ഒരിക്കലും ദീപം അണ‍ഞ്ഞുപോവാതെ കത്തിച്ചുവയ്ക്കുന്ന കെടാവിളക്ക്

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 6
thithimi-thakathimi-6
വര: അനൂപ് കെ. കുമാർ
SHARE

ഹാപ്പി ബർത് ഡേ ടു മീ

വീട്ടിനോട് ചേർന്ന് സ്വാമി അമ്മാവന് ഒരു പൂജാമുറിയുണ്ട്. അമേരിക്കേന്നും ഗൾഫീന്നുമൊക്കെ വരുന്ന ചിലര് അമ്മാവന്റെ പൂജാമുറിയുടെ മുന്നിൽ ചെന്നു നിൽക്കും. അപ്പോ അമ്മാവൻ ഹരേ കൃഷ്ണ, ലോർഡ് കൃഷ്ണ എന്നു പറഞ്ഞ് ഓടക്കുഴലൊക്കെ ചെറുതായി വായിച്ച് ഒരു മണിയൊക്കെയടിച്ച് ഒരു ദീപാരാധന നടത്തും. വരുന്നവര് അമ്മാവനെ കാലിൽ തൊട്ടുതൊഴും. അപ്പോ അമ്മാവൻ ഒരു ചെറുചിരിയോടെ വീട്ടിലുള്ളവരെ ഏറുകണ്ണിട്ട് നോക്കും. കണ്ടോ , നിങ്ങൾക്കൊന്നും ഒരു വിലയുമില്ലെങ്കിലും എന്നെ വല്യ വല്യ ആൾക്കാര് വന്ന് തൊട്ടുതൊഴുന്നത് കണ്ടോ എന്ന്. അവരെയൊക്കെ അമ്മാവൻ തലയിൽ കൈ വച്ച് അനുഗ്രഹിക്കും.

സ്വാമി അമ്മാവന്റെ പൂജാമുറിയില് കെടാവിളക്കുണ്ട്. മോള് കണ്ടിട്ടുണ്ടോ? അമ്മ ചോദിച്ചപ്പോ തിത്തിമിക്ക് കെടാവിളക്ക് എന്താണെന്നുകൂടി അറിയില്ല. ‘‘ഒരിക്കലും ദീപം അണ‍ഞ്ഞുപോവാതെ കത്തിച്ചുവയ്ക്കുന്ന വിളക്കാണ് കെടാവിളക്ക്. എത്രയോ വർഷങ്ങളായി അമ്മയുടെ കൊച്ചുന്നാള് മുതൽ ആ കെടാവിളക്ക് അവിടെയുണ്ട്. അമ്മാവൻ എവിടെപ്പോയാലും ആ വിളക്കിൽ എണ്ണയൊഴിച്ചു വയ്ക്കും. അല്ലെങ്കിൽ അതിൽ എണ്ണയൊഴിക്കണമെന്ന് വീട്ടിലുള്ളവരെ ഏർപ്പാടാക്കിയിട്ടേ പോവൂ’’ അമ്മ അതുപറഞ്ഞപ്പോ തിത്തിമി ആ വിളക്ക് ഒരൽഭുതവസ്തുവിനെയെന്ന പോലെ നോക്കിനിന്നു. പിന്നെ കൈ കൂപ്പി പ്രാർഥിച്ചു. ചെലപ്പോ സ്വാമിഅമ്മാവൻ ശുണ്ഠി കയറി ‘‘എനിക്ക് കെടാവിളക്ക് കത്തിക്കുന്നതിന് എണ്ണ വാങ്ങാനൊക്കെ ചെലവുണ്ട് ’’ എന്നു പറയും. അപ്പോ അമ്മാവി, ആരാണ്ട് പറഞ്ഞോ, വേണ്ടാങ്കിലങ്ങ് നിർത്തിയേക്ക് എന്നു പറയും. അയ്യോ, അങ്ങനെയൊന്നും പറഞ്ഞുകൂടാ, ദൈവത്തിനിഷ്ടപ്പെടത്തില്ല എന്നു പറയാൻ തോന്നും തിത്തിമിക്ക് അപ്പോ.

തിത്തിമിക്ക് ചെലപ്പോ തോന്നും സ്വാമിഅമ്മാവൻ തന്നെ ഒരു കെടാവിളക്കാണെന്ന്. ഒരു ദിവസം തിത്തിമി ആലോചിച്ചു, തനിക്കെന്താ സ്വാമി അമ്മാവനോട് ഇത്രയ്ക്കിഷ്ടമെന്ന്. തിത്തിമി തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തി. ഇപ്പോഴത്തെ അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെ തലയിൽ ഡൈ പുരട്ടി നടക്കുന്നവരാ. അപ്പൂപ്പന്മാരൊക്കെ പാന്റിട്ട് ഡൈയും പൂശി നടക്കും. അമ്മൂമ്മമാര് സാരിയും ചുരിദാറുമിട്ട് ഡൈ അടിച്ചുനടക്കും. അച്ഛന്മാരുടെയും അമ്മമാരുടെയും പ്രായം കഴിഞ്ഞും പോയി. അപ്പൂപ്പന്മാരുടെ പ്രായമായതുമില്ല. എന്നാലായി താനും. അതാ കൊഴപ്പം തിത്തിമി മനസ്സിലോർത്തു. അവരെയെങ്ങനെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും എന്നും വിളിക്കാനാ? അതാ പ്രശ്നം .

സ്വാമി അമ്മാവന്റെ ബർത്ത് ഡേയ്ക്ക് വിഷസ് പറഞ്ഞ് കാ‍ർഡയച്ചുകൊടുക്കുന്നതാ ആരൊക്കെയാണെന്നോ? അമേരിക്കയിലും ഡൽഹിയിലുമൊക്കെയുള്ളവരാ സ്വാമിഅമ്മാവന്റെ ബർത്ത് ഡേ ഓർത്തുവച്ച് കാർഡയയ്ക്കുന്നതും വിളിക്കുന്നതുമൊക്കെ. ഇടയ്ക്ക് അമ്മാവനെ കാണാൻ അമ്മയ്ക്കൊപ്പം തിത്തിമി ചെല്ലുമ്പം അമ്മാവൻ ഹരേ കൃഷ്ണ, ലോർഡ് കൃഷ്ണ എന്നൊക്കെപ്പറഞ്ഞ് ബർത്ത്ഡേ കാർഡുകൾ കാണിച്ചുകൊടുക്കും.ദേവു ഇതൊക്കെ കണ്ട് ദൂരെ നിന്ന്  ഇതൊക്കെ അപ്പൂപ്പന്റെ ഓരോ തട്ടിപ്പാ ചേച്ചീ എന്നു പറഞ്ഞ് തിത്തിമീടമ്മയെ കൈകാട്ടിച്ചിരിക്കും.

  സ്വാമി അമ്മാവന് വലിയ ഇഷ്ടമാണ് ബർത്ത്ഡേയ്ക്ക് തിത്തിമിയും തിത്തിമീടമ്മയുമൊകെ ഫോൺവിളിച്ച് ഹാപ്പി ബർത്ത് ഡേ പറയുന്നത്. ഒരു തവണ എങ്ങനെയോ സ്വാമി അമ്മാവന് ഹാപ്പി ബർത്ത്ഡേ പറയാൻ തിത്തിമീടമ്മ മറന്നുപോയി. സ്വാമി അമ്മാവൻ നേരം വൈകുന്നേരം വരെ കാത്തിരുന്നു. സന്ധ്യയായപ്പോ അമ്മാവൻ തിത്തിമീടമ്മയെ വിളിച്ചു പറഞ്ഞു, നീയും അമ്മാവന് ഹാപ്പി ബർത്ത് ഡേ പറയാൻ മറന്നുപോയോ? അതുകൊണ്ട് ഞാനെന്തു ചെയ്തെന്നോ ? ഞാനെന്നോട് തന്നെ ഹാപ്പി ബർത്ത്ഡേ പറഞ്ഞെടീ മോളേ , ഹാപ്പി ബർത്ത് ഡേ ടു മീ എന്ന്. അമ്മാവന്റെ ഹാപ്പി ബർത്ത് ഡേ ടു മീ പറഞ്ഞ് എല്ലാവരും ചിരിച്ചു. തിത്തിമീടമ്മയോട് തിത്തിമിയെ ചൂണ്ടി അമ്മായി പറയും, അതെങ്ങാ നിങ്ങടമ്മാവൻ ദാ ഈ പ്രാന്തിക്കാളീടെ സൈസാ എന്ന്. പ്രാന്തിക്കാളി എന്നുദ്ദേശിച്ചത് തിത്തിമിയുടെ കുരുത്തക്കേടിനെയാണ്. അതുകേൾക്കുമ്പോ തിത്തിമിക്ക് കലി കയറും.

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 6

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA