ADVERTISEMENT

ആ കൊലപാതകം, യഥാര്‍ഥത്തിൽ അതു നടന്നത് കുറേ വർഷങ്ങൾക്കു മുൻപ് ഒരു പുതുവത്സര ദിനത്തിനു രണ്ട് ദിവസം മുന്നേയാണ്. മുഹമ്മ പൊലീസ് സ്റ്റേഷൻ- കോരിച്ചൊരിയുന്ന മഴയിൽ സ്റ്റേഷനു മുന്നിലുള്ള റോഡും വിജനമായിരുന്നു. സ്റ്റേഷൻ പാറാവ് ചെയ്യുന്നയാൾ ഒരു കസേരയിൽ ഇരുന്നു മയങ്ങിക്കൊണ്ടിരുന്നു. സ്റ്റേഷനെ ആകെ വിറപ്പിച്ചു കൊണ്ടു പതിവില്ലാതെ ഫോൺ റിംഗ് ചെയ്തു. ഫോണ്‍ അറ്റന്റ് ചെയ്ത കോൺസ്റ്റബിൾ എസ്ഐയുടെ മുറിയിലേക്ക് ഓടി.

 

ഷർട്ടിന്റെ ബട്ടണുകൾ ഇട്ടു പുറത്തേക്ക് വന്ന എസ് ഐ സതീഷ് ചന്ദ്രന്‍ മേശയിൽ വച്ചിരുന്ന ഫോൺ റിസീവറെടുത്തു ചെവിയിലേക്കു ചേർത്തു. എപ്പോൾ?. ജീവനില്ലേ ഉറപ്പാണോ, ആരും തൊടരുത്. ഉടനെ വരാം. മറ്റൊരു നമ്പർ ഡയൽ ചെയ്ത് എസ്പി ഓഫീസിലേക്ക് വിവരം കൈമാറിയ ശേഷം സതീഷ് ചന്ദ്രൻ പുറത്തേക്കിറങ്ങി.

 

മഴയെ കീറിമുറിച്ച്  ഹെ‍ഡ്​ലൈറ്റ് തെളിഞ്ഞു. സ്റ്റേഷനു പുറത്തേക്കു ജീപ്പ് കുതിച്ചിറങ്ങി. മുഹമ്മ– ആലപ്പുഴ റോഡിൽ റോഡരികിൽ തലയുയർത്തി നിൽക്കുന്ന ഇരുനില ബംഗ്ളാവ്–ലക്ഷ്മി നിലയം, വലിയ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ആളുകളൊക്കെ സംഭവം അറിഞ്ഞുവരുന്നതേ ഉള്ളായിരുന്നു. ചിലർ അവിടെയും ഇവിടെയും ചിലർ കൂട്ടംകൂടി നിന്നിരുന്നു. വീടിന്റെ മുറ്റത്തേക്ക് നിന്നിരുന്ന ചിലർ പൊലീസ് ജീപ്പ് വന്നതും അപ്രത്യക്ഷരായി. 

 

കൈയ്യിൽ 5 സെൽ ടോർച്ചുമായി നിന്നിരുന്ന ഒരാൾ എസ്ഐയുടെ അടുത്തേക്കെത്തി. സാർ, ഞാൻ തങ്കപ്പന്‍ നായർ. മാനേജറാണ്... ഞാനാണ് ഫോൺ ചെയ്തത്. തെക്കുവശത്തെ ബാൽക്കണിയുടെ താഴെയാണ്. തങ്കപ്പന്‍ നായർ മുൻപേ നടന്നു.

 

വീടിന്റെ ആ വശത്ത് ആവശ്യമായ പ്രകാശം ഉണ്ടായിരുന്നില്ല. തങ്കപ്പൻ നായർ ടോർച്ച് പ്രകാശിപ്പിച്ചു. ബാൽക്കണിയുടെ താഴെ സിമന്റ് തറയിൽ വിശ്വനാഥൻ കമിഴ്ന്നു കിടക്കുന്നു. രക്തം പരന്നൊഴുകിക്കിടക്കുന്നു. മഴവെളളവും രക്തവും കൂടിക്കുഴഞ്ഞ് ഒരു രക്തക്കുളത്തിൽ കിടക്കുന്ന ആ ശരീരം ആരെയും ഭീതിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. 

 

അടുത്തായി ചിതറിത്തെറിച്ച് ഒരു കോഡ്​ലെസ് ഫോണിന്റ ഭാഗങ്ങളും ബാൽക്കണിയുടെ ചാരിന്റെ ഒരു കഷ്ണവും കിടക്കുന്നു. ആംബുലൻസിനും ഫോറൻസികിനും വീടിനുള്ളിൽ കയറി ഫോൺ ചെയ്തശേഷം എസ്ഐ മാനേജറുടെ നേരേ തിരിഞ്ഞു.

 

ആരാണ് ആദ്യം കണ്ടത്...

 

രാത്രി എപ്പോഴോ എണീറ്റപ്പോള്‍ കാണാഞ്ഞിട്ട് ലക്ഷ്മിക്കൊച്ചമ്മ വന്നു നോക്കിയപ്പോഴാണത്രെ. ഇങ്ങനെ കിടക്കുന്നതു കണ്ടത്... ഇവിടെ നിന്ന് മൊബൈലില്‍ സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും. പിന്നെ  ഉറങ്ങിപ്പോയെന്നുമാണ് കൊച്ചമ്മ പറഞ്ഞത്.

 

വേലക്കാരൻ വന്നു നോക്കിയപ്പോഴേക്കും മരിച്ചിരുന്നു. ഞാൻ തൊട്ടടുത്താണ് താമസിക്കുന്നത്, ഇവിടുന്നു വിളിച്ചു പറയുകയായിരുന്നു.

 

എസ്ഐ മുകളിൽ ബാൽക്കണിയിലേക്കെത്തി. പുറത്തേക്ക് തള്ളി നിൽക്കുന്ന ബാൽക്കണി. ചുറ്റുമുള്ള ഭാഗം തടിയാണ്. ബാൽക്കണിയുടെ ഒരു വശത്തെ ചാരുപടി കാണാനില്ല. ഒടിഞ്ഞുപോയ ഭാഗം പരിശോധിച്ചു. ക്രമമല്ലാതെയാണ് ഒടിഞ്ഞിരിക്കുന്നത്. മറ്റൊരു വശത്ത് പോയി എസ്ഐ ചാരി നിന്നു. പടി ഞരങ്ങുന്നത് വ്യക്തമായി കേൾക്കാം. അൽപ്പം ശക്തമായി ചാരിയിൽ ചിലപ്പോൾ ഒടിഞ്ഞുവീണേക്കാം!

 

നടുത്തളത്തിൽ ലക്ഷ്മിയുടെ അടുത്തേക്ക് എസ്ഐ ചെന്നു. അഴിഞ്ഞുലഞ്ഞ വേഷത്തിൽ ശൂന്യമായ മിഴികളോടെ അവർ സോഫയിലിരിക്കുന്നു. വേലക്കാരികൾ എണീറ്റു മാറി. പൊട്ടികരച്ചിലല്ലാതെ മറ്റൊന്നും ലഭിക്കാതെ എസ്ഐ പുറത്തേക്കെത്തി, തങ്കപ്പൻ നായർ കസേരയിൽനിന്ന് എണീറ്റു.. സതീഷ് ചന്ദ്രൻ സമീപത്ത് കസേരയിൽ ഇരുന്നു... ഇരിക്കൂ.. ഈ വിശ്വനാഥന് മകനുമായി എന്താണ് പ്രശ്നം. നാട്ടിലങ്ങനെ ഒരു സംസാരമുണ്ടല്ലോ? 

 

ആദ്യ ഭാര്യയുടെ മരണശേഷം അധികം വൈകാതെ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന അതായത് ഇപ്പോഴത്തെ കൊച്ചമ്മ ലക്ഷ്മിയെ കല്യാണം കഴിച്ചു. അതാണ് പ്രശ്നമെന്നാണ് എല്ലാവരും പറയുന്നത്.

 

ആളിപ്പോൾ?

വിശ്വനാഥന്റെ ഇടുക്കിയിലെ ഏലത്തോട്ടം നോക്കുകയാണ് ഇപ്പോൾ അയാൾ. ഇവിടേക്ക് കുറേക്കാലമായി വരാറില്ലെന്നാണ് അറിവ്. 

 

മൊഴിയെടുത്തശേഷം ആംബുലൻസിലേക്ക് മൃതദേഹം മാറ്റാനായി നിർദ്ദേശം നൽകി ഡിവൈഎസ്പി ഓഫീസിലേക്ക് സതീഷ് ചന്ദ്രൻ ഫോൺ ചെയ്തു. നമസ്കാരം സാർ. അതെ സാർ ഫോറൻസിക് വരേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഫോൺ ചെയ്ത് ബാൽക്കണിയിൽ ചാരിയപ്പോൾ ചാരുപടി ഒടിഞ്ഞതാണെന്നു കരുതുന്നു സാർ. വേറെ ലക്ഷണങ്ങളൊന്നുമില്ല.. എല്ലാ രാത്രിയിലും ഈ ബാൽക്കണിയിൽ ഇരുന്ന് മദ്യപിക്കുമെന്ന് വേലക്കാരും പറയുന്നു, 

 

ആദ്യ ഭാര്യയിൽ ഒരു മകനുണ്ട്. ആള്‍ നാട്ടിലില്ല.. എവി‌ടെയാണെന്ന് തിരക്കാനേൽപ്പിച്ചിട്ടുണ്ട്. പോസ്റ്റ്മാർട്ടത്തിന് അയച്ചു സാർ. സിഐ സാർ ഔട്ട് ഓഫ് സ്റ്റേഷനാണ്.. വിളിച്ചിരുന്നു. കിട്ടിയില്ല.. ഓകെ സാർ ഫോൺ വച്ചശേഷം സതീഷ് ചന്ദ്രൻ പുറത്തേക്ക് വന്നു..

 

സതീഷ് ചന്ദ്രൻ ആബുലൻസിനൊപ്പം ആശുപത്രിയിലേക്കു നീങ്ങി. 

English Summary: English Summary: White Trumpet Murder, Novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com