ADVERTISEMENT

പറമ്പിലുള്ള ഒരു ചെടി പോലും വെറുതെ നട്ടിരിക്കുകയല്ലെന്ന് മുത്തശ്ശിയുടെ പറച്ചിൽ കേട്ടാൽ തോന്നും. ചിലപ്പോ മുത്തശ്ശി സന്ധ്യയ്‌ക്ക് കുറേ പുളിയിലയുമായി വരുന്നത് കാണാം. എന്തിനാ മുത്തശ്ശീ നേരം സന്ധ്യയായപ്പോ ഇതെല്ലാം കൂടി– തിത്തിമിക്ക് ഉടനെ അറിയണം. രണ്ടുദിവസമായി ഒരു ദേഹം വേദന. ഇനി ഇതൊന്നിട്ട് വെള്ളം തിളപ്പിച്ച് കുളിച്ച് നോക്കട്ടെ –മുത്തശ്ശി പറഞ്ഞു. ഒരു വിധപ്പെട്ട മരുന്നൊക്കെ മുത്തശ്ശി തനിയെ ചെയ്യും എന്ന് തിത്തിമിക്ക് അറിയാം. എവിടെയെങ്കിലും ചെറിയ മുറിവു പറ്റിയാൽ മുത്തച്ഛനോട് മുത്തശ്ശി പറയും, റോഡിലോട്ട് പോയിട്ട് വരുമ്പം ഇത്തിരി കമ്മ്യൂണിസ്റ്റ് പച്ച കൊണ്ടുവരണമെന്ന്. അതിന്‌റെ ഇല പിഴിഞ്ഞ് മുറിവിലോട്ടൊഴിച്ചാലുടൻ മുറിവ് ഉണങ്ങുമത്രേ. ചിലപ്പോ മുത്തശ്ശി ആരെയെങ്കിലും പറഞ്ഞ് അമ്പലപ്പറമ്പിൽ വിടും, എണ്ണ കാച്ചാനുണ്ട് അവിടെങ്ങാനും മുയൽച്ചെവിയുണ്ടെങ്കിൽ കുറച്ചെടുത്തു തന്നിട്ടുപോവണമെന്നു പറയും. മുയലിന്‌റെ ചെവി പോലുള്ള ഇലകളുള്ള ഒരിനം ചെടിയാണ് മുയൽച്ചെവി. അതിട്ട് എണ്ണ കാച്ചി തലയിൽ തേച്ചാൽ ജലദോഷമോ തൊണ്ടവേദനയോ വരില്ല. തിത്തിമിക്ക് അതിട്ട് എണ്ണ കാച്ചിക്കൊടുക്കാറുണ്ട് മുത്തശ്ശി.

 

പണ്ടൊരിക്കൽ തിത്തിമിയുടെ കാലിലൊരു അരിമ്പാറ വന്നു. തിത്തിമീടമ്മ ഇക്കാര്യം പറഞ്ഞപ്പോ മുത്തശ്ശി പറഞ്ഞു, രാത്രി മോളുറങ്ങാൻ പോവുമ്പം അരിമ്പാറയിൽ കുറച്ച് ചുമന്നുള്ളി അരച്ച് പുരട്ടിക്കൊടുക്കാനെന്ന്. ചുമന്നുള്ളിയുടെ മണം എനിക്കിഷ്‌ടമല്ലെന്നു പറഞ്ഞ് രാത്രി തട്ടിക്കളയാൻ നോക്കി തിത്തിമി. അപ്പോ അമ്മ പുരട്ടിക്കൊടുത്തില്ല. പക്ഷേ തിത്തിമി ഉറങ്ങിക്കഴിഞ്ഞപ്പോ പുരട്ടിക്കൊടുത്തു. രാവിലെ നോക്കിയപ്പോ അരിമ്പാറ കാണാനില്ല. അതങ്ങ് അടർന്നുപോയി. അരിമ്പാറ പോയിടത്ത് ചെറിയൊരു പാടു മാത്രം തിത്തിമിയുടെ കാലിൽ ഇപ്പോഴും കാണാം. മുത്തശ്ശി ചിലപ്പോ രണ്ടുപിടി കടുക് വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ച് കുടിക്കുന്നത് കാണാം. എന്തിനാണെന്നു ചോദിച്ചാൽ മുത്തശ്ശി പറയും രാവിലെ തൊട്ട് ഒരു വായുകോപം. അതുപോലെ തറയിലൊക്കെ മച്ചിങ്ങ കൊഴിഞ്ഞു കിടക്കുന്നത് കാണുമ്പം മുത്തശ്ശി പറയും, പണ്ട് തലവേദനയ്‌ക്കൊക്കെ ഇതാ മരുന്ന്, രണ്ട് മച്ചിങ്ങ അരച്ച് നെറ്റിക്ക് പുരട്ടിയാൽ തലവേദന പമ്പ കടക്കും. അല്ലാതെ ഇന്നത്തെപ്പോലെ നേരെ ചെന്നങ്ങ് ഗുളിക കഴിക്കാനല്ല ആരും നോക്കുക എന്ന്.

 

ചിലപ്പോ രാത്രി അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് മുത്തശ്ശി തിത്തിമീടടുത്ത് വന്നു കിടക്കും. അപ്പോ കാണാം മുത്തശ്ശീടെ കയ്യില് ഒരു കിഴി. തുണികൊണ്ടു കെട്ടിയത്. തിത്തിമി നോക്കുമ്പം അതിനകത്ത് മണ്ണു നിറച്ച് കെട്ടിയിരിക്കുകയായിരിക്കും. മോളത് അഴിച്ചു കളയല്ലേ, കുറച്ച് മണ്ണു ചൂടാക്കിക്കെട്ടിയതാ, വയറിനൊരു വല്ലായ്ക എന്നു പറയും മുത്തശ്ശി. ചൂട് മണ്ണ് കിഴി കെട്ടി വയറ്റില് വച്ചാല് ചെറിയ വയറുവേദന മാറുമെന്നത് മുത്തശ്ശിയുടെ എത്രയോ കാലമായുള്ള അനുഭവമാണ്. മുത്തശ്ശി വയറ്റത്ത് വച്ച് ചൂടു കൊടുത്തു കഴിഞ്ഞാലും അതെടുത്ത് വെറുതെ ദേഹത്ത് വച്ചു നോക്കുക. മണ്ണ് ചൂടാക്കുമ്പോ വരുന്ന ഒരു മണം കിട്ടാൻ ആ കിഴിയെടുത്ത് മണത്തുനോക്കുക.. ഇതൊക്കെ തിത്തിമിക്ക് വലിയ ഇഷ്‌ടമാണ്.

 

കിഴിയിൽ വെക്കാനുള്ള മണ്ണ് കണ്ടിടത്തു നിന്നൊന്നും മുത്തശ്ശി എടുക്കില്ല. ആരും തുപ്പിയിടാത്ത വീട്ടിലെ പൊതുവെ ആരും ചീത്തയാക്കിയിടാത്ത സ്ഥലത്തെ നല്ല പഞ്ചാരമണലേ അതിനെടുക്കൂ. അതുകൊണ്ടുകൂടി അത് മണത്തു നോക്കാൻ തിത്തിമിക്ക് താൽപ്പര്യമാ. അതുപോലെ ആരെങ്കിലും വീട്ടിൽ വന്നിട്ട് തിത്തിമിയെ കാണുമ്പം മോൾക്ക് നല്ല നെറമുണ്ടല്ലോ നല്ല മുടിയാണല്ലോ എന്നൊക്കെ പറഞ്ഞെന്നിരിക്കട്ടെ, അവര് പോയിക്കഴിയുമ്പം മുത്തശ്ശി അടുപ്പിന്റടുത്തേക്ക് ചെല്ലുന്നത് കാണാം. എന്താ മുത്തശ്ശി എന്തു ചെയ്യാൻ പോവ്വാ എന്നു ചോദിച്ചാൽ പറയും, ലവര് മോൾടെ മുടി നല്ലതാ മോൾക്ക് നെറമുണ്ട് എന്നൊക്കെ പറഞ്ഞില്ലേ, വെറുതെ കുഞ്ഞിന് ആരുടെയും കണ്ണു തട്ടണ്ട എന്നു പറയും. എന്നിട്ട് കുറച്ച് ഉപ്പും കടുകും മുളകുമെടുത്ത് തിത്തിമീടെ തലയ്‌ക്കുഴിഞ്ഞ് അടുപ്പിലോട്ടിടും. ഇനി എന്റെ മോൾക്ക് ഒരു കുഴപ്പവുമില്ല എന്നു പറയുമ്പം തിത്തിമിക്ക് ചിരി വരും.

 

English Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com