ADVERTISEMENT


മരണത്തണുപ്പുള്ള വഴികൾ

വൃശ്ചികത്തണുപ്പിൽ തീ കായാൻ കൂനിക്കൂടിയിരിക്കുന്നൊരു കിഴവനെ ഓർമിപ്പിക്കുന്നതായിരുന്നു രാമൻവൈദ്യരുടെ വീട്. എക്കാലത്തേക്കുമായി വലിച്ചടച്ചതുപോലെ ജാലകങ്ങൾക്കു മേലേ ചേർത്തു തറച്ച തടിക്കഷണങ്ങൾ ദൂരക്കാഴ്ചകളെ നിരുൽസാഹപ്പെടുത്തി. കാട്ടുചേമ്പുകൾ തഴച്ച വഴിയുടെ ഓരത്ത് ബൈക്ക് ഒതുക്കി ഞാനും ചേട്ടനും അകത്തേക്കു കയറി. മുറ്റത്തു വെയിൽ കാഞ്ഞുകിടന്ന നായ, ഷെർലക് ഹോംസിനെയും ഡോക്ടർ വാട്സണെയും കണ്ടഭാവം നടിച്ചില്ല. നായയെ വെല്ലുവിളിക്കുന്ന മട്ടിൽ രണ്ടു പൂച്ചകൾ തിണ്ണയിൽ മീശവിറപ്പിച്ചിരുന്നു. മുറ്റത്തിന് ഒത്തനടുവിലൂടെ വലിച്ചുകെട്ടിയ അയയിൽ നിറം മങ്ങി, ആകൃതിപോലും നഷ്ടപ്പെട്ട ഏതാനും തുണികൾ ഊഞ്ഞാലാടാൻ കാറ്റു കാത്തുകിടന്നു. മുന്നറിയിപ്പില്ലാതെ വന്ന അപരിചിതരെക്കുറിച്ചുള്ള ആകാംക്ഷ നിറഞ്ഞ കണ്ണുകളുമായി വൈദ്യരുടെ ഭാര്യ പുറത്തേക്കുവന്നു. പഴയകാര്യങ്ങൾ തിരക്കിയാണു വരവെന്നറിഞ്ഞപ്പോൾ മുഖം കോടി.

 

‘‘പോലീസുകാരാന്നേൽ എനിക്കൊന്നും പറയാനില്ല. പറഞ്ഞുമടുത്തു.’’

അവർ മടങ്ങിപ്പോകാനാഞ്ഞു. അക്കരെ കരയിലുള്ളവരാണെന്നും വൈദ്യൻ ചികിത്സിച്ചവരുടെ പിൻതലമുറയാണെന്നും ബോധ്യപ്പെടുത്തിയപ്പോളാണ്  സംസാരിക്കാൻ തയാറായത്. 

 

‘‘പത്രോസ് മാഷിന്റെ സൊന്തക്കാരാണോ? നേരു പറ...,’’ അവർ ഞങ്ങളെ കൂർപ്പിച്ചുനോക്കി, ‘‘ നടൂവേദനയ്ക്കു മരുന്നുവാങ്ങാൻ മാഷിന്റെ കെട്ടിയോൾ വന്നത് ഇന്നത്തെപ്പോലെ മനസ്സിലുണ്ട്. ഞാനുമൊണ്ടാരുന്നു അന്നേരം വൈദ്യശാലയിൽ. എന്തു തങ്കപ്പെട്ട കൊച്ചാരുന്നു.’’

വാക്കുകൾ മറന്നതുപോലെ അവർ തെല്ലുനേരം മഞ്ഞച്ചുറ്റുവീണ കൃഷ്ണമണികൾ കൊണ്ട് ഞങ്ങളെ മാറിമാറിനോക്കി. പിന്നെ പൊടുന്നനെ കരഞ്ഞു.

 

‘‘വൈദ്യരെ ആരാണ്ടു ചതിച്ചതാ കുഞ്ഞേ...ഞങ്ങടെ ജീവിതം നശിപ്പിക്കാനായിട്ട്. പോയത് ഒന്നല്ല രണ്ടുജീവനാ....നാഥനില്ലാതായത് രണ്ടു കുടുംബങ്ങൾക്കാ...ചേട്ടനോടുള്ള വഴക്കുകാരണം പീതാംബരൻ അരിഷ്ടത്തിൽ വിഷം ചേർത്തൂന്നല്ല്യോ കരക്കാരു പറഞ്ഞൊണ്ടാക്കിയേ...അവനോന്റെ അന്നത്തിൽ ആരെങ്കിലും വിഷം കലക്കുമോ? നിങ്ങളൊന്നാലോചിച്ചാട്ടെ. ’’

‘‘പീതാംബരൻ നിരപരാധിയാണെന്നു പോലീസിനോടു പറഞ്ഞില്ലേ?’’

സുഭാഷേട്ടൻ, വരാന്തയിൽ വിരിച്ചിട്ട പഞ്ചസാരച്ചാക്കിലിരുന്നു.

 

‘‘പിന്നെ പറയാഞ്ഞിട്ടാന്നോ? സത്യം തെളിയിക്കാൻ വേണ്ടിയല്ല്യോ അവൻ കുറേനാൾ കേസുകളിച്ചത്. എന്നിട്ടും ഫലമില്ലാഞ്ഞു മനസ്സുനീറിയാ ജയിലീന്നിറങ്ങിയപ്പോ  കറന്റുകമ്പിയേ കേറിപ്പിടിച്ചേ...ചേട്ടനും അനിയനും തമ്മിൽ എല്ലാ വീട്ടിലുമുള്ള പ്രശ്നങ്ങളേ ഇവിടേമൊള്ളാരുന്നു. തനിയെ വൈദ്യശാല തൊടങ്ങാൻ പോന്നൂന്നു പറഞ്ഞപ്പോ വലിയ വൈദ്യര് എതിർത്തൂന്നൊള്ളതു സത്യമാ...പക്ഷേ...’’

‘‘ശരിക്കും എന്തായിരിക്കും സംഭവിച്ചത്?’’

 

‘‘ആർക്കറിയാം. മരുന്നിൽ മായമുണ്ടെന്നു വരുത്താൻ മന:പൂർവം ആരാണ്ടു കളിച്ചതാ.’’ 

‘‘പക്ഷേ ആര്? വൈദ്യർക്കു ശത്രുക്കളുണ്ടായിരുന്നോ?’’

‘‘അയ്യോ...പാവം...കടിച്ച ഉറുമ്പിനെ പെറുക്കിമാറ്റാത്ത പഞ്ചപാവമാ...ആരോ ആർക്കിട്ടോ പണിതത് ഉന്നം മാറി ഇവിടൊരാളുടെ നെഞ്ചത്തു വന്നുകൊണ്ടതാന്നാ എഃ്റെ വിചാരം...അല്ലേൽ ഒരേ മരുന്ന് പത്തുകുപ്പീലൊഴിച്ചതിൽ ഒന്നിൽ മാത്രം വിഷം വരുന്നതെങ്ങനാ...തമ്പുരാന്റെ ഓരോ ലീല...ബാക്കിയുള്ളോര് അനുഭവിക്കാൻ കിടക്കുന്നു.’’

മടങ്ങുംമുൻപ് നൂറുരൂപ വിറയ്ക്കുന്ന കൈകളിൽ വച്ചുകൊടുത്തപ്പോൾ അവരുടെ കണ്ണുനിറഞ്ഞു. 

‘‘കുഞ്ഞേ,’’ബൈക്ക് സ്റ്റാർട്ടു ചെയ്യുമ്പോൾ അവർ പിന്നിൽനിന്നു വിളിച്ചു, ‘‘ഓരോരുത്തര് ചാവാൻ കഴിക്കുന്ന സാധാരണ വിഷമൊന്നുമല്ല മരുന്നിന്റകത്ത് ഒണ്ടായിരുന്നതെന്നാ പീതാംബരൻ പറഞ്ഞേ...അവനേതാണ്ടൊരു വല്ലാത്തൊരു പേരു പറഞ്ഞാരുന്നു....’’

അതുകേട്ടപ്പോൾ ചേട്ടന്റെ കണ്ണു തിളങ്ങി.

 

‘‘പെണ്ണമ്മയേയോ ജാനകിയേയോ കൂടി കിട്ടണം. ഒരു സംശയംകൂടി തീർക്കാനുണ്ട്,’’ മടങ്ങിപ്പോരുമ്പോൾ ചേട്ടൻ പറഞ്ഞു,  ‘‘അവരെവിടെയാ താമസമെന്ന് നിനക്കറിയാമോ? അവരെ എന്തുകൊണ്ടായിരിക്കും ടീച്ചർ പറഞ്ഞുവിട്ടത്? ’’

‘‘കുഞ്ഞാത്ത വന്നപ്പോഴായിരിക്കും.’’

‘‘കുഞ്ഞാത്ത...അവർ ഒരു താക്കോലാണ്. പക്ഷേ, അവർ വന്നുവെന്നുവച്ച് പഴയ ജോലിക്കാരെ ഒഴിവാക്കണമെന്നുണ്ടോ? അവരൊക്കെ  ജീവനോടൊണ്ടായിരിക്കുമല്ലോ അല്ലേ?’’

 

‘‘ചേട്ടനെന്താ ഉദ്ദേശിക്കുന്നേ?’’

കൃത്യമായൊരുത്തരം തരാതെ ചേട്ടൻ തലകുലുക്കിയതേയുള്ളൂ.

‘‘പഴയ ജോലിക്കാരെവിടെയുണ്ടെന്ന് പത്രോസ് മാഷിനറിയാമായിരിക്കും. അല്ലെങ്കിലും എനിക്കു മാഷിനെ ഒന്നൂടെ കാണണം.’’ 

‘‘പത്രോസ് മാഷ് ഈ സമയത്ത്  പള്ളിസെമിത്തേരിക്കടുത്തുള്ള മൈതാനത്ത് പെൻഷൻകാരോടു വെടിപറഞ്ഞിരിപ്പായിരിക്കും. ’’

 

ഞാൻ ഓർമിപ്പിച്ചു. ബൈക്ക് പഞ്ചായത്ത് ഓഫീസിനുപിന്നിലെ ടാർറോഡിലൂടെ പള്ളിപ്പറമ്പിലേക്കുള്ള വഴിയേ തിരിഞ്ഞു. വഴിയോരത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. സിക്സറിന്റെ ആരവം കുറേദുരം ഞങ്ങളെ പിൻതുടർന്നു. വായനശാലപ്പടിയിൽ വട്ടമിട്ടിരുന്നവരാരോ കൈവീശിക്കാട്ടിയത് ചേട്ടൻ തലകുലുക്കലിലൂടെ വരവുവച്ചു. വെടിപ്പായി വെട്ടിനിർത്തിയ മുളങ്കാടു പിന്നിട്ട് ചമ്പകപ്പൂക്കൾ പരവതാനി വിരിച്ച വെട്ടുകൽവഴിയിലേക്കു തിരിയുമ്പോൾ മൺതിട്ടയിൽനിന്ന് ഒരു നായ ചാടിയിറങ്ങി കുറേദൂരം പിന്നാലെ വന്നു.

 

‘‘അതാ മാഷ്...’’

ഞാൻ ദൂരേക്കു കൈചൂണ്ടി, മൈതാനത്തിന്റെ അതിരിലെ കലുങ്കിൽ നിരന്നിരുന്ന വൃദ്ധന്മാർക്കിടയിൽ മാഷിന്റെ വെള്ളക്കുപ്പായം വേറിട്ടുകണ്ടു. 

‘‘എന്നതാടാ ഉവ്വേ, ഈ വഴിയൊക്കെ?’’ 

 

ദൂരെനിന്നേ പത്രോസ് മാഷ് ഞങ്ങളെ തിരിച്ചറിഞ്ഞു. ബൈക്കിന്റെ താക്കോൽ വിരലിൽ കറക്കി ചേട്ടനും അതിരിനപ്പുറത്ത് പൂത്തുലഞ്ഞ വഴണമരംനോക്കി ഞാനും നിന്നു. പത്രോസ് മാഷ് വടിയും കുത്തി ഞങ്ങൾക്കടുത്തേക്കുവന്നു.

‘‘എന്നതാ പിള്ളേരേ?  വിശേഷമൊന്നുമില്ലല്ലോ?’’

മാഷിന്റെ ആശങ്കകളെ ചേട്ടന്റെ ചിരി അലിയിച്ചുകളഞ്ഞു.

 

‘‘ഈ ചെക്കൻ കാരണമാ പോന്നേ,’’ ചേട്ടൻ എന്നെ നോക്കി ഇടംകണ്ണടച്ചുകാട്ടി, ‘‘എഴുതിവന്നപ്പോൾ ഇവന് ഏതാണ്ടൊക്കെ സംശയം. പഴേ ആളുകളെപ്പറ്റിയൊക്കെ എന്നോടു ചോദിച്ചാൽ വല്ല പിടീമുണ്ടോ? മാഷിനോടു തിരക്കാമെന്നു പറഞ്ഞു കൂടെക്കൂട്ടിയതാ.’’

‘‘ഒരു ജീവചരിത്രമെഴുതാൻ ഇത്രേം ഗവേഷണമൊക്കെ വേണോടാ? ആരെപ്പറ്റിയാ അറിയണ്ടേ...? ചോദിച്ചാട്ടെ...’’ മാഷ്  കൈയിൽ വട്ടംകറക്കി വടി നിലത്തു കുത്തി. ‘‘വാ...ഇരിക്ക്....’’

 

വഴണമരത്തിനു ചോട്ടിലുള്ള കലുങ്കിൽ, മുപ്ലിവണ്ടുകളെപ്പോലെ  ചിതറിക്കിടന്ന വഴണക്കായ്കൾ തൂത്തുനീക്കി ആദ്യം മാഷും പിന്നെ ചേട്ടനും ഇരുന്നു.  ഒരു വഴണക്കായ കുനിഞ്ഞെടുത്ത് കൈവിരലുകൾക്കിടയിൽ ഉടച്ചു മണത്ത് ഞാൻ പെണ്ണമ്മയെപ്പറ്റിയും ജാനകിയെപ്പറ്റിയും ചോദിച്ചു.

‘‘കുഞ്ഞാത്തേന്നു പറേന്ന ആ പെണ്ണുമ്പിള്ള വന്നതോടെയാ രണ്ടുംപോയത്. വഴക്കിട്ടുപോയതാന്നോ പറഞ്ഞയച്ചതാന്നോ എന്നൊന്നും അറീകേല. എന്തായാലും രസത്തിലല്ല പിരിഞ്ഞേ. പെണ്ണമ്മയെ വീട്ടുജോലിക്കായി ആരോ ഗൾഫിൽ കൊണ്ടുപോയി. ജാനകി കുറേക്കാലം പത്തേക്കറിലെ രണ്ടുവീടുകളിലേം അടുക്കളക്കാരിയായിട്ടൊണ്ടായിരുന്നു. ശോശയ്ക്ക് സുഖമില്ലാതായ കാലത്തുതന്നെ അവൾക്കും സൂക്കേടുവന്നു. കുറേക്കാലം കിടപ്പായിരുന്നു. മെഡിക്കൽ കോളജിൽ വച്ചാ മരിച്ചേ...ഇവരൊക്കെ റബേക്കേടെ ജീവചരിത്രത്തിൽ കയറിപ്പറ്റീട്ടൊണ്ടോ? എങ്കിലത് അത്ഭുതം തന്നെ...’’

 

‘‘ഒരുകാര്യം കൂടി അറിയാനാവന്നേ...,’’മാഷിനരികിലേക്കു ചേട്ടൻ  നീങ്ങിയിരുന്നു, ‘‘അന്നു മാഷിന്റെ ഭാര്യക്കു വയ്യാതായത് രാമൻവൈദ്യരുടെ മരുന്നു കുടിച്ചാണല്ലോ. ആരാ ആ മരുന്ന് കുടിക്കാൻ കൊടുത്തത്?’’

‘‘ഞാൻതന്നെയായിരിക്കണം.’’

‘‘എല്ലാവർക്കും കൈയെത്തുന്നിടത്തായിരുന്നോ അതു വച്ചിരുന്നേ?’’

‘‘അവടെ മുറീലെ മേശേത്തന്നെ. ഒളിച്ചുവയ്ക്കേണ്ട കാര്യമെന്നതാ?   അതെന്നാത്തിനാ ഇപ്പോ ചോദിച്ചേ? അല്ല...നീ പോലീസുകാരനായിട്ട് എന്നെ ചോദ്യം ചെയ്യുവാന്നോടാ ചെക്കാ?’’

ചേട്ടൻ ചിരിച്ചു.

 

‘‘മാഷേ...ആരുമറിയരുത്,’’ ചേട്ടൻ, മാഷിന്റെ കാതിൽ ചുണ്ടടുപ്പിച്ചു, ‘‘ഇവൻ പറയുന്നതൊക്കെ കേട്ടപ്പോ എനിക്കു ചില തോന്നലുകൾ. റബേക്ക ടീച്ചറുടെ ജീവിതം ഒന്നു ചിക‍ഞ്ഞുനോക്കാൻ....’’

കുത്തിനിർത്തിയ വടിയുടെ മേൽ കോർത്തുവച്ച കൈകളിൽ താടി താങ്ങി പത്രോസ് മാഷ് കുറേനേരം നിശ്ശബ്ദനായിരുന്നു.

 

‘‘സംശയിച്ചവരു മുൻപുമൊണ്ട്. അന്നമ്മേടെ ആങ്ങള പോത്തൻ ജോഷ്വ അങ്ങനൊരുത്തനാരുന്നു. അയാളു പോയി. റബേക്ക സ്വത്തൊന്നും നേരായ വഴീലൂടെ കൈക്കലാക്കിയതല്ലെന്ന് സോജനും തീർത്തുപറയുന്നു. ആന്റണി മരിച്ചപ്പോ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് അവനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കേസും അന്വേഷണോമൊക്കെ കുടുംബത്തിനു ചീത്തപ്പേരുണ്ടാകുമെന്നു പേടിച്ചു. എന്നിട്ടും നാട്ടുകാരാരോ സംശയം പറഞ്ഞതിന്റെ പേരിൽ പോലീസ് പേരിനൊരു അന്വേഷണം നടത്തി. പക്ഷേ, സ്വന്തക്കാരുപോലും താൽപര്യം കാണിക്കാഞ്ഞപ്പോ അവരിട്ടേച്ചുപോയി. ചിലപ്പോ ചെറിയാൻ വക്കീലും ഇടപെട്ടു കാണും. എല്ലാം അങ്ങേരും റബേക്കേം ചേർന്നുള്ള കളിയാണെന്നാ എല്ലാരും പറയുന്നേ. പക്ഷേ, തെളിയിക്കാൻ പ്രയാസമാ കുഞ്ഞേ. എല്ലാ പഴുതുമടച്ചാ അവര് നീങ്ങുന്നേ.’’ 

‘‘പഴുത് അടച്ചിട്ടൊന്നുമില്ല മാഷേ. പണത്തിന്റേം സ്വാധീനത്തിന്റേം ബലത്തിൽ ചിലരുടെ വായ അടപ്പിച്ചൂന്നുവച്ച് സത്യം പുറത്തുവരാതിരിക്കില്ല.’’

 

‘‘ഇയാക്കെന്തോ തുമ്പ് കിട്ടിയ മട്ടുണ്ടല്ലോ...’’

മാഷ്, നെറ്റിചുളിച്ച് സുഭാഷേട്ടനെ അളന്നിട്ടു.

‘‘നാളെ ഒരുസ്ഥലത്തുകൂടി പോയിവരട്ടെ...അതുകഴിഞ്ഞാൽ ഉറപ്പുപറയാം.’’

‘‘തെളിച്ചുപറ.’’

‘‘മാഷേ, പത്തേക്കറിലെ എല്ലാ മരണത്തിലും പൊതുവായ ഒരു കാര്യമുണ്ട്. എന്താന്നു പറയാമോ?’’

‘‘എന്നതാ?’’

‘‘തീറ്റയും കുടിയും. ഒന്നോർത്തുനോക്കിയേ...’’

സൂപ്പുകുടിച്ചു മരിച്ച അന്നമ്മ വല്യമ്മ. മുയലിറച്ചി തിന്നു ചത്ത ജോസഫ് പാപ്പൻ. കള്ളുകുടിച്ചു മരിച്ച ആന്റണി. ഭക്ഷണം നെറുകയിൽ കയറി അന്നമോൾ. സദ്യക്കിടയിൽ കുഴഞ്ഞുവീണ് ശോശ. പിന്നെ പോത്തൻ ജോഷ്വ.

 

‘‘നേരാണല്ലോ കു‍ഞ്ഞേ...’’

‘‘മാഷിപ്പോ പറഞ്ഞതുവച്ചു നോക്കിയാൽ വീട്ടുജോലിക്കാരി ജാനകിയെയും ഈ പട്ടികയിൽ പെടുത്താം.’’

പത്രോസ് മാഷ് അത്ഭുതത്തോടെ നാവുകടിച്ചു.

‘‘റബേക്ക ടീച്ചർ നല്ലൊരു പാചകക്കാരിയാണെന്നു മാഷിനറിയാമല്ലോ.’’

ചേട്ടൻ ഒറ്റക്കണ്ണടച്ചു ചിരിച്ചു. 

‘‘അയ്യോ...അപ്പോ...എന്റെ കർത്താവേ..’’

അവിശ്വസനീയതകളുടെ ഭാരം മാഷിന്റെ വായ പിളർത്തി.

 

‘‘ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഒരു രഹസ്യോംകൂടെ പറയാമല്ലോ....,’’ തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം പത്രോസ് മാഷ് എഴുന്നേറ്റു, ‘‘തോമസിന് എന്തൊക്കെയോ സംശയമുണ്ടായിരുന്നു. അയാൾ പേടിച്ചാ വീടുവിട്ടത്.’’ 

‘‘ജീവൻ അപകടത്തിലാണെന്നു തോന്നിക്കാണും.’’

‘‘പക്ഷേ, റബേക്കയ്ക്ക് അയാളെ ജീവനായിരുന്നു. ചിലപ്പോ നീ ഇപ്പോൾ പറഞ്ഞസംശയങ്ങളൊക്കെത്തന്നെ ആയിരിക്കും അയാളെയും വിഴുങ്ങിയത്. പോകുന്നതിനുമുമ്പ് കുറ്റബോധംപോലെ എന്തോ ഒന്ന് അയാളുടെ മുഖത്ത് എപ്പോഴുമുണ്ടായിരുന്നു.’’

‘‘പോകുമ്പോൾ ഒന്നും പറഞ്ഞില്ലേ?’’

‘‘ഇല്ല. തലേന്നും ഞങ്ങൾ കണ്ടതാണ്. മിണ്ടാൻ താൽപര്യമില്ലാത്തപോലെ വേഗം എന്നെ പറഞ്ഞയച്ചു.’’

‘‘എന്തായാലും സോജൻ വിളിക്കുമ്പോൾ എന്റെ നമ്പർ കൊടുത്ത് അത്യാവശ്യമായി വിളിക്കാൻ പറയണം. കേസുകളിക്കാൻ ചില തുമ്പുകൾ ഞാൻ കൊടുക്കാം.’’

‘‘അയാടെ മെയിൽ ഐഡി എനിക്കറിയാം,’’ ഞാൻ ആവേശത്തോടെ അറിയിച്ചു, ‘‘കഴിഞ്ഞദിവസം ജീവചരിത്രത്തിന്റെ ഒരു ഭാഗം ടീച്ചർ പറഞ്ഞിട്ട് അങ്ങേർക്കു മെയിൽ ചെയ്തിരുന്നു.

‘‘നിന്റെ മെയിൽ ഐഡിയിൽനിന്നാണോ?’’

‘‘അതേ.’’

‘‘അപ്പോൾ മറുപടിയും നിന്റെ മെയിലിൽ വന്നിട്ടുണ്ടാവുമല്ലോ. ഇന്നുതന്നെ നോക്കണം.’’

 

‘‘കണ്ടില്ലേ...ഒക്കെ ആ ചെറിയാൻ വക്കീലിന്റെ ബുദ്ധിയാ...’’

പത്രോസ് മാഷ് മൂക്കത്തു വിരൽവച്ചു. മാഷിനെ ആലോചനകളുടെ മൈതാനത്തുപേക്ഷിച്ച് ഞങ്ങൾ വീട്ടിലേക്കു മടങ്ങി. വന്നപാടെ ചേട്ടൻ ഒരിക്കൽക്കൂടി എന്റെ നോവൽ ചോദിച്ചുവാങ്ങി. 

 

‘‘ഒരു ക്രൈം ആദ്യതവണ ചെയ്യുമ്പോഴേ പേടിയുള്ളൂ എന്നാണു പ്രമാണം. അപ്പനെ കൊന്നതുമുതലേ അവരുടെ പേടി പോയെന്നുവേണം വിചാരിക്കാൻ. എല്ലാവരെയും കൊന്നതിനുപിന്നിൽ ഒരേതന്ത്രമാണ്. വിഷത്തിന്റെ അളവിൽ മാത്രമാണ് വ്യത്യാസം. അത് എത്രത്തോളം വേണമെന്നറിയാൻ അവർ  മനുഷ്യരിലും മൃഗങ്ങളിലുമൊക്കെ അതു പ്രയോഗിച്ചുപരീക്ഷിച്ചു. അന്നമ്മ വല്യമ്മ മരിക്കുന്നതിനുമുൻപ് പത്തേക്കറിലെ പൂച്ച ചത്തത് വെറുതെയല്ല. പിന്നൊരാൾ പത്രോസ്മാഷിന്റെ ഭാര്യ റോസിയാവണം. ’’

‘‘അയ്യോ...’’

ഞാൻ നെഞ്ചത്തു കൈവച്ചു.

 

‘‘പത്രോസ് മാഷിന്റെ പഴയ രൂപം നീ കണ്ടിട്ടില്ലല്ലോ. സുന്ദരനായിരുന്നു. ആരും നോക്കിനിന്നുപോകും. റബേക്ക ടീച്ചർക്കു മാഷിനോടു മോഹംതോന്നിയെങ്കിൽ കുറ്റം പറയാനാവില്ല. തങ്ങൾക്കിടയിലെ തടസ്സം പത്രോസ് മാഷിന്റെ ഭാര്യയാണെന്ന് ടീച്ചർക്കു തോന്നിയതു സ്വാഭാവികമല്ലേ? അവർക്കു വീട്ടിനുള്ളിൽ ആവശ്യത്തിലേറെ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നല്ലേ മാഷ് പറഞ്ഞത്? അപ്പോൾ ആരും കാണാതെ അരിഷ്ടത്തിൽ വിഷം ചേർക്കാൻ പറ്റിയിട്ടുണ്ടാവും. ഒരർഥത്തിൽ രാമൻവൈദ്യരുടെ മരണത്തിനു കാരണവും ടീച്ചർതന്നെയാണ്.’’

ചേട്ടൻ വിശദീകരിച്ചു.

‘‘അപ്പോ പോത്തൻ ജോഷ്വയോ?’’

ഞാൻ ചോദിച്ചു.

 

‘‘തോമസിന്റെ വീട്ടീന്നു ഉച്ചയൂണുകഴിഞ്ഞാണ് അയാൾ സ്വന്തം വീട്ടിലേക്കു മടങ്ങുന്നത്. ചെന്നപ്പോൾ മുതൽ കിടപ്പായിരുന്നൂന്നല്ലേ പറയുന്നത്?’’ 

‘‘പക്ഷേ, കുറേപ്പേരിരുന്നു ഭക്ഷണം കഴിക്കുമ്പോ ഒരാൾക്കു മാത്രമായിട്ടെങ്ങനെ?’’

‘‘എരിവും ഉപ്പുമില്ലാത്ത കോഴിക്കറി അയാൾക്കുവേണ്ടി പ്രത്യേകം  തയ്യാറാക്കുമ്പോൾ അതെളുപ്പമല്ലേ?’’

ഷെർലക് ഹോംസിന്റെ വിശകലനബുദ്ധിയിൽ ഞാൻ വിസ്മയിച്ചു.

 

‘‘ഭക്ഷണം കഴിക്കുന്നത് മറ്റൊരു വീട്ടിൽവച്ച്. മരിക്കുന്നതു സ്വന്തം വീട്ടിൽവച്ച്. അപ്പോൾ ഒരു തരത്തിലും സംശയിക്കില്ലല്ലോ. മിടുക്കിയാണ് റബേക്ക ടീച്ചർ.’’ 

ചേട്ടൻ സിഗരറ്റിനു തീകൊളുത്തി, ഹോംസിനെപ്പോലെ, കസേരയിൽ ചാരിക്കിടന്നു പുകവിട്ടു.

‘‘അന്നമ്മ വല്യമ്മ മരിച്ചുകഴിഞ്ഞ് സൂപ്പെടുത്ത് പുറത്തുകളഞ്ഞതും മറ്റാർക്കും കൊടുക്കാഞ്ഞതും ബോധപൂർവായിരിക്കും. പാവം പൂച്ചമാത്രമേ അതു കഴിച്ചുള്ളൂ. ആന്റണിക്കു കള്ളിന്റകത്തായിരിക്കും വിഷം കലക്കിക്കൊടുത്തത്. അവരുടെ മുറിയിൽനിന്ന് എടുത്തുകൊടുത്ത കുപ്പിയല്ലേ?’’

വാട്സനെ അനുകരിച്ച് ഞാനും നിഗമനങ്ങൾ അവതരിപ്പിച്ചു.

 

‘‘സംശയമെന്ത്? പക്ഷേ, ഏതു വിഷമാണന്നു മനസ്സിലാവുന്നില്ല. ഭക്ഷണത്തിൽ രുചിവ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അറിഞ്ഞേനേ. കുഞ്ഞുങ്ങൾ പോലും  തുപ്പിക്കളഞ്ഞില്ലല്ലോ...അപ്പോൾ വളരെ കുറഞ്ഞ അളവിൽ മതി വിഷമെന്നു തീർച്ച. കൈയിൽ കൊണ്ടുനടക്കാനും പറ്റുന്നതാണ്. സദ്യയിൽ ആൾക്കൂട്ടത്തിനിടയിൽവച്ചൊക്കെ അനായാസം കൈകാര്യം ചെയ്യാനാവുന്നത്. പൊടിപോലെ വല്ലതുമായിരിക്കണം. പത്രോസ് മാഷ് പറഞ്ഞതനുസരിച്ചു നോക്കുമ്പോൾ മുൻപു രണ്ടുതവണയെങ്കിലും ശോശയെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. സുഖമില്ലാതെ അവരു കിടപ്പിലായത് അങ്ങനെയാകണം. പെട്ടെന്നു കൊല്ലുന്നത് അപകടമാണെന്നു കരുതി വളരെക്കുറഞ്ഞ അളവിൽ വിഷം പ്രയോഗിച്ചതാവാനേ വഴിയുള്ളൂ. അവർക്ക് ഈ വിഷം എങ്ങനെ കിട്ടി? ആരുകൊടുത്തു എന്നതു പ്രധാനമാണ്. ഇതിനെപ്പറ്റി ധാരണയുള്ള ആരോ അവരുടെ കൂടെയുണ്ട്.’’

‘‘പക്ഷേ, ടീച്ചർക്ക് ഈ നാട്ടിൽ ആരുമായിട്ടും വലിയ അടുപ്പമില്ലല്ലോ. അങ്ങനെ പുറത്തിറങ്ങാറുമില്ല.’’

‘‘പണ്ട് വാങ്ങിവച്ചിരുന്നതാകാം. അല്ലെങ്കിൽ ഇപ്പോഴും എത്തിച്ചുകൊടുക്കാൻ ആളുണ്ടാകും.’’

‘‘ചെറിയാൻ വക്കീൽ?’’

‘‘ആയിക്കൂടെന്നില്ല. പക്ഷേ, സാധ്യത വളരെക്കുറവ്.’’ 

‘‘കുഞ്ഞാത്തയാണെങ്കിലോ?’’

‘‘അക്കാര്യം നാളെ തീർച്ചപറയാം..’’

ചേട്ടൻ വീണ്ടും നോവലിന്റെ താളുകൾ മറിച്ചു. 

 

‘‘നീ കേട്ടെഴുതിയതിന്റെ ഒരു കോപ്പി എനിക്കു സംഘടിപ്പിച്ചുതരാമോ?’’

‘‘അയ്യോ...അത് ടീച്ചറിന്റെ ലാപ്ടോപ്പിലാണ്.’’

‘‘പെൻഡ്രൈവിൽ പകർത്താനാവില്ലേ? അല്ലെങ്കിൽ മെയിൽ ചെയ്യൂ. അവർ പറഞ്ഞതിൽ നോവലിന് ആവശ്യമുള്ളതുമാത്രമല്ലേ നീ ഇതിൽ ഉപയോഗിച്ചിട്ടുള്ളൂ. അപ്രധാനമെന്നു കരുതിയതു പലതും ചിലപ്പോൾ എനിക്ക് ആവശ്യമുള്ളതായിരിക്കും.’’

‘‘പക്ഷേ, അവരറിഞ്ഞാൽ...മുഴുവൻ സമയവും എന്നെ നോക്കി ടീച്ചർ തൊട്ടുമുന്നിലുണ്ട്.’’

‘‘ഒരു ചെറിയ ക്രൈമൊക്കെ ചെയ്യാൻ ആർക്കും പറ്റുമെടാ...ശ്രമിച്ചുനോക്ക്.’’

‘‘പക്ഷേ, എനിക്കിപ്പോൾ ടീച്ചറിന്റെ വീട്ടിൽ പോകാൻതന്നെ പേടിയായി.’’

ഞാൻ പറഞ്ഞു.

 

‘‘ഹേയ്...അങ്ങനെ പേടിക്കണ്ട. ഇതൊന്നും അറിഞ്ഞതായി ഭാവിക്കുകയും വേണ്ട.’’

‘‘പക്ഷേ, എത്ര ശ്രമിച്ചാലും അമ്പടീ ഭയങ്കരീന്നൊരു ഭാവം മുഖത്തുവന്നുപോകില്ലേ ചേട്ടാ? നമ്മളു ക്രിമിനല്ലൊന്നുമില്ലല്ലോ.’’

ഞാൻ ചിരിച്ചു. 

‘‘ഒരുപക്ഷേ, നോവൽ വായിച്ച് ഒരു കേസ് തെളിയിക്കുന്ന ലോകത്തെ ആദ്യത്തെ സംഭവമായിരിക്കും ഇത്. സർ ആർതർ കോനൻഡോയൽ പോലും ആലോചിച്ചിട്ടില്ലാത്തത്.’’

അതു പറഞ്ഞിട്ട് ചേട്ടൻ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. സത്യമായും അത് ഷെർലക് ഹോംസിന്റെ നോട്ടം തന്നെയായിരുന്നു.

 

(തുടരും)

 

English Summary : Literature Channel E - Novel Rabecca by Rajeev Shivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com