ADVERTISEMENT

മുത്തശ്ശിക്കിഷ്ടം മോള് തടവുന്നത്

 

പല്ലുവേദന വന്നാൽ കമ്മലുചെടിയുടെ പൂവെടുത്ത് കടിച്ചുപിടിച്ചിട്ട് തുപ്പിക്കളഞ്ഞാൽ പോടുള്ള പല്ലിലെ സകല അണുക്കളും വെളിയിൽ പോവുമെന്ന് ഇച്ചേയി പറഞ്ഞത് നേരാ, ഞാൻ ചെയ്‌തുനോക്കി പിന്നെ പല്ലു വേദന വന്നതേയില്ല എന്നു പറയുന്നത് കേട്ടു ഇന്നാള് വീട്ടിൽ വന്ന ഒരു കശുവണ്ടിക്കച്ചവടക്കാരൻ. തിത്തിമീടെ വീട്ടില് നെറയെ പറങ്കിമാവുണ്ട്.    

വേനലവധിക്കാലമായാൽ തിത്തിമി വീട്ടിലുണ്ടാവും. അപ്പോ വീട്ടിലിങ്ങനെ കശുവണ്ടിയുണ്ടോ എന്നു ചോദിച്ച് സ്ഥിരമായി വരുന്ന ഒരമ്മാവനുണ്ട്. തിത്തിമിക്ക് തോന്നും അയാളെക്കണ്ടാൽ ശിക്കാരിശംഭുവിനെപ്പോലുണ്ടെന്ന്. അതുപോലത്തെ മീശയാണ് അയാൾക്ക് മുത്തശ്ശി പറങ്കിമാങ്ങ മാറ്റി കശുവണ്ടി ഒരു സഞ്ചിയിലിട്ടു വച്ചിരിക്കും. അതയാൾക്ക് കൊടുത്ത് കാശുവാങ്ങും. അയാള് വീട്ടിൽ വരുന്നത് തിത്തിമിക്ക് ഇഷ്‌ടമാ. എന്താന്നു വച്ചാല് അയാള് മുത്തശ്ശി കൊടുത്ത കശുവണ്ടിയൊക്കെ അയാളുടെ ചാക്കിലേക്കിടുമ്പം മുത്തശ്ശി അടുത്തുചെന്ന് ആ ചാക്കിലോട്ട് നോക്കും. പലവീടുകളിൽ നിന്നു വാങ്ങിയ കശുവണ്ടി അയാളുടെ ചാക്കിലുണ്ടാവും. അങ്ങനെ നോക്കുമ്പോഴതാ വളരെ വലിയ രണ്ടുമൂന്നു കശുവണ്ടികൾ അതിൽ കാണും. തിത്തിമി എനിക്കതു വേണമെന്നു പറയും. അയാൾ ആ മോള് ചോദിച്ചതല്യോ എന്നു പറഞ്ഞ് അതങ്ങ് കൊടുക്കും. അയാള് പോയിക്കഴിയുമ്പം മുത്തശ്ശി അതെടുത്ത് തിത്തിമിക്ക് അടുപ്പിലിട്ട് ചുട്ട് തല്ലി അതിന്റെ പരിപ്പെടുത്തു കൊടുക്കും. ഞാൻ തല്ലിയെടുക്കാം എന്നു പറയും ചിലപ്പോ തിത്തിമി. വേണ്ട മോൾടെ കയ്യിലൊക്കെ അതിന്‌റെ കറയാവുമെന്നു പറഞ്ഞ് മുത്തശ്ശി അത് വിലക്കും. കയ്യില് കറയായാലും അതൊന്നും ചെയ്യാൻ മുത്തശ്ശിക്ക് ഒരു മടിയുമില്ല.

 

രാത്രി മുത്തശ്ശി തിത്തിമീടടുത്ത് വന്നു കിടക്കുമ്പം കയ്യിലെ നഖമൊക്കെ ചെറുതായി നീരുവന്നിരുന്നാൽ മുത്തശ്ശി മോളൊന്ന് തടവിത്താ മോള് തടവുന്നതാ മുത്തശ്ശിക്കിഷ്‌ടമെന്നു പറയും. എനിക്ക് എല്ലാം ചെയ്‌തുതരുന്ന മുത്തശ്ശിയല്ലേ എന്നതോർത്ത് തിത്തിമി പതുക്കെ ആ വിരലുകൾ തടവിക്കൊടുക്കും. ഇടയ്‌ക്ക് തിത്തിമി ആ വിരലിന്‌റെ നഖത്തിൽപ്പിടിച്ച് അമർത്തും. അയ്യോ എന്‌റമ്മേ ഒന്നും ചെയ്യല്ലേ മോളേ എന്നു പറഞ്ഞ് മുത്തശ്ശി കരയാൻപോവുമ്പം തിത്തിമിക്ക് ചിരി വരും. വേണ്ട ഇനി തടവണ്ട പിടിച്ച് ഞെക്കിയാല് എന്‌റെ ജീവൻ നിൽക്കുമെന്നു പറയും മുത്തശ്ശി. പിന്നെ കൈ നീട്ടിവച്ചുകൊടുക്കില്ല. ഇല്ല മുത്തശ്ശീ സത്യമായും ഞാൻ ഞെക്കില്ല എന്നു വാക്കുകൊടുത്തിട്ട് തിത്തിമി വീണ്ടും മുത്തശ്ശിയുടെ കൈകൾ തടവാൻ തുടങ്ങും.

 

ചിലപ്പോ ഇങ്ങനെ വിരലുകൾ തടവിക്കൊടുക്കുമ്പം നഖത്തിനടുത്തുള്ള ചില പാടുകൾ കണ്ട് മുത്തശ്ശീ ഇതെന്തു പറ്റിയതാ എന്നൊക്കെ ചോദിക്കും തിത്തിമി. അപ്പോ മുത്തശ്ശീ ഓ ഇത് ഇന്നാള് മോൾക്ക് ആ കരിക്ക് വെട്ടിത്തന്നപ്പം കത്തിയൊന്നു കൊണ്ട് പോറിയതാ അല്ലെങ്കില് കൊഞ്ച് വെട്ടിയപ്പോ അതിന്‌റെ കൊമ്പു കൊണ്ടതാ എന്നൊക്കെ ഓരോന്നു പറയും. അന്നേരമായിരിക്കും തിത്തിമിക്ക് കരിക്ക് കുടിക്കണം കൊഞ്ചു കറി കഴിക്കണം എന്നൊക്കെ തോന്നുക. ഉടനെ എനിക്ക് അതുവേണം ഇതുവേണമെന്നൊക്കെ പറഞ്ഞ് ചിണുങ്ങാൻ തുടങ്ങും. അപ്പോ മുത്തശ്ശി പറയും, അയ്യോ സന്ധ്യ കഴിഞ്ഞാല് കരിക്ക് കുടിക്കരുത്. അതെന്താ കുടിച്ചാല് എനിക്ക് ദാഹിക്കുന്നു എന്നു പറയും തിത്തിമി. സന്ധ്യ കഴിഞ്ഞ് കരിക്ക് കുടിച്ചാല് അച്ഛനും അമ്മയ്‌ക്കും ദോഷമാ എന്നാ പണ്ടുള്ളവര് പറയാറ്– മുത്തശ്ശി പറയും. അച്ഛനുമമ്മയ്‌ക്കും ദോഷമാണെങ്കിൽ വേണ്ട. എന്‌റെ അച്ഛനുമമ്മയ്‌ക്കും ദോഷം വരുന്നത് തിത്തിമിക്ക് വിഷമമാ എന്നു പറയും തിത്തിമി.

 

കൊഞ്ചുകറി കഴിച്ചാലെന്താ എന്നു ചോദിച്ചാലും മുത്തശ്ശി പറയും, അതൊക്കെ ഉച്ചയ്‌ക്ക് കഴിക്കാനുള്ള താ രാത്രി കൊഞ്ചും ഞണ്ടുമൊക്കെ കഴിക്കുന്നത് വയറിന് ദോഷമാ, വല്ല വേദനയോ വല്ലതും വന്നാൽ ഇവിടന്നു പിന്നെ ഡോക്‌ടറെ തിരക്കിപ്പോവണം എന്നു പറയും മുത്തശ്ശി. ചിലപ്പോ കൊഞ്ച് വെട്ടി വൃത്തിയാക്കുമ്പം തിത്തിമി ചെന്നടുത്തിരിക്കും. അപ്പോ മുത്തശ്ശി പറയും കൊഞ്ചഞ്ചു കറി എന്നാ പറയുക എന്ന്. കൊഞ്ചഞ്ചു കറിയോ –തിത്തിമിക്ക് ആശ്ചര്യം. ങാ , കൊഞ്ചു വച്ച് അഞ്ചു കറിയുണ്ടാക്കാമെന്ന്. അതേതൊക്കെയാ അഞ്ചു കറി മുത്തശ്ശീ–കൊഞ്ചും മാങ്ങയും കറി,കൊഞ്ചു തീയല്,കൊഞ്ച് വറുത്തത്,കൊഞ്ച് മുരിങ്ങയ്‌ക്കയും തക്കാളിയുമിട്ടുള്ള കറി, കൊഞ്ച് ചേർത്തരച്ച ചമ്മന്തി എന്നു പറയും മുത്തശ്ശി. എനിക്കിന്ന് ദാ ഈ കൊഞ്ച് വറുത്തത് തരണം എന്നു പറയും മുത്തശ്ശി. അത് മോൾക്കൊള്ളതാ കൊഞ്ച് വറുക്കുമ്പം മോൾക്കൊള്ളത് പ്രത്യേകം മാറ്റിവച്ചേക്കാം– മുത്തശ്ശി പറഞ്ഞു.

 

ഇതിന്റെയിടയ്ക്ക് ചിലപ്പം മുത്തശ്ശി പറയും ഓ ചെവി ഊതിക്കെട്ടുന്ന് ഇനിആരുടെ കാര്യമാണെന്നാ എന്ന്. മുത്തശ്ശി പറയുന്നത് ചെവിയിൽ ആരോ വന്ന് ഊതിയാലെന്ന പോലെ ശബ്‌ദം കേട്ടിട്ട് ചെവി അടയുന്നതുപോലെ തോന്നിയാൽ ആരോ മരിച്ചെന്ന് പിന്നാലെ കേൾക്കുമെന്നാ. ആര് മരിച്ചെന്ന് –ഒരിക്കൽ തിത്തിമി ചോദിച്ചു. ആരും മരിച്ചെന്നല്ല, നമുക്കറിയാവുന്ന ആരെങ്കിലും മരിച്ചെന്ന വിവരം വൈകാതെ കേൾക്കുമെന്നാ വിശ്വാസം – മുത്തശ്ശി പറയും. അതുകേൾക്കുമ്പം തിത്തിമിക്ക് ചെറിയ പേടി തോന്നും.

 

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com