ADVERTISEMENT

കെപിഎസിയുടെ നാടകം

ചിലപ്പോ രാവിലെ മുത്തശ്ശി മുറ്റത്തു നോക്കി നടന്നിട്ട് പറയുന്നത് കേൾക്കാം, ദാ ഇവിടൊക്കെ ചേരയുടെ ശല്യമുണ്ട് പോയ പാട് കണ്ടോ എന്ന്. എവിടെ മുത്തശ്ശീ നോക്കട്ടെ എന്നു പറഞ്ഞ് തിത്തിമിയും പിറകെ കൂടും. അപ്പോ നോക്കുമ്പോ ശരിയാ പൂഴി മണലിൽ ഒരു വര ചെറുതായി വരച്ചപോലെ കുറേദൂരം എന്തോ ഇഴഞ്ഞതുപോലുള്ള പാട് കാണാം. രാവിലെ ആദ്യം നോക്കിയാലേ ഇതു കണ്ണിൽപ്പെടൂ. പലരും നടന്ന് വഴിയിലെ മണ്ണു മാറിയാൽ പാട് കാണാനാവില്ല. തിത്തിമിക്ക് അതിശയം തോന്നും എന്നാലും ഈ മുത്തശ്ശിക്ക് ഏതെല്ലാം കാര്യങ്ങളിലാ ശ്രദ്ധ എന്നു ചിന്തിച്ച്. രാവിലെ മുറ്റത്തെ പൂഴി മണലിലെ പാട് വരെ നോക്കണമെങ്കില് മുത്തശ്ശി ആള് കൊള്ളാമല്ലോ എന്നു കരുതും. ഇതൊക്കെ ഇവിടുത്തെ പഞ്ചാരമണലായതുകൊണ്ടാ കാണാനാവുന്നത്. കൽപ്രദേശമാണെങ്കിൽ ചേര പോയ പാടൊന്നും കാണാനേ പറ്റില്ല തിത്തിമീ എന്നു പറയും മുത്തശ്ശി.

 

ചിലപ്പോ തിത്തിമി പേടിച്ച് ചോദിക്കും, ചേരയാണോ പാമ്പാണോ പോയതെന്ന് എങ്ങനെയറിയും മുത്തശ്ശീ എന്ന്. ആരെയും പേടിപ്പിക്കേണ്ടെന്നു കരുതി മുത്തശ്ശി പറയും, ഓ പാമ്പൊന്നുമല്ല ചേരയാ അല്ലാതൊന്നുമല്ല മോള് പേടിക്കണ്ട എന്ന്. പിന്നെ മുത്തശ്ശി താൻ തലേ ദിവസം അതിനെ കണ്ടതാണെന്നു പറയും– ഇവിടൊക്കെ ഒരു വലിയ മഞ്ഞച്ചേര കറങ്ങിനടപ്പുണ്ട് മക്കളേ, മുത്തശ്ശി കണ്ടാരുന്ന്. മുത്തശ്ശി പറയും. നേരം രാവിലെ പത്തുപതിനൊന്നു മണിയാവുമ്പോ ചേര മാളത്തിൽ നിന്ന് പതുക്കെ വെയിലു കൊള്ളാനെറങ്ങും. ചേര രണ്ടു തരത്തിലുണ്ട് മഞ്ഞച്ചേരയും കരിഞ്ചേരയും. ചേര പാവമാ. ഒന്നും ചെയ്യത്തില്ല. എന്നാലും കണ്ടാൽ നമ്മള് പേടിക്കുമെന്നത് നേരാ. 

 

അപ്പോ തിത്തിമി ചോദിക്കും, അതൊക്കെ എവിടാ താമസിക്കുന്നത് എന്ന്. കൊള്ളാം ഇവിടുത്തെ പറമ്പിലൊക്കെ അതിന്റെ മാളമുണ്ട് എന്നു പറയുന്ന മുത്തശ്ശി പിന്നെ തിത്തിമിയെ പറമ്പിൽ ചീനി നട്ടിരിക്കുന്നതിന്റെ അടുത്തേക്ക് കൊണ്ടുപോവും. എന്നിട്ട് മണ്ണിലെ മാളങ്ങൾ കാണിച്ചുകൊടുക്കും. ഇതെല്ലാം ചേരയുടെയാണോ മുത്തശ്ശീ – തിത്തിമി ചോദിക്കും. അതിൽ ചിലത് ചേരയുടെയും ചിലത് പെരുച്ചാഴിയുടെയും ആയിരിക്കും– മുത്തശ്ശി പറയും. തിത്തിമി ഇതൊക്കെ കേട്ടാൽ പേടിക്കേണ്ടതാണ്. പക്ഷേ മുത്തശ്ശി അടുത്തുള്ളപ്പോൾ ഒരു പേടിയും തോന്നില്ല. പെരുച്ചാഴിയോ അതെന്താ മുത്തശ്ശീ– തിത്തിമിക്ക് ഉടനെ അതറിയണം. വലിയ എലിയാ പെരുച്ചാഴി. അത് ഈ ചീനിയൊക്കെ തിന്നു നശിപ്പിക്കും. അതിനെ പന്നിയെലിയെന്നും പറയും. ഒരു പൂച്ചയുടെ അത്രയും കാണും ഒരെണ്ണം –മുത്തശ്ശി പറയും. എന്നിട്ട് മുത്തച്ഛൻ പന്നിയെലിയെ ഓടിക്കാൻ ഓരോ ചീനിയുടെ ചുവട്ടിലും വെള്ളത്തുണി കമ്പിൽ കെട്ടി നിർത്തിയിരിക്കുന്നത് കാട്ടിക്കൊടുക്കും. ഇരുട്ടിൽ വെള്ളത്തുണി കാണുമ്പോ അവറ്റകള് പേടിച്ചു പോവുമെന്ന് മുത്തശ്ശി പറയും. 

 

എന്നാലും മുത്തച്ഛന്റെ സൂത്രം വകവെക്കാതെ ചില എലികൾ ചീനിയുടെ ചുവട് തുരന്ന് ചീനി തിന്നും– മുത്തശ്ശി പറഞ്ഞു. എലിയുടെ വീടിനെയാണോ മുത്തശ്ശീ മാളമെന്നു പറയുന്നത്– തിത്തിമി ചോദിക്കും. എലിയുടെ മാത്രമല്ല പാമ്പും ചേരയുമൊക്കെ മാളത്തിലാ താമസം മോള് കേട്ടിട്ടില്ലേ– കെപിഎസിയുടെ പാട്ട് –മുത്തശ്ശി പാടാൻ തുടങ്ങി. പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, മനുഷ്യപുത്രനു തല ചായ്‌ക്കാൻ മണ്ണിലിടമില്ലാ മണ്ണിലിടമില്ലാ.. തോപ്പിൽ ഭാസിയുടെ നാടകത്തിലൊള്ളതാ. മോള് കേട്ടിട്ടില്ല അല്യോ. അയ്യോ തോപ്പിൽഭാസിയുടെ നാടകമാ നാടകം. തോപ്പിൽ ഭാസി ആരാരുന്ന്. ഒന്നു കാണേണ്ടതാ മുത്തശ്ശി സംസാരം പിന്നെ തോപ്പിൽഭാസിയെക്കുറിച്ചാവും. തിത്തിമി ഒക്കെ കേട്ടിരിക്കും. പിന്നെ അതിനു പാട്ടെഴുതിയത് ഓയെൻവിയാണോ വയലാറാണോ എന്നൊക്കെ ഓർത്തെടുക്കും മുത്തശ്ശി. നമ്മടെ അമ്പലത്തിൽ ഉൽസവത്തിന് കളിച്ചതാ നാടകം. ഞാനും പോയിക്കണ്ടു എന്നു പറയും മുത്തശ്ശി. മുത്തശ്ശി നാടകം വിട്ട് നേരെ സിനിമയെക്കുറിച്ചായി സംസാരം. അന്ന് മുടിയനായ പുത്രൻ കാണാൻ നിങ്ങടെ മുത്തച്ഛൻ എന്നെ വിട്ടു. പക്ഷേ ഭാര്യ വന്നിട്ട് കാണാൻ ഈ ദേശത്തുള്ള പെണ്ണുങ്ങളെല്ലാം പോയി. തിയറ്ററില് . നിങ്ങടെ മുത്തച്ഛൻ ഭാര്യ കാണാൻ എന്നെ വിട്ടില്ല –മുത്തശ്ശി ഓർമകൾ അയവിറക്കുകയാണ്. ഭാര്യയോ ഏത് ഭാര്യ –തിത്തിമി ചോദിച്ചു. കുഞ്ചാക്കോയുടെ ഭാര്യ. എനിക്ക് വലിയ ആഗ്രഹമാരുന്ന് ആ സിനിമയൊന്നു കാണണമെന്ന്. പക്ഷേ നിങ്ങടെ മുത്തച്ഛൻ പോവണ്ടാന്നു പറഞ്ഞു– മുത്തശ്ശിയുടെ വാക്കുകൾ കേട്ട് തിത്തിമിക്ക് സങ്കടം തോന്നി. ഇതിലേക്കൂടൊക്കെ കാറിൽ വിളിച്ചു പറഞ്ഞോണ്ട് പോയി ഭാര്യ തിയറ്ററിൽ കളിക്കുന്ന കാര്യം. മറിയക്കുട്ടി കൊലക്കേസ് സിനിമയായപ്പോഴും മുത്തശ്ശിക്ക് പോവാനായില്ല. ഭാര്യ തിരുവല്ല അമ്മാളു കൊലക്കേസ് സിനിമയാക്കിയതാ. തിത്തിമിക്ക് ഒന്നും മൊത്തമായി മനസ്സിലായില്ലെങ്കിലും എന്തോ ഒരു രസം തോന്നി.

 

English Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com