ADVERTISEMENT

ലേഡീസ് കനകാംബരം

 

തിത്തിമി ഇന്നാണ് വീടിന്റെ പറമ്പിലുള്ള ഈ മരങ്ങളൊക്കെ എന്തിനാണെന്നു മനസ്സിലാക്കിയത്. അത്രയും നാൾ തിത്തിമിക്ക് തലയിൽ വെക്കാനുള്ള പൂവ് പിടിക്കുന്ന കുറച്ച് ചെടികൾ വീട്ടിലുള്ളതേ അറിയാമായിരുന്നുള്ളൂ. പിന്നെ മുത്തശ്ശി മാല കെട്ടാൻ എടുക്കുന്ന പൂക്കൾ പിടിക്കുന്ന ചെടികളുടെ കാര്യവും. തിത്തിമിക്ക് സ്കൂളിൽ പോവുമ്പം തലയിൽ വച്ച് സുന്ദരിക്കുട്ടിയായി അണിഞ്ഞൊരുങ്ങിപ്പോവാൻ മുത്തശ്ശി എന്തൊക്കെയാണ് നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നറിയാമോ. മുറ്റം നിറയെ പല തരം മുല്ലകൾ. ഈർക്കിൽ മുല്ല, ആലപ്പുഴ മുല്ല, അരിമുല്ല, കുടമുല്ല , അടുക്കുമുല്ല അങ്ങനെയങ്ങനെ.

 

ആലപ്പുഴ മുല്ലയും ഈർക്കിലു മുല്ലയും അരിമുല്ലയും വളരെ കനംകുറഞ്ഞ പൂക്കളാണ്. വേറൊന്നുണ്ട് വാടാമുല്ല. പക്ഷേ അതിന് മുല്ലപ്പൂവുമായി ഒരു ബന്ധവുമില്ല, വയലറ്റ് നിറത്തിൽ വിരിഞ്ഞ് ഏറെ നാൾ കേടാവാതെ ഇരിക്കും. ഒരു ദിവസം തിത്തിമി അതിനടുത്തു ചെന്നു പറയ്വാ, വാടാമുല്ലേ നീ പോടാ മുല്ലേന്ന്.

 

മണമില്ലാത്ത പൂവാണ് ലേഡീസ് കനകാംബരം. എന്നാലും തിത്തിമിക്ക് ലേഡീസ് കനാകാംബരം എന്ന ആ പേര് വളരെ ഇഷ്‌ടമാണ്. ചെങ്കല്ലിന്‌റെ നിറമുള്ള ലേഡീസ് കനകാംബരം കൊണ്ട് മാല കെട്ടി തലയിൽ വച്ചുകൊടുക്കും മുത്തശ്ശി. അപ്പോൾ ജെന്റ്സ് കനകാംബരം വേറെയുണ്ടോ ? അത്‌ ആരുടെ വീട്ടിലുണ്ട് മുത്തശ്ശീ? തിത്തിമി ചോദിച്ചു. അതൊന്നും എനിക്കറിഞ്ഞൂടാ. മോള് അമ്മയോട് ചോദിച്ചാൽ മതി എന്നു പറഞ്ഞു മുത്തശ്ശി. ശരിക്കും തിത്തിമിക്കറിയാം ജെന്റ്സ് കനകാംബരം എന്നൊരു പൂവില്ലെന്ന്, വെറുതെ മുത്തശ്ശിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചതാ തിത്തിമി.

 

വീട്ടിൽ പൂവുണ്ടെങ്കിലും ഇടയ്‌ക്ക് തിത്തിമി അടുത്ത വീടുകളിലും ചെന്ന് പൂവിറുക്കും. അവരൊക്കെ തിത്തിമിയെ നോക്കി എന്തിനാ പൂവെന്നു ചോദിക്കുമ്പം തിത്തിമി പറയും, ഞങ്ങടെ കിണിച്ചന് മാല കെട്ടാനാ എന്ന്. പൂജാമുറിയിൽ മുത്തശ്ശി വച്ചിട്ടുള്ള ശ്രീകൃഷ്‌ണന്റെ ഫോട്ടോയിൽ മാലകെട്ടിയാടാനാണ് എന്നാണ് തിത്തിമി ഉദ്ദേശിച്ചത്.

 

തിത്തിമിയുടെ വീട്ടുമുറ്റത്ത് വലിയ കണിക്കൊന്നമരമുണ്ട്. വിഷുവിന്റെ തലേന്ന് നാട്ടിലുള്ള ചേട്ടന്മാരെല്ലാം തിത്തിമിയുടെ വീട്ടിലെത്തി മുത്തശ്ശിയോട് ഞങ്ങളിത്തിരി പൂവിറുത്തോട്ടെ എന്നു ചോദിക്കും. അവർക്കെല്ലാം മുന്നിൽ കണിക്കൊന്നപ്പൂക്കൾ നാണിച്ചു തലതാഴ്‌ത്തിക്കൊടുക്കും. നമുക്കും കൊന്നപ്പൂവിറുത്ത് മുറിയിൽ വെക്കണ്ടേ എന്നു ചോദിച്ചാൽ മുത്തശ്ശി പറയും, ഇവിടെന്തിനാ പൂവിറുത്ത് മുറിയിൽ കൊണ്ടുവെക്കുന്നത് കണ്ണുതുറന്ന് മുറ്റത്തോട്ടിറങ്ങിനിന്നാൽ മതി ഒരു കൊന്നമരം മൊത്തമായിട്ട് പൊന്നിട്ട് മൂടിയതുപോലെ കാണാമല്ലോ.

 

ഇത്രയും മരങ്ങളൊക്കെ നട്ടുപിടിപ്പിക്കാൻ ആരാ മുത്തച്ഛനോട് പറഞ്ഞേ– തിത്തിമി ചോദിച്ചു. ഉടനെ മുത്തശ്ശി പറഞ്ഞു, നോക്ക് മോൾക്ക് തന്നെ ഇപ്പോ ഇലയട വേണമെന്നു പറഞ്ഞില്ലേ. ഇലയട ഇഡ്ഡലിക്കുട്ടകത്തിൽ വച്ച് പുഴുങ്ങണമെങ്കിൽ വട്ടയിൽ വച്ച് വേണം പുഴുങ്ങാൻ. ദേ , ആ നിൽക്കുന്ന മരമാണ് വട്ട. നമുക്കങ്ങോട്ട് ചെന്ന് അതങ്ങ് ഒടിച്ചെടുത്താൽ മതി.വീട്ടിൽ ഇതൊന്നും ഇല്ലാത്തവർക്കോ ആരോടെല്ലാം ചെന്നു ചോദിക്കണം.

അല്ലെങ്കിൽ ചീനി പുഴുങ്ങിത്തിന്നണമെന്ന് മോൾക്ക് കൊതിയായെന്നിരിക്കട്ടെ. നല്ല ഏത്തയ്‌ക്കാപ്പൂവൻ ചീനിയാ മുത്തച്ഛൻ ഇവിടെ നട്ടിരിക്കുന്നത്. ഏത്തയ്‌ക്കാപ്പൂവനെന്നു വച്ചാൽ ഏത്തപ്പഴമല്ല ഒരിനം നല്ല ചീനിക്ക് പറയുന്നതാ. അതായത് വെന്താൽ നല്ല ഭസ്‌മം പോലിരിക്കും. അതൊന്നും ഇപ്പം എവിടെയും കിട്ടാനില്ല. കടയിൽ ചെന്നാൽ വേവാത്ത ഏതെങ്കിലും ഇനം ചീനി കിട്ടിയാലായി. അല്ലെങ്കിൽ നല്ല തറച്ചീനിയുണ്ട് നമ്മുടെ അടുത്ത പറമ്പില്.

 

ഏത്തയ്‌ക്കാപ്പൂവൻ ചീനി പുഴുങ്ങാനും തറച്ചീനി മഞ്ഞളിട്ട് കറിവെക്കാനും പഷ്‌ട്ടാ. പഷ്‌ട്ടെന്നും വച്ചാലെന്താ മുത്തശ്ശീ എന്നായി തിത്തിമി. പഷ്‌ട്ടെന്നു വച്ചാൽ ഒന്നാംതരമാ എന്ന്– മുത്തശ്ശി പറഞ്ഞു.. അതുപോലെ പാളയൻകോടന്റെ വാഴച്ചുണ്ടാ തോരൻ വെക്കാൻ നല്ലത്. അതില് നല്ല ജലാംശം കാണും. പിന്നെ നെറ്റിയില് വെളുത്ത പുള്ളിയുള്ള കറുമ്പിപ്പശുവിന്റെ പാലു വേണം കുട്ടികൾക്ക് കൊടുക്കാൻ. ഇതിനൊക്കെ ഓരോ കണക്കുണ്ട്. ഏതു കഴിച്ചാലും മതി എന്നു പറഞ്ഞാൽപ്പോരാ– മുത്തശ്ശി പറഞ്ഞു.

 

ഇപ്പോ എല്ലാവരും മരം വെട്ടിക്കളയുകയല്ലേ. പണ്ടൊക്കെ ഉച്ചാര കഴിഞ്ഞേ മരംവെട്ടുകാരു പോലും മരം വെട്ടൂ. മകരസംക്രാന്തി തൊട്ട് മൂന്നുദിവസത്തേക്ക് മരംവെട്ടുകാരെന്നല്ല നമ്മളെന്നല്ല കൃഷിക്കാര് പോലും മണ്ണിൽ ഒന്നും കൊണ്ട് വെട്ടരുതെന്നാ. ആ ദിവസങ്ങളെയാണ് ഉച്ചാര എന്നു പറയുന്നത്–മുത്തശ്ശി പറയുന്നത് കേട്ട് തിത്തിമിക്ക് ബോറടിച്ചു. അതെന്താ അന്നു വെട്ടിയാല് എന്നായി തിത്തിമി. അന്നെന്നല്ല ഒരു ദിവസവും മരം വെട്ടാതിരുന്നാൽ അത്രയും ഭൂമിക്കും നമുക്കും നല്ലത്. ഇപ്പോത്തന്നെ പഴയ ഇനം വിത്തുകളൊന്നും ഇന്നു നമുക്കില്ല. തവളക്കണ്ണൻ എന്ന നെല്ലിനം ഇന്നു കണി കാണാൻ കൂടിയില്ല.

 

ഏത്തയ്‌ക്കാപ്പൂവൻ എന്ന ഇനം ചീനി ഇവിടുണ്ടെന്നു വച്ച് ഇപ്പോ ഇല്ലാതായി വരികയാ. നല്ല ഇനം വിത്തുകൾ ഇല്ലാതായാല് മനുഷ്യന് പല മാറാരോഗങ്ങളും വരുമെന്നാ കൃഷിഗീതയിൽ വരെ പറഞ്ഞിരിക്കുന്നത്– മുത്തശ്ശി പറഞ്ഞു. ഇടയ്‌ക്ക് മുത്തശ്ശി ചോദിച്ചു– മോൾക്ക് പഠിക്കാനുണ്ടോ കൃഷിഗീത. തിത്തിമി പറഞ്ഞു– ഞങ്ങൾക്ക് മൾട്ടിപ്ലിക്കേഷൻ ടേബിള് പഠിക്കാനുണ്ട്, ട്യൂലിപ്‌സും പഠിക്കാനുണ്ടെന്ന്. ഇന്നത്തെ പിള്ളേരെ പഠിപ്പിക്കുന്നത് തന്നെ വേണ്ട പുസ്തകങ്ങളല്ല പിന്നെങ്ങനാ –മുത്തശ്ശി പറഞ്ഞു. തിത്തിമി പാവം ഉറങ്ങിപ്പോയി. ഉറക്കത്തിൽ അവളെന്തോ പറയുന്നതുപോലെ ചുണ്ടനക്കുകയും ചിരിക്കുകയും ചെയ്യുന്നത് തിത്തിമീടെ അമ്മ കണ്ടു. തിത്തിമീടമ്മ അവളുടെ ചുണ്ടിനടുത്തു ചെന്ന് ഉമ്മ വച്ചു. അപ്പോ അവൾ വീണ്ടും എന്തോ പറഞ്ഞ് ചെറുതായി ചിരിച്ചു. എന്താണ് പറയുന്നതെന്ന് അമ്മ അറിയാൻ നോക്കി. അവളുടെ ചുണ്ടിൽ നിന്നു അമ്മ ഇങ്ങനെ വായിച്ചു–ലേഡീസ് കനകാംബരം,ലേഡീസ് കനകാംബരം. ആ പൂവ് ആ പേര് അവൾക്ക് അത്രയ്‌ക്കിഷ്‌ടമായിരുന്നു.

 

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com