ടോട്ടെ.. .നീ അതെല്ലാമിങ്ങെടുത്തേ...’’

‘‘എനിക്കറിയില്ല.’’

‘‘കള്ളം പറയുന്നോ? നീയറിയാതെ പാപ്പന് ഒരു കാര്യോമില്ലെന്ന് എല്ലാർക്കുമറിയാവുന്നതല്ലേ?’’ ആന്റണിയുടെ ശബ്ദമുയർന്നു.

‘‘ചെറിയാൻ വക്കീലുമായി മുറിയടച്ചിരുന്ന് പാപ്പനേതാണ്ടൊക്കെ മിണ്ടുവേ പറയുവേം ചെയ്യുന്നേ കണ്ടു. വീതം വയ്ക്കുവാരുന്നോ പ്രമാണമെഴുതുവാരുന്നോ എന്നൊന്നും എനിക്കറീകേല. ഞാൻ അന്വേഷിച്ചുമില്ല. ഞാനറിയേണ്ടതാണെങ്കിൽ പാപ്പൻ പറേമല്ലോന്നു വിചാരിച്ചു. വക്കീലുവന്നപ്പോ ഞാൻ പുഴക്കരേലാരുന്നു. സംശയമൊണ്ടങ്കി ഇവിടെ ആരോടുവേണമെങ്കിലും ചോദിച്ചോ... പാപ്പന്റെ മൊതല് പാപ്പനിഷ്ടമൊള്ളവർക്കു വീതിച്ചുകൊടുക്കുന്നേന്റെടയ്ക്ക് എനിക്കെന്നതാ കാര്യം?’’

‘‘ഉം.. അപ്പോ നിനക്കൊന്നുമറിയില്ല....അല്ലേ? ഇനി അറിയാമെന്ന് എപ്പോഴെങ്കിലും തെളിഞ്ഞാൽ...’’ ആന്റണി, അവളുടെ കണ്ണിനുനേരേ വിരൽചൂണ്ടി, ‘‘അതപ്പോൾ പറയാം.’’

‘‘ആയിക്കോട്ടെ.’’

റബേക്ക ശാന്തയായി പറഞ്ഞു. ആന്റണി ഇരമ്പിയാർത്തു പുറത്തേക്കുപോയി. ചെറിയാൻ വക്കീലിനെ കാണാനാവും പോക്കെന്ന് റബേക്കയ്ക്ക് ഉറപ്പായിരുന്നു. ഇത്തരമൊരു സാഹചര്യം മുൻകൂട്ടിക്കാണാൻ കഴിവുള്ള ചെറിയാൻവക്കീൽ പോംവഴികളും മറുപടിയും തയാറാക്കിവച്ചിട്ടുണ്ടാവുമെന്ന് റബേക്കയ്ക്ക് ഉറപ്പായിരുന്നു.

രാത്രി, എപ്പോളോ ശബ്ദം കേട്ടുണരുമ്പോൾ ആന്റണിയും കൂട്ടുകാരും ചേർന്ന് വീടിളക്കി മറിക്കുകയായിരുന്നു. അലമാരകളും മേശകളും തുറന്നുമലർത്തി സാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്നു. റബേക്ക കുറേനേരം അതുനോക്കി നിശബ്ദയായിരുന്നു. 

‘‘നാണം കെട്ട വക്കീല്... ആരാന്നാ അയാടെ വിചാരം...,’’ റബേക്ക കേൾക്കാനായി ആന്റണി ഉറക്കെപ്പറഞ്ഞു, ‘‘ആദ്യം അയാൾ പറഞ്ഞു, ഒന്നുമറീകേല്ലെന്ന്. പിന്നെപ്പറഞ്ഞു, ബാങ്കിലെ ലോക്കറിൽ വച്ചേക്കുവാന്ന്... വേണ്ട നേരത്ത് അയാളുതന്നെ കാര്യങ്ങൾ ബോധിപ്പിച്ചോളാമെന്ന്... അതെപ്പഴാന്നു തിരക്കിയപ്പോ സോജനൂടെ വന്നിട്ടെന്ന്. അവനെന്നുവരുമെന്നു ചോദിച്ചപ്പോ അതു ഞങ്ങളു രണ്ടുംകൂടി തീരുമാനിച്ചോളാൻ. അതുകേട്ടപ്പോ എനിക്കു മനസ്സിലായി സോജൻ കാശുകൊടുത്തു വക്കിലീന്റെ വായടപ്പിച്ചേക്കുവാണെന്ന്...’’

നീണ്ട നിഴൽ വലിച്ചിഴച്ച് ആന്റണി, റബേക്കയ്ക്കരികിലേക്കു വന്നു.

‘‘എന്തിനാ വക്കീലിനെ പറേന്നേ... നിന്നെ കൊള്ളാഞ്ഞിട്ടാ... ചാവുന്നേനുമുൻപേ പാപ്പന്റെ കൈയീന്ന് എല്ലാം വാങ്ങിച്ചെടുക്കാനുള്ള ബുദ്ധി കാണിക്കണമായിരുന്നു...,’’ ഒരു നിമിഷം ആന്റണി റബേക്കയെ ചുഴിഞ്ഞുനോക്കി, ‘‘അതോ വക്കീലിന്റേം സോജന്റേം കൂടെ നീയും കൂടിയോ? നേരുപറ.’’

റബേക്ക ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു. നാവു പൊന്തിച്ചാൽ ഒരുപാടു പറഞ്ഞുപോകുമെന്ന് അവൾ ഭയന്നു. വാക്കല്ല, പ്രവൃത്തിയാണു പ്രധാനം. 

പിറ്റേന്നുമുതൽ ആന്റണിയുടെ ജീവിതം വേറൊന്നായി. കൊച്ചുവീട് അയാൾ കൈയേറി. ജോസഫ് പാപ്പന്റെ അലമാരയിലെ പുസ്തകങ്ങൾ ഒഴിപ്പിച്ച് അവിടെ മദ്യക്കുപ്പികൾ നിരത്തി. പുലരുംമുതൽ പാതിരാ വരെയുള്ള ആഘോഷത്തിനു ചൂട്ടുപിടിക്കാൻ എവിടെനിന്നൊക്കെയോ ആളുകളെത്തി. നാദാപുരത്തേക്കുള്ള ആന്റണിയുടെ യാത്ര വിരളമായി. ചിട്ടിക്കമ്പനി പൂട്ടിയെന്നോ പൊട്ടിയെന്നോ ഒക്കെ കേട്ടത് റബേക്ക മന:പൂർവം അവഗണിച്ചു. അവൾ തന്റെ നിഴൽപോലും അയാളുടെ ജീവിതത്തിലേക്കു വീഴാതെ കഴിയുന്നത്ര സൂക്ഷിച്ചു. അയാളും റബേക്കയെ കണ്ടില്ലെന്നു നടിച്ചു. അവൾക്കു മുന്നിലൂടെ മദ്യക്കുപ്പികളും സോഡാക്കുപ്പികളും കൊച്ചുവീട്ടിലേക്കു പ്രകടനം നടത്തി. നാദാപുരത്തുനിന്നു വന്ന തമിഴന്മാർ കക്ഷത്തിലെ തടിച്ച ബാഗുമായി അവളെ നോക്കി നാവുനക്കി. അതോടെ, റബേക്ക പൂർണമായും മുറിടയടച്ചിരിപ്പായി. പുറത്തേക്കുവന്നാൽ ആന്റണിയെ നേരിടേണ്ടിവരുമെന്നതിനാൽ പലപ്പോഴും ഭക്ഷണം പോലും മുറിയിലേക്കെടുപ്പിക്കുകയായിരുന്നു.

‘‘ലോഡ്ജുപോലായല്ലോ കർത്താവേ, ഈവീട്,’’ പെണ്ണമ്മ തലയ്ക്കു കൈവച്ച് സങ്കടക്കൂട്ടിന് റബേക്കയെ നോക്കി, ‘‘കൊച്ചമ്മ സമ്മതിച്ചിട്ടാ...’’ റബേക്ക ചിരിച്ചെന്നു വരുത്തി.

‘‘വിറ്റുതുലയ്ക്കാനാ ആന്റണിക്കുഞ്ഞിന്റെ പരിപാടിയെന്നു തോന്നുന്നു. തെക്കേക്കണ്ടത്തിനപ്പുറത്തെ ഈട്ടിയും തേക്കുമെല്ലാം വിറ്റു. എത്ര ലോറി തടിയാ കൊണ്ടുപോയേന്നറിയാമോ?’’

‘‘കുന്നിൻചെരുവിലെ തടിയും മുറിക്കാൻ പോവാണെന്നു കേട്ടു. പിടിച്ചാ പിടിമുറ്റാത്ത ഇനങ്ങളാ അവിടെ നിൽക്കുന്നേ...’’ ‌ചെത്തിപ്പൂളിയ മാങ്ങ നീട്ടി ജാനകിയും ഇടപെട്ടു.

‘‘ഇതൊക്കെ എപ്പോ? ഞാനറിഞ്ഞില്ലല്ലോ.’’

‘‘കൊച്ചമ്മ ഒന്നുമറിയുന്നില്ല. വീടുംപറമ്പും വിൽക്കാൻ ആരോടെങ്കിലും അഡ്വാൻസ് വാങ്ങീട്ടുണ്ടോന്ന് ഒടേതമ്പുരാനറിയാം.

‘‘അതൊന്നും നടക്കുകേല പെണ്ണമ്മേ...’’

മാങ്ങാപ്പൂളു നാവിലേക്കു വയ്ക്കുമ്പോൾ പുളികൊണ്ട് റബേക്ക തലകുടഞ്ഞു.

‘‘കൊച്ചമ്മ ഇങ്ങനെ മുറീമടച്ചിരുന്നാൽ അതൊക്കെ നടക്കുമെന്നാ എനിക്കു തോന്നുന്നേ.’’

പെണ്ണമ്മ കുറ്റപ്പെടുത്തി.

‘‘അതു വെറുതെ തോന്നുന്നതാ. എവിടംവരെ പോകുമെന്നു നോക്കുവാ ഞാൻ.’’

പെണ്ണമ്മ പാത്രങ്ങളെടുത്തു പോയപ്പോൾ റബേക്ക എഴുന്നേറ്റു മുടിമാടിക്കെട്ടി ജനാലയ്ക്കരികിൽ നിന്ന് കൊച്ചുവീട്ടിലേക്കു നോക്കി. വരാന്തയിൽ വട്ടമിട്ടിരുന്നു ചീട്ടുകളിയാണ് ആന്റണിയുടെ കൂട്ടുകാർ. പൊട്ടിച്ചുവച്ച കുപ്പി അടുത്തുതന്നെയുണ്ട്. ഇറച്ചിയും മീനും തിന്നു കൊഴുത്ത രണ്ടു നായ്ക്കൾ വരാന്തയുടെ താഴെ വാലാട്ടി നിൽക്കുന്നു. കഴുത്തിൽ രണ്ടുമടക്കിന്റെ സ്വർണച്ചങ്ങലയും വിരലുകളിൽ തടിച്ച മോതിരങ്ങളുമണിഞ്ഞൊരുത്തൻ അവളെ നോക്കി ഉറക്കെ പാടി.

‘‘പാലും പഴവും കൈകളിലേന്തി

പാവല വായിൽ പുന്നകൈ സിന്തി

കോലമയിൽ പോൽ നീ വരുവായേ

കൊഞ്ചും കിളിയേ അമൈതി കൊൾവായേ...’’

‘പോടാ’ എന്നാട്ടി റബേക്ക ജനാല വലിച്ചടച്ച് കിടക്കയിൽ വന്നിരുന്നതേയുള്ളൂ, വാതിൽ ഊക്കനൊരു തൊഴിയിൽ വിറച്ചു. തുറക്കും മുൻപേ ആടിയുലഞ്ഞ് ആന്റണി അകത്തേക്കു കുമിഞ്ഞു. പാതിയാക്കിയ കുപ്പി അയാളുടെ കൈയിൽ, ഏതുനിമിഷവും താഴെവീണു പൊട്ടുമെന്നു മുന്നറിയിപ്പു നൽകി വിറച്ചു.

‘‘എന്റെ വീട്ടിൽ താമസിച്ചോണ്ട് എന്റെ ഗസ്റ്റിനോട് തെമ്മാടിത്തരം കാണിക്കുന്നോ?’’ ആന്റണി അലറി.

‘‘എന്താ സംഭവം?’’

‘‘പളനിയപ്പനെ നീ അപമാനിച്ചു.’’

‘‘ആരെ?’’

‘‘പളനിയപ്പനെ.’’

‘‘എന്നെ നോക്കി കൊള്ളരുതാഴിക പറഞ്ഞാ ഏതപ്പനാന്നേലും പോടാന്നു പറയും.’’ റബേക്ക പല്ലിറുമ്മി

‘‘കോടീശ്വരനാടീ അങ്ങേര്... കോടീശ്വരൻ. അറിയാമോ?’’

‘‘അതുകൊണ്ട് എനിക്കെന്താ...’’

‘‘ഓ... നിനക്കു കിളവന്മാരായ കോടീശ്വരന്മാരോടേ പഥ്യമൊള്ളാരിക്കും.’’

‘‘ആ ചെലപ്പോ...’’

റബേക്ക മുടി മാടിക്കെട്ടി. കുപ്പി ജനാലപ്പടിയിൽ വച്ച്, അഴിഞ്ഞുവീഴാറായ മുണ്ടു വാരിവലിച്ചുടുത്ത് ആന്റണി അവൾക്കരികിലേക്കു വന്നു.

‘‘ഞാൻ പളനിയപ്പനെ ഇങ്ങോട്ട് പറഞ്ഞയക്കും.’’ 

‘‘ഞാനെന്തോ വേണമെന്നാ... മടീലിരുത്തി പുന്നാരിക്കണോ...’’

‘‘ആ ചെലപ്പോ വേണ്ടിവരും....’’ റബേക്കയെ ചുമരിലേക്കു ചാരിനിർത്തി, ആന്റണി അവളുടെ കൈപിടിച്ചു തിരിച്ചു, ‘‘നിനക്ക് എന്നോടു മാത്രമല്ലേ പുന്നാരം തോന്നാതുള്ളൂ... അയാളെ പുന്നാരിച്ചോ... എനിക്കു സമ്മതമാ...’’

അയാളുടെ ചുണ്ടിൽ മുട്ടമഞ്ഞപോലെ പരന്ന ചിരിയിൽ മദ്യഗന്ധം തേട്ടി.

‘‘ആന്റണീ... വാക്കുകൾ സൂക്ഷിച്ച്...’’

‘‘എന്നാ സൂക്ഷിക്കാനാടീ...,’’ ഇറച്ചിക്കറിയുടെ ചാറു പുരണ്ട ആന്റണിയുടെ തടിച്ചകൈകൾ റബേക്കയുടെ കൈകളെ വീണ്ടും ഞെരിച്ചു,‘‘പള്ളിച്ചാൽ പാപ്പീടെ മോൾ എന്നുമുതലാടീ പതിവ്രതയായേ... കെളവനുമായിട്ടൊള്ള കെട്ടിമറിച്ചില് ആർക്കും അറിയില്ലെന്നാരിക്കും വിചാരം.’’

ആന്റണിയുടെ കൈ പറിച്ചെറിഞ്ഞ്, റബേക്ക രണ്ടുചുവട് പിന്നിലേക്കു മാറി. ജനാലപ്പടിയിലിരുന്ന മദ്യക്കുപ്പി അവളുടെ കൈയിലേക്കു ചാടിക്കയറി. നിമിഷനേരം കൊണ്ട് അതു ചുമരിൽ തലയിടിച്ച് മൂർച്ചയുള്ള സ്ഫടികച്ചീളായി അവളുടെ കൈകളിലൊതുങ്ങി.

‘‘ഇറങ്ങെടാ മുറിക്കുവെളിയിൽ... ഇല്ലെങ്കി ഞാനിതു പള്ളേൽകേറ്റും.’’

രണ്ടും കൽപ്പിച്ചുള്ള റബേക്കയുടെ നിൽപിൽ ആന്റണി പതറി. അയാൾ പുറത്തേക്കോടി.

‘‘എന്റെ വീട്ടിത്താമസിച്ചോണ്ട് എന്നെ ഇറക്കിവിടുന്നോടീ...,’’വാതിലിനുപുറത്തുനിന്ന് ആന്റണി അലറി, ‘‘ഈ നിമിഷം എറങ്ങിക്കോണം ഇവിടുന്ന്...’’

റബേക്ക സാരിത്തുമ്പുയർത്തി, അരയിൽ കുത്തിവച്ച്  വലംകൈയിൽ പൊട്ടിയ ചില്ലുകുപ്പിയുമായി പുറത്തേക്കിറങ്ങി.

‘‘താനെന്താ പറഞ്ഞേ? തന്റെ വീടോ? തന്റെ പേരിൽ വീടൊണ്ടെന്ന് ആരാ പറഞ്ഞാ... ആരോടു ചോദിച്ചിട്ടാ താൻ തൊടീലെ തടിവെട്ടിയേ? മിണ്ടണ്ടാന്നു വിചാരിച്ചപ്പോ തലേക്കേറി നെരങ്ങുന്നോ. കെട്ടെറങ്ങുമ്പോ ചെറിയാൻ വക്കീലിനെ വിളിച്ചൊന്നു ചോദിക്ക്. അപ്പഴറിയാം സത്യം.’’ ആന്റണി വിളറി.

‘‘പിന്നെ... ഇതുകൂടി കേട്ടിട്ടുപോ... മര്യാദയ്ക്കാന്നെങ്കിൽ ഈ വീട്ടിൽ താമസിക്കാനിടം തരും. മൂന്നുനേരം നക്കാൻ വല്ലോം കിട്ടുകേം ചെയ്യും. ഇടയാനാണു ഭാവമെങ്കിൽ... ഇപ്പോൾ ഞാനൊന്നും പറയുന്നില്ല.’’

ആന്റണി നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി. ചെറിയാൻ വക്കീലിൽ നിന്നു കാര്യങ്ങളുടെ സത്യസ്ഥിതിയറിഞ്ഞതോടെ അയാൾ തളർന്നു. പിന്നീട് ആന്റണി മുറിയിൽനിന്നിറങ്ങിയിട്ടില്ല. ജീവിതത്തിൽ ഇനി മറ്റൊന്നും ബാക്കിയില്ലെന്നമട്ടിൽ അയാൾ അവിടെ കുടിച്ചുകൊണ്ടേയിരുന്നു. മദ്യം തീർന്നപ്പോൾമാത്രം ഒരിക്കൽ അക്രമാസക്തനായി. ജനാലച്ചില്ലുകൾ തല്ലിയുടച്ചു. കിടക്കയും തലയിണയും കീറിയെറിഞ്ഞു. അപ്പോൾ റബേക്ക ഇടപെട്ടു. പുറംപണികൾ നോക്കിനടത്തുന്ന പൗലോസിനോട് അവൾ പറഞ്ഞു.

‘‘അയാൾക്കെന്താന്നുവച്ചാൽ വാങ്ങിക്കൊടുക്ക്... കുപ്പിക്ക് മുട്ടുവരരുത്... കാശെത്രയാന്നുവച്ചാൽ മാസാവസാനം ഒന്നിച്ചെഴുതിയെടുത്തോ.’’

‘‘നമ്മക്ക് അച്ചന്മാരുടെ ലഹരിവിരുദ്ധ സെന്ററിൽ കൊണ്ടുപോയാലോ കൊച്ചമ്മേ?’’

അടുക്കളയിൽ പെണ്ണമ്മയുടെ ചോദ്യം റബേക്കയെ ചൊടിപ്പിച്ചു.

‘‘നിന്റെ കെട്ടിയോനൊന്നുമല്ലല്ലോ....,’’ റബേക്ക ശബ്ദമുയർത്തി, 

‘‘ചിട്ടീന്നുപറഞ്ഞ് കാശെല്ലാം പൊട്ടിച്ചുകളേന്നതിലും നല്ലതല്ല്യോ തനിയെ കുടിച്ച് സന്തോഷിക്കുന്നത്? അല്ലെങ്കിത്തന്നെ അങ്ങേരെ നന്നാക്കീട്ടെന്തിനാ? എന്നാത്തിനുകൊള്ളാം ഇനി?’’

‘‘കൊച്ചമ്മയ്ക്കൊരു ജീവിതം വേണ്ടായോ... അതോർത്താ ഞാൻ ചോദിച്ചത്...’’

പെണ്ണമ്മയുടെ തൊണ്ടയിൽ കരച്ചിൽവന്നു തുളുമ്പി.

‘‘എന്റെ ജീവിതം...’’ റബേക്ക ചിരിച്ചു, ‘‘അത് എങ്ങനെ വേണമെന്ന് എനിക്കു നന്നായറിയാം. നീ സങ്കടപ്പെടണ്ട.’’

മിണ്ടാതിരിക്കാൻ ജാനകി കണ്ണുകാട്ടിയതോടെ പെണ്ണമ്മ കണ്ണുതുടച്ച് വാക്കുകൾ വിഴുങ്ങി. അന്നു പണികഴിഞ്ഞുപോകുമ്പോൾ റബേക്ക, അവൾക്ക് പുത്തൻമണം മാറാത്ത രണ്ടു സാരികൾ സമ്മാനിച്ചു. പെണ്ണമ്മ പിന്നീട് ആന്റണിയെപ്പറ്റി റബേക്കയോടു സംസാരിച്ചതേയില്ല. ഒരു പ്രഭാതത്തിൽ കൊച്ചുവീട് തൂത്തുതുടയ്ക്കാൻ ചെന്നപ്പോൾ ചോര ഛർദിച്ചു കിടക്കുന്ന ആന്റണിയെ കണ്ടപ്പോഴും അവൾ ഒച്ചവച്ച് റബേക്കയെ അലോസരപ്പെടുത്തിയില്ല.

‘‘കുടിക്കണോ, ജീവിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം.’’

ഒരാഴ്ചത്തെ കിടത്തിച്ചികിത്സകഴിഞ്ഞ് വീട്ടിലേക്കു മടക്കിയയക്കുമ്പോൾ ആന്റണിയോടു ഡോക്ടർ പറഞ്ഞു.

‘‘എനിക്കു കുടിച്ചാൽ മതി. ജീവിക്കണ്ട.’’

ആന്റണി, ഡോക്ടറുടെ മുഖത്തുനോക്കാതെ പറഞ്ഞു.

‘‘അപ്പോൾ പറഞ്ഞിട്ടുകാര്യമില്ല,’’ ഡോക്ടർ ചുമൽ വെട്ടിച്ചു, ‘‘പത്തേക്കറിലെ പാപ്പൻസാറിന്റെ മോനോടു തർക്കിക്കാൻ ഞാനില്ല. പക്ഷേ, ഒരുകാര്യം തീർത്തുപറയാം. ഇനി ഒരുതുള്ളി അകത്തുചെന്നാൽ നിങ്ങളുടെ കാര്യം പോക്കാ. എല്ലാരും കേൾക്കെയാ ഞാനീ പറേന്നേ...’’

പച്ചനിറം പൂശിയ ചുമരിലേക്കു നോക്കി ആന്റണി ഒരേ നിൽപ്പുനിന്നു. വീട്ടിൽ വന്നുകയറിയപാടേ അയാൾ ചെയ്തത്, അലമാരയിൽനിന്ന് പുതിയൊരു കുപ്പിയെടുത്തു പൊട്ടിക്കുകയായിരുന്നു. അയാളെറിഞ്ഞുകൊടുക്കുന്ന ഇറച്ചിത്തുണ്ടങ്ങൾക്കായി കാവൽനിൽക്കാറുള്ള നായ്ക്കൾ വാലാട്ടി ഓടിയെത്തി. വരാന്തയിൽ കാലുനീട്ടിയിരുന്ന്, ആന്റണി അവയെ താലോലിച്ചു. ഏതാനുംദിവസം കാണാതിരുന്നതിന്റെ ഖേദം, ആന്റണിയുടെ ഉടലിൽ നാവുരച്ച് പരിഹരിക്കാൻ അവ തിരക്കിട്ടു.

‘‘നശിക്കാൻ തന്നെ തീരുമാനിച്ചോ?’’

റബേക്ക വരാന്തയിലേക്കു കയറാതെ, മുറ്റത്തെ മാഞ്ചോട്ടിൽനിന്നു ചോദിച്ചു.

‘‘അതിനായിട്ടല്ലേടീ, നീ കാശുമുടക്കി എന്നും കുപ്പി വാങ്ങിപ്പിച്ചുതരുന്നേ... ഞാൻ ബോധം കെട്ടു കിടക്കുന്നതല്ലേ നിനക്കു കൂത്താടാൻ സൗകര്യം?’’

റബേക്ക മിണ്ടിയില്ല. രാത്രി അയാളുറങ്ങിയപ്പോൾ പെണ്ണമ്മയെയും പൗലോസിനെയും ജാനകിയെയും കൊണ്ട് അവൾ മുറിയിലെ കുപ്പികളെല്ലാം നീക്കി. അതറിഞ്ഞതോടെ ആന്റണി രാവിലെ വീണ്ടും അക്രമാസക്തനായി. അയാൾക്കു കൈയെത്താവുന്നിടത്തുള്ള സാധനങ്ങളൊക്കെ അതിനകം മാറ്റിയിരുന്നു. കൂട്ടിലിട്ട ചെന്നായയെപ്പോലെ അയാൾ മുറിക്കുള്ളിൽ അലറിനടന്നു. റബേക്കയെ കാതുപൊട്ടുന്ന തെറിവിളിച്ചു. ഭക്ഷണവുമായി ചെന്ന പെണ്ണമ്മയെ മുണ്ടുപൊക്കിക്കാണിച്ചു.

‘‘എനിക്കു വയ്യാ ആന്റണിക്കുഞ്ഞിന്റടുത്തോട്ടു പോവാൻ...’’

അടുക്കളത്തിണ്ണയിൽവന്നിരുന്ന് പെണ്ണമ്മ മൂക്കുപിഴിഞ്ഞു.

‘‘ഇനി നീ പോവണ്ട. വിശക്കുമ്പോൾ വഴിക്കുവന്നോളും,’’ റബേക്ക നിർദേശിച്ചു, ‘‘കേട്ടില്ലേ അയാളു പറഞ്ഞത്, ഞാനാണു നശിപ്പിക്കുന്നതെന്ന്.’’

‘‘അതു ബോധമില്ലാതെ പറഞ്ഞതല്ലേ കൊച്ചമ്മേ...’’

പെണ്ണമ്മ സമാധാനിപ്പിച്ചു.

‘‘ബോധത്തോടെയാണെങ്കിലും അല്ലെങ്കിലും മറ്റൊരാൾ കേട്ടാൽ എന്തു വിചാരിക്കും? വന്നുകയറിയ പെണ്ണല്ലേടീ ഞാൻ? സ്വത്തുമോഹിച്ച് അയാളെ കുടിപ്പിച്ചു കിടത്തീന്നല്ലേ മാലോകരു പറയൂ?’’

‘‘അറിയാവുന്നവരാരും അങ്ങനെ പറയത്തില്ല കൊച്ചമ്മേ,’’ ജാനകി പറഞ്ഞു, ‘‘അല്ലെങ്കി ഞങ്ങളോടു ചോദിക്കട്ടെ, പറഞ്ഞുകൊടുക്കാം ഇവിടുത്തെ പൂരങ്ങൾ.’’

‘‘അയാളു കുടിച്ചുചത്താ പോലീസാരിക്കും വന്നു ചോദിക്കുന്നേ... അപ്പോ പേടിക്കാതെ ഒള്ളതു പറഞ്ഞാൽ മതി. ഇല്ലെങ്കിൽ ഞാൻ പ്രതിക്കൂട്ടിലാവും.’’

‘‘ഞങ്ങക്കു പേടിയില്ല. കൊച്ചമ്മയെ ആരും പ്രതിക്കൂട്ടിലാക്കാൻ ഞങ്ങളു സമ്മതിക്കുകേമില്ല.’’

പെണ്ണമ്മയും ആണയിട്ടു. അവൾക്ക് രണ്ടു സാരിയും കൂടി കൊടുക്കണമെന്ന് റബേക്ക ഉറപ്പിച്ചു. രാത്രി, ആന്റണിയുടെ അലർച്ച പത്തേക്കറിന്റെ മുറ്റത്തെ വാഴക്കുടപ്പനിൽനിന്നു വാവലുകളെപ്പോലും പറത്തിവിട്ടു. ചുമരിൽ അയാൾ തലയിടിക്കുന്ന ശബ്ദം കിണറ്റിൽ തൊട്ടിയിടുമ്പോഴെന്നപോലെ മുഴങ്ങി.

‘‘കണ്ടുനിക്കാൻ വയ്യ കുഞ്ഞേ. ഒരു കുപ്പി പൊട്ടിച്ചു കൊടുക്കുന്നതാ നല്ലത്. ഇല്ലെങ്കിൽ രാത്രി ഉറങ്ങുകേല. മറ്റുള്ളോരേം ഉറക്കുകേല.’’

ആന്റണിക്കു കാവൽകിടക്കുന്ന പൗലോസ് പറഞ്ഞു. റബേക്ക ഒരു നിമിഷം ആലോചിച്ചു. പിന്നെ, മുറിയിൽനിന്ന് ഒരു മദ്യക്കുപ്പിയെടുത്ത് പൗലോസിനെ ഏൽപ്പിച്ചു.

‘‘കൊണ്ടുക്കൊടുക്ക്... കുടിച്ചുനശിക്കട്ടെ.’’

അർധരാത്രി കഴിഞ്ഞതോടെ പെരുമഴ കെട്ടഴിഞ്ഞുവീണു. മിന്നലിൽ മുടിയഴിച്ചാടുന്ന മരത്തലപ്പുകളെ ജനാലയിലൂടെ നോക്കി റബേക്ക കിടക്കയിലിരുന്നു. എപ്പോഴോ കണ്ണടച്ചപ്പോൾ പുറത്ത് പൗലോസിന്റെ നിലവിളി കേട്ടു. മഴയ്ക്കു നടുവിൽ നിവർത്തിപിടിച്ച വാഴയിലയ്ക്കുചോട്ടിൽനിന്ന് അയാൾ വിറയ്ക്കുകയായിരുന്നു.

‘‘കുലുക്കിവിളിച്ചിട്ടും കണ്ണുതുറക്കുന്നില്ല കുഞ്ഞേ... പോയീന്നാ തോന്നുന്നേ...’’

റബേക്ക സാവധാനം കുടനിവർത്തി മുറ്റത്തേക്കിറങ്ങുമ്പോൾ ലോകത്തെ നെടുകേ പിളർത്തുന്ന മട്ടിൽ ഒരിടിവെട്ടി. പൗലോസ് പേടിച്ചലറിയിട്ടും റബേക്ക അറിഞ്ഞതേയില്ല. കൊച്ചുവീടിന്റെ വരാന്തയിൽ, തീറ്റതൊടാതെ മുഖംതിരിച്ചുകിടക്കുന്ന ആന്റണിയുടെ നായ്ക്കളെ നോക്കി നീണ്ട കോട്ടുവായിടുന്നതിനിടയിൽ, തുറന്നിട്ട വാതിലിലൂടെ അവൾ കണ്ടു, കിടക്കയിൽ ചുരുണ്ടുകിടക്കുന്ന ആന്റണിയുടെ ഉടൽ. അയാളുടെ പാതി പിളർന്നകണ്ണുകളിൽ മിന്നൽ വെട്ടം തിളങ്ങി. പൗലോസ് കുരിശുവരച്ചു.

(തുടരും)

English Summary: Rabecca E- novel written by Rajeev Sivshankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA