ADVERTISEMENT

മീൻ കൊതിച്ചി

‘‘അന്ന് എവിടെപ്പോയോ എല്ലാരും മീൻ വാങ്ങിയിരുന്നത് മുത്തശ്ശീ’’ തിത്തിമി ചോദിച്ചു. അന്ന് ഇന്നത്തെപ്പോലെ ചന്തയൊന്നുമില്ല. കുളത്തിലും പാടത്തുമൊക്കെ വല വിരിച്ചോ മഴക്കാലമാണെങ്കിൽ തോർത്തിട്ടുപിടിച്ചോ ഒക്കെ എല്ലാവരും മീൻപിടിക്കും. മീൻ വിൽക്കാൻ കമ്പോളവും അവിടെ പോവുന്നവരുടെ കയ്യിലൊരു മാക്കൊട്ടയുമൊക്കെ പിന്നെ വന്നതാ’’ മുത്തശ്ശി പറഞ്ഞു. ‘‘മാക്കൊട്ടയോ അതെന്താ മുത്തശ്ശീ ? ’’ തിത്തിമി അതു കണ്ടിട്ടില്ലെന്നു പറ‍ഞ്ഞു. 

 

തെങ്ങിന്റെ ഓല മെടഞ്ഞ് ചെറിയൊരു കുട്ടപോലെ ഉണ്ടാക്കുന്നതാ മാക്കൊട്ട. കമ്പോളത്തിൽ മീൻ വാങ്ങാൻ പോവുന്നവരുടെ കയ്യിൽ മാക്കൊട്ടയുണ്ടാവും. അതിലാവും മീൻ വാങ്ങുക. ഒരു മാക്കൊട്ട അഞ്ചാറ് ദിവസം വരെ വാടാതെയിരിക്കും. പിന്നെ അടുത്ത മാക്കൊട്ടയുണ്ടാക്കണം .’’ മുത്തശ്ശി പറഞ്ഞു.  ‘‘മഴക്കാലത്ത്  മുറ്റം വരെ വെള്ളം കയറിയാല് കക്കാ പോലെ ഒരു തരം സാധനം വെള്ളത്തിൽ ഇഷ്ടം പോലെ ഒഴുകിവരുമായിരുന്ന്.’’ മുത്തശ്ശി പറഞ്ഞു. അതിന്റെ തൊടിളക്കി വറുത്തും കറിവച്ചുമൊക്കെ കഴിച്ചാൽ എന്തു രുചിയായിരുന്നെന്നോ? ചിലര് അതിനെ ഞവുഞ്ഞി എന്നു പറയും.  കുട്ടികള് വരെ ഒരു തുണിയുമായി മുറ്റത്തേക്കിറങ്ങി നിന്നാൽ മതിയാരുന്ന് ഒരു കൊട്ടനിറയെ കിട്ടും ഓരോരുത്തർക്കും.’’ തിത്തിമി ആലോചിക്കുകയായിരുന്നു, ഇതൊക്കെ മുത്തശ്ശി പറഞ്ഞുകേൾക്കാമെന്നല്ലാതെ താൻ കണ്ടിട്ടുപോലുമില്ല. പിന്നെ പറ‍ഞ്ഞിട്ടെന്താ കാര്യം? എങ്കിലും മുത്തശ്ശി പറഞ്ഞുതരാനുള്ളതുകൊണ്ട് അതൊക്കെ കേൾക്കുകയെങ്കിലും ചെയ്യാമല്ലോ എന്നോർത്ത് തിത്തിമി സമാധാനപ്പെട്ടു.

 

ഇപ്പോ അതൊക്കെ എവിടെപ്പോയി മുത്തശ്ശീ? എവിടെയെങ്കിലും കാണുമോ? എന്നു ചോദിച്ചു തിത്തിമി. മുത്തശ്ശി പറഞ്ഞു, ‘‘കുളവും വയലും നികത്തി ആൾക്കാര് വല്യ വല്യ കെട്ടിടങ്ങള് വച്ചപ്പോ ഇവറ്റകളെല്ലാം പോയി. എന്നു മാത്രമല്ല  നല്ല ഫലഭൂയിഷ്ഠിയുള്ള വയലിലാണ് ഞവുഞ്ഞി ധാരാളം കാണുമായിരുന്നത്. ഇപ്പോ അതൊന്നുമില്ലാത്തതിന്റെ അർഥം മണ്ണ് കൃഷിക്കെന്നല്ല  ഒന്നിനും കൊള്ളാത്തതായി എന്നാ.’’  കായലു മീൻ കിട്ടുമ്പോ ചെല ദിവസം മുത്തശ്ശി തിത്തിമിക്ക് കൂഴവാലെന്നു പറയുന്ന മീൻ വറുത്ത് കൊടുക്കാറുണ്ട്. പല മീനുകളുടെ കൂട്ടത്തിൽ കൂഴവാലും കിടപ്പുണ്ടാവും. ഒരു ദിവസം അത് ചോറിന്റെ കൂടെ കൊടുക്കുമ്പം മുത്തശ്ശി പറഞ്ഞു, പണ്ടൊന്നും ഈ കൂഴവാല് ആർക്കും വെറുതെ കൊടുത്താൽപ്പോലും വേണ്ടാരുന്ന്. ഇപ്പഴത് കൂടി കണി കാണാനില്ല. 

 

മഴക്കാലമായാല് കൂഴവാല് കണ്ടമാനം ഇറങ്ങും. മുത്തശ്ശി പറയുന്നത് മോൾക്ക് എവിടെ നിന്നെങ്കിലും ഇത്തിരി ബ്രാല് കിട്ടുമോന്ന് മുത്തശ്ശി നോക്കട്ടെ കറിവച്ചു കഴിച്ചാ ഭയങ്കര രുചിയാണെന്നാ. വരാലെന്നു പറഞ്ഞപ്പോ തിത്തിമി പറഞ്ഞു, അതു എനിക്കറിയാമെന്ന്. ഉടനെ മുത്തശ്ശി പറഞ്ഞു പിന്നേ അറിയാം, അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് പണ്ടാരാണ്ട് പറഞ്ഞതുപോലെയാ ഇയാള് വരാല് അറിയാമെന്നു പറയുന്നത്. മോളത് കണ്ടിട്ടില്ല. ഇനി നാട്ടിലെവിടെങ്കിലും പുഴമീൻ വിൽക്കുന്നെന്നറിഞ്ഞാ മുത്തശ്ശി ആരോടെങ്കിലും കൊണ്ടുവരാൻ ഏർപ്പാടാക്കാം. അപ്പോ തിത്തിമി ചോദിച്ചു, മുത്തശ്ശി ഇപ്പോ എന്താ പറഞ്ഞേ, അഞ്ജനമെന്നത് ഞാനറിയുമെന്നോ? ’’ 

 

മുത്തശ്ശി പറഞ്ഞു, ‘‘അതേ അഞ്ജനമെന്നത് ഞാനറിയും എന്നു വച്ചാല് അഞ്ജനക്കല്ല് എന്നൊരു കല്ലുണ്ട്. അങ്ങാടി മരുന്ന് കടയിൽ വാങ്ങാൻ കിട്ടും. അതെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് ആരെങ്കിലും പറഞ്ഞാൽ അതു തെറ്റാണ്. അഞ്ജനക്കല്ല് കറുപ്പും ചാരവും വെള്ളിയും നിറങ്ങൾ ചേർന്ന തിളക്കമുള്ള കല്ലാണ്. മഞ്ഞളിന് മഞ്ഞ നിറമാണ്. മഞ്ഞള് വെളുത്തിരിക്കും. അഞ്ജനവും വെളുത്തിരിക്കും എന്ന് ആരെങ്കിലും പറഞ്ഞാലത് തെറ്റല്യോ? അതിനു പണ്ടുള്ളവര് പറയുന്നതാ’’. ഇപ്പോ തിത്തിമി തനിയെ അത് മനസ്സിൽ പറഞ്ഞുനോക്കുകയാണ്. ‘‘അഞ്ജനമെന്നത് ഞാനറിയും...’’ കാണാതെ പഠിച്ചുവെക്കാൻ.  

 

തിത്തിമി ആളൊരു മീൻ കൊതിച്ചിയാണ്. ‘‘വേറെ ഏത്‌ മീൻ മുത്തശ്ശി കഴിച്ചിട്ടുണ്ട്’’ തിത്തിമി ചോദിച്ചു.‘‘കരിമീന്റെ ചെറുതാണ് പള്ളത്തി. പള്ളത്തി തലേന്ന് കറി വച്ച് പിറ്റേന്ന് കഴിച്ചാലാ രുചി.’’ മുത്തശ്ശി പറയുന്നത് കേട്ട് ഇത്തവണ തിത്തിമി ഗൗരവത്തിൽ പറഞ്ഞു,‘‘അതിന്റെ മണം മാത്രം ഇരുന്നാഴി അരിയുടെ ചോറുണ്ണാം’’ അത് തന്നെ കളിയാക്കിയതാണെന്ന് മുത്തശ്ശിക്ക് മനസ്സിലായി.

 

തുടരും...

 

English Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com