മൂന്ന് കൊലപാതകങ്ങൾ, ബുദ്ധിപരമായ നീക്കങ്ങൾ, മറഞ്ഞിരിക്കുന്ന ആ കൊലയാളി ആര്?

HIGHLIGHTS
  • സനു തിരുവാർപ്പ് എഴുതുന്ന നോവൽ
  • വൈറ്റ് ട്രംപേറ്റ് മർഡർ – അധ്യായം 6
White-trumpate-chapte-r6-b
വര: വിനോദ് വേദഗിരി
SHARE

കവലയിലെ രക്തസാക്ഷി മണ്ഡപത്തിനെ ചുറ്റിവളഞ്ഞ് ഒരു ഫ്രണ്ട് എൻജിൻ‌ ഓട്ടോറിക്ഷ പാർട്ടി ഓഫീസിനു മുന്നിലെത്തി വിറച്ചു നിന്നു. ഓട്ടോയിൽനിന്നും ഒരു കെട്ടു കൊടികളുമായി സുരാസു പുറത്തേക്കിറങ്ങി, കൊടികൾ പാർട്ടി ഓഫീസ് വരാന്തയിൽ വച്ചശേഷം മുണ്ട് മുറുക്കിയുടുത്ത് അയാൾ പോക്കറ്റിൽ‌നിന്നു രൂപയെടുത്തു കൊടുത്തു. ജെയിംസ് ജീപ്പിൽ ഒരു കാലുയർത്തി വച്ച് ബോണറ്റിൽ കൈയ്യൂന്നി അയാളെ നോക്കിനിന്നു. 

തലയുയർത്തി നോക്കിയ സുരാസു ഒന്ന് അറച്ചു നിന്നു. 

പാർട്ടി ഓഫീസിലേക്കു ധൃതിയിൽ കയറി, കൊടി തോരണങ്ങളെല്ലാം മൂലയിൽ വച്ചശേഷം തിരികെ ഇറങ്ങി അൽപ്പം മാറിയുള്ള ഇരുണ്ട ഇടവഴിയിലേക്കു നടന്നു. ജെയിംസും പിന്നാലെ ചെന്നു. ജെയിംസ് സാറേ, നമസ്കാരം. എന്താ കുറേനാൾക്കൂടി സുരാസുവിനെത്തേടി, വല്ല പുലിവാലും? ചെറിയ ഒരു പുലിവാല് തന്നെയാ. എനിക്കൊരു കാര്യം അറിയണം. താന്‍ വിരമിച്ചിട്ട് എത്ര കൊല്ലമായി? 3 കൊല്ലമാകുന്നു. മകളുടെ കല്യാണം? കഴിഞ്ഞു ഒരു വർഷം മുന്നേയാരുന്നു. പിരിഞ്ഞുപോന്നപ്പോൾ കിട്ടിയത് അങ്ങനെ തീർന്നു. 

എനിക്ക് 88ൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഒന്ന് അറിയണം.. എനിക്കു മനസിലായി സാറേ, ആ ലക്ഷ്മിക്കൊച്ചിന്റെ സംഭവമല്ലേ?, വലിയ ഒതുക്കലാണ് നടന്നത്. വിളിച്ചത് ജോസ് ആന്റണി സാറാ, ഇപ്പോഴത്തെ മന്ത്രി,  അന്നു എംഎൽഎ ആയിരുന്നു. ആ കൊച്ചിനും താൽപ്പര്യമില്ലാരുന്നു, കേസുമായി പോകണ്ടെന്നു പറഞ്ഞത് അവളുടെ തള്ളതന്നെയാ, ലക്ഷ്മി വിശ്വനാഥനെ പോയി നേരിട്ടു കണ്ടു, പിറ്റേന്നു കേസ് പിൻവലിച്ചു. കുറേക്കാലം കഴിഞ്ഞു പിന്നെ ഞാന്‍ അറിയുന്നത് അവരുടെ വിവാഹക്കാര്യമാ. ഭാര്യ മരിച്ചെന്നും.

ജെയിംസ് അയാളുടെ തോളിൽ കൈവച്ചു. സുരാസു എനിക്ക് തന്റെ ഒരു സഹായം വേണം, പുറത്താരും അറിയുകയും ചെയ്യരുത്? എന്താ സാറേ എന്തു വേണേലും ചെയ്യാം . റിട്ടയർ ആയാലും പൊലീസുകാരൻ പൊലീസുകാരൻ തന്നെയാ. 

.............

കോൺഫറൻസ് റൂം

ഹേമ ഫയൽ തുറന്നു. സാർ ഞാൻ അന്വേഷിച്ചത് ലക്ഷ്മിയുടെ വിവരങ്ങളാണ്. വിശ്വനാഥനെ വിവാഹം കഴിച്ചതിൽപ്പിന്നെ അവർ അവരു‌ടെ പഴയ കൂട്ടുകാരുമായൊന്നും ബന്ധപ്പെട്ടിട്ടില്ല, ഓഫീസിൽനിന്നും ഓരോരുത്തരെ ഒഴിവാക്കി, സ്വന്തം അമ്മയെപ്പോലും കാണാൻ പോയിട്ടില്ല, ഒരു ചേച്ചിയുണ്ട്, പക്ഷേ അവർ ചെന്നൈയിലെവിടെയോ ആണ്. പുതിയ കാറൊക്കെ രജിസ്റ്റർ ചെയ്തെങ്കിലും അമ്മയ്ക്കൊന്നും പണം അയക്കലോ, സഹായിക്കലോ നേരിട്ട് ഉണ്ടായിട്ടില്ല.

സതീഷ് ചന്ദ്രൻ പറഞ്ഞു– സാർ, ഞാൻ അരുണിനെ ഒന്നുകൂടി കണ്ടു, അയാൾക്കു രണ്ടാനമ്മയെ തീരെ ഇഷ്ടമില്ലായിരുന്നു. സ്വാഭാവികം. സ്വന്തം അമ്മയോ‌‌ടൊപ്പം ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നതും അത് തുടർന്നതുമൊന്നും അയാൾ അംഗീകരിക്കണമെന്നു നിർബന്ധമില്ലല്ലോ?, പക്ഷേ ഇയാൾ സ്വത്തുക്കൾക്കായി തർക്കിച്ചിരുന്നു വഴക്കിട്ടിട്ടുമുണ്ട്, പക്ഷേ ഒരു ഒത്തുതീർപ്പായിരുന്നു ഇയാൾക്കു താത്പര്യം, പിന്നെ ഇയാളുടെ പേരിൽ വിശ്വനാഥനറിയാതെ സരള സ്വത്തെഴുതി വച്ചിട്ടുണ്ട്.

റിജു– സർ എനിക്കു പക്ഷേ നിരാശയായിരുന്നു, ഒരു വർഷത്തിനുള്ളിൽ ലക്ഷ്മി പറഞ്ഞു വിട്ടത് 4 വേലക്കാരെയാണ്. തുടർച്ചയായി അവിടെ ആരും ജോലി ചെയ്തിട്ടില്ല, പിന്നെ വൈകുന്നേരം 7വരെയേ ജോലിക്കാർ ബംഗ്ളാവിലുണ്ടാകൂ, അവരുടെ താമസമാണെങ്കിൽ അൽപ്പം മാറിയ ഔട്ട് ഹൗസിലാണ്. അവരാരും മരിച്ച ദിവസം ഒന്നും കണ്ടിട്ടില്ല. പക്ഷേ ആ വീട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അവര്‍ക്കാർക്കും നല്ല അഭിപ്രായമായിരുന്നില്ല ഉള്ളത്. 

പിന്നെ ഒരു ജാനകി എന്ന സ്ത്രീ, അവർക്കായിരുന്നു ലക്ഷ്മിയുമായി അടുപ്പം. പലവട്ടം മുറിയുടെ മുൻപിൽ മറ്റുജോലിക്കാർ കണ്ടിട്ടുണ്ട്. പക്ഷേ അവരിപ്പോള്‍ എവിടാണെന്നൊരറിവുമില്ല. അരൂർ പാലത്തിനടുത്താണ് വീടെന്നാണ് സംസാരത്തിൽ നിന്നു മനസിലായത്, പക്ഷേ അവിടെ ജാനകിയെന്നു പേരിലാരുമില്ല. ആദ്യം സുധാകരൻ, പിന്നെ ദേ ജാനകിയും. എവിടുന്നോ വന്ന് എങ്ങോട്ടോ പോകുന്നവരുടെ എണ്ണം കൂടുകയാണല്ലോ?

.............

ജെയിംസ് കോക്ടെയിലിനായി കാത്തിരുന്നു, ഡ്രിങ്ക്സ് എത്തിയാലേ ജെയിംസ് ഇനി വാ തുറക്കൂ എന്നറിയാമെങ്കിലും ഹർഷ ചോദിച്ചു, എന്നിട്ട്?

മരണങ്ങളായിരുന്നു മനസ്സിൽ 3 പേരുടെയും മരണങ്ങളുടെ പ്രത്യേകതകൾ, ഇനി മൂന്നും കൊലപാതകങ്ങളാണെങ്കിൽ എന്തായിരിക്കും തമ്മിലുള്ള ബന്ധം. വൈദ്യുതാഘാതം, വീഴ്ച, ആത്മഹത്യ.. കൈനനയാതെ മീന്‍ പിടിക്കാനാവുന്ന കൊലപാതകങ്ങൾ.. അൽപ്പസമയം കാത്തിരിക്കേണ്ടി വരും.. പക്ഷേ സംശയം തീരെ കുറവ്, ബലപ്രയോഗം വേണ്ട.. ശാരീരികമായ ദുർബലർക്കും അൽപ്പം ബുദ്ധിയുപയോഗിച്ചാൽ ചെയ്യാനാകും. 

ഹീറ്റർ റോഡ്– സരളയുടെ ദിനചര്യ അറിയാവുന്ന ഒരാൾക്ക് ഹീറ്റർ റോഡിലെ ഇൻസുലേഷൻ ഒന്നിളക്കി മാറ്റൽ എളുപ്പമാണ്. മുറിയുടെ വാതിൽ തഴുതിട്ട് നനഞ്ഞ തറയിൽ ചവി‌ട്ടി കൈയ്യിലെ‌ടുക്കുമ്പോൾ മരണം ഉറപ്പ്. വിശ്വനാഥൻ– ബാൽക്കണിയുടെ കൈവരി ഇളക്കി വയ്ക്കാം. ലക്ഷ്മി– സ്ഥിരം കഴിക്കുന്ന ബ്രാൻഡിൽ വിഷം ചേർക്കാം, പക്ഷേ കപ്പിലേ വിഷമുള്ളൂ, കുപ്പിയിലില്ലെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മിയുടെ മുറിയിലേക്ക് ആരും ചെന്നിട്ടുമില്ല. പിന്നെങ്ങനെ വിഷം വന്നു. ചിലപ്പോൾ ഇതുമാത്രം അത്മഹത്യയാകുമോ?, ബാക്കിയുള്ളവരെ ലക്ഷ്മിയാണ് കൊന്നതെങ്കിലോ? പിന്നെന്തിന് ലക്ഷ്മി വിളിച്ചു, അപ്പോൾ എന്തോ അവർക്കു പറയാനുണ്ടായിരുന്നു, എന്തായിരിക്കും അത്?.

ശാരീരികമായ ദുർബലന്‍ അല്ലെങ്കിൽ തെളിവുകൾ അവശേഷിപ്പിക്കാൻ താത്പര്യമില്ലാത്തയാൾ, വിവിധ രീതിയിലുള്ള കൊലപാതകങ്ങളെക്കുറിച്ച് കൃത്യമായി ധാരണയുള്ളയാൾ, ഇവരു‌ടെ കൊലപാതകത്തിൽ ഗുണമുള്ളയാൾ. ആരും സംശയിക്കാതെ ഈ ഇടങ്ങളിലൊക്കെ കടന്നു ചെല്ലാനും കഴിയുന്നയാള്‍. 

എനിക്ക് ഇപ്പോഴും അരുണിനെയാ സംശയം അപര്‍ണ പറഞ്ഞു, കാരണം അവനേ ഇത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉള്ളൂ, അല്ലാതെ ആർക്കാണ്, മാത്രമല്ല കുട്ടിക്കാലം മുതലുള്ള പകയും കാണും. പക്ഷേ അയാൾ ലിസ്റ്റിനു വെളിയിൽ ആണെന്നല്ലേ ജെയിംസ് സാർ പറയുന്നേ?, ജയിംസ് വിരൽ നിഷേധാർത്ഥത്തിൽ അനക്കി. സോറി ഞാനങ്ങനെ പറഞ്ഞിട്ടില്ല, അതുവരെയുള്ള പൊലീസ് റിപ്പോർട്ടുകൾ മാത്രമാണ് ഞാൻ പറഞ്ഞത്.

ഈ സുധാകരനെന്താണ് സംശയകരമായി മുങ്ങിയത്. അത്രയും കാലം വിശ്വസ്തനാണെന്ന വ്യാജേന ഇരുന്നിട്ടു ചതിയുടെ കഥകളും, പിന്നെ വല്ലാത്തൊരു അപ്രത്യക്ഷമാകലും. അതും ഊരും പേരുമൊക്കെ ആകെ സംശയം. നിങ്ങളുടെ പൊലീസ് അതന്വേഷിച്ചില്ലേ.. ഉം അയാളെപ്പറ്റി അന്വേഷിച്ചു ഒടുവിൽ കണ്ടെത്തി. 

(തുടരും...)

English Summary: White Trumpet Murder, Novel written by Sanu Thiruvarppu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA