ADVERTISEMENT

ബീയെമുട്ടിയുടെ ഡ്രൈവര്‍

 

കുഞ്ഞാലിക്ക് കല്പിച്ചതുപോലുള്ള നല്ല നടപ്പും ശീലങ്ങളും ആദ്യം തന്നെ പറഞ്ഞംഗീകരിപ്പിച്ചതിനുശേഷം മാത്രമാണ് തോമുട്ടി, സ്റ്റീഫന്‍ ജോസഫിനേയും കച്ചവടത്തിന് കൊണ്ടുപോകാന്‍ തുടങ്ങിയത്. കുഞ്ഞാലിയുടേത് കൂടെവന്നതിനുശേഷം കേട്ടറിഞ്ഞു മനസ്സിലാക്കിയതായിരുന്നെങ്കില്‍ സ്റ്റീഫന്‍ അതിനു മുന്‍പേ പലതിലും പേരെടുത്തവനായിരുന്നു. ഒരിക്കലും സ്റ്റീഫന്‍ ജോസഫിനെ കച്ചവടത്തിനു കൊണ്ടുപോകേണ്ടി വരുമെന്ന് തോമുട്ടി കരുതിയിരുന്നതല്ല. എന്നാല്‍ ചക്കരയല്ലേ ആള്. പണിയില്ലാതെ വെറുതെ തേരാപ്പാര നടക്കുന്ന ആരായാലും അതാണ് കച്ചവടക്കാരാനാകാനുള്ള മിനിമം യോഗ്യതയെന്ന് ചക്കര വിശ്വസിച്ചിരുന്നു. ചക്കരക്ക് സ്റ്റീഫന്‍ ജോസഫൊന്നും ഒരു കനമുള്ള കേസുകെട്ടായിരുന്നില്ല. പക്ഷേ തോമുട്ടിയെ സംബന്ധിച്ച് സ്റ്റീഫന്‍ എളുപ്പത്തില്‍ തൊണ്ടയിലൂടിറങ്ങി ആമാശയത്തിലെത്തി ദഹിച്ച് പുറത്തുവരുന്ന ആളായിരുന്നില്ല. അത്രയ്ക്കും കാര്യങ്ങള്‍ അവനെ ചുറ്റിപ്പറ്റി തോമുട്ടിക്ക് അറിയാമായിരുന്നു.  

 

രണ്ടാം ക്ലാസ്സുവരെയേ സ്കൂളിന്‍റെ പടി സ്റ്റീഫന്‍ കണ്ടിട്ടുള്ളൂ. ആ നല്ല പ്രായത്തില്‍ തന്നെ പോക്കറ്റടി ഒരു കലയാണെന്ന് മനസ്സിലാക്കി അതൊരു ഉപാസനയാക്കി. വീട്ടില്‍ പറഞ്ഞു തിരുത്താനോ നിയന്ത്രിക്കാനോ ആരുമുണ്ടായിരുന്നില്ല. അപ്പന്‍ മകുടി ജോസഫ് എന്നറിയപ്പെട്ടിരുന്ന ഉലകം ജോസിന് യൂണിയന്‍ പണിയും കള്ളുകുടിയും കഴിഞ്ഞ് കുടുംബം നോക്കാന്‍ കാര്യമായ സമയമൊന്നും മിച്ചമുണ്ടായിരുന്നില്ല. അമ്മക്കാകട്ടെ എപ്പോഴും ഒരു ഓളം വെട്ടലാണ്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും സ്വന്തംവീടായ ആളുരിലുള്ള കീഴ്പ്പറമ്പില്‍ ചെന്നിരിക്കും. അപ്പോഴൊക്കെ സ്റ്റീഫനേയും കൂടെ കൊണ്ടുപോകും. പഠിച്ചില്ലെങ്കിലും ജയിപ്പിക്കാമെന്നു വെച്ചാല്‍ ഹാജറില്ലാതെ എങ്ങനെയാണ് കടത്തിവിടുക. രണ്ടില്‍ തന്നെ ടീച്ചര്‍ തോല്പിച്ചു. ടീച്ചറേയും തോല്പിക്കുന്ന മട്ടില്‍ സ്റ്റീഫന്‍ പഠിപ്പേ നിര്‍ത്തി. പിന്നെ ആളൂരിലുള്ള ഒരു മഠത്തിലായി താമസം. വയറുനിറച്ച് തിന്നാന്‍ കിട്ടും. എന്തെങ്കിലുമൊക്കെ പണിയെടുത്താല്‍ മതി. 

 

വളരുംതോറും ചെക്കന്‍ കൈവിട്ടു പോകുകയാണെന്നറിഞ്ഞപ്പോള്‍, നല്ല നടപ്പിനു ശിക്ഷച്ചിട്ടും നേരെയാകില്ലെന്ന് ഉറപ്പുവന്നപ്പോള്‍ മഠത്തില്‍ നിന്നും പുറത്താക്കി. പിന്നെ അതുപോലുള്ള കൂട്ടുകെട്ടുകളിലായി സഹവാസം. ബ്ലേഡ് നാക്കിനടിയില്‍ വെച്ചുള്ള പോക്കറ്റടി വരെ വിദഗ്ധമായി ചെയ്തുവന്നിരുന്നു. ഇടയ്ക്കിടക്ക് ഏമാന്മാര്‍ വിളിച്ച് താക്കീത് ചെയ്തു വിടും. ഒരു രണ്ടുമൂന്നുമാസം ഡീസന്‍റായി നാട്ടില്‍ നടക്കും. അപ്പോഴേക്കും ആളൂരിലുള്ള തറവാടൊക്കെ വിറ്റതുകാരണം അമ്മക്ക് തോന്നുമ്പോള്‍ തോന്നുമ്പോള്‍ പോകാന്‍ ഇടമില്ലാതായി. സ്റ്റീഫന് കിടയ്ക്കാട് വിട്ടുപോകാനും പറ്റാതായി. വയറ്റിലേക്ക് വല്ലതും മൂന്നുനേരം ചെല്ലണമെങ്കില്‍ പണിയ്ക്ക് പോകേണ്ട അവസ്ഥയിലായി. 

 

അപ്പോഴൊക്കെ മീന്‍പിടിക്കാനോ, തേപ്പുപണിക്കോ വാര്‍ക്കപ്പണിക്കോ ഒക്കെ പോയിക്കൊണ്ടിരുന്നു. അതുകൊണ്ടുണ്ടായ മെച്ചം എന്താണെന്നുവെച്ചാല്‍ പോക്കറ്റടിയിലുള്ള കോണ്‍സന്‍ട്രേഷന്‍ കുറഞ്ഞുവെന്നതാണ്. പക്ഷേ ആ കോണ്‍സന്‍ട്രേഷന്‍ ‘ചീമ്പാം പൊത്തി’ എന്നറിയപ്പെടുന്ന, വായുവില്‍ നാണയംവിട്ട് കറക്കിപിടിച്ച് പൊത്തി കാശുവെക്കുന്ന കളിയിലെത്തി. അതിന്‍റെ മെയിന്‍ കളിക്കാരന്‍ ചക്കരയാണ്. ചക്കരക്കടുത്ത് എത്രരൂപാ വരെ വേണമെങ്കിലും വെക്കാം. ചീട്ടുകളിയും കച്ചോടവും ഇല്ലാതെ ബോറടിക്കും നേരം ചക്കര ചീമ്പാംപൊത്തി കളിക്കാന്‍ വെള്ളമില്ലാത്ത കനാല്‍പ്പാലത്തിനടിയില്‍ ചെന്നിരിക്കും. അറിയുന്നവര്‍ക്കേ അറിയൂ അവിടെ ഒരു കളി നടക്കുന്നുവെന്ന കാര്യം. അങ്ങനെ ചീമ്പാംപൊത്തിയും മീന്‍പിടുത്തവും മറ്റു കലാപരിപാടികളുമായി നടന്നിരുന്ന സ്റ്റീഫനെ ചക്കരതന്നെ ഒരു ദിവസം ഓര്‍ഡര്‍മാനാക്കി വിളിച്ചുകൊണ്ടുവരുന്നത് ഡ്രൈവിംഗ് സീറ്റില്‍ നിസ്സഹായമായ ഒരമര്‍ഷത്തോടെ തോമുട്ടി നോക്കിയിരുന്നു. 

 

സ്റ്റീഫന്‍ ജോസഫിന്‍റെ ഈ വക പരിപാടികളെല്ലാം മറക്കാനും പൊറുക്കാനും തോമുട്ടി തയ്യാറായിരുന്നു. എന്നാല്‍ പറ്റാത്ത ഒന്നുണ്ട്. രാത്രിനേരമായാല്‍ അവന്‍ മെല്ലെ കിടക്കപായില്‍ നിന്നെഴുന്നേല്‍ക്കും. കിടയ്ക്കാട് ഏതൊക്കെ വീട്ടിലെ കിടപ്പുമുറികളില്‍ അപ്പോള്‍ ലൈറ്റുണ്ടാകുമെന്നും ലൈറ്റണഞ്ഞിരിക്കുമെന്നും അവനറിയാം. ഒരിക്കലും എരണ്ടയെന്നറിയപ്പെടുന്ന ഒളിഞ്ഞുനോട്ടത്തില്‍ സ്റ്റീഫന്‍ ചെന്നിട്ടില്ല. പൊതുവേ സ്ത്രീവിഷയത്തില്‍ അവന്‍ അത്ര ഉത്സാഹവാനല്ല. പക്ഷേ, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടാല്‍ സ്റ്റീഫന്‍റെ നില തെറ്റും. അതെവിടെ, ഏതുനട്ടപ്പകലു കണ്ടാലും അവന്‍ വിടില്ല. കൈക്കലാക്കിയിരിക്കും. കിട്ടിയപാടെ അതുവരെ ഇട്ടിരുന്ന തന്‍റെ അടിവസ്ത്രം ഊരി മാറ്റി (അതും ഒരു സ്ത്രീപക്ഷമായിരിക്കും) പുതിയത് കിട്ടിയതെടുത്തിടും. ഇന്നേവരെ സ്റ്റീഫന്‍ സ്വന്തം ആവശ്യത്തിനായി കാശുകൊടുത്ത് ഒരാണിന്‍റെ അടിവസ്ത്രം വാങ്ങിയിട്ടില്ല. വാങ്ങിയിട്ടില്ലെന്നല്ല, ഒരാണിന്‍റെയും ഇന്നേവരെ അടിച്ചുമാറ്റിയിട്ടുമില്ല. പുരുഷ ഷെഡികളോട് ഒരലര്‍ജി പോലെ. 

 

അടിവസ്ത്രം സ്ഥിരം മോഷണം പോയി തുടങ്ങിയപ്പോള്‍ കിടയ്ക്കാട്ടെ തരുണീമണികളെല്ലാം തോരാനിടുന്നത് വീടിനകത്തുതന്നെയാക്കി. എന്നാലും സ്റ്റീഫന് കുഴപ്പമില്ലായിരുന്നു. ഇഷ്ടംപോലെ, മാറി മാറിയിടാന്‍ ഒന്നൊന്നരക്കൊല്ലത്തേക്കുള്ള സ്റ്റോക്ക് അവന്‍റെ കയ്യിലപ്പോഴേക്കും എത്തിയിരുന്നു. കുറേക്കഴിയുമ്പോള്‍ പെമ്പിള്ളേര്‍ അതെല്ലാം മറന്നേക്കുമെന്നും വീണ്ടും പുറത്ത് തോരയിടുമെന്നും അവനുറപ്പായിരുന്നു. അപ്പോള്‍ ഒരിറക്കം ഇറങ്ങിയാല്‍ മതിയല്ലോ. അങ്ങനെ തല്ക്കാലത്തേക്ക് ആ ശീലവും ഒതുക്കിവെച്ച് ചക്കരക്കൊപ്പം കച്ചവടത്തിനു കയറി.  

 

അന്നുരാത്രി, ലോഡ്ജ് മുറിയില്‍ വെള്ളമടിച്ച് പൂക്കുറ്റിയായ സ്റ്റീഫന്‍ മുണ്ടൂരി തലയില്‍ കെട്ടി ഡാന്‍സ് ചെയ്തു. മുണ്ടൂരിയ ഉടനെ തോമുട്ടി നോക്കിയത് അവന്‍റെ അടിവസ്ത്രത്തിലേക്കാണ്. പിങ്കുകളറില്‍ ഒരു കമ്പനിയുടെ എംബ്ലമുള്ള ഒതുങ്ങിപ്പറ്റിക്കിടക്കുന്ന ഒരു ഷെഡി. ഏതോ ഗള്‍ഫുകാരന്‍റെ ഭാര്യയുടേതായിരിക്കണം. അത് നോക്കിനിന്നപ്പോള്‍ തോമുട്ടിക്ക് രോമാഞ്ചമുണ്ടായി. അന്ന് തോമുട്ടി സ്റ്റീഫനോട് നിബന്ധനകളൊന്നും പറഞ്ഞില്ല. അതൊക്കെ ചക്കരയുടെ ഡിപ്പാര്‍ട്ടുമെന്‍റാണല്ലോ. കക്കരുത് എന്ന് ചക്കര പറഞ്ഞിരിക്കും. ഷെഡിയെങ്ങാനും എവിടുന്നെങ്കിലും എടുത്താല്‍ കൈ കൊത്തിക്കളയുമെന്ന് വണ്ടിയില്‍ നിന്ന് ആദ്യമായി ഫീല്‍ഡിലേക്ക് വലതുകാല്‍ വെച്ചിറങ്ങുമ്പോള്‍ സ്റ്റീഫനോട് ചക്കര പറയുന്നത് എല്ലാവരും കേട്ടിരുന്നു. പറഞ്ഞാല്‍ പറഞ്ഞതുചെയ്യുന്നവനാണ് ചക്കരയെന്ന് എല്ലാവര്‍ക്കും അറിയാം. എന്തൊക്കെ അശ്ലീലങ്ങള്‍ അകത്ത് അടയിരുന്നാലും സ്റ്റീഫന്‍ കച്ചവടത്തിനിറങ്ങിയപ്പോഴൊക്കെ നല്ല പുള്ളിയായിരുന്നു.  

 

അടുത്ത കച്ചവടക്കാരന്‍ സ്റ്റീഫന്‍ എന്നുതന്നെ തോമുട്ടി തീരുമാനിച്ചു. പഠിപ്പില്ലാത്തതുകൊണ്ട് ബോധം കുറവാണ്, വകതിരിവും. ധൈര്യമാണെങ്കിലോ അപാരവും. ഈ ബോധമില്ലായ്മയും ധൈര്യവും കൂടി ചേര്‍ന്നപ്പോള്‍ എടുക്കുന്ന ഓര്‍ഡറുകള്‍ മുഴുവനും കോംപ്ലിമെന്‍റായിരുന്നു എന്നു മാത്രം. വലിയ വലിയ വീടുകളില്‍, അതും പോലീസിന്‍റെയും എക്സൈസുകാരന്‍റേയുമൊക്കെ വീട്ടില്‍ നിന്ന് ഓര്‍ഡറെടുത്ത് നെഞ്ചുംവിരിച്ച്, കറവീണ പലകപല്ലുകളെല്ലാം കാണിച്ചു ചിരിച്ച് ഒരു പ്രത്യേക സ്റ്റൈലില്‍ സ്റ്റീഫന്‍ നടന്നുവരുന്നതുകണ്ടാല്‍ അറിയാം. ടി.വിയുടെ ഓര്‍ഡറാണെന്ന്.  

സ്റ്റീഫന്‍റെ പല്ലുകള്‍ ഒരിക്കലും ചുണ്ടുകള്‍ക്കപ്പുറം ഒതുങ്ങിയിരുന്നില്ല. പലക പല്ലിന്‍റെ എല്ലാത്തിനും ഇടയില്‍ വിടവുകളും കറയുമുണ്ട്. രണ്ടു ചുണ്ടുകളും ആവശ്യത്തിലധികം തടിച്ച് കറുത്തതാണ്. മുഖം ഒട്ടിയിരിക്കുന്നു. നീളത്തിലുള്ള മൂക്കിന്‍റെ അഗ്രം തടിച്ചിരിക്കുന്നു. എപ്പോഴും മഞ്ഞയില്‍ കലങ്ങിക്കിടക്കുന്ന ഉണ്ട കണ്ണുകള്‍. തടിച്ചുവീതിയേറിയ കൂട്ടുപുരികം. ചുരുണ്ടു ചുരുണ്ടു കിടക്കുന്ന കറുത്ത തല കണ്ടാല്‍ ഏതോ നീഗ്രോയുടെ വിഗ്ഗെടുത്ത് വെച്ചതാണെന്നു തോന്നും. സാമാന്യം അറിവുള്ളവര്‍ക്ക് ഒരൊറ്റ നോട്ടത്തില്‍ തന്നെ സ്റ്റീഫനില്‍ ഒരു കള്ളലക്ഷണം കണ്ടെടുക്കാന്‍ യാതൊരു പ്രയാസവുമില്ല. അങ്ങനെയുള്ള വിരുതനാണ് പോലീസുകാരന്‍റെ വീട്ടില്‍ നിന്നുപോലും പലപ്പോഴും ഫ്രിഡ്ജിനും വാഷിംഗ് മെഷീനും ഓര്‍ഡര്‍ എടുത്തു വന്നിരുന്നത്.  

 

ഓര്‍ഡര്‍ കിട്ടിയില്ലെങ്കില്‍ തളര്‍ന്ന് വയ്യാതായ ഒരപ്പാപ്പനെ പോലെ തലകുനിച്ചേ അവന്‍ നടക്കൂ. സ്റ്റീഫന്‍റെ ഓര്‍ഡറുകള്‍ മുറിക്കാന്‍ ചക്കരമാത്രമേ ചെല്ലൂ. ആളും തരവും തിരിച്ചറിയാതെ ഏതൊക്കെ പുലിമടയില്‍ ചെന്നാണ് തലവെച്ചു പോന്നിരിക്കുന്നതെന്ന്  അറിയില്ലല്ലോ. ചക്കരക്കാണെങ്കില്‍ പിസറാണെങ്കില്‍ വേഗം മനസ്സിലാകും. തോമുട്ടി ആലോചിച്ചു. സ്റ്റീഫനെ കൊണ്ടുപോയാല്‍ അത്യാവശ്യം പിടിച്ചുനില്ക്കാന്‍ ഒരു   കോംപ്ലിമെന്‍റു കൊടുക്കാം. എങ്ങനെയായാലും നഷ്ടം വരില്ല. സ്റ്റീഫന്‍ ഓര്‍ഡറെടുത്താല്‍ വളക്കാനും മുറിക്കാനുമായി ലോനുവിനെ വിടാം. കാര്യങ്ങള്‍ അവനായിക്കൊള്ളും. തനിക്കാണെങ്കില്‍ റിസ്കുമില്ല. അങ്ങനെ കച്ചവടക്കാരായി. ഇനിവേണ്ടത് വണ്ടിയാണ്. 

 

കൊടകരയില്‍ നിന്നുള്ള മാര്‍ഗ്ഗം കൂടി മത്തായിയുടെ 307 പോലുള്ള വണ്ടികള്‍ തോമുട്ടിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. കച്ചവടത്തെക്കുറിച്ച് അധികമൊന്നും ഗ്രാഹ്യമില്ലാത്ത പുതിയ വല്ല വണ്ടികളുമായിരുന്നു തോമുട്ടി ഉന്നംവെച്ചത്. പരിചയമുള്ള ഏതുഡ്രൈവര്‍മാരാണെങ്കിലും അല്പസ്വല്പമൊക്കെ തന്നെക്കുറിച്ച് അറിയും. ഇന്നലെവരെ ഡ്രൈവറായി ഓര്‍ഡര്‍ എടുത്തുനടന്നിരുന്ന താന്‍ ഒരു ദിവസം മേട്ടയായി അവന്‍മാരെ ഭരിക്കാന്‍ നിന്നാല്‍ അവരതിനു നിന്നുതരുമെന്ന് ഉറപ്പില്ല. തന്നോട് ബഹുമാനക്കുറവുമൂലം ചിലപ്പോള്‍ പറഞ്ഞാല്‍ പറഞ്ഞപോലെ കേട്ടെന്നും വരില്ല. അതുകൊണ്ട് വണ്ടി കണ്ടെത്തേണ്ട ഉത്തരവാദിത്വം തോമുട്ടി സ്വയമങ്ങ് ഏറ്റെടുത്തു. എല്‍ദോയുടെ പക്കലിപ്പൊ വണ്ടിയൊന്നുമില്ല. 

 

പുതിയ ലോഡ് ആരുമങ്ങനെ അവിടെ നിന്നും കൊണ്ടുപോകുന്നില്ല. സ്ഥിരക്കാര്‍ രണ്ടുമൂന്നു പേരുണ്ട്. അവര്‍ക്കുള്ള സാധനങ്ങള്‍ തന്നെ ഒരു വിധത്തിലാണ് മൂപ്പര്‍ ഒപ്പിക്കുന്നത്. പിന്നെ തന്‍റെ കാര്യമായതിനാല്‍ എന്തെങ്കിലുമൊക്കെ അഡ്ജസ്റ്റു ചെയ്യുമായിരിക്കും. ആ തിരക്കിനിടയില്‍ വണ്ടികൂടി അന്വേഷിക്കാനുള്ള ബാധ്യത എല്‍ദോയെ ഏല്പിച്ചാല്‍ കുടിച്ചിരിക്കുന്ന സമയത്താണെങ്കില്‍ സ്നേഹമെല്ലാം മറന്ന് പോയി പണിനോക്കാന്‍ പറയും. അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ്, തോമുട്ടിയുടെ മനോമുകരത്തില്‍ പച്ചക്കളറില്‍ നീണ്ടുകിടക്കുന്ന ലോനപ്പേട്ടന്‍റെ ക്രിസ്തുരാജ ലോംഗ് ചേസ് ടെമ്പോ സഡന്‍ ബ്രേക്കിട്ട് നിന്നത്. കൃത്യസമയത്ത് കൃത്യമായി ഓര്‍മ്മയും ബുദ്ധിയും പ്രവര്‍ത്തിപ്പിച്ചതില്‍ തോമുട്ടി കിടയ്ക്കാട്ടെ സെന്‍റ് ആന്‍റണീസിന് നന്ദി പറഞ്ഞു. ലോനപ്പേട്ടനാണെങ്കില്‍ ആകെയൊന്നുടഞ്ഞ് ‘‘കച്ചവടത്തിന് ഏതെങ്കിലും നല്ല ടീമുകളൊത്തു വരികയാണേല്‍’’ പോകാമെന്ന് രണ്ടാഴ്ച മുന്‍പ് തോമുട്ടിയോട് പറഞ്ഞിരുന്നു. തോമുട്ടി മംഗലപാടത്ത് വാടകക്കു താമസിക്കുന്ന ലോനപ്പേട്ടന്‍റെ വീടിനെ ലക്ഷ്യമിട്ടു.  

 

കിടയ്ക്കാടുള്ളവര്‍ക്ക് ഡ്രൈവര്‍ എന്നതിന്‍റെ ഒരു സങ്കല്പ ചിത്രം കിട്ടുന്നത് ലോനപ്പേട്ടനിലൂടെയാണ്. ആദ്യകാലത്ത് തൃശ്ശൂരില്‍ നിന്നും കിടയ്ക്കാടുകൂടി രുധിരാഴി ഡാമിലേക്ക് രണ്ടേ രണ്ടു ബസ്സേ ഉണ്ടായിരുന്നുള്ളൂ. ഒന്നൊരാന വണ്ടി. അത് പേരിനുമാത്രം ഉള്ള വണ്ടിയാണ്. മിക്ക ദിവസവും ടയറുപൊട്ടിയും ആക്സിലൊടിഞ്ഞും കിടയ്ക്കാട്ടെ ഏതെങ്കിലും പൂളച്ചോട്ടില്‍ കിടക്കുന്നുണ്ടാകും. പിന്നെയുള്ളത് ബി.എം.ടിയാണ്. ബി.എം.ടി. എന്ന് കുത്തും കോമയും ഏണും കോണുമൊക്കെ തിരിച്ച് പറയുന്നത് അത്ര എളുപ്പമല്ലാത്തതിനാല്‍ പറയുന്നവരൊക്കെ കൂടി അതിനെ ‘‘ബീയെമുട്ടി’’ എന്നൊരു ലയതാളം കലര്‍ത്തി ഒരൊഴുക്കിലങ്ങു പറഞ്ഞുപോന്നു. 

മഞ്ഞയും വെള്ളയും കലര്‍ന്ന ബീയെമുട്ടി ഒരിക്കലും ആള്‍ക്കാരെ പറ്റിച്ച് റോഡില്‍ കിടന്നിട്ടില്ല. ആര്‍ക്കും എപ്പോഴും വിശ്വസിക്കാം. ഡ്രൈവര്‍ സീറ്റില്‍ അവധിയില്ലാതെ ലോനപ്പേട്ടന്‍ ഉണ്ടാകും. ലോനപ്പേട്ടനന്ന് ഏറ്റവും തിളക്കുന്ന പ്രായത്തിലാണ്.   ത്രികോണം കിടത്തിവെച്ചതുപോലെയാണ് മുടിയുടെ ഷെയ്പ്. രണ്ടുവശത്തുനിന്നും മുകളിലേക്കത് എണ്ണയിട്ട് മിനുക്കി കിളിക്കൂടുപോലെ ചീകിവെക്കും. നീണ്ട നെറ്റിയില്‍ മിക്കപ്പോഴും വിയര്‍പ്പുപൊടിഞ്ഞിരിക്കും. അതിനു കീഴെ കൂര്‍മ്പന്‍ രോമങ്ങളുള്ള പുരികം, കണ്ണുകള്‍ക്ക് വല്ലാത്ത ഒരു രൂക്ഷതയാണ്. നീളന്‍ മൂക്കിന്‍റെ അടിയില്‍ നടരാജ പെന്‍സില്‍കൊണ്ടു വരച്ചുചേര്‍ത്തതുപോലുള്ള ഒരു സത്യന്‍മീശ. ഉയരം കുറഞ്ഞ് ഉരുണ്ടിട്ടാണെങ്കിലും നല്ല ഉറച്ച ശരീരമായിരുന്നു. കാക്കി പാന്‍റിട്ടേ എപ്പോഴും നടക്കൂ. ഷര്‍ട്ടിനടിയില്‍ കയ്യുള്ള ബനിയന്‍ നിര്‍ബന്ധമാണ്. അത് സാധാരണ ഉള്ളില്‍ ഇടുന്ന വെള്ള ബനിയനൊന്നുമല്ല. കടും നീലയോ ചെമപ്പോ പച്ചയോ കലര്‍ന്ന നല്ല കട്ടിതുണിയുടെ ബനിയനുമീതെ കാക്കി ഷര്‍ട്ട് കുടുക്കൊന്നും കുത്താതെ തുറന്നിട്ടുണ്ടാകും. 

 

വണ്ടി എവിടെ നിര്‍ത്തിയാലും ആരേയും വില കല്പിക്കാത്തമട്ടില്‍ സ്റ്റിയറിങ്ങില്‍ താളംപിടിച്ച് റോഡിലേക്ക് നോക്കിയിരിക്കും. ഇടയ്ക്കൊന്ന് ചായ കുടിക്കാന്‍ നിര്‍ത്തുക കിടയ്ക്കാട് സെന്‍ററിലെത്തുമ്പോഴാണ്. വണ്ടി ഒതുക്കിയിട്ട് മൂപ്പര്‍ ചാടിയിറങ്ങുന്നത് കാണേണ്ടതു തന്നെയാണ്. ഒരു കുന്നിന്‍ പുറത്തു നിന്നും വിദഗ്ധമായി ചാടുന്നതുപോലെയുള്ള ആ ചാട്ടമാണ് ലോനപ്പേട്ടനെ അന്ന് തോമുട്ടിയുടെ ആരാധ്യപുരുഷനാക്കിയത്. ആരോടും പയ്യാരത്തിനൊന്നും നില്ക്കാതെ ഒരു പാലും വെള്ളം കുടിച്ച് പരിപ്പുവടയും കടിച്ച് പുറത്തേക്ക് നോക്കിയിരിക്കും. കാക്കിയില്‍ ചുവപ്പുകലര്‍ന്ന ആ രൂപത്തിനെ നോക്കി തെല്ലൊരാധനയോടെ തോമുട്ടിക്കൊപ്പം സ്കൂള്‍ പിള്ളേരൊക്കെ കൂടി നില്പുണ്ടാകും. ക്ലാസ്സില്‍ ടീച്ചര്‍ ‘‘ആരാകാനാണ് ആഗ്രഹമെന്നു ചോദിച്ചാല്‍’’ ബീയെമുട്ടിയുടെ ഡ്രൈവര്‍ എന്ന് ഉത്തരം പറയുന്നവരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍...

 

അതങ്ങനെ ഒരു കാലം... സാവകാശം കിടയ്ക്കാടും വളര്‍ന്നു. ബസ്സുകള്‍ രണ്ടില്‍ നിന്ന് അഞ്ചായി പത്തായി. അതിനൊപ്പം ഡ്രൈവര്‍മാരും കിളികളും കൂടി. ബിയെമുട്ടി ഓടിച്ച് ഓടിച്ച് ലോനപ്പേട്ടനും പ്രായമായി. മുപ്പതില്‍ നിന്ന് മുകളിലേക്ക് കയറാത്ത ബീയെമുട്ടിയും താനും മത്സരപ്പാച്ചിലില്‍ പോരാത്തവരെന്നു തോന്നിച്ചപ്പോള്‍ ലോനപ്പേട്ടന്‍ വണ്ടിയില്‍ നിന്നിറങ്ങി. പിന്നെ മറ്റൊരു ബസ്സ് നോക്കിയതേയില്ല. ആകെ കൂടിയുള്ളത് ഒരു മകനാണ്. കിട്ടിയ കാശ് ഏറെയൊന്നും സ്വരുക്കൂട്ടി എടുത്തുവെക്കാതെ മകനെ പഠിപ്പിക്കാനും അണിയിക്കാനുമായി ചെലവാക്കി. 

മകനാകട്ടെ ലാളന കൂടിയതിനാലും അപ്പന്‍റേം അമ്മയുടെയും സ്നേഹവും പോരെന്ന് തോന്നിയതിനാലും പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പേ ഒരു പ്രേമത്തില്‍ ചെന്നുപെട്ടു. ലോനപ്പേട്ടന്‍ മകന്‍റെ ഇഷ്ടത്തിന് എതിരുനിന്നില്ല. സമയം തികഞ്ഞപ്പൊ കല്യാണവും നടത്തി. ഇനി മകന്‍ കൊണ്ടുവരുന്നതും കഴിച്ച് സ്വസ്ഥമായി ഇരിക്കാമല്ലൊ എന്നു കരുതി. പക്ഷേ രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോഴേക്കും മകനും മരുമോള്‍ക്കും തനിച്ചു ജീവിക്കണമെന്നായി. താന്‍ ഓടിക്കുന്ന വണ്ടി റോഡിലൂടെയല്ല പോയിരുന്നതെന്ന് അപ്പോഴേ ലോനപ്പേട്ടന്‍ അറിഞ്ഞുള്ളൂ. മകനേയും മരുമോളേയും വാടകക്കാരാക്കണ്ട എന്നു കരുതി അപ്പനും അമ്മയും മാറിത്താമസിച്ചു. വാടക കൊടുത്ത് തന്നെ. 

ജീവിതപ്പാത പിന്നേയും നീണ്ടങ്ങനെ കിടക്കുകയാണല്ലോ. കയ്യില്‍ ശേഷിച്ചിരുന്നതെല്ലാം തട്ടിക്കൂട്ടി ലോനപ്പേട്ടന്‍ ഒരു പുത്തന്‍ ലോംഗ് ചേസ് ടെമ്പോയെടുത്തു. കുറെയൊക്കെ അടവിന്. നല്ല പുതുപുത്തന്‍ വണ്ടിയായതിനാലും സ്വന്തമായതിനാലും കണ്ടുപൂതി തീരാത്തതിനാലും ആദ്യമൊന്നും ഓട്ടത്തിനേ പോയിരുന്നില്ല. വാടക വീടിന്‍റെ ഉമ്മറത്ത് കസേരയിലിരുന്ന് വണ്ടി നോക്കിയിരിക്കും. കാലത്തും ഉച്ചക്കും വൈകുന്നേരവുമെല്ലാം   സ്ഥിരമായി കഴുകി തുടച്ച് പളുങ്ക് പളുങ്ക് പോലെയാക്കി. ഉച്ചനേരത്ത് ഉറങ്ങാനായി മുറിയില്‍ കിടന്നാല്‍ ജനാലകള്‍ രണ്ടും തുറന്നിടും. 

 

ഉച്ചമയക്കത്തിനിടയില്‍ തിരിഞ്ഞും മറിഞ്ഞുമുള്ള പലപല ആംഗിളുകള്‍ ക്രിസ്തുരാജിനെ കണ്ടുകൊതിച്ച് മോഹിച്ചാസ്വദിച്ച് കിടന്നു. ആ നോട്ടമങ്ങനെ ഏറെനാള്‍ തുടര്‍ന്നാല്‍ ബ്ലേഡുകാരുവന്ന് വണ്ടികൊണ്ടു പോകുമെന്ന സത്യം വൈകിയാണെങ്കിലും ലോനപ്പേട്ടനു ബോധ്യപ്പെട്ടു. എന്തെങ്കിലും ഓട്ടത്തിനു പോയേ പറ്റൂ എന്നായി. പുത്തന്‍വണ്ടി റെഡിയെന്നു കേട്ടതേ വിളിക്കാന്‍ കച്ചവടക്കാരെത്തി. കച്ചവടത്തിനു പോകാന്‍ ആദ്യമൊന്നും താല്പര്യം തോന്നിയില്ലെങ്കിലും വേറെ വഴിയില്ലായിരുന്നു ബ്ലേഡുകാര്‍ക്ക് കാശടക്കാന്‍. വടക്കാഞ്ചേരിയില്‍ നിന്നും ഓട്ടുപ്പാറയില്‍ നിന്നുമൊക്കെ ടീമുകള്‍ വന്നു. എല്ലാ ടീമിന്‍റെ കൂടെയും ഓരോ തവണയേ പോയുള്ളൂ. എത്ര നിര്‍ബന്ധം ചെലുത്തിയാലും വണ്ടി നാല്പതില്‍ നിന്നു കയറില്ല. നാല്പതില്‍ സ്പീഡിന് കൂച്ചുവിലങ്ങിട്ട പോലെയാണ്. ഓട്ടുപാറക്കാര്‍ക്ക് അടുത്തൊന്നും കളിയില്ല. ഒന്നുകില്‍ വയനാട്, അല്ലെങ്കില്‍ തിരുവനന്തപുരം. രണ്ടുസ്ഥലത്തും സമയത്തിന് എത്തി കച്ചവടം ചെയ്യണമെങ്കില്‍ രണ്ടുദിവസം മുമ്പേ ലോഡു കയറ്റി പോകേണ്ട സ്ഥിതിയായി. ഒന്നുകില്‍ നാല്പതിനു മേലെ പറത്തുക. അല്ലെങ്കില്‍ ഡ്രൈവര്‍ മാറുക. രണ്ടും ലോനപ്പേട്ടനു സമ്മതമല്ല. ‘‘കണ്ടോണം നശിപ്പിച്ചു കളയാനല്ല, ഞാന്‍ വണ്ടി വാങ്ങിയ’’തെന്നും പറഞ്ഞ് ലോനപ്പേട്ടന്‍ അവരെയൊക്കെ തിരിച്ചയച്ചു. ബ്ലേഡുകാര്‍ കൊണ്ടുപോയാലും ശരി മറ്റൊരു ഡ്രൈവറെ വണ്ടിയില്‍ വെക്കാന്‍ ലോനപ്പേട്ടന്‍ തയ്യാറായിരുന്നില്ല.  

 

തോമുട്ടിക്കാണെങ്കില്‍ ഡ്രൈവിങ്ങും വേഗതയുമൊന്നും ഒരു പ്രശ്നമായിരുന്നില്ല. ലോനപ്പേട്ടനാണെങ്കില്‍ തോമുട്ടിയുടെ പഴയ ഒരു വിഗ്രഹവുമായിരുന്നല്ലോ. തോമുട്ടി വന്നു കച്ചവടത്തിനു വിളിച്ചപ്പോള്‍ ലോനപ്പേട്ടന് ചേതം ഇല്ലാത്ത മൂന്നു നിബന്ധനകളേ ഉണ്ടായിരുന്നുള്ളൂ.  

 

നാല്പത് വിട്ട് വണ്ടി കയറില്ല. ഡ്രൈവിംങ്ങ് പഠിക്കാന്‍ ആരേം സമ്മതിക്കില്ല. പിന്നെ, വണ്ടിയോടിക്കുന്ന നേരത്ത് കുടിക്കാന്‍ നിര്‍ബന്ധിക്കരുത്. അത് സമ്മതിക്കാതിരിക്കുന്നതിനുള്ള കാരണമൊന്നും തോമുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

 

ലോഡ് പോകാനുള്ള തയ്യാറെടുപ്പുകളും ദിവസം നിശ്ചയിക്കുന്നതിനുമൊക്കെ മുന്‍പേ തോമുട്ടി എല്‍ദോയോട് കാര്യം പറഞ്ഞിരുന്നു. അപ്പോഴത്തെ ഒരവസ്ഥയില്‍ പുതിയ ഒരു ടീമിനെ വഹിക്കാനുള്ള ബലം എല്‍ദോക്ക് ഇല്ലായിരുന്നെങ്കിലും തോമുട്ടിയുടെ നിര്‍ബന്ധ പ്രകാരം എല്‍ദോ കിടക്കകള്‍ക്കൂടി ഉണ്ടാക്കിവെക്കാമെന്നേറ്റു. തോമുട്ടിയെ സംബന്ധിച്ച് ഏതു കമ്പനിയില്‍ ചെന്നു ചോദിച്ചാലും പുഷ്പം പോലെ ലോഡ് കൊടുക്കാന്‍ തയ്യാറായി ആള്‍ക്കാര്‍ നില്പുണ്ട്. പക്ഷേ അതൊന്നും തോമുട്ടിക്കിഷ്ടമായിരുന്നില്ല. 

 

മേട്ടയായി പോകുന്നെങ്കില്‍ അത് എല്‍ദോയുടെ കമ്പനിയില്‍ നിന്നാകണമെന്ന ഒരു മോഹം കിടക്ക കച്ചവടത്തിനു പോയി തുടങ്ങിയപ്പോഴേ തോമുട്ടിക്കുണ്ടായിരുന്നു. ആ ഒരു മോഹമാണ് പൂവണിയാന്‍ പോകുന്നത്. അതറിയുന്നതു കൊണ്ടു കൂടിയാണ് എല്‍ദോ അല്പം ബുദ്ധിമുട്ടു സഹിച്ചിട്ടാണെങ്കിലും തോമുട്ടിക്കുള്ള ലോഡ് തയ്യാറാക്കി കൊടുത്തത്.  

 

തോമുട്ടിയും കച്ചവടക്കാരും എല്‍ദോയുടെ കമ്പനിയില്‍ എത്തിയ അതേ സമയത്തു തന്നെ ഓട്ടുപാറ സര്‍വ്വീസ് സെന്‍ററില്‍ പോയി ചെക്കപ്പു കഴിഞ്ഞ് ക്രിസ്തുരാജയും എത്തി. ഡോര്‍ തുറന്ന് വായുവിലൂടെ നിലത്തേക്ക് ചാടിയിറങ്ങിയ ലോനപ്പേട്ടനെ കണ്ടപ്പോള്‍ പഴയ ബീയെമുട്ടിയില്‍ നിന്നും ചാടിയിറങ്ങുന്ന ലോനപ്പേട്ടനെയാണ് തോമുട്ടിക്കോര്‍മ്മ വന്നത്. ഒരു വ്യത്യാസം പ്രകടമാണ്. അന്ന് ലോനപ്പേട്ടന്‍ ഇട്ടിരുന്നത് ലൂണാറിന്‍റെ വെളുപ്പും നീലയും കലര്‍ന്ന വാറു ചെരിപ്പാണ്. ഇന്നാകട്ടെ കാന്‍വാസിന്‍റെ നല്ല ഉയരമുള്ള ഷൂസും. അതേ കാക്കി പാന്‍റും കാക്കി ഷര്‍ട്ടും. തുറന്നുകിടന്ന വിരിമാറില്‍ ഒരു പച്ചക്കട്ടി ബനിയന്‍. ബനിയനുള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന വയറിന്‍റെ കീഴ്ഭാഗം ബനിയനേയും പാന്‍റിനേയും പറ്റിച്ച് പുറത്തേക്ക് നോക്കി നെടുവീര്‍പ്പിടുന്നുണ്ട്. 

തന്‍റെ ആരാധനാ ബിംബം, പ്രായത്തിന്‍റെ തടിയും ദുര്‍മ്മേദസും ഉണ്ടെങ്കിലും വലിയ വ്യത്യാസമൊന്നും കൂടാതെ മുന്നില്‍ നിൽക്കുന്നതു കണ്ടപ്പോള്‍ തോമുട്ടിക്ക് രോമാഞ്ചമുണ്ടായി. അടുത്ത നിമിഷം ആ രോമാഞ്ചം അസ്തമിച്ച് അവിടെയൊരു വാക്കുതര്‍ക്കമുണ്ടായേനെ. പൊന്നുപോലെ താന്‍ നോക്കുന്ന വണ്ടിയില്‍ ഇരുമ്പു കഷണങ്ങള്‍ കയറ്റിയിടാന്‍ ലോനപ്പേട്ടന്‍ സമ്മതിച്ചില്ല. പക്ഷേ പാരയില്ലെങ്കില്‍ കുഞ്ഞാലിയെ കയറ്റുന്നതില്‍ കാര്യമില്ലെന്നും ആദ്യത്തെ ലോഡായതുകൊണ്ട് ഒന്നു കണ്ണടക്കാനും തോമുട്ടി അല്പം നീക്കി നിര്‍ത്തി തഞ്ചത്തില്‍ ലോനപ്പേട്ടനെ പറഞ്ഞു സമ്മതിപ്പിച്ചു. അവിടേയും ഇവിടേയും തട്ടി ഞെളക്കമുണ്ടാക്കാതെയും പെയിന്‍റു കളയാതെയും സൂക്ഷിച്ച് പാരകള്‍ ഒതുക്കി വെക്കാന്‍ ലോനപ്പേട്ടനൊപ്പം തോമുട്ടിയും കുഞ്ഞാലിയോട് പറഞ്ഞു. ഇരുവരുടേയും ഉടമ്പടിയില്‍ പാരക്കാര്യം ഇല്ലാതിരുന്നതുകൊണ്ട് അതിന്‍റെ പേരില്‍ കൂടുതല്‍ തര്‍ക്കിക്കുന്നതില്‍ കാര്യമേതുമില്ലെന്ന് അവര്‍ പരസ്പരം തിരിച്ചറിഞ്ഞു. കിടക്കയും സോഫയും മിക്സിയും കുക്കറുമൊക്കെയായി ആ ലോംഗ് ചേസില്‍ പരമാവധി ലോഡ് തന്നെ കയറ്റിയിരുന്നു.

 

അങ്ങനെ ഒരു വ്യാഴാഴ്ച സന്ധ്യക്ക് ലോനപ്പേട്ടന്‍റെ ക്രിസ്തുരാജയില്‍ തോമുട്ടി മേട്ടയായി ലോനുവും കുഞ്ഞാലിയും സ്റ്റീഫനും കച്ചവടക്കാരായി അവര്‍ കച്ചവടത്തിനു പുറപ്പെട്ടു. എവിടുന്നാണ് കളിച്ചു തുടങ്ങേണ്ടുന്നതെന്ന് വ്യക്തമായ ഒരു ധാരണ തോമുട്ടിക്കുണ്ടായിരുന്നില്ല. തിരുവനന്തപുരം തൊട്ടിങ്ങോട്ട് തുടങ്ങാമെന്നാണ് വിചാരിച്ചത്. എന്നാല്‍ ആലുവ എത്താന്‍ തന്നെ ക്രിസ്തുരാജ മണിക്കൂര്‍ മൂന്നെടുത്തു. ഇക്കണക്കിന് തിരുവനന്തപുരത്തെത്തി കച്ചവടം കഴിഞ്ഞ് പോരുമ്പോഴേക്കും രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്ന് തോമുട്ടിക്ക് തോന്നി. മുന്‍പില്‍ മേട്ടയുടെ സീറ്റിലിരുന്ന് തോമുട്ടി ലോനപ്പേട്ടന്‍റെ ഡ്രൈവിങ്ങ് നോക്കി. അകലെ നിന്നുവരുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ ഇടയ്ക്കൊക്കെ മൂപ്പരുടെ കണ്ണു മഞ്ഞളിക്കുന്നു. ഡ്രൈവിംഗിനിടയില്‍ റോഡിലേക്കു മാത്രമേ നോക്കൂ. ഒരക്ഷരം മിണ്ടില്ല. ഇടയ്ക്കിടെ ഒഴിഞ്ഞുമാറുന്നതുപോലെ അറിയാതെയിരുന്ന് വെട്ടിത്തിരിയുന്നുണ്ട്. സ്പീഡോമീറ്ററില്‍ സൂചി മുപ്പത്തിയഞ്ചിനും നാല്പതിനും ഇടയില്‍ ചലനമില്ലാതെ ചത്തുകിടന്നു. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാത്തപോലെ. ഗിയര്‍ ഡൗണ്‍ ചെയ്യുമ്പോള്‍ സാവകാശമത് താഴേക്കിറങ്ങി വരുന്നതു കാണുമ്പോഴാണ് തകരാറൊന്നുമില്ലെന്ന് മനസ്സിലാകുക. നാല്പതില്‍ കൂട്ടാനൊട്ടു പറയാനും വയ്യാത്ത കാരണം തോമുട്ടി കോട്ടുവായിട്ടു ഇടതുവശത്തേക്ക് ചാരിക്കിടന്നുറങ്ങി. 

 

ഏഴുമണിക്കു പുറപ്പെട്ട ക്രിസ്തുരാജ എറണാകുളം തങ്കം ലോഡ്ജിനു മുന്നിലെത്തുമ്പോള്‍ പതിനൊന്നര കഴിഞ്ഞിരുന്നു. തല്ക്കാലം കളി കിടയ്ക്ക കച്ചവടക്കാരുടെ പറുദീസയായ എറണാകുളത്തു നിന്നുതന്നെ ആവട്ടെ എന്ന് തോമുട്ടി തീരുമാനിച്ചു. എറണാകുളത്ത് വരുമ്പോള്‍ തോമുട്ടി സ്ഥിരമായി തങ്ങുന്നത് തങ്കം ലോഡ്ജിലാണ്. എപ്പോഴും കച്ചവടക്കാർ അവിടെയുണ്ടാകും. എന്നും രണ്ടു മൂന്നു വണ്ടികൾ തങ്കത്തിന്‍റെ ഉമ്മറത്ത് കിടപ്പുണ്ടാകും. റൂമില്‍ ചെന്നപാടെ മറ്റുള്ളവരെല്ലാം കേറി കിടന്നപ്പോള്‍ ലോനപ്പേട്ടന്‍ നേരെ ചെന്ന് നന്നായൊന്നു കുളിച്ചുവന്ന് ബാഗില്‍ നിന്നും പൊട്ടിക്കാത്ത ഒരു ക്വാര്‍ട്ടര്‍ കുപ്പിയെടുത്തു. രണ്ടു ഗ്ലാസ്സ് വെച്ച് ഒരെണ്ണം തോമുട്ടിയ്ക്കും രണ്ടെണ്ണം തന്‍റെ ഗ്ലാസ്സിലും ഒഴിച്ച് പേരിനല്പം വെള്ളവും ചേര്‍ത്ത്   ഒറ്റവലി. ചിറി തുടച്ച് ഒരു ദീര്‍ഘശ്വാസം വിട്ടു. അതിനിടയില്‍ കാര്യമായ സംസാരമൊന്നുമില്ല. തോമുട്ടി നടക്കുന്നതെന്തെന്നറിയാതെ അന്തംവിട്ടിരുന്നു.  

 

‘‘എന്തേ, നിനക്ക് വേണ്ടേ?’’

‘‘വേണം..’’

‘‘എന്നാ വേഗം വലിച്ച് കെടന്നുറങ്ങാന്‍ നോക്ക്. ങ്ഹാ, പിന്നൊന്ന്, ഇന്നത്തെ കാര്യം നോക്കണ്ട. ആര് കുടിച്ചാലും ഇല്ലെങ്കിലും ഇയ്ക്ക് രാത്രി ഇതില്ലാതെ പറ്റില്ല. ഇനീള്ള ദിവസങ്ങളിലെ കാര്യം മറക്കണ്ടാ.’’ അത്രേം പറഞ്ഞ് ലോനപ്പേട്ടന്‍ കിടക്കയില്‍ കിടന്നു. പല കൂര്‍ക്കം വലികളും കേട്ടിട്ടുണ്ടെങ്കിലും ലോനപ്പേട്ടന്‍റെ പോലെ ഒരു കൂര്‍ക്കംവലി തോമുട്ടി കേട്ടിരുന്നില്ല. ശരിക്കും ബീയെമുട്ടി ബസ്സ് സെക്കന്‍റ് ഗിയറിലിട്ട് കനാല്‍ പാലം കേറ്റം വലിക്കുന്ന അതേ ശബ്ദം. നേരം വെളുക്കാതെ കയറിത്തീരാത്ത കനാല്‍പാലം കയറ്റത്തിലായിരുന്നു ബീയെമുട്ടിയെന്ന് തോമുട്ടി അറിഞ്ഞത് കാലത്തെഴുന്നേറ്റപ്പോഴും കേട്ടിരുന്ന ലോനപ്പേട്ടന്‍റെ കൂര്‍ക്കംവലിയില്‍ നിന്നാണ്.  

 

എല്ലാവരും ഒരുങ്ങിക്കഴിഞ്ഞ് അവസാനമേ ലോനപ്പേട്ടനെ വിളിച്ചുള്ളൂ. ഡ്രൈവിങ്ങില്‍ നാല്പതിലായിരുന്നെങ്കിലും ദിനചര്യകളില്‍ നൂറ്റിയിരുപതിലായിരുന്നു. കൃത്യം പതിനഞ്ചു മിനിട്ടുകൊണ്ട് ലോനപ്പേട്ടന്‍ കാക്കിക്കുള്ളില്‍ കയറി. ചെമന്ന ഒരു കുട്ടി ബനിയന്‍ കൊണ്ട് കഷ്ടപ്പെട്ട് വയറിനെ മൂടി കാന്‍വാസ് ഷൂവുമിട്ട് ക്രിസ്തുരാജിനരികിലേക്ക് നടന്നു. ഒരു ബക്കറ്റ് വെള്ളമെടുത്ത് വണ്ടി ആകെയൊന്നു കഴുകി വൃത്തിയാക്കി. എല്ലാവരും കേറിക്കഴിഞ്ഞപ്പോള്‍ നീളത്തില്‍ ഒരു കുരിശുവരച്ച് ക്രിസ്തുരാജ് അനങ്ങി തുടങ്ങി.

 

ആദ്യത്തെ ദിവസം തിരിച്ചുവരുമ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. അഞ്ചു കിടയ്ക്കയും നാലു മിക്സിയും രണ്ടു കുക്കറും അഞ്ച് പാരയും വിറ്റു. നാലു കിടക്കയുടെ ഓര്‍ഡര്‍ എടുത്തതും കൊടുത്തതും തോമുട്ടി തന്നെ. ബില്ലെഴുതാന്‍ മാത്രം ലോനുവിനെ കൊണ്ടുപോയി. രണ്ടു മിക്സിയുടെ ഓര്‍ഡര്‍ ലോനുവെടുത്തു. ഒരു മിക്സിക്കൊപ്പം ഒരു കിടക്ക കൂട്ടിപിടുത്തത്തില്‍ പോയി. സ്റ്റീഫന്‍ ജോസഫ്‌ അവന്‍റെ തനിനിറം കാണിക്കാതിരുന്നില്ല. ഉച്ചവരെ നടന്നിട്ടും ഓര്‍ഡര്‍ ഒന്നും കിട്ടാതെ നിരാശനായി തലകുനിച്ചു നടന്നു.   

 

കോംപ്ലിമെന്‍റിനെ തോമുട്ടി പ്രോത്സാഹിപ്പിച്ചില്ല. ഉച്ചവരെയുള്ള കച്ചവടം കണ്ടപ്പോള്‍ തന്നെ കോംപ്ലിയുടെ ആവശ്യമില്ലെന്നു തോന്നി. എന്നാല്‍ ഉച്ചതിരിഞ്ഞ്   അടുത്തടുത്തുള്ള രണ്ട് വീടുകളില്‍ നിന്ന് സ്റ്റീഫന്‍ ടിവിക്കും ഫ്രിഡ്ജിനും ഓര്‍ഡര്‍ എടുത്തുകൊണ്ടുവന്നു. തോമുട്ടിക്ക് താല്പര്യം പോരെങ്കിലും വേണ്ടെന്നു വെയ്ക്കാനും മടി. മൂവായിരത്തില്‍ കുറയാതെ രണ്ടുവീട്ടില്‍ നിന്നും വാങ്ങാമെന്ന് സ്റ്റീഫന്‍. അവസാനം തീരുമാനം ലോനുവിനു വിട്ടുകൊടുത്തു. കേട്ടപാതി കേള്‍ക്കാത്ത പാതി ലോനു ബില്‍ബുക്കെടുത്ത് മുന്നില്‍ നടന്നു. അരമണിക്കൂറിനകം അവര്‍ തിരിച്ചെത്തി, ആറായിരം രൂപയുമായി. ഇതിനിടെ പാരയേറ്റി നടന്ന കുഞ്ഞാലി എടുത്തുകൊണ്ടുവന്ന ഒരു കിടക്കയുടെ ഓര്‍ഡര്‍ തോമുട്ടി ചെന്നു മുറിച്ചു. കുഞ്ഞാലിയുടെ ഓര്‍ഡര്‍ ആയതിനാല്‍ അതിന് ബില്ലിന്‍റെ ആവശ്യമില്ലെന്ന് തോമുട്ടിക്കു തോന്നി. പാര ചോദിച്ചു നടക്കുന്ന ഒരുവന് ഓര്‍ഡര്‍ കിട്ടിയ വീട്ടില്‍ കമ്പനിയുടെ മഹിമകള്‍ നിരത്തിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. വൈകുന്നേരത്തിനിടെ അഞ്ചുപാരയും കുഞ്ഞാലി വിറ്റു. തന്‍റെ കണക്കുകൂട്ടലുകള്‍ ഒന്നും തെറ്റിയില്ലെന്നതില്‍ തോമുട്ടി സന്തോഷിച്ചു. 

സാധാരണ ഡ്രൈവര്‍മാരായാല്‍ ഇടയ്ക്കും തലയ്ക്കുമെങ്കിലും അടുത്തുള്ള വീടുകളില്‍ ഒന്നു കയറിയിറങ്ങും. ലോനപ്പേട്ടന്‍ ക്രിസ്തുരാജനടുത്തു നിന്നു മാറിയില്ലെന്നു മാത്രമല്ല ആരെങ്കിലും കിടക്ക കാണാനോ മറ്റോ വണ്ടിക്കടുത്തേക്ക് വന്നാല്‍ മുന്നിലോ സൈഡിലോ എന്തോ മറച്ചെന്നപോലെ ചാരി നില്ക്കും. ഒരു തവണ ഒരു കോളനിയില്‍ വണ്ടി നിര്‍ത്തിയ ഉടനെ അടുത്തുകണ്ട പൈപ്പില്‍ നിന്ന് തോര്‍ത്ത് നനച്ച് ഉണക്കാനെന്ന പോലെ നമ്പര്‍ പ്ലേറ്റിനെ മൂടിയിട്ടു. രാത്രി റൂമിലിരുന്ന് തലേന്നത്തെ പോലെ രണ്ടെണ്ണം വിട്ടപ്പോഴാണ് ലോനപ്പേട്ടന്‍ കാര്യം പറഞ്ഞത്.  

 

‘‘പിസറോള് ഏതു തരത്തിലാ വര്വാന്ന് അറിയില്ല. നമ്പറു നോട്ട് ചെയ്ത് വണ്ടി പിടിക്കാതിരിക്കാനുള്ള നമ്പറുകളല്ലേ അതൊക്കെ...’’ അതും പറഞ്ഞ് എല്ലാവരേയും പറഞ്ഞു പറ്റിച്ചതുപോലെ വയറിട്ടു കുലുക്കി ഒരു ചിരിയാണ്. മുറിയിലെത്തി കുളി കഴിഞ്ഞാല്‍ പിന്നെ ഒരു സില്ക്ക് ലുങ്കിമാത്രമാണ് വേഷം. അതുവരെയുള്ള വീര്‍പ്പുമുട്ടലില്‍ നിന്നു മോചിതമായ വയറപ്പോള്‍ ഇഷ്ടം പോലെ കിടന്ന് തുള്ളിക്കളിക്കുന്നുണ്ടാകും. ലോനപ്പേട്ടന് മിനിമം രണ്ടെണ്ണം വേണമെന്നേയുള്ളൂ. മാക്സിമത്തിന് പ്രത്യേകിച്ച് കണക്കൊന്നുമില്ല. ഒരു ഫുള്‍ കൊണ്ടുവന്ന് നടുക്കു വെച്ചതേ തോമുട്ടിക്ക് ഓര്‍മ്മയുള്ളൂ. രണ്ടെണ്ണം താന്‍ എടുത്തുവെന്ന് തോമുട്ടിക്കോര്‍മ്മയുണ്ട്. ബാക്കിയെല്ലാം ഏതുവഴി, ആരുടെ വായ വഴി പോയെന്ന് അറിഞ്ഞില്ല. ആദ്യം ഉറങ്ങിയത് ലോനപ്പേട്ടന്‍ തന്നെ. തലേന്നത്തെപ്പോലെ ഉടനെത്തന്നെ ബീയെമുട്ടി കനാല്‍ പാലം കേറ്റം വലിക്കാന്‍ തുടങ്ങി.

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com