ADVERTISEMENT

തിത്തിമിക്ക് പരമാവധി സമയം മുത്തശ്ശിയുടെ കൂടെ ചുറ്റിപ്പറ്റി നടക്കാനാണ് ഇഷ്ടം. രാവിലെ എഴുന്നേറ്റാലുടൻ മുത്തശ്ശി മുറ്റത്ത് ചെന്ന് കിഴക്കോട്ട് നോക്കി തൊഴുന്നതു കാണാം, പിന്നെ നാലുദിക്കിലേക്കും നോക്കി തൊഴും. തിത്തിമി ഇതൊന്നും ചോദിക്കാതെ വിടില്ല. എന്തിനാ മുത്തശ്ശീ ഇങ്ങനെ തൊഴുന്നത് എന്നായി തിത്തിമി. അതേയ് നാലു ദിക്കും ആ ഓരോ ദിക്കിനും ഉപദിക്കുമുണ്ട്. അതാണ് മുത്തശ്ശി തൊഴുന്നത്. തിത്തിമിക്ക് ഇതുകേൾക്കുമ്പോ എന്തോ വലിയൊരു കാര്യമറിഞ്ഞതിന്റെ തൃപ്തിയാണ്.

 

മുത്തശ്ശി പറമ്പിൽ കെട്ടിയ അയയിൽ ചെന്ന് ഉണക്കിയ മുണ്ട് മടക്കുമ്പോൾ തിത്തിമിയോട് ചോദിക്കും മോള് മുത്തശ്ശീടെ ഈ മുണ്ടൊന്നു പിടിക്കാമോ? വിളിക്കേണ്ട താമസം തിത്തിമി ഓടിച്ചെല്ലും. അയയിലിട്ട് ഉണക്കിയ മുണ്ട് തേക്കുന്നതിനുമുൻപ് ഒരറ്റത്തു മുത്തശ്ശിയും മറ്റേ അറ്റത്ത് തിത്തിമിയും രണ്ടുകൈയും കൊണ്ടു പിടിച്ച് നേരെയാക്കും. ഇതിനാണ് മുത്തശ്ശി വിളിക്കുക. കഞ്ഞിപ്പശ മുക്കിയതിനാൽ മുണ്ട് പരസ്പരം ഒട്ടിപ്പിടിച്ചിരിക്കും. അതു വേർപെടുത്തി നാലറ്റവും തുല്യമാക്കുന്നതിനാണ് ഈ മുണ്ടുപിടിത്തം . മുണ്ടിന്റെ നാലു മൂലകളും ചേർത്ത് പിടിച്ച് ഒപ്പത്തിനൊപ്പമാക്കും. തന്നെ ഒരു വല്യ ആളായി കണക്കാക്കുന്നതിനാലാണ് മുത്തശ്ശി ഈ ജോലിയിൽ ഒപ്പം കൂട്ടിയതെന്നാണ് തിത്തിമി കരുതുന്നത്. ശരിയായോ എന്നു തിത്തിമി ചോദിക്കുമ്പോ ഓ കൊള്ളാം, മതി എന്നു മുത്തശ്ശി പറഞ്ഞാൽ തിത്തിമിക്ക് സന്തോഷമായി .

 

എല്ലാവരും മുണ്ടോ സാരിയോ ഉണക്കുന്നത് അയയിലിട്ടാണല്ലോ. മുത്തശ്ശിക്ക് മുണ്ടും നേര്യതും ഉണക്കാൻ അയ വേണ്ട. പിന്നെയോ മുണ്ടിന്റെ രണ്ടറ്റം അധികം പൊക്കമില്ലാത്ത ഏതെങ്കിലും തെങ്ങിന്റെ ഓലയിലോ മരങ്ങളുടെയോ ചില്ലയിലോ കെട്ടിമുണ്ട് വിരിക്കും . അയയിലിട്ട മുണ്ടുകൾ ഉണങ്ങുന്നതിനെക്കാൾ വേഗം ഉണങ്ങുക മുത്തശ്ശി വിരിച്ച മുണ്ടാവും. ‘‘ഇതാവുമ്പോ വേഗം കാറ്റടി കൊണ്ടങ്ങ്  ഉണങ്ങും ’’ ഓലത്തുമ്പത്ത് മുണ്ടറ്റം കെട്ടുമ്പോ മുത്തശ്ശി പറയും . ഒട്ടും മടക്കാതെ നിവർത്തി വിരിക്കാമെന്ന സൗകര്യവും അതിനുണ്ട് .

 

ഇങ്ങനെ മുത്തശ്ശി എളുപ്പം സാധിക്കുന്ന പല വിദ്യകളും തിത്തിമിക്ക് കണ്ടുകൊണ്ടിരിക്കാൻ രസമാണ് ഇഷ്ടമാണ്. മുത്തശ്ശി സന്ധ്യയ്ക്ക് കുളിച്ച് പൂക്കളിറുത്ത് വാഴവള്ളിയും എടുത്ത് കിണ്ടിയും വിളക്കും കഴുകി പൂജാമുറിയിൽ ചെന്നാൽ തിത്തിമി അവിടെചെന്നിരിക്കും. മുത്തശ്ശി മാല കെട്ടുന്നതിന് ആദ്യം പൂക്കളിറുക്കും. അപ്പോൾ പൂക്കളുടെ മാലയ്ക്ക് വേണ്ടാത്ത തണ്ടെടുത്ത് നാവിൽ വച്ച് തേനുണ്ടോ എന്നു നോക്കുന്നതാണ് തിത്തിമിക്ക് പ്രധാനം. പിന്നെ തലേന്ന് കത്തിച്ച ചന്ദനത്തിരിയുടെ കുറ്റിയെടുത്ത് ഒന്നിച്ചുവച്ച് മണപ്പിക്കും . തിത്തിമി എന്തു ചെയ്യുകയാണ് എന്നു നോക്കിയിട്ട് മുത്തശ്ശി പറയും, നീ ഇവിടിരുന്ന് ഓരോ കിസുമത്ത് ഒന്നും ഒപ്പിക്കല്ലേ എന്ന്. വിളക്കു കത്തിച്ചിട്ട് മുത്തശ്ശി ചന്ദനത്തിരി കത്തിക്കാൻനേരം തിത്തിമി തനിക്കും വേണം ചന്ദനത്തിരി എന്നു പറഞ്ഞ് കൈ നീട്ടും . ഒരു വീട്ടിൽ ആരെങ്കിലും ഒരാൾ ഒരു തിരി കത്തിച്ചാൽ മതി – മുത്തശ്ശി പറയുന്നത് പക്ഷേ തിത്തിമി സമ്മതിക്കില്ല. എനിക്കും കത്തിക്കണമെന്നു പറഞ്ഞ് ഒരു ചന്ദനത്തിരി കൈക്കലാക്കും. പിന്നെ ശ്രീകൃഷ്ണന്റെയും മഹാലക്ഷ്മിയുടെയുമൊക്കെ പഴയ ഫോട്ടോകൾ കേടുവന്നത് മുഖം തിരിച്ച് പൂജാമുറിയിൽ ഒരിടത്ത് വച്ചിട്ടുണ്ട്. മുത്തശ്ശി നാമം ചൊല്ലുന്ന നേരം നോക്കി അതിനടുത്ത് ചെന്ന് ചമ്രം പടിഞ്ഞിരുന്ന് ഓരോ ഫോട്ടോയും തിരിച്ചും മറിച്ചും നോക്കും. തിത്തിമി നാമം ചൊല്ലുമെങ്കിലും നാലോ അഞ്ചോ മിനിറ്റു നേരത്തേക്കേ അതുണ്ടാവൂ .

 

പിന്നെ അതു മതിയാക്കി പതുക്കെ ഈ പഴയ ഫോട്ടോകളുടെ അടുത്തെത്തി സമയം പോക്കും. ആ ഫോട്ടോയിലൊക്കെ പൊടിപിടിച്ചിട്ടുണ്ടാവും. അതൊക്കെ എടുക്കുമ്പോ പൊടിയിളകുമെന്നതിനാൽ മുത്തശ്ശി അർഥം വച്ച് നാമജപത്തിനിടെ തിത്തിമിയെ നോക്കി മൂളും. കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ ങും ങും അച്യുതാനന്ദ ങും ങും നാരായണ ഹരേ എന്ന്. അപ്പോ തിത്തിമിക്ക് മനസ്സിലാവും മുത്തശ്ശിയുടെ നാമം ചൊല്ലലിന്റെ അർഥം. ഉടനെ ഇല്ല, ഞാനൊന്നും ചെയ്യുന്നില്ലെന്ന് മുത്തശ്ശിയെ നോക്കി ആംഗ്യം കാണിക്കും . നാമം ചൊല്ലല് കഴിയുമ്പോ മുത്തശ്ശി ചോദിക്കും,‘‘ അല്ലെടീ പെണ്ണേ, നിനക്കിവിടിരുന്ന് ആ പൊടിയിളക്കുന്ന നേരത്തിന് ഇവിടിരുന്ന് നാലു നാമം ജപിച്ചാലെന്താ ’’. ഇല്ല ഞാൻ പൊടിയിളക്കിയില്ല– തിത്തിമി പറയും .

 

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com