വാസിമിന്റെ വലയിൽ കുരുങ്ങിയ മോഹിതയും മോറിയയും, പിന്നീട് അവർക്ക് സംഭവിച്ചത്

HIGHLIGHTS
  • സ്വരൺദീപ് എഴുതുന്ന അപസർപ്പക നോവൽ
  • കെ.കെ. ചില അന്വേഷണക്കുറിപ്പുകൾ– അധ്യായം 16
KK-Chapter16
SHARE

പുസ്തകത്തിനുള്ളിലെ രഹസ്യം. 

ചെറിയൊരു പുസ്തകമായിരുന്നു മോഹിത ആണീ മോറിയാചീ കഹാണീ. പക്ഷേ എന്റെ മറാത്തി പരിജ്ഞാനത്തിന്റെ അളവു കൊണ്ട് ഒറ്റയിരുപ്പിന് തന്നെ ഞാനത് വായിച്ചു എന്നൊക്കെ പറയുന്നത് അതിശയോക്തിയാണെന്നു തോന്നാം. എങ്കിലും ഞാനതു വായിച്ചു,ലതപ്പിത്തടഞ്ഞും വളരെ കഷ്ടപ്പെട്ടുമാണെങ്കിലും ഒറ്റ ഇരിപ്പിൽത്തന്നെ ഞാനാ പുസ്തകം വായിച്ചു തീർത്തു. 

ആ പുസ്തകത്തിൽ നറേറ്റ് ചെയ്തിരിക്കുന്നത് മോഹിതയുടെയും മോറിയയുടെയും യഥാർത്ഥ ജീവിത കഥയായിരിക്കണം. അവരെക്കുറിച്ചു അക്കാലത്തു പത്രങ്ങളിൽ വന്ന വിവരണങ്ങളേ എനിക്കറിയൂ. അതും പ്രധാനമായി സുതപയുടെ ആ അന്വേഷണ റിപ്പോർട്ടുകളിലെ വസ്തുതകൾ. അതിൽ നിന്നൊക്കെ വ്യത്യസ്തമായ കാര്യങ്ങളാണ് ഞാനിപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലുളളത്. സാധാരണ ജീവചരിത്രങ്ങളിലും സംഭവ കഥകളിലുമൊക്കെ ഫിക്ഷൻ സാധാരണമാണ്. പക്ഷേ ഈപുസ്തകം ഒട്ടും ഫിക്ഷനോ ഫാൻറസിയോ ഒന്നുമല്ലെന്ന് എനിക്ക് തോന്നി.

1994 ഡിസംബർ 6 നാണ് വാസിം ജാഫർ മരിച്ചത്. കൂടെ അയാളുടെ ര ണ്ട്സ്റ്റാഫും മരിച്ചു. വെടിയേറ്റായിരുന്നല്ലോ മരണം. തിരക്കുള്ള ഷോപ്പിങ് മാളിൽ പട്ടാപ്പകൽ നടന്ന കൊലകളായിരുന്നിട്ടും ദൃക്സാക്ഷികളോ പ്രത്യേക തെളിവുകളോ ഒന്നുമില്ലാതിരുന്നത് കൊണ്ട്, പോലീസിന്റെ അന്വേഷണം ഒരുമാതിരി ഉഴപ്പൻ മട്ടിലായിരുന്നു. അതുകൊണ്ട് തന്നെ കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. വാസിം മരിച്ചപ്പോൾ, ബാക്കിയുള്ള വാലുകളുടെയൊക്കെ ധൈര്യം ചോർന്നു. വാസിമിന്റെ കൊലയാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിവിധ അന്വേഷണ ഏജൻസികൾ ധൈര്യപൂർവ്വം, വാസിമിന്റെ ഇല്ലീഗൽ ഡീലിങ്സുകളെക്കുറിച്ചും, അയാളുടെ വലുതും ചെറുതുമായ ഇടനിലക്കാരെക്കുറിച്ചുമൊക്കെ അന്വേഷിച്ചു തുടങ്ങി. പുസ്തകം വായിച്ചു തുടങ്ങുമ്പോൾ ഇതൊക്കെ എന്റെ ഓർമ്മയിലേക്കു കയറി വന്നു. 

എന്റെ കൈയ്യിലുള്ള പുസ്തകത്തിൽ പറയുന്നതനുസരിച്ചാണെങ്കിൽ മോഹിതയുടെ മോറിയ

യുടെയും ജീവിതം, പഴയ ആർതർ സ്ട്രീറ്റിലായിരുന്നു, അതായത് ഇന്നത്തെ ആർതർ റോഡ്. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അവർ എട്ടാം ക്ലാസ് വരെയെ സ്കൂളിൽ പോയുള്ളു.. ടാക്സി ഡ്രൈവറായിരുന്നു  അവരുടെ അച്ഛൻ മിലിന്ദ്.കടവും, ഒരുപാട് ബാധ്യതകളുമുണ്ടായിരുന്ന അയാൾ ഒടുവിൽ വാസിം ജാഫറിന്റെ കൊള്ളപ്പലിശയിലും പോയി തല വെച്ചു.

തുടക്കത്തിൽ മിലിന്ദിന് പലിശയടക്കം പണം മാസാമാസം  വാസിമിന്കൊടുക്കാൻ കഴിഞ്ഞെങ്കിലും, പിന്നീട്  പലവിധ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. കാർ ലോൺ, വീട്ട് വാടക ഇതിനൊക്കെ 

പുറമേ, നഗര ജീവിതം, അയാൾക്ക് ക്യാൻസർ കൂടി നൽകി. ഇത് ആ കുടുംബത്തിന് വലിയ തിരിച്ചടിയായിരുന്നു. വാസിം ജാഫറിന്റെ കൈയിൽ നിന്നും കൂടുതൽ പണം മിലിന്ദും മക്കളും വാങ്ങുന്നതിനിടയാക്കി അയാളുടെ രോഗം. പക്ഷേ ഇത്തവണ എന്തോ മുന്നിൽ കണ്ടിട്ടെന്ന പോലെ കൊടുത്ത കാശിന് പലിശ ഈടാക്കുന്നില്ലെന്ന് വാസിം പറഞ്ഞു. അത് അവർവിശ്വസിക്കുകയും, വാസിമിനോട് ഒരുപാട് നന്ദിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അവരെ സംബന്ധിച്ച് ആ സമയത്ത്  വാസിമിന്റെ ആ നിലപാട് ആശ്വാസകരമായിരുന്നു, കാരണം ആദ്യത്തെ കടവും അതിന്റെ പലിശക്കും പുറമേ രണ്ടാമതയാളുടെ കൈയിൽ നിന്ന് വാങ്ങിയപണത്തിന് പലിശ കൂടി ഉണ്ടായിരുന്നുവെങ്കിൽ, അവരുടെ ഭാരം ഇരട്ടിച്ചേനെ. .

പക്ഷേ, എത്ര ചികിത്സിച്ചിട്ടും മിലിന്ദിന് രോഗത്തിൽ നിന്നും മുക്തി നേടാൻ കഴിഞ്ഞില്ല. അയാൾ അധികം വൈകാതെ രോഗം മൂർച്ഛിച്ച് മരിച്ചു .ഇതൊക്കെ വായിക്കുന്നതിനു മുൻപേ എനിക്ക് പ്രെഡിക്ടു ചെയ്യാമായിരുന്നു. അല്ലെങ്കിലും സാധാരണക്കാരുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്  സർവ്വസാധാരണമാണല്ലോ.

മിലിന്ദ് മരിച്ചത് ഒരു വിധത്തിൽ വാസിമിന് നിരാശ ഉണ്ടാക്കിയിരുന്നു. അത് മിലിന്ദ് വാങ്ങിയ കാശും അതിന്റെ

പലിശയുമൊക്കെ ഏത് കാലത്ത് അയാൾക്ക് തിരിച്ച് കിട്ടും എന്നതിനെക്കുറിച്ചായിരുന്നു. പക്ഷേ മറ്റൊരു

തരത്തിൽ, വാസിമിന് അയാളുടെ മരണം ഭാഗ്യമായി ഭവിച്ചു. അതെങ്ങനെയെന്നറിയാൻ എനിക്ക് ആകാംഷയാ

യി. തിടുക്കത്തിൽ ഞാൻ അടുത്ത പേജുകളിലേക്ക് കടന്നു.

1990കളിൽ മുംബൈ സിറ്റിയിൽ, പ്രധാനമായും വാസിം ജാഫിന്റെ നിയന്ത്രണത്തിൽ ഭൂമാഫിയയും, മയക്കു മരുന്നു മാഫിയയുമൊക്കെ സജീവമായിരുന്നു. ഇതിൽ  പല പൗര പ്രമുഖർക്കും ഇൻവെസ്റ്റ്മെൻ്റ്സ് ഉണ്ടാ

യിരുന്നു .വാസിമടക്കം ആ ഗ്രൂപ്പിലെ ലീഡേഴ്സ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്, ഡ്രഗ് ഡിലിങ്സിലാണ്. കാരണംഅന്ന് മുംബൈയിൽ അതിന്റെ സാധ്യതകൾ വലുതായിരുന്നു.

മുംബൈ പട്ടണത്തിന്റെ പല പ്രാന്ത പ്രദേശങ്ങളിലും ഗലികളിലുമൊക്കെ ഇങ്ങനെയുള്ള ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന നടത്താൻ വാസിമിന്റെ തടിമാടന്മാരെ കൊണ്ട് സാധിച്ചില്ല. കാരണം അവർക്ക് ആ ഗലിയിലെ

യംഗ്സ്റ്റേഴ്സിന്റെ വിശ്വാസം വാങ്ങിച്ചെടുക്കാൻ കഴിയാതിരുന്നത് തന്നെയാണ്. വിശ്വാസം, അല്ലെങ്കിൽ സ്വീകാര്യത ഇതിനെയായിരുന്നു വാസിം ജാഫർ പിന്നീട് മാർക്കറ്റ് ചെയ്യാൻ നോക്കിയത്. അതായത് ഗലികളിലെ ആളുകളെ തങ്ങളുടെ കൂടെ കൂട്ടുക. അന്ന് ഇന്നത്തെ പോലെ മൊബൈലോ സോഷ്യൽ മീഡിയയോ ഒന്നുമില്ലായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഡ്രഗ്സ് സ്മഗ്ളിങ് പോലുള്ള കാര്യങ്ങൾ തെരുവുകളിൽ നടപ്പാക്കാൻ തെരുവിലെ ആളുകളെത്തന്നെ വാസിമും അനുയായികളും കൂടെ കൂട്ടി.

മോഹിതക്കും മോറിയക്കും പണം തിരിച്ച് തരാൻ എന്തായാലും സാധിക്കില്ല എന്നറിയാമായിരുന്ന വാസിം തന്റെ അനുചരന്മാരോടൊപ്പം ജോലി ചെയ്യാൻ അവരെ നിർബന്ധിച്ചു. തുടക്കത്തിൽ മോഹിതയും മോറിയയും അതിന് സമ്മതിച്ചില്ല. പക്ഷേ തന്റെ കൂടെ ജോലി ചെയ്യുകയാണെങ്കിൽ  കടമെടുത്ത പണവും പലിശയും ആ ഇനത്തിൽ കുറക്കാമെന്ന് വാസിം വാക്ക് കൊടുത്തു.

അതവർ വിശ്വസിച്ചു. അങ്ങനെ വാസിം ജാഫറിന് വേണ്ടി അയാളുടെ അനുയായികളുടെ കൂടെ ജോലി ചെയ്യാൻ സമ്മതിച്ചു. പൊതുവെ തെരുവുകളിലേക്കും നഗരപ്രാന്തങ്ങളിലേക്കുമായിരുന്നു മോഹിതയെയും മോറിയയയെയും വിട്ടത്. കൈയിലും ബാഗിലുമെല്ലാം പൊതിഞ്ഞ് പിടിക്കാവുന്ന,ശരീരത്തിലെവിടെയും ഒളിപ്പിച്ച് വെക്കാവുന്ന ചില പൊതികളും അവരുടെ പക്കൽ വാസിം കൊടുത്തുവിട്ടു. പല തരം ഡ്രഗ്സ് ആയിരുന്നു ആ പൊതികളിൽ.

ആദ്യമൊന്നും അവർക്ക് എന്തായിരുന്നു ഈ പൊതികളിൽ എന്നറിയില്ലായിരുന്നു. പക്ഷേ എല്ലാ കാലത്തും സത്യം ഒളിച്ചുവെക്കാൻ കഴിയില്ലല്ലോ? തങ്ങളുടെ കൈയിലൂടെ തെരുവുകളിലേക്കും, അവിടെ നിന്നു അനേകം വിദ്യാർത്ഥികളിലേക്കും ചെറുപ്പക്കാരിലേക്കും ഒഴുകിയെത്തുന്നത് ലഹരിമരുന്നുകളാണെന്ന് അവർ മനസിലാക്കി.

നിയമപരമല്ലാത്ത, ഒരു കാര്യം അതും വാസിമിന് വേണ്ടി ചെയ്യാൻ മോഹിതക്കും മോറിയക്കും  മെല്ലെ

പ്രയാസമായി തോന്നി. അവർ ഇതിനിനി കൂട്ടുനിൽക്കില്ലെന്ന് വാസിമിനോട് തുറന്നടിച്ചു. ആദ്യമൊക്കെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വാസിം ശ്രമിച്ചു. തീർത്തും സമാധാനപരമായ ഒരു തരം സമീപനം. പക്ഷേ അവരതിനൊന്നും വഴങ്ങിയില്ല. പിന്നെ മോഹിതയെയും മോറിയയെയും വരുതിയിലാക്കാൻ, വാസിം തന്റെ മൂ

ന്നാം മുറ തന്നെ പ്രയോഗിച്ചു.

ഇതിന് വേണ്ടി വാസിം അയാളുടെ രഹസ്യ പങ്കാളിയായ സർവ്വോപരി സംഘത്തിലെ അത്യാവശ്യം വെളിവും വെള്ളിയാഴ്ച്ചയും ഉള്ള, അധികാരത്തിന്റെ ഇടനാഴികളിലൊക്കെ സ്വാധീനമുള്ള ഒരാളെയാണ് നിയോഗിച്ചത്. ഒരു മലയാളിയെ....

അതാരാണെന്നറിയാൻ എനിക്ക് ആകാംക്ഷയായി. ഞാൻ ധൃതിയിൽ പേജിലൂടെ കണ്ണോടിച്ചു. അപ്പോഴാണ് എന്റെ അടുത്തേക്ക് ആ കോഫി ഷോപ്പിലെ ജീവനക്കാരൻ വന്നത്. പ്രഥമദൃഷ്ടിയിൽ അയാൾ അവിടുത്തെ ജോലിക്കാരൻ ആയിരിക്കില്ലെന്നാണ് എനിക്ക് തോന്നിയത്. അയാളുടെ  യൂണിഫോമിൽ  നെയിം ബോർഡ് ഉണ്ടായിരുന്നില്ല, അവിടത്തെ ബാക്കി സ്റ്റാഫിന്റെയൊക്കെ യൂണിഫോമിൽ ആ കടയുടെ പേരും പതിച്ചിരുന്നു. പക്ഷേ ഇയാളുടെ യൂണിഫോമിൽ അതൊന്നും കാണാനില്ല. കൂടാതെ അയാളുടെ കൈയിലെ വാച്ചും ഞാൻ

നോക്കി, അത് അത്യാവശ്യം വിലപിടിപ്പുള്ളതാണ്, എന്തായാലും ഈ ചെറിയ കാപ്പിക്കടയിലെ പണിക്കാരന്

ഒരു കൊല്ലം കിട്ടുന്ന ശമ്പളം കൊണ്ടു പോലും അത്രയും വിലപിടിപ്പുള്ള വാച്ചൊന്നും വാങ്ങാൻ കഴിയില്ല. 

അയാൾ എന്റെ അടുത്ത് വന്നിട്ട് വാച്ചിലേക്ക് കൈ കാട്ടി പോകാനായി

ആംഗ്യം കാണിച്ചു. ഞാൻ അവിടെ നിന്ന് എണീറ്റ് പുസ്തകവുമായി പെട്ടെന്ന് പുറത്തേക്ക് നടന്നു.

അതിനിയിൽ ഞാൻ അയാളെ തിരിഞ്ഞ് ഒന്നു നോക്കി. അപ്പോൾ ഫോണിൽ ആ മനുഷ്യന് ഏതോ കാൾ വന്നിരുന്നു. അയാൾ അത് അറ്റെന്റ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. ഞാൻ അയാളുടെ ചുണ്ടനക്കത്തിലേക്ക് ശ്രദ്ധിച്ചു. കുറച്ചുകാലം ക്രെസെന്റോ സ്റ്റുഡിയോയിൽ ഡബ്ബിങ് അസിസ്റ്റൻ്റായി  ജോലി ചെയ്തത് കൊണ്ട് എനിക്ക് അയാളുടെ ചുണ്ടനക്കത്തിന്റെ പൊരുൾ ഏതാണ്ടു കൃത്യമായിത്തന്നെ  മനസിലായി.

അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘തോ ഗാലി ഉത്തർലാ...’ അതായത് മലയാളത്തിൽ പറഞ്ഞാൽ ‘അവൻ ഇറങ്ങി...’

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA