‘ഒരു ആര്യവേപ്പ് പത്ത് എസിക്ക് തുല്യമാണെന്നാ വല്യ പഠിപ്പുള്ളവര് പോലും പറയുന്നത്’

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 18
thithimi-thakathimi-chapter-16
വര: അനൂപ് കെ. കുമാർ.
SHARE

ഓരോ തെങ്ങിലും ടിക് ടിക്

മുത്തച്ഛൻ വൈകുന്നേരമായാൽ ഒരു തടിക്കഷണവുമായി ഓരോ തെങ്ങിൻചുവട്ടിലേക്കും ചെന്ന് അതുകൊണ്ട് തെങ്ങിൽതട്ടി ശബ്‌ദമുണ്ടാക്കിയിട്ട് മുകളിലേക്ക് നോക്കുന്നത് കാണാം. ഒരു ദിവസം തിത്തിമി ചോദിച്ചു എന്തിനാ മുത്തച്ഛാ ഇങ്ങനെ ചെയ്യുന്നതെന്ന്. അപ്പോ മുത്തച്ഛൻ പറഞ്ഞു, വഴവനെ ഓടിക്കാനാണ് മോളേ ഇങ്ങനെ ചെയ്യുന്നതെന്ന്. മരംകൊത്തിയെയാണ് മുത്തച്ഛൻ വഴവൻ എന്നു പറയുന്നത്. തെങ്ങിൻചുവട്ടിലൊക്കെ കരിക്കാവുന്നതിനു തൊട്ടുമുൻപുള്ള പ്രായമായ വെള്ളയ്‌ക്ക കിടക്കുന്നത് മുത്തച്ഛൻ തിത്തിമിക്ക് കാട്ടിക്കൊടുത്തു. തിത്തിമി അതൊക്കെ എടുത്തുനോക്കിയപ്പോഴുണ്ട് എല്ലാറ്റിലും മുകളിലായി കൊക്കുകൊണ്ട് വഴവൻ തുരന്ന് വെള്ളം കുടിച്ചിരിക്കുന്നു. പിന്നെ അത് വാടി താഴെ വീഴും. ചിലപ്പോ പകലും മുത്തച്ഛൻ ഈ തടിക്കഷണവുമായി തെങ്ങിനടുത്തേക്ക് പോവുന്നത് കാണാം. അടുത്തുള്ള തെങ്ങിൽ ഏതിലോ ടിക് ടിക് ശബ്‌ദം കേൾക്കുമ്പോഴാണ് മുത്തച്ഛൻ തടിക്കഷണവുമായി ചെല്ലുക. ചിലപ്പോ പകലും വഴവൻ വെള്ളയ്‌ക്ക കുത്തിയിടാൻ വരും. തടികൊണ്ട് തെങ്ങിലടിച്ചാലുണ്ടാവുന്ന ശബ്‌ദം കേട്ട് വഴവൻ പേടിച്ച് പറന്നുപോവുന്നത് മുത്തച്ഛൻ തിത്തിമിക്ക് കാണിച്ചുകൊടുക്കും. മുത്തശ്ശിയുടെ ശ്രദ്ധ എപ്പോഴും പറമ്പിലുണ്ടാവും. പറമ്പ് എപ്പോഴും വൃത്തിയായിക്കിടക്കണമെന്ന് മുത്തശ്ശിക്ക് നിർബന്ധമാണ്. അതിനെ കളിയാക്കി തിത്തിമീടച്ഛൻ പറയും, അമ്മ മരത്തിൽ നിന്ന് ഒരില അടർന്നു താഴെ വീഴാനുള്ള സമയം കൊടുക്കില്ല, അതിനു മുൻപേ ഓടിച്ചെന്ന് ആ ഇല കൈകൊണ്ട് പിടിക്കാൻ നോക്കും എന്ന്. കാരണം പറമ്പിലെങ്ങും ഒറ്റ ഇല വീണുകിടപ്പില്ല.

മുത്തശ്ശിയുടെ കൂടെ പറമ്പിലേക്കിറങ്ങിയാൽ ഓരോ ചെടിയെക്കുറിച്ചുമുള്ള പല കാര്യങ്ങളും വിശദമായി അറിയാൻ പറ്റും. തിത്തിമിക്ക് അതൊക്കെ കേൾക്കുന്നത് വലിയ ഇഷ്‌ടവുമാണ്. മുരിങ്ങപ്പൂവ് വീണുകിടക്കുന്നതു കാണുമ്പോ മുത്തശ്ശി പറയും, ഇതുകൊണ്ട് തോരനുണ്ടാക്കി കഴിച്ചാൽ എന്തുരുചിയാണെന്നോ. അതെന്താ എനിക്കും വച്ചുതരാത്തത് എന്നാവും തിത്തിമി അപ്പോൾ. കൊള്ളാം , അതുപിന്നെ അതിനിത്തിരി പൂവൊന്നും പോരാ, ഒരു കുട്ട നിറയെ പൂവുണ്ടെങ്കിലേ ചീനിച്ചട്ടിയിലിട്ട് വാടിവരുമ്പോ നമുക്കൊരു നേരത്തേക്കെങ്കിലും കാണൂ എന്നു പറയും മുത്തശ്ശി. ഇപ്പോ അത്രയ്‌ക്കൊന്നും മുരിങ്ങപ്പൂവ് ഇല്ലല്ലോ– മുത്തശ്ശി പറയും. മുരിങ്ങയുടെ അടുത്തുതന്നെ മുത്തച്ഛൻ എരിക്ക് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതുകണ്ട് മുത്തശ്ശി തിത്തിമിയോട് പറഞ്ഞു, പണ്ട് ശിവക്ഷേത്രത്തിലേക്ക് പോവുന്ന മുത്തശ്ശിമാർ എരുക്ക് ശംഖുപുഷ്‌പം അരുളി എന്നു ജപിച്ചിരുന്ന കാര്യം. ശിവന് ഏറ്റവും ഇഷ്‌ടപ്പെട്ട പൂവാണ് എരുക്കിൻപൂവ്. പണ്ടൊക്കെ എല്ലാ വീട്ടിലും എരുക്ക് നട്ടുപിടിപ്പിക്കുമായിരുന്നു– മുത്തശ്ശി പറഞ്ഞു. കുഞ്ഞുങ്ങൾക്ക് പണ്ടൊക്കെ ചെവിവേദന വരുമ്പോ എരുക്കില ചൂടാക്കി നീരെടുത്ത് ചെവിയിലൊഴിച്ചു കൊടുക്കുമായിരുന്നു. അന്നൊക്കെ ഡോക്‌ടറില്ലേ മുത്തശ്ശീ –തിത്തിമി ഇടയ്‌ക്കു കയറി ചോദിച്ചു. മുത്തശ്ശി ഉടനെ പറഞ്ഞു, ഡോക്‌ടറൊന്നുമല്ല അന്ന വൈദ്യന്മാരാ നാട്ടിലൊക്കെ. രാത്രി ചെവിവേദന വന്നാൽ അന്നൊക്കെ വണ്ടിയും സൗകര്യങ്ങളുമൊന്നും ഇല്ല. ആര് വൈദ്യന്‌റെ വീട്ടിൽ കൊണ്ടുപോവാനാ. അപ്പോ ഇതങ്ങോട്ട് പിഴിഞ്ഞ് ചെവിയിലൊഴിച്ചു കൊടുക്കും.

അതിൽ ചാരിനിൽക്കാതെ കുഞ്ഞ് ഇങ്ങോട്ട് മാറി നില്ല്– മുത്തശ്ശി പറയുന്നത് തിത്തിമി പെരുമരത്തിൽ ചാരിനിൽക്കുന്നതിനെയാണ്. അതിൽ നിറയെ ആട്ടിൻ പുഴു ഉണ്ടാവും എന്ന് മുത്തശ്ശി പറഞ്ഞപ്പോഴാണ് തിത്തിമി അറിഞ്ഞത്. ദാ , ഇതുകണ്ടോ. തിത്തിമിക്ക് മുത്തശ്ശി അതിന്‌റെ ഇലകൾ കാണിച്ചുകൊടുത്തു. ഇലകളിൽ ചെറുദ്വാരങ്ങൾ വീണിരിക്കുന്നു. അത് ആട്ടിൻ പുഴു തിന്നതാ.. മുത്തശ്ശി ഇല കാട്ടിക്കൊടുത്തു. ആട്ടിൻപുഴു ആട്ടിയാൽ ദേഹം മുഴുവൻ ചുമന്ന് വരും–മുത്തശ്ശിയുടെ വാക്കുകൾ കേട്ട് തിത്തിമിക്ക് പേടിയായി. നമ്മളൊക്കെ വാങ്ങുന്ന തീപ്പെട്ടിയില്ലേ. അതിന്‌റെ തടി ഉണ്ടാക്കുന്നത് ഈ പെരുമരത്തിന്‌റെ തടി കൊണ്ടാ. അതല്ലാതെ ഇതിന്‌റെ തടികൊണ്ട് വേറെ ഒരുപയോഗവുമില്ല . ചിലപ്പോ പെരുമരം വാങ്ങാൻ തീപ്പെട്ടിക്കമ്പനിക്കാര് വരും– മുത്തശ്ശി ഇതു പറയുമ്പോ തിത്തിമി പറമ്പിൽക്കിടന്ന ഒരു കായ കൈയിൽപ്പിടിച്ച് തിരിച്ചും മറിച്ചും നോക്കുകയായിരുന്നു. മോളേ അത് പൈനുങ്കായാ–മുത്തശ്ശി പറഞ്ഞു. പൈൻമരം തിത്തിമിയുടെ മുത്തച്ഛൻ പറമ്പിന്റെ അതിരിനൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ വെട്ടിക്കളഞ്ഞുകൂടേ . എന്തിനാ ഇതൊക്കെ എന്നായി തിത്തിമി. കൊള്ളാം, ഇതൊക്കെ ഇവിടെയുള്ളതുകൊണ്ടാ നല്ല ചൂടുകാലത്തുപോലും ഫാനിടാതെ ഇവിടെ കഴിയാൻ പറ്റുന്നത്. മോൾക്കറിയാമോ, ഒരു ആര്യവേപ്പ് പത്ത് എസിക്ക് തുല്യമാണെന്നാ വല്യ പഠിപ്പുള്ളവര് പോലും പറയുന്നത്. ഒള്ള മരമെല്ലാം വെട്ടിക്കളഞ്ഞാലേ ഉഷ്‌ണകാലത്ത് നമ്മൾക്ക് ഒരു രക്ഷയുമുണ്ടാവില്ല – മുത്തശ്ശി പറയുന്നത് വിറകിനും ഏറ്റവും പറ്റിയ മരമാണ് പൈൻ എന്നാ. മുത്തശ്ശി എന്നിട്ട് പൈനിന്‌റെ കുറേ കായ ഒരു കുട്ടയിലേക്ക് പെറുക്കിയിട്ടു. ഇതെന്തിനാ, തിന്നാനാണോ മുത്തശ്ശീ , തിത്തിമി തിരക്കി. തിന്നാനൊന്നും ഇത് കൊള്ളില്ല. ഇത് നന്നായിട്ട് ഉണക്കിയെടുത്താൽ അടുപ്പിൽ വിറകിനു പകരം ഉപയോഗിക്കാം. നന്നായിട്ട് തീയെരിയും– മുത്തശ്ശി പറഞ്ഞു.

English Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA