‘ഭദ്രാക്ഷമോ, അതെന്താമ്മാവാ ഈ ഭദ്രാക്ഷമെന്നു വച്ചാല്?’

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 5
thithimi-Adhyayam-05
വര: അനൂപ് കെ. കുമാർ
SHARE

അവളെ ഒന്നും പറയേണ്ട, അവള് കൊച്ചല്ലേ

സ്വാമി അമ്മാവന്റെ വീട് തിത്തിമിക്ക് വല്യ ഇഷ്ടമാണ്. അതിന്റെ കാരണം എന്താണെന്നോ? സ്വാമി അമ്മാവന്റെ വീട് കണ്ടാൽ ചിലപ്പോൾ ഒരാശ്രമം പോലെ തോന്നും. ചിലപ്പോ തോന്നും അതല്ല വീടാണെന്ന്. അവിടെല്ലാം നല്ല തണലാണ്. സ്വാമി അമ്മാവന്റെ വീട്ടിൽ വിശേഷപ്പെട്ട ചില മരങ്ങളുണ്ട്. ഒരു ദിവസം ഒരു പ്രത്യേക ചെടി  കണ്ട് തിത്തിമി ചോദിച്ചു, 

‘‘ഇതെന്താണമ്മാവാ?’’ ‘‘ ഓ ഇതോ മോളേ , മോള് രുദ്രാക്ഷം കണ്ടിട്ടുണ്ടോ ? ദാ അമ്മാവന്റെ കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷമാല കണ്ടില്ലേ, അതിലെ രുദ്രാക്ഷം.’’തിത്തിമി സ്വാമി അമ്മാവന്റെ കഴുത്തിലെ രുദ്രാക്ഷത്തിലേക്ക് അൽഭുതത്തോടെ നോക്കിക്കൊണ്ട് നിൽക്കുകയാ. ‘‘ഇങ്ങനെ രുദ്രാക്ഷം പിടിക്കുന്ന ചെടിയാണെന്നു പറഞ്ഞ് അമ്മാവൻ ദൂരെ ഒരിടത്തു നിന്നു വാങ്ങിയതാ. ’’ ‘‘എന്നിട്ട് രുദ്രാക്ഷം പിടിച്ചോ?’’തിത്തിമി ആകാംക്ഷയോടെ ചോദിച്ചു. ഇല്ല പിന്നെ ഇവിടെ വന്ന അമ്മാവന്റെ ഒരു കൂട്ടുകാരൻ ഈ ചെടി കണ്ടിട്ടു പറഞ്ഞു, ഇത് രുദ്രാക്ഷമല്ല ഭദ്രാക്ഷമാ. സ്വാമിയെ അവന്മാര് പറ്റിച്ചതാ എന്ന്. ഉടനെ തിത്തിമിക്ക് അതും അറിയണം ‘‘ ഭദ്രാക്ഷമോ , അതെന്താമ്മാവാ ഈ ഭദ്രാക്ഷമെന്നു വച്ചാല്?’’ 

‘‘രുദ്രാക്ഷം പോലെ തന്നെയിരിക്കുന്ന കായ പിടിക്കുന്ന ഒരു ചെടിയാ. വടക്കേ ഇന്ത്യയിലൊക്കെ രുദ്രാക്ഷമാലയാണെന്നു പറഞ്ഞ് വിൽക്കുന്ന പലതും യഥാർഥ രുദ്രാക്ഷമൊന്നുമല്ല , ഭദ്രാക്ഷമാ’’ അമ്മാവൻ പറഞ്ഞപ്പോഴാണ് രുദ്രാക്ഷമെന്നത് ഒരു ചെടിയുടെ കായാണെന്നു തന്നെ തിത്തിമി അറിയുന്നത്. ഭദ്രാക്ഷം എന്നതിനെക്കുറിച്ച് തിത്തിമി നേരത്തെ കേട്ടിട്ടുപോലുമില്ലായിരുന്നു.

‘‘എന്തുവാ രണ്ടുപേരും കൂടി ഇത്രവലിയ കാര്യം സംസാരിക്കാൻ? ’’തിത്തിമീടെ അമ്മ മുറ്റത്തേക്കു വന്നു ചോദിച്ചു. രുദ്രാക്ഷത്തിന്റെ കഥ തിത്തിമിയോട് പറഞ്ഞ  സ്വാമിഅമ്മാവൻ തന്നെ പക്ഷേ ഒരു കാര്യം കൂടി പറഞ്ഞു. ‘‘രുദ്രാക്ഷം വീടുകളിൽ വളർത്തരുതെന്നാ ചിലരുടെ വിശ്വാസമെന്ന് എന്നോട് പിന്നീടൊരാൾ പറഞ്ഞു.’’ അതെന്താ അമ്മാവാ? ഇത്തവണ ചോദിച്ചത് തിത്തിമീടമ്മയാണ്. ‘‘അതോ, ശിവന്റെ കണ്ണുനീർത്തുള്ളിയാണ് രുദ്രാക്ഷമായതെന്നാണ് ചിലര് പറയാറ്. അതുകൊണ്ട് വെറുതെ വീട്ടിൽ വളർത്തരുതെന്നു പറയും.’’  ‘‘ഹൊ , ഈ സ്വാമി അമ്മാവന് എന്തെല്ലാം കാര്യങ്ങളാ അറിയാവുന്നത്. അമ്മാവൻ ഇതൊക്കെ എവിടുന്നു പഠിച്ചമ്മേ? ’’തിത്തിമി അമ്മയോട് ചോദിച്ചു.

സ്വാമി അമ്മാവൻ ഇടയ്ക്കൊക്കെ പറയുന്ന പേരാണ് അവധൂത് സ്വാമി. അങ്ങനൊരു പേരു തന്നെ തിത്തിമി ആദ്യം സ്വാമി അമ്മാവനിൽ നിന്നാ കേൾക്കുന്നത്. എവിടെയെങ്കിലും പോയിട്ടുവന്ന് സ്വാമി അമ്മാവൻ തിത്തിമിയുടെ അമ്മയോട്  പറയുന്നത് കേൾക്കാം, ‘‘മോളേ അമ്മാവനിന്ന് ഒരവധൂത് സ്വാമിയെ കണ്ടു ’’. ചിലപ്പോ ഒരവധൂതിനെ കാണാനുണ്ടെന്നു പറഞ്ഞ് അമ്മാവൻ പോവുന്നതും കാണാം. ‘‘ആരാ അമ്മേ ഈ അവധൂത് സ്വാമിമാര്?’’തിത്തിമി ഒരിക്കൽ സ്വാമി അമ്മാവനോട് ചോദിച്ചു. അവധൂത് സ്വാമിമാരെന്നു പറഞ്ഞാൽ അവർ യാതൊന്നും സമ്പാദിക്കില്ല. ഭക്ഷണം തന്നെ എന്തെങ്കിലും കഴിച്ചാലായി. ചില അവധൂത് സ്വാമിമാർ എവിടെയെങ്കിലും ഒരിടത്ത് വളരെക്കാലമിരിക്കും. ഒന്നും സംസാരിക്കില്ല. അമ്മാവനറിയാവുന്ന ഒരവധൂത് ഉണ്ട്. നമ്മൾ പണമോ ഭക്ഷണമോ ഒന്നും കൊടുത്താൽ ഇഷ്ടപ്പെടില്ല. നമ്മളെ ഓടിക്കും. ഹിന്ദിയിൽ എന്തെങ്കിലുമൊക്കെ പറയും. അവർക്ക് യാതൊന്നും വേണ്ട. അതാണ് ദേഷ്യപ്പെടുന്നത്.’’ 

തിത്തിമിക്ക് മാത്രമല്ല തിത്തിമീടമ്മയും അമ്മാവൻ ഈ പറയുന്നതൊക്കെ അൽഭുതത്തോടെ കേട്ടിരുന്നു. പക്ഷേ അപ്പോ അമ്മാവന്റെ കൊച്ചുമകൾ ദേവു അമ്മാവനെ കളിയാക്കാൻ അടുത്തുകൂടി. കേട്ടോ ചേച്ചീ, ഈ അപ്പൂപ്പന്റെ ഒരു കാര്യം കേൾക്കണോ? ഇന്നാള് ഒരു ദിവസം ഈ അപ്പൂപ്പൻ ഒരവധൂതിനെ കാണാനാണെന്നു പറഞ്ഞ് വലിയ കാര്യത്തോടെ പോയി. അവിടെ ചെന്ന് അവധൂതിന്റെ മുഖത്ത് നോക്കിക്കൊണ്ടിരുന്നപ്പോ അങ്ങേര് ദേഷ്യപ്പെട്ട് ഒരു വടിയെടുത്ത് ഓടിച്ച് വിട്ടെന്ന് ഇവിടെ വന്നു പറഞ്ഞു. എന്നിട്ട് ഈ അപ്പൂപ്പൻ പറയ്വാ അത് അയാള് അനുഗ്രഹിച്ചതാണെന്ന്. ഈ അപ്പൂപ്പന് വേറെ പണിയൊന്നുമില്ല. ’’ സ്വാമി അമ്മാവൻ ഇടപെട്ടു,‘‘അല്ല സത്യമായും . അവധൂത് അധികം സംസാരിക്കില്ല. അവര് ദേഷ്യപ്പെട്ടാൽ നമ്മളെ അനുഗ്രഹിക്കുകയാണെന്നാ പറയുന്നത്’’ അമ്മാവന്റെ വർത്തമാനം കേട്ട് തിത്തിമിക്കും തിത്തിമീടമ്മയ്ക്കും കൂടി ചിരിവന്നു.

അമ്മാവന് ഇതൊക്കെ എവിടുന്നറിയാമമ്മേ? തിത്തിമിക്ക് സംശയമായി. ‘‘അതേ, അമ്മാവൻ ഏറെക്കാലം ഒറീസ്സയിലായിരുന്നു. അവിടുന്ന് ഏതോ വലിയ ഒരു സ്വാമിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്നാ പറയുന്നത്. അന്ന് ഞാൻ കൊച്ചാ. ഏതായാലും അമ്മാവനെ ആരും ഒന്നും എതിർത്ത്  പറഞ്ഞുകൂടെന്നാ പറയുന്നത്.’’ അമ്മ ഇത് പറഞ്ഞപ്പോ തിത്തിമിക്ക് സന്തോഷമായി. കാരണം തിത്തിമിക്ക് സ്വാമി അമ്മാവനെ അത്രയ്ക്കിഷ്ടമാണ്. അതുകൊണ്ട് തിത്തിമി സ്വാമി അമ്മാവനെ ഒരുകാലത്തും ഒന്നും പറയൂല്ല. പിന്നെന്തിനാ പേടിക്കുന്നത്. സ്വാമി അമ്മാവനെ തിത്തിമിക്ക് അതുപോലെ കാര്യമാ. കണ്ടാലുടനെ അമ്മാവന്റെ താടിയിലൊക്കെപ്പിടിച്ച് ഉഴിയണം. ചിലപ്പോ ഒരു റബർബാൻഡ് എടുത്തുകൊണ്ടുവന്ന് അമ്മാവന്റെ മുടിയൊക്കെ പെണ്ണുങ്ങളുടെ പോലെ കെട്ടിവച്ചുകൊടുക്കും. ‘‘നീ ഇങ്ങനെയൊന്നും ചെയ്തുകൂടാ തിത്തിമീ അമ്മാവനോട്.’’ അമ്മ ഉടനെ വഴക്കും കൊണ്ടുവരും. ‘‘ശ്ശെ ശ്ശെ, വേണ്ട , അവളെ ഒന്നും പറയണ്ട. അവള്  കൊച്ചല്ലേ . അവള് ചെയ്തോട്ടെ’’ ഇതും പറഞ്ഞ് സ്വാമി അമ്മാവൻ തിത്തിമീടെ കുസൃതിത്തരങ്ങൾക്കെല്ലാം പിന്തുണയുമായി കൂടെ ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതാ തിത്തിമിക്ക് ഇത്രേ ഇഷ്ടം. തിത്തിമി ഒറ്റക്കുട്ടിയല്ലേ . കളിക്കാനാരുമില്ലാത്തപ്പോ സ്വാമി അമ്മാവനെ കിട്ടുമ്പം തിത്തിമിക്ക് തോന്നും അമ്മാവന് അവൾടെ പ്രായമാണെന്ന്. അപ്പോ തിത്തിമീടെ സന്തോഷം ഒന്നും പറയണ്ട.

പക്ഷേ അതു പറഞ്ഞിട്ട് കാര്യമില്ല . സ്വാമി അമ്മാവനും ചെലപ്പോ പിള്ളേരെപ്പോലാ. ആരുടെയെങ്കിലും വീട്ടിൽ എന്തെങ്കിലും പ്രത്യേകതയുള്ള ഒരു സാധനം കണ്ടെന്നിരിക്കട്ടെ. സ്വാമി അമ്മാവന് തന്റെ വീട്ടിൽ അതു വാങ്ങിവെക്കുന്നതു വരെ പിന്നെ സമാധാനമില്ല. ഒരു വീട്ടിൽ ചെന്നപ്പോ അവിടെ ഒരാട്ടുകട്ടിൽ കണ്ടു. അമ്മാവന്റെ വീട്ടിൽ ഉള്ള സാധനങ്ങൾ തന്നെ അധികമാ. പക്ഷേ ഏതുവിധേനയും അമ്മാവന് പിന്നെ സ്വന്തം വീട്ടിൽ ആട്ടുകട്ടിലു വേണം. ഒടുവിൽ അതുവാങ്ങിച്ചു. വാങ്ങിക്കുന്നതുവരെ അതിന്റെ വഴികൾ ആലോചിച്ച് നടന്നു.

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 5

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA