ADVERTISEMENT

ഒളിഞ്ഞിരിക്കുന്ന നിധി

തിരികെ വണ്ടിയിലേക്കു നടക്കുമ്പോള്‍ ചക്കര പറഞ്ഞു.  

‘‘ഒന്നുംകൂടെ ആഞ്ഞുപിടിച്ചാ നാലായിരം തന്നെ കിട്ടിയേനെ’’

‘‘അയാള്‍ടെ കയ്യിലെങ്ങാനും ചെന്നുപെട്ടാലോ ചക്കരെ?’’

‘‘ആര് പെടണെ. ഇനി ഒരു കൊല്ലത്തേക്ക് ഈ വഴിക്ക് വരില്ല. ഡ്രൈവറായി വന്നാ നീയും കുടുങ്ങും. അയാള് കൈക്കൂലി മേടിച്ചും ബൈക്കുകാരെ പിടിച്ചും ഉണ്ടാക്കണ കാശാ. അതിങ്ങനെ തന്ന്യല്ലേ പോണ്ടത്.’’

 

‘‘എന്നാലും..... ആള്‍ടെ കയ്യില് കിട്ട്യാ...?’’

‘‘ഇങ്ങനെ പേടിച്ചാ, തോമേ കോംപ്ലിമെന്‍റ് കച്ചോടം നടക്കില്ല. നന്നായി തപ്പി ഓര്‍ഡറെടുത്തോ. ഇന്നു മുഴുവന്‍ ഒരു പേടീം കൂടാതെ ഈ ഏരിയായില് തന്നെ കളിക്കാം..​’’

അവര്‍ ചെല്ലുമ്പോള്‍ ഗുളികന്‍ തോമസ് ഒരെണ്ണം കൊടുത്തിരുന്നു. മൂവായിരത്തിന് തന്നെ. ഉച്ചക്ക് ഊണു കഴിക്കുന്നതിനു മുമ്പ് ചക്കര ഒന്നുകൂടി കൊടുത്തു. അതിനു പക്ഷേ വില കിട്ടിയില്ല. ആ വീട്ടുകാര്‍ക്ക് ആവശ്യം ടി.വി.യായിരുന്നു. വെറുതെയാണെങ്കിലും സ്കീമായിട്ടാണെങ്കിലും അവര്‍ക്ക് മിക്സി വേണ്ടാ. തലേന്നത്തെ ഡേറ്റിലേക്ക് മറിക്കണമെങ്കില്‍ അഡ്വാന്‍സ് നിര്‍ബന്ധമെന്ന് ചക്കര പറഞ്ഞു. തപ്പി പെറുക്കി അവര്‍ രണ്ടായിരം രൂപ കൊണ്ടുവന്നു. ഒരു ബലത്തിനായി മിക്സി അവിടെ വെച്ചു. പിറ്റേന്ന് ടിവി ഇറക്കുംനേരം മിക്സി തിരിച്ചെടുക്കാമെന്നും അതില്‍ മിക്സിയുടെ രണ്ടായിരത്തി അഞ്ഞൂറ്   കുറച്ചുകൊള്ളാമെന്നും പറഞ്ഞ്. 

 

ഗുളികന്‍ തോമസ് ചില വീടുകളില്‍ മിക്സി പോലും കൊടുക്കാതെ പലപല വളകളിലൂടെ ആയിരങ്ങളും അഞ്ഞൂറും വാങ്ങി നടന്നു. വൈകുന്നേരമാകുമ്പോഴേക്കും ഒന്‍പതു മിക്സികള്‍ ഇറങ്ങി. തോമുട്ടിക്ക് കാശെത്ര കിട്ടിയെന്ന് കണക്കുക്കൂട്ടി പിടിക്കാനായില്ല. വലിയ തുകകള്‍ ആയതുകൊണ്ട് കൂട്ടിവരുമ്പോള്‍ ഇടയ്ക്ക് വെച്ച് തെറ്റിപോകുന്നു. അതുകൊണ്ട് കൂട്ടല്‍ പരിപാടി നിര്‍ത്തി. ആ ലോഡ് ലോനുവും ഉണ്ടായിരുന്നു. പത്തുപന്ത്രണ്ടു വീടു കയറിയാലാണ് കിടയ്ക്കക്ക് ഒരു ഓര്‍ഡര്‍ കിട്ടിയിരുന്നത്. മിക്സിയും ഫാനും ആയപ്പോള്‍ അഞ്ചാറുവീടിന് ഒന്ന് എന്നായി. ടി.വി. ഐറ്റംസ് ആയപ്പോഴാകട്ടെ, രണ്ടുവീടിന് ഒന്ന് എന്ന കണക്കിന് ഓര്‍ഡര്‍ കിട്ടിക്കൊണ്ടിരുന്നു. ടിവിക്കൊപ്പം മിക്സി ഫ്രീയോ അല്ലെങ്കില്‍ മിക്സിയുടെ പണം കുറച്ചു കിട്ടുമെന്ന് കേട്ടപ്പോള്‍ വീട്ടമ്മമാര്‍ കഴുത്തിലും കയ്യിലും കിടക്കുന്നത് പണയം വെച്ചുപോലും രണ്ടായിരവും മൂവായിരവും കൊണ്ടുവന്നു കൊടുത്തു.

 

തീയില്‍ ചവിട്ടി പൊള്ളാത്തവന് നട്ടുച്ചക്ക് ടാര്‍ റോഡിലൂടെ നടന്നാല്‍ എന്തുസംഭവിക്കാനാണ് എന്നതുപോലെയായി കാര്യങ്ങള്‍. കോംപ്ലിമെന്‍റിന് അഞ്ചാറ് ലോഡ് പോയതോടെ   തോമുട്ടിയില്‍ വല്ലാത്തൊരു ധൈര്യം നിറഞ്ഞു. കോംപ്ലിക്ക് നടന്നു നടന്ന് ഉണ്ടായിരുന്ന ഭയമൊക്കെ പോയി താന്‍ അതിധൈര്യവാനായ ഒരു പുതിയ മനുഷ്യനായിത്തീര്‍ന്നു എന്നുതന്നെ സ്വയം ഒരഭിമാനം തോന്നി. സംഗതി എന്തൊക്കെ പറഞ്ഞാലും കോംപ്ലിമെന്‍റ് ശരീരം വെച്ചുള്ള കളിയാണെന്ന് തോമുട്ടി തിരിച്ചറിഞ്ഞു. ചില ലോഡുകളില്‍ ചക്കരയേയും ഗുളികന്‍ തോമസിനേയുമൊക്കെ എവിടെയോ വെച്ച് ആള്‍ക്കാര്‍ വളഞ്ഞെന്നും പോലീസില്‍ പിടിച്ചേല്പിച്ചുവെന്നും കയ്യിലുള്ള കാശു മുഴുവന്‍ സ്റ്റേഷനിലും മറ്റുമായി കൊടുത്തിട്ടാണ് ഊരിപോന്നതെന്നും തോമുട്ടി കേട്ടു. ഭാഗ്യത്തിന് ആ ലോഡുകളിലൊന്നും തോമുട്ടി പോയിരുന്നില്ല. അതിനു തൊട്ടു മുന്‍പത്തെ ലോഡില്‍ നല്ലൊരു തുക കയ്യില്‍ കിട്ടിയപ്പോള്‍, ഇനി കുറച്ചുനാള്‍ ഓട്ടോ ഓടിക്കാമെന്ന് തോമുട്ടിക്കു തോന്നി. അത് അന്തോണീസ് പുണ്യാളന്‍ തോന്നിപ്പിച്ചിട്ടാണെന്ന് തോമുട്ടി വിശ്വസിച്ചു. പിടിച്ച ലോഡുകളൊക്കെ എല്‍ദോ നഷ്ടം എഴുതിവെച്ചു. 

 

എത്ര കച്ചവടമുണ്ടായി കയ്യില്‍ കാശുവന്നാലും നഷ്ടംവരുത്തി വെച്ച കാശൊന്നും ചക്കരയും കൂട്ടരും കൊടുക്കില്ലെന്ന് ഉറപ്പായിരുന്നു. ഇതുപോലെ കോംപ്ലിമെന്‍റ് രണ്ട് ലോഡുംകൂടി പൊട്ടി കാശുപോയാല്‍ എല്‍ദോ പഴയതുപോലാകുമോ എന്ന് തോമുട്ടി ഭയന്നു. കച്ചവടക്കാര്‍ പുലിവാലില്‍ കുടുങ്ങി പിടിക്കപ്പെടുകയോ പോലീസില്‍ ഏല്പിക്കപ്പെടുകയോ ചെയ്താല്‍ ഇറക്കിക്കൊണ്ടുവരേണ്ട ബാധ്യത കമ്പനി മുതലാളിമാര്‍ക്കാണ്. മറ്റുമുതലാളിമാര്‍ പലപ്പോഴും തങ്ങളുടെ ടീമുകള്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചെന്നു ചാടിയാല്‍ കൈകഴുകുമെങ്കിലും എല്‍ദോ അങ്ങനെയായിരുന്നില്ല. എത്രകാശുവേണമെങ്കിലും ഇറക്കി തന്‍റെ ടീമുകാരെ പരമാവധി തല്ലുകൊള്ളിക്കാതെ ഇറക്കികൊണ്ടുവരുമായിരുന്നു. അപ്പോഴത്തെ നഷ്ടലാഭങ്ങളൊന്നും ചിന്തിക്കാറില്ല. 

 

ഇടയ്ക്കിടെ കോംപ്ലിമെന്‍റിന്‍റെ പിടുത്തങ്ങള്‍ ഉണ്ടാകുന്നതറിഞ്ഞപ്പോള്‍ തോമുട്ടിയുടെ ഉള്ളൊന്നു കാളി. കോംപ്ലിമെന്‍റിനു ഡ്രൈവറായി ചക്കരയും ഗുളികനുമെക്കെ വിളിച്ചപ്പോള്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഊരിപോന്നു. എന്നാല്‍ ഓട്ടോ ഓടിച്ച് കാലം കഴിക്കുന്നതുകൊണ്ട് അന്നന്നത്തെ ചെലവും അത്യാവശ്യം ഒരു പത്തിരുന്നൂറ് രൂപയുമുണ്ടാക്കാമെന്നല്ലാതെ മേലാക്കത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും തോമുട്ടിയറിഞ്ഞു. 

 

സാദാ കിടക്ക കച്ചവടത്തിന് പഴയതുപോലെ ഡ്രൈവറായി പോയാലും വലിയ കാര്യമില്ലെന്ന് തോന്നി. കോംപ്ലിക്ക് പോയി കാശുകിട്ടി ശീലമായി പിന്നെ കാശു കുറവു കിട്ടുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. കോംപ്ലിമെന്‍റു കൂടാതെ എങ്ങനെ ആ രീതിയില്‍ കാശുണ്ടാക്കാം എന്ന് ആലോചിച്ചു. ധൈര്യത്താല്‍ ചാര്‍ജ്ജുചെയ്യപ്പെട്ട തോമുട്ടിക്കു മുന്നില്‍ അവസാനം തെളിഞ്ഞുവന്ന വഴിയാണ് സ്വന്തമായി ലോഡുകൊണ്ടു പോകുക എന്നത്. മേട്ടയായാല്‍ അത്യാവശ്യം കമ്മീഷന്‍ കിട്ടും. സാധാരണ കച്ചവടക്കാരേക്കാള്‍ കൂടുതല്‍ കാശ് മേട്ടക്കു കിട്ടും. ആരേയും കണക്കു ബോധിപ്പിക്കേണ്ടതില്ല. കൂടെ വരുന്നവര്‍ക്ക് കച്ചവടം കഴിയുമ്പോള്‍ എന്തെങ്കിലും   മോശമല്ലാത്ത തുക, കച്ചവടം ഉണ്ടാകുകയാണെങ്കില്‍ കൊടുത്താല്‍ മതി. 

 

നഷ്ടം വന്നാലും മേട്ടതന്നെ വേണമല്ലോ റിസ്കെടുത്ത് കമ്പനിക്കാരോട് പറയാന്‍. അപ്പോള്‍ ലാഭത്തില്‍ നല്ലൊരു തുക മേട്ടക്കുതന്നെ. അതാണ് കച്ചവടത്തിലെ കീഴ് വഴക്കം. അത്യാവശ്യം കയ്യില്‍ കാശു വരണമെങ്കില്‍ മേട്ടയാകാതെ തരമില്ലെന്ന് തോമ തിരിച്ചറിഞ്ഞു.  

 

ആളും തരവും നോക്കി അത്യാവശ്യം രണ്ടു കോംപ്ലിമെന്‍റ് കൂടി കളിച്ചാ കാശുണ്ടാക്കാന്‍ പറ്റുന്ന സമയമാണിതെന്ന് തോന്നി. ഇനിയാര് എന്ന ചോദ്യം എപ്പോഴും തോമുട്ടിക്കു മുന്നില്‍ തൂങ്ങിക്കിടന്നിരുന്നു. ജയന്മാര്‍ അപ്പോഴേക്കും കച്ചവടമൊക്കെ നിര്‍ത്തി ഫുള്‍ടൈം വെള്ളമടിയായി കോളനിയില്‍ തന്നെ പലേടത്തായി കിടന്നു തുടങ്ങിയിരുന്നു. ഇടയ്ക്കും തലക്കും വല്ല വാര്‍ക്ക പണിക്കോ മറ്റോ പോകും. അവരെക്കൊണ്ടുള്ള ശല്യവും ഭീഷണിയും ഒഴിഞ്ഞുപോയെങ്കിലും അവര്‍മൂലം മനസ്സില്‍ കയറി കൂടിയ മേട്ടമോഹം തോമുട്ടിക്കുള്ളില്‍ എരിഞ്ഞു കിടന്നു. പോരാത്തതിന് കോംപ്ലിമെന്റിന്റെ ലാഭവും.  

 

ഉള്ളിലെരിയുന്ന കനലുമായി കച്ചവടത്തിനു പോയിക്കൊണ്ടിരുന്ന ഒരു നാളാണ് പൊടുന്നനെ തോമുട്ടിയിൽ സിദ്ദു ഒരു ബോധോദയം കണക്കെ ഉദിച്ചുയർന്നുവരുന്നത്‌. അപ്പോഴും സിദ്ദു പഴയപോലെ തന്നെ വിസയും കാത്ത് പണിക്കൊന്നും പോകാതെ കിടയ്ക്കാട്ടെ ഇരുളില്‍ മൂര്‍ഖന്മാര്‍ ഇഴയുന്ന നടവഴികളിലൂടെ രാപകല്‍ വ്യത്യാസമില്ലാതെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനുമുമ്പ് തോമുട്ടി   സിദ്ദുവിനെ ഉള്ളിലിട്ട് ഒന്നു വിലയിരുത്തി. ധൈര്യത്തിന്‍റെ കാര്യത്തില്‍ അവന്‍ കേമനാണ്. പഠിപ്പിൽ കിടയ്ക്കാട് അധികമാരുമില്ല അവനൊപ്പം നില്ക്കാൻ. തനിക്കില്ലാത്തതും അതു രണ്ടും തന്നെ. പഠിപ്പുള്ള ഒരുത്തൻ വരത്തനായലും തന്റെ അസ്സിസ്റ്റന്റാകുകയെന്നത് തനിക്കൊരു അന്തസ്സ് തന്നെ. പോരാത്തതിന് ഒരു സർക്കാരുദ്യോഗസ്ഥന്റെ മകനും.   അത്യാവശ്യം തറവാടിത്തവും ഉണ്ട്. പിന്നെ സംശയിക്കാനെന്ത്? ഇനി കാര്യങ്ങളെല്ലാം അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയേ വേണ്ടൂ. ഒരു ദിവസം ഉച്ചക്ക് ഒരു കുപ്പി അരയില്‍ തിരുകി രുധിരാഴി ഭാഗത്തേക്ക് നടന്നുനീങ്ങുന്ന സിദ്ദുവിനു പിറകെ തോമുട്ടി വെച്ചുപിടിച്ചു.

 

ഷാപ്പിലിരുന്നും ലോനുവിന്‍റെ കരിവീടിനടുത്തിരുന്നും ആള്‍ക്കാര്‍ക്കൊപ്പമിരുന്ന് കുടിച്ചിട്ടുണ്ടെങ്കിലും കമ്പനി എന്ന കണക്കില്‍ മനസ്സുതുറന്ന് സിദ്ദു സംസാരിച്ചിരുന്ന് കുടിക്കുന്നത് ആദ്യമായി തോമുട്ടിയുമൊന്നിച്ചായിരുന്നു. മദ്യത്തിന്‍റെ ഒരു പ്രത്യേകതയാണ്, അകത്തുചെന്നാല്‍ ഉള്ളിലെ കെട്ടുകളെല്ലാം ചടുന്നനെ അഴിഞ്ഞഴിഞ്ഞ് മനസ്സ് വിശാലമാകുന്നു. അപ്പോള്‍ മുന്നിൽ ആരാണിരുന്ന് കമ്പനി തരുന്നത്, അയാളാണ് ആ നിമിഷത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. എത്ര അപരിചിതനായിരുന്നാലും മദ്യം അകത്തുചെന്ന് പ്രവര്‍ത്തനനിരതമായാല്‍ അപരിചിതത്വം പോകുന്ന വഴിയറിയില്ല. ആ ബന്ധം എളുപ്പത്തിലൊന്നും അറ്റുപോകുകയില്ല. പിന്നെ എവിടെ വെച്ചു കണ്ടാലും ‘‘ഒന്നു നോക്ക്വല്ലേ...’’ എന്നും പറഞ്ഞ് കുപ്പി പൊട്ടിച്ച് തുടങ്ങുകയായി. കിടയ്ക്കാട് കിടക്ക കച്ചോടക്കാരും അല്ലാത്തവരുമായി തോമുട്ടി കൂട്ടുചേര്‍ന്നിട്ടുണ്ടോ എങ്കില്‍ അവരുമായി തുടര്‍ന്നുപോകുന്നത് അത്തരം ബന്ധങ്ങളാണ്. 

 

കുടിച്ചാല്‍ പിന്നെ ഇന്നതേ പറയൂ എന്നൊന്നുമില്ല. ധൈര്യം പെരുകുന്നതൊത്ത് മനസ്സും വലുതാകും. ഉള്ളിലുള്ളതെല്ലാം തുറന്നുവിടുകയായി. മുന്നിലിരിക്കുന്നത് ഏതുപൊന്നു തമ്പുരാനായാലും ഉള്ളില്‍ ഇരിക്കുന്ന മദ്യലഹരിക്ക് അതൊന്നും പ്രശ്നമാകാറില്ല.  

 

‘‘അല്ല, എന്താ നിന്‍റെ ഉദ്ദേശം, കുറെ നാളായി ചോദിക്കണംന്ന് വെച്ച് മനസ്സീ കൊണ്ട് നടക്ക്ണൂ’’

യാതൊരു പ്രകോപനവുമില്ലാതെ തോമുട്ടി അങ്ങനെ ചോദിച്ചപ്പോള്‍ സിദ്ദു ചെറുതായൊന്നു വിറളിപിടിക്കാതിരുന്നില്ല. എന്നിരുന്നാലും തന്‍റെ ഉദ്ദേശം തോമുട്ടിയുടെ ഉള്ളിലുണ്ടെങ്കില്‍   പുറത്തുവരട്ടെ എന്ന മട്ടില്‍ അവന്‍ മിണ്ടാതിരുന്നു.  

 

‘‘എന്നും ഇങ്ങനെ കിടയ്ക്കാട് നടന്നാ മത്യോ? ഈ ഡാമിന്‍റെ കരേല് അങ്ങും ഇങ്ങും തേരാപ്പാര നടന്ന്ട്ട് കാലം കഴിച്ചിട്ട് എന്താ കാര്യം?‘‘

 

‘‘അല്ലാതെ പിന്നെ ഞാനെന്തു ചെയ്യണംന്നാ താന്‍ പറേണെ..’’

 

‘‘സംഗതി ഇയ്ക്ക് നെന്‍റത്ര പഠിപ്പും വിവരോം ഒന്നൂംല്യ. ചെല സമേത്ത് മാത്രം പഠിക്കാത്തേല് ഇയ്ക്ക് വെഷമം തോന്നാറ്ണ്ട്. എന്നേക്കാള്‍ ഏറെ പഠിച്ച്ട്ട്ള്ള പലരും ഒരു ഗതീം ഇല്ല്യാണ്ടെ തേരാപ്പാര നടക്കണ കാണുമ്പോ പഠിപ്പിനോട് യ്ക്ക് പുച്ഛാ തോന്ന്വാ. ഇപ്പൊ നമ്മുടെ കാര്യം തന്നെ നോക്ക്. ഇയ്ക്കും നെനക്കും വല്യെ പ്രായവിത്യാസൊന്നുല്ല്യ. പഠിപ്പിന്‍റെ കാര്യം അവ്ടെ നിക്കട്ടെ. കാശിന്‍റെ കാര്യത്തിലോ. ഒരായിരം ഉറുപ്പിക ഒരുമിച്ച് എടുക്കാന്‍ പറഞ്ഞാ നെന്‍റേല്ണ്ടോ. നെന്‍റെ അച്ചന്‍റേം അമ്മടെ മുമ്പില് കൈ നീട്ടണ്ടെ. ന്‍റെ കാര്യത്തിലോ, ആയിരംല്ലാ, അയ്യായിരം പറഞ്ഞാലും ന്‍റേല് ണ്ടാവും...’’

 

സിദ്ദുവിന് പെരുവിരല്‍ തുടങ്ങി ഒരു തരിപ്പ് മുകളിലേക്ക് കുതിച്ചു. അവന് അങ്ങനെയൊന്നും എളുപ്പത്തില്‍ അടക്കി നിര്‍ത്താനായില്ല.  

 

‘‘നിന്‍റെ അയ്യായിരോം പതിനായിരോം കൊടുത്താ കിട്ടാത്ത ഒന്നുണ്ട്. എന്‍റെ പഠിപ്പും വിവരോം’’ തോമുട്ടിയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.  

 

‘‘അതോണ്ട് എന്താ കാര്യം. നിന്‍റെ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും അസുഖം വന്നാ ഡോക്ടറെ കാണിക്കാന്‍ സ്വന്തായി കാശ്ണ്ടോ നിന്‍റേല്. പഠിപ്പും പത്രാസുംണ്ട്ന്ന് പറഞ്ഞ് ചെന്നാ ആശുപത്രീന്ന് ചികിത്സ കിട്ട്വോ? അതിന് കയ്യില് പണം തന്നെ വേണം...’’

 

കുപ്പി അപ്പോഴേക്കും പകുതിയായിരുന്നു. അവന്‍ കൊണ്ടുവന്ന കുപ്പിയില്‍ നിന്ന് ഒരു പെഗ്ഗുകൂടി എടുക്കാന്‍ സിദ്ദുവിനു മടി തോന്നി. ഇറക്കിയത് കുപ്പിയിലേക്ക് തിരിച്ചൊഴിക്കാനും പറ്റില്ലല്ലോ.  

 

‘‘ഞാന്‍ പ്പൊ എന്ത് തെറ്റാ തന്നോട് ചെയ്തത്. താന്‍ കൊണ്ടുവന്ന കുപ്പീന്ന് ഇത്തിരി കുടിച്ചൂന്നോ. അതിന്‍റെ അവകാശത്തിലാ ന്‍റെ മേല് കേറണത്...’’

 

‘‘ഇതാ നിന്‍റെ കൊഴപ്പം. എന്തെങ്കിലും ഒരു കാര്യം പറയാംന്ന്ച്ചാ മനസ്സിലാവില്ലെങ്കിലോ. നിന്നെ വിഷമിപ്പിക്കാനോ കൊച്ചാക്കാനോ അല്ലെങ്കി കുപ്പി കൊണ്ട്ന്നോണ്ടോ അല്ല ഞാനിതൊക്കെ പറഞ്ഞത്. നിന്‍റെ ഗുണത്തിന് വേണ്ടീട്ടാ. എന്നും ങ്ങനെ നടന്നാ മത്യോ. കാശ്ണ്ടാക്കണ്ടെ. ഈ പ്രായത്തിലല്ലാണ്ടെ എന്നാ പത്ത് കാശ് ണ്ടാക്ക്വാ. ആ കാര്യത്തിലേക്ക് ഒരുവഴിമരുന്നിട്ട് വര്വായിരുന്നു ഞാന്‍. അപ്പളക്കും ഇങ്ങനെ കെടന്ന് ചൂടായാല്ലോ..’’

 

സിദ്ദു സാവകാശം തണുത്തു. തോമാക്ക് എന്തോ പറയാനുണ്ട്. അത് കഴിഞ്ഞിട്ടാകാം വേണോ വേണ്ടയോ എന്നാലോചിക്കാന്‍.  

‘‘നീയ്യീ കാലത്ത് മുതല് രാത്രിയാവണ വരെ നടന്ന് കണ്ടതൊന്നുമല്ല കെടയ്ക്കാട്. അതിനപ്പുറത്ത് വേറൊരു കെടയ്ക്കാട്ണ്ട്. നിധി ഒളിപ്പിച്ചിരിക്കണ കെടയ്ക്കാട്. നിധി തേടി എറങ്ങാനുംള്ള മനസ്സ്ണ്ടായാ മതി. കൈനിറയെ കാശുകിട്ടാന്‍...’’

സിദ്ദു ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടു. രണ്ടുരണ്ടവര്‍ഷത്തോളം കിടയ്ക്കാട്ടിലെ ഓരോ പുല്‍ക്കൊടിയും മണല്‍ത്തരിയും നോക്കി നടന്നിട്ടും താന്‍ കാണാത്ത, അറിയാത്ത ഒരു നിധി ഒളിച്ചിരിപ്പുണ്ടെന്നോ?

 

‘‘എന്തു നിധി. ഞാന്‍ കാണാത്ത നിധ്യോ, ഈ കെടയ്ക്കാട്ടില്...’’

‘‘ഉണ്ട്ന്നേയ്. ഒന്ന് ചീട്ടുകളി. മറ്റൊന്ന് കിടക്ക കച്ചോടം. ചീട്ടുകളി ഇയ്ക്ക് താല്പര്യംല്ല്യാ. അതിലെ നെറേ കള്ളക്കളികളുണ്ടാവും. പിന്നതിന്‍റെ കണക്കും ഗുട്ടന്‍സൊന്നും ഇയ്ക്ക് പിടുത്തംല്ല്യാ. പിന്നേള്ളത് കിടയ്ക്ക കച്ചോടാ. സ്ഥിരായി പൂവ്വാംന്ന്ച്ചാ അത്രേം വരുമാനംള്ള ഒരു പണി ഈ കിടയ്ക്കാട് വേറെ ഇല്ല.’’

 

സിദ്ദു കുറച്ചുനേരം ആലോചിച്ചിരുന്നു. കിടയ്ക്കാട് നടക്കുംനേരം ഇഷ്ടംപോലെ വണ്ടികള്‍ ലോഡ് കയറ്റി പോകുന്നത് കണ്ടിട്ടുണ്ട്. പലപ്പോഴും ഓട്ടോറിക്ഷയ്ക്കു മുകളില്‍ നാലും അഞ്ചും കിടക്കകള്‍ കൂട്ടിക്കെട്ടി പോകുന്നവരുണ്ട്. പക്ഷേ അന്നൊന്നും അങ്ങനെ ഒന്നിന്‍റെ സാധ്യതയെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. ഇപ്പോള്‍ തോമുട്ടി പറഞ്ഞപ്പോള്‍ തോന്നുന്നു സത്യത്തില്‍ കിടയ്ക്കാടിന്‍റെ ഹൃദയം എന്നു പറയുന്നത് കിടയ്ക്ക കച്ചവടമാണെന്ന്. ഹൃദയമറിയാതെ ഈ കിടയ്ക്കാടിനെ എങ്ങനെ മനസ്സിലാക്കാന്‍? തോമുട്ടി തുടരുകയാണ്.  

 

‘‘നീയൊരു കാര്യം ചെയ്യ്. ന്‍റെ കൂടെ അങ്ങ്ട് കച്ചോടത്തിന് പോന്നോ. ഇയ്ക്ക് കൊറവ് എഴുത്തും വായനയുമാ. നിനക്കാണെങ്കി അത് ണ്ടേന്നും. നിനക്കറിയാത്ത കച്ചവട തന്ത്രങ്ങള് ഇയ്ക്കറിയാം. രണ്ടുംകൂടി ചേര്‍ന്നാ നമ്മ്ള് രക്ഷപ്പെട്ടു. നഷ്ടായാലും ലാഭായാലും തുല്യഷെയറില് കാര്യങ്ങള് ചെയ്യാം. എന്താ പോര്ണ്ട്വോ?‘‘

 

‘‘ഞാന്‍ പറയാം. ഒന്ന് ആലോചിക്കട്ടെ..’’

‘‘ആലോചിച്ചാലോചിച്ച് മൂക്കില് പല്ലുമുളക്കുമ്പോ തീരുമാനം എട്ത്തിട്ട് കാര്യംല്ല.’’

 

കിടയ്ക്ക കച്ചവടത്തിനു പോകുക എന്നുപറഞ്ഞാല്‍ തന്നെ സിദ്ദുവിന് ആലോചിക്കാനും തീരുമാനിക്കാനും ഏറെയുണ്ട്. വീട്ടില്‍ അറിഞ്ഞിട്ട് എല്ലാവരുടേയും ഇഷ്ടവും സമ്മതവും വാങ്ങി കച്ചവടത്തിന് പോകാനൊക്കില്ല. അമ്മയേയും മുത്തച്ഛനേയും എങ്ങനേയും സമ്മതിപ്പിക്കാം. കയ്യില്‍ കാശില്ലാതെ, ചെയ്യാന്‍ ഒരു തൊഴിലില്ലാതെ എത്രനാള്‍ താനിങ്ങനെ അലഞ്ഞുതിരിയുമെന്ന് ചോദിച്ചാല്‍ അമ്മ മിണ്ടാതിരുന്നുകൊള്ളും. മുത്തശ്ശന് രണ്ടുകുപ്പി നാടനോ വിദേശിയോ തപ്പി പിടിച്ചുകൊണ്ടുകൊടുത്താല്‍ മതി. മിലിട്ടറിയില്‍ നിന്നും കിട്ടുന്ന മദ്യത്തേക്കാള്‍ കിടയ്ക്കാട്ടില്‍ നിന്നും കിട്ടുന്ന മദ്യത്തോടാണ് മൂപ്പര്‍ക്കിപ്പോള്‍ താല്പര്യം. 

പക്ഷേ ഈവക തരികിടകളൊന്നും അച്ഛന്‍റടുത്ത് നടക്കില്ല. തന്‍റെ സര്‍വ്വീസ് ജീവിതത്തില്‍ ഒട്ടേറെ സ്ഥലങ്ങള്‍ കറങ്ങിയിട്ടുണ്ടെങ്കിലും ഇമ്മാതിരി കുരുത്തംകെട്ട ഒരിടത്ത് വന്നിട്ടില്ലെന്നാണ് അച്ഛന്‍റെ വിലയിരുത്തല്‍. ഇരുപത്തിനാലു മണിക്കൂറും മൂക്കുമുട്ടെ കുടിച്ച്, കച്ചോടവും തരികിടയുമായി നടക്കുന്ന ഒരു കൂട്ടം ജന്തുക്കള്‍. അല്ലാതെ മറ്റെന്താണ് ഈ നാട്ടിലുള്ളത് എന്നാണ് അച്ഛന്‍റെ ചോദ്യം. 

 

ആലോചിച്ചാല്‍ അതും ശരിതന്നെ. വേറൊരു വീക്ഷണത്തില്‍ നിന്നു നോക്കിയാലല്ലാതെ കിടയ്ക്കാടിന്‍റെ പ്രത്യേകത ആര്‍ക്കും കാണാനാകില്ല. അച്ഛന്‍ എപ്പോഴും സത്യസന്ധനും മറയില്ലാതെ തുറന്നു പിടിക്കുന്നവനുമാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് കിടയ്ക്കാടിന്‍റെ വിശേഷതകള്‍ കാണാനുള്ള ഒരു ചെരിഞ്ഞ പ്രതലം കിട്ടുക എളുപ്പമല്ല. തട്ടിപ്പും തരികിടയുമില്ലാതെ, കിടയ്ക്ക കച്ചവടത്തിനു പോകുന്നവരുടെ ഈ നാട്ടില്‍ എന്താണുള്ളതെന്ന് പലപ്പോഴും അച്ഛന്‍ അമ്മയോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഏറെനാള്‍ ഈ നാട്ടില്‍ നില്ക്കേണ്ടി വന്നാല്‍ ആറ്റുനോറ്റു വളര്‍ത്തിയുണ്ടാക്കി തന്‍കാര്യം നോക്കാന്‍ പോന്ന മകന്‍ വഴി തെറ്റി മേഞ്ഞുപോകുമോ എന്നും അച്ഛന്‍ ആശങ്കപ്പെടുന്നു. ദുബായിലേക്കുള്ള വിസ വരുന്നതുവരെയേ മകന് അലഞ്ഞുതിരിയാൻ കഴിയൂ എന്നതിലാണ് ആശ്വസിക്കുന്നത്. ആ വിസ വരുന്നതുവരെ എന്തു സഹിച്ചിട്ടാണെങ്കിലും മറ്റൊരു പണിക്ക് പോയില്ലെങ്കിലും മകനെ നോക്കാന്‍ അച്ഛന്‍ തയ്യാറുമാണ്. 

 

പി.എഫില്‍ നിന്നും കുറി വിളിച്ചതില്‍ നിന്നും കിട്ടിയ അമ്പതിനായിരം അടച്ചാണ് അച്ഛന്‍ വിസക്കുള്ള രൂപ കെട്ടിയിരിക്കുന്നത്. കാത്തിരിക്കുന്ന വിസ വരാന്‍ വൈകുന്നതില്‍ അല്പമൊരസ്വസ്ഥയുണ്ടെങ്കിലും പുറമേക്കത് കാണിക്കുന്നില്ല എന്നുമാത്രം. അങ്ങനെയുള്ള ഒരു മകനോടാണ്, തോമുട്ടിയെപ്പോലെ കിടയ്ക്കാട് ജനിച്ചുവളര്‍ന്ന ഒരു കച്ചവടക്കാരന്‍ കച്ചവടത്തിനു പോരാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും ആലോചിക്കാന്‍ പോലും പറ്റാത്ത ആ കാര്യത്തോട് സിദ്ദു പക്ഷേ പറഞ്ഞതിങ്ങനെയാണ്.  

 

‘‘രണ്ടൂസത്തിനുള്ളില് പറയാം..’’ 

 

കുപ്പി തീര്‍ന്നപ്പോള്‍ രണ്ടുപേരും എഴുന്നേറ്റു. രുധിരാഴിയില്‍ നിന്ന് വീശിയ തണുത്ത ചോരയുടെ മണമുണ്ടായിരുന്ന കാറ്റ് തന്‍റെ മുഖത്തൂടെ ഉരസിപോയത് സിദ്ദു അറിഞ്ഞു. സിദ്ദുവിനെ കാത്തുനിന്ന് സമയം കളയുന്നതിൽ കാര്യമില്ലെന്നറിഞ്ഞ തോമുട്ടി ബില്ലെഴുത്തുകാരനായുള്ള തപ്പൽ നിർത്തിയില്ല. അങ്ങനെയിരിക്കെ ഏറും മോന്തയും ഒത്തുചേര്‍ന്നതുപോലെയാണ് ലോനുവിന്റെ കാര്യം അറിഞ്ഞത്.  

 

കോംപ്ലിമെന്‍റും പിടുത്തവുമൊക്കെയായി ചക്കരയുടെ കൂടെ കച്ചവടത്തിനു പോകുമ്പോള്‍ ആമ്പലും വെള്ളവും ഒപ്പം എന്നതുപോലെയാണ് കാര്യങ്ങള്‍. കിട്ടുന്ന ട്രിപ്പില്‍ നല്ലൊരു തുക കിട്ടും. ഇല്ലെങ്കിലോ, നാട്ടുകാരുടെ ഓടിക്കലും പിടിക്കലും പോലീസ് സ്റ്റേഷനില്‍ ഏല്പിക്കലും. ഇടയ്ക്ക് ചിലപ്പോള്‍ രണ്ടെണ്ണം കിട്ടുകയും ചെയ്യും. കോംപ്ലിമെന്‍റിനു പോയാല്‍ കാര്യങ്ങളൊട്ടു നടക്കുകയുമില്ല തടിയൊട്ടു കേടാവുകയും ചെയ്യും എന്ന രീതിയിലായി കാര്യങ്ങള്‍. കച്ചവടത്തിന് ഇറങ്ങിയാലോ, എവിടെ നിന്നാണ് പിസറു വരുന്നത് എന്നാലോചിച്ചു പേടിച്ചു വിറച്ചു നടക്കണം. അങ്ങനെ ഒരു ദിനം ചക്കരയോട് കാര്യങ്ങള്‍ പറഞ്ഞ് ലോനു വണ്ടിയില്‍ നിന്നിറങ്ങി. അതേ ദിവസം തന്നെയാണ് ലോനുവിനെ അന്വേഷിച്ച് തോമുട്ടി എത്തിയതും.  

 

തോമുട്ടി ചെല്ലുന്ന നേരത്ത് ലോനു വളരെ കാലമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു കാര്യത്തിന് തീരുമാനം കണ്ടെത്തിയ മട്ടില്‍ കൊലരും കല്പാണിയും എടുത്ത് പൊടി തട്ടിക്കുടഞ്ഞ് കഴുകി വൃത്തിയാക്കി പണിക്കിറങ്ങാനുള്ള ഭാവത്തിലായിരുന്നു. മേലനങ്ങിയുള്ള പണിയാണെങ്കിലും അന്തിക്ക് വീട്ടില്‍ വന്ന് സമാധാനമായി കിടന്നുറങ്ങാമല്ലോ എന്നേ ലോനു കരുതിയുള്ളൂ. പക്ഷേ അവിചാരിതമായി കടന്നുവന്ന തോമുട്ടി ലോനുവിനെ എല്ലാം ത്യജിച്ച് തേപ്പുപണിയിലേക്ക് തിരിച്ചുപോകാന്‍ വിടുമായിരുന്നില്ല.

 

‘‘ലോനുവേ, ഞാന്‍ പറയുന്നത് കിടക്കയും മിക്സിയും കുക്കറും കച്ചോടം ചെയ്യുന്ന കാര്യാണ്. കോംപ്ലിമെന്‍റ് ന്നൊരു വാക്കുതന്നെ നമ്മള് മിണ്ടില്ല. പോരെ? ’’ 

 

‘‘വേണ്ട തോമുട്ടി, ഞാന്‍ തീരുമാനിച്ചു. ഇനീം കച്ചോടത്തിന് വന്നാ ശരിയാവില്ല. കാര്യങ്ങള് നടക്കില്ല....’’

 

‘‘എന്തോണ്ടാ നടക്കാത്തത്. കോംപ്ലിമെന്‍റ് കളിച്ച് നടന്നിട്ടല്ലേ. ഇപ്പളും ഈ കെടയ്ക്കാട്ന്ന് ഇഷ്ടംപോലെ ആള്‍ക്കാര്‍ കച്ചോടത്തിന് പോണ്​ണ്ട്‌. മിക്സിം ഫാനും കിടയ്ക്കേം വിറ്റന്നെ അവര്‍ക്ക് കാശും കിട്ട്‌​ണ്​ണ്ട്. ചക്കരടെ കളി നമുക്കു പറ്റ്വോ. അവന് കിട്ട്യാലും പോയാലും ഒരു ചുക്കുംല്ല്യാ.... നമുക്ക് അത്യാവശ്യങ്ങളുണ്ട്. ഞാന്‍ കച്ചോടത്തിന് വിളിച്ചപ്പോ അന്നേ നീ എന്റെ കൂടെ വരേണ്ടതാര്‍ന്നൂ. എന്ന ഇന്നിപ്പൊ കാശെത്ര ആയിട്ട്ണ്ടാവും...’’

 

‘‘ഞാനില്ല തോമുട്ടി, നീ വേറെ ആരെയെങ്കിലും നോക്ക്..’’

‘‘എത്ര കാലായി ഞാന്‍ നിന്നോട് പറേണൂ. സത്യം പറയാല്ലോ. ഇയ്ക്ക് എഴുതാന്‍ പറ്റാത്ത കാരണല്ലേ. ഒരു ലോഡ്, ഒരു ലോഡ് മാത്രം നീയെന്‍റെ കൂടെ വാ. ഈ ലോഡും കാര്യംല്ല്യാന്ന്ച്ചാ പിന്നെ ഞാന് നിന്നെ വിളിക്കാനേ വരില്ല. ഒരൊറ്റത്തവണ മാത്രം...’’

 

അതില്‍ കൂടുതല്‍ ഒരാളെക്കൊണ്ട് നിര്‍ബന്ധിപ്പിക്കാനാവില്ലെന്ന് ലോനുവിന് തോന്നി. കാലം കുറെയായി തോമുട്ടി പറയുന്നതല്ലേ. ഒരു പരീക്ഷണം കൂടി ആവാമെന്ന് ലോനു തീരുമാനിച്ചു. ലോഡ് കയറ്റും നേരം താന്‍ കമ്പനിക്കടുത്ത് ഉണ്ടാവുമെന്ന് ലോനു തോമുട്ടിക്കുറപ്പുകൊടുത്തു.

 

ഇനിവേണ്ടത് രണ്ട് കച്ചവടക്കാരാണ്. കച്ചവടക്കാരെന്നു പറഞ്ഞാല്‍ ഓര്‍ഡര്‍ മേന്‍സ്. ഒരിക്കലും തന്നേക്കാള്‍ ഏറിയ പിള്ളേര്‍ ആയിരിക്കരുതെന്ന് തോമുട്ടിക്ക് നിര്‍ബന്ധമായിരുന്നു. പഠിപ്പില്ലാത്തവരാണെങ്കില്‍ വളരെ നല്ലത്. അങ്ങനെ കിടയ്ക്കാട്ടെ, ഏറാത്ത, എഴുത്തും വായനയുമറിയാത്ത കച്ചവടക്കാര്‍ മാത്രം മുന്നിലൂടെ കടന്നുപോകാന്‍ തുടങ്ങി.

ആദ്യം വന്നു നിന്ന ചിത്രം കുഞ്ഞാലിയുടേതാണ്. പതിനെട്ടു കഴിഞ്ഞ കുഞ്ഞാലിയെ കണ്ടാല്‍ ഒരു പയ്യനെന്നേ തോന്നുകയുള്ളൂ. ഒട്ടകപക്ഷി നടക്കുന്നതുപോലെയാണ് നടത്തം. മുന്നോട്ട് ആഞ്ഞ് നടക്കുന്നതു കണ്ടാല്‍ നടുവിനിട്ട് ആരോ ഒരു കൊട്ടു കൊടുത്തതാണെന്നു തോന്നും. എപ്പോഴും പാന്‍പരാഗോ ഹാന്‍സോ വായിലുണ്ടാകും. രണ്ടു പേക്കറ്റ് പോക്കറ്റിലും സ്റ്റോക്കുണ്ടാകും. നീട്ടിപ്പിടിച്ചേ വര്‍ത്തമാനം പറയൂ. പറയുന്ന ചെറിയ കാര്യങ്ങള്‍ പോലും ലോകാത്ഭുതം കണ്ട അതിശയ ഭാവത്തിലാണ് പറയുക. പത്തുപറഞ്ഞാല്‍ ഒന്നേ ഉണ്ടാകൂ. പിന്നെയുള്ള ഒരു മെച്ചം പച്ചവെള്ളം കൊടുത്തില്ലെങ്കിലും പാഞ്ഞലഞ്ഞ് നടന്നുകൊള്ളും. ചോറിന് ഇത്തിരി സാമ്പാറുണ്ടായാല്‍ മതി. നിര്‍ബന്ധിച്ചാല്‍ മാത്രം സ്പെഷ്യല്‍ കഴിക്കും. കാശിന് ഇന്നേവരെ ആരോടും കണക്കുപറഞ്ഞിട്ടില്ല.   അഞ്ചുദിനം കച്ചവടം കഴിഞ്ഞുവന്നാലും നൂറ് രൂപ കൊടുത്താല്‍ ഹാപ്പി. അടുത്ത ലോഡും കച്ചവടത്തിന് കൊണ്ടുപോകണമെന്നേയുള്ളൂ. 

 

വീട്ടില്‍ പ്രത്യേകിച്ച് യാതൊരു പ്രാരാബ്ധവുമില്ല. ഉപ്പയും ചേട്ടന്മാരുമൊക്കെ ഗള്‍ഫില്‍. വിസ ശരിയായാല്‍ കുഞ്ഞാലിയും പറക്കും. അതുവരെ വെറുതെയിരുന്ന് സ്വഭാവം വെടക്കാക്കണ്ടല്ലോ എന്നു കരുതി കുഞ്ഞാലിയെ ഉമ്മ കച്ചവടത്തിനു വിടുന്നു. അപ്പുറത്തും ഇപ്പുറത്തുമുള്ള വീട്ടിലെല്ലാം തുടുത്ത മൊഞ്ചത്തികളാണ്. ചെക്കനാണെങ്കി തൊട്ട ഇറ്റണ പ്രകൃതവും. ആദ്യമൊക്കെ ഉമ്മ ആടിനെ മേക്കാന്‍ മോനെ പറഞ്ഞയക്കുമായിരുന്നു. ഏതോ ഒരു പ്രകൃതിവിരുദ്ധ ബ്ലൂഫിലിം കണ്ട് കുഞ്ഞാലി ആടിനെ പരീക്ഷിക്കുന്നത് കണ്ട ഉമ്മക്ക് സംഗതി പിടികിട്ടിയില്ല. മൃതപ്രായമായി കിടക്കുന്ന ആടിനെ കണ്ടപ്പോഴാണ് കാര്യം തിരിഞ്ഞത്. കിട്ടിയതെടുത്ത് ഉമ്മ മോനെ തല്ലി. കൊറ്റനാടിനെ പോലെ പുളച്ചു നടക്കുന്ന മകനെ എങ്ങനെ വീട്ടില്‍ അടക്കി കിടത്തുമെന്ന് ആലോചിച്ച് ഉമ്മക്ക് ഉറക്കമില്ലാതായി. 

 

 അങ്ങനെയാണ് ഉമ്മ കുഞ്ഞാലിയെ എന്തെങ്കിലും ചെയ്ത് നേരെയാക്കാന്‍ പറഞ്ഞ് ഒരു ദിവസം തോമുട്ടിയെ ഏല്പിക്കുന്നത്. അവനെ കിടക്ക കച്ചവടത്തിനു കൊണ്ടുപോയാല്‍ ശരിയാവില്ലെന്ന് തോമുട്ടിക്ക് തോന്നി. കിടക്ക കച്ചവടത്തില്‍ അല്ലറ ചില്ലറ നഷ്ടങ്ങളും പിസറുകളും വരുമ്പോള്‍ കുറച്ചു നാൾ ഒന്ന് മാറി നിൽക്കാനായി ഓട്ടോയില്‍ ഷോര്‍ട്ട് പോകുമ്പോള്‍ നാളികേരം പൊതിക്കുന്ന പത്തു പാരയെടുത്ത് വണ്ടിയിലിടും. ഒപ്പം കുഞ്ഞാലിയേയും. കുഞ്ഞാലിയുടെ മെയിന്‍ പണി പാര വില്ക്കലാണ്. 

 

ഇരു തോളിലും ഓരോ പാരയും ഏറ്റി കുഞ്ഞാലി നടക്കും. പച്ചവെള്ളം കുടിക്കാതെ സന്ധ്യവരെ നടന്നോളും. ഇടയ്ക്കും തലയ്ക്കും വല്ല കിടക്കയുടെ ഓര്‍ഡറും എടുത്തുകൊണ്ടുവരും. എന്തൊക്കെ പറഞ്ഞാലും കുഞ്ഞാലിയുടെ കൊഞ്ഞപ്പുള്ള സംസാരം കേള്‍ക്കാന്‍ പെണ്ണുങ്ങള്‍ കൂടി നില്ക്കുന്നത് തോമുട്ടി കണ്ടിട്ടുണ്ട്. വൈകുന്നേരമാകുമ്പോഴേക്കും എങ്ങനെയെങ്കിലുമൊക്കെ പത്തുപാരയും കുഞ്ഞാലി വിറ്റിട്ടുണ്ടാകും. ഓട്ടോറിക്ഷ വാടക അതില്‍ നിന്നുതന്നെ കിട്ടും. കിടയ്ക്ക ഒന്നും വില്ക്കാതെ നഷ്ടമെന്ന് പറഞ്ഞ് മേട്ടയും കച്ചവടക്കാരും കൈമലര്‍ത്തിയാലും തന്‍റെ ഓട്ടോ ചാര്‍ജ്ജും പെട്രോള്‍ കാശും തോമുട്ടി കുഞ്ഞാലിയെ വെച്ച് മുട്ടിച്ചിരിക്കും. കച്ചവടക്കാര്‍ മൂടുംതട്ടി പോകുമ്പോള്‍ പത്തുരൂപയെടുത്ത്   തോമുട്ടി കുഞ്ഞാലിക്കു കൊടുക്കും. ‘‘പാന്‍ പരാഗ് തിന്ന് വായില്‍ കാന്‍സര്‍ വളര്‍ത്തിക്കോ’’ എന്നു പറഞ്ഞ്. കുഞ്ഞാലിക്ക് അതും ധാരാളമാണ്.

 

കുഞ്ഞാലിയുള്ളത് ഒരു നേരംപോക്കുമാണ്. കച്ചോടത്തിന് ഓര്‍ഡറിനായി നടക്കുന്ന സമയത്ത് തോമുട്ടി കുഞ്ഞാലിയുടെ കൗമാരക്കാലകേളികളിൽ ചികയും. ഉമ്മാന്‍റെ കണ്ണുവെട്ടിച്ച് കുഞ്ഞാലി വേലിയും മതിലെല്ലാം ചാടിക്കടന്ന് അപ്പുറത്തെ   സതിയുടെ വീട്ടില്‍ ചെന്ന് പണി പറ്റിച്ചിരുന്നു. കുഞ്ഞാലിയുടെ തൊള്ളയും അരക്കെട്ടും ഇപ്പോഴും സതിയെക്കുറിച്ച് പറയുമ്പോള്‍ നിറഞ്ഞു കവിയും. ശ്വാസം മുട്ടിയിട്ട് കുറച്ചുനേരം തുറന്നുപിടിച്ച വായ അങ്ങനെ തന്നെ നില്ക്കും. പലപ്പോഴും കിടയ്ക്കാട്ടെ കവലയിലൂടെ സതി നടന്നു പോകുന്നത് തോമുട്ടി കണ്ടിട്ടുണ്ട്. 

 

തോമുട്ടിക്ക് സതിയുടെ കൂടെ കിടക്കുന്നത് സങ്കല്പിച്ചാല്‍ വിറ കയറും. ആ പരിസരത്തെ കല്ലന്മാരെ കുറിച്ചാലോചിച്ചപ്പോള്‍ വിറയലെല്ലാം താനെ നില്ക്കും. അന്നൊന്നും നടക്കാതെ പോയത് തോമുട്ടി കുഞ്ഞാലിയില്‍ നിന്നും പൊടിപോലും വിടാതെ കേട്ടുകൊണ്ടിരുന്നു. സതി തന്‍റെ കാശു പിടുങ്ങാനാണ് ഈ സ്നേഹം കാണിക്കുന്നത് എന്നെല്ലാം കുഞ്ഞാലിക്കറിയാമായിരുന്നു. എന്നാലും മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തില്‍ സതിയെ കണ്ടാല്‍ കയ്യിലുള്ളതും പോരാഞ്ഞ് ഉമ്മാന്‍റെ പണപ്പെട്ടി മുഴുവനും കൊണ്ടോയി കമഴ്ത്താന്‍ തോന്നും.

 

‘‘ന്‍റെ തോമുട്ട്യേ, സംഗതി വിചാരിച്ചങ്ക്ട് ശര്യാവുമ്പോഴേക്കും കാര്യം കൈവിട്ട് പോയിട്ടുണ്ടാവും. ഒരൊറ്റ ഇറുക്കലാ... അതില് തീരും. ഒരിക്കെങ്കിലും അതൊക്കെ ഒന്നനുഭവിച്ചില്ലെങ്കി എന്തിനാ  ഇങ്ങനെ നടക്കണെ...’’

 

ജീവിതത്തില്‍, ഒരേയൊരിക്കല്‍, ആ സമയത്ത് മാത്രം തോമുട്ടിക്ക് കുഞ്ഞാലിയോട് അസൂയ തോന്നും. തന്നേക്കാള്‍ മേലെ ഞെളിഞ്ഞു നില്ക്കുന്ന കുഞ്ഞാലിക്ക് ഒരു കൊട്ടു കൊടുത്തേ തോമുട്ടി അത് അവസാനിപ്പിക്കാറുള്ളൂ.  എന്നാലും എപ്പോഴും തോമുട്ടി ശ്രദ്ധിച്ചിരുന്നു; ഇന്നേവരെ കുഞ്ഞാലി ഓര്‍ഡറെടുക്കാനോ മറ്റോ എവിടെയെങ്കിലും കയറിയിട്ട് അനാവശ്യമായി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. കച്ചവടത്തിനു പോരുന്ന ആദ്യദിനം തന്നെ തോമുട്ടി കുഞ്ഞാലിക്ക് താക്കീത് കൊടുത്തിരുന്നു.  

 

‘‘നല്ല ശീലാന്ന്ച്ചാ മാത്രം വന്നാ മതി. അല്ലെങ്കി തണ്ടല് ഞാന്‍ തല്ലി ഒടിക്കും...’’ഇടയ്ക്കെങ്ങാനും കുഞ്ഞാലി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് തോന്നിയാല്‍ കയ്യോങ്ങി തോമുട്ടി പറയും:

 

‘‘അന്‍റുമ്മല്ല ഞാന്. എന്റെന്ന് ഒന്ന് കിട്ട്യാ പിന്നെ എണീറ്റ് നടക്കില്ല.’’ ആ ഒരു ശാസനയില്‍ ഒതുങ്ങിക്കൂടി നില്ക്കുന്നതേയുള്ളൂ, കുഞ്ഞാലി. കാശിനോടും ഭക്ഷണത്തോടും ആര്‍ത്തിയേതുമില്ലാത്ത, കച്ചവടമില്ലെങ്കില്‍ പച്ചവെള്ളം കുടിച്ച് അഡ്ജസ്റ്റുചെയ്യാനും പോരുന്ന കുഞ്ഞാലി തന്നെ ഒരോർഡർ മേൻ.  

 

(തുടരും...)

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com