ഒന്നിനുപിറകെ ഒന്നായി പല മരണങ്ങൾ, സംശയത്തോടെ പൊലീസ്

HIGHLIGHTS
  • സനു തിരുവാർപ്പ് എഴുതുന്ന നോവൽ
  • വൈറ്റ് ട്രംപേറ്റ് മർഡർ – അധ്യായം 5
White-trumpate-murder-Chapter-5
SHARE

അപകട മരണങ്ങൾ, അത്മഹത്യ ഒന്നിനുപിറകെ... അതും വളരെ കുറഞ്ഞ ഇടവേളയിൽ, റിപ്പോർട്ടുകളിൽ നിരവധി സംശയങ്ങൾ, പക്ഷേ പ്രതിസ്ഥാനത്ത് ആരും ഇല്ലതാനും. ജെയിംസ് നിങ്ങൾക്കെന്താണ് തോന്നുന്നത്. അവസാനം താനും ഇതിന്റെ ഇടയിലുണ്ടായിരുന്നതല്ലേ?– ഈ ചോദ്യം എന്റെ എസ്പിയായിരുന്ന ഐസക് സാമുവലാണ് എന്നോടു ചോദിച്ചത്. ആ ഒരു സംശയം തോന്നിയപ്പോഴാണ് ഞാനിതിന്റെ പിന്നാലെ കൂടിയത് സാർ, മീഡിയ ചികഞ്ഞ് പുറത്തിടുന്നതിനു മുമ്പ് നാംതന്നെ കണ്ടെത്തുന്നതാവും നല്ലത്, ലക്ഷ്മിയുടേത് ആത്മഹത്യയെന്ന വിശ്വാസമാണ് എനിക്കുള്ളത്, പക്ഷേ..

എസ്പി നെറ്റി ചുളിച്ചു. ആ പക്ഷേയാണ് നമ്മുടെ പ്രശ്നം. ജെയിംസ് നിങ്ങൾക്കു ആത്മവിശ്വാസമുണ്ടെങ്കിൽ പ്രൊസീഡ് ചെയ്തോളൂ, എജിയുടെ റിപ്പോർട്ട് ചോദിക്കാം. മിനിസ്റ്ററു‌ടെ ഓഫീസിലും അറിയിക്കാം,  മീഡിയ ബ്രീഫിങ് ഒന്നും വേണ്ട. ഫയൽ ക്ളോസ് ചെയ്യുന്നതിനു മുൻപുള്ള ഒരു അന്വേഷണം അങ്ങനെ പോകട്ടെ. റിപ്പോർട്ട് തരാതെ ആരെയും അറസ്റ്റും ചെയ്യരുത്. ജെയിംസ് ഈ കേസ് ആദ്യം അന്വേഷിച്ച് മുഹമ്മ എസ്ഐ സതീഷ് ചന്ദ്രൻ ഇപ്പോൾ ഷാഡോയിലുണ്ട്, അയാളെക്കൂടി ഉൾപ്പെ‌ടുത്തിക്കൊള്ളൂ. അങ്ങനെ ഞങ്ങള്‍ ആ കേസിൽ വീണ്ടും അന്വേഷണം തുടങ്ങി, പ്രതിയും വാദിയുമൊന്നുമില്ലാത്ത ഒരു കേസുകെട്ടുമായി ഞാന്‍ ടിബിയിലെത്തി. 

പെഗ് മെഷർ കോക്ടെയിൽ ഗ്ളാസിൽ തട്ടുന്ന ശബ്ദം മാത്രമാണ് ആ മുറിയിലും ഉണ്ടായത്, ഏവരും ചിന്താമഗ്നരായിരുന്നു, ജെയിംസ് കോക്ടെയിലിനായി കാത്തിരുന്നു, ഡ്രിങ്ക്സ് എത്തിയാലേ ജെയിംസ് ഇനി വാ തുറക്കൂ എന്നറിയാമെങ്കിലും ഹർഷ ചോദിച്ചു, എന്നിട്ട്?

............

ഞായറാഴ്ച– ആലപ്പുഴ ബീച്ചിനു സമീപമുള്ള കെട്ടിടം

മേശയ്ക്കു ചുറ്റും– സിഐ ജെയിംസ്, എസ്ഐ സതീഷ് ചന്ദ്രൻ, എഎസ്ഐ ഹേമ, എഎസ്ഐ റിജു

വീശിയടിക്കുന്ന കടൽക്കാറ്റിനെ പ്രതിരോധിക്കാൻ റിജു മുറിയുടെ ജനൽ അടച്ചിട്ടു കസേര വലിച്ചിട്ടിരുന്നു, ഒരു പേപ്പറിൽ‌ പേന കൊണ്ടു ഞാൻ വരച്ചു. 

ഒരു പ്രേതത്തെയാണ് നമുക്ക് പിടിക്കേണ്ടത്. ഏവരും ഞെട്ടി. പേടിക്കേണ്ട ഞാൻ പറഞ്ഞതിനർഥം നമുക്കൊരു പ്രതിയോ ഒരു കുറ്റകൃത്യമോ ഇപ്പോൾ ഇല്ല, അദൃശ്യനായ ഒരു പ്രതിയും അയാൾ ചെയ്തിരിക്കാവുന്ന ഒരു ക്രൈമുമാണുള്ളത്. ഒന്നുകിൽ താഴേന്ന് മുകളിലേക്ക് അല്ലെങ്കിൽ തുടക്കം മുതൽ, പക്ഷേ തെളിവുകൾ കുറവ്, വിവരങ്ങൾ ലഭിക്കാൻ മെനക്കേട്, എന്തെങ്കിലും തെളിവുകൾ അവസാന സംഭവത്തിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ ഒളിക്കാൻ എളുപ്പം. 

ആദ്യം നമുക്ക് ഒരു ക്രൈം സ്റ്റോറി ചമയ്ക്കാം. നിങ്ങളുടെ ഭാവന പരമാവധി ഉപയോഗിച്ചൊരു കഥയുണ്ടാക്കി പറയുക. ഞാൻ കഥയ്ക്കുള്ള ത്രെഡ് തരാം. പറയുന്നതിനു മുമ്പ് സാധാരണ കഥകളിൽ ഒരു വില്ലൻ വേണം അതും തരാം, ചിലപ്പോള്‍ ആ വില്ലനാകണമെന്നില്ല, ട്വിസ്റ്റ് ഉണ്ടാവാം

സതീഷ് പറയേണ്ട കഥ–

സരള വിശ്വനാഥൻ– ബാത്ത്റൂമിൽ മരിച്ച നിലയിൽകാണപ്പെട്ടു– സമയം രാവിലെ 5മണി – വാതിൽ അകത്തു നിന്നും തഴുതിട്ടിരുന്നു– ആദ്യം കണ്ടത് വിശ്വനാഥൻ, ബാത്റൂം വാതിൽ ചവിട്ടി തുറന്നു അകത്തു കടന്നു– വാട്ടർ ഹീറ്റർ റോഡിൽനിന്നു ഷോക്കേറ്റു മരണമെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്.  

സരളയുടേത് കൊലപാതകമാണെങ്കിൽ ഗുണമുളളവർ– സരളയെ കൊലപ്പെടുത്തിയാൽ വിശ്വനാഥന് ലക്ഷക്കണക്കിനു രൂപയുടെ സ്വത്ത്, ചെറുപ്പക്കാരിയെ വിവാഹം ചെയ്യാം.

റിജു പറയേണ്ട കഥ– വിശ്വനാഥൻ. ചാരുപടിയൊടിഞ്ഞ് ബാൽക്കണിയിൽനിന്നു വീണു മരിച്ചു. സമയം ഏകദേശം–12.30 പോസ്റ്റ്മാർട്ടത്തിൽ അപകടമെന്നു ഉറപ്പിച്ചു. ഗുണമുള്ളവർ– മകനും ലക്ഷ്മിയും. സന്തതസഹചാരിയെ കാണാനില്ല. 

അടുത്തത് ലക്ഷ്മിയുടേതാണ്–  Cause of Death- വിഷം, അടുത്തകാലത്തു നടന്ന മരണം, കോടികളുടെ സ്വത്തിന്റെ അവകാശി– പക്ഷേ കേസു നടക്കുന്നു. സംശയിക്കത്തക്കതായി ആരും ഇല്ല. അവസാനം കണ്ടയാൾ ഞ​ാനാണെന്നു വേണമെങ്കിൽ പറയാം. 

ഈ സുധാകരനെന്ന വിചിത്ര കഥാപാത്രത്തെ ഒന്നു അത്യാവശ്യമായി തപ്പണമല്ലോ?, എവിടെനിന്നോ വന്ന് എവിടേക്കോ പോയി. ചായക്കടകളിലും വിശ്വനാഥന്റെ വീട്ടിലും പൊലീസ് സ്റ്റേഷനുകളിലുമെല്ലാം കയറിയിറങ്ങുന്ന അത്യാവശ്യം കോമാളിയായ ഒരാൾ

സാർ ഞാൻ ഒന്നു തിരക്കിയിരുന്നു. ഒരു വിവരം ലഭിച്ചത് അന്തിപത്ര റിപ്പോർട്ടറുടെ കയ്യിൽ നിന്നാണ്. ഇയാൾ ലക്ഷ്മിയുടെ അയൽക്കാരനായി താമസിച്ചിരുന്നു. വിശ്വനാഥന് ഷാപ്പ് കോൺട്രാക്റ്റൊക്കെയുണ്ടായിരുന്ന സമയം മുതൽ കൂടെ കൂടിയതാണത്രെ. ലക്ഷ്മി വിശ്വാനാഥനെതിരെ കല്യാണത്തിനു മുൻപ് ഒരു പരാതി കൊടുത്തിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നോ മറ്റോ, അന്നു വലിയ സംഭവമായി. പക്ഷേ പിന്നീട് അത് മുങ്ങിപ്പോയി. ആ പരാതി ഒതുക്കാൻ വിശ്വനാഥനെ സഹായിച്ചത് ഈ സുധാകരനാണ്. 

ഒരു ആൽബത്തിൽ നിന്നാണ് ഒരു പഴയ ഫോട്ടോ റിജു എടുത്തു. ലക്ഷ്മിയും വിശ്വനാഥനും ഏതോ ക്ഷേത്രത്തിൽ താലികെട്ടുന്ന ചിത്രം, കുറച്ചുപേർ അവ്യക്തമായി പിന്നിൽ നിൽക്കുന്നു, െവള്ള വസ്ത്രം ധരിച്ച ഒരു തടിയുള്ളയാൾ കൂട്ടത്തിൽ നിൽക്കുന്നു. കടൽക്കാറ്റിന്റെ ശക്തിയിൽ ജനൽപാളികൾ തുറന്നടഞ്ഞു. 

English Summary: English Summary: White Trumpet Murder, Novel written by Sanu Thiruvarppu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA