മകൾക്കുവേണ്ടി ഒരമ്മ ചെയ്ത കൊലപാതകങ്ങൾ, ആ മൂന്ന് മരണങ്ങളുടെ ചുരുളഴിയുന്നു!

HIGHLIGHTS
  • സനു തിരുവാർപ്പ് എഴുതുന്ന നോവൽ
  • വൈറ്റ് ട്രംപേറ്റ് മർഡർ – അധ്യായം 9
White-trumpate-murder-Chapter-09
SHARE

ആ കുട്ടി എവിടെപ്പോയി. ജിതിൻ വിശ്വനാഥൻ?. ദില്ലിയിലെ ജെ അർ നഡ്ഡ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. ആശുപത്രി ബില്ലെല്ലാം ക്ളോസ് ചെയ്തിരുന്നെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. അതിന് ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ലക്ഷ്മിയുടെ ആത്മഹത്യ. 

ങേ.. ഏവരുടെയും മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചശേഷം ജെയിംസ് ഒന്നു ചിരിച്ചു.

ലക്ഷ്മിയുടെ ആത്മഹത്യ ഒരു കുറ്റസമ്മതം പോലെയാണ് എനിക്കു തോന്നിയത്. പക്ഷേ ലക്ഷ്മി എന്തിനെന്നെ അവസാന നിമിഷം വിളിച്ചു. അവൾക്കെന്താണ് പറയാനുണ്ടായിരുന്നത്, പക്ഷേ ഒന്നും വെളിപ്പെടുത്താതെ പോകുകയും ചെയ്തു. ഒരാളെങ്കിലും എല്ലാം തിരിച്ചറിയണമെന്നൊരു നിർബന്ധം അവൾക്കുണ്ടായിരുന്നിരിക്കണം, പക്ഷേ ആരെയും ഒറ്റുകൊടുക്കാനും അവൾ തയ്യാറായിരുന്നില്ല. 

വിശ്വനാഥനെതിരെ എന്തിനാണ് സുധാകരൻ പത്രത്തിൽ കഥകളെഴുതിച്ചത്. സുധാകരനെ ചോദ്യം ചെയ്തപ്പോൾ ലക്ഷ്മി തന്നെയാണ് വിവരം അന്തിപ്പത്ര റിപ്പോർട്ടറെ വിളിച്ചു പറഞ്ഞതെന്നറിഞ്ഞു. എന്തിന്?. വിശ്വനാഥനെ പരമാവധി പ്രതിസന്ധിയിലാക്കുകയായിരുന്നു ലക്ഷ്യം. പ്രതീക്ഷിച്ചപോലെ പണവുമായി സുധാകരനെ സരള അയച്ചു. ആ വീട്ടിൽ എല്ലാ തീരുമാനങ്ങളുമെടുക്കുന്നതു സരളയാണെന്നും വിശ്വനാഥന്‍ ഒരു ചരടിൽ ചലിക്കുന്ന പാവയാണെന്നും സുധാകരനിൽ നിന്നവർക്കു മനസിലായി. 

സരളയെ ഇല്ലാതാക്കിയാലേ നേട്ടമുണ്ടാകൂ പക്ഷേ എങ്ങനെ. ജോലിക്കാരി വിചാരിച്ചാൽ വെള്ളത്തിൽ മുക്കിയിട്ടു ഉപയോഗിക്കുന്ന ഹീറ്റർറോഡ് ഇൻസുലേഷൻ ഇളക്കിവച്ചെളുപ്പത്തിൽ അതു ന‌ടത്താൻ കഴിയും. അങ്ങനെ അതു ചെയ്തു കാണണം. അപകട മരണമെന്നു വിചാരിച്ചതിനാലും വിശ്വനാഥനു ഉർവ്വശീ ശാപം പോലെ എല്ലാം ഉപകാരമായി വന്നതിനാലും പിന്നീടതിനെക്കുറിച്ച് ആരും ചിന്തിച്ചില്ല. സുധാകരന്റെ പ്രേരണയിൽ ലക്ഷ്മിയെ വിശ്വനാഥൻ വിവാഹം കഴിച്ചു. ലക്ഷ്മി റാണിയെപ്പോലെ ജീവിക്കുമെന്നു കരുതിയ സരസ്വതിയമ്മയ്ക്കും സുധാകരനും മറ്റൊരു തിരിച്ചടി കിട്ടി. 

വിശ്വനാഥൻ ലക്ഷ്മിയുടെ സൗന്ദര്യം തന്റെ നേട്ടത്തിനായാണ് ഉപയോഗിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള വിലപേശലിനു അവൾ കരുവായി. ലക്ഷ്മിക്കു സഹിക്കുന്നതിനപ്പുറം കാര്യങ്ങള്‍ പോയെങ്കിലും മറ്റൊരു കൊലപാതകത്തിനു ലക്ഷ്മി തയ്യാറായിരുന്നില്ല. പക്ഷേ മകന്റെ ചികിത്സയ്ക്കു പണം കൂടുതൽ ആവശ്യമായപ്പോൾ അർദ്ധമനസ്സോടെ അത് ചെയ്യേണ്ടി വന്നു. ഒന്നും രണ്ടും പ്രതികളായി ലക്ഷ്മിയും സരസ്വതി അമ്മയും മാപ്പ് സാക്ഷിയായി സുധാകരനും. 

കേസ് കോടതിയിലെത്തി. 

സുധാകരൻ മൊഴിമാറ്റി. പൊലീസ് ദേദ്യം ചെയ്ത് പറയിപ്പിച്ചെന്നായി വാദം. താമസിയാതെ അവർ ജാമ്യത്തിലുമിറങ്ങി. പഴുതടച്ച തെളിവുകളൊന്നും കണ്ടെത്താനായില്ല. എല്ലാം എല്ലാവർക്കുമറിയാം പക്ഷേ ഒരു കുറ്റസമ്മതം അവർ നടത്താൻ തയ്യാറായില്ല, സുധാകരനും സരസ്വതിയമ്മയും പൊലീസിനെതിരെ ശരിക്കും പിടിച്ചു നിന്നു. ആ കേസങ്ങനെ ഇല്ലാതായി..

കുറേനാൾ കഴിഞ്ഞു ഞാൻ ആ വീട്ടിലേക്കു വീണ്ടുമെത്തി. പരിശോധന നടത്തിയപ്പോൾ ആ മുറിയിലെ വസ്തുക്കൾ പരിശോധിക്കുമ്പോൾ ഒരു വലിയ ഈട്ടിത്തടിയുടെ ക്ളോക്ക് കണ്ടിരുന്നു. നിലത്തു നിന്നു 5 അടിയോളം ഉയരമുള്ള, രണ്ട് പേർക്കു മാത്രം എടുത്തു പൊന്തിക്കാനാവുന്ന ക്ളോക്ക്. ആശ്ചര്യമെന്നു പറയട്ടെ ആ ക്ളോക്ക് നിശ്ചലമായിരുന്നു. അതിലെ സൂചി വൈകിട്ട് 11.30 ന് ചത്തിരുന്നു. ഏകദേശം വിശ്വനാഥന്റെ മരണ സമയം. ക്ളോക്കില്‍ നടത്തിയ പരിശോധനയിൽ വീട്ടിത്തടി കൊണ്ടുള്ള ക്ളോക്കിന്റെ ഒരു വശത്ത് ചതഞ്ഞപോലെയുള്ള പാടുകൾ കണ്ടു. പരിശോധനയിൽ ബാൽക്കണിയിലെ കൈവരിയിലെ പെയ്ന്റ് അതിൽ കണ്ടെത്താനായി, ഒപ്പം സുധാകരന്റെയും ലക്ഷ്മിയുടെ അമ്മയുടെ വിരലടയാളങ്ങളും.

...........

ഒരു വൈകുന്നേരം ഞാൻ വീണ്ടും കൊളക്കാട്ടൂരില്ലത്തെത്തി. വരാന്തയിലെ വിളക്ക് മുനിഞ്ഞു കെടാറായിരിക്കുന്നു. സുധാകരൻ ഇറയത്തിരിക്കുന്നു. എന്നെകണ്ടതും അയാൾ തലകുനിച്ചു. അകത്തെ മുഷിഞ്ഞപുതപ്പുകൾക്കിടയിൽ അസ്ഥിപഞ്ജരമായ ഒരു രൂപം. ജെയിംസ് അടുത്തേക്കു കസേര വലിച്ചിരുന്നു. മനസിലായോ?. കവിളൊട്ടി പല്ലുകൾ തേറ്റപോലെ ചാടി നിൽക്കുന്നു, പീളകെട്ടിയ കണ്ണുകളിൽ എന്തൊക്കെയോ മിന്നിമറയുന്നു. 

ഉം.. കുറുങ്ങൽ പോലെ ശബ്ദം. ഇങ്ങനെ കാണേണ്ടി വന്നല്ലേ, ഞാൻ പ്രതീക്ഷിച്ചിരുന്നു ഒരു ദിനം വരുമെന്ന്. പക്ഷേ താമസിച്ചു പോയല്ലോ?. തോറ്റുപോയെന്നു കരുതേണ്ട.. കാരണം നിങ്ങൾക്കു ഇവിടെ ജയിക്കാനാവില്ല. ദാ അതു കണ്ടോ?.  അവർ വശത്തേക്കു കൈചൂണ്ടി. ഭിത്തിയിൽ  മങ്ങിത്തുടങ്ങിയ ഒരു പഴയചിത്രം. 

കോട്ടും സൂട്ടുമിട്ടു ഒരു യുവാവും അടുത്ത് കസേരയിലിരിക്കുന്നു സുന്ദരിയായ യുവതിയും. അതാണ് എന്റെ ഭർത്താവ്... അഡ്വ. നാരായണ കുറുപ്പ്. തിരുവനന്തപുരം മജിസ്ട്രേറ്റു കോടതിയിലെ ക്രിമിനൽ ലായറായിരുന്നു അദ്ദേഹം. എന്റെ അമ്മാവന്റെ മകൻ. ലക്ഷ്മിക്ക് 3 വയസ്സുള്ളപ്പോൾ പോയി. കുടുംബത്തിലെ സ്വത്തുവീതം വയ്പ്പിനുശേഷം ഈ വീടും പുരയിടവും മാത്രമാണ് ഞങ്ങൾക്കു കിട്ടിയത്. ഞങ്ങൾ പട്ടിണിയിലും പരിവട്ടത്തിലുമായി. മക്കൾക്കൊന്നും ആഗ്രഹിച്ച പോലെ വിദ്യാഭ്യാസം നൽകാൻ പോലും കഴിഞ്ഞില്ല. നല്ലപോലെ പഠിച്ചിട്ടും ഡിഗ്രി കഴിഞ്ഞു പഠനം നിർത്തേണ്ടി വന്നു ലക്ഷ്മി വിശ്വാനാഥന്റെ കടയിൽ പോകാൻ തുടങ്ങി. പക്ഷേ അവൾക്കു ചതിവുപറ്റി.

വിശ്വാനാഥന്റെ രഹസ്യഭാര്യയായി അവൾ തുടരരുതെന്ന് എനിക്കു ആഗ്രഹമുണ്ടായിരുന്നു. കുഞ്ഞിനെയും ലക്ഷ്മിയെയും നാടുകടത്തിയെന്ന് അവർ ആശ്വസിച്ചു. കിട്ടിയ പണവുമായി കുട്ടിയെ വളർത്തി ഞങ്ങൾ ജീവിച്ചേനെ. പക്ഷേ അവർ അനുവദിച്ചില്ല. എന്നെയും മകളെയും വീണ്ടും കൊല്ലാക്കൊല ചെയ്യാൻ ശ്രമിച്ചു. ഗുണ്ടകളെ വിട്ടു പല തവണ ഭീഷണിപ്പെടുത്തി. ഞാൻ പദ്ധതി തയ്യാറാക്കി. സുധാകരന്റെ സഹായത്തോടെ ആ വീട്ടിൽ ഒരു ജോലിക്കാരിയായി ഞാൻ ചെന്നു. വാട്ടർ ഹീറ്ററിന്റെ വയറുചെത്തിക്കളഞ്ഞു വെള്ളത്തിലേക്കിട്ടു. മുറിയുടെ വാതിൽ പൊളിച്ച് എല്ലാവരും അകത്തു കയറുമ്പോഴും. വേലക്കാരികളുടെ ഇടയിൽ ഞാനുണ്ടായിരുന്നു.

ഒരിക്കൽകൂടി എനിക്കതു ചെയ്യേണ്ടി വന്നു. എന്റെ മകളെ അയാൾ മാംസത്തിനു വിലയിട്ടു വിറ്റു. അത് എളുപ്പമായിരുന്നു. രാത്രിയായാൽ കണ്ണുമറയുന്നപോലെ അയാൾ മദ്യപിക്കും. പൂച്ചെട്ടിക്കടിയിലെ വലിയ കല്ലെടുത്തു ബാൽക്കണിയിൽ നിന്നപ്പോൾ തലയുടെ പിന്നിൽ ഒരടി.  രക്തം നിലത്തു വിഴും മുൻപ് താഴേക്കു തള്ളിയിട്ടു. മുറിയിലെ വലിയ ക്ളോക്കെടുത്തു ബാൽക്കണിയിലെ പടി ഇടിച്ചിളക്കി വച്ചു. വിധി പക്ഷേ ഞങ്ങളെ ശിക്ഷിച്ചു. ആ കുഞ്ഞിനെ രക്ഷിക്കാനായില്ല, എന്റെ മോളെയും. അവർ ദൈവത്തിനടുത്തേക്കു പോയി. 

ഇനി.. എനിക്ക് ... മടങ്ങാം.... ഞാനും പോകട്ടെ. അവരുടെ ശബ്ദം മുറിഞ്ഞു. പീളകെട്ടിയ കണ്ണുകൾ സജലങ്ങളായി. മുഖത്തെ ഇരുട്ടകന്നു. ആദ്യം അവരെ കണ്ടപ്പോഴെന്നപോലെ ചൈതന്യം തുളുമ്പുന്ന മുഖമായിരുന്നു അപ്പോൾ. അര മിനിട്ടു നീണ്ടു നിന്ന പിടച്ചിൽ. അവർ പോയി. കണ്ണുകൾ തിരുമിയടച്ചശേഷം ഞാൻ പുറത്തേക്കിറങ്ങി.   

മുറിയിലാകെ നിശബ്ദത പരന്നു. ജോർജും കുപ്പി നിറയ്ക്കാൻ മറന്നു നിർനിമേഷനായി നിന്നു. ജോർജേ... ഒരു മാർഗറിറ്റ...

(അവസാനിച്ചു...)

English Summary: E- Novel, White Trumpet Murder - Chapter 9 by Sanu Thiruvarppu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA