ADVERTISEMENT

ഷെയിം ഷെയിം പപ്പി ഷെയിം

 

ഇന്നു രാവിലെ തൊട്ട് തിത്തിമി ഇത്തിരി ദേഷ്യത്തിലാ. മീട്ടു മുയല് കാരറ്റ് തിന്നുന്ന പടമുള്ള ഉടുപ്പ് തന്നെ ഇന്ന് ഇടാൻ വേണമെന്ന് പറ‍ഞ്ഞപ്പൊ അമ്മ കൊടുത്തത് കോളാമ്പിപ്പൂവിന്റെ ചെവീല് പിപ്പിപ്പി വണ്ട് ങ്ങുങ്ങുങ്ങൂ മൂളുന്ന പടമുള്ള ഉടുപ്പാ. ആ ഉടുപ്പ് രാത്രീലിടുന്നതാ തിത്തിമിക്കിഷ്ടം. പക്ഷേ അമ്മ പറഞ്ഞു, ഇപ്പോ ഈ ഉടുപ്പങ്ങ് ഇട്ടേച്ചാ മതിയെന്ന്. അപ്പോ മുത്തശ്ശി വന്ന് തിത്തിമിയെ കളിപ്പിക്കാൻ പറയ്വാ മോൾക്കിന്നെന്തു പറ്റി ഇടത്തോട്ട് തിരിഞ്ഞാണോ എണീറ്റതെന്ന്? ഇടത്തോട്ട് തിരിഞ്ഞെണീറ്റാ അന്നെല്ലാം തിത്തിമിക്ക് ശുണ്ഠിയാണെന്ന് മുത്തശ്ശി തമാശ പറയും. അപ്പം തിത്തിമി പറയും മുത്തശ്ശി ചിരിക്കണ്ട ഞങ്ങൾക്ക് വല്യചിരിയൊന്നും വരുന്നില്ല എന്ന്. ഞങ്ങളന്നു വച്ചാ ആരാന്ന് ചോദിക്കും മുത്തശ്ശി. ഉടനെ തിത്തിമി പറയും ഞാനും എന്റമ്മേം എന്ന്. അപ്പോ മുത്തശ്ശി ചോദിക്കും, ഉടുപ്പ് തരാത്തേന് പിണക്കമാണെന്നു പറഞ്ഞതോ പിന്നെ നിങ്ങള് അമ്മേം മോളും ഒന്നായോ എന്ന്. അപ്പഴാ തിത്തിമി ഓർക്കുക, അയ്യോ അമ്മയോട് ഞാൻ പിണക്കമാണല്ലോ എന്ന്.

 

അപ്പോ മുത്തശ്ശി ഇങ്ങനെ പാടും, പെറ്റേന്റെ മൂന്നിനിട്ടേച്ച് പോയല്ലോ മോനേ കള്ളാ കായംകുളം  നിന്റച്ഛനോ എന്ന്. തിത്തിമി ചോദിക്കും, ആരിട്ടേച്ച് പോയെന്നാ മുത്തശ്ശി ഈ പറയുന്നത് എന്ന്. ആരും ഇട്ടേച്ച് പോയില്ല, പക്ഷേങ്കില് പിള്ളേരെ അങ്ങനെ ഇട്ടേച്ച് പോവുന്ന അച്ഛനമ്മമാരുണ്ട് മോളെ അങ്ങനാരും ഇട്ടേച്ച് പോയില്ലല്ലോ പിന്നെന്തിനാ കരയുന്നത് എന്നാ മുത്തശ്ശി പറയുന്നത്. പിണങ്ങിയിരിക്കുന്ന തിത്തിമിയെ എങ്ങനെ ചിരിപ്പിക്കണമെന്നൊക്കെ മുത്തശ്ശിക്കറിയാം. പക്ഷേ തിത്തിമി പറയും, മുത്തശ്ശി നോക്കിക്കോ മുത്തശ്ശി എങ്ങനൊക്കെ എന്ന ചിരിപ്പിക്കാൻ നോക്കിയാലും ഞാൻ ചിരിക്കത്തില്ല എന്ന്. മുത്തശ്ശി പറയും നമുക്ക് നോക്കാം ചിരിക്കത്തില്യോ എന്ന്. അടിബലേയ് സരിഗമ. സവാരിഗിരിഗിരി അശകൊശലേ പെണ്ണുണ്ടോ ചെറുകോശാലും പെണ്ണുണ്ടോ , സ്വാമി രണ്ടുക്കു പെണ്ണുണ്ട് തൃക്കാ സ്വാമി മാപ്പിളയ്ക്ക്. തിത്തിമിക്ക് എത്ര ശ്രമിച്ചിട്ടും ചിരി പിടിച്ചുനിർത്താനൊക്കുന്നില്ല. ഉടനെ തിത്തിമി ഇടയ്ക്ക് പറയുന്നതു പോലെ മുത്തശ്ശി പറയും ഹയ്യേ ഷെയിം ഷെയിം പപ്പി ഷെയിം എന്ന്.

 

തിത്തിമിക്ക് മുത്തശ്ശി ഇംഗ്ലിഷൊക്കെ പറയുന്നത് അൽഭുതമാണ്. ഇംഗ്ലിഷ് മുത്തശ്ശിമാർക്കും മുത്തച്ഛന്മാർക്കുമൊന്നും അറ‍ിഞ്ഞുകൂടെന്നാണ് തിത്തിമി കരുതുന്നത്. അപ്പോ മുത്തശ്ശി വെറുതെ പറയും വൺ, ടു, ത്രീ ഫോർ എന്ന്.

 

English Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com