വായിൽ വെള്ളമൂറുന്ന കഞ്ഞിസദ്യ!

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 9
Thithimi-09
വര: അനൂപ് കെ. കുമാർ
SHARE

സമയം രാവിലെ ഏഴുമണിയായിക്കാണും. മുത്തശ്ശി റോഡിലേക്ക് ധൃതിയിൽ പോവുന്നത് തിത്തിമി കണ്ടു. മുത്തശ്ശി എങ്ങോട്ട് പോയാലും പിന്നാലെ വച്ചു പിടിക്കുക എന്നതാണ് തിത്തിമിയുടെ പണി. മുത്തശ്ശി പറഞ്ഞു, ‘‘മോള് അമ്മേം വിളിച്ചോണ്ട് വാ, കല്ലടക്കാര് വരുന്നു’’. തിത്തിമി ഓടി അമ്മയുടെ അടുത്തെത്തി. അമ്മയെ സാരിയിൽ പിടിച്ചുവലിച്ച് ആഘോഷത്തോടെ റോഡിലേക്ക് കൊണ്ടുപോയി. ഒരു ചെറുഘോഷയാത്ര പോവുന്നപോലെ തിത്തിമിക്ക് തോന്നി. റോഡിൽ കൂടി വരുന്നവരെയും പോന്നവരെയും വായിനോക്കി നിൽക്കാൻ തിത്തിമിക്ക് ഉൽസാഹമാണ്. 

അമ്മ ചില്ലറപ്പൈസയെടുത്ത് കയ്യിൽവച്ചു. മുത്തശ്ശിക്കും തിത്തിമിക്കും അതിൽ നിന്നു അഞ്ചു രൂപ വീതം കൊടുത്തു. മണ്ഡലകാലത്ത് ശബരിമലയ്ക്ക്  കൂട്ടമായി നടന്നു പോവുന്നവരെയാണ് കല്ലടക്കാര് എന്നു പറയുന്നത്. കഠിനവ്രതമെടുത്ത് കാലിൽ ചെരിപ്പിടാതെയാണ് കല്ലടക്കാര് പോവുക. അവർക്ക് പൈസ കൊടുക്കാൻ വഴിയരികിൽ പലരും കാത്തുനിൽക്കുന്നത് പണ്ടേയുള്ള പതിവാണെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. ‘‘ഇത്തവണ ആളു കുറവാ. കഴിഞ്ഞ കൊല്ലം ഇതിന്റെരട്ടി ആളുണ്ടാരുന്ന്.’’ അവരെ നോക്കി മുത്തശ്ശി പറഞ്ഞു. അതെന്താ മുത്തശ്ശീ ആൾക്കാര് കുറഞ്ഞത് എന്നായി തിത്തിമി. ‘‘ഓ, ഇപ്പഴത്തെക്കാലത്ത് ആരാ നടന്നുപോവാനൊക്കെ മെനക്കെടുക? അതിനു വല്ലോം ആൾക്കാർക്ക് സമയമുണ്ടോ? പണ്ടങ്ങനെ വല്ലോമാണോ? ഇപ്പം ആൾക്കാർക്ക് ഓഫിസിലും പിള്ളേർക്ക് വല്യ പഠിത്തത്തിനും ഒക്കെ പോവണ്ടേ? പിന്നെ പഴയ ഒരാചാരമെന്ന നിലയ്ക്ക് ഇത്രയെങ്കിലും പേര് പോവുന്നതു തന്നെ കാര്യം.’’  ‘‘പോവുന്നവഴിക്ക് അവരെവിടെ കിടക്കും’’ തിത്തിമിക്ക് ഉടനെ അതറിയണം. ‘‘കൊള്ളാം, അതിനൊക്കെ അവർക്ക് വേണ്ട സൗകര്യം ചെയ്തുകൊടുക്കാൻ സ്ഥിരം വീടുകളുണ്ട്. അതൊക്കെ അവർക്കറിയാം’’ മുത്തശ്ശി പറഞ്ഞു.

പിന്നെ മുത്തശ്ശി താൻ പണ്ട് കൊച്ചായിരിക്കെ മുത്തശ്ശിയുടെ അച്ഛനോടൊപ്പം   ശബരിമലയ്ക്ക് നടന്നുപോയ കാര്യം പറഞ്ഞു. ‘‘ അന്ന് റോഡോ സൗകര്യമോ വല്ലതുമുണ്ടോ? ഫോണുണ്ടോ? കാട്ടിലൂടെയൊക്കെ വേണം പോവാൻ’’ ‘‘ മുത്തശ്ശിക്ക് പേടിയായില്ലേ?’’ ‘‘അച്ഛൻ ഉണ്ടല്ലോ പിന്നെന്തിനാ പേടിക്കുന്നേ. അന്നൊക്കെ വീടുകളുടെ പടിപ്പുരയിൽ കിടന്നുറങ്ങാനുള്ള സൗകര്യം എല്ലാവരും ചെയ്തുതരും. മോരുംവെള്ളവും കഞ്ഞിവെള്ളവുമൊക്കെ തരാൻ അവർക്കൊരു മടിയുമില്ല. ഇന്നത്തെപ്പോലെ വല്ലതുമാണോ? അന്ന് റോഡിൽക്കൂടി വരുന്നവരെ വിശ്വസിക്കാം. ഇന്നതു പറ്റുമോ?’’ മുത്തശ്ശി പറഞ്ഞു. 

‘‘അന്ന് ഞാനും അച്ഛനും ഒരു മാസം കഴിഞ്ഞാ ശബരിമലയിൽ നിന്ന് തിരിച്ചെത്തിയത്. വീട്ടിലെത്തിയാലേ വന്നു എന്നു പറയാൻ പറ്റൂ. വല്ലതും പറ്റിയാൽ ആരറിയാനാ? വഴിക്കൊക്കെ ആനയും മറ്റു ജീവികളും ഇറങ്ങിനടക്കുന്നതായി പലരും പറഞ്ഞ് ഞാൻ പേടിച്ചുവിറച്ചു.’’ മുത്തശ്ശി അക്കാലമൊക്കെ ഓർത്തെടുത്തു. ‘‘പിന്നെ മലയ്ക്ക് പോവുന്നവര് കഞ്ഞിസദ്യ നടത്തുമ്പം നമ്മളെ വിളിക്കും.’’ ഉടനെ തിത്തിമി പറഞ്ഞു, ‘‘ ശരിയാ മുത്തശ്ശീ ഇന്നാള് ഞാനും മുത്തശ്ശീടെ കൂടെ കഞ്ഞിസദ്യയ്ക്ക് വന്നിട്ടുണ്ടല്ലോ ’’ തിത്തിമി പറഞ്ഞു. 

‘‘ങാ, അതുതന്നെ മോളോർക്കുന്നുണ്ടോ അത്?’’ മുത്തശ്ശി ചോദിച്ചു. ‘‘പിന്നേ പിന്നേ അത്രം കഴിച്ചതിന് നല്ല രുചിയാരുന്ന്’’ തിത്തിമിക്ക് ആ രുചി നാവിലെത്തി. ചേമ്പും കാച്ചിലും മാത്രമിട്ട് വയ്ക്കുന്ന കൂട്ടുകറിയെയാണ് അത്രം എന്നു പറയുന്നത്. എല്ലാവരും നിലത്തിരുന്നാണ് കഞ്ഞിസദ്യ കഴിക്കുക. അത്രം തരുന്നത് എങ്ങനെയാണെന്നോ? എല്ലാവരും ചമ്രം പടിഞ്ഞ് നിലത്തിരിക്കും. മണ്ണിൽ ഓരോരരുത്തരും ഇരിക്കുന്നതിന് മുന്നിൽ ചെറിയരണ്ട് തവികൊണ്ട് മണ്ണെടുത്തുകളഞ്ഞതുപോലെ ഓരോ കുഴി  കുഴിക്കും. എന്നിട്ട് ഓരോ തേക്കില കുമ്പിളുകുത്തി ആ കുഴിയില് വച്ചിട്ട് അതിന്മേലാണ് അത്രം ഒഴിക്കുക. തേക്കിലയിൽ ഒഴിച്ച ചൂടുള്ള അത്രം പ്ലാവില കൊണ്ട് ഒഴിച്ചുകുടിക്കുന്നത് ഓർത്താൽ തന്നെ വായിൽ വെള്ളമൂറും.

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 9

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA