‘ഇതിലെ സംഭവങ്ങൾ ഭാവനയാണെങ്കിൽ നിന്റെയുള്ളിൽ ഒരു ക്രിമിനൽ ഉറങ്ങിക്കിടക്കുന്നു, അതല്ല, യഥാർഥമെങ്കിൽ...’

HIGHLIGHTS
  • രാജീവ് ശിവശങ്കർ എഴുതുന്ന നോവൽ
  • റബേക്ക- അധ്യായം 25
rabeca-25
SHARE

ഷെർലക് ഹോംസ് ചിന്തിക്കുമ്പോൾ

‘‘വല്ലഭനുണ്ടുള്ളിൽ, പുറത്തില്ലാ കാണ്മാനും പാരം

അല്ലലുണ്ടവനെപ്പോലെ നല്ലവൻ നീയും...’’

പുറത്തുനിന്നു കയറിച്ചെന്ന എന്നെ നോക്കാതെ അച്ഛൻ അരമതിലിലിരുന്നു നീട്ടിപ്പാടി. തിരനോട്ടം തുടങ്ങിയതേയുള്ളെന്നു തോന്നി; കുപ്പിയിൽ മുക്കാലും ബാക്കിയുണ്ട്.

‘‘എടാ... നിന്റെ ചേട്ടനൊരുത്തൻ മുറിയിൽ അടയിരിക്കാൻ തുടങ്ങീട്ട് ദിവസമെത്രയായീന്നറിയാമോ? അവന് ആപ്പീസിലൊന്നും പോവണ്ടേ? പെണ്ണുകെട്ടിയതല്ലേ? അല്ലാതെ പെറ്റു കിടക്കുവൊന്നുമല്ലല്ലോ....’’

ലീനച്ചേച്ചി കേൾക്കുമെന്നു പേടിച്ച്, ഞാൻ അച്ഛനെ ചുണ്ടത്തു വിരൽവച്ചു വിലക്കി. അതനുസരിച്ച മട്ടിൽ അച്ഛൻ ഗ്ലാസെടുത്ത് വായിലേക്കു കമഴ്ത്തി, ബീഡിക്കു തീകൊളുത്തി. കെട്ട പുകയുടെ മണം അലിയാൻ മടിച്ച്  അന്തിവെയിലിൽ അലഞ്ഞു.

‘‘വല്ലായ്മ ജീവിപ്പാൻ മമ, തെല്ലുനേരം നീ വാണു

നല്ല വചനം ചൊൽകിലില്ല വൈഷമ്യം ഹേ’’

അകത്തേക്കു കയറാൻ ചെരിപ്പൂരിയിടുന്ന എന്നെ കൺകോണിലൂടെ നോക്കി അച്ഛൻ പാടി. എനിക്കു ചിരിവന്നു. കള്ള് അകത്തുചെന്നാൽ നാവിൻതുമ്പിലാണു നളചരിതം. ആ നേരത്ത് സരസ്വതി കനിഞ്ഞനുഗ്രഹിക്കും. പണ്ടൊരിക്കൽ കഥകളിവിശേഷങ്ങൾ പഠിപ്പിക്കാമെന്നു പറഞ്ഞ് കുറെ കുട്ടികളെ അച്ഛനുചുറ്റും വിളിച്ചുകൂട്ടി ഇളിഭ്യനായത്  ഞാനോർത്തു. ഒരക്ഷരം പറയാനില്ലാതെ അച്ഛൻ അവരെ നോക്കിയിരുന്നതേയുള്ളൂ. അന്നെനിക്കു മനസ്സിലായി, അച്ഛനല്ല, മദ്യമാണ് കഥകളിപ്പദം ചൊല്ലുന്നതെന്ന്.

‘‘എന്തായി നിന്റെ ഇതിഹാസമെഴുത്ത്?’’സംസാരിപ്പിച്ചേ അടങ്ങൂ എന്ന് അച്ഛനു വാശിയുള്ളതുപോലെ തോന്നി, ‘‘ഇങ്ങുവന്നേ ചോദിക്കട്ടേ...’’

ഞാൻ അച്ഛനെതിരെ അരമതിലിൽ പോയിരുന്നു.

‘‘നീ എങ്ങനാ എഴുതുന്നേ? അവരു പറയുന്നത് അതേപടി പകർത്തുവാണോ?’’

‘‘ഏറെക്കുറെ.’’

‘‘ജനിച്ചപ്പോ മുതലിങ്ങോട്ടു പറഞ്ഞുവരുവാന്നോ? അതോ...’’

‘‘അങ്ങനല്ല, ടീച്ചർ ഓരോ ദിവസം ഓരോ മൂഡിലാ...അപ്പോ പറയുന്നത് ഞാൻ പകർത്തും. പിന്നെ ക്രമത്തിലാക്കാം.’’

‘‘ഓരോ നേരം ഓരോ മൂഡ്...അല്ല്യോ ...നേരാ...സത്യത്തിൽ അവര് ഒന്നല്ല, രണ്ടാ...’’

‘‘എന്നുവച്ചാൽ....’’

‘‘ഒരുപകുതി നല്ലതും ഒരു പകുതി ചീഞ്ഞതും. ചിലപ്പോ മാലാഖ. ചിലപ്പോ ചെകുത്താൻ.’’

അച്ഛൻ വീണ്ടും ഗ്ലാസ് നിറച്ചു. ലഹരി തലയ്ക്കുപിടിച്ചതിന്റെ സൂച നൽകി, പലതവണ മുറ്റത്തേക്കു നീട്ടിത്തുപ്പുകയും മുടിയിഴകൾക്കിടയിലൂടെ വിരലോടിക്കുകയും ചെയ്തു.

‘‘അവരുടെ ജീവിതം ഇത്രേമൊക്കെ കേട്ടെഴുതീട്ടും നിനക്കതിനിയും മനസ്സിലായില്ലിയോടാ...’’

പകുതി കുടിച്ച് ഗ്ലാസ് താഴെവച്ച് അച്ഛൻ, കെട്ടുപോയ ബീഡിക്കു തീ കൊളുത്തി.

‘‘തോമസ് സാറിനെപ്പറ്റി വല്ലോം പറഞ്ഞോ? അവരുടെ ഇപ്പഴത്തെ കെട്ടിയോന്റെ കാര്യമാ ചോദിച്ചേ...’’

‘‘ആ ചിലതൊക്കെ പറഞ്ഞു.’’ ഞാൻ ഗൗരവം നടിച്ചു.

‘‘നല്ലതുവല്ലോമാന്നോ? അല്ല...സാറിനെപ്പറ്റി നല്ലതേ പറയാൻകാണൂ...’’

‘‘അച്ഛനെന്താ ഇത്ര ഉറപ്പ്?’’

ഉള്ളിൽ കൂടുകൂട്ടിയ കഥകളെന്തെങ്കിലും ലഹരിച്ചിറകുവീശി പറന്നുപോരുന്നെങ്കിൽ പോരട്ടെയെന്നു കരുതി ഞാൻ അച്ഛനെ ചൊടിപ്പിക്കാൻ ശ്രമിച്ചു.

‘‘ഉറപ്പോ?’’ അച്ഛൻ ഗ്ലാസ് വീണ്ടും ചുണ്ടോടടുപ്പിച്ചു, ‘‘ഉറപ്പ്...എനിക്കദ്ദേഹത്തെ നന്നായിട്ടറിയാവുന്നതുകൊണ്ടുതന്നെ. അതൊന്നും നീയറിയണ്ട.. .നീ ആ യക്ഷീടെ ചാരനല്ല്യോ...’’

അച്ഛൻ മുഖം വെട്ടിച്ചു. കൂടുതലൊന്നും സംസാരിക്കാൻ ഭാവമില്ലെന്ന മട്ടിൽ വെയിലിലേക്കു നോക്കി ബീഡി പുകച്ചുതള്ളി. കുറേനേരംകൂടി കാത്തിരുന്നിട്ട് ഞാൻ അകത്തേക്കു കയറി. ഇടമുറിയിലെത്തുമ്പോൾ ലീനച്ചേച്ചി ഗ്ലാസ് നിറയെ പായസവുമായി ഓടിവന്നു.

‘‘എന്താവിശേഷം?’’

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

‘‘പോലീസേമാന് സ്ഥലംമാറ്റം.’’

‘‘എവിടേക്ക്?’’

‘‘പുഞ്ചക്കുറിഞ്ചീലേക്കുതന്നെ.’’

‘‘അയ്യേ...’’ ഞാൻ നാക്കുകടിച്ചു.

‘‘എന്താ ഇഷ്ടപ്പെടാത്തപോലെ...’’

‘‘ഈ നാട്ടില് എന്തു മലമറിക്കാനാ? കൊള്ളാവുന്നൊരു മോഷണക്കേസ് പോലും കിട്ടില്ല. ഡിറ്റക്ടീവ് കുഴങ്ങിപ്പോകും.’’

‘‘ഡിറ്റക്ടീവോ?’’

‘‘അതേ... ചേട്ടന് ഡിറ്റക്ടീവ് ആകാൻ വലിയ ഇഷ്ടമായിരുന്നു. പണ്ട് ഷെർലക് ഹോംസിനെപ്പോലെ പൈപ്പുംകടിച്ചുപിടിച്ചിരുന്ന് ഓരോന്നു തട്ടിവിടുമായിരുന്നു. വാട്സണായി അഭിനയിച്ച്  മടുക്കുമ്പോ ഞാൻ വഴക്കിട്ടുപിരിയും.’’

‘‘ഹോംസും വാട്സണുമോ? അതൊക്കെയാരാ?’’

‘‘സർ ആർതർ കോനൻ ഡോയലെന്നു കേട്ടിട്ടില്ലേ? ചേട്ടന്റെ അലമാര ഇതുവരെ തുറന്നുനോക്കീട്ടില്ലേ ചേച്ചി? അതിൽ ഹെർക്യൂൾ പൊയ്റോട്ടും ഹോംസും മാർക്സിനും പുഷ്പരാജും ഒക്കെയുണ്ട്.’’

‘‘നീയെന്തൊക്കെയാ ഈ പറേന്നേ...’’

ലീനച്ചേച്ചി മുഖം വീർപ്പിച്ചു ഗ്ലാസ് തട്ടിപ്പറിച്ചു.

‘‘ചേട്ടനെവിടെ?’’

‘‘നിന്റെ മുറീൽ കേറി കതകടച്ചിട്ട് കുറേനേരമായി. തട്ടിവിളിച്ചിട്ടും അനക്കമില്ല. ഇനി പൊന്നാങ്ങള പോയി നോക്കിയാട്ടെ...’’

ഞാൻ കതകിൽ തട്ടി. ചുമന്നുതുടുത്ത കണ്ണുകളുമായി ചേട്ടൻ വാതിൽ തുറന്നു. നിലത്തു ചിതറിക്കിടക്കുന്ന കടലാസുതുണ്ടുകൾ ഡിറ്റക്ടീവ് ഹോംസ് മടങ്ങിയെത്തിയതിന്റെ സൂചന രഹസ്യമായി പങ്കുവച്ചു. പലതരം സാധ്യതകളെഴുതി കടലാസ് കീറിയെറിയുന്ന ശീലം ഹോംസിനില്ലെങ്കിലും ഹോംസിനെ അനുകരിക്കുമ്പോൾ ചേട്ടനുണ്ടായിരുന്നു. നിലം വൃത്തികേടാക്കുന്നതിന്റെ പേരിൽ പണ്ട് കുറെ അടി അതിന്റെ പേരിൽ അമ്മയിൽനിന്നു വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. 

‘‘ഞാൻ നിന്നെ നോക്കിയിരിക്കുവായിരുന്നു.’’

ചേട്ടൻ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു. മേശപ്പുറത്തു കമഴ്ത്തിവച്ച എന്റെ നോവലിന്റെ കയ്യെഴുത്തുപ്രതി അപ്പോഴാണു കണ്ടത്. മാർജിനിൽ പുതിയ വൃത്തങ്ങളും ചോദ്യച്ചിഹ്നങ്ങളും.

‘‘എന്താ ഇതൊക്കെ?’’

ഞാൻ നീരസപ്പെട്ടു.

‘‘അതാ ഞാനും ചോദിക്കുന്നത്,’’ ചേട്ടൻ ചിരിച്ചു, ‘‘എന്തൊക്കെയാ നീ എഴുതിവച്ചിരിക്കുന്നത്? മുഴുവൻ ഭാവനയാണോ അതോ...’’

‘‘എഴുത്തിന്റെ രഹസ്യം വെളിപ്പെടുത്തരുതെന്ന് ചേട്ടൻതന്നെയല്ലേ പണ്ടു പറഞ്ഞത്?’’

ഞാൻ തിരിച്ചടിച്ചു. ചേട്ടൻ എഴുന്നേറ്റുചെന്നു കതകടച്ചു സിഗരറ്റിനു തീകൊളുത്തി. പുകയൊഴുകാൻ ജനാല തുറന്നു വഴിയൊരുക്കി വീണ്ടും കട്ടിലിൽവന്നിരുന്നു.

‘‘ഇതിലെ സംഭവങ്ങൾ ഭാവനയാണെങ്കിൽ നിന്റെയുള്ളിൽ ഒരു ക്രിമിനൽ ഉറങ്ങിക്കിടക്കുന്നു. അതല്ല, യഥാർഥമെങ്കിൽ ആ റബേക്ക ടീച്ചറിന്റെയുള്ളിൽ ഒരു ക്രിമിനലുണ്ട്.’’

പുകച്ചിറകുകളിൽ പറന്നുവന്ന വാക്കുകളുടെ ഗൗരവം എന്നെ ഭയപ്പെടുത്തി. 

‘‘ഞാനിതു പലതവണ വായിച്ചു. ഉത്തരം കിട്ടാത്ത ഒരുപാടു ഭാഗങ്ങളുണ്ട്. സംശയാസ്പദമായ ഒരുപാടു സാഹചര്യങ്ങളും.’’ 

‘‘അതൊക്കെയാണോ വട്ടം വരച്ചിട്ടിരിക്കുന്നത്. പഴയ ഷെർലക് ഹോംസിന്റെ പ്രേതമാ ഇതൊക്കെ ചെയ്യിക്കുന്നത്. എന്തായാലും വാട്സണാകാൻ എനിക്കു വയ്യ.’’ ഞാൻ ചിരിച്ചു.

‘‘കളി വിടൂ. ഞാൻ സീരിയസായി ചോദിക്കുകയാണ്,’’ ചേട്ടന്റെ മുഖം വലിഞ്ഞുമുറുകി, ‘‘ഇതിലെ സംഭവങ്ങളൊക്കെ ശരിക്കും നടന്നതാണോ?’’

‘‘അതെ.’’

ചേട്ടൻ നോവൽ കൈയിലെടുത്ത് താളുകൾ മുന്നോട്ടും പിന്നോട്ടും മറിച്ചു. 

‘‘ടീച്ചറുടെ ഇപ്പോഴത്തെ കെട്ടിയോന്റെ ആദ്യഭാര്യയും മകളും മരിച്ചതെന്നാണ്? എങ്ങനെയാണ്?’’

‘‘അതൊന്നും പറഞ്ഞില്ല.’’

‘‘ചോദിക്കണം. കുറേവർഷമായി കോളജ് ഹോസ്റ്റലിൽ താമസിച്ചു പഠിച്ചതുകൊണ്ടാണ് എനിക്കു പുഞ്ചക്കുറിഞ്ചീലുള്ളവരെ അടുത്തറിയാത്തത്. നീ പക്ഷേ, ഈ നാട്ടിലുണ്ടായിട്ടും ഇവരെയൊന്നും പരിചയപ്പെട്ടിട്ടില്ലേ?’’

‘‘ഞാനെന്തിനാ പത്തേക്കറിൽ കേറിയിറങ്ങുന്നേ? തോമസ് സാറ് സിമന്റ്കടേൽ ഇരിക്കുന്നതുകണ്ടിട്ടുണ്ട്. ആന്റണീന്നു പറേന്ന കക്ഷിയെ കണ്ടതായി ഓർക്കുന്നുപോലുമില്ല. അങ്ങേക്കരേൽ ഇങ്ങനെ നമുക്കറിയാത്ത എത്രപേരുണ്ട്?’’

‘‘നമുക്ക് രമേശനെ ഒന്നു കണ്ടാലോ? അവനറിയാത്ത ചരിത്രമില്ലല്ലോ പുഞ്ചക്കുറിഞ്ചീല്..’’

സിഗരറ്റ് കുത്തിക്കെടുത്തി ജനാലയിലൂടെ വലിച്ചെറിഞ്ഞ് ചേട്ടൻ എഴുന്നേറ്റു.

‘‘എന്താ ചേട്ടന്റെ ഉദ്ദേശം? ആദ്യം അതുപറ?’’

ഞാൻ കൈയിൽ പിടിച്ചുനിർത്തി.

‘‘എടാ...എനിക്ക് ചില സംശയങ്ങൾ...’’

‘‘റബേക്ക ടീച്ചറെപ്പറ്റിയോ? അതോ നോവലിനെപ്പറ്റിയോ’’ ഞാൻ ചിരിച്ചു, ‘‘ഇങ്ങോട്ടു സ്ഥലംമാറിവന്നതിന്റെ സൂക്കേടാ ഇത്. നാട്ടുകാരെ ഞെട്ടിക്കാൻ ഡിറ്റക്ടീവ് ഹോംസ് ഒരവസരം  ഉണ്ടാക്കിയെടുക്കുന്നു... അതല്ലേ സത്യം?’’

‘‘അങ്ങനെയെങ്കിൽ അങ്ങനെ. പക്ഷേ, എന്റെ ഊഹം ശരിയാണെങ്കിൽ ഞാനിവിടെ എല്ലാരേം ‍ഞെട്ടിക്കും... നീ നോക്കിക്കോ.’’

ചേട്ടന്റെ വാക്കുകൾ ഗൗരവത്തോടെയായിരുന്നു. ആളുകളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും പ്രവചിക്കുകയും ചെയ്യുന്നതിൽ ചേട്ടനു പണ്ടേയുള്ള മികവ് അറിയാവുന്നതിനാൽ ഞാൻ ആശയക്കുഴപ്പത്തിലായി.

സന്ധ്യമയങ്ങിയപ്പോൾ ചേട്ടന്റെ ബൈക്കിൽ ഞങ്ങൾ രമേശൻ ചേട്ടന്റെ വീട്ടിലേക്കു വച്ചുപിടിച്ചു. പവിഴമല്ലിപ്പൂവുകൾ നിരന്ന മുറ്റത്ത് വണ്ടിയൊതുക്കിയപ്പോൾ രമേശൻ ചേട്ടൻ കൈയിൽ പാതി വലിച്ചുകയറ്റിയ കുപ്പായവുമായി പുറത്തേക്കുവന്നു.

‘‘ആഹാ നിങ്ങളാരുന്നോ...അപ്പോ കുപ്പായം വേണ്ട...’’

ഇറയത്തിന്റെ കോണിലെ അയയിലേക്കു കുപ്പായം തൂക്കിയിട്ട് രമേശൻ ചേട്ടൻ ഇരിക്കാൻ പാകത്തിന് കസേരകൾ ഒതുക്കി. ബൈക്കിന്റെ വശത്തെ പെട്ടിയിൽനിന്ന് സുഭാഷേട്ടൻ  ഒരു പ്ലാസ്റ്റിക് കവറെടുത്ത് മാന്ത്രികന്റെ കരചലനങ്ങളോടെ രമേശൻ ചേട്ടനുനീട്ടി.

‘‘വെറുംകൈയോടെയാന്നോ വന്നതെന്ന് ഞാൻ പേടിച്ചു,’’ കവർ ഏറ്റുവാങ്ങുമ്പോൾ രമേശൻ ചേട്ടൻ ചിരിച്ചു, ‘‘ഇങ്ങനെ നീ വല്ലപ്പോഴും തരുന്നതേയുള്ളെടാ...അല്ലാതെ ഈ വികലാംഗനാരാ കള്ളുവാങ്ങിത്തരുന്നേ... ദേ ഒരുത്തൻ... ആ ടീച്ചറിനെ പറ്റിച്ച് കാശുവാരിക്കൂട്ടിയിട്ടും ഒരു തുള്ളിപോലും... ങേഹേ...’’

രമേശൻ ചേട്ടൻ എന്റെ നെഞ്ചത്തൊരു കുത്തുതന്നു. അടുത്തയാഴ്ചതന്നെ രമേശൻചേട്ടനൊരു കുപ്പി സമ്മാനിക്കണമെന്ന് ഞാനപ്പോൾ ഉറപ്പിച്ചു.

‘‘എന്താ ലവനും കുശനുംകൂടി?’’ കുപ്പിപൊട്ടിക്കുന്നതിനിടെ രമേശൻ ചേട്ടൻ എനിക്കുനേരേ തിരിഞ്ഞു, ‘‘എടാ മോനേ, പാതകത്തേന്നൊരു ഗ്ലാസെടുക്കടാ... ചില്ലുഗ്ലാസേ എടുക്കാവേ... പാത്രത്തിലിത്തിരി വെള്ളോമെടുത്തോ.’’ 

കിടക്കയിലും കസേരയിലുമെല്ലാം പുസ്തകങ്ങൾ അട്ടിയടുക്കിയ മുറി പിന്നിട്ട് ഞാൻ അടുക്കളയിൽ ചെന്ന് ഗ്ലാസെടുത്തു വന്നപ്പോഴേക്കും കുപ്പിയിൽനിന്നു രമേശൻ ചേട്ടൻ നേരിട്ട് ഒരു കവിൾ മോന്തിക്കഴിഞ്ഞിരുന്നു.

‘‘ഇത്ര ക്ഷമയില്ലേ?’’

ഞാൻ പരിഹസിച്ചു. 

‘‘എഴുത്തുകാർക്കിതൊന്നും മനസ്സിലാവില്ല. ഒരെണ്ണം പിടിപ്പിക്കുന്നോ? എഴുത്തിനൊരു ആവേശം കിട്ടും... അല്ലേ സുഭാഷേ...’’

രമേശൻ ചേട്ടൻ പതിവുപോലെ ചിരിയുടെ തിരമാലകൾ ഉതിർത്ത് ഉടലപ്പാടെ കുലുക്കി.

‘‘വായിച്ചിടത്തോളം നോവൽ  കൊള്ളാം രമേശേ... പക്ഷേ, എഴുത്തുകാരനുപോലും പിടികിട്ടാത്ത ചില കുരുക്കുകളുണ്ട് അതിൽ...’’

ചേട്ടൻ പറ‍ഞ്ഞു.

‘‘ജീവിതോം അങ്ങനെതന്നെയല്ല്യോ സുഭാഷേ?’’ രമേശ് ചേട്ടൻ ഗ്ലാസിലേക്ക് മദ്യം പകർന്നു.

‘‘പത്തേക്കർ കിഴക്കേതിലെ തോമസിന്റെ കെട്ടിയോളും മോളും എങ്ങനാ മരിച്ചേ? നിനക്കറിയാമോ?’’

ചേട്ടൻ നേരേ കാര്യത്തിലേക്കു കടന്നു.

‘‘അറിയാതിരിക്കാനെന്താ? ഞാൻ കോളേജ് ഹോസ്റ്റലിൽ പെൺപിള്ളേർക്കു ലൗലെറ്ററുമെഴുതി കഴിയുവല്ലായിരുന്നല്ലോ.’’

‘‘എന്നാൽ അറിയാവുന്നതു പറഞ്ഞേ...’’

ചേട്ടൻ തിരക്കിട്ടു.

‘‘തോമസിന്റെ ഭാര്യ ശോശ മരിക്കുന്ന ദിവസം ഞാനാ വീട്ടിലൊണ്ട്. കൊച്ചിന്റെ മരണം പറഞ്ഞുകേട്ടിട്ടേയുള്ളൂ. ശോശേടെ ചേച്ചീടെ കൊച്ചിന്റെ ആദ്യകുർബാനേടന്നാ ആ കുഞ്ഞു മരിച്ചേ. കഴിച്ചോണ്ടിരുന്നപ്പോ ഭക്ഷണം തൊണ്ടേക്കുരുങ്ങിയതാ. ആശുപത്രീലെത്തിക്കുന്നതിനുമുൻപേ മരിച്ചു. അതിപ്പിന്നെ തോമസിന്റെ കെട്ടിയോള് പള്ളീം പ്രാർഥനേമായിട്ട് ഒതുങ്ങി. എന്തൊക്കെയോ അസുഖങ്ങളുമൊണ്ടാരുന്നൂന്നാ അറിവ്. വീട്ടിൽ കുഴഞ്ഞുവീഴുകേം ആശുപത്രീക്കെടത്തി ചികിൽസിക്കുകേമൊക്കെ ചെയ്തിട്ടുണ്ട്. തോമസിന്റെ അപ്പൻ ഇട്ടിസാറിന്റെ ഓർമദിവസം സദ്യക്കെടേലാ പിന്നെ അസുഖം വന്നേ. രണ്ടുദിവസം ആശുപത്രീൽ ബോധമില്ലാതെ കിടന്നു. എന്താ അസുഖമെന്നു കണ്ടുപിടിക്കാൻ പറ്റിയില്ല.’’

‘‘ഒരുവീട്ടിൽ അടുത്തടുത്ത് ആറുമരണം. എനിക്കിതങ്ങോട്ടു ദഹിക്കുന്നില്ല.’’

ചേട്ടൻ തലകുടഞ്ഞു.

‘‘എനിക്കും. മോഹനൻ ആദ്യം അവിടേക്കു പോകുമ്പോഴേ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. എല്ലാത്തിന്റെയും രഹസ്യസൂക്ഷിപ്പുകാരിയാണ് ആ റബേക്ക ടീച്ചർ എന്ന് ഉറപ്പാണ്. അവരുടെ കണ്ണു കണ്ടിട്ടില്ലേ? രഹസ്യം ഒളിച്ചുവച്ച കണ്ണാണത്. അതും ആദ്യമേ ഞാനിവനോടു പറഞ്ഞിരുന്നു.’’

‘‘നീ എന്താ ഉദ്ദേശിക്കുന്നത്?’’

സുഭാഷേട്ടൻ രമേശേട്ടനരികിലേക്കു കസേര നീക്കിയിട്ടിരുന്നു. 

‘‘ഒന്നാലോചിച്ചു നോക്കൂ, എല്ലാ മരണങ്ങളും ആത്യന്തികമായി നേട്ടമുണ്ടാക്കിയത് റബേക്ക ടീച്ചർക്കല്ലേ? സ്വപ്നം കാണാനാവത്തത്ര സമ്പത്ത്... അധികാരം...’’

‘‘പക്ഷേ, അതുകൊണ്ട് അവരൊന്നും ചെയ്യുന്നില്ലല്ലോ? ചുമ്മാ വീട്ടിലിരിക്കുവല്ലേ?’’ ഞാൻ തർക്കിച്ചു.

‘‘ബിസിനസ് കളിച്ച് ടാറ്റേം അംബാനീമാകാൻ എല്ലാർക്കും ആഗ്രഹം കാണണമെന്നില്ല... പണത്തിന്റ കൂമ്പാരത്തിനുമുകളിലാണ് ഇരിപ്പെന്നതുതന്നെയാകും അവരുടെ സന്തോഷം. വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർ വെട്ടിപ്പിടിച്ചുകൊണ്ടേയിരിക്കും. അത് ഒരുതരം മനോഭാവമോ മനോരോഗമോ ഒക്കെയാണ്. എല്ലാം സ്വന്തമാക്കണമെന്ന രോഗം.’’

കുപ്പിയുടെ പാതിയും രമേശൻ ചേട്ടൻ കുടിച്ചുതീർക്കുന്നതുകണ്ടിട്ടാണ് ഞങ്ങൾ വീട്ടിൽനിന്നിറങ്ങിയത്. മദ്യം തൊട്ടുനക്കിയതുകൊണ്ട് ചേട്ടൻ ബൈക്ക് എന്നെ എൽപ്പിച്ചു.

‘‘നോവൽ തുടരാൻ ആവശ്യമുള്ളതൊക്കെയായില്ലേ? ധൈര്യമായിട്ട് എഴുത്.’’

ബൈക്കിൽ കയറുമ്പോൾ രമേശൻ ചേട്ടൻ പറഞ്ഞു.

‘‘അതിന് പുതിയതായൊന്നും രമേശൻ ചേട്ടൻ പറഞ്ഞില്ലല്ലോ.’’

ഞാൻ പരിഭവിച്ചു.

‘‘നല്ല എഴുത്തുകാരനാണെങ്കിൽ ഇത്രയൊക്കെ മതിയെടാ. തീപ്പൊരി ഊതിക്കത്തിക്കുന്നവനാകണം എഴുത്തുകാരൻ.’’

കുലുങ്ങിച്ചിരിക്കു കാത്തുനിൽക്കാതെ ഞാൻ ബൈക്ക് മുന്നോട്ടു നീക്കുമ്പോൾ രമേശൻ ചേട്ടൻ പിന്നിൽനിന്നു പിടിച്ചുവലിച്ചു.

‘‘ഒന്നു നിന്നേ... ഒരുകാര്യം ചോദിക്കാൻ മറന്നു. മോഹനന് എഴുത്തിന്റെ സൂക്കേട്. സുഭാഷിന് എന്താ ഇതിലിത്ര താൽപര്യം? പോലീസ് ഇൻട്രസ്റ്റ് ഒന്നുമല്ലല്ലോ?’’

‘‘ഇല്ലാതില്ല.’’

നേരോ തമാശയോ എന്നു തിരിച്ചറിയാനാവാത്ത ചിരിയോടെയാണു സുഭാഷേട്ടൻ പറഞ്ഞത്.

‘‘സീരിയസ് ആണെങ്കിൽ ഞാനൊരു ക്ലൂ തരാം.’’

രമേശൻ ചേട്ടൻ വയ്യാത്ത കാലുകൾ വലിച്ചിഴച്ച് അടുത്തേക്കുവന്നു.

‘‘റബേക്ക ടീച്ചറുടെ കെട്ടിയോൻ തോമസ് ബിസിനസ് ആവശ്യത്തിനു ഡൽഹീലെങ്ങാണ്ടുപോയപ്പോ വണ്ടികേറിച്ചത്തൂന്നല്ലേ പറേന്നത്? അതു ചുമ്മാതാ....’’

‘‘പിന്നെ?’’ ചേട്ടൻ കാതു കൂർപ്പിച്ചു.

‘‘മറ്റെന്തോ ആയിരിക്കണം സംഭവിച്ചത്. നീ അന്വേഷിക്ക്. പെട്ടെന്നൊരു ദിവസം അയാളെ കാണാതാവുകയായിരുന്നു. ബാഗും തൂക്കി കവലേൽ നിൽക്കുന്നതു കണ്ടവരൊണ്ട്. രണ്ടു വണ്ടി സ്വന്തമായുള്ള ആളെന്തിനാ ബസ് കേറാൻ നിൽക്കുന്നേ? ഒന്നാലോചിച്ചേ...’’

രമേശൻ ചേട്ടൻ ബൈക്കിന്റെ കണ്ണാടി മുണ്ടിന്റെ തുമ്പുകൊണ്ടു തുടച്ചു.

‘‘അതേപ്പറ്റി കൃത്യമായി അറിയാവുന്ന രണ്ടുപേരേ ഈ നാട്ടിലുള്ളൂ. ഒന്ന് പത്രോസ് മാഷ്. രണ്ട്...’’

രമേശൻ ചേട്ടൻ തലചൊറിഞ്ഞു.

‘‘ആരാണു രണ്ടാമത്തെ ആൾ?’’ സുഭാഷേട്ടൻ തിരക്കിട്ടു.

‘‘പറയുമ്പോൾ എന്നോടു ദേഷ്യം തോന്നരുത്,’’ രമേശൻ ചേട്ടൻ കൈകൂപ്പി, ‘‘ഉറപ്പില്ല. ഊഹം മാത്രമാണു കേട്ടോ...’’

‘‘ആരെന്നു പറയൂ...’’

‘‘നിങ്ങടെ അച്ഛൻ...’’

‘‘അച്ഛനോ?’’ ഞങ്ങൾ ഒരേസമയം നടുങ്ങി.

‘‘അതേ. തോമസ് ഉള്ളകാലം മുതലേ അവർ തമ്മിൽ എന്തോ ഇടപാടുണ്ട്. അത് എന്തെന്ന് പത്രോസ് മാഷിനുമറിയാം.’’

സുഭാഷേട്ടന്റെ വിരലുകൾ എന്റെ ചുമലിൽ മുറുകി. അതു സൂചനയായെടുത്ത് ഞാൻ വണ്ടി മുന്നോട്ടെടുത്തു. 

‘‘രമേശൻ ചേട്ടൻ പറയുന്നതിൽ കാര്യമുണ്ടെന്നു ചേട്ടനു തോന്നുന്നുണ്ടോ?’’

ഏറെ നേരത്തെ നിശബ്ദതയ്ക്കുശേഷം ഞാൻ ചോദിച്ചു.

‘‘അച്ഛനു കുടിക്കാൻ കാശെവിടുന്നു കിട്ടുന്നുവെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. അതും വിലകൂടിയ സാധനങ്ങൾ.’’ 

‘‘റബേക്ക ടീച്ചറുടെ കാര്യത്തിൽ അച്ഛൻ ആവശ്യത്തിലേറെ താൽപര്യം കാട്ടുന്നതു വെറുതെയല്ലെന്നു ചുരുക്കം. പക്ഷേ, നമ്മൾ ചോദിച്ചാൽ അച്ഛൻ സത്യം പറയുമോ?’’

‘‘ഒരിക്കലുമില്ല. ചോദിക്കുകയും വേണ്ട. സ്വന്തം വരുമാനം മുടക്കാൻ ആരായാലും ഇഷ്ടപ്പെടില്ല.’’

ഞങ്ങൾ മടങ്ങിയെത്തുമ്പോഴും ബീഡിപ്പുകയുതിർത്ത് അച്ഛൻ അരമതിലിൽതന്നെ ഇരിപ്പുണ്ടായിരുന്നു.

‘‘അരുളിച്ചെയ്തപോലിതെല്ലാം കേട്ടാൻ

അഗതിക്കെനിക്കറിയാവതെന്തിപ്പോൾ;

അപരനെയങ്ങു നിയോഗിച്ചാലും...’’

ഞങ്ങളെക്കണ്ട് പെട്ടെന്നൊരു പദം അച്ഛന്റെ നാവിൽ നൃത്തമാടി.

‘‘ചേട്ടനിറങ്ങിക്കോ. ഞാൻ പത്രോസ് മാഷിനെ കണ്ടിട്ടുവരാം.’’

‘‘ഇപ്പോഴോ?’’

‘‘ചില കാര്യങ്ങൾക്ക് ഉത്തരം കിട്ടാതെ എനിക്ക് ബാക്കിയെഴുതാനാവില്ല.’’

മറുപടി കിട്ടുന്നതിനുമുൻപേ ഞാൻ ബൈക്ക് വളച്ചെടുത്തു. എഴുത്തുകാരനോടുള്ള ആദരവ് ചേട്ടന്റെ കണ്ണുകളെ ആർദ്രമാക്കുന്നത് തിരിഞ്ഞുനോക്കാതെ എനിക്കു കാണാമായിരുന്നു.

(തുടരും)

English Summary: Rabecca E- novel written by Rajeev Sivshankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA