ADVERTISEMENT

അടിബലേയ് സരിഗമ 

 

തിത്തിമിക്ക് ദൈവിക കാര്യങ്ങളിലൊക്കെ വലിയ വിശാസമാണ്. രാത്രിയില് കിടക്കുന്നതിനു മുൻപ് പ്രാർഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷേ കുറച്ചു പ്രാർഥിക്കണമെന്നു പറഞ്ഞാൽ തിത്തിമി പിന്നെ ധാരാളം സമയമങ്ങ് പ്രാർഥനയിൽ മുഴുകും. പ്രാർഥനയോടു പ്രാർഥന തന്നെ. ഇതിനവളെ മുത്തശ്ശി കളിയാക്കും. എല്ലാം കഴിഞ്ഞ് ചിലപ്പോൾ മുത്തശ്ശിയോടോ അമ്മയോടോ തിത്തിമി ചോദിക്കും, അല്ല ഞാൻ പ്രാർഥിച്ചപ്പോ ഒരു കാര്യം പ്രാർഥിച്ചാരുന്നോ എന്നൊരു സംശയം എന്ന്. തിത്തിമിയുടെ പറച്ചിലു കാണുന്നവർക്ക് ചിരി വരും. ചില ദിവസം പരീക്ഷയെഴുതിയിട്ട് വന്ന് തിത്തിമി പറയും, വളരെ എളുപ്പമാരുന്ന് ഒരു മാർക്കിന്റെ ചോദ്യം പോലും ഞാൻ തെറ്റിച്ചില്ല എന്ന്. വൈകുന്നേരമാവുമ്പം തിത്തിമി രാവിലെ പരീക്ഷയ്ക്ക് ചോദിച്ച ഏതെങ്കിലുമൊരു ചോദ്യവും കൊണ്ട് അമ്മേടടുത്ത് വരും. അപ്പോൾ അമ്മ ചോദിക്കും അല്ല, നീ പിന്നെ രാവിലെ പറഞ്ഞതോ എല്ലാം എളുപ്പമാരുന്നെന്ന്. അല്ല എല്ലാം എളുപ്പമാരുന്ന്. എങ്കിലും ഇതുമാത്രം ഒരു സംശയം. അത്രേയുള്ളൂ എന്ന്. തിത്തിമിയുടെ മട്ടും ഭാവവുമൊക്കെ കാണുമ്പം മുത്തശ്ശി കൈ കൊട്ടിച്ചിരിക്കാൻ തുടങ്ങും. മുത്തശ്ശി പറയും, മോളേ , നീ ഈ എല്ലാക്കാര്യത്തിലുമുള്ള സംശയം മാറ്റണം. ഇല്ലെങ്കിലേ വേറെ പലേടത്തും ആളുകള് നമ്മളെ കളിയാക്കും. കേട്ടോ?’’ തിത്തിമി തലയാട്ടി സമ്മതിച്ചു.

 

തിത്തിമിയോട് മോളേ നീ അങ്ങനെ വേണം എന്ന് ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് പറഞ്ഞെന്നിരിക്കട്ടെ. തിത്തിമി പിന്നെ അത് അപ്പടി അനുസരിക്കും. പണ്ടെപ്പോഴോ അമ്മ പറഞ്ഞുകൊടുത്തു, ആരെയെങ്കിലും അറിയാതെ ചവിട്ടിയാൽ തൊട്ടുതൊഴണമെന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം തിത്തിമി അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം അമ്പലത്തിൽ പോയി. വെളിയിൽ ചെരിപ്പിടുന്നതിനിടെ അവിടെയിട്ടിരുന്ന ചവിട്ട്മെത്തയിൽ  തിത്തിമി അറിയാതെ ചവിട്ടിപ്പോയി. ചവിട്ടിയതും തിത്തിമി ചവിട്ടുമെത്തയിൽ കൈ തൊട്ട് നെറ്റിക്ക് വച്ചു തൊഴുതു. ഇതുകണ്ടതും മുത്തശ്ശിക്ക് ചിരിവന്നു. മുത്തശ്ശി ഉടനെ കൈ കൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, അടി ബലേയ് സരിഗമ.

 

എന്നിട്ട്  ചോദിച്ചു, എന്തുവാ തിത്തിമീ, ചെന്നിത്തല സിദ്ധന്റെ കൂട്ട് കാണുന്നെടത്തൊക്കെ തൊട്ടുതൊഴാൻ നിൽക്കുന്നത്? മുത്തശ്ശി ഇടയ്ക്കൊക്കെ പറയുന്ന പേരാണ് ചെന്നിത്തല സിദ്ധൻ. അത് ഒത്തിരി ഭക്തയുള്ള ആളായിരുന്നത്രേ. സിദ്ധൻ കാണുന്നേടത്തൊക്കെ തൊട്ട് നെറ്റിക്ക് വെക്കുമായിരുന്നത്രേ. ഒടുക്കം സിദ്ധന്റെ കൂടെ നിന്നവര് തന്നെ സിദ്ധനെ അപായപ്പെടുത്തിയിട്ട് പണവും മറ്റുമായി ഓടിരക്ഷപ്പെട്ടെന്നാണ് കഥ. തിത്തിമി ആകെപ്പാടെ അബദ്ധക്കാരിയെപ്പോലെ നിൽക്കുകയാണ്. ‘‘മുത്തശ്ശി എന്റെ കുറ്റം കണ്ടുപിടിക്കാനിരിക്കുവാ ’’ തിത്തിമി പറഞ്ഞു. മുത്തശ്ശി ഉടനെ വീണ്ടും ‘‘അടിബലേയ് സരിഗമ. ഞാൻ പറഞ്ഞത് കള്ളമാണോന്ന് മോള് മോൾടമ്മയോട് ചോദിച്ചുനോക്ക്’’.

 

അടിബലേയ് സരിഗമ എന്ന് മുത്തശ്ശി ചിരി വരുമ്പം ഇടയ്ക്ക് പറയുന്നതാണ്. പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടിയത്  മുത്തശ്ശിയോട് തിത്തിമി പറയും, മുത്തശ്ശീ എനിക്കാണ് ക്ലാസിൽ ഫസ്റ്റെന്ന്. ചിലപ്പോ മുത്തശ്ശി മുറ്റം തൂത്തുകൊണ്ട് നിൽക്കുകയാവും. ഉടനെ മുത്തശ്ശി ചൂലു താഴെയിട്ടിട്ട് പറയും, ഹായ് അടി ബലേയ് സരിഗമ. അതുകേൾക്കുമ്പം തിത്തിമിക്കും ചിരി വരും. അല്ലെങ്കിൽ ചിലപ്പോ അച്ഛനോ അമ്മയോ വാങ്ങിക്കൊടുത്ത പുതിയ ഉടുപ്പിട്ട് മുത്തശ്ശിയോട് ഇതു കൊള്ളാമോ എന്നു ചോദിക്കാൻ തിത്തിമിക്കുട്ടി സുന്ദരിയായങ്ങ് ചെല്ലും. ഉടനെ ചെയ്തുകൊണ്ടിരുന ജോലി നിർത്തിവച്ചിട്ട് മുത്തശ്ശി കൈ കൊട്ടിക്കൊണ്ടു പറയും, ‘‘സവാരി ഗിരി ഗിരി’’. അതുകേൾക്കുമ്പം തിത്തിമിക്കും സന്തോഷമാവും. ഈ വാക്കുകളൊക്കെ എവിടുന്ന് കിട്ടി മുത്തശ്ശിക്കെന്നു ചോദിച്ചാൽ മുത്തശ്ശിക്കും അറിയില്ല. ‘‘അതിങ്ങനെ പണ്ടേ പറയുന്നതാ ’’  തിത്തിമിയെ ചിരിപ്പിക്കാനായി   മുത്തശ്ശിയുടെ കയ്യിൽ ഇങ്ങനെ എന്തെല്ലാം സൂത്രങ്ങൾ.?

 

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com