ADVERTISEMENT

പിറ്റേന്ന്  തിത്തിമി സ്കൂളിൽ നിന്നു വന്നിട്ട് ചായയും ബിസ്കറ്റുമൊക്കെ കഴിച്ചിട്ട് ഒരു നോട്ടബുക്കുമായി എന്തോ കുത്തിക്കുറിക്കുകയായിരുന്നു. മിക്കവാറും കുറെ ചായപ്പെൻസിലുകളുമായി വരയ്ക്കാനിരുന്നിട്ട് അവിടെയൊക്കെ നിരത്തിയിട്ടിട്ട് പോവുകയാണ് തിത്തിമിയുടെ രീതി . ഇന്നും അതുതന്നെയായിരിക്കും ഏതായാലും ശല്യം ചെയ്യണ്ട, കുറേ നേരം അവിടരുന്നോട്ടെ തിത്തിമിയുടെ മുത്തശ്ശിയും അമ്മയും വിചാരിച്ചു. കുറേ നേരം ഒരിടത്ത് അടങ്ങിയിരുന്നാൽ വീട്ടിലെ പണി വല്ലതും നടക്കും , ഇല്ലെങ്കിൽ അവളുടെ കൂടെ രണ്ടാളിരിക്കണം വർത്തമാനം പറയാൻ എന്ന് അമ്മയ്ക്കറിയാം. രാത്രിയായപ്പോൾ തിത്തിമി  അവിടെത്തന്നെ കിടന്നുറങ്ങി. അവളെ എണീപ്പിച്ച് കട്ടിലില്‍ കൊണ്ടുപോയി കിടത്താനായി അമ്മ ചെന്നു. ബുക്കും കയ്യിൽ വച്ചാണ് തിത്തിമീടെ ഉറക്കം. എന്താ ഇത്ര കാര്യമായി എഴുതിവച്ചിരിക്കുന്നതെന്ന് അമ്മ ബുക്ക് തുറന്നു നോക്കി. അപ്പോൾ അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ചോദ്യം 1– ഉതി എന്ന മരത്തിന്റെ ഇല എന്തിനാണ് ഉപയോഗിക്കുന്നത്? ഉത്തരം മീൻപിടിത്തക്കാരുടെ വല പുഴുങ്ങാൻ.

തേക്കിലയുടെ മണ്ടയില എന്തിനാണ് ഉപയോഗിക്കുന്നത് ? ഉത്തരം – അരച്ച് വെളിച്ചെണ്ണ കാച്ചി തേച്ചാൽ ചൊറിയും ചിരങ്ങും മാറും. പണ്ട് നിലവിളക്കിൽ ഒഴിച്ചിരുന്ന എണ്ണ ഏതാണ്? പുന്നമരത്തിൽ കായ്ക്കുന്ന പുന്നയ്ക്ക ആട്ടിയെടുക്കുന്ന എണ്ണ. പുന്നയ്ക്കയുടെ പിണ്ണാക്ക് തെങ്ങിന്റെ മണ്ടയ്ക്കിടുന്നത് എന്തിന് ? ഉത്തരം തെങ്ങിന്റെ മണ്ടയോല തിന്നുന്ന മണ്ടപ്പുഴുവിനെ ഓടിക്കാൻ .

 

കടലാസ് വരുന്നതിനു മുൻപ്് കടകളിൽ എന്തിൽ പൊതിഞ്ഞാണ് സാധനങ്ങൾ കൊടുത്തിരുന്നത്? ഉത്തരം വട്ടയിലോ തേക്കിലയിലോ പൊതിഞ്ഞ്. പണ്ട് ഏതെല്ലാം ഇനം ചീനിക്കമ്പുകൾ ഉണ്ടായിരുന്നു? ഉത്തരം –മുട്ടക്കരുവൻ അഥവാ ഏത്തയ്ക്കാപ്പൂവൻ , നല്ല കട്ടുള്ളയിനം നഞ്ചുവെള്ള, നെടുമങ്ങാടൻ,പ്ലാവെള്ള . പണ്ട് ഉണ്ടായിരുന്ന രണ്ടിനം കുരുമുളകിന്റെ പേര് പറയുക? അവയുടെ സവിശേഷത എന്തെല്ലാം ? ഉത്തരം അട്ടമുറിയൻ, കുതിരവാലൻ. അട്ടമുറിയന് നീളം കുറയും . കുതിരവാലൻ ഇനം നല്ല നീളമുള്ളത്.  വേഗം പൊട്ടിപ്പോവുന്നത് ഏതിനം വാഴയുടെ ഇലയാണ്? പാളയൻതോടന്റെ . പൂവരശിന്റെ മറ്റൊരു പേരെന്ത്? ചീലാന്തിമരം.

 

കാച്ചില് ഏതെല്ലാം തരമുണ്ട്? പാലാക്കാച്ചിലും അടികൊള്ളിക്കാച്ചിലും. ഇതിലേതിനാണ് രുചി കൂടുതൽ? പാലാക്കാച്ചിലിനാണ് രുചി. അതു തൊലിപോയാൽ നല്ല വയലറ്റ് നിറത്തിലിരിക്കും. അടികൊള്ളിക്കാച്ചിലിനു വെള്ളനിറമാണെങ്കിലും രുചി പോരാ. അതു കഴിച്ചാൽ നാക്കും ചൊറിയും. വേവുകയുമില്ല .മതിൽ വരുന്നതിനു മുൻപ് വീടുകളുടെ അതിരിൽ എന്താണ് ഉണ്ടായിരുന്നത്? ഉത്തരം വേലി. വേലിക്കൽ എന്തെല്ലാമാണ് നട്ടുവളർത്തുക? നഞ്ചും പത്തൽ,മുള്ളുമുരിക്ക്, ചീമക്കൊന്ന.

 

പണ്ടുണ്ടായിരുന്ന രണ്ടിനം പയറുകൾ ഏതെല്ലാമാണ് ? ഉത്തരം പതിനെട്ടുമണിയൻ പയറും ഇരുപത്തെട്ടു മണിപ്പയറും . പതിനെട്ടു മണിയനിൽ ശരിക്കും 18 മണിയും ഇരുപത്തെട്ടു മണിയനിൽ കൃത്യം 28 മണിയും കാണും.

വഴവൻ ചിലച്ചാ വഴക്കാ എന്നു പറയുന്നതെന്ത് ? രണ്ട് വഴവൻ (മരംകൊത്തി) ഒന്നിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടു പോയാൽ അന്ന് വീട്ടിൽ നമ്മൾ വഴക്കുകൂടുമെന്ന് പണ്ടുള്ളവർ പറയുമായിരുന്നു. വഴക്കൊഴിവാക്കാൻ ആളുകള് ഉടനെ ത്ഫൂ ത്ഫൂ എന്ന് ശബ്ദമുണ്ടാക്കുമുായിരുന്നു, തുപ്പുന്നതുപോലെ.

 

ഏറ്റവും ഒടുവിലത്തെ ചോദ്യം വായിച്ച് തിത്തിമീടമ്മ ചിരി അടക്കാൻ പാടുപെട്ടു. കേൾക്കാൻ ഏറ്റവും സുഖമുള്ള ശബ്ദം ഏതാണ്? രാത്രി അമ്മേ  കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പം ചെലപ്പോ ഒരു ശബ്ദം കേട്ട് തിത്തിമി ഉണരും. മഴ പെയ്യുന്ന ശബ്ദം . പുറത്ത് വാഴക്കയ്യിലും പുരപ്പുറത്തും പുഴയിലും മഴപെയ്യുന്ന ശബ്ദമാണെന്നറിയുമ്പോ തിത്തിമി അമ്മയെ കൊറച്ചും കൂട അമുക്കി കെട്ടിപ്പിടിച്ച് കിടന്നുറങ്ങും . ഇതെഴുതിയിട്ട് കിടന്നുറങ്ങിപ്പോയ തിത്തിമിയുടെ കവിളത്തും മുഖത്തുമൊക്കെ അമ്മ തുരുതുരാ ഉമ്മ വച്ചു. എന്നിട്ട് അവളെ മെല്ലെ എണീപ്പിച്ച് കട്ടിലിൽ കൊണ്ടുപോയി കിടത്തി.

 

പിറ്റേന്ന് അമ്മ തിത്തിമിയോട് മോള് എന്തിനാ ഇതൊക്കെ ബുക്കില് എഴുതിവച്ചത് എന്നു ചോദിച്ചതും തിത്തിമി പറയ്വാ അയ്യോ ഇപ്പഴാ ഓർത്തത് ഒരു ചോദ്യം എഴുതാൻ മറന്നുപോയെന്ന്? അതെന്തുവാ എന്നായി അമ്മ . ഉടനെ തിത്തിമി. നമ്മുടെ വീട്ടിൽ കശുവണ്ടി,ചമ്പൻ(അടയ്ക്ക)കുരുമുളക് ഇതൊക്കെ വാങ്ങാൻ വരുന്ന മീശക്കാരൻ മുത്തച്ഛന്റെ പേരെന്താണ് ? ഉത്തരം– പങ്കുമ്മാവൻ. പങ്കുമ്മാവൻ എന്നു കേട്ടതും അമ്മയ്ക്ക് വീണ്ടും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

 

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com