ADVERTISEMENT

‘‘കണ്ണിൽനിന്നല്ല, അലിവുള്ള ഹൃദയത്തിൽനിന്നാണു കണ്ണീരു വരുന്നതെന്ന്് കൊച്ചോംപള്ളീലെ പന്തംപറമ്പിലച്ചൻ പറയുമായിരുന്നു. കുമ്പസാരക്കൂട്ടിൽ ഞാനൊന്നു കരഞ്ഞുകാണാൻ അച്ചനു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അച്ചന്റെ നിർബന്ധത്തിന് കുമ്പസാരക്കൂട്ടിൽ കയറിയാലും ഞാൻ മുക്കിയും മൂളിയും നിൽക്കുകയേ ഉള്ളൂ. തെറ്റു ചെയ്യുന്നവർക്കല്ലേ കുമ്പസാരം? ശരിയെന്നു തോന്നുന്നതേ ഞാൻ ചെയ്യാറുള്ളൂ. മുന്നും പിന്നും നോക്കീട്ടും കണക്കുകൂട്ടീട്ടുമൊന്നുമല്ല ഓരോന്നു ചെയ്യുന്നത്. അപ്പപ്പോൾ ശരിയെന്നുതോന്നുന്നത്. അതിന്റെ വരുംവരായ്കകളും അനുഭവിക്കാൻ ഞാൻ തയ്യാർ. പിന്നെന്തിനാ അച്ചന്റെ മുമ്പിൽ കരയുന്നതും പിഴിയുന്നതും? അല്ലെങ്കിലും എത്ര ശ്രമിച്ചാലും എന്റെ കണ്ണിൽനിന്ന് ഒരുതുള്ളി നീരുവരത്തില്ല. കരയാൻ എനിക്കറിയില്ല. ലോകത്ത് ഒരു പെണ്ണും കരയരുതെന്നാണ് ഞാൻ പറയുന്നത്. വേണ്ടതിനും വേണ്ടാത്തതിനും കണ്ണുനിറയ്ക്കുന്നതുകൊണ്ടാണ് പെണ്ണ് അബലയാണ് കുടച്ചക്രമാണ് എന്നൊക്കെ ആണുങ്ങളു പറഞ്ഞോണ്ടിരിക്കുന്നേ....’’

 

റബേക്ക ടീച്ചർ ക്ഷോഭിച്ചു. എന്റെ നിർബന്ധത്തിനു വഴങ്ങി ടീച്ചർ വീടിനുപുറത്തിറങ്ങിയതാണ്. ചെമപ്പും കറുപ്പും കുഞ്ഞുപൂക്കൾ തുന്നിയ വെളുത്ത സാരിയിൽ അവർ പതിവിലേറെ സുന്ദരിയായിതോന്നി. പൂന്തോട്ടത്തിനരികിലെ നീണ്ട ഒറ്റയടിപ്പാതയിലൂടെ ഞങ്ങൾ നടന്നു. പെണ്ണമ്മയും ജാനകിയും ‘ബത്‌ലഹേമി’ലെ ചാമ്പച്ചോട്ടിലെ കാഴ്ചകണ്ടിരുന്ന അടുക്കളവരാന്തയ്ക്കരികിലെത്തിയപ്പോൾ ടീച്ചർ നിന്നു. അതിരു തിരിച്ചിരിക്കുന്ന മതിൽ ഇപ്പോൾ കെട്ടിപ്പൊക്കിയതുപോലെ പുതുപുത്തനായി മിനുങ്ങി നിൽക്കുന്നു. പടർന്നുകയറിയത് അബദ്ധമായെന്ന മട്ടിൽ അതിലൊരു കാട്ടുവള്ളി വാടിയൊടിഞ്ഞു കിടന്നു. പെണ്ണമ്മയും ജാനകിയുമൊക്കെ ഇപ്പോൾ എവിടെയാണാവോ? അതിനെപ്പറ്റി സൗകര്യപൂർവം ടീച്ചറോടു ചോദിക്കണം. പൂന്തോട്ടത്തിൽ പൂക്കളം വരയ്ക്കുന്ന പുലരിവെയിലിനു തീരെ ചൂടില്ലായിരുന്നു. തലേന്നുപെയ്ത ചാറ്റൽമഴയുടെ നനവിൽ ചവറ്റിലക്കിളികൾ കൊത്തിപ്പെറുക്കുന്നു.  

‘‘നേരുപറയാമല്ലോ, ആരെങ്കിലും കരയുന്നതുകണ്ടാൽ എനിക്കു പരിഹാസമായിരുന്നു. അതു മാറിയത് തോമാച്ചന്റെ കരച്ചിൽ കണ്ടപ്പോഴാണ്.’’റബേക്ക ടീച്ചർ വീണ്ടും സംസാരിച്ചു തുടങ്ങി.

 

‘‘ആണുങ്ങൾ കരയുമെന്നത് പുതിയ അറിവായിരുന്നു. എന്റപ്പൻ മരണക്കിടക്കയിൽ വേദനതിന്നു കിടക്കുമ്പോഴും കരയുകയല്ലായിരുന്നു. അലറുകയും ലോകത്തെ മൊത്തം ചീത്തവിളിക്കുകയുമായിരുന്നു. പണത്തോടുമാത്രം സ്നേഹമുള്ള മക്കളെപ്പറ്റി പറയുമ്പോഴെല്ലാം ജോസഫ് പാപ്പൻ പല്ലു ഞറുമ്മിയാണ് സങ്കടം പ്രകടിപ്പിച്ചത്. ആന്റണിയാകട്ടെ എല്ലാത്തിനെയും കള്ളുകൊണ്ടാണു നേരിട്ടത്. പക്ഷേ, അവരുമായൊന്നും താരതമ്യമില്ല തോമാച്ചന്. ഞാൻ കണ്ടതിലേക്കും നല്ല ഹൃദയം. ആ മനുഷ്യൻ കരയുന്നതു കണ്ടപ്പോൾ എന്റെ ഹൃദയവും പിടച്ചു. ആരും കാണാതെ ഉള്ളിൽ ഞാനും കരഞ്ഞു. അല്ലെങ്കിലും അന്നമോളുടെ കിടപ്പുകണ്ടാൽ ആരും കരഞ്ഞുപോകുമായിരുന്നു. 

 

ശോശയുടെ ചേച്ചി മിനിയുടെ കൊച്ചിന്റെ ആദ്യകുർബാനയ്ക്ക് പോകാൻ അന്നമോളെ അന്ന് കുളിപ്പിച്ചൊരുക്കിയത് ഞാനായിരുന്നു. വെള്ളഫ്രോക്കും വെള്ള റിബൺകെട്ടി രണ്ടായി പിന്നിയ മുടിയുമായി ഓടിനടക്കുന്ന അവളെക്കണ്ടാൽ ഒരാളും കണ്ണെടുക്കില്ല. തോമാച്ചന്റെയും ശോശയുടെയും കൂടെയാണ് ഞാനും പള്ളിയിൽ പോയത്. കാറിൽ അന്ന എന്റെ മടിയിലാണിരുന്നത്. തലേന്നു ശോശ പഠിപ്പിച്ച ഒരു നഴ്സറിപ്പാട്ട് അവൾ പാടിയഭിനയിച്ചുകൊണ്ടേയിരുന്നു. പള്ളിയിലെ ആൾക്കൂട്ടം കണ്ടപ്പോൾ അന്നയ്ക്ക് ആവേശമായി. സ്വന്തക്കാരെ കണ്ടപ്പോൾ മോളെ തോമാച്ചനെ ഏൽപ്പിച്ച് ശോശ അവർക്കരികിലേക്കോടി.  മെഴുകുതിരിയേന്തിയ പെൺകുട്ടികൾ പാട്ടുപാടി  അൾത്താരയിലേക്കു നടക്കുന്നതിനൊപ്പം തോമസും അന്നയെ വിരലിൽ കോർത്തുനടന്നു. പോകുമ്പോൾ എന്നെനോക്കി അവൾ കൈവീശിക്കാട്ടിയത് ഇപ്പോഴും മനസ്സിലുണ്ട്. കുർബാനയും സ്ഥൈര്യലേപനവും കഴിഞ്ഞ് പ്രസംഗം നീണ്ടപ്പോൾ തോമാച്ചൻ അന്നയുമായി പുറത്തേക്കു നടക്കുന്നതുകണ്ടു. അപ്പോഴേക്കും സ്വന്തക്കാരിൽ ചിലരെ പരിചയപ്പെടുത്താൻ ശോശ എന്നെ പിടിച്ചുവലിച്ചോണ്ടുപോയി.

 

അന്നയെ പിന്നെ കാണുന്നത് മിനിയുടെ വീട്ടുമുറ്റത്തെ  സദ്യയ്ക്കിടയിലാണ്. തോമസിന്റെ ചുമലിൽ കിടന്നു ചിണുങ്ങുന്ന അവൾ എന്നെക്കണ്ട് കൈനീട്ടി.

‘‘വെറുതേ നിർബന്ധം.’’

തോമസ് അസ്വസ്ഥനായിരുന്നു.

‘‘വിശന്നിട്ടായിരിക്കും.ശോശയെവിടേ?’’

‘‘ ഫോട്ടോ എടുപ്പാ അപ്പുറത്ത്.’’

‘‘മോളെ ഇങ്ങു താ...അവൾക്കു വല്ലോം കഴിക്കാൻ കൊടുക്കാം.’’

ഞാൻ അന്നയെ ഏറ്റുവാങ്ങി. തോമാച്ചൻ സംശയിച്ചുനിന്നു.

‘‘തോമാച്ചൻ പൊയ്ക്കോന്നേ...അവിടെ ആരെങ്കിലുമൊക്കെ തിരക്കില്ലേ. മോടെ കാര്യം ഞാൻ നോക്കിക്കോളാം.’’

വിളമ്പുകാരോടു പറഞ്ഞ് അന്നയ്ക്കുവേണ്ടി ഇത്തിരി അപ്പവും ഇറച്ചിയും വാങ്ങി ഞാൻ ഒഴിഞ്ഞൊരു കോണിലിരുന്നു. അപ്പോഴേക്കും തോമാച്ചൻ തിരിച്ചെത്തി.

‘‘ഇങ്ങുതാ...ഞാൻ കൊടുക്കാം...’’

‘‘എന്താ എന്നെ വിശ്വാസമില്ലാഞ്ഞിട്ടാന്നോ?’’

ഞാൻ മുഖം വീർപ്പിച്ചു.

‘‘അയ്യോ അതല്ല. പട്ടുസാരിയൊന്നും ചീത്തയാക്കണ്ടാന്നു വിചാരിച്ചാ,’’തോമാച്ചൻ തൊട്ടപ്പുറത്തെ കസേരവലിച്ചിരുന്നു, ‘‘ഈ സാരി റബേക്കയ്ക്ക് നന്നായി ചേരുന്നുണ്ട്.’’

എന്റെ മനസ്സ് നിറഞ്ഞു. 

‘‘ഇവിടെ എന്നാ ചൂടാ...നമുക്ക് കാറിനകത്തിരിക്കാം...’’

അതുനല്ല തീരുമാനമെന്ന് എനിക്കും തോന്നി. അന്നയെയുമെടുത്തു നടന്ന തോമാച്ചന്റെ പിന്നാലെ പാത്രവുമായി ഞാനും ചെന്നു. കാറിന്റെ പിൻവശത്തെ വാതിൽ പകുതി തുറന്നിട്ട്, അന്നയെ മടിയിലിരുത്തി തോമാച്ചൻ തന്നെയാണ് പാലപ്പം മുറിച്ചു വായിൽവച്ചു കൊടുത്തത്. ഈ പ്രായത്തിൽ ഇത്രയും പുന്നാരിക്കണോ എന്ന ചോദ്യം ഞാൻ വിഴുങ്ങി. അപ്പം വായിൽവച്ച് അവൾ പാട്ടുപാടാൻ തുടങ്ങിയപ്പോൾ തോമാച്ചൻ വിലക്കി. ഇടയ്ക്ക് വെള്ളത്തിനായി മോൾ കുതറിയപ്പോൾ ഞാൻ വെള്ളക്കുപ്പിയ്ക്കു പരതി. യാത്രയ്ക്കിടയിൽ അതുരുണ്ട് സീറ്റിനടിയിൽ കിടക്കുകയായിരുന്നു. മുൻവശത്തെ വാതിൽ തുറന്ന് കുപ്പി എടുക്കുന്നതിനിടയിൽ അന്നമോൾ വല്ലാത്തൊരു ശബ്ദം കേൾപ്പിച്ചു. ‘റബേക്കേ ഓടിവന്നേ’ എന്നു തോമാച്ചൻ നിലവിളിച്ചതുകേട്ട് കുപ്പിയുമായി ചെന്നപ്പോഴേക്കും കുഞ്ഞിന്റെ മുഖം നീലിച്ചിരുന്നു.

 

‘‘വേഗം വണ്ടീക്കേറ്...ആശുപത്രീലോട്ടു പോകാം.’’

 

അന്നമോളെ എന്റെ കൈയിൽത്തന്ന് തോമാച്ചൻ ഡ്രൈവിങ് സീറ്റിലേക്കോടി. പക്ഷേ, പാതിവഴി ചെന്നപ്പോഴേ, അവളുടെ അനക്കം നിലച്ചത് ഞാനറിഞ്ഞു.  വായിൽനിന്നു പുറത്തേക്കിറ്റിയ പാലപ്പത്തിന്റെ തുണ്ട് ഞാൻ തോണ്ടി പുറത്തെറിഞ്ഞു. വൈകിപ്പോയെന്നു ഡോക്ടർ പറഞ്ഞപ്പോൾ തോമാച്ചൻ മോളെ നെഞ്ചത്തോട്ടു ചേർത്തുവച്ച് ഒരു കരച്ചിൽ.... പന്തംപറമ്പിലച്ചൻ പറഞ്ഞതുപോലെ കണ്ണിൽനിന്നായിരുന്നില്ല, ഹൃദയത്തിന്റകത്തുനിന്നായിരുന്നു അത്.’’

പറഞ്ഞുതീർന്നപ്പോൾ ടീച്ചറുടെയും കണ്ണുനിറഞ്ഞതുപോലെ തോന്നി. അടുക്കളവരാന്തയിലെ ആട്ടുകല്ലിൽ ടീച്ചർ ഇരുന്നു. ബത്‌ലഹേമിന്റെ മുറ്റത്തെ ചാമ്പച്ചോട്ടിൽ അന്ന പാട്ടുപാടി നൃത്തം ചെയ്യുന്നത് ഞാൻ ഭാവനയിൽ കണ്ടു. 

‘‘നമുക്ക് അപ്പുറത്തേക്കു നടന്നാലോ?’’ടീച്ചർ ശാന്തയായെന്നു തോന്നിയപ്പോൾ ഞാൻ ചോദിച്ചു, ‘‘വീടു പൂട്ടിയിടാതെ വാടകയ്ക്ക് കൊടുത്തൂടേ?’’ ടീച്ചർ ഈർഷ്യയോടെ എന്നെ നോക്കി.

 

 

‘‘വാടകയ്ക്ക് പലരും ചോദിച്ചതാ. കൊടുക്കുന്നില്ലെന്നുവച്ചു. കാശു മാത്രമല്ലല്ലോ പ്രധാനം. രാവിലെ പത്തേക്കറിലെ വരാന്തയിൽനിന്നു നോക്കുമ്പോൾ  ഇവിടുത്തെ ചാമ്പച്ചോട്ടിൽ ശോശയെയും അന്നയെയും കാണാറുണ്ടെന്നു തോമാച്ചൻ പറേമാരുന്നു. ഇപ്പോ ആരേം കാണണ്ടാല്ലോ...പോയില്ലേ എല്ലാരേമിട്ടേച്ച്....’’

തോമസ് സാറിനെപ്പറ്റി എന്തെങ്കിലും പറയുമെന്നു വിചാരിച്ചെങ്കിലും ടീച്ചർ പൊടുന്നനെ നിശബ്ദതയുടെ കൈപിടിച്ച് ബത്‌ലഹേമിലെ പകലിലേക്ക് അലിഞ്ഞു. അടുക്കളവാതിലിനു മുന്നിലെത്തിയപ്പോൾ ടീച്ചർ മൂക്കുവിടർത്തി.

‘‘രാമച്ചത്തിന്റെ മണം കിട്ടുന്നുണ്ടോ നിനക്ക്? ശോശ എപ്പഴും രാമച്ചത്തിന്റെ സെന്റ് പൂശുമാരുന്നു.’’

ചുവടുകൾക്കു വേഗം കൂടി. തെക്കേമുറ്റത്തു ചാഞ്ഞുനിന്ന ചെടിയിൽനിന്നൊരില നുള്ളി, ചാമ്പച്ചോട്ടിലൂടെ കുറുക്കുകയറി പറമ്പ് മുറിച്ചുകടന്ന് ടീച്ചർ പത്തേക്കറിലേക്കു മടങ്ങി. പിന്നാലെ ഞാനും. 

 

ഇന്നിനി കേട്ടെഴുത്തു തുടരാൻ സാധ്യത ഇല്ലെന്നൂഹിച്ച് ഞാൻ കുറേനേരം മുറ്റത്തു ചുറ്റിപ്പറ്റിനിന്നു. പട്ടിക്കൂട്ടിൽ അനക്കമൊന്നും കേൾക്കുന്നില്ല. ഏതനേരത്താണാവോ തോപ്രനെ പുറത്തിറക്കുന്നത്? കുഞ്ഞാത്തയുടെ കൈയിൽ ഇവനെങ്ങനെ മെരുങ്ങുന്നു? അതോ ടീച്ചർതന്നെയാണോ പുറത്തിറക്കുന്നത്. ആലോചനകൾക്കിടയിലേക്ക്  ഇടമുറിയുടെ വാതിൽ മലർക്കെ തുറന്നു. മുറത്തിൽ നിരത്തിയ അരിഞ്ഞ പാവയ്ക്കയുമായി, എന്നെക്കണ്ടിട്ടും കാണാത്ത ഭാവത്തിൽ കുഞ്ഞാത്ത പുറത്തേക്കിറങ്ങി. എന്തുവന്നാലും ഇന്ന് ഇവരെ പൂട്ടണമെന്ന് ഞാനുറപ്പിച്ചു. 

 

‘‘ലൗലിയുടെ വിവരമെന്തുണ്ട്?’’

 

കുഞ്ഞാത്ത ഞെട്ടിത്തിരിഞ്ഞുനോക്കി. ചോദ്യം പെട്ടന്നെയിരുന്നതിനാൽ പരിഭ്രമം മറയ്ക്കാനുള്ള ശ്രമം പാളി. 

 

‘‘ആര്?’’

 

‘‘ലൗലി.’’

 

‘‘ഏതു ലൗലി?’’

 

‘‘കൂടപ്പിറപ്പിനെ മറക്കാമോ?’’

 

കുഞ്ഞാത്ത എന്റെ മുഖത്തുതന്നെ തറപ്പിച്ചുനോക്കി ഇത്തിരിനേരം നിന്നു. പിന്നെ പതിയെ അടുത്തേക്കുവന്നു.

 

‘‘എങ്ങനറിയാം അവളെ?’’

 

‘‘എന്റെ ഒരു കസിൻ മഠത്തിലുണ്ട്. അവരു പറഞ്ഞു.’’

 

‘‘ഏതു മഠത്തിൽ?’’

 

ഞാൻ മിണ്ടിയില്ല.

 

‘‘കൂടപ്പിറപ്പാന്ന് ആരു പറഞ്ഞു?’’

 

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അർഹിക്കുന്നില്ലെന്നു ഞാൻ ചുമൽ വെട്ടിച്ചു.

 

‘‘പറ...എങ്ങനറിയാമെന്ന്...’’

 

കുഞ്ഞാത്തയുടെ മുഖം കറുത്തു.

 

‘‘എനിക്കറിയാം....എല്ലാം...’’

 

‘എല്ലാം’ എന്ന വാക്കിന് ഊന്നൽ കൊടുത്താണു പറഞ്ഞത്. കുഞ്ഞാത്ത വികൃതമായി ചിരിച്ചു. 

 

‘‘നിനക്കെന്നെ അറിയില്ല കൊച്ചേ...നീ വിചാരിക്കുന്ന പെണ്ണല്ല ഞാൻ. സൂക്ഷിച്ചോ...’’

 

മുഖം വെട്ടിത്തിരിച്ച്, വാതിൽ വലിച്ചടച്ച് കുഞ്ഞാത്ത അകത്തേയ്ക്കുപോയപ്പോൾ അപ്പുറത്ത് തോപ്രൻ മുരണ്ടു.  കുഞ്ഞാത്തയിൽനിന്ന് ഇങ്ങനൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചതല്ല. എല്ലാം അറിയാമെന്നുപറയുമ്പോൾ കണ്ണീരോടെ അവർ തന്റെ കഥ എനിക്കുമുന്നിൽ കുടഞ്ഞിടുമെന്നാണു വിചാരിച്ചത്. ഇതുവരെ ഞാൻ വായിച്ച കഥകളിലും സിനിമകളിലുമൊക്കെ ഇത്തരം കഥാപാത്രങ്ങൾ കണ്ണീർക്കഥ പങ്കുവയ്ക്കാൻ അനുകൂലസന്ദർഭം നോക്കിയിരിക്കുന്നവരായിരുന്നു. അകത്തെ അനക്കങ്ങൾക്കായി ഞാൻ കാതോർത്തു. നേരേ റബേക്കടീച്ചറുടെ അടുത്തേക്കായിരിക്കുമോ കുഞ്ഞാത്ത പോയത്? രഹസ്യങ്ങൾ ചോർത്തുന്ന ചാരനാണു ഞാനെന്ന് അവർ തീരുമാനിച്ചുറപ്പിക്കുമോ? 

 

അകത്തേക്കു ചെല്ലാൻ ധൈര്യമില്ലാതെ, കാൽപ്പടത്തിൽ വെയിൽച്ചൂടു പൊള്ളിക്കുംവരെ ഞാൻ അടുക്കളവരാന്തയിൽ ഇരുന്നു. പിന്നെ പതിയെ പുറത്തേക്കു നടന്നു. നിരത്തിൽ ചെന്നു തിരിഞ്ഞുനോക്കുമ്പോൾ ഇടമുറിയുടെ ജനാലയിലൂടെ രണ്ടു കണ്ണുകൾ എന്നെ ഉറ്റുനോക്കുന്നതു കണ്ടു. വീട്ടിലെത്തിയപാടേ മുറി തഴുതിട്ട് ഞാൻ കടലാസും പേനയുമെടുത്തു. പക്ഷേ, പേന ചലിക്കാതെ നിന്നു. ഇനി ഏതുവഴി തിരിയണമെന്നു തിട്ടമില്ലാത്തതിന്റെ ആശയക്കുഴപ്പം കടിച്ചൊതുക്കി ഞാൻ കിടക്കയിലേക്കുവീണു.  കഴിഞ്ഞുപോയ സംഭവങ്ങളെ അടുക്കിനിരത്തി പുനരവലോകനം ചെയ്യുന്നതിനിടയിൽ കണ്ണടഞ്ഞു. അപ്പോൾ ഒരു കൽമണ്ഡപത്തിനുമേലേ, കുരിശിലേറ്റപ്പെട്ട കർത്താവിനെ അനുകരിച്ച് ഇരുവശത്തേക്കും കൈകൾ നീട്ടി പത്രോസ് മാഷ് എനിക്കുമുന്നിൽ വന്നുനിന്നു. 

 

അതൊരു കുന്നിന്റെ താഴ്‌വരയായിരുന്നു. കൊടുംവേനലിൽ പച്ചപ്പു നഷ്ടപ്പെട്ട മരങ്ങൾ അസ്ഥികൂടങ്ങളെ ഓർമിപ്പിച്ചു. ഹോളിവുഡ് സിനിമകളിലെ യോദ്ധാവിനെ അനുസ്മരിപ്പിക്കുന്ന വേഷം ധരിച്ച്, വായുവിൽ സീൽക്കാരമുതിർക്കുന്ന ചാട്ടയുമായി സുഭാഷ് ചേട്ടൻ മാഷിനു ചുറ്റും വലത്തുവയ്ക്കുന്നുണ്ടായിരുന്നു. പഴന്തോട്ടത്തിലെ രമേശ് ചേട്ടനാകട്ടെ വലിയൊരു തുകൽവാദ്യവുമായി കൽത്തൂണിൽ ഇരുന്നു. ഇളവെയിലിനുമേലേ ബീഡിപ്പുകയുടെ ചുരുളുകൾ പറന്നു.

 

‘‘തല്ലല്ലേ കുഞ്ഞേ, ഞാനെല്ലാം പറയാം.’’

 

പത്രോസ് മാഷ് വാവിട്ടു കരഞ്ഞു. നാഥൻ നഷ്ടപ്പെട്ട സങ്കടമൊതുക്കി വളഞ്ഞ വടി കാൽക്കൽ കമിഴ്ന്നുകിടന്നു.

 

‘‘സത്യം പറയൂ...റബേക്ക ടീച്ചറുമായി നിങ്ങൾക്ക് എന്താണിപാട്?’’

 

‘‘അയ്യോ ഒന്നുമില്ലേ...ഞാനതു പലവട്ടം പറഞ്ഞല്ലോ.’’

 

ചാട്ട പുളഞ്ഞു.

 

‘‘ഒഴിഞ്ഞുമാറരുത്...മാഷാണെന്നൊന്നും നോക്കില്ല, ഞാൻ.’’

 

തലയിലെ ചട്ടിത്തൊപ്പി ഒരുകൈകൊണ്ട് ഉറപ്പിച്ച് ചേട്ടൻ അലറി. രമേശൻ ചേട്ടൻ തുകൽവാദ്യത്തിൽ നീണ്ടൊരു താളം കൊട്ടി.

 

‘‘തല്ലല്ലേ...ഞാൻ പറയാം...,’’പത്രോസ് മാഷിന്റെ ശബ്ദം ദീനമായി, ‘‘ഞാനൊരു നല്ല ശമരിയാക്കാരനാന്നേ ... അതുകൊണ്ട് അടുപ്പമുള്ളൊരാൾ വഴിവിട്ടുസഞ്ചരിക്കുമ്പോൾ എനിക്കു സങ്കടമാവും. അവരെ നേർവഴി നടത്താൻ ആവതു ശ്രമിക്കും...അത്രേയുള്ളൂ കാര്യം...ഞാനിടയ്ക്ക് ടീച്ചറെ ഉപദേശിക്കും... കടുംപിടിത്തോമായി നടന്നാൽ വയസ്സുകാലത്ത് നോക്കാനാരുമില്ലെന്ന് ഓർമിപ്പിക്കും. കേസും വഴക്കുമില്ലാതെ സോജനു വേണ്ടതെന്താന്നുവച്ചാ കൊടുക്കാൻ കെഞ്ചും. പിന്നെ, കുറെ നാട്ടുവർത്തമാനം പറയും. പോരും.’’

 

‘‘സോജനോടെന്താ ഇത്ര അടുപ്പം?’’

 

ചോദിച്ചത് രമേശൻ ചേട്ടനായിരുന്നു.

 

‘‘ഞാൻ പഠിപ്പിച്ച കൊച്ചനാന്നേ...പണ്ടേ അവനെന്നോടു വല്യ കാര്യമാ...’’

 

‘‘പത്തേക്കറിലെ തോമസും എന്റെ അച്ഛനുമായെന്താ ഇടപാട്?’’

 

സുഭാഷേട്ടൻ, മാഷിന്റെ നേരേ മുമ്പിൽവന്നുനിന്ന് ചാട്ടയുടെ പിടികൊണ്ട് മുഖം ഉയർത്തിപ്പിടിച്ചു.

 

‘‘മേലേക്കുന്നിലുള്ള തോമാച്ചന്റെ പറമ്പ് നോക്കിനടത്തുന്നതു നിങ്ങടെ അച്ഛനാന്നേ...’’

 

‘‘അതെന്നുമുതൽ? ഞങ്ങളാരുമറിഞ്ഞില്ലല്ലോ. വിശദമായിട്ടു പറ.’’

 

മാഷ് ഉമിനീരിറക്കാൻ സാവകാശമെടുത്തു. രണ്ടുമൂന്നുതവണ ദീർഘമായി നിശ്വസിച്ചു. പിന്നെ പതിയെ പറഞ്ഞു:

‘‘ഉൽസവോം കഥകളീമായിട്ട് അങ്ങേരു കറങ്ങിനടക്കുന്നതുകണ്ട് വേദനതോന്നിയപ്പോ ഇത്തിരി ഉത്തരവാദിത്തമുണ്ടാകട്ടേന്നുകരുതി ഞാൻ ഏൽപ്പിച്ച ജോലിയാ അത്. എന്റെ നിർബന്ധംകൊണ്ടാ തോമസ്  സമ്മതിച്ചേ. ദോഷം പറയരുതല്ലോ. അങ്ങേരത് ഭംഗിയായിട്ടു ചെയ്യുന്നുണ്ട്. ആദായക്കണക്കൊക്കെ കിറുകൃത്യമാ.’’

 

‘‘ആദായം ആർക്കാ കൊടുക്കുന്നത്? റബേക്ക ടീച്ചർക്കോ? തോമസിന്റെ സ്വത്തൊക്കെ ടീച്ചറിന്റെ പേരിൽ എഴുതിവച്ചില്ലേ?’’

 

‘‘ഇതൊഴികെ എല്ലാം.’’

 

‘‘എന്താ ഇതെഴുതാഞ്ഞത്?’’

 

‘‘തോമസിന്റെ അമ്മച്ചീടെ പേരിലൊള്ള ഭൂമിയായിരുന്നു ഇത്...ഇങ്ങനൊരു വസ്തുവൊള്ളത് ടീച്ചർക്ക് ഇതുവരെ അറിയില്ല.’’

 

‘‘അപ്പോ വസ്തുവിലെ ആദായമെടുക്കുന്നത് നിങ്ങളാണോ?’’

 

‘‘അയ്യോ അല്ലേ...അതു തോമസ് തന്നെ...’’

 

‘‘അയാളിപ്പോൾ എവിടെയുണ്ട്?’’

 

‘‘അയ്യോ? അതു മാത്രം ഞാൻ പറയില്ല.’’

 

ചാട്ട രണ്ടുതവണ വായുവിൽ ചിലച്ചു.

 

‘‘മന:പൂർവം പറയാത്തതല്ല. അറിയാഞ്ഞിട്ടാ. തോമസ് എവിടെനിന്നെങ്കിലും എപ്പോഴെങ്കിലുമൊക്കെ വിളിക്കുകാ പതിവ്. ആരുടെയെങ്കിലുമൊക്കെ പേരിൽ പൈസ അയച്ചുകൊടുക്കാൻ പറയും. ഞാൻ അയയ്ക്കും.’’

 

‘‘തോമസ് ജീവനോടുണ്ടെന്നു റബേക്ക ടീച്ചർക്ക് അറിയാമോ?’’

 

‘‘മരിച്ചിട്ടില്ലെന്ന് അറിയാം. തിരിച്ചുവരുമെന്നാ പ്രതീക്ഷ. ഒരുപാടിഷ്ടമാ അങ്ങേരെ. ഇഷ്ടമെന്നു പറഞ്ഞാൽ വല്ലാത്തൊരിഷ്ടം. ഭ്രാന്തുപോലെയാ അത്.’’

 

‘‘എങ്ങനാ തോമസിന്റെ സ്വത്തൊക്കെ അവർ എഴുതിവാങ്ങിയത്? അറിഞ്ഞുകൊടുത്തതുതന്നെയാണോ?’’

 

‘‘എനിക്കറിയില്ല. ആണുങ്ങളെ ചാക്കിലാക്കാൻ അവൾക്കു വല്ലാത്ത മിടുക്കാ.’’

 

‘‘അപ്പോൾ നിങ്ങളും ചാക്കിലായോ?’’

 

തുകൽവാദ്യം മാറ്റിവച്ച് അടുത്ത ബീഡിക്കു തീപിടിപ്പിച്ചുകൊണ്ട് രമേശൻചേട്ടൻ അശ്ലീലച്ചിരി ചിരിച്ചു.

 

‘‘നിങ്ങളുടെ ഭാര്യ എത്രയോ കാലമായി കിടപ്പാണ്. അപ്പോൾ റബേക്ക ടീച്ചറുടെ വീട്ടിൽ ഇടയ്ക്കിടയ്ക്കു പോകുന്നതു നല്ല ഉദ്ദേശത്തോടെയാണോ?’’

 

രമേശ് ചേട്ടൻ ഇടംകണ്ണിലൂടെ നോക്കി ചുണ്ടുകോട്ടി. പത്രോസ് മാഷിന്റെ മൗനത്തിനുമേലേ ചാട്ട വീണ്ടും സീൽക്കാരം തുപ്പി. മാഷ് കണ്ണടച്ചുനിന്നു.

 

‘‘നിങ്ങൾക്ക് റബേക്ക ടീച്ചറെപ്പറ്റി ഇനിയും എന്തൊക്കെയോ അറിയാം...ഞങ്ങളോട് പലതും ഒളിച്ചുവയ്ക്കുകയാണ്.’’

ചേട്ടൻ ചാട്ടവാർ ഉച്ചത്തിൽ വീശുമ്പോൾ തുകൽവാദ്യം മുറുകി. 

 

ഞാൻ ഉറക്കം ഞെട്ടി കണ്ണുതുറന്നു. വിയർത്തുകുളിച്ചിരുന്നു. മാഞ്ഞുപോയ കൽത്തൂണുകൾക്കും ഉണങ്ങിയ മരങ്ങൾക്കുമിടയിൽനിന്ന് ചാട്ടവാറിന്റെ മുഴക്കവും തോൽച്ചെണ്ടയുടെ പെരുക്കവും അപ്പോഴും കാതിൽ മുഴങ്ങുന്നതുപോലെ. ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണറിഞ്ഞത്, മുഴക്കം വാതിലിലാണ്. ഉറക്കച്ചടവോടെ തുറക്കുമ്പോൾ ചിരിനിലാവുമായി ലീനച്ചേച്ചി.

 

‘‘ചേട്ടനും അനിയനും ഇങ്ങനെ കതകടച്ചിരുന്നാൽ മറ്റുള്ളവരു കുഴങ്ങിപ്പോകും,’’ ചേച്ചി പരിഭവിച്ചു, ‘‘ദേ നിന്നെ അന്വേഷിക്കുന്നുണ്ടു ചേട്ടൻ.’’

 

മുഖം കഴുകി,എന്റേതായിരുന്ന പഴയ മുറിയിലേക്കു നടക്കുമ്പോൾ  പിന്നിൽ നിന്നു ലീനച്ചേച്ചി തോണ്ടിവിളിച്ചു.

 

‘‘സിഗരറ്റ് വലി ഇത്തിരി കുറയ്ക്കാൻ പറ നിന്റെ ചേട്ടനോട്...’’

 

‘‘വലിക്കുന്നത് ചേട്ടനല്ല. ഷെർലക് ഹോംസാ.’’

 

എന്റെ ചിരിക്കെതിരെ ലീനച്ചേച്ചി കണ്ണുതുറിച്ചുകാട്ടിയത് അവഗണിച്ചു. മുറി തുറന്നപ്പോഴേ സിഗരറ്റ് പുകയുടെ കുമുകുമാ മണം പുറത്തേക്കു കുമിഞ്ഞു. നിലത്തു ചിതറിക്കിടക്കുന്ന കടലാസുകൾ സുഡോക്കുവിന്റേതാണ് എന്നറിഞ്ഞപ്പോൾ ഞാൻ ഉള്ളിൽ ചിരിച്ചു. പണ്ടും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തപ്പോൾ ചേട്ടൻ സുഡോകുവിനു പിന്നാലെ പോവുമായിരുന്നു.

 

‘‘എടാ...കേറിവാ...ഈ കേസ് ഷെർലക് ഹോംസ് ഏറ്റടുത്തു,കേട്ടോ.’’

 

മേശയിലേക്കു കുനിഞ്ഞ് കുത്തിക്കുറിച്ചുകൊണ്ടിരുന്ന ചേട്ടൻ തിരിഞ്ഞുനോക്കാതെ പറഞ്ഞു.

 

‘‘അതിന് ആരും ഹോംസിനെ കേസ് ഏൽപ്പിച്ചില്ലല്ലോ.’’

 

‘‘സ്വയം കേസെടുക്കാൻ പോലീസിന് അധികാരമുണ്ടെടാ.’’

 

ചേട്ടൻ എഴുന്നേറ്റ്, വലിച്ചുകെടുത്തിവച്ച സിഗരറ്റിനു വീണ്ടും തീകൊളുത്തി.

 

‘‘ചില ചെറിയ യാത്രകളുണ്ട്. നീ കൂടെവേണം. എഴുത്തും ജീവിതവും തമ്മിൽ എവിടെയാണു വേർപിരിയുന്നതെന്ന് എഴുത്തുകാരനും അറിയാമല്ലോ...,’’ ചേട്ടൻ ചിരിച്ചു, ‘‘ഷെർലക് ഹോംസിന്റെ കേസന്വേഷണരീതി പഠിക്കാൻ വാട്സണ്  ഒരവസരംകൂടി കിട്ടിയെന്നു കരുതിക്കോളൂ.’’

 

‘‘ഊഹങ്ങൾ വച്ചുള്ള ഈ കളി നല്ലതല്ല കേട്ടോ. എസ്ഐയും സർക്കിളുമൊന്നുമല്ലല്ലോ ചേട്ടൻ?’’

 

‘‘അധികാരമല്ലെടാ... ബുദ്ധി,...ബുദ്ധിവച്ചാ കളി...,’’ ചേട്ടൻ തലയിൽ തൊട്ടുകാട്ടി, ‘‘നീ കണ്ടോ കാണാൻപോകുന്ന പൂരം. അതിനുമുൻപ് നോവൽ പൂർത്തിയാക്ക്. ഭാവനേം യാഥാർഥ്യോം തമ്മിലുള്ള വ്യത്യാസം നോക്കാമല്ലോ.’’

‘‘യാത്ര എവിടേക്കാ? നാദാപുരത്തേക്കായിരിക്കും?’’

 

ഞാൻ തെല്ലു പരിഹാസത്തോടെ ചോദിച്ചു.

 

‘‘അതൊക്കെ എഴുത്തുകാരന്റെ രീതി. ഹോംസിന്റെ അന്വേഷണം തുടങ്ങുന്നത് രാമൻ വൈദ്യരുടെ വീട്ടീന്നാ.’’

ചേട്ടൻ ഒരക്കം വെട്ടിയെഴുതി സുഡോക്കു പൂർത്തിയാക്കി എന്നെ നോക്കി ചിരിച്ചു. 

(തുടരും)

 

English Summary: Rabecca E- novel written by Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com