‘റഷ്യയിലെ കുട്ടികളൊക്കെ ഒന്നും വായിക്കാൻ കിട്ടാതെ സങ്കടപ്പെടുകയായിരിക്കുമോ അച്ഛാ?’

HIGHLIGHTS
  • കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ എഴുതുന്ന നോവൽ
  • തിത്തിമി തകതിമി - അധ്യായം 24
thithimi-thkathimi-23
വര: അനൂപ് കെ. കുമാർ
SHARE

മിഷ വന്ന നാളുകൾ

‘‘മിഷ. ഇന്നു മിഷ വരും. കുട്ടിക്കാലത്ത് അതോർത്ത് കാത്തിരിക്കാൻ രസമായിരുന്നു.’’

അച്ഛൻ അതു പറഞ്ഞപ്പോ തിത്തിമി ചോദിച്ചു. അതാരാ മിഷ? അപ്പോ അച്ഛൻ പറഞ്ഞു, തിത്തിമീ മിഷ നമ്മുടെ ആരുടെയും പേരല്ല. ഗഞ്ചിറ അമ്മാവന്റെ കടയിൽ എല്ലാ ആഴ്ചയും വരുന്ന ഒരു റഷ്യൻ വാരികയുടെ പേരാണ് മിഷ. അത് റഷ്യയിലെ കുട്ടികൾ വായിക്കുന്ന വാരികയാണ്. നിറയെ കളർ ചിത്രങ്ങളാണ് മിഷയിൽ.

മിഷയുടെ ഓരോ പേജും നല്ല കട്ടിയുള്ളതാണ്. കുട്ടികൾ ഗഞ്ചിറ അമ്മാവന്റെ കടയിൽ നിന്നു മിഷ വാങ്ങുന്നത് പുസ്തകവും നോട്ട്ബുക്കും അതുകൊണ്ട് പൊതിയാനാണ്. മിഷ കൊണ്ട് നോട്ട്ബുക്ക് പൊതിയുന്നതിനു മുൻപ് തിത്തിമി അതിലെ ഓരോ പേജും നിറങ്ങളും നോക്കിയിരിക്കും. റഷ്യയിലെ പെൺകുട്ടികൾ മുടി കെട്ടിവയ്ക്കുന്ന രീതിയൊക്കെ അതു നോക്കുമ്പോ പിടികിട്ടും. എന്നിട്ട് റഷ്യയിലൂടെ ആ കുട്ടികൾ നടന്നുപോവുന്നത് സങ്കൽപ്പിച്ചു നോക്കാൻ രസമാണ്. വായിച്ചാലൊന്നും മനസ്സിലാവില്ലെങ്കിലും റഷ്യൻ ഭാഷ ഏതാണെന്ന് അറിയുന്നത് രസമുള്ള കാര്യമാണ് – അച്ഛൻ തിത്തിമിയോട് പറഞ്ഞു.

തിത്തിമി അച്ഛനോട് ചോദിച്ചു, ഏതാ ഈ ഗഞ്ചിറ അമ്മാവൻ? ‘‘ഗഞ്ചിറ അമ്മാവൻ മരിച്ചു പോയി. കക്ഷി നടവടക്കേശത്ത് ഒരു കട നടത്തിയിരുന്നു.’’ അച്ഛൻ പറഞ്ഞു.

നടവടക്കേശമോ അതേതാ ആ സ്ഥലം എന്നായി തിത്തിമി. അതു നമ്മുടെ അമ്പലത്തിനു തൊട്ടുമുന്നിലെ കവലയ്ക്ക് പണ്ട് പറഞ്ഞിരുന്ന പേരാ. അച്ഛൻ പറഞ്ഞു. അച്ഛന്റെ കുട്ടിക്കാലത്ത് എല്ലാവരും അങ്ങനെയാ പറഞ്ഞിരുന്നത്. അമ്പലനടയുടെ വടക്കുവശം ആണ് നടവടക്കേശം. അതുപോലെ പണ്ട് എല്ലാവരും ടൈറ്റാനിയം ജങ്ഷന് ചൂണ്ടുവല മുക്ക് എന്നാ പറഞ്ഞിരുന്നത്. അവിടെ ഓരോ സ്ഥലത്തേക്കും പോവേണ്ട വഴി കാണിച്ചുകൊടുക്കാൻ ഒരു ചൂണ്ടുപലക ഉണ്ടായിരുന്നു. ചൂണ്ടുപലക മുക്ക് പറഞ്ഞു പറഞ്ഞ് ചൂണ്ടുവല മുക്കായി. ഇപ്പോ എല്ലാവർക്കും അത് ടൈറ്റാനിയം ജങ്ഷനായി. അന്ന് അവിടെ ഉണ്ടായിരുന്ന ചൂണ്ടുപലക ഈ അടുത്ത കാലം വരെ അവിടെ കാണാമായിരുന്നു.– തിത്തിമിയോട് അച്ഛൻ പറഞ്ഞു.

അല്ലാ തിത്തിമീ നമ്മള് പറഞ്ഞുവന്ന കാര്യം ഏതാ? അതു മറന്നുപോയി. അച്ഛന്റെ ചോദ്യം കേട്ട് തിത്തിമി പെട്ടെന്ന് ഓർത്തുപറഞ്ഞു, മിഷയും ഗഞ്ചിറ അമ്മാവനും. ങാ മിടുക്കി – അച്ഛൻ പറഞ്ഞു. ഇതാ ഈ ഒന്നു പറയുന്നതിന്റെടയ്ക്ക് വേറൊന്ന് കയറിച്ചോദിച്ചാലൊള്ള കുഴപ്പം. ഞാൻ പറഞ്ഞുകൊണ്ടിരുന്നതങ്ങ് മറന്നുപോവും. ’’ അതിനെന്താ ഞാൻ ഓർത്തുപറഞ്ഞല്ലോ –തിത്തിമി പറഞ്ഞു.

കണ്ണാടിപ്പെട്ടിയിൽ ശർക്കരയും ഉണക്കമുന്തിരിയും കരിപ്പെട്ടി, ചന്ദനത്തിരി, മെഴുകുതിരി... ഇങ്ങനെ ചില സാധനങ്ങളേ ഗഞ്ചിറ അമ്മാവന്റെ കടയിലുള്ളൂ. രാത്രിയായാൽ ഒരു മങ്ങിയ ബൾബ് മാത്രമേ വെളിച്ചത്തിന് ഉണ്ടാവൂ. അച്ഛൻ മുത്തച്ഛന്റെ കൂടെ ചിലപ്പോ സന്ധ്യയ്ക്ക് ഗഞ്ചിറ അമ്മാവന്റെ കടയിൽപ്പോവുമായിരുന്നു, അപ്പോ ഗഞ്ചിറ അമ്മാവൻ കുറച്ച് ഉണക്കമുന്തിരിയും കൽക്കണ്ടവും കൂടി അച്ഛനു തരുമായിരുന്നു. മുത്തച്ഛൻ പൈസ കൊടുത്താൽ അതൊന്നും വേണ്ട. മോനെടുത്തോട്ടെ എന്നു പറയും. പണ്ട് കക്ഷി നന്നായി ഭജനയ്ക്ക് ഗഞ്ചിറയടിക്കുമായിരുന്നു, അതുകൊണ്ടാ എല്ലാവരും കക്ഷിയെ ഗഞ്ചിറ അമ്മാവനെന്നു വിളിച്ചിരുന്നത്– തിത്തിമിയോട് അച്ഛൻ പറഞ്ഞു.

അന്ന് കടകളിൽ വൈദ്യുതി പോയാൽ ചെറിയൊരു റാന്തൽ വിളക്കോ പെട്രോൾ മാക്സോ ഉണ്ടാവും. മുകളിൽ ചണം വലുതായി കെട്ടിത്തൂക്കിയിട്ടിരിക്കും. അതിൽ നിന്ന് ഒരു ചണനൂല് എപ്പോഴുമിങ്ങനെ താഴേക്ക് കിടപ്പുണ്ടാവും. കടക്കാരൻ ആ നൂലിൽനോക്കുക പോലും ചെയ്യാതെ വളരെപ്പെട്ടെന്ന് അങ്ങോട്ട് കൈകൾ ചലിപ്പിക്കും. സാധനങ്ങൾ പൊതിഞ്ഞുകൊടുക്കുകയും ചെയ്യും. ഏതോ സംഗീതോപകരണം വായിക്കാൻ കൈകൾ ഉയരുന്നതുപോലെ തോന്നും ചണം കെട്ടാൻ കടക്കാരുടെ കൈകൾ പോവുമ്പോൾ– അന്നത്തെ കടകൾക്കു തന്നെ പഴമയുടേതായ പ്രത്യേകഗന്ധമായിരുന്നു എന്ന് അച്ഛൻ പറഞ്ഞപ്പോ തിത്തിമിക്ക് തോന്നി ഇന്നത്തെ വലിയ സൂപ്പർമാർക്കറ്റുകളെക്കാൾ നല്ലത് അത്തരം കടകളായിരുന്നു എന്ന്.

മിഷയുടെ കടലാസു കൊണ്ട് ബുക്ക് പൊതിഞ്ഞാൽ ഒരു വർഷം ഒരു കേടും വരാതെയിരിക്കും– അച്ഛൻ പറ‍ഞ്ഞു. മിഷയുടെ കവറുണ്ടല്ലോ. അത് അച്ഛൻ ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിന്റെ ബുക്ക് പൊതിയാനെടുക്കുമായിരുന്നു. ‘‘എന്റെയും കൂട്ടുകാരുടെയും ബുക്കും പുസ്തകവുമൊക്കെ ഒരുപോലെ കാപ്പിപ്പൊടി നിറത്തിലെ പേപ്പറുകൊണ്ടാ പൊതിയുക . കണ്ടാ ഒരു ബംഗിയുമില്ല. എനിക്കും മിഷയുടെ കടലാസുകൊണ്ട് പൊതിയണം– തിത്തിമി അച്ഛനോട് ചിണുങ്ങി. അയ്യോ മോളേ, ഇപ്പോ മിഷ വരുന്നില്ല. അച്ഛൻ പറഞ്ഞു. ,സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കായി റഷ്യ ആയതോടെ മിഷ ഇന്ത്യയിലേക്ക് വരാതായി. ഇപ്പോ അത് ഇറങ്ങുന്നില്ലായിരിക്കും– അച്ഛൻ തിത്തിമിക്ക് പറഞ്ഞുകൊടുത്തു. മിഷയെപ്പോലെ സോവിയറ്റ് യൂണിയൻ എന്ന മാസികയും വന്നിരുന്നു. അത് മുതിർന്നവർക്കുള്ള മാസികയായിരുന്നു. അതും ഇപ്പോ ഇറങ്ങുന്നില്ല. ’’

എല്ലാം കേട്ട് തിത്തിമി ചോദിച്ചു, അപ്പോ റഷ്യയിലെ കുട്ടികളൊക്കെ ഒന്നും വായിക്കാൻ കിട്ടാതെ സങ്കടപ്പെടുകയായിരിക്കുമോ അച്ഛാ? അവിടെ വേറെ പല വാരികകൾ കുട്ടികൾക്കുണ്ടാവുമല്ലോ – അച്ഛൻ ഇതു പറഞ്ഞപ്പോ തിത്തിമിക്കു തോന്നി, അല്ലെങ്കിൽ നമ്മുടെ ബാലരമയും കളിക്കുടുക്കയുമൊക്കെ അവർക്ക് അയച്ചുകൊടുത്താൽ അവിടെയുള്ള കുട്ടികൾക്ക് ഇന്ത്യയിലെ കുട്ടികൾ എങ്ങനെയൊ മുടി കെട്ടിവെക്കുന്നത്, ഏതു ബാഗാ സ്കൂളിൽ കൊണ്ടുപോവുന്നത് എന്നൊക്കെ മനസ്സിലാക്കാമായിരുന്നല്ലോ എന്ന്. എല്ലാം കഴിഞ്ഞപ്പോ തിത്തിമി പറഞ്ഞു. അച്ഛനും അമ്മയും മുത്തശ്ശിയും ഇനി എന്നെ മിഷ എന്നു വിളിച്ചാൽ മതി എന്ന്. മിഷ എന്നു പേരുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിരുന്നെങ്കിലും മതിയായിരുന്നു , തിത്തിമി വിചാരിച്ചു.

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 23

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS