‘കെട്ടിക്കേറിവന്നവൾക്കല്ല പത്തേക്കറിലെ അധികാരം’ റബേക്ക കേൾക്കെ പോത്തൻ ജോഷ്വ അലറി

HIGHLIGHTS
  • രാജീവ് ശിവശങ്കർ എഴുതുന്ന നോവൽ
  • റബേക്ക- അധ്യായം 23
rabecca
വര: മാർട്ടിൻ പി.സി.
SHARE

‘ഗോപ്യം’ (മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ ഒൻപതാമധ്യായം)

സമതലത്തിലെ കാറ്റുപോലെയായിരുന്നു, ബത്‌ലഹേമിലെ തോമസ്.  തൊട്ടുതഴുകിപ്പോകുന്ന സൗമ്യത. അറിയാതെ ഉള്ളിലേക്കിറ്റുന്ന സുഖകരമായ കുളിർമ. അതേസമയം, മുഴുവൻ സമയവും നിറഞ്ഞ പ്രസരിപ്പും പ്രസാദവും. ബത്‌ലഹേമിന്റ മുറ്റത്തെ ചാമ്പച്ചോട്ടിൽ കുട്ടികളോടൊപ്പം കളിക്കുമ്പോഴത്തെ മുഖമായിരുന്നു എപ്പോഴും അയാൾക്ക്. ‘ഇതാ ഞാനൊരു കുസൃതി ഒളിപ്പിച്ചുവച്ചിരിക്കുന്നേ’ എന്ന മട്ട്.

ജോസഫ് പാപ്പനെ അവസാന നിമിഷം ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സഹായിച്ചശേഷം നന്ദിപറയാൻപോലും തോമസിനെ അടുത്തുകിട്ടിയില്ല, റബേക്കയ്ക്ക്. പാപ്പന്റെ മരണാനന്തരച്ചടങ്ങുകൾക്കെല്ലാം നാലുവയസ്സുള്ള അന്നയെയും ഒക്കത്തേന്തി അയാൾ സജീവമായി പള്ളിപ്പറമ്പിലും വീട്ടുമുറ്റത്തും ഉണ്ടായിരുന്നെങ്കിലും റബേക്കയെ ശ്രദ്ധിച്ചതേയില്ല. തുളച്ചുകയറുന്ന നോട്ടംകൊണ്ടും മീശത്തുമ്പിനെ കടിച്ചെടുക്കുന്ന നാവിന്റെ കുസൃതികൊണ്ടും തന്നെ അളന്നെടുക്കുന്ന, അന്നുവരെക്കണ്ട എല്ലാ പുരുഷന്മാരിൽനിന്നും വ്യത്യസ്തനാണ് തോമസ് എന്ന് റബേക്ക തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ അവൾക്ക് അയാളോട് മിണ്ടാതെ വയ്യെന്നായി. അയാൾ ശ്രദ്ധിക്കാൻ പാകത്തിന് അവൾ വരാന്തയിലും മുറ്റത്തും സ്വയം അടയാളപ്പെടുത്താൻ ശ്രമിച്ചതെല്ലാം പാഴായി. 

എന്നാൽ, ഒരിക്കലും തോമസ് തന്നെ മന:പൂർവം അവഗണിക്കുന്നതല്ലെന്ന് റബേക്കയ്ക്ക് അറിയാമായിരുന്നു. അയാളുടെ പ്രകൃതം അങ്ങനെയായിരുന്നു. നേരേമാത്രം നോക്കാനും കേൾക്കേണ്ടതു മാത്രം കേൾക്കാനുമേ അയാൾക്കു കഴിയൂ. അന്നയോടു കളിയും തമാശയും പറഞ്ഞ്, തോമസ് പൂച്ചെടികൾക്കിടയിലൂടെ ഒഴുകിനടക്കുന്നത് ജനാലയിലൂടെ റബേക്ക ഒളിച്ചുകണ്ടു. കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങിപ്പോലും ഒരിക്കലും അയാൾ ഒരു ഇലയോ പൂവോ നുള്ളിയില്ലെന്നത് അവളെ അത്ഭുതപ്പെടുത്തി.

കൂടപ്പിറപ്പായ ഇട്ടിയോടു കാണിച്ച നന്ദികേടിനു പരിഹാരമായി, തോമസിന്,  വേണ്ടതു കൊടുക്കണമെന്ന് മരിക്കുന്നതിനുമുൻപ് ജോസഫ് പാപ്പൻ  റബേക്കയോടു പറഞ്ഞെങ്കിലും പ്രമാണമെഴുതുന്ന നേരത്ത് ചെറിയാൻ വക്കീൽ അതിസമർഥമായി ആ നീക്കം പൊളിച്ചു. പകരം, എന്തുകൊടുക്കാനുമുള്ള സ്വാതന്ത്ര്യം റബേക്കയ്ക്കുണ്ടെന്ന് എഴുതിവച്ചതേയുള്ളൂ. പണ്ട് ഒരു കേസിന്റെ പേരിൽ ഇട്ടി തനിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങളുന്നയിച്ചതും  ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലുമാണ് അങ്ങനെ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചത്. സ്വത്തിന്റെ പേരിൽ സോജനും ആന്റണിയും കോടതി കയറുമെന്നതിൽ ചെറിയാൻ വക്കീലിനു സംശയമില്ലായിരുന്നു. റബേക്കയോട് അടുത്തുനിന്നാൽ ഭാവിയിൽ പത്തേക്കറിലെ വ്യവഹാരങ്ങൾകൊണ്ടുമാത്രം ജീവിക്കാവുന്നതേയുള്ളൂ എന്ന് വക്കീൽബുദ്ധി കണക്കുകൂട്ടി. 

കുന്നിൻചെരുവിൽ ഭാര്യയുടെ പേരിൽ താൻ വാങ്ങിയ പുരയിടത്തിലേക്കുള്ള വഴിയ്ക്കുവേണ്ടിയും അയാൾക്ക് റബേക്കയുടെ സഹായം ആവശ്യമായിരുന്നു. ഭാവിയിൽ റബേക്കയുമായി ഇടയേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ, ‘തനിക്കുംകൂടി അവകാശപ്പെട്ടതാ പത്തേക്കറിലെ ഭൂമി, അങ്ങനൊരു വകുപ്പ് പ്രമാണത്തിലുണ്ടു കേട്ടോ... ഞാൻ ശരിയാക്കിത്തരാം കൂടെനിന്നേച്ചാമതി’ എന്നൊരു വെടിപൊട്ടിച്ച് തോമസിനെ തന്റെ വരുതിക്ക് കൊണ്ടുവരാമെന്നും കൂടി അയാൾ മനക്കോട്ടകെട്ടി. തന്റെ ഗൃഹപാഠവും വഴിക്കണക്കും തെറ്റിക്കാൻ പോന്നവളാണു റബേക്കയെന്നു മാത്രം അയാൾ വിചാരിച്ചില്ല. 

തോമസുമായി അടുക്കാൻ അവസരം നോക്കിയിരുന്ന റബേക്കയ്ക്ക് അതു വീണുകിട്ടുകയായിരുന്നു. കച്ചവടത്തിൽ പങ്കാളികളായിരുന്ന രണ്ടു ഗൾഫുകാർ ഒരേസമയം വിട്ടുപോയത് തോമസിന്റെ ബിസിനസിന്റെ അടിവേരിളക്കിയ കാലമായിരുന്നു അത്. വ്യാപാരം കൈയിൽനിന്നു പോകാതിരിക്കാൻ പെട്ടെന്ന് അയാൾക്ക് കുറെ പണം വേണ്ടിയിരുന്നു. പുരയിടവും ആസ്തിയും നൽകിയെങ്കിലും പണമായി നീക്കിയിരിപ്പ് ഒന്നുമില്ലാതെയാണ് തോമസിന്റെ അപ്പൻ ഇട്ടി മരിച്ചത്. വസ്തുവാകട്ടെ മുറിച്ചുവിൽക്കാനാവാത്ത വിധത്തിൽ അവകാശക്കുരുക്കുകളിൽ പെട്ടതും. മോഹിച്ചു കെട്ടിയതായതിനാൽ ഭാര്യ ശോശയുടെ വീട്ടിൽനിന്ന് ഒന്നും പ്രതീക്ഷിക്കാനാവില്ലായിരുന്നു. 

വിദേശത്തുനിന്ന് കൊച്ചുവർത്തമാനം പറയാൻ മുടങ്ങാതെ വിളിച്ചോണ്ടിരുന്ന ബന്ധുക്കളെല്ലാം കടംചോദിച്ചതോടെ ഫോണെടുക്കാതെയായി. പള്ളിക്കുർബാനയുടെ ഇടവേളകളിൽ, ‘അറിഞ്ഞോ, പത്തേക്കർ കെഴക്കേലെ തോമസിന്റെ കച്ചോടം പൊളിഞ്ഞു’ എന്നൊരു കരക്കമ്പിയും പരന്നുതുടങ്ങിയിരുന്നു. ആമേനുകളുടെ ഇടവേളകളിലൊന്നിൽ റബേക്കയുടെ കാതിലും അതു ചെന്നു പെട്ടു. മഹാസാധ്യതയുടെ വാതിൽ തനിക്കുമുൻപിൽ തുറന്നുകിട്ടുന്നത് വെളിപാടുപോലെ അവളറിഞ്ഞു.

ചെമ്മാനത്തുടുപ്പിൽ മിനുങ്ങിയ ഒരു സന്ധ്യയ്ക്കു ചുവടെ, മഴയില്ലാഞ്ഞിട്ടും ഇളംനീലക്കുട നിവർത്തിപ്പിടിച്ച് റബേക്ക, അതിരു കടന്ന് ബത്‌ലഹേമിന്റെ മുറ്റത്തേക്കു നടന്നത് ആ വെളിപാടിന്റെ കൈപിടിച്ചാണ്. ‘ദാ ആ പോണത് ആരാന്നു കണ്ടോ’ എന്ന് കാറ്റില്ലാഞ്ഞിട്ടും ചില്ലയിൽ ചില്ല മുട്ടിച്ച് വരിക്കപ്ലാവ് ആഞ്ഞിലിയോട് അടക്കം ചോദിച്ചു. ‘കളി കാര്യമായെന്നു തോന്നുന്നല്ലോ’ എന്ന് ആഞ്ഞിലി തല കുടഞ്ഞു. എവിടെനിന്നോ ഓടിയെത്തിയ ഒരു ചാവാലിപ്പട്ടി കുറച്ചുദൂരം റബേക്കയെ മണത്തും പിന്നെ അവൾക്കുമുന്നിലും ഓടി ‘എന്നാ ഞാൻ പോട്ടെ’ എന്നു മുഖം വെട്ടിച്ച് പൊന്തയിലേക്കു മറഞ്ഞു. ചരിത്രം തിരുത്തിയെഴുതുന്ന കാഴ്ച കാണാൻ പെണ്ണമ്മ അടുക്കളവരാന്തയിലേക്ക് ജാനകിയെ വിളിച്ചുവരുത്തിയപ്പോഴേക്കും ബത്‌ലഹേമിന്റെ മുറ്റത്തെ ചാമ്പച്ചോട്ടിൽ നീലക്കുട മടങ്ങി. ‘പാപ്പൻ കുഴീക്കെടന്നു ഞെട്ടുമല്ലോ കർത്താവേ’ എന്ന് പെണ്ണമ്മ അപ്പോൾ ദീർഘനിശ്വാസം വിട്ടു.

റബേക്ക ചെല്ലുമ്പോൾ അന്നയെ ഒരു പാട്ടു പാടിപ്പഠിപ്പിക്കുകയായിരുന്നു, തോമസ്.

‘‘ഉറുമ്പുറുമ്പു കാടുകേറി

കുടുകുടൂന്ന് ചോടുമാന്തി

ശടപടേന്ന് കൂട്ടുകൂടി

ശറശറാന്ന് തുള്ളിയോടി...’’

സൗമ്യമായ സ്വരത്തിൽ അയാൾ ഈണത്തിൽ പാടി. കൂടെപ്പാടാൻ ശ്രമിച്ച അന്ന ഓരോ തവണയും പാതിവഴിയിൽ ചിരിച്ചുകുഴഞ്ഞു. അപ്പോഴെല്ലാം തോമസ് ക്ഷമയോടെ അവളെ  വീണ്ടും പാട്ടിലേക്കു പിച്ചനടത്തി. വാതിൽമണിയടിക്കും മുൻപേ തോമസിന്റെ കണ്ണുകൾ റബേക്കയെ കണ്ടു. അപ്പോൾ അവളുടെ ഷിഫോൺ സാരിയെ പറപ്പിക്കാനായി മാത്രം ഒരു കാറ്റുവീശി. വലയറ്റ് സാരിയിലെ കറുത്ത പൂക്കൾ കാറ്റിൽ പറക്കാതെ  ഉടലിനോടൊട്ടിനിന്നു. 

‘‘കയറി വന്നാട്ടെ...’’

തോമസ് എഴുന്നേറ്റു വാതിൽക്കലോളം ചെന്നു. അടുക്കളയിൽ കിണ്ണത്തപ്പം ചുടുകയായിരുന്ന തോമസിന്റെ ഭാര്യ ശോശ, അതിഥിയുടെ സാന്നിധ്യം മണത്തറിഞ്ഞ് നാലായി മുറിക്കാൻ തുടങ്ങിയത് എട്ടായി പകുത്തു.

‘‘ശോശേ... ഇതാരാന്നു നോക്കിക്കേ...’’

‘ഇതാ മുറ്റത്തൊരു റോസാപ്പൂ വിരിഞ്ഞു’ എന്നു പറയുന്ന കൗതുകത്തോടെയും ആഹ്ലാദത്തോടെയും തോമസ് അടുക്കളയിലേക്കു വിളിച്ചറിയിച്ചു. ആ വാക്കുകൾ പഞ്ഞിപോലെ കനമില്ലാത്തതായിരുന്നു എന്നതു റബേക്ക ശ്രദ്ധിച്ചു. 

‘മോളേ...ആന്റിയെ അറിയുമോ’ എന്നു ചോദിച്ച്, റബേക്ക, അന്നയുടെ താടിക്കു തട്ടി. അന്നയോടു മാത്രമല്ല, തോമസിനോടും കൂടിയായിരുന്നു ആ ചോദ്യം. 

‘‘അറിയാമെന്നു പറമോളേ...’’

തോമസ് അന്നയുടെ കാതിൽ ചുണ്ടു മുട്ടിച്ചു. അന്ന അതേറ്റു പറഞ്ഞപ്പോൾ റബേക്ക കുടുകുടെ ചിരിച്ചു. സ്വർണമുന്തിരിക്കുലകൾ പടർന്നുകയറിയ വിരിപ്പു പിടിച്ചു നേരെയിട്ട് തോമസ്, അതിഥിയെ സോഫയിലേക്കു ക്ഷണിച്ചു. ‘ഞാൻ കണ്ടായിരുന്നു ഒരു നീലക്കുട’ എന്നു പറഞ്ഞ്, കൈയിൽ കിണ്ണത്തപ്പവുമായി ശോശ പൂമുഖത്തേക്കു വന്നപ്പോൾ ഒരുനിമിഷം റബേക്കയുടെ കണ്ണുകൾ തോമസിൽനിന്നു പറി‍ഞ്ഞുപോന്നു.

‘‘ആന്റണി വീട്ടിലില്ലേ?’’ തോമസ് ചോദിച്ചു. ഉവ്വെന്ന് റബേക്ക തലയാട്ടി.

‘‘ഇപ്പോ മുഴുവൻ നേരോം കുടിയാണെന്നറിഞ്ഞു. ഞാനൊരിക്കൽ ഉപദേശിക്കാൻ ചെന്നതാ. ചീത്തവിളിച്ചോടിച്ചു.’’

‘‘ആരു പറഞ്ഞാലും കേൾക്കില്ല.’’

‘‘ഇങ്ങോട്ടു പോന്നത് അറിഞ്ഞാൽ...’’ തോമസ്, പാതിവഴിയിൽ നിർത്തി.

‘‘അറിഞ്ഞാൽ ഒരു കുഴപ്പവുമില്ല,’’ റബേക്ക പൂരിപ്പിച്ചു,‘‘ഞാനിപ്പോൾ ആരുടെയും ഇഷ്ടോം അനിഷ്ടോമൊന്നും നോക്കാറില്ല തോമാച്ചാ.’’

‘തോമാച്ചാ’ എന്ന് അവൾ ബോധപൂർവം വിളിച്ചതായിരുന്നു. കഴിയുന്നത്ര മധുരം -ശോശ വിളിക്കുന്നതിനേക്കാൾ കൂടുതൽ- ആ വിളിയിൽ കോരിയൊഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 

‘‘പാപ്പനൊള്ളപ്പോ അന്നമ്മ വല്യമ്മയെപ്പോലും ഈ പടി ചവിട്ടാൻ സമ്മതിച്ചിട്ടില്ല.’’ ശോശ പറഞ്ഞു.

‘‘അവിടെല്ലാവർക്കും നിർബന്ധങ്ങളേയുള്ളൂ. കാര്യവും കാരണവുമൊന്നും ചോദിക്കരുത്. അനുസരിച്ചോണം.’’ റബേക്ക ചിരിച്ചു.

‘‘എന്തിനാ ഈ വഴക്കും ശത്രുതേമെന്ന് എനിക്കറിയാമ്മേലേ...,’’ ശോശ സങ്കടപ്പെട്ടു,‘‘തോമാച്ചനോട് ഞാനെപ്പഴും പറേം നമ്മക്ക് അങ്ങോട്ടു ചെന്നു പിണക്കം മാറ്റാമെന്ന്. പക്ഷേ, ഇച്ചായനു പേടിയാ.’’

തോമസ് ലജ്ജയോടെ ചിരിച്ചു. ‘എന്തു ഭംഗി ഈ ചിരിക്കെന്ന്’ റബേക്ക കൊതിപ്പെട്ടു. കൈകൾ വെടിപ്പായി മടക്കിവച്ച വെളുത്ത കുപ്പായം. തൂവെള്ള മുണ്ട്. തോമസിന്റെ മടിയിലിരുന്ന അന്നയും വെള്ള ഫ്രോക്കാണ് ധരിച്ചിരുന്നത്. വെളുപ്പാണോ തോമസാണോ കാന്തം പോലെ തന്റെ കണ്ണുകളെ വലിച്ചടുപ്പിക്കുന്നതെന്ന് സംശയിക്കുന്നതിനിടെയാണ് റബേക്ക, കാറ്റിൽ തിരയിളക്കുന്ന വെള്ളത്തിരശ്ശീലയും നിലത്തുവിരിച്ച വെള്ളപ്പരവതാനിയും കണ്ടത്. സ്വർണമുന്തിരി കുലച്ചുനിൽക്കുന്ന കസേരവിരികൾ ഒരിക്കൽ വെളുത്തതായിരുന്നു തങ്ങളുമെന്ന് ഉടൽ വിറപ്പിച്ചു. താനുടുത്തുവന്ന വയലറ്റ് സാരിയോട് പെട്ടെന്നൊരുനിമിഷം അവൾക്ക് ചെടിപ്പുതോന്നി. വെളുപ്പാണു ജീവിതമെന്നും വെളുപ്പുമാത്രമാണ് സുന്ദരമെന്നും അവൾ ഉറപ്പിച്ചു.

‘‘കിണ്ണത്തപ്പം കഴിച്ചില്ലല്ലോ...’’

പാത്രം അരികിലേക്കു നീക്കിവച്ച് ശോശ അടുത്തിരുന്നു. തോമസിന്റെ വെളുത്തു നീണ്ട വിരലുകൾ, പൂവിതൾ അടർത്തുംപോലെ കിണ്ണത്തപ്പം പൊട്ടിച്ച് അന്നയുടെ വായിൽ വയ്ക്കുന്നത് കൗതുകത്തോടെ റബേക്ക നോക്കിയിരുന്നു.

‘‘പള്ളീലൊക്കെ ചിലരു തോമാച്ചന്റെ കച്ചവടത്തെപ്പറ്റി പറയുന്നതുകേട്ടു. സത്യാവസ്ഥ നേരിട്ടറിയാമല്ലോ എന്നുകരുതി കൈയോടെ പോന്നതാണ്.’’

റബേക്ക കാര്യത്തിലേക്കു വന്നു.

‘‘ബിസിനസ്സിലെ തകർച്ചയെപ്പറ്റിയാണു കേട്ടതെങ്കിൽ ശരിയാണ്,’’ തോമസ് പതിയെ പറഞ്ഞു, ‘‘മുന്നോട്ടു പോകാൻ കഷ്ടപ്പെടുകയാണ്.’’

‘‘അതാ ഞാനോടിവന്നത്. പണമാണു പ്രശ്നമെങ്കിൽ... സഹായിച്ചോട്ടെ?’’

തോമസിന്റെ കണ്ണുകൾ പൊടുന്നനെ ചിത്രശലഭംപോലെ റബേക്കയിലേക്കും ശോശയിലേക്കും ചുമരിലെ കർത്താവിന്റെ ചില്ലിട്ട ചിത്രത്തിലേക്കും മാറിമാറി പറന്നു.

‘‘കടമായിട്ടല്ല. തോമാച്ചന് അർഹിക്കുന്നതു തന്നെയാണ്.’’

റബേക്കയുടെ വാക്കുകൾ തോമസിനെയും ശോശയെയും ആശയക്കുഴപ്പത്തിലാക്കി.

‘‘അതേന്നേ... മരിക്കുന്നേനുമുൻപ് ജോസഫ് പാപ്പൻ പറഞ്ഞേൽപ്പിച്ചതാണ്. ഞാനതു നിറവേറ്റുന്നുവെന്നേയുള്ളൂ.’’

തോമസിന്റെ കണ്ണുകൾ നിറഞ്ഞു. മരണക്കിടക്കയിൽ പിറുപിറുത്തത് വേദവാക്യമാക്കി ഇതാ ഒരാൾ കരുണയുടെ കരം നീട്ടുന്നു. ഇന്നത്തെ കാലത്ത് ഇത് അവിശ്വസനീയം. അയാൾ വിധിയുടെ തീർപ്പിലും കർത്താവിന്റെ കാരുണ്യത്തിലും വിനയാന്വിതനായി.

‘‘ആന്റണി... ആന്റണി അറിഞ്ഞുകൊണ്ടാണോ?’’ തോമസ് സംശയിച്ചു.

‘‘അങ്ങേർക്കിതിൽ കാര്യമില്ല,’’ റബേക്ക കടുത്ത സ്വരത്തിൽ പറഞ്ഞു, ‘‘സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാപ്പൻ പറഞ്ഞേൽപ്പിച്ചത് എന്നെയാണ്.’’

‘‘വാക്കാലുള്ള പറച്ചിലല്ലേ?....’’

‘‘അല്ല. രേഖയിലുമുണ്ട്. അതേപ്പറ്റി തോമാച്ചൻ പേടിക്കേണ്ട. മരണക്കിടക്കേൽ അനിയനോടു നന്ദികേടു കാണിച്ചൂന്നു പറഞ്ഞ് പാപ്പൻ കരച്ചിലാരുന്നു. എത്ര പണം വേണമെന്നു പറഞ്ഞാൽ മതി. നാളെത്തന്നെ എത്തിക്കാം. ലോക്കറിന്റെ താക്കോൽ എന്റെ കൈയിലുണ്ട്.’’

താൻ കേൾക്കുന്നത് സത്യമോ എന്നു വിശ്വസിക്കാൻ ഇപ്പോഴും തോമസ് പ്രയാസപ്പെട്ടു. തലേന്നു രാത്രിയിലും മെഴുകുതിരിയായി കർത്താവിനുമുന്നിൽ സ്വയം കത്തിയെരിഞ്ഞതാണ്. ഒരു വഴിയടയുമ്പോൾ വേറൊരു വഴി തുറക്കുമെന്നു സമാധാനിപ്പിച്ച വിക്ടർ നേരാംപറമ്പിലച്ചനു സ്തുതി!

‘‘ഞാനിറങ്ങുന്നു. തോമാച്ചൻ നാളെ എന്റെ കൂടെ ബാങ്കിൽവരെ വരാമോ? വലിയ തുകയൊന്നും എടുത്തു ശീലമില്ല,’’ റബേക്ക എഴുന്നേറ്റു, ‘‘ശോശേംകൂടി പോരെന്നേ...’’

ശോശ തലകുലുക്കി. തോമസ് നന്ദിയും കടപ്പാടും കൊണ്ടു കഴുകിയെടുത്ത ചിരിയുമായി വാതിൽപ്പടിയോളം റബേക്കയെ പിൻതുടർന്നു.

‘‘നേരം സന്ധ്യയായി. വിഷജന്തുക്കൾ കാണും. പറമ്പിക്കൂടെ കുറുക്കുകേറണ്ടാ.’’

തോമസിന്റെ കരുതൽ റബേക്കയെ ചിരിപ്പിച്ചു.

‘‘വീട്ടിനകത്തുള്ളതിന്റത്രേം വിഷം കാണില്ലല്ലോ.’’

തോമസും ചിരിച്ചുപോയി. പിരിയുമ്പോൾ അയാൾ കൈകൾ തൊഴുതുപിടിച്ചു.

‘‘എല്ലാ പ്രതീക്ഷയും കൈവിട്ട നേരത്താണ് റബേക്ക വന്നത്... മറക്കില്ല... ഒരിക്കലും മറക്കില്ല.’’

റബേക്ക, കൈനീട്ടി, തോമസിന്റെ പൂവിരലുകളിൽ തൊട്ടു. അപ്പോൾ അവൾക്ക് വൈദ്യുതിസ്പർശമേറ്റു. എത്രയോ കാലമായി താൻ അയാൾക്കുമുന്നിൽ ഇതുപോലെ നിൽക്കുകയാണെന്നോ ഈ സന്ധ്യ ഒരിക്കലും മായാതെ മരവിച്ചുറയുകയാണെന്നോ ഒക്കെ തോന്നി.

അതിരുകല്ലിൽ ചവിട്ടി വരിക്കപ്ലാവിന്റെ വേരിലേക്കു കാലുവയ്ക്കുമ്പോഴാണ് തോമസിന്റെ അരക്കെട്ടിലേക്കു നോക്കാൻ മറന്നെന്ന് റബേക്ക ഓർത്തത്. ആദ്യമായാണ് താനൊരു പുരുഷന്റെ അരക്കെട്ടിൽ നോക്കാൻ മറക്കുന്നത് എന്ന് കള്ളച്ചിരിയോടെ അവൾ കുമ്പസാരിച്ചു.

വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ആദ്യം അതിരിനപ്പുറം നിന്ന് ശോശയും പിന്നെ അതിരിനിപ്പുറത്തേക്ക് അന്നയും എത്തുന്നതിലേക്ക് ക്രമേണ അതു വളർന്നു. ചാമ്പച്ചോട്ടിലെ കളികളിൽ ചിലപ്പോഴൊക്കെ റബേക്കയും പങ്കടുത്തു. അവളുടെ ജീവിതം എല്ലാ അർഥത്തിലും പുതുക്കപ്പെട്ടു. ‘നക്ഷത്രത്തിന്റെ ദിശനോക്കി കിഴക്കുനിന്നു ബത്‌ലേഹ്മിലേക്കു വന്ന വിദ്വാന്മാരെപ്പോലായിരുന്നു തോമസിന്റെ ബത്‌ലഹേമിലേക്കുള്ള തന്റെ യാത്ര’യെന്ന് പിന്നീടൊരിക്കൽ അയാളോടു പറഞ്ഞുചിരിക്കണമെന്നു റബേക്ക തീർച്ചപ്പെടുത്തി.

തോമസ് അറിയാതെ റബേക്ക അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവൾ നോക്കുമ്പോഴെല്ലാം തോമസിന്റെ കൈകൾ ശോശയുടെ കൈകളെ കോർത്തുപിടിച്ചിരുന്നു. ശോശയ്ക്കുവേണ്ടി അയാൾ കുടഞ്ഞിട്ട തമാശയുടെ ചിരി എപ്പോഴും ചുണ്ടിൽ ഊറിനിന്നു. ആരെയും അസൂയപ്പെടുത്തുന്ന സ്നേഹമായിരുന്നു അവരുടേത്. അവർ ഒന്നിന്റെ തുടർച്ചയും ഒന്നിലേക്കുള്ള വളർച്ചയുമായിരുന്നു. എട്ടുകാലിവലയിൽ കുരുങ്ങിയതുപോലെ സന്ദിഗ്ധതയും നിരുത്സാഹവും നിറഞ്ഞ തന്റെ ജീവിതത്തെ അവരുടെ ജീവിതവുമായി ചേർത്തുവയ്ക്കുമ്പോഴെല്ലാം റബേക്കയുടെ മനസ്സിൽ കാർമേഘം കൂടുകെട്ടി.

‘ബത്‌ലഹേമിൽ’ പലതവണ സന്ദർശനം നടത്തിയിട്ടും തോമസിനെ തനിച്ച് റബേക്കയ്ക്ക് ഒരിക്കലും കിട്ടിയില്ല. അയാളെ കാണുമ്പോഴെല്ലാം ഒരിക്കലുമില്ലാത്തപോലെ നെഞ്ചിടിപ്പിനു വേഗം വർധിക്കാനും ചുണ്ടിനുമുകളിൽ വിയർപ്പു പൊടിയാനും തുടങ്ങിയത് അവൾ തിരിച്ചറിഞ്ഞു. മാസങ്ങൾക്കുശേഷം, കൈയകലത്തിനപ്പുറം നിന്ന് പെട്ടെന്നൊരു ദിവസം തോമസ് തന്റെ ജീവിതത്തിലേക്ക് നേരേ കയറിവന്നപ്പോളാകട്ടെ റബേക്ക ചിരിക്കാൻ മറന്നു. നിറഞ്ഞൊഴുകിയ കണ്ണിൽ കാഴ്ച കലങ്ങി. 

ആന്റണിയുടെ മരണത്തിനു പിറ്റേന്നായിരുന്നു അത്. പെട്ടെന്നുള്ള മരണം പത്തേക്കർ കുടുംബത്തിൽ ചർച്ചാവിഷയമായിരുന്നു. മരണത്തേക്കാൾ, മരണശേഷം സ്വത്തെല്ലാം അന്യയായ ഒരുത്തി അനുഭവിക്കാൻ പോകുന്നു എന്നതായിരുന്നു ബന്ധുക്കളെ അലട്ടിയത്. ജോസഫ് പാപ്പൻ മരിച്ച് ഒരാണ്ടു കഴിഞ്ഞപ്പോഴേക്കും ആന്റണി മരിച്ചതിനെ സംശയക്കണ്ണോടെ നോക്കിയവരുമുണ്ട്. അന്നമ്മ വല്യമ്മയുടെ പൊന്നാങ്ങള, പണ്ടേ, റബേക്കയെ ശത്രുവായി കണ്ട പോത്തൻ ജോഷ്വയായിരുന്നു അതിനു നേതൃത്വം വഹിച്ചത്. ആന്റണിയുടെ മൃതദേഹത്തിനു മുന്നിൽ കണ്ണുനിറച്ചു നിന്നു ഭാവാഭിനയം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ആർത്തുപെയ്യുന്ന മഴയ്ക്കുനടുവിലൂടെ അയാൾ തലനരച്ച ഏതാനും ബന്ധുക്കളെ വീടിനുപിന്നിലേക്കു കൂട്ടിക്കൊണ്ടുപോയി.

‘‘ആ കിടപ്പുകണ്ടിട്ട് ഒരു പന്തിയില്ലായ്മ തോന്നുന്നില്ലേ?’’

‘‘ഉവ്വ്. കുടിച്ചു ചാവുമ്പോ ഇങ്ങനൊക്കെയാ.’’

പല്ലിട കുത്തിക്കൊണ്ട് ഒരു കാരണവർ അലക്ഷ്യമായി പറഞ്ഞു.

‘‘കുടിച്ചുതന്നെയാ ചത്തതെന്ന് എന്താ തെളിവ്?’’

പോത്തൻ ജോഷ്വാ വെടിമരുന്നിനു തീകൊളുത്തി.

‘‘എന്നതാ താൻ ഉദ്ദേശിക്കുന്നേ? തെളിച്ചുപറ.’’ മറ്റൊരു കാരണവർ അസ്വസ്ഥനായി.

‘‘കള്ള് കുടിച്ചുചത്തതാണോ വിഷം കഴിച്ചുചത്തതാണോ എന്നൊക്കെ അറിയണമെങ്കിൽ പോസ്റ്റ് മോർട്ടം വേണം...’’ പോത്തൻ ജോഷ്വയുടെ ശബ്ദം ഉയർന്നു.

‘‘പതുക്കെപ്പറ. ആരെങ്കിലും കേട്ടാ അതുമതി.’’

‘‘എന്തിനാ പേടിക്കുന്നേ? സംശയമുണ്ടായ സ്ഥിതിക്ക് അതു തീർക്കണ്ടായോ? നിങ്ങൾ കൂടെ നിന്നാമതി. ഞാൻ പറഞ്ഞോളാം.’’

‘‘അതുനേരാ... അച്ചായനു ധൈര്യമായി പറയാം. ഇപ്പോൾ കുടുംബത്തിലെ അധികാരപ്പെട്ട ആൾ അച്ചായൻതന്നെയല്ല്യോ.’’

ചിലർ ശരിവച്ചു. അതു കേട്ടപ്പോൾ പോത്തൻ ജോഷ്വയുടെ ആവേശം വർധിച്ചു. അയാളുടെ നേതൃത്വത്തിൽ സംഘം പത്തേക്കറിന്റെ മുറ്റത്തേക്കു നീങ്ങി. കൂട്ടത്തിലൊരാൾ റബേക്കയെ കൈയാട്ടി വിളിച്ചു.

‘‘എന്നാത്തിനാ ഇപ്പോ അവളെ വിളിക്കുന്നേ?’’ പോത്തൻ ജോഷ്വ ക്ഷുഭിതനായി.

‘‘ആന്റണീടെ കെട്ടിയോളോട് ഒരുവാക്കു പറയണ്ടായോ?’’ ആരോ ചോദിച്ചു.

‘‘കെട്ടിക്കേറിവന്നവൾക്കല്ല പത്തേക്കറിലെ അധികാരം,’’ റബേക്ക കേൾക്കെ പോത്തൻ ജോഷ്വ അലറി,‘‘ഞാൻ സോജനോടൊന്നു വിളിച്ചുചോദിക്കട്ടെ... അവൻ പറഞ്ഞതുപോലെ ചെയ്യാം.’’

റബേക്കയുടെ മുഖം വിളറി. അപ്പോഴാണ് തോമസ് കാറ്റുപോലെ അവിടേക്ക് ഒഴുകിയെത്തിയത്.

‘‘അമേരിക്കേലിപ്പോ രാത്രിയാ. വെറുതേ സോജനെ വിളിച്ചു മെനക്കെടുത്തേണ്ട. ഇന്നലെ എല്ലാം ഞാൻ സംസാരിച്ചതാ. പോയവർ പോയി. ഇനി കുടിച്ചിട്ടാണോ വിഷം കഴിച്ചിട്ടാണോ എന്നറിഞ്ഞിട്ടെന്തു മെച്ചം?’’

അയാൾ സൗമ്യമായി ചോദിച്ചു.

‘‘കഴിച്ചതല്ല, കഴിപ്പിച്ചതാന്നെങ്കിലോ...’’

പോത്തൻ ജോഷ്വ പറഞ്ഞുതീരുംമുൻപേ തോമസ് അയാൾക്കുനേരെ തിരിഞ്ഞു.

‘‘ആരു കഴിപ്പിച്ചൂന്നാ പറയുന്നേ... വേണ്ടാതീനം പറയുന്നതിന് അതിരുണ്ട്.’’

‘‘അങ്ങേരടെ ഉടല് കീറിമുറിക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്കതു കാണാൻവയ്യ.’’

ആ തക്കം മുതലാക്കി റബേക്ക തേങ്ങിക്കരഞ്ഞു.

‘‘കേട്ടില്ലേ? ഉറ്റവർക്കേ അറിയൂ അതിന്റെ വേദന.’’

തോമസ്, റബേക്കയുടെ കണ്ണീരിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധക്ഷണിച്ചു. മറ്റുള്ളവരുടെ മുന്നിൽ താൻ ചെറുതായിപ്പോകുന്നു എന്നറിഞ്ഞ പോത്തൻ ജോഷ്വയുടെ ശിരസ്സു താണു. റബേക്ക, തോമസിനെ അത്ഭുതത്തോടെ നോക്കി. ഇത്രയും നാൾ സൗമ്യതയുടെ ആൾരൂപമായി കണ്ട മുഖത്തിന് ഇങ്ങനൊരു ഭാവമാറ്റം സാധ്യമാണെന്ന അറിവ് അവൾക്ക് ഉൾക്കൊള്ളാൻ പ്രയാസമായി. റബേക്കയുടെ കൈവലിച്ച് തോമസ് മുന്നിലേക്കു മാറ്റിനിർത്തി.

‘‘ചോദിക്കാനാരുമില്ലെന്നുകരുതി ദൈവദോഷം പറയരുത്. ഈ വീട്ടിൽ ഇവരെത്ര കണ്ണീരുകുടിച്ചെന്ന് അയൽപക്കത്തുള്ളോർക്കറിയാം. അല്ലെങ്കിൽ ഇവിടുത്തെ അടുക്കളപ്പണിക്കാരോടു ചോദിച്ചാട്ടെ. അവരെ സമാധാനിപ്പിക്കുന്നതിനുപകരം ഈ നേരത്തും സങ്കടപ്പെടുത്താനാന്നോ നോക്കുന്നേ... അവസാനകാലത്ത് അന്നമ്മവല്യമ്മേം ജോസഫ് പാപ്പനേം നോക്കാൻ ഈയൊരാളേ ഉണ്ടായിരുന്നുള്ളൂ. അതാരും മറക്കരുത്.’’

തോമസ് പല്ലുകടിച്ചു.

‘‘അല്ലെങ്കിൽതന്നെ പത്തേക്കറുകാർക്കിപ്പോ നല്ല പേരാ... ഇനി പോസ്റ്റുമോർട്ടത്തിന്റെ കൂടി കുറവേയുള്ളൂ... വേണ്ട. എത്രയും വേഗം പള്ളിപ്പറമ്പിലേക്കെടുക്കാൻ എന്താന്നുവച്ചാ ചെയ്യുക... അതുമതി.’’

തീരുമാനം അംഗീകരിച്ചമട്ടിൽ എല്ലാവരും തലകുലുക്കിയപ്പോൾ ആർത്തിരമ്പുന്ന മഴയ്ക്കൊപ്പം റബേക്ക പൊട്ടിക്കരഞ്ഞു. എന്തിനാണു കരയുന്നതെന്ന്  സത്യത്തിൽ അവൾക്കുപോലും അറിയില്ലായിരുന്നു.

(തുടരും)

English Summary: Rabecca E- novel written by Rajeev Sivshankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA