ADVERTISEMENT

ഏഴിലമ്പാലയുടെ ചുവട്ടിലെത്തിയപ്പോൾ പാർവതിയും ദീപയും കണ്ണനും വിസ്മയിച്ചുപോയി.

ഒരു സ്വപ്നത്തിനുള്ളിലാണോയെന്ന സംശയത്തോടെ അവർ കണ്ണു തിരുമ്പി വീണ്ടും വീണ്ടും നോക്കി.

സ്വപ്നമല്ല!

കൂറ്റനായ ഏഴിലമ്പാല മരത്തിന്റെ താഴ്ന്ന കവരങ്ങളിലൊന്നിലിരുന്ന് വിശ്വജിത്ത് പച്ചോല ചീകുകയാണ്. ചുറ്റുമുള്ള കവരങ്ങളിൽ പച്ചോല കൊണ്ടും ചെക്കിപ്പൂക്കൾ കൊണ്ടും എന്തൊക്കെയോ അണിയലങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്.

പാർവതി അദ്ഭുതപ്പെട്ടു.

‘‘വിശ്വാ, ഇതൊക്കെ നീ എപ്പഴാ ഉണ്ടാക്കീത്?’’

വിജയച്ചിരിയോടെ വിശ്വജിത്ത് പറഞ്ഞു.

‘‘ഞാന് രാവിലെ പണി തുടങ്ങി. ഒര് സർപ്രൈസ് ആയിക്കോട്ടേന്ന് കര്തി. അതാ നിങ്ങളോട് പറയാണ്ടിര്ന്നേ’’

‘‘അതിന് ഈ തിരിയോലയൊക്കെ നിനക്ക് എവിട്ന്നാ കിട്ടിയേ?’’

‘‘അത്, അമ്പുചെട്ട്യാരുടെ തെങ്ങ് പൊട്ടി വീണില്ലേ. അവിട്ന്ന് എട്ത്തോണ്ട് വന്നതാ.’’

തെങ്ങിൻ പൂക്കുല കൊണ്ടുണ്ടാക്കിയ മനോഹരമായ മാല കയ്യിലെടുത്തു പാർവതി വീണ്ടും ചോദിച്ചു.

‘‘വിശ്വാ, ഇതൊക്കെ എന്തിനാ ഉണ്ടാക്ക്നേ?’’

വിശ്വജിത്ത് മൂന്നാളെയും മാറിമാറി നോക്കി. തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു.

‘‘നമുക്കിന്നു പുതിയൊരു കളി കളിക്കണം. അതിന് വേണ്ടിയാ.’’

കുട്ടികൾ ഒരുമിച്ചു ചോദിച്ചു.

‘‘അതെന്ത് കളി?’’

‘‘കള്ളനും പൊലീസും?’’

‘‘കോട്ടേം കുത്തും?’’

‘‘കുടുംബപുരാണം?’’

‘‘അതൊന്നൂല്ല.’’

‘‘പിന്നെന്ത് കളി? കളിപ്പിക്കാതെ വിശ്വേട്ടൻ പറ.’’

അർഥഗർഭമായ പുഞ്ചിരിയോടെ വിശ്വജി ഉരിയാടി.

‘‘പൂതക്കളി.’’

‘‘പൂതക്കളിയോ? അതെന്ത് കളി. അക്കളി നമ്മളിതുവരെ കളിച്ചിട്ടില്ലല്ലോ.’’

‘‘അതൊക്കേണ്ട്. ഞാമ്പറഞ്ഞു തരാം.’’

അന്നേരം ദീപ പരിഭവിച്ചു.

‘‘വിശ്വേട്ടൻ ഇന്നലേം പറഞ്ഞില്ല. ഇന്ന് രാവേം പറഞ്ഞില്ല. പുതിയ കളിക്കാര്യം.

‘‘എടീ ദീപേ, നീ പെണങ്ങാണ്ടിരിക്ക് പെട്ടെന്നറീമ്പോ ഒര് രസല്ലേ. പിന്നെ ഇന്ന് കാലത്ത് തെങ്ങോല കിട്ടീപ്പഴല്ലേ ഈ ഐഡിയ തോന്നീത്. പിന്നെ ഇന്നലെ ഞാനെങ്ങനെ പറയും?’’

പൂതക്കളിയുടെ വിശദാംശങ്ങൾ വിശ്വജിത്ത് ചുരുക്കിപ്പറഞ്ഞപ്പോൾ ദീപ സംശയം ഉന്നയിച്ചു.

‘‘ആര് പൂതത്തിന്റെ വേഷം കെട്ടും?’’

വിശ്വജിത്ത് പുഞ്ചിരിച്ചു.

‘‘ഞാനല്ലാതെ പിന്നാര്? നിങ്ങള് ചെണ്ടയടിച്ച് പാട്ട് പാടിയാ മതി.’’

പുലർച്ചെ കണ്ട പേടിസ്വപ്നം പെട്ടെന്നു പാർവതിയുടെ മനസ്സിലേക്ക് തികട്ടി വന്നു. ആശങ്കയോടെ അവൾ ചോദിച്ചു.

‘‘പൂതത്തെ കെട്ടിയാടണോ വിശ്വാ?’’

വിശ്വജിത്ത് ആവേശത്തിലാണ്.

‘‘വേണം. നല്ല കളിയല്ലേ?’’

‘‘എന്നാലും...’’

‘‘ഒര് എന്നാലുമില്ല. ഇന്നത്തെ കളി നമുക്ക് ജോറ് ബാറാക്കണം.’’

ദീപയും കണ്ണനും ആവേശത്തിലായി.

‘‘വിശ്വേട്ടാ, നമുക്ക് കളി ജോറ് ബാറാക്കാം.’’

പാർവതി തലകുലുക്കി. ആശങ്കകളെ കുടഞ്ഞു തെറിപ്പിച്ചു.

‘‘എന്നാ ഞാനൂണ്ട്.’’

വിശ്വജിത്ത് ചാടിയിറങ്ങി.

‘‘ന്നാല് നമുക്ക് കളി തുടങ്ങാം.’’

poothammayude-kuttikal-novel-written-by-ambikasuthan-mangad-chapter-1-title

ഞൊടിയിടയിൽ കുട്ടികൾ തയാറായി. കരിയും ചുവന്ന മണ്ണും താളിലയിൽ കുഴച്ചുകൊണ്ടു വന്ന് വിശ്വജിത്ത് മുഖത്തും കൈകാലുകളിലും നെഞ്ചിലും തേച്ചുപിടിപ്പിച്ചു. കടലാസിൽ ചുരുട്ടിവച്ചിരുന്ന പഴകിയ വെള്ളപ്പാവാടയെടുത്തു ട്രൗസറിനു മീതെ ഉടുത്തു. കൈകാലുകളിൽ പച്ചോലയും ചെക്കിപ്പൂക്കളും കൊണ്ടുണ്ടാക്കിയ ആഭരണങ്ങളണിഞ്ഞു. തിരിയോല ചീന്തിയത് മുടിക്കെട്ടു പോലെ തലയിൽ കെട്ടി. അതിനുമേലെ ചെക്കിപ്പൂക്കൾ അലങ്കരിച്ച പച്ചോലക്കിരീടം വച്ചു.

ചണച്ചരടിൽ കോർത്തുവച്ച ചിരട്ടകൾ രണ്ടിലും മണ്ണു തേച്ചുപിടിപ്പിച്ച ശേഷം വിശ്വൻ നെഞ്ചിൽ വച്ചു. പാർവതി കയർ പിന്നിൽ മുറുക്കിക്കെട്ടി.

ചിരട്ടമുലകളിലേക്ക് അദ്ഭുതത്തോടെ നോക്കിക്കൊണ്ട് കണ്ണൻ ചോദിച്ചു.

‘‘പൂതം ആണല്ലേ? പൂതത്തിനെന്തിനാ അമ്മിഞ്ഞ?’’

വിശ്വൻ പറഞ്ഞു.

‘‘എടാ, പൊട്ടാ, പൂതം പെണ്ണാണ്. അമ്മയാണ്. അമ്മയായാൽ അമ്മിഞ്ഞയുണ്ടാവില്ലേ?’’

‌കണ്ണൻ തലയാട്ടി.

‘‘ണ്ടാവും.’’

പാലമുരട്ടിൽ നിന്നും രണ്ടു പഴകിക്കറുത്ത അലൂമിനിയം പാത്രങ്ങൾ കൊണ്ടുവന്നു പാർവതിയും ദീപയും വായിൽ തോന്നിയ പാട്ടുകൾ പാടിക്കൊണ്ടു ചെണ്ടകൊട്ടാൻ തുടങ്ങി.

താളത്തിനനുസരിച്ച്, തെങ്ങിൻ മട്ടലിന്റെ വാളുയർത്തിപ്പിടിച്ച് പൂതം ചുവടുകൾ വച്ചു. കൈകാലുകളും കണ്ണുകളും ചലിപ്പിച്ചു. ഇടയ്ക്കിടെ അലറി.

‘‘ഹയ്യേ! ഹിയ്യോ!’’

പൂതം പാലമരത്തിനു ചുറ്റും ഓടാൻ തുടങ്ങിയപ്പോൾ പുലർച്ചെ കണ്ട സ്വപ്നം പാർവതിയുടെ ഉള്ളിൽ വീണ്ടും പൊന്തിവന്നു.

 

തുടക്കം ഓർമയില്ല. താൻ കാട്ടുമരങ്ങൾ തിങ്ങിനിറഞ്ഞൊരു ദിക്കിൽ ഒറ്റയ്ക്കു നിൽക്കുകയാണ്. ചുറ്റിലും മനുഷ്യരാരുമില്ല. മരത്തിന്റെ ഇലകൾ പോലും അനങ്ങുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞൊരു കരിങ്കൽ കെട്ടിടത്തിന്റെ വിടവിലൂടെ നോക്കിയപ്പോൾ കണ്ടു. അപ്പുറത്തു വിരൂപിയായ ഒരു വൃദ്ധ. മുറം പോലെ വലിയ ചെവികൾ, ചുണ്ടുകൾ തുറക്കുമ്പോൾ ചോര പറ്റിയ ദംഷ്ട്രങ്ങൾ പുറത്തേക്കു നീളുന്നുണ്ട്. ശരീരം വിറയ്ക്കുന്നത് അറിയാനാകുന്നുണ്ട്. നിലവിളിക്കാതിരിക്കാൻ വായ സ്വയം പൊത്തിപ്പിടിച്ചു.

ധൈര്യം അവലംബിച്ച് അവൾ വീണ്ടും ഏന്തി നോക്കി. ആശ്ചര്യം തന്നെ. വൃദ്ധയുടെ രൂപം മാറുകയാണ്. മെഴുകുശിൽപം ഉരുകുന്നതു പോലെ ഉരുകി വൃദ്ധ ഒരു നരിയായി മാറി. മഞ്ഞയും കറുപ്പും വരകളുള്ള കൂറ്റനൊരു നരി. അനക്കമറ്റ്, ശ്വാസമടക്കിപ്പിടിച്ചു നിന്നു. ശ്വാസം വിടുന്ന ശബ്ദം കേട്ടാൽ നരി വന്നാലോ! പിന്നെ തന്നെ കടിച്ചുമുറിച്ചു പച്ചയ്ക്കു തിന്നും. ഈശ്വരന്മാരേ, രക്ഷിക്കണേ, അവൾ മനസ്സിൽ പ്രാർഥിച്ചു.

അതാ കരിയിലകൾ അമരുന്ന ഒച്ച. ഭയന്നു കണ്ണുകൾ പൂട്ടി. ശരീരം മുഴുവൻ വിയർക്കുന്നുണ്ട്. കരിയിലകൾ ഞെരിയുന്ന ശബ്ദം നിലച്ചപ്പോൾ ധൈര്യമവലംബിച്ചു പതുക്കെ കണ്ണുകൾ തുറന്നു. വിരണ്ടുപോയി.

അയ്യോ! തൊട്ടുമുന്നിലതാ നിൽക്കുന്നു നരി!

പക്ഷേ, മുഖത്തു രൗദ്രഭാവമില്ല. സ‍‍മ്യസ്വരത്തിൽ നരി അപേക്ഷിച്ചു.

‘‘കുഞ്ഞേ എനിക്കിത്തിരി പച്ചവെള്ളം തര്വോ! ദാഹിച്ചിട്ട് വയ്യ!’’

പാർവതിക്ക് ആശ്വാസമായി അവൾ തലയാട്ടി. പാവം നരി. അവൾ കനിവോടെ മൊഴിഞ്ഞു.

‘‘ഇപ്പം കൊണ്ട്ത്തരാട്ടോ.’’

ഇരുട്ടിൽ അവൾ പാത്രം തപ്പാൻ തുടങ്ങി. അമ്മ ഞെട്ടിയുണർന്ന് ദേഷ്യപ്പെട്ടു.

‘‘എന്താടീ എന്റെ ഒറക്കം കെട്ത്ത്ന്നത്?’’

പാർവതി ഞെട്ടിയുണർന്നു.

‘‘ഒന്നൂല്ലമ്മേ, ഞാനൊരു സ്വപ്നം കണ്ടതാ.’’

‘‘സാരമില്ല, മോള് ഒറങ്ങിക്കോ.’’

അമ്മ അവളെ ചുറ്റിപ്പിടിച്ചു കിടന്നു.

ചെണ്ടയടി നിർത്തി, ആലോചനയിലാണ്ടിരുന്ന പാർവതിയുടെ നേർക്കു പൂതം ഉറഞ്ഞുതുള്ളി വന്നു. അവൾ അറിഞ്ഞതേയില്ല. പൊടുന്നനെ പൂതം വിശ്വജിത്തായി.

‘‘എന്താ പാറൂ, നീയിങ്ങനെ ആലോചിക്കുന്നത്?’’

പാർവതി ഉണർന്നു.

‘‘ഒന്നൂല്ല.’’‌

‘‘അതല്ല. എന്തോ ഉണ്ട്. നിന്റെ മുഖം കണ്ടാലറിയാലോ.’’

‘‘അത്. പൊലർച്ചെ ഞാനൊരു പേടി സ്വപ്നം കണ്ടു. അതോർത്തതാ.’’

‘‘എന്ത് സ്വപ്നം? എന്നോട് പറ.’’

പാർവതി മുഖം താഴ്ത്തി. പറയണോ എന്നു ചിന്തിച്ചു. നാലു നിമിഷം കഴിഞ്ഞ് മുഖം ഉയർത്തി.

‘‘ഇല്ല വിശ്വാ. എനിക്കൊന്നും ഓർമയില്ല.’’

ദീപ എഴുന്നേറ്റു.

‘‘പാവോച്ചീ, വാ നമുക്കു പോകാം. നേരം സന്ധ്യയാവലായി.

poothammayude-kuttikal-novel-writer-ambikasuthan-mangad
അംബികാസുതൻ മാങ്ങാട്

പാർവതി എഴുന്നേറ്റ് ഏഴിലമ്പാലയുടെ മുകളിലേക്കു നോക്കി. മൂക്കു വിടർത്തി ശ്വാസം വലിച്ചു. പാല പൂത്ത സമയമാണ്. പാലപ്പൂവിന്റെ സുഗന്ധം കുറേശ്ശെ ഇറങ്ങിവരാൻ തുടങ്ങിയിട്ടുണ്ട്. നേരം ഇരുട്ടിയാൽ ചുറ്റുമുള്ള വീടുകളിലേക്കെല്ലാം പാലപ്പൂവിന്റെ മദഗന്ധം ഒഴുകിപ്പരക്കും. നല്ല രസമാണ്.

പാർവതിയുടെ നോട്ടം കണ്ട് കണ്ണൻ ഉദ്വേഗത്തോടെ ചോദിച്ചു.

‘‘ഇതിന്റെ മോളില് യക്ഷി കുടി പാർക്കുന്ന്ണ്ടോ വിശ്വേട്ടാ?’’

ദീപയാണ് മറുപടി പറഞ്ഞത്.

‘‘ണ്ടാവും കണ്ണാ. പാലമരത്തിലല്ലേ യക്ഷികൾ വസിക്കുന്നത്.’’

പാർവതി ദേഷ്യപ്പെട്ടു.

‘‘അതിന് ദീപ യക്ഷ്യോള കണ്ടിട്ട്ണ്ടോ വെറ്തെ കുട്ട്യോള പേടിപ്പിക്കണ്ടാട്ടോ.’’

‘‘ഞാന് കണ്ടിട്ടില്ല. ന്നാല് നമ്മുടെ അയലോത്തെ കാർത്ത്യാനിച്ചേച്ചി പണ്ടൊരിക്കെ കണ്ടിനെത്ര! ഇതിന്റെ ഉച്ചാംകൊടിയില് പട്ടുസാരിയുടുത്ത ഒരു സുന്ദരി നിലാവെളിച്ചത്തിൽ ഊഞ്ഞാലാട്ന്നത്.’’

കണ്ണന്റെ കണ്ണുകളിൽ ഭയം ഉരുണ്ടുകൂടി. അവനെ ചേർത്തുപിടിച്ച് വിശ്വജിത്ത് സമാശ്വസിപ്പിച്ചു.

‘‘യക്ഷിയും മറുതയുമൊക്കെ മനുഷ്യന്റെ ഓരോ ഭാവനയാണ് കണ്ണാ. നീ പേടിക്കണ്ടാട്ടോ. നമ്മളത്ര കാലായി ഇതിന്റ ചോട്ടിൽ കളിക്ക്ന്. ഇന്നുവരെ ഒരു യക്ഷീന്റെ കുഞ്ഞിനെവരെ നമ്മള് കണ്ടിട്ടില്ലാല്ലോ.’’

‘‘ഇല്ല.’’

കണ്ണന് സമാധാനമായി.

വിശ്വജിത്ത് കരീടം അഴിച്ചുവച്ചു.

വെള്ളപ്പാവാട ഊരി കടലാസിൽ പൊതിഞ്ഞു. ചിരട്ടകൾ അഴിച്ചു മാറ്റിയശേഷം ശരീരത്തിലെ മണ്ണും കരിയും മുഴുവൻ പഴന്തുണി കൊണ്ടു തുടച്ചു കളഞ്ഞു. കിരീടവും പച്ചോലയുടെ അണിയലങ്ങളും പാലമരത്തിൽ കെട്ടിത്തൂക്കിയിട്ടു പറഞ്ഞു.

‘‘വാ, നമുക്കു വീട്ടിലേക്കു പോകാം. ഇരുട്ടാവലായി. ബാക്കിക്കളി നാളെ വൈകുന്നേരം.’’

(തുടരും) 

Content Summary : Poothammayude kuttikal, children's novel written by Ambikasuthan Mangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com