‘പ്ലെയിനിക്കേറിയല്ലേ ഞാൻ അച്ഛന്റടുത്ത് പോയത്, അതാ പറഞ്ഞത് അച്ഛൻ ആകാശത്താ താമസമെന്ന്’

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 22
thithimi-thakathimi-chapter-22
വര: അനൂപ് കെ. കുമാർ
SHARE

അച്ഛൻ ആകാശത്തും അമ്മ ഭൂമിയിലും

മോള് ഇതൊക്കെ എന്തിനാ എഴുതിവെക്കുന്നേന്ന് ചോദിച്ചപ്പോ തിത്തിമി പറയ്വാ, അതെന്താ കാബൂളിൽ നിന്ന് വളയും മാലയുമൊക്കെ വിൽക്കാൻ വീട്ടിൽ വന്ന കാബൂളിവാലയുടെ പേരറിഞ്ഞാൽ മാത്രം മതിയോ നമ്മള് നമ്മുടെ വീട്ടിൽ വരുന്ന പങ്കുമ്മാവന്റെ പേരും അറിയണ്ടേ എന്ന്. അതു ശരിയാണല്ലോ– അമ്മ പറഞ്ഞു. പിന്നെ തിത്തിമിയാണ് പറഞ്ഞത്– മുത്തശ്ശി എന്നോട് മിക്കവാറും പറയുന്ന കാര്യങ്ങളാ ഞാനെഴുതിയത്. ഇതാ പരീക്ഷയ്ക്ക് പറ്റിയ ക്വസ്റ്റ്യൻസ്. പരീക്ഷയ്ക്ക് ഇതൊക്കെ ചോദിച്ചാൽ മതി എന്ന് അമ്മ മിസിനോട് പറയ്വോ എന്ന്. ഇതൊക്കെ ചോദിക്കാനായി മുത്തശ്ശീം മോളും കൂടി ഒറ്റയ്ക്കൊരു സ്കൂളുണ്ടാക്കിയാ മതി – അമ്മ പറഞ്ഞു. ‘‘എങ്കി കുക്കുച്ചേച്ചിയേം കൂടി ആ സ്കൂളി ചേർക്കാമോ അമ്മേ? തിത്തിമി ചോദിച്ചു. എങ്കിൽ എനിക്കും കുക്കുച്ചേച്ചിക്കും കൂടി ഒന്നിച്ച് ആ സ്കൂളി പോവാര്ന്ന്’’  ‘‘തിത്തിമീടെ ഓരോ ആഗ്രഹങ്ങളേയ്’’ അമ്മ പറഞ്ഞു.

തിത്തിമീടെ വീടിനടുത്തുള്ള കുട്ടിയാണ് കുക്കു. തിത്തിമിയെക്കാൾ ഒരു വയസ്സ് കൂടുതലുണ്ട് കുക്കുവിന്. കുക്കുവിനെ തിത്തിമി വിളിക്കുന്നത് കുക്കുച്ചേച്ചീ എന്നാണ്. ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ എങ്കിലും തിത്തിമി കുക്കുച്ചേച്ചീ എന്നു വിളിക്കുമ്പോഴുള്ള കുക്കുവിന്റെ മുഖഭാവം ഒന്നു കാണേണ്ടതാണ്. ശരിക്കും വലിയ ഒരു ചേച്ചിയാണ് എന്ന മട്ടിൽ കുക്കു തിത്തിമിയോട് ഗൗരവത്തിൽ പെരുമാറുമ്പോൾ തിത്തിമീടമ്മയ്ക്ക് മാത്രമല്ല കണ്ടു നിൽക്കുന്നവർക്കും കൂടി ചിരി വരും.

ഇന്നാളൊരു ദിവസം കുക്കു കുക്കൂന്റച്ഛനെ കാണാൻ ജപ്പാനിൽ പോയി. കുക്കൂന്റച്ഛന് ജപ്പാനിലാണ് ജോലി. സ്കൂളടപ്പിനു രണ്ടു മാസം കിട്ടിയപ്പോ അമ്മയേം കൂട്ടി പോയതാണ്. അവളുടെ അമ്മയ്ക്ക് നാട്ടിൽ ജോലിയായതിനാൽ കുക്കുവിനൊപ്പമുണ്ട്. വന്നപ്പോ, ഒരു ദിവസം കുക്കു തിത്തിമിയോട് പറയ്വാ, അവളുടെ അച്ഛൻ ആകാശത്തും അമ്മ ഭൂമിയിലുമാണ് താമസം എന്ന്. തിത്തിമി അമ്പരന്ന് ചോദിച്ചപ്പം കുക്കു വലിയ കുക്കുച്ചേച്ചി ചമഞ്ഞ് തിത്തിമിക്ക് പറഞ്ഞു കൊടുക്കുന്നത് തിത്തിമീടമ്മ മാറി നിന്നു കേട്ടു. പ്ലെയിനിക്കേറിയല്ലേ ഞാൻ അച്ഛന്റടുത്ത് പോയത്. അതാ പറഞ്ഞത് അച്ഛൻ ആകാശത്താ താമസമെന്ന്. അത് തിത്തിമി മോൾക്ക് മനസ്സിലാക്കാനുള്ള പ്രായമൊക്കെ ആയില്ലേ? തിത്തിമിയുടെ മുന്നിൽ വല്യ ടീച്ചർമാര് പറയുന്നതു പോലെ കുക്കു നിന്ന് തട്ടിവിടുകാണ്.

തിത്തിമിയോട് വർത്തമാനം പറയുന്നത് കുക്കുവിന്റമ്മയ്ക്കും വളരെ ഇഷ്ടമാണ്. ഇന്നാളൊരു ദിവസം കുക്കൂന്റമ്മ തിത്തിമിയെ കണ്ടപ്പോ പറഞ്ഞു, ഇന്നലെ വൈകിട്ട് സിന്ധുച്ചേച്ചിയോടൊപ്പം തിത്തിമി എവിടെപ്പോയതാരുന്നെന്ന്. തിത്തിമി ഉടനെ അതെങ്ങനെ കുക്കുച്ചേച്ചീടമ്മ അറിഞ്ഞു എന്നു ചോദിച്ചു. അപ്പോ കുക്കൂന്റമ്മ പറയ്വാ അത് ഞങ്ങള് പത്രത്തിൽ വായിച്ചറിഞ്ഞു എന്ന്. കുക്കൂന്റമ്മ അങ്ങനെ പറഞ്ഞപ്പോ തിത്തിമിക്ക് ആകെയൊരു അങ്കലാപ്പ്. ഇന്നലെ താൻ അമ്മയോടും സിന്ധുച്ചേച്ചിയോടുമൊപ്പം അമ്പലത്തിൽ പോയത് ശരിയാണല്ലോ. പക്ഷേ കുക്കൂനെയോ കുക്കൂന്റമ്മയെയോ കണ്ടതുമില്ല. പിന്നെങ്ങനെ അറിഞ്ഞു, സിന്ധുച്ചേച്ചി വന്നതും അമ്പലത്തിപ്പോയതും. ഇനി ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ പത്രത്തിൽ വരുമായിരിക്കുമോ എന്നായി പെട്ടെന്ന് തിത്തിമിയുടെ ചിന്ത. തിത്തിമി അബദ്ധം പറ്റിയതുപോലെ നിൽക്കുന്നത് കണ്ട് തിത്തിമീടമ്മ പറഞ്ഞു, ശരിയായിരിക്കും തിത്തിമിക്കുട്ടീ. കുക്കൂന്റെ വീട്ടിൽ പത്രം വരുത്തുന്നുണ്ട്. അപ്പോ ഉള്ളതായിരിക്കും, ചെലപ്പോ അതിൽ വന്നു കാണും സിന്ധുച്ചേച്ചി തിത്തിമിക്കുട്ടീടെ വീട്ടിൽ വന്ന കാര്യം എന്ന്. ഒരു നിമിഷം ആലോചിച്ചിട്ട് തിത്തിമി അമ്മയോടായിട്ട് പറയ്വാ, എന്നാലും മനോഹരീലൊന്നും വന്നു കാണത്തില്ല എന്ന്. തിത്തിമിയോട് അമ്മ ചോദിച്ചു, എവിടെ വന്നു കാണത്തില്ലെന്ന്. അല്ല , മനോഹരീലൊന്നും വന്നു കാണത്തില്ലെന്ന് എന്ന്. പിന്നീടാണ് പിടികിട്ടിയത് മനോരമ എന്നു പറയുന്നതിനാണ് തിത്തിമി മനോഹരി എന്നു പറഞ്ഞതെന്ന്. അതിനു ശേഷം തിത്തിമിയെ കാണുമ്പോഴൊക്കെ കുക്കൂന്റമ്മ പറയും, ദാണ്ടെ വരുന്നു, നമ്മുടെ മലയാള മനോഹരി എന്ന്.

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 22

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS