ADVERTISEMENT

കെ കെയുടെ മെയിൽ

 

‘പ്രിയപ്പെട്ട സുഹൃത്തേ, 

 

എന്റെ നോവലുകൾ വായിച്ചുവായിച്ചാണ് നിങ്ങളിപ്പോൾ മുംബൈയിലെത്തിയിരിക്കുന്നത്. ഒരു വായനക്കാരനും എഴുത്തുകാരനും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടാവുന്നത് വിചിത്രം തന്നെയാണല്ലേ? നോവലുകളെ അതിശയിക്കുന്ന സംഭവങ്ങളും ചിലപ്പോൾ  ജീവിതത്തിലുണ്ടാവാം എന്നേ പറയാൻ പറ്റൂ. 

 

എന്തായാലും നമുക്ക് ഈഹൈഡ് ആന്റ് സീക്ക് കളി അവസാനിപ്പിക്കാം. ഞാൻ ഇനിയും മറഞ്ഞു നിൽക്കാതെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ പോവുന്നു. ഈ വരുന്ന ഡിസംബർ ആറാം തിയതി, ആർതർ റോഡിലെ ഡബ്ല്യൂ.ജെ കോംപ്ലക്സ് ഗോഡൗണിൽ നമുക്ക് മീറ്റ് ചെയ്യാം. കാണാനാകുമെന്ന പ്രതീക്ഷയോടെ, 

 

നിങ്ങളുടെ സ്വന്തം

K.K.

 

ഞാൻ വല്ലാത്ത ഒരു ഞെട്ടലിലായിരുന്നു. ഇത്രകാലം ക‌െ.കെ. എനിക്ക് നേരിൽ കാണാമെന്നു പറഞ്ഞ് ഒരു മെസ്സേജും അയച്ചിരുന്നില്ല, അയാൾ എന്നെ പിന്തുടരുന്നുണ്ടെന്ന കാര്യം എനിക്കറിയാമായിരുന്നു. ഇവിടെ കെ.കെ. ഒരു ക്യാറ്റ് ആന്റ് മൗസ് ഗെയിം കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അതിനൊന്നും സമയം കളയാതെ

ഇപ്പോൾ നേരിട്ട് കാര്യത്തിലേക്ക് കടക്കുകയാണ് അയാൾ. ഇതിനൊക്കെ പിന്നിൽ എന്തോ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടെന്ന് ഞാൻ ഊഹിച്ചു.

 

 

കാര്യങ്ങൾ ഈ നിലക്കാണ് പോകുന്നതെങ്കിൽ അടുത്ത ഏഴ് ദിവസത്തിനുളളിൽ എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ടാകും.ഡിസംബർ 6, ദ് ഡേ ഈസ് കമിംങ്. ഞാനാകെ ത്രിൽ അടിച്ചു. സത്യത്തിലേക്കുള്ള ദൂരം ഇനി ഏഴ് ദിവസങ്ങൾ മാത്രം.

 

കാര്യങ്ങൾ ഇത്രക്കും വേഗത്തിലാകുമെന്ന് ഞാൻ വിചാരിച്ചതല്ല. കെ.കെ.യെ കണ്ടത് കൊണ്ട് മാത്രമായില്ല. മറ്റ് ചില കാര്യങ്ങൾ ഇനിയും അറിയാനുണ്ട്. മാൻവിയുടെ മരണം. അതേക്കുറിച്ച് എനിക്ക് കെ.കെയിൽ നിന്ന് തന്നെ കേൾക്കണം. അതിൽ കെ.കെ. ഇൻവോൾവ്ഡ് ആണെന്നെനിക്ക് ഏതാണ്ടുറപ്പുണ്ട്. തുടക്കത്തിൽ എഴുത്തുകാരനെ കാണാനുള്ള ആരാധകന്റെ കൊതി മാത്രമായിരുന്നു എനിക്ക്. ഇപ്പോൾ കഥയ്ക്കു പുറത്തേക്ക് വളർന്ന സംഭവങ്ങളുടെ സത്യം തെളിഞ്ഞു കിട്ടേണ്ടതുണ്ട്. എന്റെ നിരപരാധിത്വം തെളിയിക്കാനും അതു കൂടിയേ കഴിയൂ.

 

 

ഇങ്ങനെ ഒരുപാട് ആലോചനകളിലാണ്ടിരിക്കുമ്പോഴാണ് നാട്ടിൽ പോകാൻ ഞാൻ തീരുമാനിച്ചത്. ഒന്നാമത് ഇനിയും 7 ദിവസം കൂടി ഇവിടെ താമസിക്കാനുള്ള സാമ്പത്തിക സ്ഥിതി തൽക്കാലം എനിക്കില്ല. കുറച്ചു കൂടി പണം സംഘടിപ്പിക്കണം. പിന്നെ പറ്റുമെങ്കിൽ മന്യയെ കണ്ട് അവളെക്കൂടി ഇങ്ങോട്ട് കൊണ്ട് വരണം, മാൻവിയുടെ മരണത്തിന് കാരണക്കാരനായ അയാളെ എനിക്ക് അവളുടെ മുന്നിൽ നിർത്തണം.

 

 

അടുത്ത ദിവസത്തെ ഫ്ളൈറ്റിന് തന്നെ നാട്ടിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. കൈയിൽ പണം കുറവാണ്. നാട്ടിൽ പോയി തിരിച്ച് വരുമ്പോഴേക്കും കൈയിൽ ഉള്ളത് മുഴുവൻ തീരും. പോകാതെയും വയ്യ. നാട്ടിൽ ചെന്നാൽ  എന്തെങ്കിലും വഴി ഉണ്ടാവാതിരിക്കില്ല എന്നു പ്രതീക്ഷിക്കാം. 

 

 

നവംബർ മുപ്പതിന്  വൈകിട്ട് ആറ് മണിക്കുള്ള ഫ്ളൈറ്റിന് പോകാൻ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു. സാധനങ്ങളെല്ലാം  പാക്ക്ചെയ്ത് റൂം വെക്കേറ്റ് ചെയ്ത്  ഒരു മൂന്ന് മണിയായപ്പോൾ ഞാൻ എയർപോട്ടിലേക്ക് തിരിച്ചു. ക്യാബിൽ കയറി യാത്ര ചെയ്യുമ്പോൾ എനിക്ക് അത്യധികം സന്തോഷം തോന്നി. എല്ലാം ഒടുവിൽ കലങ്ങിത്തെളിയാൻ പോകുന്നു. ഞാനാകെ വല്ലാത്ത ത്രിലില്ലായി. വണ്ടി ഒന്നൊന്നര മണിക്കൂർ കൊണ്ട് എയർപോർട്ടിലെത്തി.

 

 

എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്ത് ഞാൻ അകത്ത് കയറാൻനിൽക്കുകയായിരുന്നു. അപ്പോൾ പെട്ടെന്നാണ് പരിചയമുള്ള ഒരു മുഖം എയർപോർട്ടിൽ നിന്നിറങ്ങി പോകുന്നത് ഞാൻ കണ്ടത്. എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. കുറച്ച് നേരം ഞാനയാളെ തന്നെ നോക്കി നിന്നു. പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് ആ പേര് തെളിഞ്ഞ് വന്നത്. അത് മറ്റാരുമല്ല, ശരത്തായിരുന്നു. സുതപയുടെ ഭർത്താവ് ശരത്ത് ദാസ്. സുതപയുടെ വീട്ടിൽ ഞാനയാളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അല്ലാതെയും അയാൾ പരിചിതനാണ്. പത്രങ്ങളിൽ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന മുഖമാണല്ലോ. ഒരു  വ്യവസായ രാക്ഷസൻ. മന്ത്രിമാർക്കൊപ്പവും സെലിബ്രിറ്റികൾക്കൊപ്പവും അയാളെ കണ്ടിട്ടുണ്ട്. 

 

 

ഞാൻ എന്തോ പ്രേരണയിൽ പെട്ടെന്ന് അയാൾക്ക് പിന്നാലെ പാഞ്ഞു. ‘മി. ശരത്ത്’ എയർപോർട്ടിലെ സകല ബഹളങ്ങൾക്കുമിടയിൽ എന്റെ ശബ്ദം അയാൾ കേട്ടില്ല. ചെക്ക് ഇൻ ചെയ്ത് കഴിഞ്ഞാൽ തിരിച്ച് പോവുക എന്നത് പ്രയാസമാണ്.

 

പക്ഷേ എന്തായാലും ഇപ്പോൾ ശരത്തിനെ കണ്ടേ മതിയാവു. എനിക്ക് അയാളോട് ഇന്ന് തന്നെ സംസാരിക്കണം എന്ന് തോന്നി. ഞാൻപുറത്തേക്കോടി, ചെക്ക് ഇൻ ചെയ്ത് കഴിഞ്ഞ് ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഇനിയൊരിക്കലും അയാളെ ഞാൻ കണ്ടെന്നും വരില്ല. പുറകിൽ നിന്നും സെക്യൂരിറ്റി ഓഫീസർ നിൽക്കാൻ

പറയുന്നുണ്ട്. അയാളെ കാര്യങ്ങൾ ധരിപ്പിക്കാൻ എനിക്ക് സമയമുണ്ടായിരുന്നില്ല. ഞാൻ വേഗം ശരത്തിനടുത്തേക്കോടി. ഞാനയാളുടെ അടുത്ത് ഏതാണ്ട് എത്താറായപ്പോഴേക്കും  അടുത്തേക്കൊഴുകി വന്ന  ഒരു കറുത്ത കാറിൽ കയറി അയാൾ എയർപോർട്ടിൽ നിന്നും അകന്നു.

 

English Summary: KK Chila Anweshana Kurippukal, E-Novel written by Swarandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com