ADVERTISEMENT

വാസിമിന്റെ കൊലപാതകം

 

ഞങ്ങൾ വാസിമിന്റെ ക്യാബിനിലെ കതകിൽ തട്ടിയതും ആരോ കയറി വരാൻ പറഞ്ഞു. അകത്ത് കറുത്ത കോട്ടിട്ട ഒരാൾ പുറം തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു. പൊതുവെ വെള്ളിയാഴ്ചകളിൽ വാസിം മസ്ജിദിൽ പ്രാർത്ഥനയ്ക്ക് പോകുന്നതാണ്. ആ സമയത്ത്  ശരത്തായിരിക്കും ഓഫീസിൽ ഉണ്ടാകുക. 

 

ആ പ്രതീക്ഷയിലാണ് ഞങ്ങൾ വാതിൽ മുട്ടിയത്. പരിചിതമായ ശബ്ദമാണെങ്കിലും, പക്ഷേ അപ്പോഴുള്ള വെപ്രാളത്തിൽ അത് ആരുടേതെന്ന് എനിക്ക് പിടികിട്ടിയില്ല. അയാൾ പെട്ടെന്ന് ഞങ്ങളുടെ നേരെ തിരിഞ്ഞു. ക്യാബിനിൽ ശരത്തിനെ പ്രതീക്ഷിച്ച ഞങ്ങൾ പെട്ടെന്നൊന്ന് ഞെട്ടിപ്പോയി. അത് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. ക്യാബിനിൽ ശരത്തിനു പകരം വാസിം ആയിരുന്നു ഉണ്ടായിരുന്നത്. 

 

ഞങ്ങൾ വല്ലാത്ത ഞെട്ടലില്ലായിരുന്നു. വാസിം കടുത്ത ദേഷ്യത്തോടെ ഞങ്ങളെ നോക്കി എന്തിന് വന്നു എങ്ങനെ വന്നു എന്നൊക്കെ നിർത്താതെ ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. അയാൾ ഞങ്ങളുടെ നേരേ നടന്നു വന്നു. ശരത്തിനെ പ്രതീക്ഷിച്ചിടത്ത് വാസിമിനെ കണ്ട ഞെട്ടലിലും പതറാതെ മോറിയ ഗൗരവത്തോടെ നിൽക്കുകയാണ്.. വാസിമിന്റെ മുഖം കൂർത്തുവന്നു. അയാൾ ഞങ്ങളെ ഉപദ്രവിക്കുമെന്ന് ഉറപ്പായിരുന്നു. ഞാൻ ഭീതിയോടെ മോറിയയുടെ പിന്നിലേക്കു നീങ്ങി.

 

പെട്ടെന്നാണ് മോറിയ ബാഗിൽ നിന്നും ടൈമുർ തന്ന തോക്കെടുത്ത് വാസിമിന് നേരെ ചൂണ്ടിയത്. വാസിം ഒന്ന് വിറച്ചു. ‘‘അരേ മോറിയ യേ ക്യാ ഹെ’’ എന്നലറിക്കൊണ്ട് വാസിം പിന്നോട്ട് അടികൾ വെച്ചു. തോക്ക് താഴെയിട്, അതിൽ ഉണ്ടയുണ്ടോ നന്ദികെട്ട നായേ എന്നൊക്കെ വാസിം ചീത്ത പറയുന്നുണ്ടായിരുന്നു. 

 

പിന്നോട്ടു നടന്ന് തന്നെ അയാൾ മേശയുടെ  ഡ്രോയർ തുറന്ന് ഗൺ ആയിരിക്കണം എന്തോ  തപ്പി നോക്കി, പക്ഷേ അതവിടെയില്ലായിരുന്നുവെന്നു തോന്നുന്നു... അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

 

ചുറ്റുവട്ടത്തൊന്നും ആരുമില്ലാതിരുന്നത് കൊണ്ട് അയാൾ പിന്നീട് അധികം ബഹളം വെച്ചില്ല.

എന്തിനാണ്, എന്താ വേണ്ടത് എന്നൊക്കെ അയാൾ ഞങ്ങളോട് ചോദിക്കാൻ തുടങ്ങി. സമയം നീട്ടിക്കൊണ്ടു പോവാനും ഞങ്ങളെ കീഴടക്കാനുമാണയാളുടെ ലക്ഷ്യമെന്ന് ഞാൻ ഊഹിച്ചു. 

 

പെട്ടെന്ന് ഓർക്കാപ്പുറത്ത്  മോറിയ തോക്കിന്റെ കാഞ്ചി വലിച്ചു. അവളത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വെടിയുണ്ട വാസിമിന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് കടന്നു. മോറിയയ്ക്ക് ഇത്ര ധൈര്യം ഉണ്ടായതെങ്ങനെ എന്നോർത്തപ്പോൾ  ഞാൻ ഭയന്നു വിറച്ചു.  ഒച്ച കേട്ടിട്ടാവണം പുറത്തു നിന്ന് അങ്ങോട്ടേക്ക് രണ്ട് പേർ ഓടി വന്നു. വാസിമിന്റെ അനുചരന്മാർ തന്നെ. ഞങ്ങൾക്കവരെ അറിയാം. 

 

തോക്കിൽ രണ്ട് വെടിയുണ്ടകൾ കൂടി ബാക്കി ഉണ്ടായിരുന്നു. അവർ ഞങ്ങളെ ആക്രമിക്കുമെന്നായി. മോറിയ യാതൊരു പേടിയും കൂടാതെ അവരുടെ നേരെയും തോക്ക് ചൂണ്ടി. സാധാരണ അവർ ഞങ്ങളെയാണ് തോക്ക് കാണിച്ച് പേടിപ്പിക്കാറ്, ഇന്ന്

ഞങ്ങൾ ചൂണ്ടിയ തോക്കിന് നേരേ പേടിച്ച് വിറച്ച് അനങ്ങാതെ അനുസരണയോടെ നിൽക്കുന്നത് കണ്ടപ്പോൾ ആ സമയത്തും ചെറുതല്ലാത്തൊരു സന്തോഷം എനിക്ക് തോന്നി.

 

കുറച്ച് നിമിഷത്തെ നിശബ്ദതക്ക് ശേഷം മോറിയ അവർ രണ്ടുപേരുടെയും നേർക്ക് വെടി വെച്ചു. അത് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അവർ അവിടെ വീണു, നിലത്താകെ പരന്നൊഴുകിയ ചോര എന്നെ ആകെ അസ്വസ്ഥയാക്കി. ഞാൻ ബോധം കെട്ട് വീഴുമെന്നായി. അപ്പോൾ മോറിയ എന്നെ വലിച്ച് കൊണ്ട് പെട്ടെന്ന് താഴേക്ക് ഓടി.

 

പാർക്കിങ് ലോഞ്ചിലിട്ട വാനിലേക്ക് ഞങ്ങൾ ഓടിക്കയറി. മോറിയ തന്നെ  പരവശയായി വണ്ടി ഓടിച്ചു. അവളോട് ഞാൻ പലതും ചോദിച്ച് കൊണ്ടിരുന്നു. പക്ഷേ ഒന്നിനും അവൾ മറുപടി നൽകിയില്ല. മോറിയയുടെ മനസ് ഒട്ടും  ശാന്തമായിരുന്നില്ല. അവൾ ധാരാവിയിലേക്കാണ് വണ്ടി ഓടിച്ചത് .

 

ധാരാവിയിൽ ഒരുപക്ഷേ ടൈമൂർ കാത്ത് നിൽക്കുന്നുണ്ടാകാം. ഒരാളെയല്ല മൂന്നു പേരെ  

ആദ്യമായി അവൾ വെടിവെച്ചിരിക്കുകയാണ്. അതിൽ വാസിം എന്തായാലും മരിച്ചിരിക്കുമെന്നുറപ്പ്. മറ്റു രണ്ടുപേരുടെ കാര്യവും അങ്ങനെയാവാനാണിട. എന്നാൽ അസ്വസ്ഥയാണെന്നല്ലാതെ യാതൊരു ഭാവവ്യത്യാസവും അവളുടെ മുഖത്ത് കാണാനില്ലായിരുന്നു.

 

പെട്ടെന്ന് മോറിയ വണ്ടി ആഞ്ഞ് ചവിട്ടി നിർത്തി. അവൾ എന്തോ  തിരയാൻ തുടങ്ങി .

 ഡാഷ്ബോർഡും സീറ്റുമെല്ലാം പരിശോധിക്കുകയാണ്. എന്താണ് തപ്പുന്നത് എന്ന് ചോദിച്ചിട്ട് അവൾ ഉത്തരം പറയുന്നില്ല.

 

മോറിയ ആകെ ഭ്രാന്ത് പിടിച്ചത് പോലെയായി. അപ്പോഴാണ് ഞങ്ങളുടെനേരേ ടൈമൂർ വരുന്നത് ഞാൻ ശ്രദ്ധിച്ചത്, അവനെ കണ്ടപ്പോൾ മോറിയ തിരച്ചിൽ കൂടുതൽ വേഗത്തിലാ

ക്കി.ഒടുവിൽ എന്റെ ചോദ്യങ്ങൾ കേട്ട് സഹികെട്ടാവണം, അവൾ എന്നോട് ആ കാര്യം പറഞ്ഞു: ‘‘വാസിമിനെ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച ആ തോക്ക് കാണുന്നില്ല.’’

 

English Summary: KK Chila Anweshana Kurippukal E-Novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com