ADVERTISEMENT

മുത്തശ്ശി മിക്കപ്പോഴും പറമ്പിൽ കറങ്ങിനടക്കുന്നത് തിത്തിമി കാണും. തറയിൽ കിടക്കുന്ന ഓരോന്നൊക്കെ നുള്ളിപ്പെറുക്കാനും ചുള്ളിക്കമ്പൊടിക്കാനുമാണ് മുത്തശ്ശി ഇങ്ങനെ നടക്കുന്നത്. മുത്തശ്ശിക്ക് ധാരാളം വിറക് ഇങ്ങനെ കണ്ടോണ്ടിരിക്കണം. അതൊക്കെ ശേഖരിക്കാനും കൂടിയാണ് ഈ ചുറ്റിക്കറങ്ങൽ. ഇത്രേം വിറക് എല്ലാം കൂടി എന്തിനാ മുത്തശ്ശീ – ചിലപ്പോ തിത്തിമി ചോദിക്കും. ഉടനെ മുത്തശ്ശി എത്രയേറെ വിറകുണ്ടെങ്കിലും അതൊന്നും പോരാ ഇവിടെ അടുക്കളയിലേക്ക് അതൊരാഴ്‌ചത്തേക്കേ തികയൂ എന്നു പറയും. മുത്തശ്ശി ഓരോ സാധനങ്ങളും പാചകം ചെയ്യുന്നതിനുള്ള വിറക് വെവ്വേറെ തരം തിരിച്ചു വെക്കുന്നത് കാണാം. അതിനെക്കുറിച്ച് ചോദിച്ചാൽ പറയും, പുളിയുടെ കമ്പ് നിന്നെരിയും, അത് അരി വേവിക്കാൻ നല്ലതാ. തെങ്ങിന്റെ കൊതുമ്പ് മാത്രം മാറ്റിവെക്കുന്നത് എന്തിനാ മുത്തശ്ശീ – ചിലപ്പോ തിത്തിമി ചോദിക്കും. ചായയിടാൻ അതു വേണം – ഉടനെ വരും മുത്തശ്ശിയുടെ മറുപടി. കണിക്കൊന്നയുടെ വിറകിനൊരു കറയുണ്ട്, എന്നാലും അരി വെക്കാൻ കൊള്ളാം– ഇടയ്‌ക്ക് മുത്തശ്ശി പറയുന്നത് കേൾക്കാം. തെങ്ങിന്റെ ചൂട്ട് മുത്തശ്ശി വീടിനു പുറത്താണ് സൂക്ഷിക്കുക. അത് മുത്തശ്ശിക്ക് വീടിനു പുറത്തിട്ട് ചരുവത്തിൽ വെള്ളം തിളപ്പിക്കാനുള്ളതാണ്. മുത്തശ്ശിക്ക് സന്ധ്യയ്‌ക്ക് വിളക്കു കത്തിക്കുന്നതിനു മുൻപായി ചൂടു വെള്ളത്തിലൊരു കുളിയുണ്ട്. അതിനാണ് ഇക്കണ്ട ഓലച്ചൂട്ടൊക്കെ ശേഖരിച്ചുവെക്കുന്നത്.

 

മഴക്കാലമായാൽ പിന്നെ ഇത്തിരി ചൂട്ടിനും കൂടി നമ്മള് ബുദ്ധിമുട്ടും. അതാ മുത്തശ്ശി അതൊക്കെ ഇപ്പോഴേ നുള്ളിപ്പെറുക്കി സൂക്ഷിച്ചുവെക്കുന്നത്– മുത്തശ്ശി താൻ ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ന്യായം പറയും. ഇനി മഴക്കാലത്തോ പച്ചവിറക് ഉണക്കിയെടുക്കുന്നതിനുള്ള വിദ്യയൊക്കെ മുത്തശ്ശിയുടെ കയ്യിലുണ്ട്. എങ്ങനെയാണെന്നല്ലേ. പച്ചവിറക് കൊണ്ടുവന്ന് കീറി ചെറിയ കഷണങ്ങളാക്കി കയറുകൊണ്ട് കെട്ടി അടുപ്പിനുമുകളിൽ കെട്ടിത്തൂക്കിയിടും. കഷ്‌ടിച്ച് നാലോ അഞ്ചോ ദിവസം കൊണ്ട് അതവിടെയിരുന്ന് അടുപ്പിലെ തീയുടെ ചൂടു തട്ടി ഉണങ്ങും.

 

മുത്തശ്ശിക്ക് വിറകിങ്ങനെ കണ്ടോണ്ടിരിക്കുന്നതാണോ സന്തോഷം– ചിലപ്പോ തിത്തിമി ചോദിക്കും. നിങ്ങക്കങ്ങനെയൊക്കെ പറയാം. അടുക്കളേല് ജോലി ചെയ്യുന്നവർക്കേ അതിന്റെയൊരു പാട് അറിയത്തൊള്ളൂ– മുത്തശ്ശി പറയും.

ഓലച്ചൂട്ട് ശൂന്നങ്ങ് വേഗം എരിഞ്ഞുതീരും. അതാണ് മുത്തശ്ശി കുളിക്കാൻ വെള്ളം തിളപ്പിക്കാൻ അതുപയോഗിക്കുന്നത്. അതുകൊണ്ടൊന്നും അരി വേവിക്കാനാവൂല്ല എന്ന് മുത്തശ്ശിക്കറിയാം. ചിലപ്പോ മുത്തശ്ശി ഇട്ടുകൊടുക്കുന്ന ചായ കുടിച്ചിട്ട് തിത്തിമീടെ അച്ഛൻ പറയും– അമ്മ ഇത് ഓലച്ചൂട്ടിട്ട് തിളപ്പിച്ചതാണെന്നാ തോന്നുന്നത്. അതാ ചായയ്‌ക്ക് ചൂട്ടിന്റെ ഗന്ധം എന്ന്. ഉടനെ മുത്തശ്ശി അയ്യോ ഞാൻ ചൂട്ടൊന്നും ഇട്ടില്ല നിനക്കെന്താ എന്നു ചോദിക്കും. പിന്നിതിന് ചൂട്ടിന്റെ ച്യുവ എങ്ങനെ വന്നു എന്നാവും അച്ഛൻ. ചിലപ്പോ വിറകിനു ക്ഷാമമുണ്ടെങ്കിൽ മുത്തശ്ശി ഇടയ്‌ക്ക് ചായ തിളപ്പിക്കുമ്പോ ഇത്തിരി ചൂട്ടൊക്കെ വച്ചുകൊടുക്കും. അത് തിത്തിമി കണ്ടിട്ടുണ്ട്. പക്ഷേ വീട്ടില് വഴക്കുണ്ടാക്കേണ്ട, പാവം മുത്തശ്ശിയല്ലേ എന്നു കരുതി മിണ്ടില്ല.

 

ചിലപ്പോ വിറകിനു ക്ഷാമം വന്നാൽ മുത്തശ്ശി മുത്തച്ഛനെ സോപ്പിട്ട് മൂപ്പരെ വിളിച്ചുകൊണ്ടുവരാൻ പറയും. മൂപ്പര് വന്ന് മരങ്ങളുടെയെല്ലാം ചില്ല വെട്ടും. മരം കോതുക എന്നാണ് മുത്തശ്ശി ഇതിനു പറയുന്നത്. കോതിയ മരങ്ങൾക്കടുത്തു ചെന്ന് അതിന്റെ ചില്ല വേർപെടുത്തിയങ്ങനെ ഇരിക്കാൻ മുത്തശ്ശിക്ക് വലിയ ഉൽസാഹമാണ്. അതെല്ലാം കൊണ്ടുപോയി ഉണക്കി വിറകാക്കാനാണ് മുത്തശ്ശിയുടെ ഇരിപ്പ്. അതൊക്കെ ആസ്വദിച്ച് വെട്ടിയിട്ട മരച്ചില്ലകൾ കൂന കൂടിക്കിടക്കുന്നതിന്റെ മുകളിൽ കയറിയിരിക്കാൻ തിത്തിമിക്ക് വലിയ ഉൽസാഹമാണ്. മോള് അവിടിരിക്കുന്നതൊക്കെ കൊള്ളാം. വല്ല ആട്ടിൻപുഴുവോ വിശറോ ഒക്കെ കാണും. കടിച്ചിട്ട് ഇവിടെക്കിടന്ന് കരയരുത് – മുത്തശ്ശി തിത്തിമിയെ താക്കീത് ചെയ്യും. ഇല്ല ഇവിടെ ആട്ടിൻ പുഴുവൊന്നും ഇല്ല എന്നു പറഞ്ഞ് തിത്തിമി അവിടെത്തന്നെ പറ്റിക്കൂടും.

 

ഇങ്ങനെ മരം കോതാൻ വരുമ്പോഴാണ് മുത്തശ്ശി മൂപ്പരോട് പറയുക. ചൂലെല്ലാം കേടായി. നീ രണ്ട് നല്ല ഓലയിങ്ങ് വെട്ടിയേക്ക് നാരായണാ എന്ന്. ഓല വെട്ടി മുത്തശ്ശി ചൂലുണ്ടാക്കുന്നത് കാണാൻ എന്തു രസമാണെന്നോ. ഓലക്കാലിൽ നിന്നു ഈർക്കില് വേർപെടുത്തിയാൽ ഓലക്കാലിനു തന്നെ ഒരു പ്രത്യേക മണമാണ്. പച്ച ഈർക്കിലു കൊണ്ടുണ്ടാക്കിയ പുത്തൻ ചൂല് തിത്തിമി മണത്തുനോക്കും. അതിന്‌റെ വളരെ നേരിയ പച്ചനിറവും മണവും തിത്തിമി ഏറെ നേരം ആസ്വദിക്കും. തിത്തിമി ഞാൻ മുത്തശ്ശിയെ സഹായിക്കാം, ഈർക്കിലിൽ നിന്നു വേർപെടുത്തിയ ഓലക്കാലൊക്കെ ദൂരെ തെങ്ങിന്‌റെ ചുവട്ടിൽ കൊണ്ടിടാം മുത്തശ്ശീ എന്നു പറഞ്ഞ് അവിടെത്തന്നെയുണ്ടാവും. തിത്തിമി ആ ഓലക്കാലു കൊണ്ട് ഓരോന്നൊക്കെ ഉണ്ടാക്കാൻ പറ്റുമോ എന്നു നോക്കും. വല്ല ഓലപ്പന്തോ ചേരയോ ഒക്കെ ഉണ്ടാക്കാമെന്നു പറഞ്ഞ് ചിലപ്പോ നാരായണൻ മൂപ്പര് തിത്തിമിയെ സഹായിക്കും. 

ഓലക്കാലു പിരിച്ച് ചേരയെ ഉണ്ടാക്കിക്കൊടുക്കുമ്പോ ചിലപ്പോ തിത്തിമി അതു മുത്തശ്ശിയെ കാണിച്ച് പേടിപ്പിക്കും. ഉടനെ മുത്തശ്ശി തിത്തിമിയോട് കളിയൊക്കെ കൊള്ളാം സന്ധ്യയ്‌ക്ക് ഇതെല്ലാം കൊണ്ട് തെങ്ങിൻചോട്ടിൽ കളഞ്ഞേക്കണം അല്ലെങ്കില് രാത്രി മനുഷ്യമ്മാര് വല്ല ചേരയോ മറ്റോ ആണെന്നു കരുതി പേടിക്കും എന്നു പറയും.

 

ഇതെന്നല്ല കയറോ ഏതെങ്കിലും വള്ളിയോ പോലും വൈകിട്ട് മുറ്റത്തുകിടന്നാൽ മുത്തശ്ശി അതെടുത്ത് തെങ്ങിൻ ചോട്ടിൽ കൊണ്ടിടും. രാത്രി ആളുകള് പേടിക്കും മക്കളേ എന്നു പറഞ്ഞുകൊണ്ട്. ചൂടുകാലമാണെങ്കിൽ രാത്രി മുറ്റത്തൊക്കെ കാറ്റുകിട്ടാനാണെന്നും പറഞ്ഞ് മുത്തശ്ശി ചെന്നിരിക്കും. അല്ലെങ്കിൽ മൂത്രമൊഴിക്കാനായി മുത്തച്ഛൻ മുറ്റത്തിനപ്പുറമുള്ള തെങ്ങിൻ ചോട്ടിലേക്കു പോകും. അതൊക്കെ കണക്കാക്കിയാണ് മുത്തശ്ശി പരിസരമൊക്കെ വൃത്തിയാക്കിയിടുന്നത്. നല്ല വേനൽക്കാലമാണെങ്കിൽ മുത്തശ്ശി പറയുന്നത് കേൾക്കാം– ഹൊ , ഒരില പോലും അനങ്ങുന്നില്ല. അല്ലെങ്കിൽ ചിലപ്പോ പറയും, ങാ പടിഞ്ഞാറുന്ന് ഒരു നല്ല കാറ്റ് വരുന്നുണ്ട് എന്ന്. അതെന്താ പടിഞ്ഞാറുന്ന് നല്ല കാറ്റ് വരുന്നത്. തിത്തിമിക്ക് സംശയം. ‘‘അതോ , പടിഞ്ഞാറ് കടലല്ലേ. അതുകൊണ്ടാ’’ മുത്തശ്ശി പറഞ്ഞു.

 

English Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com