ADVERTISEMENT

 പുലിക്കൊഞ്ചിന്റെ മീശ കണ്ടോ

ഒറ്റക്കണ്ണൻ ആനന്ദന്റെ കയ്യിൽ നിന്നാണ് മുത്തശ്ശി മീൻ വാങ്ങാറ് പതിവ്. ആനന്ദന് ഒരു കണ്ണ് കാണാൻ വയ്യ എന്ന് പറഞ്ഞത് മുത്തശ്ശിയാണ്. സൈക്കിളിൽ ആനന്ദൻ വരുമ്പോ മുത്തശ്ശി പത്തുരൂപയുമായി ചെല്ലും. എന്നും പത്തുരൂപയ്ക്കുള്ള മീൻ മതി വീട്ടിലേക്ക്. തിത്തിമിക്ക് ഇന്നേതൊക്കെ മീനുണ്ട് എന്നു പറഞ്ഞ് ആനന്ദന്റെ മീൻകുട്ടയിലേക്ക് നോക്കുക വലിയ ഇഷ്ടമാണ്. 

സൈക്കിളിന്റെ പിന്നിൽ വച്ചിരിക്കുന്ന കുട്ടയിലേക്ക് നോക്കാനുള്ള നീളം ഇല്ലാത്തതിനാൽ തിത്തിമി കാലുന്തി നോക്കും. സാധാരണ കൊടുക്കുന്ന മീനിന്റെ അളവ് കഴിഞ്ഞാലും കൂട്ടത്തിലൊരു വലിയ കൊഞ്ചോ നെത്തോലിയോ ഒക്കെ ചൂണ്ടി തിത്തിമി അതുകൂടി വേണമെന്ന് ആനന്ദനോട് ചിണുങ്ങും. മോള് ചോദിച്ചാൽ ഞാൻ തരാതിരിക്കുന്നതെങ്ങനാ എന്നു പറഞ്ഞ് അതും കൂടി ആനന്ദൻ മുത്തശ്ശിയുടെ കയ്യിലേക്ക് കൊടുക്കും. വീടിന്റെ പറമ്പിൽ അടർന്നു വീഴുന്ന തേക്കിലയിലാണ് മുത്തശ്ശി മീൻ വാങ്ങുക. പത്ത് രൂപ കൊടുക്കുമ്പോ ചിലപ്പോ മുത്തശ്ശി പറയും കൊള്ളാമല്ലോ നല്ല പുതിയ പത്തിന്റെ നോട്ടൊരെണ്ണം തന്നിട്ട് ഇത്രേയുള്ളോ രണ്ടും കൂടിട് എന്ന്. 

 

നോട്ട് പുതിയതാണെങ്കിലും പഴയതാണെങ്കിലും പത്തുരൂപയല്ലേ അമ്മേ എന്നു ചോദിക്കും ആനന്ദൻ. അതുപറയരുത് ആനന്ദാ പുതിയ നോട്ടല്യോ എന്ന് മുത്തശ്ശി വീണ്ടും പറയുന്നത് കേട്ടാൽ തോന്നും പത്തിന്റെ പുതിയ നോട്ടെന്നു പറഞ്ഞാൽ ഒരു പതിനഞ്ച് രൂപയ്ക്കുണ്ടെന്ന്. മീൻകാരൻ വരേണ്ട താമസം വീട്ടിലെ കണ്ടൻ പൂച്ച കുട്ടയുടെ അടുത്തുവന്ന് മണം പിടിച്ചുനിൽക്കും. തനിക്ക് ഒരു മീൻ അധികം തരുന്നതുപോലെ കണ്ടൻപൂച്ചയ്ക്കും ഒരു മീൻ ആനന്ദൻ കൊടുത്തില്ലെങ്കൽ തിത്തിമിക്ക് വെഷമമാണ്. ഒരെണ്ണം അവനും കൂടിയെന്നു പറയുമ്പോ ആനന്ദൻ മീനിനൊന്നും പഴയ വെലയല്ല മോളേ. പിന്നെ കൊടുത്തേക്കാം എന്നു പറഞ്ഞ് ഒരു മത്തിയോ പരവയോ എറിഞ്ഞുകൊടുക്കും. കണ്ടൻ അതുമായി നേരെ തെങ്ങിന്റെചുവട്ടിലേക്ക് ഒരോട്ടം വച്ചുകൊടുക്കും. മുത്തശ്ശി മീൻവെട്ടാൻ അടുക്കളയുടെ പിന്നാമ്പുറത്തേക്ക് പോയാൽ തിത്തിമി അതിനടുത്ത് ചെന്ന് കുത്തിയിരിക്കും. തനിക്കു വേണ്ടി പ്രത്യേകം ആനന്ദൻ കൊടുത്ത മീൻ അവിടെയുണ്ടോ എന്നതാണ് നോട്ടം. ഇന്നാ കണ്ടോ ഇത് മോൾക്കൊള്ളതാ. വേറെ ആർക്കും കൊടുക്കത്തില്ല. തിത്തിമിക്ക് സമാധാനമായിക്കോട്ടെന്നും പറഞ്ഞ് മുത്തശ്ശി കാണിച്ചുകൊടുക്കും. 

 

ചെലപ്പോ ഒരു മീനിന്റെ വായിൽ വേറൊരു കുഞ്ഞുമീനിരിക്കുന്നത് അങ്ങനെ തന്നെ മുത്തശ്ശി കാണിച്ചുകൊടുക്കും. തിത്തിമി വിചാരിച്ചത് അത് വലിയ മീനിന്റെ കുഞ്ഞാണ് അതിന്റെ വായിലിരിക്കുന്നതെന്നാ. മുത്തശ്ശി പറഞ്ഞു, ‘‘അതെങ്ങനാ മണ്ടീ, വലിയ മീനിന്റെ വായില് കുഞ്ഞുമീനിരിക്കുന്നത്. വലിയ മീൻ കുഞ്ഞുമീനിനെ തിന്നാൻ ചെന്നപ്പോ വലക്കാരുടെ വലയിൽപ്പെട്ടതാ.’’ തിത്തിമിക്ക് കുഞ്ഞുമീനിനോട് വലിയ കഷ്ടം തോന്നും. അയ്യോ അതിന്റെ അമ്മ കടലില് ഈ മീൻകുഞ്ഞിനെ അന്വേഷിക്കുകയാവും. പാവം അമ്മമീൻ കുഞ്ഞിനെ കാണാഞ്ഞ് കരച്ചിലായിരിക്കും എന്നു പറയും തിത്തിമി അപ്പോൾ.  

 

മുത്തശ്ശി മീൻവെട്ടുന്നിടത്തു നിന്നു പോവാതെ അവിടെയും വന്നു നിൽക്കും കണ്ടൻപൂച്ച. മീനിന്റെ തല തെങ്ങിൻ ചുവട്ടിലേക്ക് എറിയുമ്പം വന്നു കഴിക്കാൻ കൊതിമൂത്ത് നിൽക്കുകയാവും കണ്ടൻ അപ്പോൾ. മുത്തശ്ശി തിത്തിമിക്ക് ചോറ് കൊടുക്കുമ്പം ഉരുളയാക്കി വാരിക്കൊടുക്കണമെന്ന് പറഞ്ഞ് തിത്തിമി വാശി പിടിക്കും. ഓരോ ഉരുളയിലും മീൻ വെക്കണമെന്ന് തിത്തിമി പറയും. അത് തിത്തിമിക്ക് കാണിച്ചുകൊടുക്കുകയും വേണം. തിത്തിമിക്ക് ചോറിനെക്കാൾ ഇഷ്ടം പലഹാരങ്ങളായതിനാൽ ചോറ് കഴിപ്പിക്കുക വലിയ പാടാണ്. മുത്തശ്ശി വളരെ ശ്രദ്ധയോടെ മീനിന്റെ മുള്ളൊക്കെ അടർത്തിമാറ്റി ചോറിൽ വച്ചുകൊടുക്കുമ്പം തിത്തിമിക്ക് ഉൽസാഹമാവും. ഓരോ ഉരുള കൊടുക്കുമ്പഴും ഒരു ഉരുളേം കൂടിക്കഴിച്ചാ നല്ല മോളാന്ന് പറയുവോ എന്നു തിത്തിമി ചോദിക്കും.‘‘പിന്നേ, അതുപിന്നെ തിത്തിമിക്കുട്ടി നല്ല മോളാന്ന് പ്രത്യേകം പറയണോ? അതാർക്കാ അറിഞ്ഞുകൂടാത്തത് നല്ല മോളല്യോ എന്നൊക്കെ പറയുമ്പോ തിത്തിമി ആളങ്ങ് പൊങ്ങും. 

ഉള്ളതിൽ ഇത്തിരി വലിയ കൊഞ്ച് കൊടുക്കുമ്പം തിത്തിമിയുടെ വെപ്രാളം ഒന്നു കാണേണ്ടതുതന്നെയാണ്. ഉടനെ മുത്തശ്ശി പറയും , ‘‘ഓ ഇതുവല്ലതുമാണോ കൊഞ്ച്. കൊഞ്ചെന്നു പറഞ്ഞാ, മോള് പുലിക്കൊഞ്ച് കണ്ടിട്ടുണ്ടോ?’’ തിത്തിമി ‘‘പുലിക്കൊഞ്ചോ താൻ കേട്ടിട്ടുപോലുമില്ലെന്ന് പറയും.’’ മുത്തശ്ശി തന്റെ വലതുകൈത്തണ്ട കാണിച്ചിട്ട് പറയും. ദാണ്ടെ ഇത്തറേം കാണും ഒരു പുലിക്കൊഞ്ചെന്നു പറഞ്ഞാ. അതിങ്ങനെ മഴക്കാലമാവുമ്പം വീടിനടുത്തുള്ള വയലും കുളവുമൊക്കെ കരകവിയും . അച്ഛൻ തൂണിക്കൊട്ട നിറച്ച് പുലിക്കൊഞ്ചുമായി വരും. ആരെങ്കിലും കൊടുക്കുന്നതാ. ഒരു കൊഞ്ച് നാലായിട്ട് മുറിച്ചാലും ഓരോ കഷണവും വളരെ വലുതായിരിക്കും. 

 

തിത്തിമി ശ്വാസം അടക്കിപ്പിടിച്ച് ആ പുലിക്കൊഞ്ചിനെ മനസ്സിൽ സങ്കൽപ്പിച്ച് നോക്കുകയാണ്. എന്നിട്ട് മുത്തശ്ശി പറഞ്ഞു, അന്നതിനെങ്ങാണ്ട് ഇന്നത്തെപ്പോലെ വിലയുണ്ടോ? ഇഷ്ടം പോലെ കിടക്കുവല്ലേ. ഒരു തോർത്തെടുത്ത് പാടത്ത് കവിഞ്ഞൊഴുകുന്ന വെള്ളത്തിലോട്ട് കാണിച്ചാ ഒരു കൊട്ട നെറയെ കൊഞ്ച് കിട്ടും. ഇന്നതൊക്കെ കയറ്റിഅയയ്ക്കുവല്യോ. വലിയ വിലയ്ക്ക്.’’ കയറ്റി അയയ്ക്കുന്നോ അതെങ്ങോട്ടാ മുത്തശ്ശീ’’തിത്തിമി ചോദിച്ചു. ‘‘ വിദേശരാജ്യങ്ങളിലേക്കൊക്കെ കയറ്റി അയച്ച് കാശുവാങ്ങും. ഇന്നത്തെ പിള്ളേർക്ക് അതുവല്ലതും കഴിക്കാനുള്ള ഭാഗ്യമുണ്ടോ’’ മുത്തശ്ശി ഇതു പറയുമ്പം തിത്തിമിക്ക് തോന്നും അന്ന് ജനിച്ചാൽ മതിയാരുന്നെന്ന്.   

 

‘‘പുലിക്കൊഞ്ച് ഞങ്ങടമ്മ കറി വച്ച് കൊണ്ടുവരുമ്പം അതിന്റെ മണം മാത്രം മതി  ഇരുന്നാഴി അരിയുടെ ചോറുണ്ണാൻ.’’ മുത്തശ്ശി പറയുകയാണ്. ‘‘എന്നുവച്ചാൽ അത്ര നല്ല മണമായിരിക്കും ആ കറിക്കെന്ന്. പുലിക്കൊഞ്ചെന്നു പറഞ്ഞാൽ അതിന്റെ മീശയൊക്കെ ഒന്നു കാണാനുള്ളതാ. ഒരു കൊഞ്ച് മുറിച്ചിട്ടാൽ മതി, ഒരു ചട്ടി നിറയെ കറിവയ്ക്കാൻ കാണും’’

 

English Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com