മുടിയുടെ കാര്യം പറയുമ്പം തിത്തിമിക്കുട്ടിക്ക് സിന്ധുച്ചേച്ചിയോട് സ്നേഹം തോന്നും, അതെന്താണെന്നല്ലേ?

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 3
thithimi-3
വര: അനൂപ് കെ. കുമാർ
SHARE

സിന്ധുച്ചേച്ചി വന്നപ്പോൾ

തിത്തിമിയുടെ വീട്ടിലേക്ക് സിന്ധുച്ചേച്ചി വരുന്നെന്ന് സ്വാമി അമ്മാവൻ വിളിച്ചു പറഞ്ഞു. സ്വാമി അമ്മാവന്റെ ഒരേയൊരു മോളാണ് സിന്ധുച്ചേച്ചി. തിത്തിമിക്ക് സ്വാമി അമ്മാവനെ വലിയ ഇഷ്ടമാണ്. സിന്ധുച്ചേച്ചിയോടും തിത്തിമിക്ക് അതേ  ഇഷ്ടമുണ്ട്. അതിന്റെ കാരണം എന്താണെന്നോ? സിന്ധുച്ചേച്ചിക്ക് തിത്തിമിയുടെ അമ്മയോട് ഭയങ്കര സ്നേഹമാണ് എന്നതാണ്. അപ്പോൾ എന്തായാലും തിത്തിമിക്ക് സിന്ധുച്ചേച്ചിയോട് ഇഷ്ടം തോന്നേണ്ടതല്ലേ? പലരും സിന്ധുച്ചേച്ചിയോട് ചോദിക്കും, തിത്തിമിയുടെ അമ്മയുടെ സൊന്തം ചേച്ചിയാണോ എന്ന്. രണ്ടുപേരും കണ്ടാൽ ഏതാണ്ടൊരു പോലിരിക്കുവാണത്രേ. അവരിങ്ങനെ ചോദിച്ചെന്നൊക്കെ സിന്ധുച്ചേച്ചി വന്ന് തിത്തിമിയുടെ അമ്മയോട് പറയും. ഇതുകേൾക്കണ്ട താമസം, തിത്തിമിക്ക് ചിരി വരും. എന്റെ അമ്മ വേറെ ആരെയും പോലിരിക്കണ്ട, എന്റെ അമ്മയെപ്പോലിരിക്കുന്ന രണ്ടുപേർ ഞാനും സിന്ധുച്ചേച്ചിയും മാത്രമേയുള്ളൂ എന്നാണ് തിത്തിമി പറയുന്നത്. 

സിന്ധുച്ചേച്ചി വരുമ്പോൾ കൊടുക്കാനായി തിത്തിമീടച്ഛൻ കുറച്ച് പലഹാരങ്ങളൊക്കെ വാങ്ങിവച്ചിരുന്നു. സിന്ധുച്ചേച്ചിയും  മകൾ ദേവൂവും കൂടെയാണ് വന്നത്. ‘‘ഞാനിപ്പം ചായയിട്ടുതരാം ചേച്ചീ,’’ തിത്തിമീടമ്മ സിന്ധുച്ചേച്ചിയോടു പറഞ്ഞു. ‘‘നീ ഇവിടിരി ചായയൊക്കെ പതുക്കെ മതി പെണ്ണേ. ആദ്യം നിന്നോടിത്തിരി വർത്തമാനം പറയട്ടെ. ’’ സിന്ധുച്ചേച്ചി പറഞ്ഞു. ‘‘അല്യോടി മോളേ ’’ ഇതിനിടയ്ക്ക് സിന്ധുച്ചേച്ചി തിത്തിമിയോട് ചോദിച്ചു. തിത്തിമിയാവട്ടെ ഈ സിന്ധുച്ചേച്ചിയാരാ എന്റെ അമ്മേടെ കയ്യിപ്പിടിച്ചോണ്ട് അടുത്തിരിക്കാൻ എന്ന മട്ടിലിരിപ്പാണ്. തിത്തിമീടമ്മ ഉടനെ ‘‘എങ്കിൽ ദാ ഇതൊക്കെ കഴിക്ക് ചേച്ചീ, ബാ മോളും കഴിക്ക് ’’ എന്നു പറഞ്ഞ് പലഹാരങ്ങൾ ദേവൂനും സിന്ധുച്ചേച്ചിക്കും നൽകി. സിന്ധുച്ചേച്ചി അതിൽനിന്നൊരു ഉള്ളിവട എടുത്ത് ആദ്യം തിത്തിമിക്കു നേരെ നീട്ടി. എന്നിട്ട് പറഞ്ഞു, ‘‘മോൾ  ഇത് കഴിക്ക്’’. ഉടനെ തിത്തിമി സിന്ധുച്ചേച്ചിയോട്, ‘‘എന്റെ മൊഖം കണ്ടാ അറിയത്തില്യോ എനിക്ക് ഉള്ളിവട ഇഷ്ടമാണെന്ന്’’. സിന്ധുച്ചേച്ചിക്ക് ചിരി വന്നു. ചേച്ചി തിത്തിമീടെ കവിളിൽപിടിച്ചുകൊണ്ട് ചോദിച്ചു , അതെങ്ങനാ ഇയാടെ മുഖം കണ്ടാൽ ഞാനറിയുന്നത് മോൾക്ക് ഉള്ളിവട ഇഷ്ടമല്ലെന്ന്’’. തിത്തിമിയുടെ മുഖം കണ്ടപ്പോ തിത്തിമീടെ അമ്മയ്ക്കും വന്നു ചിരി. എന്നിട്ട് സിന്ധുച്ചേച്ചി തിത്തിമിയുടെ മുടിയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു, ‘‘കേട്ടോടീ ഇത് അച്ഛന്റെ സൈസ് തന്നാ’’. ‘‘അതെന്താ ചേച്ചീ?’’ തിത്തിമീടമ്മ തിരക്കി. ഉടനെ സിന്ധുച്ചേച്ചി, ‘വീട്ടിലച്ഛന്റെ വട്ടൊക്കെ ഇവൾക്കും ഉണ്ട്. ചെല സമയത്ത് ഇവളെ കാണുമ്പം അതു തന്നെ തോന്നും.’’ തന്നെ കളിയാക്കുന്നത് തിത്തിമിക്ക് ഇഷ്ടമായില്ല. അവൾ കുറുമ്പു കാട്ടി കസേരയിൽ ആരെയും നോക്കാതിരുന്നു. 

തിത്തിമി ധാരാളം മുടിയുള്ള കുട്ടിയാണ് കേട്ടോ. മുടിയുടെ കാര്യം പറയുമ്പം മാത്രം തിത്തിമിക്കുട്ടിക്ക് സിന്ധുച്ചേച്ചിയോട് സ്നേഹം തോന്നും. അതെന്താണെന്നല്ലേ? അതിന്റെ കാരണം തിത്തിമിക്ക് അമ്മയാണ് പറഞ്ഞുകൊടുത്തത്. അമ്മ തിത്തിമിയെ ഗർഭിണിയായിരിക്കുമ്പം സിന്ധുച്ചേച്ചി കൂടെക്കൂടെ കാണാൻ വരുമായിരുന്നു. അപ്പോഴൊക്കെ തിത്തിമിക്കുട്ടീടെ അമ്മയോട് സിന്ധുച്ചേച്ചി പറയുമായിരുന്നത്രേ, നീ രാവിലെ ഇഷ്ടം പോലെ പഴങ്കഞ്ഞി കുടിച്ചാൽ നിന്റെ കുഞ്ഞിന് നല്ല പട്ടുപോലത്തെ മുടിയുണ്ടാവുമെന്ന്. അങ്ങനെ തിത്തിമീടമ്മ എന്നും രാവിലെ എഴുന്നേറ്റ് ഇഷ്ടം പോലെ പഴങ്കഞ്ഞി കുടിച്ചു. എന്നിട്ട് എനിക്ക് മോളുണ്ടാവണേ എന്നു പ്രാർഥിച്ചു. രണ്ടും സാധിച്ചു. 

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 3

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA